close
Sayahna Sayahna
Search

പൈങ്കിളി നോവലും സിനിമയും


പൈങ്കിളി നോവലും സിനിമയും
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പ്രകാശത്തിന് ഒരു സ്തുതിഗീതം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 118 (ആദ്യ പതിപ്പ്)

Externallinkicon.gif പ്രകാശത്തിന് ഒരു സ്തുതിഗീതം

കൊമേഴ്സ്യൽ സിനിമയും പൈങ്കിളി സാഹിത്യവും കൈകോര്‍ത്തുപിടിച്ച് നടക്കുന്ന കാലയളവിലാണ് നമ്മൾ ജീവിക്കുന്നത്. ഇത് ഒരവിശുദ്ധബന്ധമാണെന്നു ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാർക്കു മനസിലാക്കാന്‍. എന്നാലും മഹായശസ്കരായ ചില സാഹിത്യകാരന്‍മാര്‍ പൈങ്കിളി സാഹിത്യം അത്ര ദോഷമുള്ളതല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. സാഹിത്യത്തിന്റെ ഒരു വിഭാഗം മാത്രമാണ് അതെന്നും അതു തഴച്ചു വളരുന്നതുകൊണ്ട് ഒരു ദോഷവും സംഭവിക്കാന്‍ പോകുന്നില്ലെന്നും വേറെ ചിലര്‍ അഭിപ്രായപ്പെടുന്നു. ഇത് എത്ര കണ്ട് ശരിയാണെന്ന് നമുക്ക് ആലോചിക്കേണ്ടിയിരിക്കുന്നു.

ഉല്‍കൃഷ്ടമായ സാഹിത്യത്തിന്റെ സ്വഭാവമെന്ത്? ജീവിതം സങ്കീര്‍ണ്ണമാണല്ലോ. ആ സങ്കീര്‍ണ്ണതയില്‍ സത്യമേത് അസത്യമേത് എന്നു നമുക്കു വേര്‍തിരിച്ചറിയാന്‍ വയ്യ. സാഹിത്യകാരന്‍ ഈ സങ്കീര്‍ണ്ണതയെ ഏകരൂപമാക്കി നമ്മുടെ മുമ്പില്‍ വച്ചുതരുമ്പോള്‍ സത്യം അര്‍ക്കകാന്തിയോടെ വിലസുന്നു. ആ പ്രഭാതാരള്യം നമുക്കു മാര്‍ഗദര്‍ശനമരുളും. അതിന് ഉദാഹരണമായി ഞാന്‍ സ്വീകരിക്കുന്നതു ലോക സാഹിത്യത്തിലെ അത്യുജ്ജ്വലങ്ങളും അതിശക്തങ്ങളുമായ രണ്ടോ മൂന്നോ കലാസൃഷ്ടികളില്‍ അദ്വിതീയമായ ‘ഐവാന്‍ ഇലീച്ചിന്റെ മരണം’ എന്ന ചെറിയ നോവലാണ്. ടോള്‍സ്റ്റോയി എഴുതിയതാണ് അതെന്ന് എടുത്തു പറയേണ്ടതില്ല. സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ഐവാന്‍ ഇലീച്ച്. കൈക്കൂലി വാങ്ങില്ല അയാള്‍; ഭാര്യയെ വഞ്ചിക്കില്ല. എങ്കിലും അവരുടെ ദാമ്പത്യജീവിതം ക്രമേണ തകര്‍ച്ചയിലായി. അങ്ങനെയിരിക്കെ ഇലീച്ചിനു ജോലിക്കയറ്റം കിട്ടി. അതുനല്‍കിയ അധികവരുമാനം കൊണ്ട് അയാള്‍ പുതിയ വീടുവാങ്ങി. അതു മോടിപിടിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ ഇലീച്ച് ഏണിയില്‍നിന്ന് വീണു. ആ വേദന ഒന്നിനൊന്നു കൂടി, അര്‍ബുദമായി മാറി. ഇലീച്ച് കാന്‍സര്‍ രോഗിയായതോടെ മറ്റുള്ളവര്‍ അയാളില്‍ നിന്നകന്നു. ഭാര്യയും മകളും വളരെ അകന്നു. അവര്‍ നാടകം കാണാന്‍ പോകുമ്പോള്‍ അയാളുടെ മുറിയിലൊന്ന് കയറിയാലായി. അത്രേയുള്ളു. രോഗിയായ താന്‍ ആരോഗ്യമുള്ള മറ്റാളുകള്‍ക്കു ഭാരമാണെന്ന് ഇലീച്ച് മനസിലാക്കി. അവര്‍ നാട്യംകൊണ്ട് അയാളെ വഞ്ചിക്കുകയായിരുന്നു. രോഗം നിസാരമാണെന്ന നാട്യം. പക്ഷേ യാഥാര്‍ത്ഥ്യമെന്തെന്ന് വ്യക്തമാക്കിയത് ഇലീച്ചിന്റെ പരിചാരകന്‍ മാത്രമായിരുന്നു. അയാള്‍ രോഗിയെ കുളിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു. ആരോഗ്യമുള്ള ഭാര്യയേയും മകളേയും മറ്റുള്ളവരേയും ഇലീച്ച് വെറുത്തു. അവരുടെ നാട്യത്തെയാകെ വെറുത്തു. സത്യസന്ധമായി പെരുമാറിയ പരിചാരകനെ അയാള്‍ സ്നേഹിച്ചു. തന്റെ ഭൂതകാല ജീവിതം മുഴുവന്‍ അസത്യാത്മകമായിരുന്നുവെന്ന് ഇലീച്ച് കണ്ടു. ഔന്നത്യമായി താന്‍ കരുതിയതെല്ലാം യഥാര്‍ത്ഥത്തില്‍ താഴ്ചയായിരുന്നുവെന്ന് അയാള്‍ മനസിലാക്കി. ജീവിതം അവസാനിക്കാന്‍ പോകുന്നു. അയാള്‍ ഭയന്നു. നിലവിളിച്ചു. പിന്നീട് പ്രശാന്താവസ്ഥയിലെത്തി. അയാള്‍ തന്നോടുതന്നെ ചോദിച്ചു. “വേദനയെവിടെ? അതിനെന്തു സംഭവിച്ചു? വേദനേ നീ എവിടെ? മരണം. അതെവിടെ? മരണമില്ല. അതുകൊണ്ട് പേടിയില്ല. മരണത്തിന്റെ സ്ഥാനത്ത് പ്രകാശം.” ഈ ചെറിയ നോവല്‍ വായിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ മറ്റൊരാളായി മാറുന്നു. ഇലീച്ചില്‍ നമ്മള്‍ നമ്മളെത്തന്നെ കാണുന്നു. സമ്പന്നമെന്നു കരുതുന്ന ജീവിതം വെറും പൊള്ളയാണെന്നു ഗ്രഹിക്കുന്നു. ഈ ലോകത്തുവച്ച് ഏറ്റവും വലിയ ഭയം മരണഭയമാണ്. ആ ഭയത്തെ ഇല്ലാതാക്കാന്‍ അല്ലെങ്കില്‍ ലഘൂകരിക്കാന്‍ ടോള്‍സ്റ്റോയിയുടെ കഥക്ക് കഴിയുന്നു. സത്യമെന്താണെന്ന് അതു ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെയാണ് ഉത്കൃഷ്ട സാഹിത്യം നമ്മെ ഉദ്ബോധിപ്പിക്കുന്നത്: നമ്മുടെ ജീവിതാവബോധത്തെ തീക്ഷ്ണമാക്കുന്നത്; നമുക്കു സത്യദര്‍ശനമരുളുന്നത്.

പൈങ്കിളി സാഹിത്യത്തിന് ഈ കഴിവില്ല. അത് ജീവിതത്തിന്റെ യഥാര്‍ത്ഥങ്ങളായ ‘പ്രശ്ന’ങ്ങളെ നിരാകരിക്കുന്നു. ഉല്‍കൃഷ്ടങ്ങളായ വികാരങ്ങളെ ദൂരീകരിക്കുന്നു ജീവിതസംഭവങ്ങളെ അയഥാര്‍ത്ഥീകരിക്കുന്നു. അഭിലാഷത്തോടു ബന്ധപ്പെട്ട വിചാരങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. ഇവയെ നിത്യജീവിതത്തില്‍ സാക്ഷാല്‍കരിക്കാന്‍ ശ്രമിച്ചാല്‍, അങ്ങനെ ശ്രമിക്കുന്നവന്‍ ജയിലിലാകും. അവനു ഒറ്റമാര്‍ഗമേയുള്ളു. പൈങ്കിളി നോവലുകള്‍ വായിക്കുക. അത് പരോക്ഷമായ ആഹ്ലാദം നല്‍കും. ഈ വിധത്തിലുള്ള ആഹ്ലാദത്തില്‍ അനുസ്യുതമായി മുങ്ങിയാല്‍ അവന്‍ എപ്പോഴും അസത്യത്തിന്റെ മണ്ഡലത്തിലായിരിക്കും വ്യാപരിക്കുക. അതിന്റെ ഫലം ദുരന്തവും. പൈങ്കിളി സാഹിത്യം വായിച്ചു വായിച്ചു തീവണ്ടിപ്പാളത്തില്‍ തലവയ്ക്കുന്നത് ഇങ്ങനെയാണ്.

ഈ പൈങ്കിളിയേര്‍പ്പാടിനു സമാന്തരമായി വര്‍ത്തിക്കുന്നു പൈങ്കിളി സിനിമ അല്ലെങ്കില്‍ കോമേഴ്സ്യല്‍ സിനിമ. ഉദ്ഭവത്തെ സംബന്ധിച്ചു മാത്രമേ ഇവയ്ക്കു വ്യത്യാസമുള്ളു. വ്യക്തി അന്തര്‍ദ്ധാനം ചെയ്താല്‍ രാത്രിയില്‍ ‘ഗോസ്റ്റാ’യി വരുന്നതുപോലെ നല്ല സാഹിത്യം തിരോധാനം ചെയ്യുമ്പോള്‍ പൈങ്കിളി സാഹിത്യം പ്രത്യക്ഷമാകുന്നു. സാഹിത്യത്തില്‍ നിന്നു സാഹിത്യാഭാസം.

പൈങ്കിളി സിനിമ ആവിര്‍ഭവിച്ചത് സിനിമയില്‍ നിന്നല്ല. ഛായാഗ്രഹണപേടകത്തില്‍ നിന്നാണ്. ചലനാത്മകത്വമുള്ള ഛായാഗ്രഹണം ആദ്യം ചില രംഗങ്ങള്‍ തിരശീലയില്‍ വീഴ്ത്തി. ക്രമേണ രംഗങ്ങളെ കൂട്ടിച്ചേര്‍ത്തു കഥയുണ്ടാക്കി. ഞാന്‍ കണ്ട ആദ്യത്തെ നിശബ്ദ സിനിമയുടെ പേരു ‘വിഗതകുമാരന്‍’ എന്നായിരുന്നു.തിരുവനന്തപുരത്തെ കുന്നുകുഴിയിലെവിടയോ എടുത്ത ചിത്രം. അതു പൈങ്കിളിസിനിമയായിരുന്നു. ക്രമേണ ‘സൈലന്റ്മൂവി’‘ടാക്കി’യായി. കോമേഴ്സ്യല്‍ സിനിമയില്‍ അതെത്തിയപ്പോള്‍ ജനം ആഹ്ലാദിച്ചു. നിര്‍മ്മാതാവും ആഹ്ലാദിച്ചു, ഹിപ്നോട്ടിസക്കാരന്‍ മുന്‍പിലിരിക്കുന്ന ആളിനെ മാന്ത്രിക വിദ്യക്ക് അടിമപ്പെടുത്തുന്നതുപോലെ ഈ കോമേഴ്സ്യല്‍ സിനിമ ഇന്നും ലക്ഷക്കണക്കിനാളുകളെ മയക്കിക്കൊണ്ടിരിക്കുന്നു. പകല്‍ മുഴുവന്‍ പ്രയത്നിച്ചു ക്ഷീണിച്ച ആളുകള്‍ക്കു രാത്രിയില്‍ മദ്യം ലഹരി പ്രദാനം ചെയ്യുന്നതുപോലെ ഇത്തരം ചലച്ചിത്രങ്ങള്‍ ലഹരി നല്‍കുന്നു. ആ ലഹരിയില്‍ കൂടുതലായി അവരൊന്നും പ്രതീക്ഷിക്കുന്നില്ല. പ്രേക്ഷകന്റെ രതിയെ ഉദ്ദീപിപ്പിച്ച് അവനെ അഴുക്കുചാലിലേക്കു എറിയുന്ന രംഗങ്ങള്‍, അവന്റെ അബോധമനസ്സിലും ബോധമനസിലുമുള്ള ആക്രമണവാഞ്ഛയെ പരോക്ഷമായി തൃപ്തിപ്പെടുത്തുന്ന അടിപിടി രംഗങ്ങള്‍ ഇവയൊക്കെ അയഥാര്‍ത്ഥമായ മണ്ഡലത്തില്‍ അവനെ എത്തിച്ചു.

ഇന്നലെ ഞാന്‍ ടെലിവിഷന്‍ സെറ്റിന്റെ മുന്‍പിലിരുന്നു. ചിത്രഗീതം എന്ന പരിപാടി. ഏതോ പൈങ്കിളി സിനിമയിലെ ഒരു രംഗം കണ്ടു. നായകനും നായികയും ലൈംഗികവേഴ്ചയല്ലാതെ വേറെയെന്തെല്ലാമുണ്ടോ അതെല്ലാം ചെയ്യുന്നു. പരസ്യമായി കാണിക്കാന്‍ വയ്യാത്തതു നടന്നുവെന്നു സ്പഷ്ടമാക്കാനായി കൂടെക്കൂടെ വന്‍മരത്തിന്റെ മറവിലാക്കും അവരെ. ആ നിന്ദ്യമായ രംഗം നേരിട്ടു കണ്ടാല്‍ ഏതു വിധത്തിലുള്ള ഇളക്കമുണ്ടാകുമോ അതിന്റെ പത്തിരട്ടി ഇളക്കമാണ് ഭാവനകൊണ്ടു സാക്ഷാത്കരിക്കുന്ന രംഗമുളവാക്കുക. ഇത്തരം രംഗങ്ങള്‍ പതിവായി ടെലിവിഷനില്‍ കാണുന്ന ഏതു ചെറുപ്പത്തിന്റേയും കാമമിളകും എന്നതില്‍ ഒരു സംശയവുമില്ല. ബാലന്‍മാരാണ് ഇതു കാണുന്നതെങ്കില്‍ സ്വയം ഭോഗത്തിലേക്കു തിരിയും. രണ്ടും ദുരന്തത്തില്‍ കൊണ്ടുചെല്ലും അവരെ.

പൈങ്കിളി സാഹിത്യത്തിനു സമാന്തരമായിട്ടാണല്ലോ ഗൗരവാവഹമായ സാഹിത്യത്തിന്റെ നില. അതുപോലെ പൈങ്കിളി സിനിമയ്ക്കു സമാന്തരമായി ആര്‍ട്ഫിലിം വര്‍ത്തിക്കുന്നു. ആര്‍ട് ഫിലിം ചിലപ്പോഴൊക്കെ പ്രതിരൂപാത്മകതയാല്‍ ദുര്‍ഗ്രഹമാണെങ്കിലും പൊതുവെ അശ്ലീലസ്പൃഷ്ടമല്ല. (അശ്ലീലം കലര്‍ന്ന ആര്‍ട്ഫിലിമുകള്‍ ഇല്ലാതില്ല) നാടകത്തിന് ഇല്ലാത്തഗുണം ആര്‍ട്ഫിലിമിനുണ്ട് എന്നു സമ്മതിച്ചേതീരൂ. നാടകത്തില്‍ സ്ഥലം വേറെ കാലം വേറെ. ഫിലിമില്‍ സ്ഥലകാലങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് സത്യത്തിന്റെ ഒരു പുതിയ മാനം നിര്‍മ്മിക്കുന്നു. എങ്കിലും ആര്‍ട്ഫിലിമിനെക്കാള്‍ നാടകത്തിനാണ് മേന്‍മ. കാരണം നാടകം കാണുന്നവനും അഭിനേതാക്കൾക്കും തമ്മില്‍ “പരസ്പര പ്രവര്‍ത്തനം” ഉണ്ട് എന്നതാണ്. ആര്‍ട് ഫിലിം എത്ര ഉല്‍കൃഷ്ടമായാലും ഈ പരസ്പര പ്രവര്‍ത്തനം ഉണ്ടാവുകയില്ല. അതിനാല്‍ നല്ല നാടകം കാണുന്നവന് താദാത്മ്യപ്രതീതി. ആര്‍ട്ഫിലിം കാണുന്നവന് അന്യവല്‍കരണം. താദാത്മ്യപ്രതീതി സത്യത്തിലേക്കു നയിക്കും. അന്യവത്കരണം സത്യത്തിലേക്കു ഭ്രഷ്ടാവിനെ അത്രകണ്ട് കൊന്റു ചെല്ലുകയില്ല.

ഏതു നഗരത്തിലും റെഡിമെയ്ഡ് ഉടുപ്പുകള്‍ വില്ക്കുന്ന കടകളുണ്ട്. കോമേഴ്സ്യന്‍ സിനിമയും ആര്‍ട്ഫിലിമും റെഡിമെയ്ഡ് കഞ്ചുകങ്ങള്‍ നല്‍കുന്നു. സാഹിത്യഗ്രന്ഥങ്ങളും നാടകങ്ങളും ജീവിത പടം മുറിച്ചെടുത്തു തയ്ച്ചു കഞ്ചുകങ്ങളുണ്ടാകുന്നു. വസ്തുത ഇതായതുകൊണ്ട് സവിധായകരെ — അവരെത്ര കേമന്‍മാരായാലും സ്ക്രീനിന്റെ ഷെയ്‌ക്‍സ്പിയര്‍ എന്നൊക്കെ വിളിക്കുന്നതു ശരിയാവുകയില്ല. പ്രകൃതിയുടെ ദിവ്യാനുഗ്രഹത്താൽ മക്ബത് എഴുതിയ ഷേയ്ക്സ്പിയര്‍ എവിടെ? ഒരു രംഗം പതിനഞ്ചു തവണ ഷൂട്ട് ചെയ്ത് അവയില്‍ നിന്ന് ഒരെണ്ണം തിരഞ്ഞെടുത്തു കത്തിരിപ്രയോഗം നടത്തുന്ന സംവിധായകനെവിടെ? അങ്ങനെ രൂപപ്പെടുത്തിയ അനേകം രംഗങ്ങള്‍ ചേര്‍ത്തുവച്ച് പ്രേക്ഷകരെ കാണിക്കുന്ന സംവിധായകന് എന്തു മേന്‍മ?

ആവശ്യത്തിലധികമായി നമ്മള്‍ ചലച്ചിത്ര സംവിധായകരെ മാനിക്കുന്നു. നമ്മെ സാംസ്കാരികമായി ഉയര്‍ത്തുന്ന കലാകാരന്‍മാരെ മാനിക്കുന്നതുമില്ല. അതുപോകട്ടെ, പൈങ്കിളി സാഹിത്യവും കോമേഴ്സ്യല്‍ സിനിമയും വരുത്തിക്കൂട്ടുന്ന ജീര്‍ണ്ണതയ്ക്കു ഊന്നല്‍ നല്‍കി ലേഖനമെഴുതാനായിരുന്നു എന്റെ ഉദ്ദേശ്യം. അവയുടെ അനാശാസ്യമായ ബന്ധത്തിന് നിഷേധിക്കാന്‍ പാടില്ലാത്ത ഒരു തെളിവുണ്ട്. വാരികകളില്‍ വരുന്ന ഏതു പൈങ്കിളിനോവലിനെയും ചലച്ചിത്രമാക്കാന്‍ സംവിധായകന്‍ വെമ്പുന്നു. ഗൗരവപൂര്‍ണ്ണമായി രചിക്കപ്പെടുന്ന ഒരു നോവലും സംവിധായകനുവേണ്ടേ വേണ്ട. മുട്ടത്തുവര്‍ക്കിയുടെ നോവലുകള്‍ ചലച്ചിത്രങ്ങളായി വരുന്നു. ‘ഖസാക്കിന്റെ ഇതിഹാസം’ എന്തുകൊണ്ടു സിനിമയാകുന്നില്ല?