close
Sayahna Sayahna
Search

കാരകാസിലെ മണിമുഴക്കം


കാരകാസിലെ മണിമുഴക്കം
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മണല്‍ക്കാട്ടിലെ പൂമരങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1992
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 126 (ആദ്യ പതിപ്പ്)

നേരം വെളുക്കുമ്പോള്‍ കിഴക്കുദിക്കില്‍ ഇളം ചുവപ്പുനിറം. പച്ചിലച്ചാര്‍ത്തുകളിലും ഭൂവിഭാഗങ്ങളിലും അതേ അരുണിമ. സൂര്യബിംബം ഉയര്‍ന്നുവരുന്തോറും അരുണാഭ മാറുകയും വെള്ളി വെളിച്ചം എങ്ങും പരക്കയും ചെയ്യുന്നു. ആരെയും കാത്തുനില്‍ക്കാത്ത സൂര്യന്‍ അന്തരീക്ഷത്തെ ക്രമാനുഗതമായി ആരോഹണം ചെയ്യുമ്പോള്‍ തിളക്കം കൂടുന്നു. ചൂടുകൂടുന്നു. ആ സമയത്തു സൂര്യനെ നോക്കു. അതു സ്വയം എരിയുകയാണ്. അതേസമയം, മയൂഖമാലകള്‍ പ്രസരിപ്പിക്കുകയും ചെയ്യുന്നു. നോബല്‍ ലാറിയിറ്റായ മാര്‍കേസ് ഇതുപോലൊരു സൂര്യനാണ്. അദ്ദേഹം ഭാവനകൊണ്ടും സ്വയം എരിയുന്നു. പ്രസരിപ്പിക്കുന്ന രശ്മിസമൂഹംകൊണ്ടു ഭൂമണ്ഡലത്തെ തിളക്കുന്നു. ആ തിളക്കംകൊണ്ടാണു ജനത ഭൂമിയിലെ ഓരോ വ്യക്തിയെയും വസ്തുവിനെയും സ്പഷ്ടമായി കാണുന്നത്. സ്വയം എരിയുകയും ഭൂവിഭാഗങ്ങളെ തിളക്കാതിരിക്കുകയും ചെയ്യുന്ന കലാകാരന്‍മാരുണ്ട്. ഗ്രേയം ഗ്രീന്‍ ആവിധത്തിലൊരു സാഹിത്യകാരനാണ്. അതിനാലാണ് മാര്‍കേസിനു നോബല്‍ സമ്മാനം കിട്ടിയതും ഗ്രീനിനു അതു കിട്ടാതെ പോയതും. ഈ അലങ്കാരമങ്ങ് ഉപേക്ഷിക്കട്ടെ. നമ്മള്‍ ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍, നമ്മുടെ വീക്ഷണഗതിക്കു പരിവര്‍ത്തനം വരുത്താന്‍ ഏതു നോവലിനു കഴിയുന്നുവോ അതിനെയാണ് ഗ്രെയ്റ്റ് നോവല്‍ — മഹനീയമായ നോവല്‍ — എന്നു വിളിക്കുന്നത്. ആവിധത്തില്‍ മഹത്ത്വമര്‍ന്ന നോവലാണു മാര്‍കേസിന്റെ The General in His Labyrinth.

ആരാണ് ഈ ജനറല്‍? അദ്ദേഹം സാങ്കല്‍പ്പിക കഥാപാത്രമല്ല. യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന വ്യക്തി തന്നെയാണ്. വിമോചകനെന്നും തെക്കേ അമേരിക്കന്‍ വിപ്ളവകാരിയെന്നും വിളിക്കപ്പെടുന്ന സീമോന്‍ ബോലീവാറാണ് അദ്ദേഹം. (Simon Boliver, 1783–1830) സ്പെയിന്‍ കൈയടക്കിവച്ചിരുന്ന കൊളമ്പിയ, പാനമ, വെനസ്വേല, ഇക്വഡൊര്‍ ഈ പ്രദേശങ്ങളെ സ്വതന്ത്രമാക്കി ‘ഗ്രെയ്റ്റര്‍ കൊളമ്പിയ’ രൂപവത്കരിച്ച ദേശാഭിമാനിയായിരുന്നു ബോലീവാര്‍. കൊളമ്പിയന്‍ ഗില്ലറുടെ നേതാവായ സാന്‍താന്‍ദേര്‍ (Santandar, 1792–1840) വെനസ്വേലയിലെ വിപ്ളവകാരിയായ പായേസ് (Paez, 1790–1873) ഇവരുടെ നേതൃത്വത്തിലുള്ള വലിയ സൈന്യത്തോടുകൂടി അദ്ദേഹം കൊളമ്പിയയിലെ പട്ടണമായ ബോയാക്കായില്‍ (Boyaca) വച്ചു സ്പെയിനിന്റെ സൈന്യത്തെ തോല്‍പ്പിച്ചു. ഇങ്ങനെ ഏതാണ്ട് ഇരുന്നൂറു യുദ്ധങ്ങളോളം നടത്തി ബോലീവാര്‍ സ്പെയിന്‍കാരെ തെക്കേ അമേരിക്കയില്‍നിന്നു പലായനം ചെയ്യിച്ചു. പാന്‍ അമേരിക്കനിസമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1828-ല്‍ അദ്ദേഹം ഡിക്ടേറ്ററായി സ്വയം പ്രഖ്യാപനം നടത്തിയപ്പോള്‍ അനുചരന്‍മാര്‍പോലും ശത്രുക്കളായി. അടുത്തദിവസം രാത്രി — 1828 സെപ്റ്റംബര്‍ 24 ന് — അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ചു ശത്രുക്കള്‍. പാര്‍പ്പിടത്തിലെ ജനലില്‍കൂടി ചാടിയാണ് അദ്ദേഹം രക്ഷപ്പെട്ടത്. സാന്‍താന്‍ദേറിന്റെ നേതൃത്വത്തിലാണു വധശ്രമം നടന്നതെന്ന് അറിഞ്ഞപ്പോള്‍ അയാളെ കൊല്ലാനുള്ള ആജ്ഞയുണ്ടായി. എങ്കിലും ബോലീവാര്‍തന്നെ ആ ശിക്ഷ ലഘൂകരിച്ച് അയാളെ നാടുകടത്തി. പിന്നീട് അധ:പതനത്തിന്റെ കാലമായിരുന്നു വിമോചകന്. ക്ഷയം അദ്ദേഹത്തെ ആക്രമിച്ചു. 1830-ല്‍ ഭംഗവും രാജയക്ഷ്മാവും ആ ധീരനെ തളര്‍ത്തി. 1830-ല്‍ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറി. അതോ മാറ്റപ്പെട്ടോ? വടക്കന്‍ കൊളമ്പിയയിലെ സാന്‍താ മാര്‍താപട്ടണത്തിനടുത്തുവച്ച് ആ വര്‍ഷംതന്നെ അന്തരിക്കുകയും ചെയ്തു. He (Boliver) praesents one of History’s most colossal personal canvases of adventure and tragedy, glory and defeat എന്ന് ഒരെഴുത്തുകാരനാല്‍ പ്രശംസിക്കപ്പെട്ട മഹാനായ ഈ വിപ്ളവകാരിയുടെ പേരുകേട്ടാല്‍ ഇന്നും കൊളമ്പിയന്‍ ജനതയുടെ രക്തം ചൂടുപിടിക്കും. പ്രതിഭാശാലിയായ മാര്‍കേസ് അദ്ദേഹത്തിന്റെ ജീവിത സായാഹ്നത്തെക്കുറിച്ചു നോവലെഴുതാന്‍ തീരുമാനിച്ചതില്‍ എന്തേ അദ്ഭുതം?

തെക്കുപടിഞ്ഞാറേ കൊളമ്പിയയില്‍ ഉദ്ഭവിച്ചു വടക്കോട്ട് ഒഴുകി കരീബിയന്‍ സമുദ്രത്തില്‍ വീഴുന്ന 1600 കിലോമീറ്റര്‍ നീളമുള്ള നദിയാണൂ മാഗ്ദാലേന. കരീബിയന്‍ കടല്‍ത്തീരത്തു ജനിച്ച മാര്‍കേസ് ശിശുവായിരിക്കെ പതിനൊന്നുതവണ ആ നദിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചു. കൊളമ്പിയയിലെ മഹാനഗരമായ ബോഗോതയില്‍ അദ്ദേഹം ചെന്നു. മറ്റൊരുനഗരത്തിലുംവച്ചു തോന്നാത്തമട്ടില്‍ താനൊരു അന്യനാണ് അവിടെ എന്ന തോന്നല്‍ മാര്‍ കസിനുണ്ടായി. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ബോലീവാര്‍ ആ വലിയ പട്ടണത്തില്‍നിന്നു മാഗ്ദാലേനാ നദിയുടെ കരയിലൂടെ സഞ്ചരിച്ചു സാന്‍താമാര്‍താ പട്ടണത്തിന് അടുത്തു ചെന്നു ചേരുന്നതിനെ ചിത്രീകരിക്കുകയാണൂ നോവലിസ്റ്റ്. ആ യാത്ര ചരിത്രസത്യമാണോ? ആയിരിക്കാം. അല്ലായിരിക്കാം. അതില്‍ മാര്‍കേസിനു താല്‍പര്യമില്ല. ഗൃഹാതുരത്വത്തിനു ശപിക്കപ്പെടുകയും ബോഗോതായില്‍വച്ച് അന്യതയുടെ ബോധത്തിന് അടിമപ്പെടുകയും ചെയ്ത ആ പ്രതിഭാശാലി ഒരു പുരാവൃത്തത്തിന്റെ ആഹ്വാനം കേട്ടു. ഏതെഴുത്തുകാരനാണ് അത്തരം ആഹ്വാനത്തെ ചെവിക്കൊള്ളാതിരിക്കാന്‍ കഴിയുക? അതിനു വഴങ്ങിയതിന്റെ ഫലമാണ് ഈ ചേതോഹരമായ നോവല്‍. ബോലീവാറിനു മോഹഭംഗത്തിന്റെ ഫലമായിട്ടാണ് അന്യതയുടെ തോന്നലുണ്ടായത്. അതാവിഷ്കരിക്കാന്‍ മാര്‍കേസിനെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിനു ബോഗേ തായില്‍ വച്ചുണ്ടായ അതേ തോന്നല്‍ തന്നെയല്ലേ?

ബോലീവാറിന്റെ ഏറ്റവും പഴയ പരിചാരകനായ ഹോസേപാലാത്യോസ് കുളിത്തൊട്ടിയില്‍ നഗ്നനായി കിടക്കുന്ന യജമാനനെ കാണുന്നതായി പ്രസ്താവിച്ചുകൊണ്ടാണു നോവലിന്റെ ആരംഭം. ജീര്‍ണ്ണിച്ച ശരീരം ആയാസപ്പെട്ട് ഉയര്‍ത്തി അദ്ദേഹം അവിടെനിന്ന് എഴുന്നേറ്റുവന്നു ‘നമുക്കുവേഗം പോകാം. എത്രവേഗത്തില്‍പോകാമോ അത്രയും വേഗത്തില്‍. ഇവിടെ ആരും നമ്മളെ ഇഷ്ടപ്പെടുന്നില്ല.’ എന്നു പറഞ്ഞു. എന്തൊരു താഴ്ച! പടവെട്ടി ശത്രുക്കളെ ഓടിച്ചു ഗ്രേയ്റ്റര്‍ കൊളമ്പിയയ്ക്കു രൂപം നല്‍കിയ വീരന്‍. തെക്കേ അമേരിക്കയിലെ ജനങ്ങള്‍ക്കുമാത്രമല്ല, ലോകജനതയ്ക്കാകെ സമാരാദ്ധ്യന്‍. അദ്ദേഹത്തെ അപ്പോള്‍ ആരും ഇഷ്ടപ്പെടുന്നില്ല. 1830 മെയ് എട്ടിനു മാഗ്ദാലേനാ നദീതീരത്തിലൂടെ ആ യാത്ര ആരംഭിച്ചു. ഏഴുമാസത്തോളം സഞ്ചരിച്ചു സാന്‍താമാര്‍താ പട്ടണത്തിനടുത്തെത്തി. 1830 ഡിസംബര്‍ പത്തിന് അദ്ദേഹം മരണപത്രം പറഞ്ഞുകൊടുത്തു. പാപനിവേദനം നടത്തി അന്ത്യകൂദാശ സ്വീകരിക്കണമെന്നു ബോലീവറിന്റെ ഡോക്ടര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു: മരണപത്രങ്ങള്‍, പാപനിവേദനങ്ങള്‍ ഇവയെക്കുറിച്ചൊക്കെ സംസാരിക്കാന്‍ തക്കവിധത്തില്‍ ഞാനത്ര രോഗിയാണോ? ഇതിന്റെ അര്‍ത്ഥമെന്താണ്? ഈ നൂലാമാലയില്‍നിന്നു (Labyrinth)ഞാനെങ്ങനെ രക്ഷപ്പെടും?’ ഡിസംബര്‍ 17 ന് അദ്ദേഹം മരിച്ചു. How will I ever get out of this labyrinth? എന്ന ചോദ്യമേ നോവലിലുള്ളു. അതിനുമുമ്പുള്ള ഭാഗം ചരിത്രകാരന്റെതാണ്.

ഇരുപതുവര്‍ഷത്തിനകം ഇരുന്നൂറോളം യുദ്ധങ്ങള്‍ ചെയ്തു യൂറോപ്പിനെക്കാള്‍ അഞ്ചിരട്ടി വലുതായ ഒരു സാമ്രാജ്യം സ്ഥാപിച്ച ഒരു യോദ്ധാവ് അങ്ങനെ വടക്കോട്ടു സഞ്ചരിക്കുമ്പോള്‍ കാണുന്നതു യുദ്ധത്തിന്റെ കെടുതികളാല്‍ ജീര്‍ണങ്ങളായിത്തീര്‍ന്ന പ്രദേശങ്ങളാണ്. അവ കാണുമ്പോള്‍ അദ്ദേഹം പൂര്‍വകാലസ്മരണകളിലേക്കു പോകുന്നു. അന്ന് യുദ്ധത്തിനുശേഷം മടങ്ങിവരുമ്പോള്‍ ആളുകള്‍ അദ്ദേഹത്തിന്റെ കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ച് അതിനെ നിര്‍ത്തി നികുതികളെക്കുറിച്ച് സംസാരിക്കും. അല്ലെങ്കില്‍, പൊതുവായ സേവനത്തെക്കുറിച്ചാവും അവര്‍ പറയുക. അതുമല്ലെങ്കില്‍ അദ്ദേഹത്തിന്റെ മഹത്വത്തിനുള്ള ഔജ്ജ്വല്യത്തിനടുത്ത് അവര്‍ നിശബ്ദരായി നില്‍ക്കും. ഇപ്പോഴോ? രോഗം പിടിച്ചു മെലിഞ്ഞുപോകുന്ന അദ്ദേഹത്തെക്കണ്ട് ഒരു ഭിക്ഷക്കാരി പറഞ്ഞു: ‘പ്രേതമേ ഈശ്വരനോട് ഒരിമിച്ചുപോകൂ.’

രാത്രിയും പകലും കുതിരപ്പുറത്തു സഞ്ചരിച്ച യോദ്ധാവ്. ഇരുന്നിരുന്നു ക്ഷുരകന്റെ തോല്‍പ്പട്ടപൊലെ ഒരു തഴമ്പു പൃഷ്ടത്തിലുണ്ടായി. അതിന്റെപേരില്‍ മാന്യമായ വട്ടപ്പേര് അദ്ദേഹത്തിനുകിട്ടി; ‘ഇരുമ്പുചന്തി’. വഴിക്കുവച്ച് ഒരു മദര്‍ സുപ്പീരിയര്‍ അദ്ദേഹത്തെ അപ്രധാനനായ ആരോ ആണെന്നു വിചാരിച്ച് അനുചരനെ ബഹുമാനിച്ചു. ‘ഞാന്‍ ഇനി ഞാനല്ല’ എന്നുപറഞ്ഞ് അദ്ദേഹം സഞ്ചാരം തുടര്‍ന്നു.

കാമോല്‍സുകതയാര്‍ന്ന സ്മരണകള്‍. പൂക്കളുള്ളഷാള്‍മാത്രം പുതപ്പിച്ച് ഒറ്റയ്ക്കിരിക്കുന്ന ഒരു അടിമ സുന്ദരിയെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ രതിക്ക് ഉദ്ദീപനം. ബലാത്കാരവേഴ്ചതന്നെ നടന്നു. അടുത്തദിവസം, പണം കുറവായ ഖജനാവില്‍ നിന്ന് അദ്ദേഹം നൂറു പെസോസ് എടുത്ത് അവളുടെ യജമാനനുകൊടുത്തു. അങ്ങനെ അവളെ സ്വതന്ത്രയാക്കി. കുളികഴിഞ്ഞു വെള്ളവസ്ത്രം ധരിച്ചുനിന്ന് ആ സുന്ദരിയോട് അദ്ദേഹം ചോദിച്ചു: ‘നീ ഇവിടെതന്നെ കഴിയുന്നോ അതോ ഞങ്ങളോടൊപ്പം വരുന്നോ? ‘സര്‍ ഞാന്‍ ഇവിടെ കഴിയുന്നതേയുള്ളു’ എന്ന് അവളുടെ മറുപടി.

നാല്പത്തിയേഴാമത്തെ വയസിലാണു ജനറല്‍ അന്ത്യശ്വാസം വലിച്ചത്. പക്ഷേ, രോഗംകൊണ്ടു (രോഗം ക്ഷയമായിരുന്നുവെന്നു മാര്‍കേസ് പറയുന്നില്ല) എണ്‍പതു വയസിലേറെ തോന്നിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റെ ശരീരത്തിന്. ‘അങ്ങ് ജനങ്ങള്‍ സങ്കടപ്പെടാന്‍ വേണ്ടി രോഗം ഭാവിക്കുകയാണെന്നാണ് അവര്‍ പറയുക.’ അദ്ദേഹം അതറിയിച്ച ഒരു തരുണിയെക്കൊണ്ടു ശരീരം പരിശോധിപ്പിച്ചു. വാരിയെല്ലുകള്‍വരെ തൊലിയിലൂടെ തള്ളിവരുന്നു. അന്നുരാത്രി അവള്‍ അദ്ദേഹത്തോടൊരുമിച്ചു ശയിച്ചു. പക്ഷേ, അവളെ തൊട്ടതേയില്ല. ഉറങ്ങിയ ജനറലിനെ ഉണര്‍ത്താതെ അവള്‍ പോകാന്‍ ഭാവിച്ചപ്പോള്‍ ഉണര്‍ന്ന അദ്ദേഹം പറഞ്ഞു: ‘നീ കന്യകയായിട്ടുതന്നെയാണു പോകുന്നത്.’ അവള്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി:‘അങ്ങയോട് ഒരു രാത്രി ഒരുമിച്ചു കഴിയുന്ന ആരും കന്യകയായിരിക്കില്ല.’

ആയിരത്തിഎണ്ണൂറ്റിഇരുപത്തെട്ട് സെപ്റ്റംബര്‍ 25 ന് അര്‍ദ്ധരാത്രിയായപ്പോള്‍ പന്ത്രണ്ടു പൗരന്‍മാരും ഇരുപത്തിയാറു ഭടന്‍മാരും ഗവണ്‍മെന്റ് ഹൗസിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി ‘സ്വാതന്ത്ര്യം നീണാളുണ്ടാകട്ടെ.’ ‘രാജ്യദ്രോഹിക്കു മരണം’ എന്ന് അവര്‍ വിളിച്ചു. പ്രസിഡന്റ് വെപ്പാട്ടിയുമായി വേഴ്ചയ്ക്കു തുടങ്ങുകയായിരുന്നു. അവള്‍ മുദ്രാവാക്യങ്ങള്‍ കേട്ടു രക്ഷപ്പെടാന്‍ അദ്ദേഹത്തെ സഹായിച്ചു. ബോലീവാര്‍ രാത്രി മുഴുവന്‍ ഒരു പാലത്തിനടിയില്‍ ഒളിച്ചിരുന്നു. ശയനമുറി ഭേദിച്ച് അകത്തുകയറിയ വിപ്ളവകാരികള്‍ പ്രസിഡന്റ് എവിടെയെന്നു ചോദിച്ചു. അദ്ദേഹം കൗണ്‍സില്‍ മുറിയിലുണ്ടെന്ന് അവളുടെ മറുപടി. തണുത്ത രാത്രിയില്‍ ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്നിട്ടിരുന്നതെന്തിനെന്ന് അവരുടെ ചോദ്യം. തെരുവിലെ ബഹളമെന്തെന്ന് അറിയാന്‍ താന്‍ വാതില്‍ തുറന്നുനോക്കിയതാണെന്ന് അവളുടെ മറുപടി. കിടക്കയ്ക്ക് ചൂടുവന്നതെങ്ങനെയെന്ന് അവര്‍ വീണ്ടും ചോദിച്ചു. പ്രസിഡന്റിനെ കാത്തു താന്‍ അതില്‍ കിടക്കുകയായിരുന്നുവെന്ന് അവളുടെ ഉത്തരം. അവള്‍ ചുരുട്ടുവലിക്കുന്നവളാണ്. സെന്റിന്റെ സൗരഭ്യം ഇല്ലാതാക്കാന്‍ വിലകുറഞ്ഞ ചുരുട്ടുവലിച്ച് അവള്‍ പുകകൊണ്ട് അവിടം മൂടി. ഇങ്ങനെ എത്രയെത്ര സ്മരണകള്‍! മാര്‍കേസിന്റെ തൂലിക അവ ആലേഖനം ചെയ്യുന്നതിന്റെ ഭംഗി നേരിട്ടുതന്നെ കാണണം.

ബോലീവാറീന്റെ അന്ത്യം അതിഭാവുകത്വമില്ലാതെ മാര്‍കേസ് വര്‍ണിക്കുന്നു. തന്റെ അവസാനദിനങ്ങളിലെ അതീന്ദ്രിയജ്ഞാനത്തോടെ അദ്ദേഹം മുറി പരിശോധിച്ചു. ആദ്യമായി സത്യമെന്തെന്നു മനസിലാക്കുകയും ചെയ്തു. ഒടുവിലത്തെ, കടംവാങ്ങിയ മെത്ത, ദയനീയമായ ഡ്രസ്സിംഗ് ടേബിളിലെ മങ്ങിയതും ക്ഷമയാര്‍ന്നതുമായ കണ്ണാടി, അത് അദ്ദേഹത്തിന്റെ രൂപം പ്രതിഫലിപ്പിക്കില്ല. ഡിസംബര്‍ പതിനേഴാം തീയതിയിലെ അവസാനത്തെ അപരാഹ്നത്തിലുള്ള ഒരുമണിഏഴുമിനിറ്റിലെ രക്ഷപ്പെടാനാവാത്ത കൂടിക്കാഴ്ചയ്ക്കുവേണ്ടി ഓടുന്ന ഹൃദയശൂന്യമായ നാഴികമണിയുടെ വേഗം. പിന്നീട് അദ്ദേഹം കൈകള്‍ നെഞ്ചില്‍ കുറുകെവച്ചു അടിമകളുടെ ആറുമണിക്കുള്ള ഗാനത്തിന്റെ ശബ്ദം ശ്രവിച്ചു. അന്തരീക്ഷത്തില്‍ എപ്പോഴും മരിച്ചുകൊണ്ടിരിക്കുന്ന ശുക്രനെന്ന വജ്രത്തെ ജനലിലൂടെ കണ്ടു. ശാശ്വതമായ മഞ്ഞുകട്ടികള്‍. പുതിയ മുന്തിരിച്ചെടി. അവയുടെ പൂക്കള്‍ അടുത്ത ശനിയാഴ്ച അദ്ദേഹം കാണില്ല. നിത്യതയില്‍ ഒരിക്കലും ആവര്‍ത്തിക്കപ്പെടാത്ത ജീവിതത്തിന്റെ ഉജ്ജ്വലത.

ദൃഢഗാത്രനായിരുന്ന ബോലീവാര്‍ രാജയക്ഷമാവു പിടിച്ചു ക്രമേണ മരണത്തിലേക്കു നീങ്ങുന്നത് അദ്ദേഹം രൂപവല്‍ക്കരിച്ച രാജ്യത്തിന്റെ ക്രമേണയുള്ള ജീര്‍ണതയ്ക്ക് യോജിച്ച വിധത്തിലാണ്. ആ രാജ്യം അദ്ദേഹത്തിന്റെ യൗവനകാലത്തു വെട്ടിത്തിളങ്ങി. മധ്യവയസില്‍ മരിക്കുമ്പോള്‍ നഗരങ്ങളും ഗ്രാമപ്രദേശങ്ങളും യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ കൊണ്ടാവാം മണലാരണ്യങ്ങള്‍ പോലെയായിരുന്നു. ആ തകര്‍ച്ച ജനറലിലൂടെ പ്രതിഫലിപ്പിക്കുകയാണു മാര്‍കേസ്. ഒരുത്തനെ കൂട്ടിനകത്താക്കി യൂറോപ്പിലാകെ പ്രദര്‍ശിപ്പിക്കണമെന്നു മറ്റൊരുത്തന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ജനറല്‍ പറഞ്ഞത് ഇങ്ങനെ ‘Take me instead. I assure you, you’ll earn more money showing me in a cage as the biggest damn fool in history.’ (Page 95) ഈ തകര്‍ച്ച തികച്ചും സ്വാഭാവികംതന്നെ. സമുദായത്തിലെ വിലക്കങ്ങളെ ലംഘിച്ചു തന്റെയും സ്റ്റേറ്റിന്റെയും ശക്തി വര്‍ദ്ധിപ്പിച്ച് അധികാരത്തിന്റെ കേന്ദ്രീകൃതാവസ്ഥ ഉണ്ടാക്കി ഡിക്ടേറ്ററായിത്തീര്‍ന്നാല്‍ ഇതൊക്കെ ഉണ്ടാകും. ഡയലറ്റിക്സ് അനുസരിച്ച് ഏതു വ്യക്തിയിലും ഏതു വസ്തുവിലും ഏതു ചിന്തയിലും അതിനെ എതിര്‍ക്കുന്ന ഒരംശമുണ്ടായിരിക്കും. അത് ക്രമാനുഗതമായി ശക്തിപ്രാപിക്കുകയും ഏതില്‍ അത് ഉള്‍ക്കൊണ്ടിരുന്നുവോ അതിനെ നശിപ്പിക്കുകയും ചെയ്യും. ഇതു ലോകസ്വഭാവമാണ്. സദ്ദാം ഹുസൈനെപ്പോലുള്ളവര്‍ അതു മനസ്സിലാക്കാതെ നൃശംസതയില്‍ വിലയം കൊള്ളുന്നു. ‘All of us here are exiles’ ഇവിടെയുള്ള നമ്മളെല്ലാം പ്രവാസികളാണ് (പേജ് 184) എന്നും ‘The day I die the bells in Caracas will ring in Jubilation–ഞാന്‍ മരിക്കുന്ന ദിവസം കരകാസിലെ മണികള്‍ ജയാഘോഷസൂചകമായി ശബ്ദിക്കും എന്നും പറഞ്ഞത് വിപ്ളവത്തിന്റെയും അതിനോടു ബന്ധപ്പെട്ട ക്രൂരതയുടെയും തിരിച്ചടിയുടെയും ഫലമായിട്ടാണ് (പേജ് 194. കാരകാസ്: വെനസ്വേലയിലെ നഗരം).

നൂലാമാലയില്‍–ലാബറിന്തില്‍ പെട്ടിരിക്കുകയാണു ജനറല്‍. അദ്ദേഹം ആക്രമണങ്ങള്‍കൊണ്ടും സ്വഭാവ സവിശേഷതകള്‍കൊണ്ടും ഉളവാക്കിയ വൈരുദ്ധ്യങ്ങളാണ് ഈ നൂലാമാല. ഏതു പ്രവാഹത്തിനും വിരുദ്ധമായ പ്രവാഹമുണ്ടാകും. വിപ്ളവനദി കൂലംകുത്തിയൊഴുകിയപ്പോള്‍ ജനറലും നാട്ടുകാരും ആഹ്ളാദിച്ചു. അതിനുശേഷം പ്രതിപ്രവാഹമാണ്. അതില്‍ വീണു ‘ഞാനെങ്ങനെ ഇതില്‍നിന്നു രക്ഷപ്പെടും?’ എന്നു ചോദിക്കുന്ന ജനറലിന്റെ ചിത്രം ഹൃദയസ്പര്‍ശകമാണ്. വിദ്വേഷവും കോപവുമല്ല സ്നേഹവും കാരുണ്യവുമാണു സര്‍ഗാത്മകം എന്നു പ്രസ്താവിക്കുകയാണ് മാര്‍കേസ്. ഈ നോവലിന്റെ ആവിര്‍ഭാവത്തോടുകൂടി ലോകസാഹിത്യത്തിന്റെ ചക്രവാളം വികാസം കൊണ്ടിരിക്കുന്നു.