close
Sayahna Sayahna
Search

സർത്ര് അങ്ങയ്ക്ക് വിയോഗവന്ദനം


സർത്ര് അങ്ങയ്ക്ക് വിയോഗവന്ദനം
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പ്രകാശത്തിന് ഒരു സ്തുതിഗീതം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 118 (ആദ്യ പതിപ്പ്)

Externallinkicon.gif പ്രകാശത്തിന് ഒരു സ്തുതിഗീതം

നമ്മള്‍ ചെറുപ്പമായിരുന്നപ്പോള്‍ വികാരോജ്ജ്വലമായ വാദപ്രതിവാദത്തില്‍ ഒരാള്‍ പ്രശംസാര്‍ഹമായ വിജയം കൈവരിച്ചു കഴിയുമ്പോള്‍ ജയിച്ച ആള്‍ പറയുമായിരുന്നു: “അതാ നിങ്ങള്‍ നിങ്ങളുടെ കൊച്ചു പെട്ടിയില്‍ കിടക്കുന്നു. അങ്ങ് കൊച്ചു പെട്ടിയിലാണ് ഇപ്പോള്‍. അതില്‍ നിന്ന് അങ്ങ് പുറത്തേക്കു പോരില്ല. ഞാന്‍ അങ്ങയോടൊരുമിച്ചു കിടക്കാനുമുണ്ടാവില്ല. അങ്ങയ്ക്കടുത്തായി എന്നെ സംസ്കരിച്ചാലും അങ്ങയുടെ ചിതാഭസ്മവും എന്റേതുമായി ഒരു സമ്പര്‍ക്കവും ഉണ്ടാവുകയില്ല”. ഈ വാക്കുകള്‍ പറയുന്നത് ഈ ശതാബ്ദത്തിലെ ഏററവും വലിയ ബുദ്ധിശാലിനിയായ സാമൊന്‍ ദ ബോവ്വാറാണ്. (Simone de Beauvoir — born — 1908) പറഞ്ഞത് ആ പ്രതിഭാ ശാലിനിയുടെ സന്തത സഹചരനായിരുന്ന ഷാങ്പോള്‍ സര്‍ത്രിനോടും. അദ്ദേഹം 1980 ഏപ്രില്‍ 15-ആം തീയതി ഈ ലോകം വിട്ടുപോയി. ലോകം കണ്ട ധിഷണാശാലികളില്‍ സുപ്രധാനമായ സ്ഥാനമാര്‍ജ്ജിച്ച ആ മഹാന്റെ ചരമ സ്മാരകം എന്ന കണക്കിന് സീമൊന്‍ ദ ബോവ്വാര്‍ എഴുതിയ Adieux — A Farewell to Sartre എന്ന ഉജ്ജ്വലവും ഹൃദയസ്പര്‍ശകവുമായ ഗ്രന്ഥത്തിന്റെ ആരംഭത്തിലെ വരികളാണ് ഞാന്‍ മുകളില്‍ കുറിച്ചിട്ടത്. പുസ്തകം ആദ്യം തൊട്ട് അവസാനം വരെ മനസ്സിരുത്തി വായിക്കൂ. നിങ്ങള്‍ ഈശ്വര വിശ്വാസിയായിരിക്കട്ടെ; അസ്തിത്വവാദം അയഥാര്‍ത്ഥമായ ദര്‍ശനമാണെന്നു കരുതുന്ന ആളായിരിക്കട്ടെ, എന്നാലും നിങ്ങള്‍ കണ്ണീര്‍ പൊഴിക്കും. ആ കണ്ണീരോടെ സര്‍ത്രിനെയും സീമൊനെയും ബഹുമാനിക്കും. സര്‍ത്രിനോടൊരുമിച്ചു ധിഷണയുടെ അധിത്യകകളില്‍ സഞ്ചരിക്കും. പുസ്തകം വായിച്ച് അവസാനിക്കുമ്പോള്‍ ജീവിതത്തെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നേടിയിരിക്കും.

ഒരേദര്‍ശനത്തില്‍ വിശ്വസിച്ചവരാണ് സീമൊനും സര്‍‌ത്രും. രണ്ടു പേരും രണ്ടു വിധത്തില്‍ കലയുടെ ഉപാസകരും ആയിരുന്നു. പക്ഷേ, സര്‍ത്രിന്റെ സഹചാരിത്വത്താല്‍ സീമൊന്റെ സ്വത്വത്തിനോ വ്യക്തിത്വത്തിനോ ഭംഗം സംഭവിച്ചില്ല. മാസ്റ്റര്‍ പീസുകള്‍ എന്നു വിളിക്കാവുന്ന ഗ്രന്ഥങ്ങല്‍ രണ്ടു പേരും എഴുതി. സീമൊന്‍ എഴുതുന്നത് സര്‍ത്രിനെ വായിച്ചു കേള്‍പ്പിക്കും; സര്‍തൃ് എഴുതുന്നത് സീമൊനെയും. നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അന്യോന്യം സ്വീകരിക്കും. ഒരാള്‍ മറ്റൊരാളിന്റെ നിഴലില്‍ നിന്നുവെന്ന് ആര്‍ക്കും പറയാന്‍ ആവില്ല. ഔജ്ജ്വല്യമാര്‍ന്ന രണ്ടു വ്യക്തികള്‍. ആ ഔജ്ജ്വല്യം തന്നെയാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത.

വായനക്കാരെ ഞാന്‍ കൂട്ടിക്കൊണ്ടു പോകുന്നത് സര്‍തൃ് അവസാനമായി കിടന്ന ആശുപത്രിയി­ലേക്കാണ്. വളരെ വര്‍ഷങ്ങളായി അന്ധനാണദ്ദേഹം. ജന്‍മനാ സങ്കുചിതങ്ങളായ രക്തക്കുഴലുകളുള്ള സര്‍ത്രിന് അവയോടു ബന്ധപ്പെട്ട രോഗവുമുണ്ട്. ജീവിതാന്ത്യത്തില്‍ pulmonary edema — ശ്വാസ­കോശത്തിലെ സെല്ലുകളിലെ നീര്‍ക്കൊള്ളല്‍ — എന്ന രോഗമാണ് അദ്ദേഹത്തെ ബാധിച്ചത്. അതുകൊണ്ട് അദ്ദേഹത്തിന് വല്ലാത്ത പനി. പനിയുടെ ഫലമായി പിച്ചും പേയും പറയലും. കാലത്ത് അദ്ദേഹം ആര്‍ലെററിനോടു പറഞ്ഞു: “പ്രിയപ്പെട്ട (ആര്‍ലെററ്) നീയും മരിച്ചു. ശവം ദഹിപ്പിച്ചാല്‍ എങ്ങനെയിരിക്കും? ശരി ഇവിടെ നമ്മള്‍ രണ്ടു പേരും ഇപ്പോള്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു”. (തന്റെ നിശ്ചേതന ശരീരം കുഴിച്ചിടരുതെന്നും ദഹിപ്പിച്ചു കളയണമെന്നും സര്‍ത്ര് പലപ്പോഴും സീമൊനോട് പറഞ്ഞിട്ടുണ്ട്. ആ അഭിലാഷമാണ് ഈ പിച്ചുപറയയില്‍ കാണുന്നത് — ലേഖകന്‍.) സര്‍ത്രിന് പനി കുറഞ്ഞു. അപ്പോഴാണ് രണ്ടു ഡോക്ടര്‍മാര്‍ തമ്മില്‍ സംസാരിക്കുന്നത് അവരറിയാതെ സീമൊന്‍ കേട്ടത്. സര്‍ത്രിന് യുറീമിയ (uremia) എന്ന രോഗമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത് (മൂത്രത്തിലൂടെ പുറത്തു പോകേണ്ടവ രക്തത്തില്‍ തങ്ങി നില്‍ക്കുന്ന രോഗം യുറീമിയ — ലേഖകന്‍). തന്റെ സഹചരന് ഇനി ജീവിതമില്ലെന്ന് സീമൊന്‍ മനസ്സിലാക്കി. അവര്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ഡോക്ടറുടെ കൈകളിലേക്കു വീണു. “അദ്ദേഹം മരിക്കുകയാണെന്ന് അദ്ദേഹം ഒരിക്കലും അറിയുകയില്ലെന്ന് സത്യം ചെയ്യൂ; അദ്ദേഹത്തിന് മാനസികമായ വേദന ഉണ്ടാവുകയില്ലെന്നും മറ്റൊരു വിധത്തിലുമുള്ള വേദന ഉണ്ടാവുകയില്ല എന്നും (സത്യം ചെയ്യൂ) എന്ന് അവര്‍ ഡോക്ടറോട് ആവശ്യപ്പെട്ടു. അദ്ദേഹം സമ്മതിച്ചു.

സര്‍ത്ര് നല്ലപോലെ ഉറങ്ങി. ഉണര്‍ന്നപ്പോള്‍ അദ്ദേഹം ഒരു സുഹൃത്തിനോട് ‘ഒരു ഗ്ളാസ് വെള്ളം’ ചോദിച്ചു. എന്നിട്ട് ആഹ്ളാദത്തോടെ പറഞ്ഞു: ‘അടുത്ത തവണ നമ്മള്‍ ഒരുമിച്ചു കുടിക്കുമ്പോള്‍ അതെന്റെ സ്ഥലത്തു വച്ചായിരിക്കും. കുടിക്കുന്നത് വിസ്കിയും’ പക്ഷേ, അടുത്ത ദിവസം അദ്ദേഹം സീമൊനോട് ചോദിച്ചു: “ശവസംസ്കാരത്തിന്റെ ചെലവിന് എന്താണ് വഴി കണ്ടിരിക്കുന്നത്?” സീമൊന്‍ പ്രതിഷേധിച്ചു. എങ്കിലും സര്‍ത്രിന്റെ അന്ത്യം അടുത്തിരിക്കുന്നുവെന്ന് അദ്ദേഹം ഗ്രഹിച്ചതായി അവര്‍ മനസ്സിലാക്കുകയും ചെയ്തു. ആ സത്യം സര്‍ത്രിനെ വിഹ്വലതയിലേക്കു എറിഞ്ഞില്ല. പണത്തിന്റെ കുറവു മാത്രമേ അദ്ദേഹത്തിന് ഉത്കണ്ഠ ഉളവാക്കിയുള്ളു. അടുത്ത ദിവസം കണ്ണടച്ചു കൊണ്ട് അദ്ദേഹം സീമൊന്റ കൈത്തണ്ടയില്‍ പിടിച്ചു. എന്നിട്ട് പറഞ്ഞു: “എന്റെ പ്രിയപ്പെട്ട കാസ്റ്റര്‍ ഞാന്‍ നിന്നെ വളരെ സ്നേഹിക്കുന്നു”. (കാസ്റ്റര്‍ — സീമൊനെ സര്‍ത്ര് വിളിച്ചിരുന്ന പേര്) ഏപ്രില്‍ 14. സര്‍ത്ര് കണ്ണടച്ചു കൊണ്ട് ചുണ്ടുകള്‍ സീമൊന്റെ നേര്‍ക്ക് നീട്ടി. അവര്‍ അദ്ദേഹത്തെ ചുംബിച്ചു. ഈ പ്രവൃത്തി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അസാധാരണമായിരുന്നു. മരണം ആസന്നമായിരിക്കുന്നു എന്നതിന്റെ തെളിവു മാത്രമാണത്.

ഏപ്രില്‍ 15-ആം തീയതി കാലത്ത് സീമൊന്‍ നെഴ്സിനോട് ചോദിച്ചു സര്‍ത്ര് നല്ലപോലെ ഉറങ്ങിയോയെന്ന്. മറുപടി: “ഉറങ്ങി — പക്ഷേ” സീമൊന്‍ ഓടിച്ചെന്നു. സര്‍ത്ര് അതുപോലെ തന്നെ. ശ്വാസോച്ഛ്വാസം മാത്രമില്ല. സീമൊന്‍ ആ മൃതദേഹത്തിനടുത്ത് വിരിപ്പിനു താഴെയായി കിടക്കാന്‍ ഭാവിച്ചു. ഒരു നെഴ്സ് തടഞ്ഞു: “സൂക്ഷിക്കൂ... ഗാങ്ഗ്രിന്‍...” (ഗാങ്ഗ്രിന്‍ — അവയവത്തിന്റെ അഴുകല്‍). അപ്പോഴാണ് സര്‍ത്രിന്റെ ശയ്യാവ്രണങ്ങളെക്കുറിച്ച് സീമൊന് ഓര്‍മ്മ വന്നത്. അവര്‍ വിരിപ്പിനു മുകളില്‍ തലവച്ചു കിടന്ന് കുറച്ചു നേരം ഉറങ്ങി. അഞ്ചു മണിക്ക് പുരുഷന്‍മാരായ നെഴ്സുകള്‍ വന്നു. അവര്‍ ഒരു വിരിപ്പു വിരിച്ച് സര്‍ത്രിനെ അതില്‍ കിടത്തി. വേറൊരു വിരിപ്പു കൊണ്ട് പുതച്ചു. മൃതദേഹം എടുത്തുകൊണ്ടു പോയി.

സര്‍ത്ര് ആശുപത്രിയില്‍ കിടന്നപ്പോള്‍ സീമൊന്‍ ആഗ്രഹിച്ചതത്രയും അദ്ദേഹത്തിന്റെ ഗുരുതരാവസ്ഥ അദ്ദേഹത്തില്‍ നിന്ന് ഒളിച്ചു വയ്ക്കാനായിരുന്നു. പക്ഷേ, സര്‍ത്ര് അവരോട് പറഞ്ഞിരുന്നത് രോഗം ക്യാന്‍സറാണെങ്കിലും തന്നെ അറിയിക്കണം എന്നായിരുന്നു. പത്തു കൊല്ലം കൂടി ജീവിച്ചിരിക്കണമെന്ന് ഉണ്ടായിരുന്നു അദ്ദേഹത്തിന്. പക്ഷേ, അന്ധത്വവും മററു രോഗങ്ങളും അംഗീകരിക്കാന്‍ കഴിഞ്ഞില്ല ആ മഹാന്. ഭയം, പ്രതീക്ഷ ഇവയില്‍ പെട്ട് ഉഴലുകയായിരുന്നു സീമൊന്‍. സീമൊന്റെ നിശബ്ദത അവര്‍ക്കു തമ്മില്‍ അകല്‍ച്ച ഉണ്ടാക്കിയില്ല. സര്‍ത്രിന്റെ മരണം അവരെ തമ്മില്‍ വേര്‍പെടുത്തിയില്ല. സീമൊന്റെ മരണം സംഭവിക്കുമ്പോള്‍ അവര്‍ തമ്മില്‍ ചേരുകയുമില്ല. ഐക്യത്തോടെ രണ്ടു പേരും ജീവിച്ചുവെന്നതു തന്നെയാണ് തിളക്കമേറിയ കാര്യം.

II


ഈ ഐക്യത്തിന് അമ്പതു വര്‍ഷത്തോളം പഴക്കമുണ്ടെങ്കിലും “എഡ്യുസ്സ്” എന്ന ഈ ഗ്രന്ഥത്തില്‍ 1970 മുതല്‍ 1980 വരെയുള്ള ജീവചരിത്രമാണ് സീമൊന്‍ സത്യത്തിന്റെ നാദമുയരുന്ന രീതിയില്‍ പ്രതിപാദിച്ചിട്ടുള്ളത്. ആ പ്രതിപാദനം കഴിഞ്ഞാല്‍ 1974-ല്‍ ടേപ്പ് ചെയ്തെടുത്ത ദീര്‍ഘമായ സംഭാഷണവും. തന്നെ മാററി നിറുത്തിക്കൊണ്ട് സീമൊന്‍ സര്‍ത്രിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നു. സര്‍ത്ര് അവയ്ക്ക് മറുപടി നല്‍കുന്നു. തന്റെ ശൈശവത്തെക്കുറിച്ച്, കലാസൃഷ്ടികളെക്കുറിച്ച്, രാഷ്ട്ര വ്യവഹാരത്തെക്കുറിച്ച് അദ്ദേഹം പറയുന്നു. ധിഷണയുടെ പ്രകാശമാണെങ്ങും. അതില്‍ ആമജ്ജനം ചെയ്യുന്ന വായനക്കാരും മാനസികമായ ഔന്നത്യം നേടുന്നു. അതുകൊണ്ട് പത്തു കൊല്ലത്തെ ജീവചരിത്രാഖ്യാനത്തില്‍ ധിഷണാപരങ്ങളായ വസ്തുതകള്‍ ഇല്ലെന്ന് വിചാരിക്കരുത്. “അന്ത്യത്തിലെത്തി ആര്‍ക്കും (ജീവിതം) അവസാനിപ്പിക്കേണ്ടതാണല്ലോ. എന്തായാലും എനിക്ക് കഴിയുന്നത് ഞാന്‍ ചെയ്തു കഴിഞ്ഞു. എനിക്ക് പ്രവര്‍ത്തിക്കാനുള്ളത് ഞാന്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞു” എന്ന് മരണത്തിന്റെ അനിവാര്യതയെ പററി സര്‍ത്ര് സീമൊനോട് പറയുന്ന വേളയിലും താന്‍ വിശ്വസിച്ച രാഷ്ട്ര വ്യവഹാരത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായം ആവിഷ്കരിക്കാതിരിക്കുന്നില്ല. മാവോയിസ്റ്റ് പ്രവണതയുടെ സദാചാരപരമായ അംശത്തിന് പ്രാധാന്യം കല്‍പ്പിച്ചുകൊണ്ട് സര്‍ത്ര് പറയുന്നു: “വിപ്ളവാത്മകമായ അക്രമം, നേരിട്ട് ബന്ധമുള്ള രീതിയില്‍ സദാചാരപരമാണ്. കാരണം തങ്ങളുടെ തന്നെ ചരിത്രത്തിലെ പ്രജകളായി തൊഴിലാളികള്‍ മാറുന്നുവെന്നതാണ്.” “അധികാര നിഷേധത്തോട് ബന്ധപ്പെട്ട പ്രായോഗികതയോടു കൂടി മാവോയിസ്റ്റുകള്‍ തങ്ങള്‍ തന്നെയാണ് ഒരേയൊരു വിപ്ളവാത്മക ശക്തിയെന്ന് തെളിയിക്കുന്നു...” ഇങ്ങനെ ധിഷണയോടു ചേര്‍ന്ന വസ്തുതകള്‍ സ്ഫുടീകരിച്ചു കൊണ്ടിരിക്കെത്തന്നെ സര്‍ത്ര് നമ്മെ വിഷാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. രോഗിയായി കിടക്കുന്ന അദ്ദേഹത്തെ കാണാന്‍ ഒരു സുഹൃത്തെത്തി. യാത്ര പറയുന്ന വേളയില്‍ അദ്ദേഹം സര്‍ത്രിനെ ചുംബിച്ചു. സര്‍ത്ര് പറയുകയാണ്: “ശവകുടീരത്തിന്റെ ഒരു കഷണത്തെയാണോ നിങ്ങള്‍ ചുംബിക്കുന്നത്? അതോ ജീവനുള്ള മനുഷ്യനെയോ?” ഈ ചോദ്യങ്ങള്‍ക്ക് സീമൊന്‍ ഉള്‍പ്പെടെയുള്ളവര്‍ ദുഃഖിച്ചു. 1972-ലെ വേറൊരു സംഭവം. റൊമാണ് സ്ഥലം. സര്‍ത്രും സീമൊനും മററും ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. സര്‍ത്ര് പറഞ്ഞു: “പൂച്ചകള്‍ എന്റെ പുറത്ത് മൂത്രമൊഴിച്ചു. ബാലസ്ട്രെയിഡിന്റെ അടുത്ത് ഞാന്‍ ചെന്നു. നനയുകയും ചെയ്തു.” സീമൊന് യാഥാര്‍ത്ഥ്യമെന്തെന്ന് മനസിലായി. അവര്‍ ഒന്നും മിണ്ടിയില്ല. 1972 ഒക്ടോബര്‍ ആദ്യം സര്‍ത്ര് കുളിമുറിയില്‍ പോകാന്‍ എഴുന്നേററു. അദ്ദേഹം ഇരുന്ന കസേരയില്‍ ഒരു അടയാളം. അത് ചായ വീണ പാടാണെന്ന് സീമൊന്‍ വേറൊരു സ്ത്രീയോട് പറഞ്ഞു. സര്‍ത്ര് പ്രസംഗിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ ട്രൌസേഴ്‌സ് അഴിഞ്ഞു താഴെക്കു പോരിക, അങ്ങനെ നഗ്നമായ പിന്‍ഭാഗം മററുള്ളവര്‍ കാണാന്‍ ഇടവരിക ഇവയൊക്കെ സാധാരണമായിരുന്നു. വേദനാജനകങ്ങളായ ഈ സംഭവങ്ങള്‍ സീമൊന്‍ കാണുന്നുണ്ട്. സര്‍ത്രിന്റെ ജീവിതത്തിന്റെ സാകല്യാവസ്ഥയുടെ ഫലമാണ് ഈ ദുരന്തം. റില്‍ക്കെ പറഞ്ഞില്ലേ “ഫലം ഉള്ളില്‍ അതിന്റെ കുരുവിനെ വഹിക്കുന്നതു പോലെ ഓരോ മനുഷ്യനും തന്റെ ഉള്ളില്‍ മരണത്തെ വഹിക്കുന്നു”വെന്ന്. തന്റെ ജീവതത്തിന് യോജിച്ചതായിരുന്നു സര്‍ത്രിന്റെ അധഃപതനവും മരണവും. അതിനാലാണ് അദ്ദേഹം പ്രശാന്തമായി സ്വീകരിച്ചതെന്ന് സീമൊന്‍ ചൂണ്ടിക്കാണിക്കുന്നു.

III

ധൈഷണിക ശോഭ പ്രസരിപ്പിക്കുന്നവയാണ് 1974 ആഗസ്റ്റ് — സെപ്തംബറില്‍ ടേപ്പ് ചെയ്ത സംഭാഷണങ്ങളെന്ന് മുമ്പു പറഞ്ഞു. സര്‍ത്രിന്റെ ഓരോ ചിന്തയും രത്നം ആയതു കൊണ്ട് ചിലതെടുത്ത് പ്രദര്‍ശിപ്പിക്കാനേ സാധിക്കൂ. ആ രത്നങ്ങളുടെ കാന്തപ്രസരം മുഴുവനും അനുഭവിക്കണം എന്നുള്ളവര്‍ ‘എഡ്യുസ്’ തന്നെ പൂര്‍ണ്ണമായും വായിക്കേണ്ടതാണ്. “ഞാന്‍ അമരത്വം ആവഹിക്കുന്ന കൃതികളെഴുതുന്നു. ഞാനതുകൊണ്ട് അമരത്വത്തിലേക്ക് ചെന്നിരിക്കുന്നു എന്ന് ചിലര്‍ പറയും. അങ്ങ് അങ്ങനെയൊന്നും വിചാരിക്കുന്നില്ലല്ലോ?” എന്ന് സീമൊന്‍ സര്‍ത്രിനോട് ചോദിച്ചു. അദ്ദേഹം മറുപടി നല്‍കിയത് ഇങ്ങനെയാണ്: “ജീവിച്ചിരിക്കുന്ന മനുഷ്യനെന്ന നിലയില്‍ ജീവിച്ചിരിക്കുന്ന മററുള്ളവര്‍ക്കു വേണ്ടി ഞാനെഴുതുന്നു. ഞാന്‍ വിജയം വരിച്ചെന്ന് വിചാരിക്കൂ. എങ്കില്‍ എന്റെ മരണത്തിനു ശേഷവും ആളുകള്‍ എന്റെ ഗ്രന്ഥങ്ങള്‍ വായിക്കും. ഏതു ജനതക്ക് എന്റെ സന്ദേശം ഉദ്ദേശിക്കപ്പെട്ടിട്ടില്ലയോ, ഏതു ജനതക്ക് എന്റെ കൃതികള്‍ ഉദ്ദേശിക്കപ്പെട്ടിട്ടില്ലയോ ആ ജനതയും ആ കൃതികള്‍ മൂല്യമുള്ളവയാണെന്ന് വിചാരിക്കും.

സാഹിത്യത്തിലൂടെ അമരത്വം വഹിക്കാനാണ് സര്‍ത്രിന്റെ ആഗ്രഹം. തത്വചിന്ത സാഹിത്യത്തിൽ എത്താനുള്ള മാര്‍ഗ്ഗം മാത്രം. തത്വചിന്തക്ക് കേവല മൂല്യമില്ല. പരിസ്ഥിതികള്‍ മാറുമ്പോള്‍ തത്വചിന്തക്കും മാററമുണ്ടാകും. തത്വചിന്തക്കും കേവലമൂല്യമില്ലാ എന്ന മതം സീമൊന് അത്ര കണ്ട് ആദരണീയമായില്ല. അവര്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ സര്‍ത്ര് പറഞ്ഞു: “റാബലേയെ സര്‍വാത്മനാ ഇഷ്ടപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ ഗ്രന്ഥം വായിക്കുന്നത് അത് ഇന്നലെ എഴുതിയതാണ് എന്ന മട്ടിലാണ്. തെര്‍വാന്‍സ്, ഷെക്സ്പിയര്‍ — അവര്‍ ഇന്ന് ഇവിടെയുണ്ട് എന്ന രീതിയിലാണ് അവരുടെ കൃതികള്‍ പാരായണം ചെയ്യപ്പെടുക. റോമിയോ ആന്‍ഡ് ജൂലിയററ് അല്ലെങ്കില്‍ ഹാംലററ് ഇവ ഇന്നലെ രചിക്കപ്പെട്ടു എന്ന തോന്നലാണ് (എല്ലാവര്‍ക്കും).”

സാഹിത്യത്തിന്റെ കേവല മൂല്യത്തിന് ഊന്നല്‍ നല്‍കിയ സര്‍ത്ര് പിന്നെങ്ങനെ പ്രതിബദ്ധ സാഹിത്യകാരനായി എന്ന സംശയം നമുക്കുണ്ടാകാം. അതിനും സമാധാനം അദ്ദേഹം നല്‍കിയിട്ടുണ്ട്. പ്രതിബദ്ധ സാഹിത്യം രചിക്കുമ്പോള്‍ ഇരുപതു കൊല്ലം കഴിഞ്ഞ് ഒരര്‍ത്ഥവും കാണാത്ത സാഹിത്യത്തിന് രൂപം കൊടുക്കുകയാണ് രചയിതാവ്. അയാള്‍ക്ക് സ്വാധീന ശക്തിയുണ്ടെങ്കില്‍, പ്രതിപാദ്യ വിഷയം വേണ്ട പോലെ കൈകാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അയാളുടെ വീക്ഷണ പഥത്തിലൂടെ വായനക്കാരെ സംവീക്ഷണം ചെയ്യിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞേക്കും. പ്രശ്നത്തിന് പരിഹാരം വേണ്ട പോലെയേ അല്ലാതെയോ കാണുന്നതു വരെ ഭാവിജനതയുടെ വീക്ഷണപഥം ഉണ്ടായിരിക്കില്ല. ഇരുപതോ മുപ്പതോ കൊല്ലം കഴിഞ്ഞ് അത്തരം കൃതികളെ കലയുടെ വീക്ഷണപഥത്തിലൂടെ നോക്കാം. ബോമര്‍ഷി (Beaumarchais) തന്റെ കാലത്ത് വളരെ പ്രാധാന്യമുള്ള ചില ലഘുലേഖകള്‍ രചിച്ചു. സമകാലിക ‘പ്രശ്ന’ങ്ങള്‍ക്ക് അവയുമായി ഒരു ബന്ധവുമില്ല. പ്രതിബദ്ധമായ ഗ്രന്ഥം രചിക്കുന്ന വേളയില്‍ ആ കാലയളവിലെ പ്രശ്നങ്ങളെയാണ് പരിഗണിക്കേണ്ടത്. സമകാലികര്‍ക്ക് മനസിലാകുന്നതും ഇഷ്ടപ്പെടുന്നതുമായ ശൈലി വേണം സ്വീകരിക്കാന്‍. ഇത്തരം കൃതികള്‍ വിജയം പ്രാപിച്ചാല്‍ കാലം ഏറെ ചെന്നാലും അതിനൊരു സാര്‍വലൗകിക രൂപമുണ്ടായിരിക്കും. ഉദാഹരണം ഖൊള്‍തേറിന്റെ കൃതികള്‍. ആ ഗ്രന്ഥങ്ങള്‍ അക്കാലത്തെ സാമൂഹിക വീക്ഷണത്തിന്റെ ഫലങ്ങളാണ്. ആ വീക്ഷണം ഇന്നില്ല. എങ്കിലും സാര്‍വലൗകിക മൂല്യത്തിന്റെ പേരില്‍ ഇവ ഇന്നും ആദരിക്കപ്പെടുന്നു. (വള്ളത്തോളിന്റെ ‘കര്‍മ്മഭൂമിയുടെ പിഞ്ചുകാല്‍’ എന്ന കാവ്യം നോക്കുക. അത് അന്നത്തെ സാമൂഹികവും രാഷ്ട്രവ്യവഹാരപരവും ആയ വീക്ഷണത്തിന്റെ ഫലമത്രേ. ആ വീക്ഷണത്തിന് ഇന്ന് സാംഗത്യമില്ല. എങ്കിലും കാവ്യം നില നില്‍ക്കുന്നു. അതിന് സാര്‍വലൗകിക മൂല്യം ഉണ്ടെന്നത് സ്പഷ്ടം — ലേഖകന്‍.)

ബുദ്ധിശക്തിയുടെ പാരമ്യത്തില്‍ എത്തിയ മഹാന്‍ എന്ന് സര്‍ത്ര് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതിലൊന്നും അദ്ദേഹത്തിന് ബഹുമാനമില്ല. വൈവിദ്ധ്യവും വൈജാത്യവും നിറഞ്ഞ സംഭവങ്ങളില്‍ ബന്ധങ്ങള്‍ കണ്ടെത്തുന്ന മനസ്സിന്റെ വേഗത്തെ ബുദ്ധിശക്തിയായി അദ്ദേഹം ഒരു കാലത്ത് കരുതിയിരുന്നു. പക്ഷേ, ജീവിതാസ്തമയത്തില്‍ അദ്ദേഹത്തിന്റെ ആ അഭിപ്രായത്തിന് മാററം വന്നു. താന്‍ ഗ്രന്ഥങ്ങള്‍ രചിച്ചതു കൊണ്ട് ഒരു ഭവന നിര്‍മ്മാതാവിനെക്കാള്‍ താന്‍ വിദഗ്ദ്ധനാണെന്ന് കരുതാന്‍ പാടില്ല എന്നാണ് അദ്ദേഹത്തിന്റെ മതം. ഓരോ മനുഷ്യനും അവന്റേതായ ഔന്നത്യമുണ്ട്. താന്‍ ദാര്‍ശനിക ഗ്രന്ഥങ്ങളെഴുതിയതു കൊണ്ട്, നോവല്‍ എഴുതിയതു കൊണ്ട്, ഭക്ഷണശാലയുടെ വാതില്‍ക്കലിരുന്ന് ചെസ്‌നട്ട് വില്‍ക്കുന്നവനെക്കാള്‍ കേമനെന്ന് കരുതപ്പെടരുത് എന്നാണ് സര്‍ത്രിന്റെ അഭിപ്രായം. അസ്തിത്വവാദത്തിന്റെ — നിരീശ്വരവാദത്തോടു ചേര്‍ന്ന അസ്തിത്വവാദത്തിന്റ — ഉദ്ഘോഷകനായ ഈ ദാര്‍ശനികന്‍ മരണത്തോട് അടുത്തപ്പോൾ പ്രപഞ്ചത്തിന്റെ ദൈവികാംശങ്ങളിലും വിശ്വാസമുള്ളവനായി ഭവിച്ചുവെന്നത് രസാവഹമായിരിക്കുന്നു. Even if one does not believe in god, there are elements of the idea of god that remain in us and that cause us to see the world with some divine aspects (page 438).

ഈ ശതാബ്ദത്തിലെ മഹാനായ ചിന്തകനും ദാര്‍ശനികനുമായിരുന്നു സര്‍ത്ര്. അതുകൊണ്ട് അദ്ദേഹത്തിന് മനുഷ്യ സാധാരണങ്ങളായ ദൗര്‍ബല്യങ്ങള്‍ ഇല്ലായിരുന്നുവെന്ന് വിചാരിക്കരുത്. അത്ഭുതം ജനിപ്പിക്കുന്ന ഈ പ്രപഞ്ചത്തിന്റെ സത്യം കണ്ടെത്താന്‍ ശ്രമിക്കുന്നവരാണ് തത്വചിന്തകര്‍. അവരില്‍ സുപ്രധാനനായിരുന്നു സര്‍ത്ര് എന്നു മാത്രം കരുതിയാല്‍ മതി. അതിനാല്‍ അതിമദ്യപാനത്തില്‍ മുഴുകിയ, അമിതമായ ധൂമപാനത്തില്‍ മുഴുകി സര്‍ത്ര് മസ്തിഷ്ക്കത്തിന് കേടു വരുത്തിയതില്‍ കുററം കാണെണ്ടതില്ല. വൃദ്ധനായതിനു ശേഷവും പെണ്‍കുട്ടികളുടെ സാമീപ്യത്തില്‍ അദ്ദേഹം രസിച്ചിരുന്നു എന്നതിലും കുററം കാണരുത്. വേദന വന്നപ്പോള്‍ അദ്ദേഹം ദുഃഖിച്ചു. അന്ധത്വം വന്നിട്ടും രണ്ടു കൊല്ലം കഴിഞ്ഞ് തനിക്കു കാഴ്ച കിട്ടുമെന്ന് ആശിച്ചു. പല്ലിനു മുകളില്‍ വ്രണമുണ്ടായപ്പോല്‍ വേദനിക്കുന്നുവെന്നു പറഞ്ഞു. ശങ്കരാചാര്യര്‍ക്ക് പല്ലു വേദന വന്നാല്‍ അദ്ദേഹവും പുളയും. സര്‍ത്രിനെയും ശങ്കരാചാര്യരെയും അപമാനിച്ചാല്‍ അവര്‍ ദേഷ്യപ്പെടും. സര്‍ത്ര് ദേഷ്യപ്പെട്ടതിന് ഈ ഗ്രന്ഥത്തില്‍ ഉദാഹരണങ്ങളുണ്ട്.

ഈ ചെറിയ ലേഖനത്തില്‍ സീമൊന്റെ ഗ്രന്ഥത്തിനുള്ള വൈശിഷ്ട്യം മുഴുവനും എടുത്തു കാണിക്കാന്‍ വയ്യ. ഇതൊരു വിഹഗ വീക്ഷണം മാത്രമാണ്. ഏതോ ഗ്രന്ഥത്തെക്കുറിച്ച് ആരോ പറഞ്ഞില്ലേ അതിനെ സ്പര്‍ശിക്കുമ്പോള്‍ നിങ്ങളൊരു മഹാത്മാവിനെ സ്പര്‍ശിക്കുന്നുവെന്ന്, സീമൊന്റെ എഡ്യുസ് വായിക്കുമ്പോള്‍ പ്രിയപ്പെട്ട വായനക്കാര്‍ സ്പര്‍ശിക്കുന്നത് ഒരു മഹാനെയായിരിക്കും. ഒരു മഹതിയെയായിരിക്കും.