close
Sayahna Sayahna
Search

കല: നിയോമാർക്സിസ്റ്റിന്റെ നോട്ടത്തിൽ


കല: നിയോമാർക്സിസ്റ്റിന്റെ നോട്ടത്തിൽ
Mkn-11.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ഏകാന്തതയുടെ ലയം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1984
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 108 (ആദ്യ പതിപ്പ്)

Externallinkicon.gif ഏകാന്തതയുടെ ലയം

മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിന്റെ സാങ്കേതിക സ്വഭാവത്തെ അല്ലെങ്കില്‍ യാഥാസ്ഥിതികസ്വഭാവത്തെ വിമര്‍ശിച്ചുകൊണ്ട് ജര്‍മന്‍ — അമേരിക്കന്‍ തത്വചിന്തകന്‍ ഹെര്‍ബര്‍ട്ട് മര്‍ക്കൂസ് എഴുതിയ The Aesthetic Dimension എന്ന പുസ്തകം ചിന്താലോകത്തു പരിവര്‍ത്തനത്തിന്റെ സ്ഫുലിംഗങ്ങള്‍ ഇളക്കിവിട്ടിരിക്കുന്നു. 1977-ലാണ് ഈ ഗ്രന്ഥം ജര്‍മന്‍ ഭാഷയില്‍ ആവിര്‍ഭവിച്ചത്. മാര്‍ക്കൂസും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഏറിക്ക ഷെറോവറും അത് ഇംഗ്‌ളീഷിലേക്കു തര്‍ജ്ജമ ചെയ്തു. ആ തര്‍ജ്ജമ 1979-ല്‍ ഇംഗ്‌ളണ്ടില്‍ പ്രസാധനം ചെയ്തു. ‘മേജര്‍ വര്‍ക്കു’ — പ്രമുഖ കൃതി — എന്ന് നിരൂപകരെല്ലാം വിശേഷിപ്പിക്കുന്ന ഈ സൗന്ദര്യശാസ്ത്രഗ്രന്ഥത്തെക്കുറിച്ച് സാഹിത്യസംസ്ക്കാരത്തില്‍ താല്പര്യമുള്ളവരെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. മനീഷികളുമായി ബന്ധം പുലര്‍ത്തിയാല്‍ നമ്മുടെ സംസ്ക്കാര ചക്രവാളം വികസിക്കും. അതുകൊണ്ട് ഈ ഗ്രന്ഥത്തെക്കുറിച്ച് അറിയേണ്ടത് ഒരാവശ്യകതതന്നെയാണ്.

കലയുടെ ശക്തി അതിന്റെ രൂപശില്‍പത്തില്‍

മാര്‍ക്സിസത്തിന്റെ സാങ്കേതിക സ്വഭാവം അല്ലെങ്കില്‍ യാഥാസ്ഥിതികത്വം എന്നു പറയുമ്പോള്‍ മര്‍ക്കൂസ് ലക്ഷ്യമാക്കുന്നത് നിലവിലിരിക്കുന്ന “ഉത്പാദനബന്ധങ്ങളോ”ടു (Relations of Production) ചേര്‍ത്തുകൊണ്ട് കലാസൃഷ്ടിയുടെ സത്യവും ഗുണവും നിര്‍ണ്ണയിക്കുന്ന രീതി തന്നെയാണ്. മാര്‍ക്സിസ്റ്റ് — ലെനിനിസ്റ്റ് സാമൂഹികശാസ്ത്രത്തിലെ പ്രധാനപ്പെട്ട ആശയമാണ് “ഉത്പാദനബന്ധങ്ങള്‍”, ഭൗതികസമ്പത്തിന്റെ ഉത്പാദനം, കൈമാറ്റം, വിതരണം ഈ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ജനിക്കുന്നതാണ് ഈ ബന്ധങ്ങള്‍. ഉത്പാദനമാര്‍ഗ്ഗങ്ങളുടെ ഉടമസ്ഥതയെ ആശ്രയിച്ചിരിക്കുന്നു ഉത്പാദനബന്ധങ്ങള്‍. ഉപകരണങ്ങള്‍ ധാരാളം കൈവശമുള്ള ആള്‍ അവയില്ലാത്ത ആളിനെ തന്റെ അധികാരപരിധിയില്‍ കൊണ്ടുവരുമല്ലോ. അങ്ങനെ അടിമകളുടെ ഉടമസ്ഥത (Slave ownership), ഫ്യൂഡല്‍ ഉടമസ്ഥത (feudel ownership), ക്യാപ്പിറ്റലിസ്റ്റ് ഉടമസ്ഥത (capitalist ownership) ഇവ ഉണ്ടാകുന്നു. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന മൂന്നു ഹീനമാര്‍ഗങ്ങളാണിവ. കലാസൃഷ്ടി ഈ വര്‍ഗ്ഗങ്ങളുടെ താല്‍പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതുകൊണ്ട് അവയെ അവലംബിച്ച് അതിനെ (കലാസൃഷ്ടിയെ) വ്യാഖ്യാനിക്കണം എന്ന് പറയുന്നതാണ് മര്‍ക്കൂസിന്റെ ദൃഷ്ടിയില്‍ സാങ്കേതികത്വം അല്ലെങ്കില്‍ യാഥാസ്ഥിതികത്വം. ഇതിനെ അദ്ദേഹം വിമര്‍ശിക്കുമ്പോള്‍ മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തില്‍നിന്നു മാറിപ്പോകുന്നില്ല. നിലവിലുള്ള സാമൂഹികബന്ധങ്ങളെ അദ്ദേഹം കാണുന്നു. കലയ്ക്ക് രാഷ്ട്രീയമായ വ്യാപാരവും (political function) രാഷ്ട്രീയമായ ശക്യതയും (political potential) ഉള്ളതായി അദ്ദേഹം സമ്മതിക്കുന്നു. പക്ഷേ, യാഥാസ്ഥിതികത്വമാര്‍ന്ന മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തില്‍ നിന്ന് അകന്നുമാറി കലയുടെ രാഷ്ട്രീയമായ ശക്യത അതിന്റെ സുന്ദരരൂപ ശിൽപ്പത്തില്‍ത്തന്നെയിരിക്കുന്നു എന്നു മാര്‍ക്കൂസ് വാദിക്കുകയാണ്. കല അതിന്റെ രമണീയമായ രൂപശിൽപ്പം കൊണ്ട് സ്വയം ശാസനാധികാരമുള്ളതായി (autonomous) വര്‍ത്തിക്കുന്നുവെന്നും സാമൂഹികബന്ധങ്ങളെ അത് അതിശയിക്കുന്നുവെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. അങ്ങനെ കല സര്‍വ്വസാധാരണങ്ങളായ അനുഭവങ്ങളെ ധ്വംസിക്കുന്നു. കലയ്ക്കു സ്വയംശാസനാധികാരമുണ്ടെന്നും (autonomy) അതിനു സാധാരണാനുഭവധ്വംസനത്തിനു ശക്തിയുണ്ടെന്നും മര്‍ക്കൂസ് വാദിക്കുമ്പോള്‍ യാഥാസ്ഥിതികത്വമാര്‍ന്ന മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം എതിര്‍ക്കാതിരുന്നില്ല.

എന്താണ് വിപ്‌ളവകല?

പല അര്‍ത്ഥത്തില്‍ കലയെ വിപ്‌ളവാത്മകമെന്നു വിളിക്കാമെന്ന് മര്‍ക്കൂസ് പ്രസ്താവിക്കുന്നു. ശൈലിയിലും ടെക്നിക്കിലും തികഞ്ഞ മാറ്റം ഉണ്ടാകുമ്പോള്‍ സങ്കുചിതമായ അര്‍ത്ഥത്തില്‍ അത് വിപ്‌ളവപരമാണ്. പക്ഷെ യഥാര്‍ത്ഥമായ വിപ്‌ളവകലയല്ല അത്. നിലവിലുള്ള പാരതന്ത്ര്യത്തേയും വിപ്‌ളവാത്മകശക്തികളേയും ആവിഷ്ക്കരിച്ചുകൊണ്ട് സാമൂഹികസത്യത്തെ ഭേദിച്ച് പരിവര്‍ത്തനത്തിന്റെ ചക്രവാളത്തെ ചൂണ്ടിക്കാണിച്ചു തരുമ്പോഴാണ് വിപ്‌ളവകല ആവിര്‍ഭവിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ സത്യതയുള്ള ഏത് കലാസൃഷ്ടിയും വിപ്‌ളവാത്മകമത്രേ. അങ്ങനെ ക്‌ളാസ്സിക്കല്‍ നാടകങ്ങളും ബ്രഹ്റ്റിന്റെ നാടകങ്ങളും വിപ്‌ളാവാത്മകങ്ങളായിരിക്കുന്നു. ഗോയ്ഥേയുടെ (Wahlverwandtschaften എന്ന നോവലും ഗുന്തര്‍ഗ്രസ്സിന്റെ Hunderahre (Dog Years) എന്ന നോവലും വിപ്‌ളവകലയില്‍ പെടുന്നു. ഈ നിലയില്‍ വില്യം ബ്‌ളേക്കും റാങ്ബോയും (Rimbaud)വിപ്‌ളവകാരികളാണ്.

ഈ കൃതികളിലെ വിനാശകരമായ ശക്യതയ്ക്ക് (Subversive Potential) വ്യത്യാസങ്ങളുണ്ട്. അത് ഓരോ കൃതിക്കും അഭിമുഖീഭവിക്കേണ്ടിവന്ന സമൂഹഘടനയുടെ വ്യത്യാസംകൊണ്ട് സംഭവിച്ചതാണ്. ഓരോ കൃതിയിലും സത്യമുണ്ട്. പ്രതിഷേധമുണ്ട്. വാഗ്ദാനമുണ്ട്. ആ സത്യവും പ്രതിഷേധവും വാഗ്ദാനവും രൂപശിൽപ്പത്തിന്റെ ഫലങ്ങളാണ്. അങ്ങനെ ബൂഹ്നറുടെ (Buchner), വോയ്ട്സെക് (Woyzech)എന്ന നാടകവും ബ്രഹ്റ്റിന്റെ നാടകങ്ങളും മാത്രമല്ല കാഫ്കയുടെയും ബക്കറ്റിന്റെയും നോവലുകളും കഥകളും വിപ്‌ളവാത്മകങ്ങളാണ്; ഉള്ളടക്കത്തിന് രൂപം നല്‍കിയിരിക്കുന്നു എന്നതിനാല്‍. തൊഴിലാളി വര്‍ഗ്ഗത്തിനുവേണ്ടിയോ വിപ്ലവത്തിനുവേണ്ടിയോ രചിക്കപ്പെടുന്നു എന്നതുകൊണ്ട് സാഹിത്യം വിപ്‌ളവപരമാകണമെന്നില്ല. ഉള്ളടക്കം രൂപമായി മാറിയെന്ന മട്ടില്‍ സാര്‍ത്ഥകമാണ് സാഹിത്യസൃഷ്ടി. അങ്ങനെ മാത്രമേ അതിനെ വിപ്‌ളവാത്മകം എന്ന് വിശേഷിപ്പിക്കാനാവൂ. സാഹിത്യസൃഷ്ടിയുടെ രാഷ്ടീയമായ ശക്യത (Political Potential) അതിന്റെ സൗന്ദര്യശാസ്ത്രപരമായ മണ്ഡലത്തിനകത്തു തന്നെയാണിരിക്കുന്നത്. കലാസൃഷ്ടി പ്രത്യക്ഷത്തില്‍ രാഷ്ട്രീയമാകുന്തോറും പരിവര്‍ത്തനത്തിന്റെ ലക്ഷ്യത്തിലെത്താനുള്ള അതിന്റെ ശക്തി കുറഞ്ഞു കുറഞ്ഞുവരും. അങ്ങനെ നോക്കുമ്പോള്‍ ബോദ്‌ലേറിന്റെയും റാങ്ബോയുടേയും കാവ്യങ്ങളിലുള്ള വിനാശകരമായ ശക്യത (Subversive potential) ബ്രഹ്റ്റിന്റെ നാടകങ്ങളില്‍ കണ്ടില്ലെന്നു വരും.

II

താഴെ നല്‍കുന്ന മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിന്റെ തത്വങ്ങളെ അവലംബിച്ചാണ് മര്‍ക്കൂസ് ഗ്രന്ഥം രചിച്ചിട്ടുള്ളത്.

  1. കലയും ഉല്‍പ്പാദനബന്ധങ്ങളും തമ്മില്‍ നിശ്ചിതമായ ബന്ധമുണ്ട്. ഉല്‍പ്പാദന ബന്ധങ്ങള്‍ മാറുമ്പോള്‍ ഉപരിഘടനയുടെ (Super structure) ഭാഗമെന്ന നിലയില്‍ കലയ്ക്കും മാറ്റം വരുന്നു.
  2. കലയും സമൂഹത്തിലെ വര്‍ഗ്ഗവും (Social class) തമ്മില്‍ നിശ്ചിതമായ ബന്ധമുണ്ട്. സത്യാത്മകവും പുരോഗമനാത്മകവുമായ കല ഉന്നതി പ്രാപിക്കുന്ന വര്‍ഗ്ഗത്തിന്റെ കലയാണ്.
  3. അതിന്റെ ഫലമായി രാഷ്ട്രീയവും സൗന്ദര്യ ശാസ്ത്രപരവുമായ അംശങ്ങള്‍ ഒരുമിച്ചു ചേരുന്നു. വിപ്‌ളവാത്മകമായ ഉള്ളടക്കവും കലാത്മകമായ അംശവും ഒരുമിച്ചുചേരുന്നു.
  4. ഉന്നതി പ്രാപിക്കുന്ന വര്‍ഗ്ഗത്തിന്റെ താൽപര്യങ്ങളും ആവശ്യകതകളും ആവിഷ്കരിക്കാന്‍ എഴുത്തുകാരന്‍ കടമപ്പെട്ടവനാണ്. (മുതലാളിത്ത വ്യവസ്ഥിതിയില്‍ ഇതു തൊഴിലാളി വര്‍ഗ്ഗമാണ്).
  5. അധഃപതിക്കുന്ന വര്‍ഗ്ഗത്തിന് അല്ലെങ്കില്‍ അതിന്റെ പ്രതിനിധികള്‍ക്കു “ജീര്‍ണ്ണിച്ച” കലയല്ലാതെ വേറൊന്നും സൃഷ്ടിക്കാനാവില്ല.
  6. സാമുദായികബന്ധങ്ങള്‍ക്ക് ഏറ്റവും യോജിച്ച കലാരൂപം റിയലിസമാണ്. അതുതന്നെയാണ് ശരിയായ രൂപവും.

സാഹിത്യസൃഷ്ടിയില്‍ ഉത്പാദനത്തിന്റെ സാമൂഹിക ബന്ധങ്ങള്‍ക്ക് ആവിഷ്കാരം നല്‍കണമെന്നാണ് ഈ ആറു തത്വങ്ങളില്‍ ഓരോന്നും അനുശാസിക്കുന്നത്. ബാഹ്യമായി അതു നിവേശിപ്പിച്ചാല്‍ പോരാ. ആന്തരമായ യുക്തിയുടേയും പ്രതിപാദ്യവിഷയത്തിന്റെ യുക്തിയുടേയും ഭാഗമായി ഭവിക്കണം അത്.

ഈ ഓരോ തത്വത്തെയും മര്‍ക്കൂസ് എങ്ങനെ വിമര്‍ശിക്കുന്നു, എന്നിട്ടും അദ്ദേഹം എങ്ങനെ മാര്‍ക്സിസത്തില്‍നിന്നു വിട്ടുപോകാതെ നില്‍ക്കുന്നു എന്നതൊക്കെ വിശദീകരിക്കാന്‍ ഈ ലേഖാനത്തില്‍ സ്ഥലമില്ല. പ്രാധാന്യമുള്ള ഈ ഗ്രന്ഥത്തിലേക്കു വായനക്കാരുടെ ശ്രദ്ധയെ ആകര്‍ഷിക്കാനേ ഉദ്ദേശ്യമുള്ളൂ. അതിനാല്‍ ചില കാര്യങ്ങള്‍ മാത്രം ചുരുക്കിപ്പറയാം.

കലയിലെ സത്യം സവിശേഷതയാര്‍ന്ന സത്യം

കല നിര്‍മ്മിക്കുന്ന ലോകം സത്യാത്മകമായി അംഗീകരിക്കപ്പെടുന്നുണ്ടല്ലോ. ആ സത്യാത്മകത, നിലവിലുള്ള വാസ്തവികത്വത്തിനു പരിവര്‍ത്തനം വരുത്തിയതിന്റെ ഫലമാണ്. അതുവരെ നിഷേധിക്കപ്പെട്ടിരുന്നതോ അല്ലെങ്കില്‍ കേള്‍ക്കപ്പെടാതിരുന്നതോ ആയ സത്യത്തിനുവേണ്ടി നിലവിലുള്ള വാസ്തവികത്വത്തെ പൊട്ടിച്ചെറിയുമ്പോള്‍ കലയുടെ സവിശേഷമായ ലോകം ആവിര്‍ഭവിക്കുന്നു. പ്രധാനപ്പെട്ട സാമൂഹിക സ്ഥാപനങ്ങളില്‍ ചേര്‍ന്നിരിക്കുന്ന യുക്തിയേയും ഭാവസംദൃബ്ധതയേയും (sensibility) അവഗണിച്ചിട്ട് മറ്റൊരു യുക്തിയേയും ഭാവസംദൃബ്ധതയേയും അതു (കല) സൃഷ്ടിക്കുന്നു. നിത്യജീവിതത്തിലെ വാസ്തവികത്വത്തില്‍ നിന്ന് ഇങ്ങനെ വലിച്ചെടുക്കുന്ന കലാസൃഷ്ടിക്ക് അതിന്റേതായ സത്യം ലഭിക്കുന്നു. ഭാഷയ്ക്ക് മറ്റൊരു രൂപം നല്‍കി, അവഗമനത്തിനു (perception) വേറൊരു രൂപം നല്‍കി കലാകാരന്‍ ഈ മാറ്റമുളവാക്കുന്നു. അപ്പോള്‍ സ്വാതന്ത്ര്യം നേടാനുള്ള സമരത്തില്‍ കല മനുഷ്യനെ സഹായിക്കുന്നതെങ്ങനെ? കലയുടെ ഈ വിമര്‍ശനപരമായ ധര്‍മ്മം (critical function) അതിന്റെ രൂപശില്പത്തില്‍ അടങ്ങിയിരിക്കുന്നു. ഉള്ളടക്കത്തെ ആശ്രയിച്ചല്ല, ശുദ്ധമായ രൂപത്തെ ആശ്രയിച്ചല്ല കലാസൃഷ്ടിയുടെ സത്യത നിര്‍ണ്ണയിക്കപ്പെടുന്നതും; ഉള്ളടക്കം രൂപമായി മാറിയതിനെ ആശ്രയിച്ചാണ്. ഈ രൂപശിൽപ്പം വര്‍ഗ്ഗസമരത്തിന്റെ യാഥാതഥ്യത്തില്‍നിന്നു കലയെ മാറ്റിക്കളയുന്നു എന്നതു വാസ്തവം. മര്‍ക്കൂസ് അതു സമ്മതിക്കുന്നു. പക്ഷേ സുന്ദരമായ രൂപമാണ് കല. സ്വയം ശാസനാധികാരം (Autonomy) പ്രകടിപ്പിക്കുമ്പോള്‍ അതു തെറ്റായ ബോധമോ വ്യാമോഹമോ ഉളവാക്കുന്നില്ല എന്നാണ് അദ്ദേഹം നല്‍കുന്ന സമാധാനം. സ്ഥിരീകൃതസത്യങ്ങളെ പൊട്ടിച്ചെറിയുന്നതിലാണ് കലയുടെ സത്യമിരിക്കുന്നത്. അങ്ങനെ പൊട്ടിച്ചെറിയുമ്പോൾ കലയിലെ സാങ്കൽ‌പിക ലോകം സത്യാത്മകമായി അനുഭവപ്പെടുന്നു.

മാര്‍ക്സ്, എംഗല്‍സ്

മുകളില്‍ നല്‍കിയ മാര്‍ക്സിസ്റ്റ് സൗന്ദര്യ ശാസ്ത്രത്തിന്റെ ആറു തത്വങ്ങളില്‍ ആറാമത്തേതിനെ സംബന്ധിച്ചുള്ള മര്‍ക്കൂസിന്റെ അഭിപ്രായപ്രകടനമാണിത്. ഇത് മാര്‍ക്സിന്റെയും എംഗല്‍സിന്റെയും വീക്ഷണങ്ങള്‍ക്ക് എതിരാണെന്നു ചിലര്‍ പറഞ്ഞേക്കാം. അതിന് അദ്ദേഹം നല്‍കുന്ന സമാധാനം വേറൊരു ചിന്തകന്റെ വാക്യത്തിലൂടെയാണ്. Most of Marxist aesthetics is not only a gross vulgarization — Marx’s and Engles’ views are also turned into their opposite എന്ന നിഗമനത്തിലെത്തിയ ആ ചിന്തകന്റെ വാക്യം ഇതാ: Marx and Engles saw “the essence of a work of art precisely not in its political or social relevance.” [Hans — Dutrich Sander എഴുതിയ Marxistiche ideolog c und allgemeine Kunsttheorie എന്ന ഗ്രന്ഥം].

ഇതെല്ലാം സാമൂഹികസിദ്ധാന്തംകൊണ്ട് കലാസൃഷ്ടിയെ മനസ്സിലാക്കാന്‍ കഴിയുകയില്ലെന്നു സ്ഥാപിക്കുകയാണ്. സാമൂഹികസിദ്ധാന്തംകൊണ്ട് അതിനെ മനസ്സിലാക്കാന്‍ സാധിക്കുകയില്ലെങ്കില്‍ തത്വചിന്തകൊണ്ടും ഗ്രഹിക്കാന്‍ കഴിയുകയില്ല. അതിനാലാണ് മാര്‍ക്സിസത്തേയും സ്ട്രക്ചറലിസത്തേയും കൂട്ടിയിണക്കിയ ഗോള്‍ഡ്മന്‍ എന്ന റുമേനിയന്‍ നിരൂപകന്‍ ഇങ്ങനെ പറഞ്ഞത്: “കലാസൃഷ്ടിയെന്നത് വര്‍ണ്ണങ്ങളുടേയും നാദങ്ങളുടേയും വാക്കുകളുടേയും മൂര്‍ത്തങ്ങളായ കഥാപാത്രങ്ങളുടെയും പ്രപഞ്ചമാണ്. അതില്‍ മരണമില്ല. ഫേദ്രെ മരിച്ചുകൊണ്ടിരിക്കുന്നതുമാത്രമേയുള്ളു” (Phedre — റേസിന്റെ ട്രാജിക് നാടകം. ഫേദ്രെ വിഷം കുടിച്ച് ആത്മഹത്യചെയ്യുന്നു).

മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിന്റെ പ്രചാരണം പ്രസാദാത്മകത്വത്തെ മാത്രമേ അംഗീകരിക്കുന്നുള്ളൂ. പക്ഷേ, കലയില്‍ വിഷാദാത്മകത്വവും കലര്‍ന്നിരിക്കുന്നുവെന്ന് മര്‍ക്കൂസ് ചൂണ്ടിക്കാണിക്കുന്നു. കലയിലെ വിഷാദാത്മകത്വം “കൗണ്ടര്‍ റവലൂഷനറി” അല്ല, ബൂഹ്നറുമെ “Death of Danton” ഒരുദാഹരണം ഈ നാടകം വിഷാദാത്ടകമാണെങ്കിലും വിപ്‌ളവാത്മകമാണ്.

മര്‍ക്കൂസിന്റെ ഗ്രന്ഥത്തെക്കുറിച്ചുള്ള ഈ പ്രതിപാദനം ഇവിടെ അവസാനിപ്പിക്കാം. ഗഹനങ്ങളായ മറ്റു പല തത്വങ്ങളെക്കുറിച്ചും അദ്ദേഹം എഴുതുന്നുണ്ട്. ആ ചിന്താമണ്ഡലത്തെയാകെ കാണിച്ചുതരാതെ അതിന്റെ ഒരംശംമാത്രമെടുത്ത് പ്രതിപാദിക്കുന്നത് ഗ്രന്ഥത്തിന്റെ ഔജ്ജ്വല്യത്തെ നശിപ്പിക്കുകയാണ്, അതിനെ അയഥാര്‍ത്ഥീകരിക്കുകയാണ് എന്നൊക്കെ എനിക്കറിയാം. നേരത്തെ സൂചിപ്പിച്ചതുപോലെ മര്‍ക്കൂസിന്റെ പുസ്തകത്തിലേക്കു വായനക്കാരെ നയിക്കണമെന്നേ എനിക്കു ലക്ഷ്യമുള്ളൂ.

മര്‍ക്കൂസ് നിയോ മാര്‍ക്സിസ്റ്റാണ്. അദ്ദേഹത്തിന്റെ മതങ്ങള്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നവയാണ്. യൂറോപ്പിലും ഇംഗ്ലണ്ടിലും അമേരിക്കയിലും ഇതിനെക്കുറിച്ച് വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ടെന്നുള്ളത് ഇതിന്റെ വൈശിഷ്ട്യത്തിലേക്ക് കൈചൂണ്ടുന്നു. നമ്മുടെ പല അനുഭവമണ്ഡലങ്ങളും സ്വതന്ത്രങ്ങളല്ല. സ്വാതന്ത്ര്യത്തിന്റെ വായുവീശുന്ന ഒറ്റ മണ്ഡലം കലയുടേതാണ്. അവിടെയും പാരതന്ത്ര്യം വരുത്തരുതെന്ന് മാര്‍ക്സിസ്റ്റായ അല്ലെങ്കില്‍ നിയോ മാര്‍ക്സിസ്റ്റായ മര്‍ക്കൂസിനു നിര്‍ബന്ധമുണ്ട്. ഈ ഗ്രന്ഥം വയിക്കൂ. മനുഷ്യന്റെ മസ്തിഷ്ക്കത്തെക്കാള്‍ ആശ്ചര്യകരമായി ഈ ലോകത്ത് വേറൊന്നുമില്ലന്ന സത്യം മനസ്സിലാക്കാം.