close
Sayahna Sayahna
Search

രക്തത്തിന്റെ ഗന്ധം — സ്നേഹത്തിന്റെ പരിമളം


രക്തത്തിന്റെ ഗന്ധം — സ്നേഹത്തിന്റെ പരിമളം
Mkn-08.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വിശ്വസുന്ദരി; വൃദ്ധരതി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഇംപ്രിന്റ്
വര്‍ഷം
1996
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 76 (ആദ്യ പതിപ്പ്)

Externallinkicon.gif വിശ്വസുന്ദരി; വൃദ്ധരതി

സമ്പത്തിനെ സംബന്ധിച്ച അനീതിലോകത്തുണ്ടായിരിക്കുന്നിടത്തോളം കാലം ജനതയ്ക്കു സ്പഷ്ടമായി ചിന്തിക്കാന്‍ കഴിയുകയില്ല. ഞാന്‍ അതിനെ അങ്ങനെയാണ് കാണുന്നത്. രണ്ടുപേര്‍ നദീതീരത്തൂടെ നടക്കുകയാണ്. അവരിലൊരാള്‍ ധനികന്‍, മറ്റേയാള്‍ ദരിദ്രന്‍. ഒരാള്‍ക്കു നിറഞ്ഞ വയര്‍. മറ്റേയാള്‍ കോട്ടുവായിട്ട് അന്തരീക്ഷത്തെ മലിനമാക്കുന്നു. ധനികന്‍ പറയുകയാണ്: ‘ജലത്തില്‍ എന്തൊരു മനോഹരമായ കൊച്ചുവള്ളം! കരയില്‍ വിടര്‍ന്നുനില്ക്കുന്ന ലില്ലി പ്പൂവിനെ നോക്കൂ.’ പാവപ്പെട്ടവന്‍ വിലപിക്കുന്നു:‘എനിക്കു വിശക്കുന്നു, അത്രയ്ക്കു വിശക്കുന്നു.’ തീര്‍ച്ചയാണ്. വിശപ്പ് എല്ലാക്കാലത്തേക്കുമായി ഇല്ലാതാക്കപ്പെടുന്ന ദിവസം ലോകം കണ്ട ഏറ്റവും വലിയ ആധ്യാത്മികസ്ഫോടനം ഉണ്ടാകും. മഹാവിപ്ളവം വരുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന ആഹ്ളാദത്തെക്കുറിച്ചു നമുക്കു സങ്കല്പിക്കാനേ സാദ്ധ്യമല്ല. ഞാന്‍ യഥാര്‍ത്ഥസമത്വവാദിയായി സംസാരിക്കുകയാണ്. അല്ലേ?’

സ്പെയിനിലെ നിസ്തുലനായ കവിയും നിസ്തുലനായ നാടകകര്‍ത്താവുമായ ലൊര്‍ക (Lorca 1898-1936) ഒരു സ്നേഹിതനോടു പറഞ്ഞതാണിത്. 1936-ല്‍ അദ്ദേഹത്തെ ഫാസ്സിസ്റ്റുകള്‍ വെടിവച്ചുകൊന്നു. തന്റെ അതിസുന്ദരങ്ങളായ നാടകങ്ങളിലും അസദൃശങ്ങളായ കാവ്യങ്ങളിലും രാഷ്ട്ര വ്യവഹാരത്തിന്റെ ഒരു സൂചനപോലും നല്കാത്ത അദ്ദേഹം ധീരതയോടാണെങ്കിലും ദൗര്‍ഭാഗ്യത്താല്‍ ‘Ballad of The Spanish Civil Guard’ എന്നൊരു കാവ്യം രചിച്ചു. അതിന്റെ തുടക്കമിങ്ങനെ.

‘The horses are black.
Black are the horses
Ink and wax Stains
Shine on their Cloaks
‘They have Skulls of lead
This is why They do not weep
With their patent leather souls
They come along the road.’

ഈ ബാലഡാണ്, കഥാഗീതമാണ് ലൊര്‍കയുടെ മരണത്തിനു ഏക ഹേതുവെന്നു പറയാന്‍ വയ്യ. എങ്കിലും അതു അന്തിമ ഹേതുവായി പരിണമിച്ചു എന്നതു സത്യംതന്നെ. ലൊര്‍കയെ വെടിവച്ചു കൊല്ലുന്നതു കാണാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ട ഒരു ജേണലിസ്റ്റ് (Vicente Vidal Corella എന്ന് അദ്ദേഹത്തിന്റെ പേരു്) ’The Gime was in granada I witnessed the assassination of Garcia Lorca’ എന്നൊരു ലേഖനമെഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം പറയുന്നു. ‘എന്നിട്ട് അദ്ദേഹം (ലൊര്‍ക) സംസാരിച്ചു. ഉറപ്പോടുകൂടി സ്ഥിരതയാര്‍ന്ന ശബ്ദത്തില്‍ ലൊര്‍ക സംസാരിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ദൗര്‍ബ്ബല്യം കാണിച്ചില്ല, മാപ്പു ചോദിച്ചതുമില്ല. ലൊര്‍ക താന്‍ എപ്പോഴും സ്നേഹിച്ച സ്വാതന്ത്ര്യമെന്നതിനെ പരിരക്ഷണം ചെയ്യുന്ന പുരുഷത്വമാര്‍ന്ന വാക്കുകളായിരുന്നു അവ. ജനങ്ങളുടേതും തന്റേതുമായ ലക്ഷ്യത്തെയും കിരാതത്വത്തിനും കുറ്റങ്ങള്‍ക്കുമെതിരായി അവര്‍ ചെയ്യുന്ന നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. വികാരത്തിന്റെ അഗ്നിയോടുകൂടി പറയപ്പെട്ട ആ വാക്കുകള്‍ തോക്കുകള്‍ പിടിച്ചുനിന്ന അവരില്‍ വല്ലാത്ത ആഘാതമേല്പിച്ചു. എനിക്കാണെങ്കില്‍ അവ തലച്ചോറിനകത്തു് കത്തിക്കാളിയ, കടന്നുകയറിയ പ്രകാശമായിരുന്നു. കവി സംസാരിച്ചുകൊണ്ടേയിരുന്നു. പക്ഷേ അദ്ദെഹം നിറുത്തിയില്ല. ഭയജനകമായത്, രാക്ഷസീയമായത്, കുറ്റകരമായതു ഉണ്ടായി. ലഫ്റ്റനന്റ് മെദീന പേടിപ്പിക്കുന്ന ശാപവചനങ്ങള്‍ ഉറക്കെയുച്ചരിച്ചുകൊണ്ട് വെടിവച്ചു. കവിക്കെതിരേ പ്രവര്‍ത്തിക്കാന്‍ സിവില്‍ഗാര്‍ഡുകളോട് ആജ്ഞാപിച്ചു. ആ ദൃശ്യം ഞെട്ടിപ്പിക്കുന്നതായിരുന്നു തോക്കിന്റെ മൂടുകൊണ്ട് അദ്ദേഹത്തെ ചതച്ചും അദ്ദേഹത്തിന്റെ നേര്‍ക്കു വെടിവച്ചും അവര്‍ അദ്ദേഹത്തിന്റെ മേല്‍ ചാടിവീണു. (ആ കാഴ്ചകണ്ടു ഞങ്ങളില്‍ ചിലര്‍ ഭയംകൊണ്ടു ഞെട്ടിനില്ക്കുകയായിരുന്നു) ലൊര്‍ക ഓടി.വെടിയുണ്ടകളുടെ വര്‍ഷം അദ്ദേഹത്തിനു പിറകേ. നൂറുഗജമകലെ ലൊര്‍ക വീണു. അദ്ദേഹത്തിന്റെ കഥകഴിക്കാന്‍ അവര്‍ അടുത്തുചെന്നു. പക്ഷേ ലൊര്‍ക രക്തമൊഴിക്കിക്കൊണ്ടു വീണ്ടും എഴുന്നേറ്റുനിന്നു. ഭയജനകങ്ങളായ കണ്ണുകള്‍കൊണ്ടു അവരെ തുറിച്ചു നോക്കി. സിവില്‍ഗാര്‍ഡുകള്‍ പേടിച്ചു പിറകോട്ടുമാറി. അവരെല്ലാവരും കാറുകളില്‍ കയഠി. ലഫ്റ്‌റനന്റ് മാത്രമേ തോക്കുമായി നിന്നുള്ളു. ലൊര്‍ക അവസാനമായി കണ്ണുകളടച്ച് തന്റെ രക്തംകൊണ്ടുകുതിര്‍ന്ന മണ്ണിലേക്കു വീണു. മെദീന വേഗത്തില്‍ മുന്നോട്ടുവന്നു് പാവപ്പെട്ട ലൊര്‍കയുടെ ശരീരത്തിലേക്ക് മൂന്നു ചുറ്റു വെടിയുണ്ടകള്‍ പായിച്ചു. അവര്‍ കവിയെ അവിടെ ഉപേക്ഷിച്ചു. സംസ്കരിക്കാതെ: ഗ്രാനാഡയ്ക്കു വെളിയില്‍. ലൊര്‍കയുടെ ഗ്രാനാഡ.’

ഫാസ്സിസ്റ്റായ ഫ്രാങ്കോയാണ് പ്രതിഭാശാലികളില്‍ പ്രതിഭാശാലിയായ ലൊര്‍കയെ നിഗ്രഹിപ്പിച്ചത്. രക്തമൊഴുകുന്ന രാജ്യം സ്പെയിന്‍. അതുകൊണ്ടാണു ചോരയുടെ ഗന്ധം അദ്ദേഹത്തിന്റെ പല രചനകളില്‍ നിന്നും ഉയരുന്നത്’ ‘രക്ത’വിവാഹം–Blood wedding എന്ന നാടകം നോക്കുക. രക്തപ്രവാഹത്തെ ചിത്രീകരിച്ചിട്ട് മനുഷ്യത്വത്തിന്റെ നാദമുയരേണ്ടതിന്റെ ആവശ്യകതയെ നാടകകര്‍ത്താവ് അഭിവ്യഞ്ജിപ്പിക്കുന്നു. മഞ്ഞച്ചായമടിച്ച ഒരു മുറിയിലാണു നാടകത്തിന്റെ ആരംഭം. വിവാഹിതനാകാന്‍ പോകുന്ന മകന്‍ പേനാക്കത്തി ചോദിക്കുമ്പോള്‍ അമ്മ പേടിക്കുന്നു തോക്കുകളെ മാത്രമല്ല കൊച്ചു പേനാക്കത്തികളെയും അവര്‍ക്കു പേടിയാണ്. ആ പേടിക്കു കാരണമുണ്ട് രക്തമൊഴുകിയ ഒരു ലഹളയില്‍ അവരുടെ ഭര്‍ത്താവും മൂത്ത മകനും മരിച്ചു. വരനായ രണ്ടാമത്തെ മകന്‍ പേനാക്കത്തി ചോദിക്കുമ്പോള്‍ അവര്‍ പേടിക്കാതിരിക്കുന്നതെങ്ങനെ? കുടുംബത്തിലെ രണ്ടു മരണങ്ങള്‍ക്കു കാരണക്കാർ ലേയോനാർതോ ഫേലിക്സ് കുടുംബത്തിലെ അംഗങ്ങൾ തന്നെ ആ കുടുംബത്തില്‍പ്പെട്ട ലേയോനാര്‍തോയുടെ പൂര്‍വ്വ കാമുകിയാണ് വധു. അവള്‍ ചാരിത്ര ശാലിനിയാണെന്ന് അമ്മയെ സമാധാനിപ്പിച്ചിട്ട് മകന്‍–വരന്‍–പോകുന്നു.

ഇളം ചുവപ്പു ചായമടിച്ച മുറിയില്‍ ലേയോനാര്‍തോയുടെ ഭാര്യയും കുഞ്ഞും ഭാര്യയുടെ അമ്മയും ഇരിക്കുന്നതു കാണിച്ചു കൊണ്ടാണ് രണ്ടാം രംഗത്തിന്റെ ആരംഭം. പൂര്‍വ്വ കാമുകിയെ ഉപേക്ഷിച്ചിട്ട് ലെയോനാര്‍തോ വേറൊരുത്തിയെ വിവാഹം കഴിച്ച് സന്തത്യുല്‍പാദനവും നടത്തിയിരിക്കുന്നു. കുഞ്ഞിനെ താരാട്ടു പാടി ഉറക്കുകയാണ് ലേയോനാര്‍തോയുടെ അമ്മായിയും ഭാര്യയും. വിഷം കലര്‍ന്ന നദിയിലെ വെള്ളം കുടിച്ച് ഒരു കുതിര മരിക്കുന്നതാണ് താരാട്ടിന്റെ ഉള്ളടക്കം. ‘എന്റെ കൊച്ചു പനിനീര്‍പ്പൂവേ ഉറങ്ങൂ കുതിര ഇപ്പോള്‍ കരയാന്‍ തുടങ്ങുന്നു’ എന്ന പാട്ടിന്റെ അന്ത്യം. വരന്റെയും വധുവിന്റെയും വിവാഹത്തിനു വേണ്ടി പലതും വാങ്ങിയെന്ന് അറിയുന്ന ലേയോനാര്‍തോ കോപിക്കുന്നു.

വധുവിന്റെ വീട് ഒരു ഗുഹയാണ്. അവിടെ വരനും അയാളുടെ അമ്മയും വധുവിന്റെ അച്ഛനും കൂടി വിവാഹത്തീയതി തീരുമാനിച്ചു. അവര്‍പോയതിനു ശേഷം പരിചാരികയും വധുവും കൂടി സംസാരിച്ചു തലേദിവസം രാത്രി കുതിരയുടെ കുളമ്പടി ശബ്ദം പരിചാരിക കേട്ടു പോലും. പെട്ടെന്ന് കുതിരയുടെ ശബ്ദം കേട്ടു. പരിചാരിക ജനലില്‍ച്ചെന്നു നോക്കിയിട്ടു വധുവിനോടു പറഞ്ഞു ‘നോക്കു!ഇവിടെ വരൂ! അയാളായിരുന്നോ അത്?’ വധു മറുപടി നല്കി:–അതേ, അയാള്‍ തന്നെ.’

വധുവിന്റെയും വരന്റെയും വിവാഹം കഴിഞ്ഞു. അതിനുശേഷമുള്ള ആഘോഷങ്ങള്‍ക്കിടയില്‍ വധുവും ലേയോനാര്‍തോയും അപ്രത്യക്ഷരായി. അടുത്ത രംഗത്തില്‍ മൂന്നു മരം വെട്ടുകാരെയും കാണാം. മരണത്തിന്റെ പ്രതിരൂപമായ ഒരു ഭിക്ഷക്കാരിയുമുണ്ടു്. ഭിക്ഷക്കാരി ചന്ദ്രനോടു പറഞ്ഞു:–‘ഉടുപ്പിനെ പ്രകാശിപ്പിക്കു. കുടുക്കുകള്‍ ഊരു. എന്നാലേ കത്തികള്‍ക്കു അവയുടെ മാര്‍ഗ്ഗം അറിയാനാവൂ.’ പലായനം ചെയ്തവരെ അന്വേഷിച്ചെത്തിയവരുടെ നേതാവു് വരന്‍ തന്നെ. അയാളും ലേയോനാര്‍തോയും അന്യോന്യം കത്തിക്കുത്തേറ്റു മരിച്ചു. നാടകം അവസാനിക്കുകയാണ്, അമ്മയുടെ വിലാപത്തോടു കൂടി:–

Neighbours: with a knife
With a small knife
On a day appointed
between two and three
The two men killed each
other for love.

സിംബലിസം, സറിയലിസം, കാമോത്സുകത, മരണാഭി വാഞ്ഛ ഇവയെയെല്ലാം കലാപരമായി സങ്കലനം ചെയ്ത് അന്യാദൃശമായ ഒരു കാവ്യനാടകം രചിച്ചിരിക്കുകയാണു ലൊര്‍ക. സിംബലിസത്തിന്റെ-പ്രതിരൂപാത്മകത്വത്തിന്റെ-പ്രധാനഘടകം കുതിര തന്നെ. പടിഞ്ഞാറന്‍ സങ്കല്പമനുസരിച്ച് കുതിര തീക്ഷ്ണങ്ങളായ വികാരങ്ങള്‍ക്കും ജന്മവാസനകള്‍ക്കും പ്രാതിനിധ്യം വഹിക്കുന്നു. മനുഷ്യന്റെ അധമവാസനകളുടെ പ്രതിരൂപമായി കുതിരയെ മനഃശാസ്ത്രജ്ഞനായ യുങ് ദര്‍ശിച്ചിട്ടുണ്ടെന്ന് ഓര്‍മ്മ എന്നോടു പറയുന്നു. താരാട്ടു പാടുന്ന അമ്മായി വിഷം കലര്‍ന്ന വെള്ളം കുടിക്കുന്ന കുതിരയെക്കുറിച്ചു പറയുന്നതില്‍ നിന്ന് വരാനിരിക്കുന്ന ലൈംഗിക ദുരന്തത്തിന്റെ പ്രതീതി വായനക്കാര്‍ക്കു ഉണ്ടാകുന്നു.

There the water’s oh so black
Where the trees grow thick and strong
When it flows down to the bridge
There it stops and sings its song’

തന്റെ ചോരവീണു കുതിര്‍ന്ന മണ്ണില്‍ മരിച്ചുവീണ ലൊര്‍ക ചോരയെ നാടകത്തില്‍ പ്രതിരൂപമാക്കിയതില്‍ എന്തേ അദ്ഭുതം!

‘മദ്യശാലയ്ക്കു് അകത്തേക്കും പുറത്തേക്കും മരണം പോകുന്നു. സാരംഗിയുടെ അഗാധങ്ങളായ പാതകളിലൂടെ കറുത്ത കുതിരകളും ദുഷ്ടന്മാരും ചലനം കൊള്ളുന്നു. സമുദ്രതീരത്തുള്ള ജ്വരാര്‍ത്തങ്ങളായ റ്റ്യൂബൃഓഡുകളില്‍ ഉപ്പിന്റെയും സ്ത്രീയുടെയും ഗന്ധം. മരണം അകത്തേക്കു പോകുന്നു. വെളിയിലേക്കു പോകുന്നു. മദ്യശാലയുടെ മരണം വെളിയിലേക്കും അകത്തേക്കും പോകുന്നു’ ലൊര്‍കയുടെ ഈ കാവ്യത്തില്‍ മരണത്തെയും രക്തത്തെയും കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ജലം ജീവന്റെ പ്രതീകമാണ് അതിന്റെ ചലനാത്മകതയാല്‍. എന്നാലതു കട്ടിപിടിച്ചാല്‍ മഞ്ഞുകട്ടയായി. ശൈത്യംകൊണ്ട് അതു മരണത്തിന്റെ സിംബലായിമാറുന്നു റ്റോമസ്മാന്‍ എന്ന ജര്‍മ്മന്‍ നോവലിസ്റ്റ് ‘Magic Mountain’ എന്ന നോവലില്‍ മഞ്ഞുകട്ടയെ മരണത്തിന്റെ പ്രതിരൂപമാക്കിയിരിക്കുന്നു. ലൊര്‍കയ്ക്കു് രക്തം മരണത്തിന്റെ പ്രതിരൂപമാണ്. ആ പ്രതിരൂപം കൊണ്ടു് ഒരു ഭാവാത്മക മണ്ഡലം സൃഷ്ടിക്കുകയാണ് ‘രക്തവിവാഹം’ എന്ന നാടകത്തില്‍. നാടകത്തിലെ കഥാപാത്രമായ ചന്ദ്രന്‍ മരക്കൊമ്പുകളോടു പറയുന്നു.

‘I don’t want Shadows. My rays
Must enter every where,
And let there be among dark trunks
A murmur of gleaming light
So that tonight there’ll be
Red blood to fill my cheeks.’

ചന്ദ്രന്റെ അഭിലാഷംപോലെ red blood-ചുവന്ന ചോര-ഒഴുകി. മരണം ജയിച്ചു. കത്തീ തീരെച്ചെറുതു്. ചെറുതായതുകൊണ്ട് കൈയില്‍പോലും അതു് ഒതുങ്ങുകയില്ല പക്ഷേ അതു രണ്ടുപേരെ മരണത്തിലേക്കു കൊണ്ടുചെന്നു. അവരുടെ ചുണ്ടുകള്‍ മഞ്ഞ നിറമായി എന്നു വധു നാടകത്തിന്റെ അവസാനത്തില്‍ പറയുന്നു. കൈയിലൊതുങ്ങുകില്ലെങ്കിലും മാംസത്തിലൂടെ അതു് ഭംഗിയായി താണിറങ്ങുമെന്നു് അമ്മയൂം. എങ്കിലും അവര്‍ വിഷാദത്തിലേക്കു വീഴുന്നില്ല ‘ഗോതമ്പുചെടികള്‍ക്കു താഴെ

എന്റെ മക്കള്‍ കിടക്കുന്നതുകൊണ്ടു് ചെടികള്‍ക്കു ധന്യത. മരിച്ചവരുടെ മുഖങ്ങളില്‍ വീഴുന്നതുകൊണ്ടു മഴയ്ക്കു ധന്യത. ഈശ്വരന്‍ നമ്മളെ അടുത്തടുത്തു കിടത്തി വിശ്രമിക്കാന്‍ അനുവദിക്കുന്നതു കൊണ്ട് അദ്ദേഹത്തിനും ധന്യത-ഇതാണ് അമ്മയുടെ പ്രസ്താവം. ചോര ചിന്തിയാലും സ്നേഹം വിരാജിക്കുന്നു എന്നതാണ് ഈ നാടകത്തിന്റെ സന്ദേശം. ഭാവാത്മകതയില്‍, സിംബലിസത്തിന്റെ നിവേശത്തില്‍, ജീവിതാവിഷ്കാരത്തില്‍ ലൊര്‍കയുടെ നാടകം ഏതു ഗ്രീക്ക് ട്രാജഡിക്കും സദൃശമാണ്.