close
Sayahna Sayahna
Search

കനേറ്റി: കാലത്തിന്റെ ശബ്ദം


കനേറ്റി: കാലത്തിന്റെ ശബ്ദം
Mkn-08.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വിശ്വസുന്ദരി; വൃദ്ധരതി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഇംപ്രിന്റ്
വര്‍ഷം
1996
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 76 (ആദ്യ പതിപ്പ്)

Externallinkicon.gif വിശ്വസുന്ദരി; വൃദ്ധരതി

സ്ഥലം എനിക്കു് ഓര്‍മ്മയില്ല, പുസ്തകക്കട ഏതെന്നും ഓര്‍മ്മയില്ല. രണ്ടും സ്മൃതി മണ്ഡലത്തില്‍ നിന്ന് ഓടിപ്പോയിരിക്കുന്നു. കടയില്‍ പുസ്തകങ്ങള്‍ എടുത്തു നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഏലിയാസ് കനേറ്റി എഴുതിയ ‘ഔട്ടോ ദ ഫേ’ (Auto Da Fe) എന്ന നോവല്‍ ഞാന്‍ കാണാനിടയായത്. ഏതോ ഒരു നോവല്‍ എന്നു വിചാരിച്ചു് അതു തിരിച്ചു ഷെല്‍ഫില്‍ വയ്ക്കാന്‍ ഭാവിച്ചപ്പോള്‍ കവറില്‍ അച്ചടിച്ച ചില അഭിപ്രായങ്ങള്‍ എന്റെ കണ്ണില്‍ വന്നു വീണു. ഇരുപതാം ശതാബ്ദത്തിലെ ഏറ്റവും മഹനീയമായ നോവല്‍ എന്നൊരു വിമര്‍ശകന്‍ പറഞ്ഞതുകൊണ്ട് ഞാന്‍ ആ നോവല്‍ വാങ്ങി, വീട്ടില്‍നിന്നു വായന തുടങ്ങി. വായിച്ചു തീരുന്നതുവരെ അതു താഴെവയ്ക്കാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞാല്‍ അതൊരു ക്ലീഷേയാണെന്ന് അറിവുള്ളവര്‍ പറയും എങ്കിലും അതാണു സംഭവിച്ചത്.

പാരായണം കഴിഞ്ഞ ദിവസം തന്നെ ഞാന്‍ അതിനെക്കുറിച്ച് എഴുതി: ഈ നോവലിസ്റ്റിനു നോബല്‍ സമ്മാനം നല്‍കേണ്ടതാണ്. കാലം കഴിഞ്ഞപ്പോള്‍ ഞാന്‍ കനേറ്റിയെ മറന്നു. ഞാന്‍ എഴുതിയതു വിസ്മരിച്ചു. 1981-ന്റെ അവസാനത്തെ മാസങ്ങളിലൊന്നില്‍ ഒരു ദിവസം പത്രം നിവര്‍ത്തിയപ്പോള്‍ ‘ഔട്ടോ ദ ഫേ ’ എന്ന നോവലും ‘ക്രൗഡ്സ് ആന്‍ഡ് പവര്‍’ എന്ന സാമൂഹിക-മനോവിജ്ഞാനീയ ഗ്രന്ഥവും എഴുതിയ കനേറ്റിക്കു നോബല്‍ സമ്മാനം ലഭിച്ചിരിക്കുന്നു എന്ന വാര്‍ത്ത കണ്ടു. ആഹ്ലാദാതിശയത്തോടെ ഞാന്‍ ‘ഔട്ടോ ദ ഫേ ’ വീണ്ടും വായിച്ചു. സാഹിത്യത്തിന്റെ മണ്ഡലത്തിലെ ഒരന്യാദൃശ സംഭവമാണ് ആ നോവലിന്റെ ആവിര്‍ഭാവമെന്നു വീണ്ടും വിചാരിക്കുകയും ചെയ്തു. ഒരു സൈനോളജിസ്റ്റിന്റെ കഥയാണു കനേറ്റി പറയുന്നത് (ചൈനയിലെ ഭാഷ, സാഹിത്യം, ആചാരം ഇവയെക്കുറിച്ചു പഠിക്കുന്നയാള്‍ സൈനോളജിസ്റ്റ്). അതിവിപുലമായ ഗ്രന്ഥശേഖരം അദ്ദേഹത്തിനുണ്ട്. പാണ്ഡിത്യംകൊണ്ടു വിശ്വവിഖ്യാതിയാര്‍ജ്ജിച്ച ആ മനുഷ്യന്‍ പുസ്തകങ്ങളില്‍ പൊടിപറ്റിയാല്‍ കരയും. അവയോട് അദ്ദേഹം സംസാരിക്കും. ആ ഗ്രന്ഥസമുച്ചയം സൂക്ഷിക്കാനായി അദ്ദേഹം ഒരു സ്ത്രീയെ നിയമിച്ചു. ദുഷ്ടതയുടെ മൂര്‍ത്തിമദ്ഭാവമായ അവള്‍ മറ്റു രണ്ടുപേരോടു കൂടിച്ചേന്ന് അദ്ദേഹത്തെ ക്രമാനുഗതമായി ഉന്മാദത്തിലേക്കു നയിച്ചു. ഒടുവില്‍ പുസ്തകങ്ങളുടെ ഇടയ്ക്കു കയറിയിരുന്ന് അവയില്‍ തീ പിടിപ്പിച്ച് അദ്ദേഹം ആത്മഹനനം നടത്തി.

‘ഒരു ലോകമില്ലാത്ത ശിരസ്സ്’, ‘ശിരസ്സില്ലാത്ത ലോകം ’, ‘ശിരസ്സിനകത്തെ ഒരു ലോകം’ എന്നു നോവലിന്റെ വിഭജനം. മൂന്നാമത്തെ അവസ്ഥയില്‍ എത്തുമ്പോള്‍ ആ മഹാപണ്ഡിതന്‍ സ്വയം അഗ്നിക്കിരയാവുന്നു. നൃശംസതയോടെ മറ്റുള്ളവര്‍ വ്യക്തിയെ എങ്ങനെ നശിപ്പിക്കുന്നു, ലോകത്തോട് അനുരഞ്ജിക്കാതെ പാണ്ഡിത്യം ശിരസ്സിലേറ്റി നടന്നാല്‍ ആ വ്യക്തി എങ്ങനെ ദുരന്തമുണ്ടാകുന്നു എന്നു സ്പഷ്ടമാക്കിത്തരും കനേറ്റിയുടെ ‘ഔട്ടോ ദ ഫേ’.

ഞാന്‍ രണ്ടാമതു വായിച്ചതു ‘Crowds and Power’ എന്ന ഗ്രന്ഥമാണ്. അതും നിസ്തുലമത്രേ. അതിലെ ഓരോ വാക്യം വായിക്കുമ്പോഴും നമ്മള്‍ കനേറ്റിയുടെ ധിഷണാവൈഭവം കണ്ട് ആദരാദ്ഭുതങ്ങളോടെ തല കുനിക്കും. ‘There is nothing that man fears more than the touch of the unknown’ എന്നാണു പുസ്തകത്തിന്റെ തുടക്കം. അജ്ഞാതമായതും അജ്ഞേയമായതും ജനക്കൂട്ടത്തിന്റെ മാനസികാവസ്ഥകളിലൂടെ ആവിഷ്കരിക്കപ്പെടുന്നു. അഗ്നി, മഴ, കാട് ഇവയെ ജനക്കൂട്ടത്തിന്റെ പ്രതിരൂപങ്ങളാക്കിക്കാണിച്ച് ഓരോന്നിനെക്കുറിച്ചും വിസ്മയാവഹങ്ങളായ മതങ്ങള്‍ സ്ഫുടീകരിക്കുന്നു. എന്റെ ഹൃദയത്തെ പിടിച്ചു കുലുക്കുകയും മനസ്സിനെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്ത ആ പുസ്തകം ഞാന്‍ മാത്രം വായിച്ചാല്‍ പോരാ എന്നെനിക്കു തോന്നി. അക്കാലത്തു തൃശൂരു താമസിച്ചിരുന്ന സി. അച്യുതമേനോനു ഞാനത് അയച്ചുകൊടുത്തു. അടുത്ത ദിവസം വേറൊരു കോപ്പി വങ്ങിക്കുകയും ചെയ്തു. കനേറ്റിയുടെ മൂന്നു വാല്യത്തിലുള്ള ആത്മകഥയും ധിഷണയുടെ പാരമ്യാവസ്ഥ കാണിക്കുന്നു. The Tongue set Free, The Torch in My Ear, The play of The Eyes ഇവയാണു മൂന്നു വാല്യങ്ങളുടെയും പേരുകള്‍. യൂറോപ്പിലെ മൂസി(Musil), ബ്രോഗ്(Broch), റ്റോമസ്‌മാന്‍ (Thomas Mann) ഈ പ്രതിഭാശാലികളെയും തനിക്കു നേരിടേണ്ടിവന്ന ക്ഷുദ്ര സ്വഭാവക്കാരായ വ്യക്തികളെയും അന്തര്‍വീക്ഷണപാടവത്തോടെ അവതരിപ്പിക്കുന്ന ഈ ആത്മകഥയ്ക്കു മാന്ത്രികശക്തിയുണ്ടെന്നു മാത്രം പറയാനേ ഇവിടത്തെ സ്ഥല പരിമിതി അനുമതി തരുന്നുള്ളു.

ഒരിക്കലും കെടാത്ത ധിഷണാപരമായ ജിജ്ഞാസയാണു കനേറ്റി ഓരോ രചനയിലും പ്രദര്‍ശിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ വാക്യവും പ്രൗഢമാണ്. ആ പ്രൗഢത അദ്ദേഹത്തിന്റെ സുശക്തമായ മനസ്സിനെ പ്രതിഫലിപ്പിക്കുന്നു. ‘ She kept on her final piece of clothing a lip curled in scorn’– ഇതു കനേറ്റിയുടെ ഒരു വാക്യം. ഇതുപോലെയാണ് എല്ലാ വാക്യങ്ങളും. ഈ ശതാബ്ദത്തിലെ ഉദാത്തശബ്ദമാണു കനേറ്റിയുടേത്.

സ്പാനിഷ് വംശജനായതുകൊണ്ടു കാന്‍യേതേ എന്നാണ് അദ്ദേഹത്തിനെ പേര് ഉച്ചരികേണ്ടത്.