close
Sayahna Sayahna
Search

സൂര്യഗീതവും ചരമഗീതവും


സൂര്യഗീതവും ചരമഗീതവും
KaruthaSalabhangal-01.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി കറുത്ത ശലഭങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1988
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 102 (ആദ്യ പതിപ്പ്)
ഒ.എന്‍.വി. കുറുപ്പ്

ശ്രീ.ഒ.എന്‍.വി. കുറുപ്പിന്റെ “ഭൂമിക്കൊരുചരമഗീതം” എന്ന നൂതനകാവ്യസമാഹാര ഗ്രന്ഥത്തിന് അദ്ദേഹമെഴുതിയ “എന്റെ കവിത” എന്ന മനോഹരമായ പ്രബന്ധത്തില്‍ പറയുന്നു: “മുഗള്‍ നാഗരികതയുടെ മുത്തും മുടിപ്പൊന്നുമായ ‘താജി’ന്റെ ഉമ്മറത്ത് ആ ദൈന്യത്തിന്റെ വസ്തു പ്രതീകം വേറെ; കൊയ്ത്തുകഴിഞ്ഞു കുറ്റികള്‍ കരിഞ്ഞ ഉത്തരേന്ത്യയിലെ ഉത്തപ്തകേദാരങ്ങളില്‍ അതേ ദൈന്യത്തിന്റെ പാത്രങ്ങള്‍ മറ്റൊരുതരത്തില്‍. ഈ വ്യത്യസ്തവസ്തു പ്രതീകങ്ങളിലൂടെ ഒരേ രാജ്യത്തിന്റെ ഒരേ ഭൂമുഖത്തെ ‘നരജീവിതമായ വേദന’തന്നെയാണ് കവിത കണ്ടെത്തുന്നത്. തുഞ്ചന്‍പറമ്പിലെ കാഞ്ഞിരവും ‘യാസ്നായ പൊല്‌യാനയിലെ പൊപ്ലാറും വിശ്വഭാരതിയിലെ ആമ്രതരുവും യൂണിവേഴ്സിറ്റി കോളേജങ്കണത്തിലെ ‘സ്ഥൂലാമ്രാധിപനും’ എനിക്കിന്നൊരേ കുടുംബക്കാര്‍. ‘തിബ്‌ലിസി’ നഗരത്തെ തഴുകിയൊഴുകുന്ന ‘കുറാ’ നദിയെ നോക്കിക്കൊണ്ട്, അതിന്റെ വിശ്രമകേന്ദ്രത്തിലിരുന്ന്:

‘ഈ നദി ശരല്‍കാലനിളയെപ്പോലെ, ഇരു
തീരത്തും വിളയുന്ന ധാന്യങ്ങള്‍ കനികളും
വേറെയന്നാലും’ വിതയ്ക്കുന്ന കൈയൊരുപോലെ!
വിശപ്പ്, ദാഹം, ദാഹശാന്തിയുമൊരുപോലെ!’

എന്നെഴുതിയപ്പോള്‍ ഒരു അനുഭവസത്യം ഉറക്കെപ്പറയുന്ന സുഖം തോന്നി.” ഭാഷകള്‍ക്ക് വിഭേദമുണ്ടെങ്കിലും കവിയുടെ ഭാഷ എവിടേയും ഒന്നുതന്നെ എന്നാണ് ഒ.എന്‍.വി. അഭിപ്രായപ്പെടുന്നത്. ഈ ‘ഏകഭാഷ’യും അനുഭവസത്യത്തിന്റെ തീക്ഷണതയുമാണ് അദ്ദേഹത്തിന്റെ കവിതയുടെ സവിശേഷത. കവിഭാഷയുടെ ഈ ഐക്യം “മോസ്കോയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്സ്കോയിലേക്കും സാന്തിയഗോയില്‍ നിന്ന് സിഡ്നിയിലേക്കും വ്യാപിക്കുന്നു. ജര്‍മനിയില്‍, പോളിഷില്‍, റുമേനിയനില്‍, പോര്‍ച്ചുഗീസില്‍ നമ്മുടെ കാലത്തെ കവികള്‍ ഒരേ കവിത രചിക്കുന്നു” എന്നു മെക്സിക്കന്‍ കവി ഒക്ടോവ്യാപാസ് എഴുതുന്നതും ഇതിനെ ലക്ഷ്യമാക്കിയാണ്. ഈ സാര്‍വലൗകിക സ്വഭാവം അനുഭവസത്യത്തിന്റെ തൈക്ഷ്ണ്യത്തോടു ചേര്‍ന്നുവരുമ്പോള്‍ ഒ.എന്‍.വി. യുടെ കവിതയ്ക്ക് അന്യാദൃശ്യ സ്വഭാവം ലഭിക്കുന്നു. ഇതിനു നിര്‍ദശകങ്ങളാണ് ഈ കാവ്യഗ്രന്ഥത്തിലെ കാവ്യങ്ങളാകെ. വിശേഷിച്ചും ‘സൂര്യഗീത’വും ‘ഭൂമിക്കൊരു ചരമഗീത’വും. നമുക്ക് ആദ്യമായി ഭൂമിക്കൊരു ചരമഗീതത്തിലേക്കു പോകാം. അതിനായി ഭാവിക്കുമ്പോള്‍ എന്റെ ഓര്‍മ്മയിലെത്തുന്നത് ഒരു ചെറുകഥയാണ്. ഒരു യാത്രക്കാരന്‍ ഒരു ശവപ്പറമ്പില്‍ ചെന്നുനിന്ന് ചരമസ്മാരക ലേഖനങ്ങള്‍ വായിച്ചുകൊണ്ടു നില്ക്കുകയാണ്. തനിക്കു പിന്നേയും സഞ്ചരിക്കേണ്ട അനേകായിരം നാഴികകളെക്കുറിച്ച്, താന്‍ അനുഭവിക്കുന്ന ഏകാന്തതയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അയാളൊന്നു തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു അപരിചിതന്‍ നില്ക്കുന്നു. അയാളുടെ കയ്യില്‍ കവരമുള്ള ഒരു ചില്ല. നവാഗതന്‍ സാധാരണ മനുഷ്യനല്ല, അസാധാരണത്വമില്ല അയാള്‍ക്ക്. യോഗദണ്ഡുപോലെ അറ്റത്തു കവരമാര്‍ന്ന ആ ചില്ലയും ചലിപ്പിച്ചുകൊണ്ട് ‘വഴിയേത്?’ എന്ന് അയാള്‍ ചോദിക്കുന്നു. യാത്രക്കാരന്‍ രാജവീഥിയിലേക്കു കൈചൂണ്ടി. ആഗതനു പുച്ഛം. മനുഷനുപയോഗിക്കുന്ന മാര്‍ഗമല്ല അയാള്‍ക്കു വേണ്ടത്. ദൈവീകമായ മാര്‍ഗമായിരിക്കാം. യാത്രക്കാരന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ആഗതനെ കാണാനില്ല. നമ്മള്‍ എന്നും സഞ്ചരിക്കുന്ന കുല്‍സിതങ്ങളായ രാജവീഥികളേ ഈ ഭൂമിയിലുള്ളൂ. അവിടെ കല്ലും മുള്ളും മാത്രം. ക്രൂരതയെ മുള്ളുകളാക്കി പ്രദര്‍ശിപ്പിച്ചുകൊണ്ട് — കള്ളിച്ചെടികള്‍ നില്ക്കുന്നു. ശിലാമയങ്ങളും അരണ്യോത്പന്നങ്ങളായ പാദപങ്ങളും നിറഞ്ഞ ആ മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ വിചാരിച്ചിരിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഹിംസ്രജന്തുക്കള്‍ പിറകേവന്ന് നമ്മെ ഇടിച്ചു വീഴ്ത്തുന്നു. ഇവിടെ ജീവിക്കുന്ന ഓരോവ്യക്തിയും തന്റെ വിധികണ്ട് ഞെട്ടുന്നു. അവന്റെ ഞെട്ടല്‍ ഭൂമിയുടെ ഞെട്ടലാണ്. നാഗസാക്കിയിലും ഹിരോഷിമയിലും ആളിക്കത്തിയ അഗ്നി ദാഹാഗ്നി പോലെ ലോകമാകെ പടര്‍ന്നുപിടിക്കുന്നു. വെന്തു വെണ്ണീറാകാന്‍ പോകുന്ന ഈ ഭൂമിയെ കണ്ട് കവി വേദനയോടെ പാടുന്നു.

“ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം
മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍
നിഴലില്‍ നീ നാളെ മരവിക്കേ
ഉയിരറ്റ നിന്‍ മൂഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍

ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇത് നിനക്കായ് ഞാന്‍ കുറിച്ചിടുന്നു:
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന
മൃതിയില്‍ നിനക്കാത്മശാന്തി”

ഈ ഭൂമിയില്‍കുല്‍സിതപഥമല്ലാതെ ഐശ്വരമാര്‍ഗം കാണിച്ചുകൊടുക്കാന്‍ ആരുണ്ട്? ആരുമില്ല. അതുകൊണ്ടാണ് കവിയുടെ ഈ പരിവേദനം. ഭൂമി ഈ വിധത്തിലൊരു അപമാനം അര്‍ഹിക്കുന്നുണ്ടോ? സാമൂഹികങ്ങളായ കുതിച്ചുകയറ്റങ്ങളും രക്തരൂഷിതങ്ങളായ സംഘട്ടങ്ങളും കൊണ്ട് ഭൂമിയെ ആവാസയോഗ്യമല്ലാതാക്കിതീര്‍ത്തത് മനുഷ്യന്‍തന്നെയാണ്. മനുഷ്യനെന്ന് കേള്‍ക്കുമ്പോള്‍തന്നെ അവന്റെ അമ്മയായ ഭൂമി പ്രകമ്പനം കൊള്ളുന്നുണ്ടാവും. പക്ഷേ, അമ്മ എല്ലാക്കാലത്തും ചെയ്തത് എന്താണ് സംവേദനക്ഷമായ ഹൃദയമുള്ള കവിമാത്രം അതറിയുന്നു.

ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്ക് താളം പിടിപ്പതും
പൂവാകയായ് പൂത്തിലഞ്ഞിയായ്
കൊന്നയായ്
പുത്തനാം വര്‍ണ്ണക്കുടകള്‍ മാറുന്നതും
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകലായ് പേടി മാറ്റുന്നതും
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
വര്‍ണ്ണങ്ങള്‍ ചെപ്പിലൊരുക്കി വെയ്ക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണമാക്കുന്നതും
സന്ധ്യയെയെടുത്ത് നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെ തോളിലേറ്റുന്നതു”

മൊക്കെ കവിക്കല്ലാതെ മറ്റാര്‍ക്കുമറിഞ്ഞുകൂടാ. ഇങ്ങനെ അനുഗ്രാഹകത മാത്രമുള്ള ഭൂമിയെ മനുഷ്യന്‍ നിഗ്രഹിക്കുന്നത് എത്ര നീചം! സമൂഹത്തിന് ഉണ്ടായിരിക്കുന്ന പൊരുത്തക്കേടിനേയും സദാചാരത്തില്‍ ആക്രമണം നടത്തുന്ന രാക്ഷസീയതയേയും സുശക്തമായി ആവിഷ്കരിച്ച് ഭൂമിയും മനുഷ്യനും തമ്മിലുണ്ടാകേണ്ട ബന്ധത്തിന് പരമപ്രധാന്യം കല്പിക്കുന്ന സുന്ദരമായ കാവ്യമാണ് ഒ.എന്‍.വി. യുടെ ‘ഭൂമിക്ക് ഒരു ചരമഗീതം.’

സൂര്യഗീതം

ഇക്കാവ്യത്തിന് ഒരു പരിശിഷ്ടമെന്നോ അനുബന്ധമെന്നോ കരുതാവുന്നതാണ് ‘സൂര്യഗീതം’ എന്ന ഉദാത്തമായ കാവ്യം. അത് പല പരിവൃത്തി വായിച്ച് ഞാന്‍ ആഹ്ലാദിച്ചു. ഭാരതത്തില്‍ വരുണന്റെ നേത്രമാണ് സൂര്യന്‍; ഗ്രീസില്‍ സൂസ് ദേവന്റെ നേത്രം; പേര്‍ഷ്യയില്‍ അഹുരമസ്ദയുടെ കണ്ണ്; ഇസ്ലാമില്‍ അല്ലാഹുവിന്റെ നയനം; ഈജിപ്തില്‍ രയുടെ (Ra) ലോചനം. മനുഷ്യനെ ജീവിപ്പിക്കുന്നതും പിന്നീട് നിയന്ത്രിക്കുന്നതുമായ ഈ മഹാശക്തിയെ അതിന്റെ എല്ലാ പ്രഭാവങ്ങളോടും ചിത്രീകരിച്ച് അനുവാചകരെ ഉദാത്തമണ്ഡലങ്ങളിലേക്ക് ആനയിക്കുന്നു കവി. അതോടെ അദ്ദേഹത്തിന്റെ കാവ്യസരസ്വതി ഹൃദ്യമായി വീണമീട്ടുകയും ചെയ്യുന്നു, കേട്ടാലും:

“ഇരുളിലും നിന്റെ പൊരുളല്ലീ തിരഞ്ഞുതില
മണികളിലെഴുതും സ്നേഹകണികകള്‍ കറന്നെടു
ത്തൊരുമണ്‍ചിരാതിന്റെ തിരയിലിറ്റിച്ചതിന്‍
തിരുമിഴി തിളക്കവേ, ഇരുള്‍ വിറകൊള്‍കവേ
നീയതിലുയര്‍ക്കുന്നു സൂര്യ!
പാറിപ്പറന്നുവന്നായിരം ഖദ്യോത
ജാലങ്ങളാരണ്യേ ശാഖികളില്‍ സൗവര്‍ണ

കേസരമെഴുന്ന പൂങ്കുലകളായുലയവേ
നീയതിലുയര്‍ക്കുന്നു സൂര്യ!”

സൂര്യനെ ഐശ്വര നേത്രമായും ഊര്‍ജ്ജത്തിന്റെ പ്രഭാവകേന്ദ്രമായും ജീവിതത്തിന്റെ ഹേതുവായും ലോകത്തെയാകെ ഭരിക്കുന്ന അനലസമായ തത്ത്വമായും കാണുന്ന കവി അതിന്റെ സന്താനമായ ഭൂമിയെ നിന്ദിക്കുന്ന മനുഷ്യനെ പരോക്ഷമായി ഭര്‍ത്സിക്കുകതന്നെയാണ്. ആ ഭര്‍ത്സനം മനുഷ്യനോടുള്ള സ്നേഹത്തില്‍ നിന്നാണ് ഉദ്ഭവിക്കുക, ശത്രുതയില്‍ നിന്നല്ല. ജൂതദാര്‍ശനികന്‍ മാര്‍ട്ടിന്‍ ബൂബറുടെ I-Thou ബന്ധം പോലെ ഭൂമിയും മനുഷ്യനും തമ്മില്‍ ബന്ധം വേണമെന്ന് നമ്മെ ഉപദേശിക്കുന്ന കവി ഭൂമിയേയും മനുഷ്യനേയും നിലനിര്‍ത്തുന്ന ഈ മഹാശക്തിയെ ആദരിക്കാനും ആരാധിക്കാനും ആഹ്വാനം ചെയ്യുന്നു. ഈ രണ്ട് കാവ്യങ്ങളിലും സത്യത്തിന്റെ തരംഗം അനുഭവത്തിന്റെ കാറ്റടിയേറ്റ് ക്രമേണ വലുതായി മഹാതരംഗമായി ഭവിക്കുന്നു. അതുകൊണ്ടാണ് അനുഭവസത്യത്തിന്റെ തീക്ഷണത ഒ.എന്‍.വി. യുടെ കവിതയുടെ സവിശേഷതയാണെന്ന് ഞാന്‍ ആദ്യമേ പറഞ്ഞത്. സൂര്യരശ്മികള്‍ അര്‍ദ്ധസുതാര്യമായ സ്ഫടികഫലകത്തെ പരിപൂര്‍ണ്ണമായും സുതാര്യമാക്കുന്നതുപോലെ കവി ഭാവനയുടെ മയൂഖങ്ങള്‍ വസ്തുതകളേയും വസ്തുക്കളേയും പ്രസന്നമാക്കുന്നു, പാരദര്‍ശകമാക്കുന്നു.

വേറൊരു കവിയെ അഭിനന്ദിക്കാന്‍ കൂടിയ ഒരു സമ്മേളനത്തില്‍ ഞാന്‍ പറഞ്ഞ ഒരു കാര്യം ഇവിടെ ആവര്‍ത്തിച്ചുകൊള്ളട്ടെ. രത്നങ്ങള്‍ക്ക് അനര്‍ഘത്വം വന്നതെങ്ങനെയെന്ന് അല്‍ഡസ് ഹക്സിലി ചോദിക്കുന്നു. അദ്ദേഹം അത് ചോദിക്കുന്നതിനു മുമ്പ് സാന്തായനയും അതു ചോദിച്ചു. ക്ഷണികമായ ഈ ലോകത്ത് അല്പമെങ്കിലും ശാശ്വതസ്വഭാവമുള്ളവയെ മനുഷ്യന്‍ അനര്‍ഘങ്ങളായി കണ്ടതും അതിനാലാണ് അവയ്ക്ക് അനര്‍ഘത്വം വന്നതെന്ന് സാന്തായാന തന്നെ ഉത്തരവും നല്കി. ഹക്സിലി അതിനോട് യോജിക്കുന്നില്ല. അഗ്നിയാണ് ഈ ലോകത്ത് ഏറ്റവും മനോഹരമെന്ന് പ്ലോട്ടിനസ് പറഞ്ഞിട്ടുണ്ട്. ഓരോ രത്നത്തിനകത്തും അഗ്നി ജ്വലിക്കുന്നു. ഭാവാത്മകത്വത്തിന്റെ അഗ്നി ജ്വലിക്കുന്ന രത്നങ്ങളാണ് ഈ രണ്ടു കാവ്യങ്ങളും. മാത്രമല്ല എവിടേയും ദര്‍ശിക്കാം ആ ഗുണം. ഒ.എന്‍.വി. യുടെ രണ്ട് കാവ്യങ്ങളെക്കുറിച്ചു മാത്രമെഴുതാനേ ഞാന്‍ വിചാരിച്ചുള്ളു. എങ്കിലും മറ്റൊരു കാവ്യത്തില്‍ നിന്നു ചില വരികള്‍ കൂടി എടുത്തെഴുതിക്കൊള്ളട്ടെ:

നക്ഷത്രപാടത്ത് കൊയ്ത്തിന്നാരോ
പുത്തന്‍ പൊന്നരിവാളുമായ് വന്നതും
പയ്യെപ്പയ്യെപ്പകല്‌ക്കിളികൂടുവി-
ട്ടയ്യയ്യ! വെള്ളിത്തൂവല്‍ കുടഞ്ഞതും
………
ഉച്ചവെയിലെങ്ങോ വെള്ളം കുടിക്കാന്‍
പെട്ടന്ന് പോയിത്തിരികെ വരുന്നതും
കുഞ്ഞേട്ത്തി പറഞ്ഞുകൊടുക്കുമ്പോള്‍
ഉണ്ണിക്കദ്ഭുതമാഹ്ളാദം!”

അദ്ഭുതവും ആഹ്ളാദവും ഒ.എന്‍.വി. യുടെ ഭാവഗാനങ്ങള്‍ പ്രദാനം ചെയ്യുന്നു. ഇവിടെ കവി കവരമാര്‍ന്ന മരച്ചില്ല കൈയില്‍ വെച്ചുകൊണ്ട് ആരോടും മിണ്ടാതെ അപ്രത്യക്ഷനാവുകയല്ല. ആ ചില്ല ചൂണ്ടി നമ്മള്‍ സഞ്ചരിക്കേണ്ട മാര്‍ഗം കാണിച്ചുതരുകയാണ്.