close
Sayahna Sayahna
Search

പാരമ്പര്യം പരീക്ഷണം


പാരമ്പര്യം പരീക്ഷണം
KaruthaSalabhangal-01.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി കറുത്ത ശലഭങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1988
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 102 (ആദ്യ പതിപ്പ്)

പ്രതിഭാശാലി എന്നു അത്യുക്തികൂടാതെവിശേഷിപ്പിക്കാവുന്ന ബോര്‍ഹെസ് പേരുകേട്ട സാഹിത്യ നിരൂപകനുമാണ്. അദ്ദേഹത്തിന്റെ ‘The Flower of Coleridge’ — ‘കോള്‍റിജ്ജിന്റെ പുഷ്പം’ എന്ന പ്രബന്ധത്തില്‍ സാഹിത്യത്തിന്റെ ചരിത്രം ഗ്രന്ഥകാരന്മാരുടെ ചരിത്രമല്ല ചൈതന്യത്തിന്റെ (Spirit) ചരിത്രമാണെന്നു പറഞ്ഞിട്ടുണ്ട്. ഫ്രഞ്ച് കവി പോള്‍ വലേറിയുടെ മതത്തെ അവലംബിച്ചുകൊണ്ടാണ് ബോര്‍ഹെസ് ആ രീതിയില്‍ അഭിപ്രായപ്പെടുന്നത്. ഒരു സാഹിത്യകാരന്റെയും പേരുപറയാതെ സാഹിത്യത്തിന്റെ ചരിത്രമെഴുതാം. അപ്പോള്‍ സാഹിത്യമാകെ ഒരാള്‍ എഴുതിയതാണെന്നു തോന്നും. അങ്ങനെ ചൈതന്യത്തിന്റെ ആവിഷ്കാരമായി സാഹിത്യം കാണപ്പെടും. എല്ലാംകാണുന്ന, എല്ലാം കേള്‍ക്കുന്ന ഒരാളിന്റെ കൃതികളാണ് ‘രാമായണം’ തൊട്ടു ഗീതാഞ്ജലി വരെയുള്ള കൃതികള്‍; രാമചരിതം തൊട്ട് വെളിച്ചത്തിന്റെദൂതന്‍’ വരെയുള്ള കൃതികള്‍. നല്ല സങ്കല്പം. ആ സങ്കല്പത്തില്‍ വലിയ തെറ്റില്ലതാനും. ആശയത്തിനു സാദൃശ്യമില്ലാത്ത രണ്ടു ഭാഗങ്ങള്‍ എടുത്തെഴുതട്ടെ

1) ഓളമായുള്ളൊരു ചേലയെത്തന്നെയും
മൊട്ടൊട്ടു മെല്ലവേ നീക്കി നീക്കി
തന്നിലിരുന്നു നിരന്നുടന്‍ കൂകുന്നൊ
രത്നങ്ങളായോരു കാഞ്ചി തന്നാല്‍
അങ്കിതമായ മണല്‍ത്തിട്ടയാകിനോ-
രല്‌ക്കിടമൊട്ടൊട്ടു കാട്ടിക്കാട്ടി
സുന്ദരിയായിട്ടു നിന്നു വിളങ്ങിനാള്‍
നന്ദദതനൂജന്‍ തന്‍ മുന്നില്‍ ചെമ്മേ

2) നീങ്കലിക്കാണും നിറപ്പകിട്ടാമണി
ചെങ്കഴലര്‍പ്പിച്ച കാന്തി താനോ?
എന്‍ കണ്ണിനുണ്ണിതന്‍ മെയ് പുല്കുമാനായ
മങ്കമാര്‍ തന്‍ മുലക്കുങ്കുമമോ?
കാളിന്ദീ ദേവി, നിന്‍ കല്ലോലപാളിയില്‍
ത്താളം ചവുട്ടുന്നതാര്‍ത്തെന്നലോ
നിര്‍വാണ ലക്ഷ്മിതന്‍ നിശ്വാസം പോലെന്നെ
സ്സര്‍വാംഗം കോള്‍മയിര്‍ക്കൊള്ളിക്കുന്നു!

ഒന്നാംഭാഗത്തിന്റെയും രണ്ടാംഭാഗത്തിന്റെയും രചനാകാലം തമ്മിലുള്ള അന്തരം ഏതാണ്ട് നാനൂറ്റിയമ്പതു വര്‍ഷമാണ്. പക്ഷേ അവ രണ്ടും ഒരാള്‍ എഴുതിയതാണെന്നും ഒരു ചൈതന്യമാണ് അവയ്ക്കു രണ്ടിനും ആവിഷ്കാരം നല്കിയതെന്നും പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടോ? (ആദ്യത്തേത് ചെറുശ്ശേരിയുടേത്; രണ്ടാമത്തേത് വള്ളത്തോളിന്റേത്.)

ഒരു ഉദാഹരണംകൂടി നലകാം.

1) പങ്കംവിട്ടു മണം പെറുന്ന തിലജം
പൂരിച്ച നൂറില്‍പ്പുറം
‘തങ്കക്കുത്തുവിളക്കു’ രണ്ടു വരിയായ്
മുന്നില്‍ ജ്വലിക്കുന്നുമേ:
വന്‍കമ്രസ്തനിമാര്‍ വഹിക്കുമിവതന്‍
നാളങ്കള്‍ നൈശാന്തര
ത്തിങ്കല്‍ത്താന്‍ പകല്‍ തീര്‍ത്തു, തമ്മില്‍ നിഭൃതം
നോക്കിച്ചിരിക്കുന്നിതോ?

2) പാലൊത്തീടും നിലാവത്തഴകിനൊടു പുറ
പ്പെട്ടു നില്ക്കും ദശായാം.
താലിപ്പെണ്ണുങ്ങളയ്യായിരമൊരുതരമേ

വേണമത്രേ സഖേലം
കോലത്താരമ്പനമ്പും തിരുകിയരികിലാ
കേണമന്‍പോടു പൊന്നിന്‍
താലത്തില്‍ കൈവിളക്കിന്‍ നിരനിരവധി വേണം
കരേ കാമനീ നാം.

‘എല്ലാം ഒരുപോലെ കാണുന്ന ഒരുപോലെ കേള്‍ക്കുന്ന രണ്ടു മാന്യന്‍മാര്‍ എഴുതിയതാണീ ശ്ലോകങ്ങള്‍. അവരുടെ കാലത്തിനുമുണ്ട് നാനൂറ്റിയമ്പതു വര്‍ഷത്തെ അന്തരം. (ആദ്യത്തെ ശ്ലോകം വള്ളത്തോള്‍ എഴുതിയത്; രണ്ടാമത്തേത് പുനം നമ്പൂതിരി എഴുതിയത്.) സുദീര്‍ഘമായ കാലം ചെറുശ്ശേരിയേയും വള്ളത്തോളിനേയും പുനം നമ്പൂതിരിയേയും വള്ളത്തോളിനേയും വേര്‍തിരിച്ചു നിര്‍ത്തുന്നുണ്ടെങ്കിലും അവരുടെ കാവ്യങ്ങളുടെ ചേതനത്വത്തിനു വ്യത്യാസമില്ലാതെയാവാന്‍ കാരണമെന്ത്? വാല്മീകിയുടെ ‘രാമായണ’ ത്തിലും കാളിദാസന്റെ ‘രഘുവംശ’ത്തിലും ഒരേ അന്തര്‍ദ്ധാരായുള്ളതിന്റെ ഹേതുവെന്ത്? വള്ളത്തോളിനു ഭൂതകാലത്തെക്കൂറിച്ച് ജ്ഞാനമുണ്ട്. കാളിദാസനും അതുണ്ടായിരുന്നു. എന്നേ മറുപടിയുള്ളൂ. വള്ളത്തോളിന്റെ കാലത്തെ സമുദായമല്ല പുനം നമ്പൂതിരിയുടെയും ചെറുശ്ശേരിയുടെയും കാലത്തെ സമുദായം. കാളിദാസന്റെ കാലത്തെ സമുദായവും വാല്മീകിയുടെ കാലത്തെ സമുദായവും തികച്ചും വിഭിന്നങ്ങളായിരുന്നു. എന്നിട്ടും അവരുടെ കാവ്യങ്ങള്‍ക്ക് വലിയ വ്യത്യാസമില്ല. ഈ വ്യത്യാസമില്ലായ്മയെയാണ് പാരമ്പര്യമെന്ന് സംസ്കൃതത്തിലും ‘ട്രഡിഷന്‍’ എന്നു ഇംഗ്ലീഷിലും വിളിക്കുന്നത്. ഭൂതകാലത്തിന്റെ നൈരന്തര്യമാണ് വര്‍ത്തമാന കാലമാകുന്നത്. ആ ഭൂതകാലത്തിന്റെ ജ്ഞാനമുള്ള കലാകാരന് ആ ജ്ഞാനത്തെ ദൂരെയെറിയുവാന്‍ കഴിയുകയില്ല. അതിന്റെ മാന്ത്രിക ശക്തിക്ക് അയാള്‍ വിധേയനാകുന്നു.ഒരു കല്ലെടുത്തു ദൂരെ എറിയാന്‍ എളുപ്പമാണ്. പക്ഷേ കലാകാരന്റെ സംസ്കാരത്തോടു ചേര്‍ന്നുകിടക്കുന്ന ഭൂതകാല ജ്ഞാനത്തെ അമ്മട്ടില്‍ എറിഞ്ഞുകളയാന്‍ സാദ്ധ്യമല്ല. അച്ഛന്റെയോ അമ്മയുടെയോ സ്വത്ത് മക്കള്‍ക്കു ലഭിക്കുന്നതുപോലെ സംസ്കാരത്തിന്റെ പൈതൃകം കലാകാരന്‍മാര്‍ക്ക് ലഭിക്കുന്നു. കലയുടെ രൂപങ്ങളും സങ്കേതങ്ങളും ഭാഷാപ്രയോഗങ്ങളും ഒക്കെ പൂര്‍വ്വ കലാകാരന്‍മാരില്‍നിന്ന് അവര്‍ സ്വീകരിക്കുന്നു. അതിനാല്‍ പുനംനമ്പൂതിരിയുടെ മട്ടില്‍ ചങ്ങമ്പുഴയ്ക്ക് എഴുതാം. ചങ്ങമ്പുഴയുടെ ഒരു കാവ്യത്തിന്റെ രീതിയില്‍ പുനംനമ്പൂതിരിക്കു വേണമെങ്കില്‍ എഴുതാമായിരുന്നു. ഞാന്‍ ചങ്ങമ്പുഴക്കവിത വായിച്ചിട്ടില്ലെന്നിരിക്കട്ടെ.

നീലാരണ്യ നിചോളനിവേഷ്ടിത
നീഹാരാര്‍ദ്ര മഹാദ്രികളില്‍
കാല്യലസജ്ജല കന്യക കനക-
ക്കതിരുകള്‍കൊണ്ടോരു കണി വയ്ക്കേ
കതിരുതിരുകിലുമദൃശ്യ ശരീരികള്‍
കാമദ കാനന ദേവതകള്‍
കലയുടെ കമ്പികള്‍ മീട്ടും മട്ടില്‍
കളകളമിളകീ കാടുകളില്‍
(ചങ്ങമ്പുഴ — മനസ്വിനി)

എന്ന വരികള്‍ പുനംനമ്പൂതിരിയുടേതാണെന്നു പറഞ്ഞാല്‍ എനിക്കു വിശ്വസിക്കാന്‍ പ്രയാസമുണ്ടാവില്ല.

ആല്‍ഡസ് ഹക്സിലി

സമുദായം മാറുന്നതോടൊപ്പം കലാകാരനും. മാറുന്നില്ലേ? അപ്പോള്‍ പാരമ്പര്യത്തിനു അയാള്‍ അടിമയമാകുന്നതെങ്ങനെ? ഈ ചോദ്യങ്ങള്‍ പലരും ചോദിച്ചേക്കാനിടയുണ്ട്. ഇതിനുള്ള ഉത്തരം ആല്‍ഡസ് ഹക്സിലി വളരെ മുന്‍പ് നല്‍കിയിട്ടുണ്ട്. വ്യക്തിപരമായ ജീവിതമാണ് പ്രധാനം. സമുദായമല്ല ഇരുപത്തിനാലു മണിക്കൂറില്‍ എട്ടു മണിക്കൂര്‍ ഉറക്കം. ബാക്കിയുള്ളത് പതിനാറു മണിക്കൂര്‍. ആ പതിനാറുമണിക്കൂറില്‍ മുഴുവന്‍ സമയവും വ്യക്തി സ്വീകീയ ജീവിതത്തിനുവേണ്ടി നീക്കിവയ്ക്കുന്നു. ദൈനംദിനകാര്യങ്ങളും കുടുംബകാര്യങ്ങളും നോക്കാന്‍തന്നെ ഈ പതിനാറുമണിക്കൂര്‍ തികയുകയില്ല. ശൈശവം കൗമാരം വാര്‍ദ്ധക്യം ഈ കാലങ്ങളില്‍ മനുഷ്യനു വ്യക്തിപരമായ ജീവിതമേയുള്ളുവെന്ന് അല്‍ഡസ് ഹക്സിലി പറയുന്നു. പിന്നെ യൗവനം. ആ കാലത്ത് എത്രപേരാണ് സമുദായത്തില്‍ ആമജ്ജനം ചെയ്യുന്നത്‌! എല്ലാവര്‍ക്കും സ്വന്തം കാര്യമാണ് പ്രധാനം. ഭാരതത്തില്‍ സ്വാതന്ത്ര്യസമരംകൊടുമ്പിരികൊണ്ടത് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ക്കിടയിലാണ്. 1914 തൊട്ട് 1945വരെയുള്ള ആ കാലത്ത് ടാഗോറെന്തു ചെയ്തു? അദ്ദേഹം ചേതോഹരങ്ങളായ ഭാവഗാനങ്ങളും നാടകങ്ങളും ചെറുകഥകളും എഴുതിയതേയുള്ളു. വള്ളത്തോളോ? അദ്ദേഹം 1918-ല്‍ ‘ശിഷ്യനും മകനും’ എഴുതി. 1927-ല്‍ ‘കൊച്ചുസീത’; 1936-ല്‍ ‘അച്ഛനും മകളുംകുമാരനാശാന്‍ 1923-ല്‍ ‘കരുണ’ രചിച്ചു. അതിനു ഒരു വര്‍ഷം മുന്‍പ് ‘ചണ്ഡാലഭിക്ഷുകിയും’ രാജവാഴ്ചയെയും ചക്രവര്‍ത്തിയുടെ വാഴ്ചയേയും കലവറകൂടാതെ പിന്‍താങ്ങിയിരുന്ന ഉള്ളൂരിനു ഭാരതീയ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഒരു വരിപോലും എഴുതാന്‍ കഴിഞ്ഞില്ല. മഹാത്മഗാന്ധി ബ്രിട്ടീഷ് പോലീസിന്റെ അടിയേറ്റ് അവശനാകുന്ന കാലത്ത് തകഴി ശിവശങ്കരപ്പിള്ളയും കേശവദേവും എഴുതിയത് അദ്ദേഹത്തെ കുറിച്ചല്ല; ഭാരതത്തെക്കുറിച്ചല്ല. ‘പതിത പങ്കജ’ത്തെയും ‘പരമാര്‍ത്ഥ’ ങ്ങളെയും കാണാനായിരുന്നു തകഴിക്കു കൗതുകം. ‘ഓടയില്‍നിന്ന്’ ലക്ഷ്മിയെ ഉയര്‍ത്തിയെടുക്കാനായിരുന്നു കേശവദേവിനു താല്പര്യം. ബഷീര്‍ബാല്യകാലസഖി’യെ അവതരിപ്പിച്ചു. ഞാന്‍ ഈ കലാകാരന്‍മാരെ കുറ്റപ്പെടുത്തുകയല്ല. സമുദായത്തിന്റെയോ ചരിത്രത്തിന്റെയോ പ്രവാഹത്തില്‍ ഒരു കലാകാരനും ആമജ്ജനം ചെയ്യാറില്ല.

വേഡ്സ്്വര്‍ത്തിന്റെ കാലത്തല്ലേ ഫ്രഞ്ച് വിപ്ളവം? അദ്ദേഹം അതിനെക്കൂറിച്ച് എന്തെഴുതി? ഒന്നുമെഴുതിയില്ല. മാത്രമല്ല ‘പാന്‍തീസം’ പ്രചരിപ്പിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തേയും ചരിത്രത്തെയും തൃണവല്‍ക്കരിച്ചാണ് കലാകാരന്‍മാര്‍ ആത്മാവിഷ്കാരം നിര്‍വഹിക്കാറുള്ളത്. അപ്പോള്‍ പാരമ്പര്യത്തില്‍നിന്ന് അവര്‍ അകന്നു പോകുന്നുമില്ല.

ഇനി ശ്രീ. അയ്യപ്പപ്പണിക്കരുടെ ‘പാസേജ് റ്റു അമേരിക്ക’ എന്ന കാവ്യത്തിലെ ചില വരികള്‍ ഉദ്ധരിക്കട്ടെ:

കെ. അയ്യപ്പപ്പണിക്കർ

രാവിലെ മരണം വൈകിട്ടു മരണം
നിലവറയില്‍ മരണം ഇടവഴിയില്‍ മരണം
പെരുവഴിയില്‍ മരണം
ജാഥകഴിഞ്ഞു മടങ്ങുന്ന പയ്യന്‍
വയല്‍ വാരത്തില്‍ മരണം
കടയിലേക്കു പോകുന്ന പെണ്ണ്
താഴ്വരയിലും മലമുകളിലും മരണം
അന്തരീക്ഷമാലിന്യം മൂലം
മരണം മഹാ മോഹഭംഗംമൂലവും
ഗര്‍ഭാശയത്തില്‍ തൊട്ടിലില്‍, മനസില്‍, മരണം
വിശ്വാസംമൂലം മരണം നര്‍മ്മബോധം മൂലവും’

കവികളുടെ ബഹുത്വത്തിലല്ല ഏകത്വത്തില്‍ വിശ്വസിക്കുന്നവരാണ് പാരമ്പര്യ വാദികളെങ്കില്‍ ഈ വരികള്‍ എഴുതിയ കവിയെ അവര്‍ അക്കൂട്ടരോട് ചേര്‍ക്കുമോ? തീര്‍ച്ചയായും ഇല്ല. അയ്യപ്പപ്പണിക്കര്‍ സ്ഥിരീകൃതനിയമങ്ങളേയും പാരമ്പര്യത്തെയും സങ്കേതങ്ങളേയും ഭഞ്ജിക്കുന്ന നവീനതമ സാഹിത്യകാരനാണെന്ന് ഈ ഭാഗം ഉദ്ഘോഷിക്കുന്നു. രൂപത്തിലും ശൈലിയിലും പരീക്ഷണങ്ങള്‍ നടത്തുകയാണ് അദ്ദേഹം. അതിന്റെ ഫലമായി അദ്ദേഹം കേരളീയ കവിതയുടെ ചിരപരിചിത പ്രവാഹത്തില്‍ മുങ്ങാതെ മാറിനില്ക്കുന്നുവെന്നു തോന്നുന്നു. കേരളത്തിന്റെ ഭൂതകാലം അനുസ്യൂതമായി ഒഴുകിവന്ന് അദ്ദേഹത്തിന്റെ വര്‍ത്തമാനകാലത്തില്‍ വിലയംകൊള്ളുന്നില്ല. അതുകൊണ്ടുമാത്രം അതു ഭാവിയിലേക്കു പ്രവഹിക്കുകയുമില്ല.

സാഹിത്യവും സംസ്കാരവും അവിച്ഛേസ്വഭാവമാര്‍ന്ന പ്രവാഹമാണ്. അതിന്റെ ഗതിമാറ്റാന്‍ കൃത്രിമത്വത്തിന് താല്‍കാലികമായി സാധിച്ചേക്കും. കരയിടിച്ചുവച്ച് മറ്റൊരു സ്ഥലത്തേക്കു അതിനെ ആനയിക്കാം. പക്ഷേ അത് എപ്പോഴും ഒരകുല്യമാത്രമായിരിക്കും. പെരുവെള്ളപ്പാച്ചില്‍ ഉണ്ടാകുമ്പോള്‍ കുല്യക്കുമീതേ വെള്ളമൊഴുകും. അപ്പോള്‍ മഹാപ്രവാഹത്തില്‍ അതു അപ്രത്യക്ഷമായിപ്പോകും. ഇതു അസങ്കീര്‍ണ്ണമായ സത്യമാണ്. സത്യത്തിന് എപ്പോഴും കയ്പുണ്ടുതാനും.