close
Sayahna Sayahna
Search

മഹാവൃക്ഷത്തിന്റെ മഹാനാദം


മഹാവൃക്ഷത്തിന്റെ മഹാനാദം
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മണല്‍ക്കാട്ടിലെ പൂമരങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1992
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 126 (ആദ്യ പതിപ്പ്)

‘ഈ സ്ത്രീ എന്റെ കൈകളില്‍ ഒതുങ്ങുന്നു. അവള്‍ അഴകാര്‍ന്നവളും തവിട്ടുനിറമുള്ളവളുമാണ്. ഞാന്‍ അവളെ എന്റെ കൈകള്‍ക്കുള്ളിലാക്കി കൊണ്ടുനടക്കും; മഗ്നോയോലിയപ്പൂക്കള്‍ നിറഞ്ഞ കൂടയെന്നപോലെ.

ഈ സ്ത്രീ എന്റെ കണ്ണുകളില്‍ ഒതുങ്ങുന്നു, എന്റെ നോട്ടം അവളെ പൊതിയുന്നു. അവളെ പൊതിയുമ്പോള്‍ എന്റെ നോട്ടം വേറൊന്നും കാണുന്നില്ല.

ഈ സ്ത്രീ എന്റെ അഭിലാഷങ്ങളില്‍ ഒതുങ്ങുന്നു. കൊതിയാര്‍ന്ന എന്റെ ജീവിതാഗ്നിയുടെ മുമ്പില്‍ അവള്‍ നഗ്നമാണ്. എന്റെ ആഗ്രഹം അവളെ തീ പിടിച്ച കല്‍ക്കരിയെന്നപോലെ എരിച്ചുകൊണ്ടിരിക്കുന്നു.

എന്നാല്‍ വിദൂരതയിലിരിക്കുന്ന സ്ത്രീയെ, എന്റെ കൈകളും എന്റെ കണ്ണൂകളും എന്റെ അഭിലാഷങ്ങളും അവയുടെ ഓമനിക്കലിനെ നിനക്കുവേണ്ടി സൂക്ഷിച്ചു വയ്ക്കുന്നു. കാരണം വിദൂരതയിലിരിക്കുന്നസ്ത്രീയേ, നീ മാത്രമാണ് എന്റെ ഹൃദയത്തിലൊതുങ്ങുന്നത്.’

1922-ല്‍ പാവ് ലോ നെറൂദ എഴുതിയ ഈ കാവ്യം വെണ്‍മയാര്‍ന്ന താളില്‍ ചേതോഹരാംഗിയെന്നപോലെ കിടത്തിക്കൊണ്ടാണ് അദ്ദേഹത്തിന്റെ Passions and Impression എന്ന ‘മരണാനന്തര പ്രസാധനം’ നമ്മുടെ മുമ്പില്‍ പ്രസാധകര്‍ എത്തിക്കുന്നത്. വിശ്വവിഖ്യാതമാണു നെറൂദയുടെ Memories. ആ ആത്മകഥയുടെ അനുബന്ധവും വിപുലീകരണവുമാണ് ഈ ഗ്രന്ഥം. നെറൂദയുടെ മനോ

ഹരങ്ങളായ കാവ്യങ്ങളെ കൂടുതലായി മനസ്സിലാക്കാന്‍, അദ്ദേഹത്തിന്റെ ഉജ്ജ്വലമായ വ്യക്തിത്വത്തെയും സ്വത്വശക്തിയെയും കൂടുതലായി ഗ്രഹിക്കാന്‍ ഈ പുസ്തകം വായിച്ചേ മതിയാകൂ. എതൊരു മൗലികത്വം! എന്തൊരു ആവിഷ്കാര ചാരുത!

എന്റെ അവിദഗ്ധമായ ഭാഷാന്തരീകരണത്തിലൂടെ പ്രത്യക്ഷമായിരിക്കുന്ന ഈ കാവ്യം യഥാര്‍ത്ഥത്തില്‍ പ്രേമാഗനമാണോ? തന്റെ ഒറ്റപ്പെട്ട അവസ്ഥയെ നിര്‍മ്മാജ്ജനം ചെയ്യാന്‍വേണ്ടി ഒരു സ്ത്രീയില്‍ സാഫല്യം തേടുകയാണോ അദ്ദേഹം? അല്ല. നെറൂദ സ്ത്രീയായി വര്‍ണിക്കുന്നത് അദ്ദേഹത്തിന്റെ ജന്‍മദേശത്തെയാണ്. അവളെ അദ്ദേഹം കൈകളിലും കണ്ണുകളിലും ഒതുക്കി നടക്കുന്നു. എങ്കിലും വിദൂരസ്ഥയാണ് അവള്‍. തന്റെ പ്രേമഭാജനമാണു ചിലി (Chili). പക്ഷേ, അവള്‍ ദൂരെവര്‍ത്തിക്കുകയാണ്. ജന്‍മദേശത്തോടുള്ള ഈ സ്നേഹവും ഭക്തിയുമാണ് നെറൂദയുടെ എല്ലാ രചനകളുടെയും മുദ്ര. ഈ ഗ്രന്ഥത്തിലും അതു സ്പഷ്ടതയാര്‍ന്നു വിലസുന്നു. വിശേഷിച്ച് I Accuse എന്ന വിഖ്യാതമായ പ്രഭാഷണത്തില്‍ 1948 ജനുവരി 8 നു ചിലിയിലെ സെനറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് നെറൂദ ചെയ്ത പ്രഭാഷണം ഫ്രാന്‍സിലെ ദ്രേഫ്യൂസ് (Dreyfus) ‘കെയ്സി’-ല്‍ ഏമീല്‍ സൊല (Emile Zola) എഴുതിയ I Accuse എന്ന കത്തിനേക്കാള്‍ ആയിരം മടങ്ങു ശക്തിയാര്‍ന്നതണ്. തര്‍ജ്ജമയില്‍ കണ്ട വാക്യങ്ങളില്‍ ചിലതുമാത്രം ഞാന്‍ പകര്‍ത്തിയെഴുതട്ടെ.

I Accuse the President of the Republic from this forum of resorting to violence to destroy the union.
I Accuse the President of the Republic during his candidacy President of anti-Franco organisation in Chile — of having or dared, as President of the Republic, our delegation at the UN to vote against severing relation with Franco and at the same time, in Chile, of imprisioning and exiling the Republicans who were members of the very organizations over which he formerly presided.
I accuse Semon Gonazalez Videla of attempting to suppress freedom of opinion, as in the case of my impeachment action, and by means of the most brutal censorship, and by using Police and financial pressures of attempting to silence the newspaper. ‘EI siglo’, the offical organ of his candidacy and the fruit of many years of struggle by the Chilean people as well as ‘EI popular’ and six other newspapaers.

ഈ വിധത്തിലുള്ള അനേകം കുറ്റാരോപണങ്ങള്‍ നടത്തിയതിനുശേഷം ദേശീയഗാനം പാടിക്കൊണ്ടു നെറൂദ പ്രഭാഷണം അവസാനിപ്പിച്ചു. ആ ഗാനത്തിലെ വാക്കുകളും ചിലിയിലെ ജനതയുടെ പോരാട്ടങ്ങളും മാത്രമേ വിഷാദഭരിതങ്ങളായ ആ ദിനങ്ങളുടെ അപഖ്യാതിയെ ദൂരീകരിക്കൂ എന്നായിരുന്നു ആ മഹാകവിയുടെ വിശ്വാസം. മഹാകവികള്‍ മഹനീയങ്ങളായ കാവ്യങ്ങള്‍ ജനതയ്ക്കു നല്‍കുന്നവര്‍ മാത്രമല്ല. നാട്ടില്‍ രക്തച്ചൊരിച്ചിലുണ്ടാകുമ്പോള്‍, വിഷാദങ്ങളും യാതനകളും ആധിപത്യം പുലര്‍ത്തുമ്പോള്‍ അവരും അവയെ എതിര്‍ക്കാനായി സമരരംഗത്തിറങ്ങും. മില്‍ട്ടന്‍പോലും അങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനനായകനായ നെറൂദയുടെ കാര്യം പിന്നെപ്പറയാനുമില്ല. അദ്ദേഹത്തിന്റെ I Accuse എന്ന പ്രഭാഷണം കേട്ടു ചിലിയിലെ അന്നത്തെ പ്രസിഡന്റ് ഞെട്ടിയിരിക്കും.

അധര്‍മ്മത്തിന് എതിരായി ഈ മാനസിക നിലയിലുള്ള നെറൂദ കാവ്യരചനയിലും അതു പ്രകടമാക്കുന്നതില്‍ ഒരു തെറ്റുമില്ല. കവിത വിപ്ളവം തന്നെയാണെന്നു (Poerty is Rebellion) അദ്ദേഹം വിശ്വസിക്കുന്നു. കവിയെ വിധ്വംസകന്‍ എന്നു വിളിക്കൂ. അയാള്‍ക്കു വേദനയില്ല. ‘ഞങ്ങള്‍ കവികള്‍ വെറുപ്പിനെ വെറുക്കുന്നു; യുദ്ധത്തിനെതിരെ യുദ്ധം നടത്തുന്നു’ എന്നാണ് നെറൂദയുടെ പ്രഖ്യാപനം.

ഒരു കാലത്തു ജങ്ങളുടെ ദാര്‍ഢൃമാര്‍ന്ന ഐക്യത്തെ സംരക്ഷിക്കാനായി നെറൂദ തെരുവുകളിലേക്കുപോയി. പക്ഷേ, തന്റെ കവിതയെ അദ്ദേഹം അവര്‍ക്കു പഠിപ്പിച്ചുകൊടുത്തില്ല. തന്റെ നാട്ടില്‍ പെയ്യുന്ന മഴപോലെ കവിത ജനതയിലേക്ക് ഒഴുകിയിറങ്ങണമെന്നേ അദ്ദേഹം ആശിച്ചുള്ളു. സമൂഹങ്ങളോ അക്കാഡമികളോ അതു സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചില്ല. സ്വന്തം അനുഭവത്തിന്റെ സാരാംശം കവിതയില്‍ സാന്ദ്രീകരിക്കാനാണ് നെറൂദ ശ്രമിച്ചത്. ഏകാന്തതവേണം കവിക്കെന്നു പറഞ്ഞില്ല അദ്ദേഹം. ഏകാന്തതയോ സമുദായമോ കവിയുടെ ആവശ്യകതകളെ മാറ്റിമറിക്കില്ല. ഏതെങ്കിലും ഒന്നിനുവേണ്ടി വാദിക്കുന്ന കവി സ്വന്തം നിലയെ അയഥാര്‍ത്ഥീകരിക്കുകയാണ് ചെയ്യുന്നത്. ഏകാന്തത അഭിലഷിക്കുന്ന കവിയെയും സമൂഹത്തിന്റെ രോദനത്തെ പ്രക്ഷേപണം ചെയ്യുന്ന കവിയെയും നിന്ദിക്കാന്‍ കൂട്ടാക്കുന്നില്ല നെറൂദ. നിശ്ശബ്ദത, ശബ്ദം, മനുഷ്യരെ വേര്‍പെടുത്തല്‍, അവരെ യോജിപ്പിക്കല്‍ ഇവയൊക്കെ കവിതയ്ക്കുള്ള വിഷയങ്ങള്‍തന്നെ തന്റെ കവിതയുടെ ശക്തിയെ നെറൂദ ഭംഗ്യന്തരേണ സ്പഷ്ടമാക്കുന്നത് നോക്കുക.

‘നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ട ആ മോഹിപ്പിക്കുന്ന ഐന്ദ്രജാലികന്‍ ഫെദറീക്കോ ഗാര്‍സിയ ലൊര്‍ക എന്റെ കൃതികളെക്കുറിച്ചു, രചനയുടെ കഠിനവേദനയില്‍പ്പെട്ടു പുളയുന്ന എന്റെ ഏതിനെയും കുറിച്ചു വലിയ ജിജ്ഞാസ കാണിച്ചു. അദ്ദേഹത്തിന്റെ അന്യാദൃശമായ സര്‍ഗാത്മകത്വത്തെ സംബന്ധിച്ച് എനിക്കും അതേ ജിജ്ഞാസയുണ്ടായിരുന്നു. എന്റെ ഏതെങ്കിലുമൊരു കവിത ഞാന്‍ വായിക്കാന്‍ തുടങ്ങുമ്പോള്‍, അതു പകുതിയോളമാകുമ്പോള്‍ അദ്ദേഹം കൈകള്‍ ഉയര്‍ത്തി, തലയാട്ടി ചെവികള്‍ പൊത്തി നിലവിളിക്കും. ‘നിര്‍ത്തൂ, നിര്‍ത്തൂ, ഇതുമതി. ഇനി വായിക്കരുത്. താങ്കള്‍ എന്നില്‍ സ്വാധീനശക്തി ചെലുത്തും.’

ജീവിതത്തിന്റെ പ്രചണ്ഡപ്രകാശം ഒരു നിമിഷത്തേക്കേ ലൊര്‍കയുടെ മുഖത്തെ തിളക്കിയുള്ളു. അതു പെട്ടന്നു പൊലിഞ്ഞുപോയി. നെദൂറ ചോദിക്കുന്നു: ‘നിശബ്ദരാക്കപ്പെട്ട അസംഖ്യമാളുകളില്‍നിന്ന് ഒരു പേര്. അതേ ഒരു പേരു മാത്രം തെരെഞ്ഞെടുക്കാന്‍ ധൈര്യമുണ്ടോ? ആ പേരിന്റെ ഇരുണ്ട വര്‍ണങ്ങളില്‍ മാനുഷികമായ സമ്പന്നതയുണ്ട്. അതുകൊണ്ട് അതു കനമാര്‍ന്നിരിക്കുന്നു…സ്പെയിനിന്റെ ഹൃദയത്തെ സംരക്ഷിച്ച ആളാണ് അദ്ദേഹം. ഫെദറിക്കോ ഗാര്‍സിയോ ലൊര്‍ക്ക. സാരംഗി എന്ന ഗാനോപകരണം പോലെ സന്തുഷ്ടനും വിഷാദഭരതനുമായിരുന്ന അദ്ദേഹം ജനങ്ങളുടെ ഒരു ഭാഗമായിരുന്നു. ലൊര്‍കയിലുണ്ടായിരുന്ന അയസ്കാന്തശക്തിയും സര്‍ഗാത്മകത്വവും വേറോരാളിലും കണ്ടിട്ടില്ലെന്നു നെറൂദ അസന്ദിഗ്ധമായി പറയുന്നു.

റഷ്യന്‍ കവി മായാകോവിസ്കിയോട് എന്തു ബഹുമാനമാണെന്നോ നെറൂദയ്ക്ക്. ഈ കാലയളവില്‍ (1957-ല്‍) മറ്റാര്‍ക്കും കഴിയാത്ത വിധത്തില്‍ പാടുമായിരുന്ന മായാകോവ്സ്കിയുടെ സ്മരണയെ പനിനീര്‍പ്പൂവോടുകൂടി, ഒറ്റ ചുവന്ന പനിനീര്‍പ്പൂവോടുകൂടി അഭിവാദനം ചെയ്തിട്ടു നെറൂദ പറയുന്നത് ആ കവി ബോദ്ലേറിനും വിറ്റ്മ്മാനും സദൃശ്യനായിരുന്നു എന്നാണ്. ‘നമ്മുടെ മഹാനായ സഹദോരന്‍’ എന്നത്രെ നെറൂദ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

സാഹിത്യത്തിലുള്ള നോബല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് 1971 ഡിസംബര്‍ 13 നു നെറൂദ ചെയ്ത പ്രഭാഷണം Poerty shall not have sung in Vain എന്ന പേരില്‍ ഈ ഗ്രന്ഥത്തില്‍ കൊടുത്തിട്ടുണ്ട്. കവിതപോലെ മനോഹരമായ ആ പ്രഭാഷണത്തില്‍ ചിന്തയുടെ രത്നങ്ങള്‍ ഒളിവിതറുന്നുണ്ട്.

ഭൂമിയില്‍നിന്നും ആത്മാവില്‍നിന്നും പാരിതോഷികങ്ങള്‍ സ്വീകരിച്ചു കവിതയെഴുതി നെറൂദ. ഏകാന്തതയും ഐക്യവും വികാരവും പ്രവര്‍ത്തനവും മനുഷ്യന്റെ സ്വകാര്യലോകവും പ്രകൃതിയുടെ വെളിപാടുകളും ഒരേയളവില്‍ കവിതയ്ക്കു സംഭാവനകള്‍ നല്‍കുന്നു. കവിതയെ സംബന്ധിച്ച അനുഭവം തന്നിലുളവായതാണോ അതോ അതു (അനുഭവം) മറ്റുള്ളവര്‍ അയച്ച സന്ദേശമാണോ എന്നതിനെക്കുറിച്ച് നെറൂദയ്ക്ക് അറിഞ്ഞുകൂടാ. താനതില്‍ ജീവിച്ചോ, അതോ താനെഴുതിയോ എന്നതും അറിഞ്ഞുകൂടാ അദ്ദേഹത്തിന്. കവിത സത്യമാണോ അതോ നിത്യതയാണോ? അതിലും നെറൂദയ്ക്കു അജ്ഞതയാണ്. ഒരു കാര്യം വ്യക്തം, കവി പാടുമ്പോള്‍ അതു വ്യര്‍ത്ഥമായി ഭവിക്കുന്നില്ല.

സഞ്ചാരകുതികയാണല്ലോ ഈ മഹാകവി. അദ്ദേഹം ഇന്ത്യയില്‍ വന്നപ്പോള്‍ നെഹ്റു വേണ്ടവിധത്തില്‍ പെരുമാറിയില്ലെന്നും മറ്റു Memories എന്ന ആത്മകഥയില്‍ പറഞ്ഞിട്ടുള്ളത് ഞാനിപ്പോള്‍ ഓര്‍മ്മിക്കുന്നു. അതിരിക്കട്ടെ, മദ്രാസിലെത്തിയ നെറൂദ ഹിന്ദുസ്ത്രീകളുടെ വസ്ട്രധാരണരീതി കണ്ട് ആകൃഷ്ടനായി. അദ്ദേഹം അത് ആദ്യമായി കാണുകയായിരുന്നുതാനും. ഒറ്റക്കഷണം തുണി പാവാടയായിമാറുന്നു. അതുതന്നെ പ്രകൃത്യതീത സൗന്ദര്യത്തോടെ മേലോട്ടാക്കി ചുറ്റുന്നു. കാലിലിട്ട വളയത്തില്‍നിന്നു തുടങ്ങി കഴുത്തിലേക്കും കൈകളിലേക്കും ആഭരണങ്ങളിലേക്കു ചെല്ലുന്ന പച്ചയോ ചുവന്നതോ ആയ ശോഭയാര്‍ന്ന പട്ടിന്റെ ഏകമായ അഗ്നിനാളം. ഇതു (മദ്രാസ്) പ്രാചീനമായ ഗ്രീസാണ്, റോമാണ്.

ചിലിയിലെ ജനതയെ ക്രൂരതയോടെ മാത്രമേ ഭരണാധികാരികള്‍ കൈകാര്യം ചെയ്തിരുന്നുള്ളുവെന്നു നെറൂദ ദുഃഖത്തോടെ പറയുന്നു. ജനകീയ പ്രസ്ഥാനങ്ങളെ ഡിക്റ്റേറ്റര്‍മാര്‍ അടിച്ചമര്‍ത്തി. ഈകീക (Iquique — വടക്കന്‍ ചിലിയിലെ പട്ടണം) കൊലപാതകങ്ങള്‍ തൊട്ടു ഗൊണ്‍താലേത്തിന്റെ (Gonzalez ചിലിയിലെ പ്രസിഡന്‍റായിരുന്നു. ) മരണക്കാമ്പ് (Death Camp) വരെയുള്ള ചിലിയുടെ ചരിത്രം ക്രൂരതയുടെ ചരിത്രമാണ്. പൊലീസിന്റെ മര്‍ദ്ദനം, ലാത്തി, വാള്‍, യുദ്ധക്കപ്പലുകള്‍, വിമാനങ്ങള്‍, ടാങ്കുകള്‍ ഇങ്ങനെ എന്തെല്ലാം. കാരാഗൃഹം, അന്യദേശവാസം, മരണം ഇവകൊണ്ടു ‘ക്രമസമാധാനം’ പാലിക്കുന്നു അധികാരികള്‍. ഇംപീരിയല്‍ താല്‍പര്യങ്ങളുടെ ഏജന്റൻമാരാണു ഭയരഹിതരായ നേതാക്കന്‍മാര്‍. പക്ഷേ, ചരിത്രത്തിന്റെ ഈ ദീര്‍ഘതയിലും ചിലിയിലെ ജനത ജയിച്ചിട്ടേയുള്ളു. ആ ചിലിയെയാണു കൈയിലും കാലിലും ഹൃദയത്തിലുമായി നെറൂദ കൊണ്ടുനടക്കുന്നത്. അവള്‍ അന്തരംഗത്തിലുണ്ടെങ്കിലും വിദൂരസ്ഥ.

എഴുന്നൂറുകൊല്ലത്തിന്റെ ഭാരംകൊണ്ടു മറിഞ്ഞുവീഴുന്ന മഹാവൃക്ഷങ്ങളുണ്ട്. ആ ഭീമവൃക്ഷങ്ങള്‍ കാട്ടിന്റെ അഗാധതയില്‍ മറിഞ്ഞുവീഴുമ്പോഴുണ്ടാകുന്ന ശബ്ദം നെറൂദ കേട്ടിട്ടുണ്ട്. ഭീമാകാരമാര്‍ന്ന കൈ ഭൂമിയുടെ വാതില്‍ ഇടിക്കുന്നതുപോലെ; ശവക്കല്ലറ തേടുന്നതുപോലെ.

നെറൂദ മഹാവൃക്ഷമായിരുന്നു. കോടാനുകോടി സംവല്‍സരങ്ങളുടെ സംസ്കാരഭാരമാര്‍ന്ന മാമരം. അത് അനീതിയുടെ വാതിലില്‍ ആഞ്ഞടിച്ചു. പക്ഷേ അതു സ്വാഭാവികമായി വീണതല്ല, വീഴ്ത്തിയതാണ്. ആ മഹാവൃക്ഷത്തിന്റെ ഉദാത്തത കാണണമെങ്കില്‍ അതു കേള്‍പ്പിച്ച മഹാനാദത്തിന്റെ സാന്ദ്രത അറിയണമെങ്കില്‍ ഈ ഗ്രന്ഥം വായിക്കണം. വായിച്ചില്ലെങ്കില്‍ അതൊരു നഷ്ടമായിരിക്കും. സംശയമില്ല (Passions and Impressions, Farrar, New York).