ആഡോർനോയുടെ കലാസങ്കല്പം
ആഡോർനോയുടെ കലാസങ്കല്പം | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | മനോരഥങ്ങളിലെ യാത്രക്കാർ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര് | പ്രഭാത് |
വര്‍ഷം |
1990 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 83 (ആദ്യ പതിപ്പ്) |
1923-ല്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് പട്ടണത്തില്‍ സാമൂഹിക ഗവേഷണത്തിനായി ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. ഒരു ധനികനായ വ്യാപാരിയാണ് അതിനുവേണ്ട പണം നല്കിയതു്. ആ സ്ഥാപനത്തോടു ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ സാകല്യവസ്ഥയില് ഫ്രാങ്ക്ഫുര്‍ട്ട് സ്ക്കൂള് എന്നു വിളിച്ചു. ഈ പ്രസ്ഥാനത്തിലെ മഹാനായ പ്രവര്‍ത്തകനാണ് ആഡോര്‍നോ. (Adorno) സൗന്ദര്യശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ മൗലികതയോയു വ്യക്തമാക്കിയ അദ്ദേഹത്തെ പണ്ഡിതന്മാരും ബഹുജനവും സമാദരിക്കുന്നു. കലയുടെ സംസ്കാരത്തില്‍ തല്പരത്വമുള്ളവരെല്ലാം ആഡോര്‍നോയുടെ സിദ്ധാന്തങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. സമഗ്രാധിപത്യത്തെ ചെറുക്കാന്‍ കലയ്ക്കും സാഹിത്യത്തിനും വലിയ ശക്തിയുണ്ടെന്നു വിശ്വസിച്ചവരാണ് ‘ഫ്രാങ്ക് ഫുര്‍ട്ട് സ്ക്കൂളിലെ’ അംഗങ്ങള്‍. വിശേഷിച്ചും ആഡോര്‍നോ.
ലൂക്കാച്ചിന്റെ കലാപരങ്ങളായ സിദ്ധാന്തങ്ങളുടെ സാമാന്യസ്വഭാവം നമ്മള് മനസ്സിലാക്കിക്കഴിഞ്ഞു. കാഫ്ക, ജോയിസ്, മ്യൂസില്, സാമുവല്‍ ബക്കറ്റ് ഈ സാഹിത്യനായകന്മാരുടെ കൃതികളും സറിയലിസം, എക്സ്പ്രഷനിസം, നാച്ചുറലിസം ഈ പ്രസ്ഥാനങ്ങളും കലൗയ്ടെ ജീര്‍ണ്ണതയെയാണ് കാണിക്കുന്നതെന്നു് ലൂക്കാച്ച് പറഞ്ഞല്ലോ. കാഫ്കയെപ്പോലെ ഏകാന്തതയെ ചിത്രീകരിക്കുന്നതില്‍ തെറ്റില്ല; പക്ഷേ അതു് ക്യാപ്പിറ്റലിസത്തിന്റെ മാരകഫലമാണെന്നു കാണിക്കണം. ഇതിനു് കാഫ്കയ്ക്കു കഴിഞ്ഞില്ലെന്നാണ് ലൂക്കാച്ചിന്റെ വാദം.
നൂതന മാര്‍ക്സിസ്റ്റായ ആഡോര്‍നോ നവീന സാഹിത്യത്തിന്റെ സ്തോതാവാണ്. ലൂക്കാച്ച് നിന്ദിച്ച കാഫ്ക തുടങ്ങിയ സാഹിത്യകാരന്മാരെ അദ്ദേഹം പ്രതിഭാശാലികളായി കാണുന്നു. തങ്ങള്‍ ജീവിച്ച ശകലിതമായ ലോകങ്ങളില്‍നിന്നു രക്ഷനേടാന്‍ കഴിയാത്തവരായി നവീന സാഹിത്യകാരന്മാരെ ലൂക്കാച്ച് കണ്ടു. ആ ദര്‍ശനം അബദ്ധമാണെന്നാണ് ആഡോര്‍നോയുടെ മതം. യാഥാതഥ്യത്തിന്റെ സാകല്യാവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ചു ലൂക്കോച്ച്. കലയ്ക്കു യാഥാതഥ്യവുമായി ഒരു ബന്ധമില്ലെന്നാണ് ആഡോര്‍നോ പറയുക. യാഥാതഥ്യത്തില്നിന്നു് കല അകന്നു നില്‍ക്കുന്നതുകൊണ്ടാണ് അതിനു്(കലയ്ക്കു) ശക്തിയും പ്രാധാന്യവും കൈവരുന്നതു്. ആഡോര്‍നോയുടെ വാക്കുകള്‍ കേട്ടാലും:– Even the most sublime work of art takes up a definite position vis-a-vis reality by stepping outside of reality’s spell. not abstractly once and for all, but occasionally and in concrete ways, when it unconsciously and tacitly polemicizes against the condition of society at a particular point in time (Aesthetic Theory, Theodor Adorno, Translated by C. Lenhardt, Routledge & Kegan Paul, Page 7, Price GBP 7.95).
പത്തൊന്‍പതാം ശതാബ്ദത്തിലെ റിയലിസം ചരിത്രപരമായി നോക്കുമ്പോള്‍ സാംഗത്യമുള്ളതല്ലെന്നു് ആഡോര്‍നോ പറയുമ്പോള്‍ അതു് ലൂക്കാച്ചിനുള്ള മറുപടിയാണെന്നു നമ്മള് മനസ്സിലാക്കുന്നു. നമ്മുടെ കാലയളവിലെ വേദനയും വ്യക്തിക്കുണ്ടായിട്ടുള്ള അന്യവത്കരണവും മ്യൂസിലിന്റെയും ജോയിസിന്റെയും പ്രൂസ്തിന്റെയും നോവലുകളില്‍ കാണുന്നതിനാല്‍ അവ ആദരണീയങ്ങളും സ്വീകരണീയങ്ങളുമാണ്. ബല്‍സാക്ക് ചെയ്തതുപോലെ യഥാതഥമായി കഥ പറഞ്ഞാല്‍ അതു് ചരിത്രപരങ്ങളായ വസ്തുതകളെ അയഥാര്ത്ഥീകരിക്കുകയാവും. ഇന്നത്തെ വ്യക്തിയുടെ തകര്‍ച്ചയെ ചിത്രീകരിക്കാന്‍ പ്രൂസ്തിനെപ്പോലെ മ്യൂസിലിനെപ്പോലെ പല കാഴ്ചപ്പാടുകളിലൂടെ വേണം പ്രതിപാദ്യവിഷയത്തെ സമീപിക്കാന്‍. ആ നോവലിസ്റ്റുകളുടെ കൃതികളിലെ ഏകാന്തതയ്ക്കു ചരിത്രപരമായ പ്രാധാന്യമുണ്ട് (Modernism and Marxism, Eugene Lunn, Page 27–273).
സാഹിത്യത്തിലെയും കലയിലെയും നവീനതയെ ഇങ്ങനെ വാഴ്ത്തുന്ന ആഡോര്‍നോ പ്രാചീന സാഹിത്യത്തെയും കലയെയും വിമര്‍ശനാത്മകമായി സമീപിക്കുന്നതില്‍ വിസ്മയിക്കാനില്ല. ഭൂതകാലത്തെ യഥാര്‍ത്ഥമായ കല തല്കാലത്തേക്കു മുഖം മറച്ചുനില്ക്കേണ്ടിയിരിക്കുന്നുവെങ്കിലും അതിനെ നിന്ദിക്കേണ്ടതില്ലെന്നു് അദ്ദേഹം കരുതുന്നു. അവയുടെ ആധ്യാത്മികമായ അര്‍ത്ഥം ഇല്ലാതായിക്കഴിഞ്ഞും എങ്കിലും സത്യത്തിന്റെ ഉള്ളടക്കം ചെറിയ തോതില്‍ അതു നിലനിറുത്തുന്നുണ്ടു്. ഈ അംശത്തെ തിരിച്ചറിയാനാണ് പ്രയാസം. കലാസൃഷ്ടിയില് ഒരു കാലത്തു് സത്യമായിരുന്നതു് ചരിത്രപരമായ കാലത്തിലൂടെ അസത്യമായി മാറുന്നു. സത്യത്തെ നശിപ്പിച്ച വസ്തുതകള്‍ മാറ്റപ്പെടുമ്പോള്‍ ആ കലാസൃഷ്ടിയിലെ സത്യം വീണ്ടും പ്രകാശിക്കും. കലാപരമായ സത്യത്തിന്റെ ഉള്ളടക്കത്തിനും ചരിത്രത്തിനും തമ്മിലുള്ള ബന്ധത്തിന്റെ അഗാധതയെയാണ് ഇതു കാണിക്കുന്നതു്.
ഒരു കാലത്തു് കല ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു എന്നതുകൊണ്ട് വിമര്‍ശനം കൂടാതെ അതിനെ നമ്മള് അംഗീകരിക്കാന്‍ പാടില്ല. എന്നാല്‍ നിന്ദനവും അരുതു്. ഭൂതകാലത്തു് മഹനീയമെന്നു വാഴ്ത്തപ്പെട്ടിരുന്ന കലാസമുച്ചയം കലാബോധത്തിന്റെ മുന്പില് അപര്യാപ്തമായി ഭവിച്ചിരിക്കുന്നു.
സംഗീതത്തെസ്സംബന്ധിച്ചു് ആഡോര്‍നോ ആവിഷ്കരിച്ച സിദ്ധാന്തങ്ങളും പരിവര്ത്തനാത്മകങ്ങളാണ്. സംഗീതത്തിലെ റ്റോണ്‍(tone)–സ്വനം –വെറും ശബ്ദമല്ല. അതിനു സുനിശ്ചിതമായ ഉച്ചനീചാവസ്ഥകളുണ്ടു്(pitch) ഏതു സ്വനത്തിനും–റ്റോണിനും– തീക്ഷണതയും അതിന്റേതായ ധര്‍മ്മവും കാണും. കേന്ദ്രസ്ഥാനത്തു വര്‍ത്തിക്കുന്ന ഒരു റ്റോണിനെ ആശ്രയിച്ചു കൊണ്ടു് ഗാനത്തിലെ മറ്റെല്ലാ റ്റോണുകളെയും കേള്‍ക്കുന്നതിനെയാണ് റ്റോണാലിറ്റി എന്നു സംഗീത ശാസ്ത്രത്തില്‍ പറയുന്നതു്. ആസ്റ്റ്രിയന്‍ ഗാനരചയിതാവായ ആര്നൊള്ട്ട് ഷൊണ്ബര്ഹ് (Arnold Schoenberg, 1874&ndash1951) ഈ റ്റോണാലിറ്റിയെ നിഷ്കാസനം ചെയ്തു് ഏറ്റോണാലാറ്റിക്കു് (atonality) രൂപം നല്കി. കേദ്ന്രസ്ഥാനത്തിരിക്കുന്ന റ്റോണിനെ നിരാകരിക്കുകയോ തിരിച്ചറിയാന്‍ വയ്യാത്ത വിധം അതിനെ ആക്കിത്തീര്‍ക്കുകയോ ചെയ്യുന്നതാണ് ഏറ്റോണാലിറ്റി. ഗാനത്തിലെ ഓരോ സ്വരത്തെയും (note) വിച്ഛേദിച്ചു് ചുറ്റുമുള്ളതിനോടു ബന്ധമില്ലാതാക്കുമ്പോള് അര്ത്ഥഗ്രഹണമുണ്ടാവുകയില്ല. ഇതാണ് ഏറ്റോണല്‍ സംഗീതം. അബോധ മനസ്സില്നിന്നുണ്ടാകുന്ന ശാരീരികങ്ങളായ ആ വേഗങ്ങള്‍ക്കു ഇതു സദൃശ്യമാണെന്നു് ആഡോര്‍നോ കരുതുന്നു. സമകാലിക സമുദായത്തെ ബോധമണ്ഡലംകൊണ്ടു നിയന്ത്രിക്കാന്‍ വ്യക്തിക്കു് കഴിയുന്നില്ല. ഷൊണ്‍ ബര്‍ഹിന്റെ ഏറ്റോണല്‍ സംഗീതവും ഫ്രായിറ്റിന്റെ മാനസികപഗ്രഥനവും ഇതിനു സദൃശ്യമാണ്. വ്യക്തിയുടെ സ്വയം നിര്‍ണ്ണയാവാകാശം സമഗ്രാധിപത്യത്തില്‍ നഷ്ടപ്പെടുന്നു. ആഡോര്‍നോ വാഴ്ത്തുന്ന ഏറ്റോണല്‍ സംഗീതം ആ സമഗ്രാധിപത്യത്തിനോടുള്ള എതിര്പ്പിനെയാണു കാണിക്കുന്നതു്. സംഗീതത്തെക്കുറിച്ചു് ഈ വിപ്ലവാത്മകമായ മതം വച്ചുപുലര്‍ത്തിയ ആഡോര്‍നോ Popular music is objectively untrue– ബഹുജനത്തിനു് ഇഷ്ടമായ സംഗീതം വസ്തുനിഷ്ഠമായി അസത്യാത്മകമാണ്– എന്നു പറഞ്ഞതില്‍ തെറ്റൊന്നുമില്ല. പക്ഷേ പലരും ആ പ്രസ്താവത്തെ എതിര്‍ത്തുകൊണ്ടിരിക്കുന്നു. നവീന കലയുടെയും നവീന സാഹിത്യത്തിന്റെയും ഉദ്ഘോഷകനാണ് ആഡോര്‍നോ.
അനുബന്ധം
- ലൂക്കാച്ച്
- ഹംഗറിയിന് ദാര്ശനികന്. ജനനം 1885. ബുഡാപെസ്റ്റ് സര്‍വകലാശാലയിലെ പ്രൊഫസര്‍. പിന്നീടു് ഇമ്റേ നൊജ്ജിന്റെ സര്‍ക്കാരില്‍ സംസ്കാരത്തിന്റെ മന്ത്രി. 1971-ല്‍ മരണം.
- ബ്രഹ്റ്റ്
- ജര്‍മ്മന്‍ നാടകകര്‍ത്താവും സൈദ്ധാന്തികനും. 1898-ല്‍ ജനനം. കുറെക്കാലം അമേരിക്കയില്‍ താമസിച്ചു. 1949-ല്‍ ഈസ്റ്റ് ബെര്‍ലിനില്‍ വന്നു. 1956-ല്‍ മരിച്ചു.
- ബെന്യമിന്
- ജര്‍മ്മന്‍ നിരൂപകന്. 1892-ല്‍ ജനനം. 1940-ല്‍ ആത്മഹത്യ ചെയ്തു.
- ആഡോര്‍നോ
- ജര്‍മ്മന്‍ ദാര്ശനികന്, സംഗീത സൈദ്ധാന്തികന്‍, സമൂഹശാസ്ത്രജ്ഞന്. ജനനം 1903-ല്‍ ഫ്രാങ്ക് ഫുര്‍ട്ടില്‍. ഫ്രാങ്ക് ഫുര്‍ട്ട് സര്‍വകലാശാലയില്‍ ഫിലോസഫിയുടെയും സോഷ്യോളജിയുടെയും പ്രൊഫസര്‍. 1969-ല്‍ മരണം.
|