ഇന്നത്തെ പ്രേതങ്ങൾ നാളത്തെ യാഥാർത്ഥ്യങ്ങൾ
ഇന്നത്തെ പ്രേതങ്ങൾ നാളത്തെ യാഥാർത്ഥ്യങ്ങൾ | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | കറുത്ത ശലഭങ്ങൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രഭാത് |
വര്‍ഷം |
1988 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 102 (ആദ്യ പതിപ്പ്) |
എന്റെ മുമ്പില്‍ കാണുന്ന പര്‍വ്വതത്തിന്റെ അപ്പുറത്ത് എനിക്കു ചെല്ലണമെങ്കില്‍? ഞാനിതു കയറിക്കടക്കണം. ഈ പര്‍വ്വതത്തിനു തുല്യമായ ആദ്ധ്യാത്മിക പര്‍വ്വതം ഓരോ ആത്മാവിന്റെ മുമ്പിലും നില്‍ക്കുന്നുണ്ട്. ചിലര്‍ എണ്ണമറ്റ പ്രയാസങ്ങള്‍ സഹിച്ച്, കാനനങ്ങളിലൂടെ നടന്ന്, വന്യമൃഗങ്ങളില്‍ നിന്നു വിദഗ്ദ്ധമായി ഒഴിഞ്ഞ് പര്‍വ്വതം ചവിട്ടിക്കയറുന്നു. മറുഭാഗത്ത് എത്തുന്നു. വേറെ ചിലര്‍ക്ക് ഈ കഷ്ടപ്പാടുകള്‍ സഹിക്കാനാവുന്നില്ല. അവര്‍ ലക്ഷ്യസ്ഥാനത്തെത്തിയ സഞ്ചാരികളുടെ വിവരണങ്ങള്‍ കേട്ടു സംതൃപ്തിയടയുന്നു. മുമ്പേ പോയവരുടെ മാര്‍ഗ്ഗത്തില്‍ക്കൂടെ യാത്രനിര്‍വഹിച്ച് അപ്പുറത്ത് എത്തുന്നവരുണ്ട്. പുതിയമാര്‍ഗ്ഗത്തിലൂടെ പോകുന്നവരുമുണ്ട്, ഈ ലോകത്ത് എത്ര ആത്മാക്കളുണ്ടോ അത്രത്തോളം മാര്‍ഗ്ഗങ്ങളുമുണ്ട്. ഈ മാര്‍ഗ്ഗങ്ങളുടെ സ്വഭാവം ചൂണ്ടിക്കാണിച്ച്, ആദ്ധ്യാത്മിക പര്‍വ്വതത്തിന്റെ ഉദാത്ത സ്വഭാവം വ്യക്തമാക്കി, സഞ്ചാരികളുടെ അടുക്കലേക്കു നമ്മെ കൊണ്ടുചെല്ലുന്ന ഒരുജ്ജ്വല കലാസൃഷ്ടി അമേരിക്കന്‍ സാഹിത്യത്തില്‍ ആവിര്‍ഭവിച്ചിരിക്കുന്നു. Zen and the Art of the Motor cycle Maintenance — സെന്‍ ചിന്താഗതിയും മോട്ടോര്‍ സൈക്കിള്‍ സംരക്ഷണത്തിന്റെ കലയും — എന്നാണ് അതിന്റെ പേര് (Corgi Books, പുറം 181 നോക്കുക) റോബര്‍ട്ട് എം. പ്രിസിഗ് എന്ന കലാകാരനാണ് ഇതിന്റെ സ്രഷ്ടാവ്. ഈ കലാശില്പം കണ്ട് ഫിലിപ്പ് ടോയിന്‍ബി എന്ന പ്രശസ്തനായ നിരൂപകന്‍ പറഞ്ഞു. “I think Mr.Prising has written a work of great perhaps urgent, importance..read this book.” “ജൊനാതന്‍ ലീവിങ്ങ് സ്റ്റണ്‍ സീഗള്‍” എന്ന മനോഹരമായ ഗ്രന്ഥത്തിന്റെ കര്‍ത്താവായ റിച്ചാര്‍ഡ് ബാക്ക് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്:“A hypnotist’s crystal... sparkled with diamonds.” Dazzling orginality എന്നും A wonderful book എന്നും വിമര്‍ശകര്‍. ഗ്രന്ഥം വായിച്ചു നോക്കൂ, ഈ പ്രസ്താവങ്ങളെല്ലാം സത്യാത്മകങ്ങളാണെന്നു ഗ്രഹിക്കാം.
ഗ്രന്ഥത്തിന്റെ കവര്‍പേജില്‍ ഒരു കട്ടമുറൂക്കി — സ്പാനര്‍ — പച്ച ഇലകളാര്‍ന്ന വെളുത്തപൂവായി വികസിക്കുന്നതിന്റെ ചിത്രമുണ്ട്. ഓരോ അദ്ധ്യായത്തിന്റെയും ആരംഭത്തിലുള്ള ചിത്രം മറ്റൊരു വിധത്തിലാണ്. അനേകം ഇലകളുടെ നടുക്കുനിന്ന് ഒരു കട്ടമുറുക്കി ഉയര്‍ന്നു നില്‍ക്കുന്നു. കട്ടമുറുക്കാനുള്ള ഉപകരണം ടെക്നോളജിക്കും പുഴ്പവും ഇലയും ദാര്‍ശനികങ്ങളായ പര്യാലോചനകള്‍ക്കും പ്രാതിനിധ്യം വഹിക്കുന്നു. ഗ്രന്ഥത്തിന്റെ പേരും ഈ സങ്കല്പങ്ങള്‍ക്ക് യോജിച്ചതത്രേ. സെന്‍ തത്ത്വചിന്താത്മകങ്ങളായ പര്യാലോചനകള്‍ക്കും മോട്ടോര്‍ സൈക്കിള്‍ ടെക്നോളജിക്കും സദൃശ്യങ്ങളായി വര്‍ത്തിക്കുന്നു. ടെക്നോളജി — സാങ്കേതികവിദ്യ — തത്ത്വചിന്തയിലേക്കു ചെല്ലുന്നു. രണ്ടും സത്യാന്വേഷണ മാര്‍ഗ്ഗങ്ങളാണ്, അവ പരസ്പര പൂരകങ്ങളാണ്. ഏതെങ്കിലുമൊന്നിനെ, നിന്ദിച്ച് മറ്റൊന്നിനെ പ്രശംസിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇതാണ് പ്രിസിതിന്റെ മതം.
ഈ ഗ്രന്ഥം ഒരു യാത്രാവിവരണമെഴുതിയ സ്വഭാവം ആവഹിക്കുന്നു. വിവരണമെഴുതിയ ആള്‍ മകനോടുകൂടി വടക്കേ അമേരിക്കയിലെ ചില പ്രദേശങ്ങളില്‍ സഞ്ചരിക്കുന്നു. അവരുടെ കൂടെ ജോണും സില്‍വിയുമുണ്ട്. രണ്ടാമത്തെ സവാരി പോകുമ്പോള്‍ അവരില്ല, മകന്‍ മാത്രമേയുള്ളു. ഗ്രന്ഥത്തിന്റെ അവസാനഭാഗത്ത്, പതിനൊന്നു വയസ്സായ മകന്‍ അച്ഛനോടു ചോദിക്കുന്നു.
“എനിക്കു പ്രായമാകുമ്പോള്‍ മോട്ടോര്‍ സൈക്കിള്‍ സ്വന്തമായിട്ട് ആകാമോ?”
“നീ അതു സൂക്ഷിക്കുമെങ്കില്‍.”
“എന്താണു ചെയ്യേണ്ടത്?”
“ഒരുപാടു കാര്യങ്ങള്‍. നീ ഞാന്‍ ചെയ്തതൊക്കെ കണ്ടില്ലേ?”
“എല്ലാം അച്ഛന്‍ കാണിച്ചുതരുമോ?”
“തീര്‍ച്ചയായും.”
“അതു പ്രയാസമുള്ളതാണോ?”
“ശരിയായ മനോഭാവങ്ങളുണ്ടെങ്കില്‍ അല്ല. ശരിയായ മനോഭാവങ്ങളുണ്ടാകാനാണ് പ്രയാസം.”
“ഓ”
“..അച്ഛാ?”
“എന്ത്?”
“എനിക്കു ശരിയായ മനോഭാവങ്ങളുണ്ടാകുമോ?”
“...എന്നാണെന്റെ വിചാരം..” അവര്‍ യാത്ര തുടരുന്നു. ഗ്രന്ഥം ഇവിടെ പരിസമാപ്തിയിലെത്തുകയാണ്.
എന്താണ് ശരിയായ മനോഭാവം? അദ്ധ്യാത്മിക പര്‍വ്വതം ചവിട്ടിക്കയറാന്‍ ഒരു മാര്‍ഗ്ഗം മാത്രമേയുള്ളു എന്നു വിചാരിക്കാതിരിക്കുക. ടെക്നോളജി നിന്ദ്യമാണ് എന്ന ആധുനിക സങ്കല്പം സത്യത്തോടു പൊരുത്തപ്പെട്ടതല്ലെന്നു പ്രിസിഗ് വിചാരിക്കുന്നു. ഇത് സ്പഷ്ടമാക്കാനാണ് അദ്ദേഹം ജോണിനെയും, സില്‍വിയയെയും അവതരിപ്പിക്കുന്നത്. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചുകൊണ്ട് (ടെക്നോളജിയെ സ്വീകരിച്ചുകൊണ്ട്) അതിനെ അവഗണിക്കുന്നവരാണ് അവര്‍. മോട്ടോര്‍ സൈക്കിള്‍ സംരക്ഷണത്തെക്കുറിച്ച് യാത്രാവിവരണം എഴുതിയ ആള്‍ അവരോടു വാതോരാതെ സംസാരിക്കും. പക്ഷേ അദ്ദേഹത്തിന്റെ രണ്ടുവാക്യം കേട്ടുകഴിയുമ്പോള്‍ ജോണിനു വൈരസ്യം. അയാള്‍ ഒന്നുകില്‍ സംഭാഷണത്തിന്റെ ഗതി മാറ്റും അല്ലെങ്കില്‍ ദൂരെ നോക്കും. സില്‍വിയ ഇക്കാര്യത്തില്‍ ജോണിനോടു യോജിക്കും. യോജിക്കുമെന്നു മാത്രമല്ല അവള്‍ക്കുള്ള വികാരങ്ങള്‍ കൂടുതല്‍ ശക്തങ്ങളുമാണ്. അവര്‍ക്കു രണ്ടു പേര്‍ക്കും മോട്ടോര്‍ സൈക്കിളിനെക്കൂറിച്ച് അറിയേണ്ടതില്ല; അതിനെപ്പറ്റി കേള്‍ക്കാന്‍ പോലും ആഗ്രഹമില്ല. ചിന്തയുടെ സ്രോതസ്വിനികള്‍ ചരിത്രത്തിന്റെ ഭൂവിഭാഗങ്ങളില്‍ ആഴത്തില്‍ ഒഴുകിയിട്ടുണ്ട്. അതിന് ഒരു മാറ്റവും ഒരു കാലത്തും വരുന്നില്ല. എന്നാല്‍ അതല്ല ഇന്നത്തെ സ്ഥിതി. ബോധത്തിന്റെ പ്രവാഹങ്ങള്‍ കരകള്‍ ഇടിച്ചിടുകയാണിപ്പോള്‍. അധ:സ്ഥിതപ്രദേശങ്ങള്‍ പോലും ആ പ്രവാഹങ്ങളില്‍ മുങ്ങിപ്പോകുന്നുണ്ട്. അതിനാല്‍ ടെക്നോളജിയുടെ നേര്‍ക്കുള്ള ജോണിന്റെ മനോഭാവം ശരിയായ മനോഭാവമല്ല. സത്യത്തെക്കൂറിച്ചുള്ള കാഴ്ചപ്പാടുകളുണ്ടല്ലോ. അവ തമ്മിലുള്ള സംഘട്ടമാണ് ഇന്നു കാണുന്നത്. നമ്മള്‍ ഇതാ ഇവിടെ കാണുന്ന ലോകം സത്യം തന്നെ, ശാസ്ത്രജ്ഞന്‍മാര്‍ എന്തുപറഞ്ഞാലും ജോണ്‍ ആ സത്യം മാത്രമേ കാണുന്നുള്ളൂ. പക്ഷേ ശാസ്ത്രീയങ്ങളായ കണ്ടുപിടിത്തങ്ങള്‍ വ്യക്തമാക്കിത്തരുന്ന ലോകവും സത്യമാണ്. ജോണും അദ്ദേഹത്തെപ്പോലുള്ളവരും ശാസ്ത്രം സ്പഷ്ടമാക്കുന്ന സത്യത്തിന്റെ മണ്ഡലത്തെ അവഗണിക്കുന്നു. ഇതാണ് യാത്രാവിവരണമെഴുതിയ ആലിന്റെ — പ്രസിഗിന്റെ അഭിപ്രായം. അതുകൊണ്ടാണ് അദ്ദേഹം ഭാരതീയ തത്ത്വചിന്തയിലെ മായാവാദത്തെ അത്രകണ്ട് ആദരിക്കാത്തത്. പ്രിസിഗിന്റെ “ആള്‍ട്ടര്‍ ഈഗോ”യായി — അപരാത്മാവായി — ഗ്രന്ഥത്തില്‍ പ്രത്യക്ഷനാകുന്ന ഫേദ്രസ് എന്ന കഥാപാത്രത്തിന്റെ ഒരു പ്രവൃത്തികൊണ്ട് പ്രിസിഗ് ഇതു വ്യക്തമാക്കിത്തരുന്നുണ്ട്. ലോകത്തിന്റെ മായാസ്വഭാവത്തെക്കൂറിച്ച് ഫിലോസഫി പ്രൊഫസര്‍ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു. അപ്പോള്‍ ഫേദ്രസ് കൈയുയര്‍ത്തി അദ്ദേഹത്തോടു ചോദിച്ചു. ഹിരോഷിമയിലും നാഗസാക്കിയിലും ഇട്ട അറ്റോമിക് ബോംബുകള്‍ മായയായിരുന്നോ എന്ന്. പ്രൊഫസര്‍ പുഞ്ചിരിതൂകിക്കൊണ്ട് “അതെ” എന്നു പറഞ്ഞു. ഭാരതീയ തത്ത്വചിന്തയുടെ പാരമ്പര്യത്തിനകത്ത് ആ ഉത്തരം ശരിയായിരിക്കാം. പക്ഷേ ദിനപത്രങ്ങള്‍ വായിക്കുകയും മനുഷ്യസമൂഹത്തെ ഒന്നായി നശിപ്പിക്കുന്നത് അറിയുകയും ചെയ്യുന്ന ഫേദ്രസിന് ആ ഉത്തരം തികച്ചും അപര്യാപ്തമായിരുന്നു. അദ്ദേഹം ക്ലാസ് മുറി വിട്ടുപോന്നു. ഇന്ത്യയില്‍ നിന്നും തിരിച്ചുപോന്നു.
പ്രിസിഗ് പുരോഗമനവാദിയാണ്. യുദ്ധങ്ങളില്‍ മനുഷ്യസമൂഹത്തെയാകെ കൊന്നൊടുക്കുകയും കരയെയും സമുദ്രത്തെയും മലിനമാക്കുകയും യാന്ത്രികമായ അസ്തിത്വത്തിനു വിധേയരാക്കി മനുഷ്യരുടെ അന്തസ്സിനെ നശിപ്പിക്കുകയും ചെയ്യുന്ന ആധുനിക പരിഷ്കാരം ചരിത്രത്തിനു മുന്‍പുള്ള കാലഘട്ടത്തിലെ ജീവിതത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ നൃശംസതയാര്‍ന്നതാണെന്ന വാദത്തോട് അദ്ദേഹം യോജിക്കുന്നില്ല. വേട്ടയാടി ജീവിച്ചിരുന്ന ആ സമൂഹത്തിനു വ്യക്തിപരമായ സ്വാതന്ത്യത്തെ ഇന്നത്തെപ്പോലെ മാനിക്കാന്‍ കഴിഞ്ഞില്ല. അന്നത്തെ യുദ്ധങ്ങള്‍ക്കും ഇന്നത്തെയുദ്ധങ്ങള്‍ക്കുമുള്ള സാന്മാര്‍ഗ്ഗികമായ നീതിമത്കരണമില്ല. ഇന്ന് ടെക്നോളജി ജീര്‍ണ്ണാവശിഷ്ടങ്ങള്‍ വലിച്ചുകൂട്ടുന്നുണ്ടാകാം. പക്ഷേ, അത് നിര്‍മ്മാജനം ചെയ്യാനും ആ ടെക്നോളജിക്ക് അറിയാം. സ്ക്കൂള്‍ബുക്കുകളിലെ പ്രാചീന മനുഷ്യന്റെ ചിത്രങ്ങള്‍ ആ പ്രാചീന ജീവിതത്തിന്റെ വേദന, രോഗം, ക്ഷാമം, കഠിനാദ്ധ്വാനം ഇവയെ വിട്ടുകളയുന്നു. ഒന്നു കഴിഞ്ഞുകൂടുവാന്‍ മാത്രമാണ് ആ മനുഷ്യന്‍ ഈ ദു:ഖമൊക്കെ അനുഭവിച്ചിരുന്നത്. അതില്‍നിന്ന് ആധുനികജീവിതത്തിലേക്കുള്ള പ്രയാണത്തെ പുരോഗമനമായി മാത്രമേ കാണാന്‍പറ്റു. അതിന് അവനെ സഹായിച്ചത് യുക്തിമാത്രമാണ് (പുറം 121).
യേശുവിന്റെയോ മോസസ്സിന്റെയോ വാക്കുകളെ സംശയിക്കുന്നത് പല ആളുകളുടേയും ശത്രുത ക്ഷണിച്ചു വരുത്തും. പക്ഷേ ആ യേശുവും മോസസ്സും ഇന്ന് അജ്ഞാതമായി ആവിര്‍ഭവിച്ച് അന്നു നല്‍കിയ സന്ദേശങ്ങള്‍ ആവര്‍ത്തിച്ചാല്‍ അവയുടെ മാനസികമായ സ്ഥിരതയെ വെല്ലുവിളിക്കാന്‍ ആളുകളുണ്ടാവും. യേശുവും മോസസ്സും പറഞ്ഞതു തെറ്റായതുകൊണ്ടല്ല ഇത്. ആധുനിക സമുദായം ക്രമക്കേടിലായതുകൊണ്ടുമല്ല. അവര്‍ ആവിഷ്കാരത്തിന് ഉപയോഗിച്ച മാര്‍ഗ്ഗത്തിനുണ്ടായിരുന്ന ..ഗത്യവും ഗ്രാഹ്യതയും ഇന്നു നഷ്ടമായിരിക്കുന്നതാണ് ഹേതു. “സ്വര്‍ഗ്ഗംമുകളില്‍” എന്ന സങ്കല്പത്തിന് അര്‍ത്ഥമില്ല ഈ കാലയളവില്‍. ശൂന്യാകാശത്തിന്റെ കാലയളവാണ് ഇത്. നമ്മുടെസാമാന്യ ബോധം — കോമണ്‍സെന്‍സ് — ഭൂതകാലത്തില്‍ നിന്നുള്ള ആയിരമായിരം പ്രേതങ്ങളുടെ ശബ്ദമാണ്. പ്രേതങ്ങള്‍!കൂടുതല്‍ പ്രേതങ്ങള്‍! ജീവിച്ചിരിക്കുന്നവരുടെ ഇടയില്‍ സ്ഥാനമാര്‍ജ്ജിക്കാന്‍ ശ്രമിക്കുന്ന പ്രേതങ്ങള്‍. ആധുനികാനുഭവങ്ങളെ കൈകാര്യം ചെയ്യാന്‍ നമ്മുടെ മസ്തിഷ്കത്തിനു ശക്തിയില്ലെന്നും ഇന്നു പ്രേതങ്ങളായിത്തോന്നുന്ന ആ അനുഭവങ്ങള്‍ ഒരു കാലത്ത് സത്യാത്മങ്ങളായി ഭവിക്കുമെന്നാണ് ടെക്നോളജിയെ അംഗീകരിക്കുന്ന പ്രിസിംഗ് ഈ ഉജ്ജ്വല കലാശില്പത്തിലൂടെ വിളംബരം ചെയ്യുന്നത്. ഐറീസ് മര്‍ഡോക്ക്, വില്യം ഗോള്‍ഡിങ്ങ് ഇവരാണ് ഈ ശതാബ്ദത്തിലെ മഹായശസ്കരായ ദാര്‍ശനിക നോവലിസ്റ്റുകള്‍. ഈ ഗ്രന്ഥത്തിന്റെ കര്‍ത്തൃത്വം കൊണ്ട് റോബര്‍ട്ട് എം. പ്രിസിംഗും അവര്‍ക്കു സമശീര്‍ഷനായിത്തീര്‍ന്നിരിക്കുന്നു.
|
|
|