close
Sayahna Sayahna
Search

അക്ഷരങ്ങളെ അഗ്നിയായ് ജ്വലിപ്പിക്കുന്ന മഹാൻ


അക്ഷരങ്ങളെ അഗ്നിയായ് ജ്വലിപ്പിക്കുന്ന മഹാൻ
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പ്രകാശത്തിന് ഒരു സ്തുതിഗീതം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 118 (ആദ്യ പതിപ്പ്)

Externallinkicon.gif പ്രകാശത്തിന് ഒരു സ്തുതിഗീതം


ഈലീ വൈസലിന് (Elie Weisel — എലീ എന്നും ഉച്ചാരണം) സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കിയിരിക്കുന്നു. ഈ മഹാനായ എഴുത്തുകാരന്റെ സാംസ്കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞിട്ടുള്ളവരെല്ലാം ഇത് ഉചിതജ്ഞത തികഞ്ഞ സമ്മാനദാനമാണെന്നു സമ്മതിക്കാതിരിക്കില്ല. യദ്ധ കൊതിയന്‍മാര്‍ക്കും വഞ്ചകന്‍മാര്‍ക്കും ചില സന്ദര്‍ഭങ്ങളില്‍ ലഭിച്ചിട്ടുള്ള ഈ സമ്മാനം സ്വാതന്ത്ര്യത്തിന്റെ സ്തോതാവായ ഒരു മഹാവ്യക്തിക്കു ലഭിക്കുമ്പോള്‍ ഏവരും ആഹ്ലാദിക്കും. ആ ആഹ്ലാദമാണു നമുക്കിപ്പോള്‍.

കശാപ്പുശാലയായി മാറിയിരിക്കുന്ന ആധുനിക ലോകത്തു സ്വാതന്ത്ര്യം ഒന്നു മാത്രമാണ് മനുഷ്യന് അഭികാമ്യം, ചോര ചിന്തുന്നതിനെക്കാള്‍ അധമമായി ഇവിടെ ഒന്നുമില്ല എന്ന് ഉദ്ഘോഷിച്ചുകൊണ്ടു നില്‍ക്കുന്ന ഈലീ വൈസല്‍ നമുക്കു പ്രത്യാശ ഉളവാക്കുന്നു. നമ്മുടെ വിഷാദങ്ങള്‍ സ്വപ്നങ്ങളിലേക്കു പ്രവഹിക്കുമ്പോള്‍, നമ്മുടെ കണ്ണീര് ഓരോ പ്രഭാതത്തിലേക്കും ഒലിക്കുമ്പോള്‍ ഈലീ വൈസല്‍ പറയുന്നു:

My father, an enlightened spirit believed in man
My grandfather, a fervent Hasid believed in God.
The one taught me to speak, the other to sing
Both loved stories.
And when I tell mine, I hear their voices.
Whispering from beyond the silenced storm
They are what links the survivor to their memory.
(Souls on Foie and Somewhere A Master — Elie Wiesel — Penguin Books)

മനുഷ്യനിലും ഈശ്വരനിലും ഒരേ മട്ടില്‍ വിശ്വസിക്കുന്ന ഈലീ വൈസല്‍ കഥകള്‍ പറയുന്നു. മനുഷ്യന്റെയും ഈശ്വരന്റെയും ശബ്ദം നമ്മളെ കേള്‍പ്പിക്കുന്നു. അദ്ദേഹത്തിനു ധനവാദം.

നാത്സികള്‍ നടത്തിയ ജൂതവധത്തെ നിന്ദിച്ചു കൊണ്ടിരിക്കുന്ന ഈ ജൂത നോവലിസ്റ്റ് 1928 സെപ്റ്റംബര്‍ 30 നു റൊമേനിയയില്‍ സിഗെറ്റില്‍ ജനിച്ചു. ജൂതമതത്തോടു ബന്ധപ്പെട്ട വിദ്യാഭ്യാസമാണ് അദ്ദേഹത്തിനു ബാല്യകാലത്തു ലഭിച്ചത്. ആ കുട്ടിക്കാലത്തുതന്നെ വൈസലിനു തടങ്കല്‍ പാളയത്തില്‍ പോകേണ്ടിവന്നു. മനുഷ്യന്റെ സുന്ദരസ്വപ്നങ്ങളെ ചീഞ്ഞളിഞ്ഞ ആശയങ്ങള്‍കൊണ്ടു തകര്‍ത്ത ഭയങ്കരന്‍ — ഹിറ്റ്ലര്‍ — യൂറോപ്പിലെ ജൂതന്‍മാരെ സംഹരിക്കാന്‍ തയ്യാറായി വന്നു. രാജ്യം വീട്ട് ഓടാത്തവരെ അയാള്‍ ഔഷ്‌വിററ്സ് (Auschwitz) തടങ്കല്‍പ്പാളയത്തിലേക്ക് അയച്ചു. (തെക്കുപടിഞ്ഞാറന്‍ പോളണ്ടിലെ പട്ടണമാണ് ഔഷ്‌വിററ്സ്) അവരുടെ കൂട്ടത്തില്‍ ബാലനായ വൈസലും കുടുംബവും

ഉണ്ടായിരുന്നു. ഔഷ്‌വിററ്സില്‍നിന്ന് അവരെ കിഴക്കന്‍ ജര്‍മ്മനിയിലെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ബൂഹന്‍വാള്‍ററ് (Butchenwald) തടങ്കല്‍പ്പാളയത്തിലേക്കു മാററി. വൈസലിന്റെ അച്ഛനമ്മമാരെയും ഇളയസഹോദരിയെയും നാത്സികള്‍ അവിടെവച്ചു നിഗ്രഹിച്ചു. ഒരപരാധവും ചെയ്യാത്ത ജൂതന്‍മാര്‍ ലക്ഷക്കണക്കിനു വധിക്കപ്പെട്ടു. വൈസല്‍ ഭാഗ്യാതിരേകത്താല്‍ രക്ഷപ്പെട്ടു പാരീസിലെത്തി. 1948 തൊട്ട് 1951 വരെ പാരീസ് സര്‍വകലാശാലയുടെ ആസ്ഥാനമായ ബൊര്‍ബൊണിലായിരുന്നു. 1956 ല്‍ അദ്ദേഹം ന്യൂയോര്‍ക്കിലെത്തി ആ പട്ടണത്തിലെ ‘സിററിക്കോളേജി’ല്‍ 1972 തൊട്ട് 1976 വരെ പ്രൊഫസറായി സേവനമനുഷ്ഠിച്ചതിനുശേഷം അദ്ദേഹം 1976 ല്‍ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ ഹ്യൂമാനിറ്റീസിന്റെ പ്രൊഫസറായി ചേര്‍ന്നു.

കലാസ്വാദകനു രക്തം ചിന്തുന്നതു കാണാന്‍ വയ്യ. അച്ഛനമ്മമാരുടെയും സഹോദരിയുടെയും ചോര നാസ്തികള്‍ ചിന്തിയപ്പോള്‍ കലാരാധകനായ വൈസല്‍ ഞെട്ടിപ്പോയി. ആ പ്രകമ്പനം മനോഹരവും ഹൃദയ ദ്രവീകരണ സമര്‍ത്ഥവുമായ ഒരു നോവലിലൂടെ അദ്ദേഹം ആവിഷ്കരിച്ചു. അതിന്റെ പേരാണു Night–1958.

സാന്‍മാര്‍ഗിതത്വവും ആദര്‍ശങ്ങളും വെട്ടിവീഴ്ത്തിയ ഹിറ്റ്ലര്‍ ഔഷിവിററ്സ് ക്യാമ്പില്‍വച്ചു തന്റെ കൂടെയുള്ളവരെ നിഗ്രഹിച്ചതു കണ്ടപ്പോള്‍ വൈസൽ എന്ന ജൂതനിൽ മറഞ്ഞിരുന്ന കലാകാരൻ ഉണര്‍ന്നു. “ഈശ്വരന്‍ നമ്മെ പരീക്ഷിക്കുകയാണ്” എന്നു ചില ജൂതന്‍മാര്‍ പ്രഖ്യാപിച്ചു. വൈസലിന് അതിനോടു യോജിക്കാന്‍ കഴിഞ്ഞില്ല. “ജീവിച്ചിരിക്കുന്നതു മരിച്ചവരോടുള്ള വഞ്ചനയാണ്” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. മറ്റൊരു നോവല്‍ രൂപംകൊണ്ടു. — The Gates of the Forest 1964. നാത്സികള്‍ ആക്രമിച്ചു കീഴടക്കിയ ഹംഗറിയില്‍ അവര്‍ നടത്തിയ ഹിംസാത്മക പ്രവര്‍ത്തനങ്ങളെ സ്പഷ്ടമാക്കുന്ന ഈ നോവലിന്റെ ആവിര്‍ഭാവത്തോടുകൂടിയാണ് ഈലീ വൈസാല്‍ രാഷ്ട്രാന്തരീയ പ്രശസ്തിയാര്‍ജിച്ചത്. 1968 ല്‍ പ്രസിദ്ധപ്പെടുത്തിയ A Beggar in Jerusalem അദ്ദേഹത്തെ മഹായശസ്ക്കനാക്കി. നാത്സികളുടെ ക്രൂരത, ക്രൂരനായ ഒരീശ്വരന്റെ ബോധം നമുക്കുളവാക്കുന്നുണ്ടോ? എഴുതിവച്ച ചരിത്രവും പ്രത്യക്ഷനായ ചരിത്രവും മനുഷ്യത്വശൂന്യങ്ങളാണോ? ആ മനുഷ്യത്വശൂന്യതയ്ക്ക് ഈശ്വരന്‍ കൂട്ടുനില്‍ക്കുന്നുവോ? എങ്കില്‍ മനുഷ്യരായ നമ്മള്‍ വിമോചകരായി മാറണം. അപ്പോള്‍ നമ്മള്‍ മനുഷ്യത്വത്തില്‍ നിന്നു ദേവത്വത്തിലേക്ക് ഉയരും. ഇതാണ് ഈലീ വൈസല്‍ തന്റെ മനോജ്ഞങ്ങളായ സാഹിത്യ കൃതികളിലൂടെ നമുക്കു നല്‍കുന്ന സന്ദേശം. അദ്ദേഹത്തിന്റെ Dawn (1960), The Accident (1961), The Town Beyond the Wall (1962), The Legends of Our Time (1966), The Jews of Silence (1966) എന്ന മററു കൃതികള്‍ നല്‍കുന്ന സന്ദേശവും ഇതു തന്നെ (ഈ ലേഖകന്‍ ഇവയില്‍ ചിലതേ വായിച്ചിട്ടുള്ളു).

ഇക്കൂട്ടത്തില്‍ പറയാത്ത ഒരു നോവല്‍ ഇതെഴുതുന്ന ആളിനെ വല്ലാതെ ആകര്‍ഷിച്ചു. The Oath എന്നാണതിന്റെ പേര്. നാത്സികളുടെ നൃശംസതകണ്ടു ജൂതന്‍മാര്‍ നിശബ്ദരായിരുന്നില്ലേ? ഭയം വിറപ്പിക്കുമ്പോള്‍, സ്വന്തം ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദം പോലും ‍ഞെട്ടലുളവാക്കുമ്പോള്‍ ജൂതന്‍ ശബ്ദിക്കുന്നതെങ്ങനെ? ഈ നിശബ്ദതയെ ഒരു കഥാപാത്രത്തില്‍ നിവേശിപ്പിക്കുകയാണ് ഈലീ വൈസന്‍.

കിഴക്കന്‍ യൂറോപ്പിലെ ഒര കൊച്ചുപട്ടണം. സംഘടിതമായ കൂട്ടക്കൊലപാതകം (ജൂതരുടെ) അവിടെ നടന്നു. അവശേഷിച്ചവന്‍ ഒരാള്‍ മാത്രം. അയാള്‍ പ്രതിജ്ഞ ചെയ്തു. ആ പട്ടണത്തിന്റെ യാതനകളെക്കുറിച്ച്, അവിടത്തെ പേടിസ്വപ്നങ്ങളെക്കുറിച്ച് താനൊന്നും മിണ്ടുകയില്ലെന്ന്; ഒരിക്കലും നിശബ്ദത ഭഞ്ജിക്കുകയില്ലെന്ന്.

“For you see, I am not free. My voice is a prisoner. And though at times words bend to my will, silence no longer obeys me: it has become my master. More powerful than the word, it draws its strength and secret from a savagely demented universe doomed by its wretched and deadly past” — ഈ സത്യവും പരിപാലിച്ച് അയാള്‍ അലഞ്ഞുതിരിയുമ്പാള്‍ ആത്മഹത്യക്കു ഭാവിച്ച ഒരു യുവാവിനെ കാണുന്നു. അപ്പോള്‍ നിശബ്ദത ഭഞ്ജിക്കപ്പെടുന്നു.

ഞാന്‍ അയാളോട് ചോദിച്ചു: “നിങ്ങള്‍ പശ്ചാത്തപിക്കുന്നോ? സംസാരിച്ചുപോയതുകൊണ്ട് നിങ്ങള്‍ പശ്ചാത്തപിക്കുന്നോ?”

“ഇല്ല. നിങ്ങളോ?”

ഞാന്‍ മന്ദഹാസം പൊഴിച്ചു. “ഞാനെന്തിനു പശ്ചാത്തപിക്കണം?”

രണ്ടുപേരും യാത്രപറഞ്ഞു പിരിയുമ്പോള്‍ നേവല്‍ അവസാനിക്കുന്നു. നിശബ്ദത ലംഘിച്ചു വേദനിക്കുന്നു ‘മനുഷ്യരാശിക്കുവേണ്ടി’ ശബ്ദമുയര്‍ത്തുന്ന ഈലീ വൈസല്‍ എന്ന മനുഷ്യസ്നേഹിയെ നമ്മള്‍ ഈ നോവലില്‍ കാണുന്നു. ‘ഗ്രേററ്’ എന്നാണ് നിരൂപകര്‍ ഇതിനെ വിശേഷിപ്പിച്ചത്. A twentieth Century Jewish Odyssey എന്നു വാഴ്‌ത്തപ്പെടുന്ന The Testament എന്ന ഉജ്ജ്വലമായ നോവലില്‍ വൈസല്‍ മറ്റൊരു നാദമാണ് കേള്‍പ്പിക്കുന്നത്. 1952-ല്‍ സ്റ്റാലിന്‍ വധിച്ച കവികളുടേയും നോവലെഴുത്തുകാരുടേയും സ്മരണയുടെ മുമ്പില്‍ വീഴ്ത്തുന്ന ഒരു ബാഷ്പബിന്ദുവാണ് ഈ കലാസൃഷ്ടി. ആ മറ്റൊരു നാദവും മനുഷ്യസ്നേഹത്തിന്റെ നാദമത്രെ.

“ഒരു നാസ്തി മരണക്യാമ്പില്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ ശവപ്പറമ്പില്‍” അമേരിക്കന്‍ പ്രസിഡന്റും പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ചാന്‍സലറും ചെന്നുനില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ മഹാത്മാവായ ഈലി വൈസലിന്റെ ശബ്ദമുയര്‍ന്നു. മരണ ക്യാമ്പില്‍നിന്ന് രക്ഷപ്പെട്ട ആ മഹാവ്യക്തിയുടെ ശബ്ദം അമേരിക്കന്‍ പ്രസിഡന്റിനെ മാത്രമല്ല ലോകത്തുള്ള എല്ലാ പ്രതിലോമകാരികളേയും ‍ഞെട്ടിച്ചു: “That place, Mr. President, is not your place” (“മിസ്റ്റര്‍ പ്രസിഡന്റ്, ആ സ്ഥലം നിങ്ങള്‍ക്കു ചെല്ലാനുള്ളതല്ല”).

അന്തസു കെട്ട ഒരു പ്രവര്‍ത്തനത്തെ നിന്ദിച്ച ഈലീ വൈസല്‍, അങ്ങയുടെ വാക്കുകള്‍കേട്ട പ്രസിഡന്റ് ആ ശവപ്പറമ്പില്‍ പോയെങ്കിലും ക്ഷീണിച്ച മാംസപേശികളോടും തളര്‍ന്ന മനസോടും കൂടിയായിരിക്കും പോയത്. മനുഷ്യസ്നേഹത്തിന്റേയും ധര്‍മ്മചിന്തയുടേയും ശബ്ദമുയരുമ്പോള്‍ തെററു ചെയ്യന്നവന്‍ തളരുകില്ലേ?

അങ്ങേക്ക് ഈ സമ്മാനം കിട്ടിയതില്‍ ഞങ്ങള്‍ക്ക് അനല്‍പമായ ആഹ്ലാദമുണ്ട്. അര്‍ഹിക്കുന്നതിന് അംഗീകാരമുണ്ടാകുമ്പോള്‍ ആഹ്ലാദിക്കുന്നതും മനുഷ്യ സ്നേഹത്താലത്രെ.