close
Sayahna Sayahna
Search

സല്‍മാൻറുഷ്ദി — വെറുപ്പിന്റെ അധിനായകൻ


സല്‍മാൻറുഷ്ദി — വെറുപ്പിന്റെ അധിനായകൻ
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മണല്‍ക്കാട്ടിലെ പൂമരങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1992
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 126 (ആദ്യ പതിപ്പ്)

ധൈര്യമെന്ന ഗുണത്തെ പ്രക്രീര്‍ത്തിക്കുന്ന കൃതികള്‍ ബഹുജനത്തിന് നല്‍കുന്നവര്‍ നിത്യജീവിതത്തില്‍ ധീരന്‍മാരായിരിക്കുമോ? ഹോമറിന്റെ കാവ്യങ്ങള്‍ ധൈര്യത്തെ വാഴ്ത്തുന്നു. അദ്ദേഹം ജീവിതത്തില്‍ ധീരനായിത്തന്നെ പ്രവര്‍ത്തിച്ചിരുന്നോ? ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ വയ്യ. ബി. സി. എഴുന്നൂറാമാണ്ടില്‍ ജീവിച്ചിരുന്നുവെന്നു സങ്കല്‍പ്പിക്കപ്പെടുന്ന ഒരു കവിയുടെ സ്വഭാവസവിശേഷതകള്‍ എങ്ങനെ അറിയാനാണ്? എന്നാല്‍ നമുക്കു നേരിട്ടറിയാവുന്ന കവികളെക്കുറിച്ച് തീരുമാനങ്ങളിലെത്താന്‍ പ്രയാസമൊട്ടില്ലതാനും. ‘ഭീമാഘാതകര്‍ കഴുത്തുറുക്കവെ രാമരാമ കരുണാസ്വരത്തോടും കീഴ്മലച്ചുപിടയുന്ന കോഴിയെ കാഴ്മവര്‍ക്കു കരള്‍പൊട്ടുകില്ലയോ’ എന്നു ചോദിച്ച കവി കോഴിയിറച്ചിക്കറിയില്ലാതെ ഊണുകഴിക്കില്ലായിരുന്നുവെന്നു കേട്ടിട്ടുണ്ട്. ചൈനയില്‍ പോയിട്ടുവന്ന ആ കവിയോട് ഇതെഴുതുന്ന ആള്‍ ‘ചൈനയെങ്ങനെ? എന്നു ചോദിച്ചപ്പോള്‍ ‘കോഴി, ഭേഷ്’ എന്നാണു മറുപടി പറഞ്ഞത്. ചൈനയിലെ കമ്യൂണിസമെങ്ങനെ എന്നാണു ഞാന്‍ ചോദിച്ചത്. മറുപടി കോഴിയിറച്ചിക്കറി ഒന്നാന്തരമെന്നും. സ്വന്തം കാവ്യങ്ങളില്‍ കരുണാമയനായി പ്രത്യക്ഷനായ വേറൊരു കവി കൊലപാതകങ്ങള്‍ ഏറെച്ചെയ്തിട്ടുണ്ട് എന്നതിനു തെളിവുകള്‍ ഉണ്ട്. അതിനാല്‍ രചനകളിലെ സദാചാരതല്‍പരന്‍ നിത്യജീവിതത്തിലെ സദാചാരതല്‍പരനായയിരിക്കില്ല. പക്ഷേ രചയിതാവിന് സദാചാരത്തെക്കുറിച്ച്, സത്യത്തെക്കുറിച്ച്, ധൈര്യത്തെക്കുറിച്ച് ബോധമുണ്ടായിരിക്കണം. ആ ബോധം ഇവിടെപ്പറഞ്ഞ കവികള്‍ക്കെല്ലാമുണ്ട്. ഇല്ലെങ്കില്‍ അവരുടെ കൃതികള്‍ അനുവാചകലോകത്തെ രസിപ്പിക്കില്ല. ഉന്നമിപ്പിക്കില്ല. സല്‍മാന്‍ റുഷ്ദിയുടെ നോവലുകള്‍ക്കുള്ള ദോഷമിതാണ്. വിദ്വേഷമാണ് അദ്ദേഹത്തിന്റെ ഓരോ രചനയിലും കാണുക. അതിനാല്‍ അവയുടെ പാരായണം മാനസികച്യുതി ഉണ്ടാക്കുന്നു. റുഷ്ദിയുടെ Grimus എന്ന നോവല്‍ എന്റെ കൈയിലുണ്ടെങ്കിലും ഞാനിതുവരെ അതു വായിച്ചിട്ടില്ല പാരായണ യോഗ്യമല്ലാത്തതുകൊണ്ടാണ് വായിക്കാത്തത് എന്നു കരുതേണ്ടതില്ല. അദ്ദേഹത്തിന്റെ മറ്റു നോവലുകളും പാരായണ യോഗ്യങ്ങളല്ല. Grimus നു ശേഷം റുഷ്ദി പ്രസിദ്ധപ്പെടുത്തിയ Shame (1984) ഞാന്‍ പ്രയാസപ്പെട്ടു വായിച്ചു. സുള്‍ഫിക്കര്‍ അലി ഭൂട്ടോയും (നോവലില്‍ ഇസ്കന്തര്‍ ഹാരപ്പ) സിയാഉള്‍ ഹക്കും (നോവലില്‍ റാസാ ഹൈദറും) തമ്മിലുള്ള ശണ്ഠയെ സ്വന്തം വിദ്വേഷത്തിന്റെ തലത്തിലേക്കു താഴ്ത്തിക്കൊണ്ടുവന്നിരിക്കുകയാണ് റുഷ്ദി. ഭൂട്ടോയെക്കുറിച്ചും സിയാഉള്‍ ഹക്കിനെക്കുറിച്ചും റുഷ്ദിക്ക് എന്തഭിപ്രായവുമാകാം. വായനക്കാര്‍ക്കും സ്വന്തമായ അഭിപ്രായങ്ങള്‍ കാണുമല്ലോ. പക്ഷേ കാല്‍പനിക കഥയുടെ തലത്തില്‍ വിശ്വാസ്യത ഉളവാക്കുന്ന കഥാപാത്രങ്ങളാണ് അവ. അത് ഈ നോവലില്‍ ഉണ്ടാകുന്നില്ല. രാജഭക്തി മൂല്യമാണെന്നു വിശ്വസിക്കാത്തവര്‍ക്കും ‘മാര്‍ത്താണ്ഡവര്‍മ്മ’ എന്ന നോവലിലെ അനന്തപദ്മനാഭന്‍ എന്ന രാജഭക്തനായ കഥാപാത്രം വിശ്വാസ്യത ജനിപ്പിക്കുന്നു. മറ്റൊരു തരത്തില്‍ പറയാം. ‘ഫിക്ഷന്റെ ലവലില്‍’ ആ കഥാപാത്രം ജീവിക്കുന്നു. പാക്കിസ്ഥാനിലെ ഭരണക്രമത്തോടു വിദ്വേഷമുള്ള റുഷ്ദി തന്റെ കഥാപാത്രത്തിലൂടെ ആ വിദ്വേഷത്തെ മാത്രമേ പ്രകടിപ്പിച്ചിട്ടുള്ളു. അതുകൊണ്ട് Shame എന്ന നോവല്‍ സാഹിത്യലോകത്തെ ഒരു ഷെയിമായിത്തന്നെ അധ:പതിച്ചുപോയി.

‘ഷെയി’ മിനു മുമ്പ് റുഷ്ദി എഴുതിയ Midnight’s Children (1980) മറ്റൊരു വിദ്വേഷ പ്രകടനമാണ്. 1947 ആഗസ്റ്റ് 15 ന് അര്‍ധരാത്രി ഇന്ത്യ സ്വതന്ത്രമായി. അപ്പോള്‍ ജനിച്ച സലിമിന്റെ കഥയാണ് ഈ നോവലിലുള്ളത്. സലിമിനോടൊപ്പം 1001 ശിശുക്കള്‍കൂടി ജനിച്ചു പോലും. സൂക്ഷ്മം പന്ത്രണ്ടു മണിക്കു ജനിച്ച സലിമിനും മറ്റൊരു ശിശുവായ ശിവനും വല്ലാത്ത മാന്ത്രികശക്തിയുണ്ടത്രെ. സലിമിനു വലിയ മൂക്കുണ്ട്. അവന്‍ അതിന്റെ സഹായത്തോടെ എല്ലാവരുടെയും മാനസിക പ്രവര്‍ത്തനങ്ങള്‍ അറിയുന്നു. ഇത്രയും പറഞ്ഞതിനുശേഷം റുഷ്ദി. നെഹറുവിനെ കളിയാക്കുന്നു. അദ്ദേഹം സലിം എന്ന ശിശുവിന് കത്തയയ്ക്കുന്നു. ‘You are the newest bearer of that ancient face of India which is also elernally young. We shall be watching over your life with the cloests attention, it will be in a sense, the mirror of our own. തുടരെത്തുടരെ എല്ലാവരുടെയും പേര്‍ക്കു അമ്പുകളയക്കുന്നു റുഷ്ദി. ഇന്ദിരാഗാന്ധിയെ അപമാനിച്ചതിന്റെ പേരില്‍ കെയ്സ് വരെ ഉണ്ടായത് വായനക്കാര്‍ ഓര്‍മ്മിക്കുമല്ലോ. എന്റെ ഓര്‍മ്മ ശരിയാകണമെങ്കില്‍ ശ്രീ. ഇ. എം. എസിനെയും അദ്ദേഹം നോവലില്‍ ആക്ഷേപിച്ചിട്ടുണ്ട്. (പുസ്തകം മറിച്ചുനോക്കിയിട്ട് ആ ഭാഗം കണ്ടില്ല. ) വ്യക്തികളെ ഇങ്ങനെ അപമാനിച്ചിട്ട്, റുഷ്ദി ഹിന്ദു മിഥോളജിയെ ആക്ഷേപിക്കുന്നു. ശിവന്റെ ലിംഗച്ഛേദംവരെ അദ്ദേഹം നോവലില്‍ എടുത്തു പറയുന്നുണ്ട്.

ഈ നിന്ദനവും അപമാനവും പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നില്ലെന്നു കണ്ട റൂഷ്ദി ഒരുതരം ‘ഫുള്‍ഹര്‍ഡികറേജോടുകൂടി The Satanic Verses എഴുതി, ആപത്തില്‍പ്പെട്ടു. വിശുദ്ധനായ മുഹമ്മദ് നബിയുടെ ജീവിതത്തെ റുഷ്ദി നോവലിലെ അഞ്ഞൂറു പുറങ്ങള്‍ ഉപയോഗിച്ച് ആക്ഷേപിച്ചു. പ്രവാചകനെ അധിക്ഷേപിച്ച നോവലിസ്റ്റിനെ …താച്ചറെ Mrs. Torture എന്നും Maggie the Bitch എന്നും വിളിക്കാന്‍ എന്തു പ്രയാസം? അഭിതാഭ്ബച്ചനോട് എനിക്കു ബഹുമാനമില്ല; സ്നേഹമില്ല പക്ഷേ, റുഷ്ദി അദ്ദേഹത്തെ നോവലില്‍ അസഭ്യത്തില്‍ കുളിപ്പിച്ചിരിക്കുന്നു. അത് നിന്ദ്യമായിത്തോന്നി എനിക്ക്. അക്കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ Airline Pilot എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സംസ്കാരത്തിന്റെ തലത്തില്‍ നോക്കുമ്പോള്‍ ഒരു ഓടയാണ് റുഷ്ദിയുടെ നോവല്‍. കലയുടെ തലത്തില്‍ നോക്കുമ്പോഴും അത് ഓടതന്നെ. ഇത്തരം ഓടസാഹിത്യത്തെ പൊക്കിക്കൊണ്ട് ചില പടിഞ്ഞാറന്‍ സാഹിത്യകാരന്‍മാരും നാടന്‍ സായ്പന്‍മാരും നടക്കുന്നുണ്ട്. വീണ്ടും പറയട്ടെ, ഫിക്ഷന്റെ തലത്തില്‍ നില്‍ക്കുന്നവയല്ല റുഷ്ദിയുടെ രചനകള്‍. അതുകൊണ്ട് അവയെ കലാസൃഷ്ടികളായി പരിഗണിക്കാന്‍ വയ്യ

ഇത്രയും പൂര്‍വപീഠികയായി എഴുതിയത് റുഷ്ദിയുടെ Haroun and the Sea of Stories എന്ന പുതിയ നോവലിനെക്കുറിച്ച് പറയാനാണ് (Granta Books, London, Rs. 175).

ആലിഫ്ബേ രാജ്യത്ത് ഏറ്റവും വിഷാദാത്മകമായ ഒരു നഗരമുണ്ടത്രെ. വിഷാദമഗ്നമായ കടലിന്റെ തീരത്താണ് അത്. ആ പട്ടണത്തിന്റെ വടക്കുഭാഗത്തുള്ള വലിയ തൊഴില്‍ശാലകളില്‍ വിഷാദം നിര്‍മ്മിച്ചിരുന്നു. നഗരത്തിന്റെ ‘അഗാധതയില്‍’ കഥ പറയുന്ന റഷീദും അയാളുടെ മകന്‍ ഹാറൂണും വസിച്ചിരുന്നു. റഷീദിന്റെ ശത്രുക്കള്‍ അയാളെ ഷാ ഓഫ് ബ്ളാ (Shah of Blah) എന്നാണ് വിളിച്ചിരുന്നത്. (ബ്ളാ എന്നത് ഒരമേരിക്കന്‍ ഗ്രാമ്യപദമാണ്. അസംബന്ധം എന്നര്‍ത്ഥം) കഥാസമുദ്രത്തില്‍ നിന്ന് കഥകള്‍ സ്വീകരിച്ച് അവ ബഹുജനത്തിനു പറഞ്ഞുകൊടുത്തിരുന്ന റഷീദിന്റെ ആഖ്യാനശക്തി പെട്ടന്ന് ഇല്ലാതെയായി. അതിനു കാരണക്കാരന്‍ നിശബ്ദതയുടെ രാജകുമാരനായ ഖത്തംഷുദ്ദാണ്. അയാള്‍ കഥാസമുദ്രത്തില്‍ വിഷം കലക്കിയത്രെ. മാത്രമല്ല റഷീദ് നല്ല ഭര്‍ത്താവായിരുന്നെങ്കിലും ഒരു ദിവസം ഭാര്യ അയാളെ ഉപേക്ഷിച്ച് പൊയ്ക്കളഞ്ഞു. അതിനുശേഷം കഥ പറയാനായി വാതുറന്ന റഷീദിന് Ark എന്നു ശബ്ദിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. ‘Ark’. That was all that came out. The Shah of Blah sounded like a stupid crow Ark, ark,ark. (page 26) കഥാസാഗരത്തില്‍ വിഷം കലര്‍ത്തുന്ന ഖത്തം ചൂപ്പ് നഗരത്തിന്റെ അധിപതിയാണ്. ചന്ദ്രന്റെ, പ്രകാശമില്ലാത്ത ഭാഗത്താണ് ചൂപ്പ് നഗരം. ചൂപ്പ് നഗരത്തിനുനേരെ വിരുദ്ധമാണ് ഗപ് നഗരം. ഗപ് നഗരം പ്രകാശത്തിന്റെ നഗരമാണ്. ചൂപ് ഇരുട്ടിന്റെയും. ചൂപ് പട്ടണത്തിലെ ആളുകളുടെ ചുണ്ടുകള്‍ സിപ്പ് (Zip) കൊണ്ട് അടച്ചുവച്ചിരിക്കുകയാണ്. ഗപ് നഗരത്തിലെ ബാത്ചീത് രാജകുമാരിയെ ചൂപ് നഗരത്തിലുള്ളവര്‍ പിടിച്ചുകൊണ്ടുപോയി. അവളുടെ ചുണ്ടുകളും സിപ്പ് കൊണ്ട് അടച്ചുകളയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. ഗപ് നഗരം ചന്ദ്രന്റെ പ്രകാശമുള്ള ഭാഗത്താണ്. അവിടത്തെ ജനറല്‍ കിതാബ്. അയാളുടെ സൈന്യം പുസ്തകങ്ങള്‍. ആ രാജ്യം ഭരിക്കുന്നത് ബോലോ രാജകുമാരന്‍. ഇരുണ്ട നഗരവും തെളിഞ്ഞ നഗരവും തമ്മില്‍ യുദ്ധമുണ്ടായി. ഹാറൂണിന് കിട്ടിയ ഒരു മാന്ത്രികായുധം പ്രയോഗിച്ച് ചൂപ് നഗരത്തിലെ ആളുകളെ അന്ധന്‍മാരാക്കി തോല്‍പിച്ചു. അതോടെ കഥ പറയാനുള്ള ശക്തി റഷീദിനു വീണ്ടുകിട്ടി. അവര്‍ തിരിച്ചു വീട്ടിലെത്തി. അതാ അയാളുടെ ഭാര്യ ഇരട്ടിച്ച സൗന്ദര്യത്തോടെ നില്‍ക്കുന്നു. റഷീദും ഹാറൂണും അമ്പരന്നുപോയി. എല്ലാവരും ആശ്ളേഷത്തിലമര്‍ന്നു. റഷീദിന്റെ ഭാര്യയുടെ പാട്ട് ഭവനത്തിലാകെ നിറയുമ്പോള്‍ റുഷ്ദിയുടെ ലാക്ഷണിക നോവല്‍ അവസാനിക്കുന്നു.

കുട്ടികള്‍ക്കുവേണ്ടിയാണ് ഈ നോവലെഴുതിയതെന്നു റുഷ്ദി പറഞ്ഞെങ്കിലും ഇതിലെ അലിഗറി — ലാക്ഷണികത്വം — കുട്ടികള്‍ക്കു മനസിലാവുന്നതല്ല. പ്രായമായവരെ സംബന്ധിച്ചിടത്തോളം ഇതു ക്ഷുദ്രവുമാണ്. റൂഷ്ദിയുടെ വിഷാദമഗ്നമായ നഗരം അദ്ദേഹം ഒളിവില്‍ താമസിക്കുന്ന സ്ഥലം തന്നെയാണ്. റുഷ്ദി തന്നെയാണ് റഷീദ്. ഹാറൂണ്‍ അദ്ദേഹത്തിന്റെ മകന്‍ സഫര്‍. ആ കുട്ടി റൂഷ്ദിയുടെ ഭാര്യയോടു കൂടി പോയിയെന്നാണ് എന്റെ അറിവ്. റഷീദിന്റെ ഭാര്യ വീടുപേക്ഷിച്ച് പോയതുപോലെ റുഷ്ദിയുടെ ഭാര്യയും അദ്ദേഹത്തെ വേണ്ടെന്നുവച്ച് അമേരിക്കയിലേക്കുപോയി. ഖത്തം, ഖൊമൈനിയാണ്. ചന്ദ്രന്റെ പ്രകാശം തട്ടാത്ത സ്ഥലം ഇറാനാണെന്ന് റുഷ്ദി സൂചിപ്പിക്കുന്നു. അതിന്റെ അധീശനായ നിശബ്ദതയുടെ രാജകുമാരന്‍ — ഖത്തം — ആവിഷ്കാര സ്വാതന്ത്രത്തൈ ഇല്ലാതാക്കിയതിനെയാണ് കഥാസമുദ്രത്തില്‍ വിഷം കലക്കിയതായി റുഷ്ദി വ്യപദേശിക്കുന്നത്. വധശിക്ഷ പ്രഖ്യാപിച്ചതോടെ റുഷ്ദി മണ്ടന്‍ കാക്കയെപ്പോലെ ആര്‍ക്, ആര്‍ക് എന്നു ശബ്ദിച്ചുകൊണ്ടിരുന്നു. ചൂപ് നഗരം (ഹിന്ദുസ്ഥാനി ഭാഷാപ്രയോഗം — മിണ്ടാട്ടമില്ലാത്ത സ്ഥലം എന്നര്‍ത്ഥം) ഗപ് നഗരത്താല്‍ തോല്‍പ്പിക്കപ്പെടുന്നു. ഗപ് നഗരം സംസ്കാരഭദ്രമായ സ്ഥലമാണ്. അവിടെ പ്രകാശം മാത്രം. അതിനെ സംരക്ഷിക്കുന്നത് ജനറല്‍ കിതാബ്. ബോലോ (സംസാരിക്കുന്ന) രാജകുമാരന്‍ ഭരണകര്‍ത്താവ്. സംസ്ക്കാരം സംസ്കാരമില്ലായ്മയെ നശിപ്പിക്കുമ്പോള്‍, പ്രകാശം ഇരുട്ടിനെ ജയിച്ചടക്കുമ്പോള്‍ കഥ പറയാന്‍ റഷീദിന് കഴിയുന്നു. അപ്പോള്‍ ആവിഷ്കാര സ്വാതന്ത്യമുണ്ടാകുമെന്ന് അഭിവ്യജ്ഞിപ്പിക്കുകയാണ് റുഷ്ദി. പിന്നീട്ടുള്ള ഭാര്യയുടെ ആഗമനവും മറ്റും വിഷ്‌ഫുള്‍ തിങ്കിങ്ങായി പരിഗണിച്ചാല്‍ മതി. മഹാന്‍മാരെ നിന്ദിക്കുന്നതാണ് ആവിഷ്കാര സ്വാതതന്ത്ര്യമെന്ന് തെറ്റിദ്ധരിച്ച റുഷ്ദിയുടെ ഈ നോവല്‍ അലിഗറി — ലാക്ഷണിക കഥ — ആയതുകൊണ്ട് കലാത്മകമല്ലെന്നാണ് എനിക്ക് ആദ്യമായി പറയാനുള്ളത്. ലാക്ഷണിക കഥയിലെ അടയാളങ്ങള്‍ കാര്യകാരണബന്ധങ്ങള്‍ നോക്കാതെയുള്ള അടയാളങ്ങള്‍ മാത്രമാണ്. ആശയത്തിനും അടയാളത്തിനും ബന്ധമില്ല. അതിന് സാര്‍വലൗകികമായ സാംഗത്യവുമില്ല. ദുഷ്ടത എന്ന ആശയത്തെ എഴുത്തുകാരന് ആവിഷ്കരിക്കണമെങ്കില്‍ ഒരു പിശാചിനെ കഥയില്‍ കൊണ്ടുവന്നാല്‍ മതി. ആ പിശാച് ദുഷ്ടതയാണെന്നു വായനക്കാരന്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നീടുള്ള പാരായണം വിരസമായിത്തീരും. ഒരാള്‍ പെട്ടന്ന് ‘അതാ സിംഹം വരുന്നു’ എന്നു പറഞ്ഞെന്നിരിക്കട്ടെ. ശ്രോതാവ് പേടിച്ചോ അദ്ഭുതപ്പെട്ടോ തിരിഞ്ഞുനോക്കുന്നു. രാമന്‍ വരുന്നതു കാണുന്നു അയാള്‍. രാമന്റെ ധീരതെയാണ് സിംഹശബ്ദം സൂചിപ്പിക്കുന്നതെന്നു ഗ്രഹിച്ച് ശ്രോതാവ് താല്‍പര്യമകന്ന് ഇരുന്നിടത്തുതന്നെ ഇരിക്കുന്നു. സിംഹത്തെ രാമനെന്ന് മനസിലാക്കുന്ന താല്‍ക്കാലികമായ മാനസിക പ്രക്രിയ ക്ഷണനേരത്തേക്കു മാത്രമേ ആഹ്ളാദദായകമാകുന്നുള്ളു. പിന്നീടൊക്കെ വൈരസ്യമാണ്. നിശ്ശബ്ദതയുടെ രാജകുമാരന്‍ ഖൊമൈനിയാണെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ അനുവാചകന് പാരായണകൗതുകം തീര്‍ന്നുപോകും. അതുപോലെ ഈ നോവലിലെ ഓരോ അടയാളവും ഓരോ ആശയത്തിന് പ്രാതിനിധ്യം വഹിക്കുന്നു.

ഈ അടയാളങ്ങളില്ലാതെ ലണ്ടനെന്നും ഇറാനെന്നും ഖൊമെയ്നിയെന്നും ഒക്കെ സ്പഷ്ടമായിപ്പറഞ്ഞു റുഷീദി ആഖ്യാനം നിര്‍വഹിച്ചുവെന്നു വിചാരിക്കുക. നമ്മള്‍ ഒരു പുറത്തിനപ്പുറം വായിക്കുകയില്ല. സിംബലിസം പ്രതിരൂപാത്മകത്വം — വിഭിന്നമാണ്. ജലാശയത്തിലേക്ക് എറിഞ്ഞ കല്ല് ഒരു തിരയുളവാക്കുന്നു. ആ തിര മറ്റൊന്നിനു കാരണമാകുന്നു. അങ്ങനെ തിരകള്‍ ധാരാളമുണ്ടാകുന്നു. ആ തിര മറ്റൊന്നിനു കാരണമാകുന്നു. അങ്ങനെ തിരകള്‍ ധാരാളമുണ്ടാകുന്നു, അമ്മട്ടില്‍ കലാകാരന്‍ പ്രയോഗിക്കുന്ന പദമോ പ്രതിരൂപമോ അനന്തങ്ങളായ അര്‍ഥവിശേഷങ്ങള്‍ ജനിപ്പിക്കുന്നതിനെയാണ് സിംബലിസമായി കരുതുന്നത്. കാഫ്ക യുടെ നോവലുകള്‍ ഇന്നും വിമര്‍ശനവിധേയങ്ങളായിരിക്കുന്നത് അവയുടെ പ്രതിരൂപാത്മകതയിലാണ്. റുഷ്ദിയുടെ ഈ നോവലിലെ കഥാപാത്രങ്ങള്‍ക്കു ജീവനില്ല. ആത്മാവില്ല. അവ ചില അമൂര്‍ത്താശയങ്ങളുടെ അടയാളങ്ങള്‍ മാത്രമാണ്. ഇക്കാരണത്താല്‍ ഈ നോവല്‍ കലയുടെ മണ്ഡലത്തില്‍ പ്രവേശിക്കുന്നില്ല. Midnight’s Children, Shame, The Satanic Verses ഈ മൂന്നു നോവലുകളിലൂടെ ഇന്ത്യയോടും പാക്കിസ്ഥാനോടും ഇസ്ലാമിനോടും തനിക്കുള്ള വെറുപ്പ് മാത്രം യഥാക്രമം പ്രദര്‍ശിപ്പിച്ച റുഷ്ദി കാരാഗൃഹവാസം പോലുള്ള വാസത്താല്‍ ആ വെറുപ്പിനെ ലഘൂകരിച്ചിട്ടുണ്ടെങ്കിലും തന്റെ മനസ്സിന്റെ ആ അടിസ്ഥാന സ്വഭാവത്തെ ദൂരീകരിച്ചിട്ടില്ല. ആ വെറുപ്പ്, കടിച്ചവന്റെ ശവമെരിയുന്നതുകാണാന്‍ മരക്കൊമ്പില്‍ കയറിക്കിടക്കുന്ന ‘കൊമ്പേറിപ്പാമ്പി’നെപ്പോലെ എല്ലാവരേയും നോക്കിക്കൊണ്ടിരിക്കുന്നു. അതിനെ കാണുന്നവര്‍ പേടിക്കുന്നു.

കലയുടെയും സാഹിത്യത്തിന്റെയും പേരുപറഞ്ഞു മാലിന്യം വലിച്ചുകൂട്ടിയിട്ട് ആ കൂമ്പാരത്തിന്റെ മുകളില്‍ കയറി നില്‍ക്കുന്ന റുഷ്ദിയെ ‘കണ്ടോ അദ്ദേഹത്തിന്റെ പൊക്കം!’ എന്ന് സായ്പന്‍മാര്‍ അദ്ഭുതവിവശരായി പറയുന്നു. ചില ഇന്ത്യന്‍ പത്രങ്ങളും അതേറ്റുപറയുന്നു. പക്ഷേ, മാലിന്യത്തിന്റെ മലയാണ് റുഷ്ദിക്കു പൊക്കം നല്‍കുന്നതെന്ന് ആരുമറിയുന്നില്ല.