സുഹ്രയ്ക്ക് പ്രേമലേഖനം എഴുതാമോ? |
---|
|
ഗ്രന്ഥകർത്താവ് |
എം കൃഷ്ണന് നായര്‍ |
---|
മൂലകൃതി |
കറുത്ത ശലഭങ്ങൾ |
---|
രാജ്യം |
ഇന്ത്യ |
---|
ഭാഷ |
മലയാളം |
---|
വിഭാഗം |
സാഹിത്യം, നിരൂപണം |
---|
ആദ്യപതിപ്പിന്റെ പ്രസാധകര് |
പ്രഭാത് |
---|
വര്‍ഷം |
1988 |
---|
മാദ്ധ്യമം |
പ്രിന്റ് (പേപ്പര്‍ബാക്) |
---|
പുറങ്ങള്‍ |
102 (ആദ്യ പതിപ്പ്) |
സെന്‍ ബുദ്ധമതത്തെക്കുറിച്ച് മനസ്സിലാക്കാനായി ഒരു സര്‍വകലാശാലാപ്രൊഫസര്‍ ജപ്പാനിലെ ഒരാചാര്യന്റെ അടുക്കലെത്തി. ആചാര്യന് അതിഥിക്കു ചായ ഒഴിച്ചു കൊടുത്തു. കപ്പ് കൊണ്ടുവച്ച് അദ്ദേഹം ചായ ഒഴിക്കുകയാണ്. പാനപാത്രം നിറഞ്ഞു തുളുമ്പിയിട്ടും ആചാര്യന് ചായ ഒഴിച്ചുകൊണ്ടേയിരുന്നു. കപ്പില്‍ നിന്നുള്ള ഈ കവിഞ്ഞൊഴുകല്‍ വളരെ നേരം കണ്ടു സഹിക്കുകയായിരുന്നു പ്രൊഫസര്‍.
പിന്നീട് ഒട്ടും സഹിക്കാന്‍ വയ്യന്നായപ്പോള്‍ അദ്ദേഹം ആചാര്യനോടായി പറഞ്ഞു: “മതി ഇനി ഒരു തുള്ളിപോലും ഇതില്‍ കൊള്ളുകയില്ല.” ആചാര്യന് മറുപടി നല്കി: “ഈ പാനപാത്രം പോലെ നിങ്ങളില്‍ സ്വന്തമഭിപ്രായങ്ങളും സങ്കല്പങ്ങളും നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ കപ്പ് ശൂന്യമാക്കാതെ എങ്ങനെയാണ് ഞാന്‍ സെന്‍ ബുദ്ധമതത്തെക്കുറിച്ച് പറയുക? സാഹിത്യത്തെക്കുറിച്ച് എഴുതുമ്പോഴെല്ലാം ഞാന്‍ ഇക്കഥ ഓര്മ്മിച്ചുപോകാറുണ്ട്. ഓരോ വ്യക്തിക്കും സാഹിത്യത്തെ സംബന്ധിച്ച് സ്വകീയമായ മതമുണ്ട്. അത് ആളിന്റെ മനസ്സില്‍ നിറഞ്ഞിരിക്കുകയുമാണ്. അതിനാല്‍ വേറൊരു മതത്തിന്റെ കണികപോലും അതില്‍ കടക്കുകയില്ല. സാഹിത്യം സാഹിത്യത്തിനുവേണ്ടിയാണെന്നു വാദിക്കുന്ന ആളിനു സാഹിത്യം ഉദ്ബോധനാത്മകമായിരിക്കണം എന്ന മതം എങ്ങനെ അംഗീകരിക്കാന്‍ സാധിക്കും? ആദ്യത്തെ കൂട്ടര്‍ക്ക് സാഹിത്യം ആഹ്ലാദദായകത്വം എന്ന ധര്‍മ്മം മാത്രം ഉള്‍ക്കൊണ്ടിരുന്നാല്‍ മതി. രണ്ടാമതു പറഞ്ഞവര്‍ സാഹിത്യം വായനക്കാരെ ചലനം കൊള്ളിക്കണം എന്നു വാദിക്കുന്നു. ചലനം കൊള്ളിക്കണമെന്നു പറഞ്ഞതുകൊണ്ട് വായനക്കാര്‍ പ്രവര്‍ത്തന പഥത്തിലേക്ക് ചാടേണ്ടതാണെന്ന് അവര്‍ക്ക് അഭിപ്രായമില്ല. സൗന്ദര്യാത്മകമായ അനുഭവം അനുവാചകനെ ഒന്ന് ഇളക്കണം എന്നു മാത്രമേ അവര്‍ കരുതുന്നുള്ളു. രാജ്യ പരിവര്‍ത്തന സംബന്ധികളായ ആശയങ്ങള്‍ നിവേശിപ്പിച്ചിട്ടുള്ള ഒരു കൃതി വായിച്ചതിനുശേഷം ആ വായനക്കാരന് ഉടനെ അവിടത്തെ സര്‍ക്കാരിനെ തകിടം മറിക്കാന്‍ പാരക്കോലുകളും വാരിക്കുന്തങ്ങളുമായി ചാടിയിറങ്ങേണ്ടതാണ് എന്നല്ല അവര്‍ പറയുക. The reader should be moved by the aesthetic experience എന്നു മാത്രമേ അവര്‍ ആവശ്യപ്പെടുന്നുള്ളു.
ഊര്‍ജ്ജം (energy) രണ്ടുതരത്തിലാണല്ലോ:Kinetic എന്നും Potential എന്നും. കൈനറ്റിക് എനര്‍ജി ഗമനശക്തിയാണ്, പൊട്ടന്‍ഷ്യല്‍ എനര്‍ജി സ്ഥാവരശക്തിയേ പാടുള്ളു. അതിനു ഗമനശക്തി വന്നാല്‍ വായനക്കാര്‍ വാരിക്കുന്തങ്ങളെടുത്തുകൊണ്ട് ചാടും, അധികാര ധ്വംസനത്തിനുവേണ്ടി. ഗമനശക്തിയുള്ള അശ്ലീലങ്ങളായ കൃതികള്‍ വായിക്കുന്നവന് സ്ത്രീവേട്ടയ്ക്കു തയ്യാറാകും. അക്കാരണത്താല്‍ സാഹിത്യകൃതികള്‍ക്ക് സ്ഥാവരശക്തികളേ പാടുള്ളുവെന്ന് രണ്ടാമത്തെ കൂട്ടര്‍വാദിക്കുന്നു. സാഹിത്യത്തിനു സ്ഥാവരശക്തിയാകാമെന്നു കരുതുന്ന മഹാനായ ചിന്തകനാണ് ഷാങ്ങ് പോള്‍ സാര്‍ത്ര്, അദ്ദേഹത്തിന്റെ “ക്രീം പാസ്യോനല്” (Crime passional) എന്ന നാടകത്തിലും ‘വാള്’ എന്ന ചെറുകഥയിലും ‘വേഡ്സ്’ എന്ന ആത്മകഥയിലും സ്ഥാവരശക്തി നിറഞ്ഞു നില്ക്കുന്നു. ചിലപ്പോള്‍ ഈ സത്യം വിസ്മരിച്ച് അദ്ദേഹം സാഹിത്യത്തിനു ‘ഗമനശക്തി’ ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരു ദുര്‍ബലനിമിഷത്തില്‍ “What can literature do for the starved?” — പട്ടിണികിടക്കുന്നവര്ക്കുവേണ്ടി സാഹിത്യത്തിന് എന്തു ചെയ്യാന്‍ കഴിയും? — എന്നു ചോദിക്കുകയുണ്ടായി. സാഹിത്യസൃഷ്ടി മനുഷ്യന്റെ പട്ടിണി മാറ്റിയില്ലെങ്കില്‍ അത് പ്രയോജന ശൂന്യമാണെന്നാണ് സാര്‍ത്രിന്റെ മതം, ഇവിടെ സ്ഥാവരശക്തിയെക്കാള് ഗമനശക്തിക്കാണ് അദ്ദേഹം പ്രാധാന്യം കല്പിക്കുന്നതെന്ന് വ്യക്തം. ഇങ്ങനെയൊരു ചോദ്യം സമുന്നതനായ ദാര്ശനികയില്നിന്ന് ഉളവാകുന്നതല്ല. സര്‍ഗ്ഗാത്മക പ്രവര്‍ത്തനം നിസ്സംഗമായ പ്രക്രിയയാണ്. ആ പ്രക്രിയയുടെ ഫലമായി സാഹിത്യസൃഷ്ടി ജനിക്കുമ്പോള്‍ അത് സ്ഥാവരശക്തി ഉള്ക്കൊണ്ടെന്നുവരാം. അതുപോരാ: തക്കവിധത്തില്‍ ഗമനശക്തി ഉള്‍ക്കൊള്ളാമെന്ന് അഭിപ്രായപ്പെടുമ്പോള്‍ ആ മതം ആവിഷ്കരിക്കുന്ന ആള് വെറും പത്താംതരം പ്രോപഗാന്ഡിസ്റ്റായി അധ:പതിക്കുകയാണ്.സാഹിത്യസൃഷ്ടി ഗമനശക്തിക്ക് ഉറവിടമാകുമ്പോള്‍ അതു സാഹിത്യത്തിന്റെ മണ്ഡലത്തില്‍ നിന്നു പുറംതള്ളപ്പെടുകയാണ്. സാര്‍ത്രിന്റെ വിശിഷ്ടങ്ങളായ കൃതികള്‍ ഒന്നുപോലും ആരുടേയും വിശപ്പ് മാറ്റിയിട്ടില്ല. ഒരു സാഹിത്യകൃതിക്കും അങ്ങനെയൊരു കൃത്യം അനുഷ്ഠിക്കാനുമില്ല.
പോളണ്ടില്‍ കല്‍ക്കരിക്കു ക്ഷാമം ഉണ്ടായപ്പോള്‍ അവിടത്തെ ഗവണ്മെന്റ് കല്‍ക്കരിയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന മട്ടില്‍ കാവ്യങ്ങള്‍ രചിക്കണമെന്ന് കവികളോട് ആജ്ഞാപിച്ചു. ഫലമോ? കല്ക്കരിയെക്കാള് കറുത്തകാവ്യങ്ങള് ധാരാളമുണ്ടായി. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഇവിടത്തെ കവികള്‍ ചൈനയെ നിന്ദിച്ചുകൊണ്ട് കവിതകള്‍ എഴുതുയുണ്ടായല്ലോ. അവ ചൈനയുടെ ആക്രമണത്തെപ്പോലെ നിന്ദ്യങ്ങളായിരുന്നു. ആധ്യാത്മിക ജീവിതത്തില്‍ നീരുറവകളോടു ബന്ധപ്പെട്ട സര്‍ഗ്ഗാത്മകത്വത്തെ സിദ്ധാന്തങ്ങള്‍ കൊണ്ടു സങ്കുചിതമാക്കിയാല് ഉണ്ടാകാവുന്ന ആപത്താണിത്. ഹൈന്ദവ തത്ത്വചിന്തയെ അവലംബിച്ചു മാത്രമേ സാഹിത്യസൃഷ്ടി ആകാവൂ. ക്രൈസ്തവ തത്ത്വചിതയെ അവലംബിച്ചു മാത്രമേ സാഹിത്യസൃഷ്ടി ആകാവൂ എന്ന വാദമുണ്ടാവുകയും അതനുസരിച്ച് സാഹിത്യകാരന്മാര് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ സാഹിത്യത്തിനു സങ്കുചിതത്വം വന്നുപോകും. ഇതിനെ ഇംഗ്ലീഷില്‍ (Ideological orthodoxy) എന്നു പറയും. ക്യാപിറ്റലിസം, ക്രിസ്തുമതം, ഹിന്ദുമതം, മുഹമ്മദീയമതം, ഇവയെക്കുറിച്ചെല്ലാം “ആദര്‍ശപരമായ യഥാസ്ഥിതികത്വം” ഉണ്ടാകാം. അതിനെ കണ്ണുമടച്ച് സ്വീകരിച്ച്. കലാസൃഷ്ടികള്‍ നിര്‍മ്മിക്കുമ്പോള്‍ അവയ്ക്കു സാര്‍വലൗകിക സ്വഭാവം നഷ്ടപ്പെടുന്നു. ഇവിടെ പല വിമര്‍ശകരും പ്രയോഗിച്ചിട്ടുള്ള ഒരലങ്കാരം ഓര്‍മ്മയിലെത്തുന്നു. ടെലഫോണ്‍ ഡയറക്ടറിയോടു ബന്ധപ്പെട്ട അലങ്കാരമാണത്. എനിക്ക് ഒരു സ്നേഹിതനോടു ഫോണില്‍ സംസാരിക്കണമെങ്കില്‍ ഡയറക്ടറി നോക്കി നമ്പര്‍ കണ്ടുപിടിക്കാം:64325. ഈ നമ്പര്‍ ഡയല് ചെയ്യുമ്പോള്‍ എനിക്കു സ്നേഹിതനെ മറുഭാഗത്തുകിട്ടും. നമ്പര്‍ തെറ്റാണെങ്കില്‍ വേറൊരാള്ക്കായിരിക്കും അറിയിപ്പ് ലഭിക്കുക, അതിനാല്‍ ടെലിഫോണ്‍ ഡയറക്ടറി സത്യമായിരിക്കണം. ഈ സത്യാത്മകതയാണ് ഫോണ്‍ ചെയ്യുക, സംസാരിക്കുക എന്നീ പ്രവര്‍ത്തനങ്ങളിലേക്കു എന്നെ കൊണ്ടുചെല്ലുന്നത്. സാഹിത്യസൃഷ്ടി ഈ വിധത്തില്‍ സത്യാത്മകമായിരുന്നുകൂടാ. അതു വായനക്കാരെ പ്രവര്‍ത്തനങ്ങളിലേക്കു നയിച്ചാല്‍ സാഹിത്യമില്ലാതെയായിത്തീരുന്നു. ജെ. സി. റാന്‍സം പറഞ്ഞതിനെ അവലംബിച്ചുകൊണ്ടു പറയട്ടെ.“ബാല്യകാലസഖി” യിലെ സുഹറയോടു എനിക്കിഷ്ടം തോന്നാം. പക്ഷേ അവള്‍ക്കു പ്രേമലേഖനമെഴുതാന്‍ വയ്യ. പ്രേമലേഖനമെഴുതാന്‍ പ്രേരിപ്പിക്കത്തക്ക വിധത്തില്‍ സാഹിത്യം പ്രചരണാത്മകമാകണമെന്ന് ചിലര്‍ വാദിക്കുന്നു, അത് ശരിയല്ല.
|
---|
| കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച സാഹിത്യവാരഫലം |
---|
| |
|
സമകാലികമലയാളം വാരികയിൽ പ്രസിദ്ധീകരിച്ച സാഹിത്യവാരഫലം |
---|
| |
|
സാഹിത്യവാരഫലത്തിൽ നിന്ന് സമാഹരിച്ചത് |
---|
| കവികൾ |
- മലയാള കവികളെക്കുറിച്ച് സാഹിത്യവാരഫലത്തിന്റെ വിവിധ ലക്കങ്ങളിൽ എം കൃഷ്ണൻ നായർ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങൾ ക്രോഡീകരിച്ചത്.
|
---|
| സാഹിത്യകാരന്മാർ |
- കവികളൊഴികെയുള്ള മറ്റ് സാഹിത്യകാരന്മാരെക്കുറിച്ചുള്ള അഭിപ്രായങ്ങൾ.
|
---|
| നിരീക്ഷണങ്ങള്‍ |
- നിരീക്ഷണങ്ങൾ എന്ന തലക്കെട്ടിൽ പ്രത്യക്ഷപ്പെട്ട ഖണ്ഡികകൾ.
|
---|
| നിർവചനങ്ങൾ |
- നിർവചനങ്ങൾ എന്ന പേരിൽ ചേർത്തിട്ടുള്ളത്.
|
---|
| വിദേശ സാഹിത്യകാരന്മാർ |
- മറ്റ് രാജ്യങ്ങളിലെ സാഹിത്യകാരന്മാരെ കുറിച്ച് വാരഫലത്തിൽ പ്രത്യക്ഷപ്പെട്ട ഭാഗങ്ങൾ.
|
---|
| ചോദ്യോത്തരങ്ങൾ |
- ചോദ്യം, ഉത്തരം എന്ന രീതിയിൽ വാരഫലത്തിൽ വന്ന ഹാസ്യാത്മകമായ സാമൂഹ്യവിമർശനം.
|
---|
| സങ്കല്പങ്ങൾ |
- കലാ/ദാർശനിക സങ്കല്പങ്ങളെ പറ്റി വാരഫലത്തിൽ വന്ന കാര്യങ്ങൾ.
|
---|
| പലവക |
- പ്രത്യേകിച്ച് വർഗ്ഗീകരണം പറ്റാത്ത ചില വിഷയങ്ങളുടെ സങ്കലനം.
|
---|
|
|
|