close
Sayahna Sayahna
Search

ഈ കലാകാരനെ കാണൂ


ഈ കലാകാരനെ കാണൂ
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പ്രകാശത്തിന് ഒരു സ്തുതിഗീതം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 118 (ആദ്യ പതിപ്പ്)

Externallinkicon.gif പ്രകാശത്തിന് ഒരു സ്തുതിഗീതം


പൗരന്മാരുടെ ദിവസംതോറുമുള്ള ജീവിതത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന സ്ഥിതിവിശേഷങ്ങള്‍ പല രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്; ഉണ്ടാകുകയും ചെയ്യും. അപ്പോള്‍ രാജ്യവും സമുദായവും തമ്മിലുള്ള അന്തരം ഇല്ലാതാവുന്നു. രാഷ്ട്ര വ്യവഹാരപരങ്ങളായ കാര്യങ്ങള്‍ മാത്രമല്ല നിയന്ത്രിക്കപ്പെടുന്നത്. പൗരന്‍മാരുടെ വിശ്വാസങ്ങളേയും മൂല്യബോധത്തെയും സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നു. സര്‍ക്കാരിന് ഇഷ്ടമില്ലാത്ത മറുപടി നല്‍കുന്നവര്‍ ഇഹലോകത്തു നിന്ന് യാത്രയാവുന്നു. സ്വകാര്യപരമായ കുടുംബ ജീവിതം പോലും അപ്പോള്‍ സാദ്ധ്യമല്ല. ഈ നൃശംസത കാണുമ്പോള്‍ വികാരലോലമായ ഹൃദയമുള്ള കലാകാരന്‍മാര്‍ രണ്ടുവിധത്തില്‍ പ്രതികരിക്കുന്നുണ്ട്. അവര്‍ അവിടെത്തന്നെ താമസിച്ചുകൊണ്ട് കലാസൃഷ്ടികളിലൂടെ ആ ക്രൂരതയെ എതിര്‍ക്കും; വേറെ ചിലര്‍ അവിടെനിന്ന് പലായനം ചെയ്ത് മറ്റു രാജ്യങ്ങളില്‍ ആശ്രയംതേടി സ്വന്തം നാട്ടിലെ ക്രൂരതക്കെതിരായി കാവ്യങ്ങള്‍ രചിക്കും, കഥകള്‍ എഴുതും. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പ്രാധാന്യമുണ്ട് ഗാട്ടിമാലക്ക്. രാഷ്ട്ര വ്യവഹാര സംബന്ധിയായ പ്രക്ഷുബ്ധത ആ രാജ്യത്തുണ്ടാവുകയും ‘മിലിറ്ററി ജൂന്‍റ’കള്‍ ആ പ്രക്ഷുബ്ധതക്ക് ആക്കം കൂട്ടുകയും ചെയ്തപ്പോള്‍ അര്‍ജന്‍റീനയുടെ തലസ്ഥാനമായ ബ്വോനസ് അറീസില്‍ ചെന്നു താമസിച്ചു ഗാട്ടിമാലന്‍ നോവലിസ്റ്റ് മീഗല്‍ ആംഗേല്‍ ആസ്റ്ററിയാസ്. (Miguel Angel Asturias). ലാറ്റിനമേരിക്കന്‍ ഡിക്റേറ്റര്‍ഷിപ്പിനെ നിന്ദിച്ചുകൊണ്ട് അദ്ദേഹം El Senor Presidente എന്ന നോവലെഴുതി. ആസ്റ്റൂറിയാസിന് നോബല്‍ സമ്മാനം നേടിക്കൊടുത്തതും ഈ കലാസൃഷ്ടിയാണെന്ന് പറയാം. കൊളമ്പിയന്‍ നോവലിസ്റ്റ് ഗാര്‍സി ആ മാര്‍കേസും ചെക്കസ്ളോവാക്യന്‍ നോവലിസ്റ്റ് മിലാന്‍ കൂര്‍ഡേരയും ശരണാര്‍ത്ഥികളായി മറ്റു രാജ്യങ്ങളില്‍ പോയവരാണ്. എല്‍ സാല്‍വഡോറിലെ (El Salvador — എല്‍ സാൽവഡോര്‍ എന്നു സ്പാനിഷ് ഉച്ചാരണം) പ്രമുഖ നോവലിസ്റ്റായ മാന്‍ലിയോ ആര്‍ഗേറ്റ (1935 ല്‍ ജനനം) (Manlio Argueta) തന്റെ രാജ്യത്തിനു തെക്കു ഭാഗത്തുള്ള കോസ്റ്റ റിക്കയില്‍ (Costa Rica) ആശ്രയസ്ഥാനം കണ്ടെത്തിയിട്ട് കാലം കുറെയായി. എല്‍ സാല്‍വഡോറിലെ ഭരണക്രമമാണ് സെന്‍സിറ്റീവ് ആര്‍ട്ടിസ്റ്റായ ആര്‍ഗേറ്റയെ അവിടെനിന്ന് ഓടിച്ചതെന്ന് എടുത്തു പറയേണ്ടതില്ല. അദ്ദേഹത്തിന്റെ സുന്ദരമായ ഒരു രചനയാണ് ‘A Day in the Life in El Salvador’ എന്നത്. ജോസിന്റെ ഭാര്യ ആഖ്യാനം നിര്‍വഹിക്കുന്ന മട്ടിലാണ് കഥയുടെ രചന. അതിനാല്‍ അവളുടെ വാക്കുകളില്‍ത്തന്നെ കഥ സംഗ്രഹിച്ചെഴുതാം.

കാലത്ത് ആറുമണി

കിലോമീറ്റർ എന്നുവിളിക്കുന്ന സ്ഥലത്താണ് ഞങ്ങളുടെ താമസം. ഞങ്ങളില്‍ ഭൂരിപക്ഷവും നിർദ്ധനരാണ്. പക്ഷേ ദാരിദ്ര്യം ഞങ്ങള്‍ക്ക് കുറച്ചിലല്ല. ജോസാണ് എന്റെ ഭര്‍ത്താവ്. അദ്ദേഹം ഗിറ്റാര്‍ വായിക്കും. പാടും. അങ്ങനെയിരിക്കെ പാതിരിമാരെത്തി തിരുവത്താഴ ശുശ്രൂഷക്കായി. ഭൂമിയില്‍ എളിയ ജീവിതം നയിച്ചാല്‍ സ്വര്‍ഗരാദ്യത്ത് അഹളാദത്തോടെ കഴിയാനൊക്കുമെന്ന് അവര്‍ പറഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ വിരകളുടെ ഉപദ്രവംകൊണ്ട് മരിക്കുകയാണെന്ന് ഞങ്ങള്‍ അവരെ അറിയിച്ചു. എന്റെ ഒരു കുഞ്ഞ് കൊണ്ടുപോകുന്ന വഴിക്കുതന്നെ എന്റെ ശരീരത്തില്‍ മരിച്ചുവീണു; ദേഹത്തെ ജലാംശം വററിയതിനാലും വിരയുടെ ഉപദ്രവംകൊണ്ടും. കുഞ്ഞുങ്ങളുടെ വയറ് ഇളക്കണം. പിന്നെ പാല് കൊടുക്കണം എന്നാണ് പാതിരിമാരുടെ ഉപദേശം. പാലില്ല എന്നു പറഞ്ഞപ്പോള്‍ പാല്‍ക്കട്ടി വാങ്ങിച്ചു കൊടുക്കാന്‍ പാതിരി നിര്‍ദ്ദേശിച്ചു.

ഈ വിധത്തില്‍ ഞങ്ങള്‍ കഴിയുമ്പോള്‍ പട്ടാളക്കാരെത്തി. പാതിരിമാര്‍ എന്തുപറയുന്നുവെന്ന് അവര്‍ ഞങ്ങളോടു തിരക്കി. പട്ടാളക്കാര്‍ക്ക് പാതിരിമാരെ ഇഷ്ടമില്ല. ഒരുദിവസം ഒരു പാതിരി പകുതി മരിച്ച മട്ടില്‍ റോഡില്‍ കിടക്കുന്നതുകണ്ടു. അദ്ദേഹത്തിന്റെ മുഖം അവര്‍ വികൃതമാക്കിക്കളഞ്ഞു. അദ്ദേഹത്തിന്റെ മലദ്വാരംവഴി കമ്പടിച്ചു കയററിയിരിക്കുന്നു.

കാലത്ത് ആറര മണി

ഇന്ന് എനിക്ക് ആഹ്ളാദം എന്റെ ഭര്‍ത്താവ് ജോസ് ഇന്നലെ രാത്രി വന്നു വീട്ടില്‍ കഴിഞ്ഞു കൂടി; കാലത്ത് അഞ്ചുമണിക്ക് അദ്ദേഹത്തിന് പോകണമെങ്കിലും. ഞാന്‍ ജോസിനോട് പററിച്ചേര്‍ന്നു കിടന്നതും അദ്ദേഹത്തെ കെട്ടിപ്പിടിച്ചതും ഓര്‍മ്മിക്കുന്നു. ജോസിന്റെ ചൂട്. ജോസ് അങ്ങനെ പതിവായി വരാറില്ല. രാത്രി കുറ്റിക്കാട്ടിലാണ് ഉറക്കം. പകല്‍ സമയത്തു ജോലിയും. ഞങ്ങളുടെ മകന്‍ ജസ്റ്റിനോയെ കൊന്നുകളഞ്ഞതുകൊണ്ടാണത്. രാത്രി ഒളിച്ചിരുന്നില്ലെങ്കില്‍ ജോസിനെയും അവര്‍ കൊന്നുകളയും. മൂന്നു കൊച്ചുകൂഞ്ഞുങ്ങളുണ്ട് ഞങ്ങള്‍ക്ക്. അവര്‍ക്കുവേണ്ടി ഒളിച്ചു കഴിയാന്‍ ഞാന്‍ ജോസിനോടു പറഞ്ഞു.

കല്ലുകൊണ്ടല്ല ആരും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ജസ്റ്റിനോയുടെ മരണം എന്നെ നശിപ്പിച്ചു. ഞാനെന്തിനു കള്ളം പറയണം. അവനെന്തിനു സമരത്തില്‍ പങ്കെടുത്തു എന്ന് എനിക്കറിയാം. ജോസിനുപോലും പറയാന്‍ കഴിയാത്തവിധം അവന്‍ അക്കാര്യങ്ങള്‍ എന്നോടു പറയുമായിരുന്നു. പക്ഷേ ഞാന്‍ കരയുകയില്ല. എന്റെ കണ്ണീരു വീഴുന്നതു കണ്ടു ശത്രുക്കള്‍ സംതൃപ്തരാകാന്‍ ഞാന്‍ അനുവദിക്കില്ല.

9.30 കാലത്ത്

അധികാരികളെത്തി ചോദിച്ചു: “അഡോള്‍ഫിനോ ഇവിടെയാണോ താമസം?” അഡോള്‍ഫിനോ എന്റെ പേരക്കുട്ടിയാണ്. മനസിലാകുന്നില്ലെന്നു ഭാവിക്കുന്നതാണ് നല്ലത്. എങ്കിലും ഒരു തെററും പററിയില്ല എന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ ഞാനറിയിച്ചു: “അവള്‍ ഉപ്പും പാല്‍ക്കട്ടിയും വാങ്ങാന്‍ കടയില്‍ പോയിരിക്കുകയാണ്.”

പന്ത്രണ്ടു മണി — ഉച്ച

അഡോള്‍ഫിന പാടിക്കൊണ്ടു വരുന്നു. “അതാ എന്റെ പേരക്കുട്ടി വരുന്നു” എന്ന് ഞാന്‍ പറഞ്ഞു. കുട്ടി ധീരമായി അവരെ നേരിട്ടപ്പോള്‍ പട്ടാളക്കാരന്‍ “കമ്മ്യൂണിസ്റ്റുകളെ നീ...ചെയ്യാറില്ലേ” എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു: “കുഞ്ഞ് വളരെ കഷ്ടപ്പാടു സഹിച്ചതുകൊണ്ടാണ് നിങ്ങളോട് ചോദ്യങ്ങള്‍ ചോദിച്ചത്. അവളുടെ അച്ഛന്‍ ജയിലില്‍. അമ്മയുടെ ഒരു കണ്ണുപോയി അധികാരികള്‍ അടിച്ച്.

12.10 ഉച്ചയ്ക്കുശേഷം

പട്ടാളക്കാര്‍ പറഞ്ഞു: “മുറിവേറ്റ ഒരുത്തന്റെ ശരീരം ഞങ്ങള്‍ കണ്ടു. അവന്‍ അഡോള്‍ഫിന എന്നു പറഞ്ഞുവെന്നു തോന്നുന്നു. മുറിവേറ്റ അവര്‍ താനാരാണെന്ന് ഞങ്ങളോടു പറയുന്നില്ല. ഇവിടെ ഒരു അഡോള്‍ഫിനയേയുള്ളൂ. വരൂ നമുക്കു പോകാം.”

‘എന്റെ പേരക്കുട്ടി ഒരിടത്തും പോകുന്നില്ല’ എന്നു ഞാന്‍ ഉറക്കെപറഞ്ഞു.

“ഈ കിഴവി ഇപ്പോള്‍ ബോധംകെട്ടു വീഴും” എന്ന് ഒരു പട്ടാളക്കാരന്‍. അയാള്‍ ഒരു കൊച്ചു റേഡിയോ എടുത്ത് എന്തോ പറഞ്ഞു.

ഇതാ അയാളുമായി ജീപ്പ് വരുന്നു. ജീപ്പ് വീട്ടിനു മുന്‍പില്‍ നിന്നു. നാലുപേര്‍ ആ മനുഷ്യനെ വലിച്ചു താഴെയിട്ടു. മുഖമാകെ രക്തം. ആളിനെ തിരിച്ചറിയാന്‍ വയ്യ. എനിക്ക് അങ്ങയെ അറിഞ്ഞുകൂടാ. എനിക്കറിയാന്‍ ആഗ്രഹവുമില്ല. അങ്ങയുടെ കാലുറകാണുമ്പോള്‍ എന്റെ തലയ്ക്കകത്താകെ പേടിസ്വപ്നങ്ങള്‍. എനിക്ക് അങ്ങയെ അറിഞ്ഞുകൂടാ, എനിക്ക് അങ്ങയെ അറിഞ്ഞുകൂടാ. എനിക്ക് അങ്ങയെ അറിഞ്ഞുകൂടാ എന്ന ആശയം എനിക്കെവിടെ നിന്നു കിട്ടി? അങ്ങയെ നിഷേധിച്ചു പറയാന്‍ എന്നോടു ഉപദേശിച്ചതാണ്? രക്തം കൊണ്ട് തിരിച്ചറിയാന്‍ വയ്യെങ്കിലും ആ കാലുറതന്നെ വേറെ ആര്‍ക്കുകിട്ടും? എന്തൊരു പീഢിപ്പിക്കല്‍. അച്ഛനും അമ്മയും കുഞ്ഞുങ്ങളും സഹോദരിമാരുമുള്ള ഇവരില്‍നിന്ന് ഈ തിന്‍മയെങ്ങനെ? “ഇവനെ നിനക്കറിയാമോ?” പട്ടാളക്കാരന്റെ ചോദ്യം. അറിഞ്ഞുകൂടെന്ന് എന്റെ ഉത്തരം. ശബ്ദമിടറാതെ വേണം അറിഞ്ഞുകൂടെന്നു പറയാന്‍. അപ്പോള്‍, കേടില്ലാത്ത ആ ഒരു കണ്ണ് അങ്ങു തുറന്നു. അങ്ങ് അങ്ങാണ് ജോസ്, അങ്ങ് എന്നോടു പറഞ്ഞത് ഈശ്വരന്‍ ഓര്‍മ്മിപ്പിച്ചു “ഏതെങ്കിലും സമയത്ത് നിനക്കോ കുടുംബത്തിനോ ആപത്തുണ്ടായാല്‍ എന്നെ തള്ളിപ്പറയുവാന്‍ നീ സംശയിക്കരുത്”. എന്നിട്ട് എന്നെക്കൊണ്ട് അങ്ങ് ആ വിധത്തില്‍ സത്യം ചെയ്യിപ്പിച്ചു. അത് ഇത്തരത്തിലാകുമെന്ന് ഞാന്‍ വിചാരിച്ചതേയില്ല. “നിനക്കു നന്ദി” എന്ന് പറയുമ്പോലെ കണ്ണുതുറന്നു അങ്ങ്. അങ്ങ് എന്നെന്നേക്കുമായി വന്ദനം പറയുകയായിരുന്നില്ലേ അങ്ങനെ കണ്ണു തുറന്ന്,

പട്ടാളക്കാരന്‍: നിനക്ക് ഇവനെ അറിയാമോ? അതോ അറിഞ്ഞുകൂടേ?

ഞാന്‍: അറിഞ്ഞുകൂട ഇയാളാരെന്ന്. ഈ വാക്കുകള്‍ ഞാനെങ്ങനെ പറഞ്ഞുവെന്ന് എനിക്കറിഞ്ഞുകൂടാ. എനിക്കെന്റെ കണ്ണുകള്‍ അടയ്ക്കേണ്ടിവന്നു ജോസ് അങ്ങനെ പറയാന്‍. അങ്ങയെ കാണാതിരിക്കാന്‍ വേണ്ടി. അങ്ങു നല്‍കിയ പ്രചോദനം എനിക്കു കൂടുതലായി ലഭിക്കാന്‍.

ഇവരെന്തിന് ഈ ക്രൂരതകള്‍ കണ്ടുപിടിക്കുന്നു? ഇവരെന്തിന് ഞങ്ങളെ മര്‍ദ്ദിക്കുന്നു. ഞങ്ങള്‍ എങ്ങോട്ടു പോകുന്നുവെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നതു കൊണ്ട് തന്നെ. ഞങ്ങള്‍ എങ്ങോട്ടു പോകുന്നുവെന്ന് ഞങ്ങള്‍ക്കറിയാമെന്നത് അവര്‍ക്ക് അറിയാമെന്നുള്ളതു കൊണ്ടു തന്നെ.

സെന്‍ട്രല്‍ അമേരിക്കയില്‍പ്പെട്ട ഒരു റിപ്പബ്ലിക്കാണ് എല്‍ സാല്‍വഡോര്‍. ഭൂരിപക്ഷവും കര്‍ഷകരായ അവിടത്തെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നു. കര്‍ഷകര്‍ സാധുക്കളാണ്, റോമന്‍ കത്തോലിക്കരാണ്. രക്തരൂക്ഷിതമാണ് എല്‍ സാല്‍വഡോറിന്റെ ചരിത്രം. കഴിഞ്ഞ പല വര്‍ഷങ്ങളായി അവിടെ ആഭ്യന്ത്ര യുദ്ധം നടക്കുന്നു. 1977 ല്‍ റെമേറോയെ (Romero) പ്രസിഡന്‍റായി തിരഞ്ഞെടുത്തപ്പോള്‍ ആ തിരഞ്ഞെടുക്കലിനെക്കുറിച്ച് വലിയ തര്‍ക്കളും പ്രതിഷേധങ്ങളും നാട്ടിലുണ്ടായി. ഇടതുപക്ഷക്കാരും വലതുപക്ഷ തീവ്രവാദികളും തമ്മില്‍ സംഘട്ടനമായി. ബോംബ് വര്‍ഷിക്കലും കൊലപാതകങ്ങളും സര്‍വസാധാരണമായി തീര്‍ന്നു. ഒരു മിലിറ്ററി ജൂന്‍റ റെമേറൊയെ സ്ഥാനഭ്രഷ്ടനാക്കിയിട്ട് കൃഷിക്കാര്‍ക്ക് അവര്‍ കൃഷി ചെയ്യുന്ന ഭൂമി ഉടമസ്ഥാവകാശത്തോടുകൂടി നല്‍കി. ഇതു കര്‍ഷകര്‍ക്കു രാഷ്ട്രീയാധികാരം നല്‍കാനുള്ള ഉപായമാണെന്ന് കരുതി വലതു പക്ഷക്കാര്‍ ബഹളം കൂട്ടുകയും രണ്ടു അമേരിക്കന്‍ ഉപദേശകരെ വെടി വെച്ചു കൊല്ലുകയും ചെയ്തു. മൂന്ന് അമേരിക്കന്‍ കന്യാസ്ത്രീകളെയും മാനുഷികാവകാശങ്ങളെ ഉയര്‍ത്തിപ്പിടിച്ച ശാന്തിദൂതനായ ആര്‍ച്ച് ബിഷപ്പ് ഓസ്ക്കാര്‍ റെമേറൊയെയും (പ്രസിഡന്‍റ് റെമേറോയല്ല) വെടി വെച്ചു കൊന്നപ്പോള്‍ നാട്ടിലെ അസ്വസ്ഥതകള്‍ മൂര്‍ദ്ധന്യാവസ്ഥയിലെ

ത്തി. സര്‍ക്കാരിന്റെ അറിവോടുകൂടി നടന്നതാണത്രേ ഈ വധങ്ങള്‍. ഒരു മാസത്തില്‍ കുറഞ്ഞത് ആയിരത്തിയഞ്ഞൂറ് എന്ന കണക്കില്‍ ആളുകള്‍ കൊല്ലപ്പെടുന്നു എല്‍സാല്‍വഡോറില്‍. അക്രമാസക്തമായ ഇടതുപക്ഷവും അതുപോലെ അക്രമാസക്തമായ വലതുപക്ഷവും നാട്ടില്‍ ചോരപ്പൂഴകളൊഴുക്കുമ്പോള്‍ അമേരിക്ക അതില്‍നിന്നു മുതലെടുക്കാന്‍ ശ്രമിക്കുന്നു. ഇതാണ് ആര്‍ഗേറ്റയുടെ കഥയ്ക്കുള്ള പശ്ചാത്തലം. അതിന്റെ രചനാകാലത്തു മിലിറ്ററി ജൂന്‍റയുടെ ക്രൂരത കൂടുതലായിരുന്നു എന്ന സവിശേഷതയും.

അനുഭവങ്ങള്‍ സാധാരണങ്ങളായിരിക്കും, അസാധാരണങ്ങളായിരിക്കും. അസാധാരണങ്ങളായ അനുഭവങ്ങള്‍ ചിലപ്പോള്‍ ആത്യന്തികങ്ങളായിരിക്കും. ഈ ആത്യന്തികാവസ്ഥകളെ കലാത്മകങ്ങളായി പ്രതിപാദിച്ച കലാകാരന്‍മാര്‍ വളരെപ്പേരുണ്ട്. ഫ്രഞ്ചെഴുത്തുകാരന്‍ ആങ്ദ്രേ കമുല്‍റോ ഇറ്റാലിയന്‍ നോവലിസ്റ്റ് ഈന്യാത്സ്യോ സീലോനേ (Iganazio Silone) ഇംഗ്ളീഷ് നോവലിസ്റ്റ് ഗ്രേയം ഗ്രീന്‍ (Graham Greene) ഈ സാഹിത്യകാരന്‍മാര്‍ ഇക്കൂട്ടരില്‍ ചിലര്‍ മാത്രം. വിപ്ളവകരങ്ങളായ സന്ദര്‍ഭങ്ങള്‍ ഉണ്ടായപ്പോള്‍ ഈ കലാകാരന്‍മാര്‍ അവയോടൊപ്പം ഉയരുകയും അക്രമങ്ങളെ ചിത്രീകരിക്കുകയും ചെയ്തു. വെറും ചിത്രീകരണം കൊണ്ടു പ്രയോജനമില്ല. കലാകാരന്‍ സ്വന്തം ആന്തരജീവിതത്തെ അതിനോടു ബന്ധിപ്പിക്കണം. അത് പ്രഗല്ഭമായി അനുഷ്ഠിക്കുമ്പോള്‍ സഹാനുഭൂതി അര്‍ഹിക്കുന്ന കഥാപാത്രത്തോട് അനുവാചകന് ആ സഹാനുഭൂതി ജനിക്കും. അങ്ങനെ കലാസൃഷ്ടി വിജയത്തിലെത്തും. വിജയം കൈവരിച്ച കലാശില്പമാണ് ആര്‍ഗേറ്റയുടേത്. കപടമായ ആധ്യാത്മികത്വം പ്രകടിപ്പിക്കുന്ന പുരോഹിതര്‍ ഒരു വശത്ത്. പാലു വാങ്ങാന്‍ പണമില്ലാത്ത കര്‍ഷകരോട് പാല്‍ക്കട്ടി വാങ്ങിക്കൊടുക്കാന്‍ ഉപദേശിക്കുന്നവരാണ് അവര്‍. കുഞ്ഞുങ്ങളെ ജ്ഞാനസ്നാനം ചെയ്യിച്ചാല്‍ വിരയുടെ ശല്യംകൊണ്ട് അവര്‍ മരിക്കുമ്പോള്‍ ശോധനലോകത്ത് (purgatory) പ്രവേശിക്കാതെതന്നെ അവര്‍ക്കു സ്വര്‍ഗരാജ്യത്ത് ചെല്ലാന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. മറുവശത്ത് ജൂന്‍റയുടെ ഭടന്‍മാര്‍ പാവപ്പെട്ട കര്‍ഷകരെ ശാരീരികമായും മാനസികമായും പീഢിപ്പിക്കുന്നു. ജീവിതത്തിന്റെ സ്വകാര്യ മണ്ഡലങ്ങളിലും സാമൂഹിക മണ്ഡലങ്ങളിലും പ്രവേശിക്കുക മാത്രമല്ല അവര്‍ ചെയ്യുന്നത്. എല്ലാവരെയും ഭയപ്പെടുത്താന്‍ വേണ്ടി മാത്രം അവര്‍ അപരാധം ചെയ്യാത്തവരെ മര്‍ദ്ദിച്ചു കൊല്ലുന്നു. വധത്തെക്കാള്‍ ക്രൂരമായ അംഗച്ഛേദനങ്ങള്‍ നടത്തുന്നു. ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇതിനെയെല്ലാം അതിഭാവുകത്വമില്ലാതെ, അനിശ്ചിതത്വമില്ലാതെ ആര്‍ഗേറ്റ ചിത്രീകരിക്കുമ്പോള്‍ നമ്മള്‍ കര്‍ഷകരോട് സഹാനുഭൂതിയുള്ളവരായി മാറുന്നു. മനുഷ്യന്‍ മനുഷ്യനോടു ചെയ്യുന്ന ക്രൂരതകളെ ചെറുക്കാനുള്ള മാനസികനില നമുക്കുണ്ടാകുന്നു. ഈ മര്‍ദ്ദനങ്ങളെയും വധപരിപാടികളെയും തൃണറ്വല്‍ഗണിച്ച് മുന്നേറുവാന്‍ എല്‍ സാല്‍വഡോറിലെ കര്‍ഷകര്‍ക്കുണ്ടാകുന്ന ആത്മധൈര്യം നമുക്കും ഉണ്ടാകുന്നു. അങ്ങനെ ആ കര്‍ഷകര്‍ നമ്മുടെ സഹോദരന്‍മാരായി മാറുന്നു. പുരോഹിതന്‍ എടുത്തുയര്‍ത്തുന്ന കപടസ്നേഹത്തെ നിന്ദിച്ചിട്ട് യഥാര്‍ത്ഥത്തിലുള്ള സ്നേഹത്തെ അംഗീകരിക്കാന്‍ നമ്മള്‍ സന്നദ്ധരാവുന്നു.

‘സെക്ഷ്വല്‍ ലൗ’ (Sexual love) സ്ത്രീയെയും പുരുഷനെയും ഒരേ രീതിയില്‍ ആക്കിത്തീര്‍ക്കുമെന്നതുകൊണ്ട് അത് നിന്ദ്യമാണെന്ന് റ്റി. എസ്. എല്യറ്റ് പറഞ്ഞിട്ടുണ്ട്. അത് എത്രമാത്രം അബദ്ധപൂര്‍ണ്ണമാണെന്നു മനസിലാക്കണമെങ്കില്‍ ആര്‍ഗേറ്റയുടെ ഈ കഥ വായിക്കണം. മിലിറ്ററിയുടെ നൃശംസതയ്ക്ക് എതിരായി സംഘടിച്ചു നില്‍ക്കുമ്പോഴും വ്യക്തിനിഷ്ഠങ്ങളിലായ മൂല്യങ്ങളെ നിരാകരിക്കുന്നു എല്‍ സാല്‍വഡോറിലെ കര്‍ഷകര്‍. മൃതദേഹത്തെ താനറിയുകയില്ലെന്ന് പറയുന്ന സ്ത്രീയെ നോക്കി കൃതജ്ഞതാപൂര്‍വ്വം ഒറ്റക്കണ്ണു തുറക്കുന്ന ആ തൊഴിലാളി സ്നേഹത്തിന്റെ തന്നെ മൂര്‍ത്തിമസ്ഭാവമാണ്.

മൃഗീയമായ രീതിയില്‍ അധികാരം പിടിച്ചെടുത്ത മിലിട്ടറിക്കെതിരായി നിഷ്കളങ്കരായ കര്‍ഷകരും തൊഴിലാളികളും നടത്തുന്ന സമരത്തെ നാടകീയമായി അവതരിപ്പിക്കുന്ന ഈ കഥ ലോകസാഹിത്യത്തിലെ സുശക്തങ്ങളായ കലാശില്‍പ്പങ്ങളില്‍ ഒന്നാണ്. മര്‍ദ്ദനത്തിലൂടെയും വധത്തിലൂടെയും സമഗ്രാധിപത്യം ചരിത്രം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്നേഹത്തിലൂടെയും കാരുണ്യത്തിലൂടെയും മനുഷ്യത്വം ചരിത്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്റെ കലാത്മകമായ ചിത്രം ഈ കഥയില്‍ നിന്നു നമുക്കു ലഭിക്കുന്നു. അസാധാരണമായ ഒരനുഭവത്തെ ആവിഷ്കരിക്കുന്ന ഈ കലാസൃഷ്ടി നമുക്ക് മഹനീയമായ ഒരു അനുഭവം ഉളവാക്കിത്തരുന്നു. ആര്‍ഗേറ്റയെപ്പോലുള്ള കലാകാരന്‍മാരെയാണ് നമുക്കിന്നു വേണ്ടത്.