വിശ്വാസം, പ്രതീക്ഷ, ദയ
വിശ്വാസം, പ്രതീക്ഷ, ദയ | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | മണല്‍ക്കാട്ടിലെ പൂമരങ്ങൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രഭാത് |
വര്‍ഷം |
1992 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 126 (ആദ്യ പതിപ്പ്) |
ചരിത്രപരങ്ങളായ സംഭവങ്ങള്‍ രാജ്യത്തിന്റെ സാമ്പദികഘടനെയും സമൂഹത്തിന്റെ സുസ്ഥിരതയെയും തകര്‍ക്കുമ്പോള്‍ വ്യക്തികള്‍ മരണമടയുന്നു. ആ മരണങ്ങളെ തൃണവല്‍ഗണിച്ചുകൊണ്ട് തകര്‍ച്ചയുണ്ടാക്കിയ സ്വേച്ഛാധിപതികള്‍ ആ മൃതദേഹങ്ങളുടെ പുറത്തുകയറി നിന്നുകൊണ്ട് അട്ടഹസിക്കുകയും കൂടുതല്‍ കൂടുതലായി ക്രൂരപ്രവൃത്തികള്‍ നടത്തുകയും ചെയ്യുന്നു. ഹിറ്റ്ലര്‍ ആ വിധത്തിലൊരു സ്വേച്ഛാധിപതിയും ക്രൂരനുമായിരുന്നു. വികാരലോലമായ ഹൃദയമുള്ള കലാകാരന്‍മാര്‍ക്ക് അതൊക്കെ കാണുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. പ്രത്യക്ഷമായിട്ടല്ലെങ്കിലും അവര്‍ അതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കും. അങ്ങനെ പരോക്ഷമായി നാത്സിസത്തെ എതിര്‍ത്ത ജര്‍മ്മന്‍ നാടകകര്‍ത്താവാണ് ഹൊര്‍വത് (‘Od’ on Von Horvath). അദ്ദേഹം പല നാടകങ്ങളും എഴുതിയിട്ടുണ്ടെങ്കിലും Faith Hope and Charity എന്നതു മാത്രമേ എനിക്ക് വായിക്കാന്‍ കഴിഞ്ഞിട്ടുള്ളു. ഈ നാടകം എഴുതിക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ജര്‍മ്മനിയില്‍ താമസിക്കാന്‍ വയ്യെന്നായി. ഹൊര്‍വത് ആ രാജ്യം വിട്ട് ഓടിപ്പോയി. ഇതുവരെ ഈ നാടകം ജര്‍മ്മനിയില്‍ അഭിനയിച്ചിട്ടുമില്ല.
കഴിഞ്ഞവര്‍ഷമാണ് (1989) ഹെര്‍വത്തിന്റെ നാടകം ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്ത് ഇംഗ്ലണ്ടിലെ Faber abd Faber പ്രസാധകര്‍ പ്രസിദ്ധപ്പെടുത്തിയത്. നാസ്തിസമുളവാക്കിയ ചരിത്രപരങ്ങളായ പരിത:സ്ഥിതികളുടെ സമ്മര്‍ദ്ദമേറ്റ് ഒരു പാവപ്പെട്ട പെണ്‍കുട്ടി മരിക്കുന്നതിന്റെ ചിത്രം ഈ നാടകത്തില്‍നിന്ന് ലഭിക്കും. അവള്‍ ഒറ്റയ്ക്കല്ല. അവളെപ്പോലെ അനേകം പെണ്‍കുട്ടികള്‍ ദുരന്തം വരിച്ചിരിക്കും. ആ ദുരന്തങ്ങള്‍ക്കെല്ലാം പ്രാതിനിധ്യം വഹിക്കുന്ന ഒരു ദുരന്തത്തിലൂടെ നാസ്തി ജര്‍മനിയുടെ ഭീകരചിത്രമാണ് നാടകകര്‍ത്താവ് ലോകജനതയ്ക്ക് നല്‍കിയിരിക്കുന്നത്.
നാടകത്തില്‍ യവനിക ഉയര്‍ന്നു. ഇലിസബത്ത് എന്ന പേരുള്ള ഒരു പെണ്‍കുട്ടി അനാറ്റമിക്കല്‍ ഇന്‍സിറ്റിറ്റൂട്ട് തേടിനടക്കുകയാണ്. താന്‍ മരിച്ചാല്‍ ആ സ്ഥാപനത്തിലെ ആളുകള്‍ക്ക് ശാസ്ത്രത്തിന്റെ പേരില്‍ തന്റെ മൃതദേഹം എങ്ങനെയും കൈകാര്യം ചെയ്യാമെന്നും അതിന്റെ പേരില്‍ ശരീരത്തിനുള്ള വില മുന്‍കൂറായി വാങ്ങാമെന്നും ആരോ അവളെ ധരിപ്പിച്ചു. അങ്ങനെ സ്വന്തം ശവം വില്‍ക്കാനായി അവള്‍ അവിടെ എത്തിയിരിക്കുകയാണ്. ആ അപേക്ഷകേട്ട് ശവങ്ങള്‍ കീറിമുറിക്കുന്നവന്‍ അവളോട് ചോദിച്ചു: ‘നിന്റെതന്നെ ശവം വില്‍ക്കുന്നോ?…ലോകം എവിടെക്കാണ്?’ അതുകേട്ട് അവള്‍ പറഞ്ഞു: ‘യാചകര്‍ക്ക് തെരെഞ്ഞെടുക്കാന്‍ അവകാശമുണ്ടോ?’
നൂറ്റമ്പത് മാര്‍ക്കിന് സ്വന്തം ശവം വില്‍ക്കാനാണ് അവള്‍ അവിടെ എത്തിയത്. ആ തുകയുണ്ടെങ്കില്‍ അവള്‍ക്ക് ‘സെയില്‍സ് പെര്‍മിറ്റ്’ നേടാം. അത് കിട്ടിയാല്‍ വില്‍പ്പനനടത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യാം.
ശവം കീറുന്നവന്‍ പിതൃനിര്‍വിശേഷമായ സ്നേഹത്തോടുകൂടി എന്ന് പറഞ്ഞ് അവള്‍ക്ക് നൂറ്റമ്പത് മാര്‍ക്ക് നല്‍കി. തന്റെ അച്ഛന്‍ സര്‍ക്കാര്‍ ഇന്‍സ്പെക്ടറാണെന്ന് അവള്‍ പറഞ്ഞതും അതിന് പ്രേരകമായി. പക്ഷേ സ്ത്രീകള്‍ക്കുവേണ്ട അടിയുടുപ്പുകള്‍ വില്‍ക്കുന്ന ഐറീന്‍ എന്ന ‘വായാടി’യുടെ കടയില്‍ചെന്നപ്പോഴാണ് പെണ്‍കുട്ടി തന്നെ വഞ്ചിച്ചുവെന്ന് അയാള്‍ മനസിലാക്കിയത്. ഐറീന്‍ സെയ്ല്‍സ് പെര്‍മിറ്റിനുവേണ്ടിയുള്ള നൂറ്റമ്പത് മാര്‍ക്ക് അവള്‍ക്ക് നേരത്തെ കൊടുത്തുകഴിഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛന്‍ സര്‍ക്കാര്‍ ഇന്‍സ്പെക്ടറല്ല ഇന്‍ഷുറന്‍സ് കമ്പിനിയിലെ താണതരം ഇന്‍സ്പെക്ടറാണെന്ന് അയാള്‍ അന്വേഷണം നടത്തി മനസിലാക്കിയിരിക്കുന്നു. പെണ്‍കുട്ടി അപ്പോള്‍ സത്യം പറഞ്ഞു. മുമ്പൊരിക്കല്‍ സെയ്ല്‍സ് പെര്‍മിറ്റ് ഇല്ലാതെ കച്ചവടം നടത്തിയതിന് കോടതി അവള്‍ക്ക് 150 മാര്‍ക്ക് പിഴയിട്ടു. തവണകളായി അത് അടക്കേണ്ടിയിരുന്നു. പണമില്ലാത്തതുകൊണ്ട് അത് അവള്‍ക്ക് അടയ്ക്കാന്‍ കഴിഞ്ഞില്ല. ജയിലില്‍പോകുമെന്ന് ഉറപ്പായതുകൊണ്ടാണ് അവള്‍ ശവം കീറുന്നവനോട് 150 മാര്‍ക്ക് വാങ്ങി കോടതിയില്‍ കൊടുത്തത്. വഞ്ചനയ്ക്ക് ‘കെയ്സു’ണ്ടായി. പെണ്‍കുട്ടിക്ക് ആദ്യമൊരു ശിക്ഷകിട്ടിയതുകൊണ്ട് രണ്ടാമത്തെ ശിക്ഷ പതിനാലുദിവസം തടവ് എന്നതായിരുന്നു. കാരാഗൃഹത്തില്‍ പോകുന്നതിനുമുന്‍പുതന്നെ ഒരു പൊലീസുകാരനെ അവള്‍ പരിചയപ്പെട്ടിരുന്നു. തന്റെ മരിച്ചുപോയ പ്രേമഭാജനത്തിന്റെ ഛായയാണ് അവള്‍ക്കുള്ളതെന്ന് പറഞ്ഞ് അയാള്‍ അവളോട് അടുത്തു. പൊലീസുകാരനും അവളും അവളുടെ കിടപ്പുമുറിയിലായിരുന്നപ്പോഴാണ് ചീഫ് ഇന്‍സ്പെക്ടര്‍ അവിടെ കയറി വന്നത്. പെണ്‍കുട്ടിയുടെ കാമുകനായ പൊലീസുകാരന്‍ ഒളിച്ചെങ്കിലും ചീഫ് ഇന്‍സ്പെക്ടര്‍ അയാളെ കണ്ടുപിടിച്ചു. വഞ്ചനക്ക് പതിനാലു ദിവസം ജയിലില്‍ കിടന്നവളാണ് അവളെന്ന് ചീഫ് ഇന്‍സ്പെക്ടര്‍ പൊലീസുകാരനോട് പറഞ്ഞപ്പോള്‍ അയാള്‍ പ്രേമബന്ധത്തില്‍നിന്ന് പിന്‍മാറി. അടുത്ത രംഗം ആറ്റില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിച്ചുകൊണ്ടുവന്ന് കൃത്രിമ ശ്വാസോച്ഛ്വാസത്താല്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ്. ജീവന്റെ ഒരു സ്ഫുരണമുണ്ട് അവളില്‍. അവിടെയെത്തിയ കാമുകനോട് — പൊലീസുകാരനോട് — ആ ജീവസ്ഫുരണത്തോടുകൂടി ഇലിസബത്ത് പറഞ്ഞു:‘എന്റെ മുന്‍പില്‍നിന്നു പോകൂ. ഇല്ലെങ്കില്‍ ഞാന്‍ എന്റെ കണ്ണുകള്‍ പറിച്ചെടുക്കും. നിങ്ങളെക്കരുതിയാണ് ഞാന്‍ ആറ്റില്‍ ചാടിയതെന്നാണോ നിങ്ങളുടെ വിചാരം? — വലിയ ഭാവിയുള്ള നിങ്ങള്‍. എനിക്ക് ഒന്നും കഴിക്കാനില്ലാതിരുന്നതുകൊണ്ടാണ് ഞാന്‍ വെള്ളത്തിലേക്ക് എടുത്തുചാടിയത്.’ അവള്‍ മെല്ലെ മരിച്ചു. പൊലീസുകാരന്‍ കാമുകിയുടെ മൃതദേഹത്തിലേക്ക് ഒളിഞ്ഞുനോക്കുമ്പോള്‍ നാടകത്തില്‍ യവനിക വീഴുന്നു.
നാസ്തിസത്തിന്റെ പ്രാരംഭകാലത്താണ് ഈ നാടകം രചിക്കപ്പെട്ടതെങ്കിലും ആ കുല്‍സിതചിന്താഗതിയുടെ ശൃംഖലകള്‍ സാമാന്യജനതയെ വരിഞ്ഞുകെട്ടുന്നതും അതിന്റെ ഫലമായി അവര്‍ ചൈതന്യമറ്റവരായിച്ചമയുന്നതും ഈ നാടകത്തില്‍ പ്രഗല്ഭമായി ആവിഷ്കരിച്ചിരിക്കുന്നു. നമ്മുടെ ഒരു നിരൂപകന്‍ (കുട്ടികൃഷ്ണമാരാര്‍) പറഞ്ഞപോലെ ബ്രഹ്മാണ്ഡകടാഹത്തിന്റെ മേല്ത്തട്ടില്‍ ചെന്നടിക്കുന്ന അത്യുക്തികള്‍ ഈ കൃതിയിലില്ല. നാടകകര്‍ത്താവിന്റെ വികാരം നിറമിയറ്റിയ വികാരങ്ങളും അവയില്‍നിന്നു ജനിക്കുന്ന കല്‍പനകളും ഈ കലാസൃഷ്ടിയില്‍ അന്വേഷിക്കേണ്ടതില്ല. അദ്ദേഹം നിസംഗനായി ഒരു പെണ്‍കുട്ടിയുടെ ദുരന്തം ആലേഖനം ചെയ്യുന്നു. ആ ദുരന്തം ജര്‍മ്മനിയിലെ ഓരോ മനുഷ്യന്റെയും ദുരന്തമാണെന്ന് നാടകം വായിക്കുന്ന നമുക്ക് തോന്നുന്നു. ഈ നൃശംസതയുടെ സ്ഫുടീകരിക്കലും പെണ്‍കുട്ടിയുടെ നേര്‍ക്ക് സഹതാപത്തിന്റെ നീര്‍ച്ചാല് ഒഴുക്കലുമാണ് ഈ കൃതിക്ക് കലാത്മകമായ ശോഭ നല്കുന്നത്. നാത്സിസത്തിന്റെ അണലിപ്പാമ്പ് മെല്ലെ ഇഴഞ്ഞുചെന്ന് ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ അവളറിയാതെ കടിക്കുന്നു. ഈ പാമ്പ് ഒളിച്ചിരിക്കുന്ന മാളം കണ്ടുപിടിച്ച് അതിനെയും അതിലിരിക്കുന്ന ഇഴജന്തുവിനെയും നശിപ്പിക്കു എന്നാണ് ഹൊര്‍വത് നമ്മോട് ആവശ്യപ്പെടുന്നത്. നാത്സിസം എന്ന പേരുള്ള ആ ചിന്താഗതി ഇന്നില്ലായിരിക്കാം. എങ്കിലും അതിന് തുല്യമായ ചിന്താഗതി വിഷപ്പല്ലു കാണിച്ചുകൊണ്ട് ഇഴയുന്നില്ലേ പലയിടങ്ങളിലും? അതിനാല്‍ ഈ നാടകത്തിന് സമകാലിക പ്രാധാന്യമുണ്ട്. എല്ലാക്കാലത്തേക്കും പ്രാധാന്യമുണ്ട്.
ഹൊര്‍വത് ഒരിക്കല്‍ മ്യൂണിക്ക് പട്ടണത്തിലൂടെ കടന്നുപോവുകയായിരുന്നു. അവിടെവച്ച് അദ്ദേഹം തന്റെ പരിചയക്കാരനായ ഒരു ലൂക്കാച്ചിനെ കണ്ടു. വലിയ കുറ്റങ്ങളെ നാടകങ്ങളിലെ പ്രമേയങ്ങളാക്കുന്ന എഴുത്തുകാരെ കുറ്റപ്പെടുത്തിയിട്ട് അയാള്‍ പറഞ്ഞു: ‘രാജ്യത്തിലെങ്ങും ആയിരക്കണക്കിന് ചെറിയ കുറ്റങ്ങള്‍ നടക്കുന്നുണ്ട്. അവയുടെ പരിത:സ്ഥിതികള്‍ അജ്ഞാതങ്ങളല്ല. അവയുടെ ഫലങ്ങളോ പൗരാവകാശങ്ങളുടെ ധ്വംസനം. ജീവപര്യന്തം തടവും ചിലപ്പോള്‍ മരണശിക്ഷയും.’ ഇതിന് ഉദാഹരണമായി ലൂക്കാച്ച് ഒരു യഥാര്‍ത്ഥ സംഭവം ഹെര്‍വത്തിനെ പറഞ്ഞുകേള്‍പ്പിച്ചു. ആ സംഭവമാണ് അദ്ദേഹം നാടകമാക്കി മാറ്റിയത്.
1850 നോട് അടുപ്പിച്ച് വിക്തോര്‍ യൂഗോ എഴുതിയ ‘ലേ മീസേറബ് ലേ’ (Les Miserables) എന്ന നോവലില്‍ ഇതേ വിഷയം കൈകാര്യംചെയ്തിട്ടുണ്ട്. ക്ഷുദ്രങ്ങളായ കുറ്റങ്ങള്‍ക്കുവേണ്ടി ജയിലില്‍പോകുന്നവരുടെ നേര്‍ക്കു സഹതാപം ജനിപ്പിക്കാനും ആ നിയമങ്ങളുടെ പ്രയോക്താക്കളെ നിന്ദിക്കാനുമാണ് യൂഗോ ശ്രമിച്ചതും ആ യത്നത്തില്‍ വിജയം നേടിയതും. ഒരു റൊട്ടി മോഷ്ടിച്ചതിനാണ് ഷാങ്ങ് വല്‍ഷാങ്ങ് പത്തൊന്‍പതുകൊല്ലം ജയിലില്‍കിടന്നത്. അതോടെ അയാളുടെ മനുഷ്യത്വം നശിച്ചു. പക്ഷേ ഹൊര്‍വത്തിന്റെ വീക്ഷണഗതി വിഭിന്നമാണ്. അന്നത്തെ ഫ്രഞ്ച് സമുദായത്തിന്റെ നേര്‍ക്കേ യൂഗോ ഉപലാഭം ചൊരിയുന്നുള്ളു. ഹൊര്‍വത്താകട്ടെ സാമ്പത്തികഘടനയെ തകര്‍ത്ത് ജനങ്ങളെ നിത്യദാരിദ്രത്തിലേക്ക് വലിച്ചെറിഞ്ഞ നാത്സിസത്തിന്റെ നേര്‍ക്കാണ് കുറ്റപ്പെടുത്തുന്ന വിരല്‍ ചൂണ്ടുന്നത്. പില്‍ക്കാലത്ത് ഹിറ്റ്ലര്‍ ലക്ഷക്കണക്കിന് ജൂതന്‍മാരെ ജീവനോടെ തീയിലെറിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തില്‍ കോടിക്കണക്കിനാളുകളെകൊന്നു. എന്നാല്‍ അയാളുടെ നിന്ദ്യമായ ചിന്താഗതിക്ക് പ്രാബല്യംവന്ന കാലയളവില്‍ പാവപ്പെട്ട ഒരു പെണ്‍കുട്ടി സെയ്ല്‍സ് പെര്‍മിറ്റില്ലാതെ സാധനങ്ങള്‍ വിറ്റതിന് 150 മാര്‍ക്ക് പിഴയൊടുക്കുന്നു. നിസ്സാരമായ ഒരു കള്ളം പറഞ്ഞതിന്റെ പേരില്‍ 14 ദിവസം കാരാഗൃഹത്തില്‍ കിടക്കുന്നു. ജന്മവാസനയുടെ പേരില്‍ ഒരു പൊലീസുകാരനോട് അടുത്തപ്പോള്‍ സകല ജന്‍മവാസനകളെയും തകര്‍ക്കുന്ന ക്രൂരമായ നിയമസംഹിത പൊലീസുകാരന്റെ രൂപമാര്‍ന്ന് അവളെ ഹിംസിക്കുന്നു. ഭക്ഷണമില്ലാത്തതുകൊണ്ടാണ് താന്‍ ആറ്റില്‍ ചാടിയതെന്ന് അവള്‍ പറഞ്ഞെങ്കിലും പൊലീസുകാരന്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ അവള്‍ ജീവിക്കുമായിരുന്നു.
ജര്‍മ്മനിയിലെ അക്കാലത്തെ ഭീകരമായ അന്തരീക്ഷം നാടകത്തില്‍ ദൃശ്യമാണ്. ശവം കീറിമുറിച്ച് ആന്തരാവയങ്ങള്‍ പരിശോധിക്കുന്ന അനാറ്റമിക്കല്‍ ഇന്‍സിറ്റിറ്റ്യൂട്ടാണ് നമ്മള്‍ ആദ്യമായി കാണുന്നത്. അത് അന്നത്തെ ജര്‍മ്മനിയുടെ സൂക്ഷ്മാകാരമത്രെ. നാടകത്തിലെ കഥ നടക്കുന്ന സ്ഥലത്ത് പൊലീസും മറ്റു നിയമപാലകരും മാത്രമേയുള്ളു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡിസെക്ടറെ (ശവം കീറുന്നവനെ) ചീഫ് ഡിസെക്ടര്‍ പീഡിപ്പിക്കുന്നു. പൊലീസുകാരനെ ഇന്‍സ്പെക്ടര്‍ പീഡിപ്പിക്കുന്നു. ഏറ്റവും കുറഞ്ഞ ജോലിക്കാരന്‍ സാധുക്കളെ പീഡിപ്പിക്കുന്നു. ഇതാണ് ബ്യൂറോക്രസിയുടെ സ്വഭാവം. ഈ ബ്യൂറോക്രസി നാത്സിസത്തിന്റെ സന്തതിയും. ഇവിടെ വേണ്ടത് വിശ്വാസമാണ് (Faith) പ്രതീക്ഷയാണ് (Hope) ഭൂതദയയാണ് (Charity). ഈ പേരുകളാര്‍ന്ന നാടകം ഇവയ്ക്കുവേണ്ടിയുള്ള ആഹ്വാനം നടത്തുന്നു.
|
|
|