close
Sayahna Sayahna
Search

സാഹിത്യത്തിന്റെ സാര്‍വ്വലൗകീക ശക്തി


സാഹിത്യത്തിന്റെ സാര്‍വ്വലൗകീക ശക്തി
Mkn-08.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വിശ്വസുന്ദരി; വൃദ്ധരതി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഇംപ്രിന്റ്
വര്‍ഷം
1996
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 76 (ആദ്യ പതിപ്പ്)

Externallinkicon.gif വിശ്വസുന്ദരി; വൃദ്ധരതി

സനാതനത്വത്തെ യുവതിയും സുന്ദരിയുമായി സങ്കല്പിക്കാമോ പ്രിയപ്പെട്ട വായനക്കാര്‍ക്കു്? സങ്കല്‍പ്പിക്കാമെങ്കില്‍ അവളുടെ സ്വര്‍ണ്ണാഭരണങ്ങളില്‍ വച്ച രത്നങ്ങളാണ് ചെക്കോവിന്റെ ‘The Student.’ മോപസാങ്ങിന്റെ ‘In the Moonlight,’ ഷ്നിറ്റ്സ്ളറുടെ ‘Flowers’, കാരൂരിന്റെ ‘മരപ്പാവകള്‍’, ഉറൂബിന്റെ ‘വാടകവീടുകള്‍’ ഈ ചെറുകഥകള്‍. അവയെപ്പോലെ ഒരു രത്നമാണു നീന ബെര്‍ബെറോവയുടെ ‘The Resurrections of Mozart’ എന്ന ചെറുകഥ. റഷ്യയില്‍ 1901-ല്‍ ജനിച്ച നീന ഇരുപത്തിനാലാമത്തെ വയസ്സില്‍ പാരീസിലേക്കു പോന്നു. അവിടെ ഇരുപത്തിയഞ്ചു വര്‍ഷം താമസിച്ചിട്ട് അമേരിക്കന്‍ ഐക്യനാടുകളിലെത്തി. 1992-ല്‍ Vintage പ്രസാധനം ചെയ്ത The Tattered Cloak and other Novels’ എന്ന പുസ്തകത്തില്‍ നീന റഷൻ ഭാഷ പഠിപ്പിച്ചുകൊൻട് അമേരിക്കയിൽ താമസിക്കുന്നുവെന്ന് പ്രസ്താവിച്ചിരിക്കുന്നു. അവരുടെ പ്രത്യക്ഷശരീരം 1994 ലും ഉണ്ടോ എന്നെനിക്ക് അറിഞ്ഞു കൂടാ. ഉണ്ടായാലെന്ത്? ഇല്ലെങ്കിലെന്ത്? അവരുടെ കഥാരത്നങ്ങള്‍ കാന്തി ചിന്തിക്കൊണ്ടിരിക്കുന്നു. കണ്ണഞ്ചിക്കുന്ന കാന്തി വിശേഷം. അങ്ങനെ അവരുടെ സജീവമായ സാന്നിദ്ധ്യം നമ്മള്‍ അറിയുന്നു.

മുകളില്‍ കുറിച്ച കഥാസമാഹാര ഗ്രന്ഥത്തിലെ രചനയാണ് ‘The Resurrection of Mozart’ എന്നത്. രണ്ടാം ലോകമഹാ യുദ്ധം നടക്കുന്ന കാലം. ഫ്രാന്‍സിലെ സദാങ് [Sedan] പട്ടണം 1940 മേ മാസത്തില്‍ ജര്‍മ്മന്‍ സൈന്യം പിടിച്ചെടുത്തു. ഫ്രഞ്ച് സൈന്യം അവസാനമായി പിന്‍വാങ്ങിയ ജൂണിലെ ആദ്യകാല ദിനങ്ങളിലൊന്നില്‍ പാരീസില്‍ നിന്നു് ഏതാണ്ടു മുപ്പതു നാഴിക അകലെയുള്ള ഒരു സ്ഥലത്തെ ഒരുദ്യാനത്തില്‍ മരങ്ങള്‍ക്കു താഴെയിരുന്നു നാലു സ്ത്രീകളും അഞ്ചു പുരുഷന്മാരും സംഭാഷണം നടത്തുകയായിരുന്നു. അവരുടെ സംസാരം മരണത്തിലേയ്ക്കും ഉയിര്‍ത്തെഴുന്നേല്പിക്കലിലേക്കും തിരിഞ്ഞു. നെപ്പോളിയനെ ഉയിര്‍ത്തെഴുന്നേല്പിച്ച് ആ കാലയളവ് ഒന്നു നോക്കാന്‍ പറഞ്ഞെങ്കില്‍ എന്നൊരാള്‍. ബിസ്മാര്‍ക്കിനെയോ വിക്റ്റോറിയ രാഞ്ജിയെയോ ജൂലിയസ് സീസറിനെയോ പുനരുജ്ജീവിപ്പിക്കാം എന്നു വേറൊരാള്‍. പുഷ്കിനെ ജീവിതത്തിലേക്കു പ്രത്യാനയിക്കണമെന്നു മറ്റൊരാള്‍. ഈശ്വരന്റെ ലോകത്തേക്കു ടോള്‍സ്റ്റോയിയെ വലിച്ചിഴച്ചുകൊണ്ടു വന്ന് ‘ചരിത്രത്തില്‍ വ്യക്തിക്കു സ്ഥാനമില്ലെന്ന് പറഞ്ഞത് നിങ്ങളല്ലയോ’ എന്നു ചോദിക്കണമെന്നു ഇനിയും വേറൊരാള്‍. ‘ഇനി യുദ്ധമുണ്ടാവുകയില്ലെന്നു പ്രഖ്യാപിച്ചതും നിങ്ങളല്ലേ’ എന്നും ചോദിക്കാം അദ്ദേഹത്തോട്. സംഭാഷണം ചെയ്യുന്നവരില്‍ ഒരുത്തിയായ റഷാക്കാരി മേരിയ്ക്കു ഓസ്റ്റിയന്‍ സംഗീതജ്ഞന്‍ മൊറ്റ്സാര്‍ട്ടിനെ [Mozart1719-1787] പുനരുജ്ജീവിപ്പിക്കാനാണ് കൗതുകം. മേരിയുടെ ഭര്‍ത്താവ് വാസിലി പട്ടണത്തിലേക്കു പോയി. അന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ശത്രു വിമാനങ്ങള്‍ പാരീസില്‍ ബോംബിട്ടു. കെട്ടിടങ്ങള്‍ തകര്‍ന്നു ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചു. മേരിയ മൊറ്റ്സാര്‍ട്ടിനെ വിചാരിച്ചു കൊണ്ടു പറഞ്ഞു. ‘മൊറ്റസാര്‍ട്ട് അങ്ങ് ഈശ്വരനാണ്. അങ്ങ് നിരപരാധനാണ്. അതാ ആ മേഘങ്ങളെപ്പോലെ സുന്ദരവും വിശുദ്ധവും ശാശ്വതവുമായവയെ എല്ലാം സങ്കലനം ചെയ്യുന്നതിനെ അഭിലഷിക്കുകയാണ് വേണ്ടത്. അല്ലാതെ ഈ കൊലപാതകങ്ങളെയല്ല, അസത്യങ്ങളെയല്ല, ഭയജനകങ്ങളായ വസ്തുതകളെയല്ല. അന്തിമമായ നിശ്ശബ്ദത വന്നു മൂടും മുന്‍പ് നക്ഷത്രങ്ങള്‍ അന്യോന്യം സംസാരിക്കുന്നത് എന്താണെന്നു കേള്‍ക്കേണ്ടതില്ലേ?’

മേരിയ പാര്‍ത്തിരുന്ന വീട്ടില്‍ പട്ടാളക്കാര്‍ വന്നു നിറഞ്ഞു ഇരുട്ടില്‍ ഗെയ്റ്റിന്റെ കുറ്റി നീക്കുന്ന ശബ്ദം. മുറ്റത്തെ വെള്ളക്കല്ലുകളില്‍ ഒരാളിന്റെ നിഴല്‍. നിഴല്‍ മുന്നോട്ടു നീങ്ങി. കല്ലുകള്‍ ശബ്ദത്തോടെ അമര്‍ന്നു. വിവര്‍ണ്ണനും കൃശഗാത്രനുമായ ഒരാള്‍.നീണ്ട മൂക്ക്, കെട്ടുപിണഞ്ഞ തലമുടി ‘നിങ്ങളെ പേടിപ്പിച്ചതിന് മാപ്പു ചോദിക്കുന്നു. ഇവിടെ എവിടെയെങ്കിലും ഈ രാത്രി എനിക്കു കഴിഞ്ഞുകൂടാമോ?’ ‘ശരണാര്‍ത്ഥിയാണോ’ എന്ന ചോദ്യത്തിന് ആഗതന്‍ മറുപടി നല്കി. ‘ഞാന്‍ പട്ടാളക്കാരനല്ല, പൗരനാണ്. പാട്ടുകാരന്‍.’

എഴുപതു നാഴിക കാല്‍നടയായി വന്നവനാണ് അയാള്‍. മേരിയയുടെ ഭവനത്തില്‍ അയാള്‍ ഉറക്കത്തോട് ഉറക്കം തന്നെ. ഉണര്‍ന്നാല്‍ അയാള്‍ ജന്നലില്‍ക്കൂടി മരങ്ങളെയും ആകാശത്തേയും നോക്കിക്കൊണ്ടിരിക്കും. ചിലപ്പോൾ കുറ്റിക്കാടുകളില്‍ ചലനം കൊള്ളുന്ന പക്ഷികളെ നോക്കും.

ശരണാര്‍ത്ഥികളും മറ്റും ഏറെ വന്നു നിറഞ്ഞപ്പോള്‍ മേരിയ അയാളെ കണ്ടു പറഞ്ഞു. ‘ക്ഷമിക്കൂ വീട് ആളുകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. തൊട്ടടുത്ത് ഒരു ചെറിയ ഷെഡ് ഉണ്ട്. താങ്കള്‍ അങ്ങോട്ടൊന്നു മാറുമോ?’ ആഗതന്‍ മറുപടി പറഞ്ഞു. ‘നാളെ രാവിലെ മാറണോ? ഞാന്‍ ഷെഡില്‍ എന്തിനു മാറിത്താമസിക്കണം. ഇന്നു രാത്രിതന്നെ പോകാം’ അയാള്‍ വടി അന്വേഷിച്ച് എടുത്തു. അവളോട് ‘ഗുഡ്ബൈ’ എന്നു പറഞ്ഞുനടന്നു പാതയിലൂടെ ഒരാള്‍ നടക്കുന്നതു മേരിയ കണ്ടു. കാരണം കൂടാതെ അവളുടെ കണ്ണുകള്‍ നിറഞ്ഞു.

തൊട്ടടുത്തു താമസിച്ചിരുന്ന ഒരാള്‍ സ്വയം വെടിവച്ചു മരിച്ചു. ഭവനത്തിലുള്ള എല്ലാവരും കാട്ടിലേക്കു നടന്നു. വടക്കു പടിഞ്ഞാറേ ഭാഗത്തു നിന്നു വെടിയൊച്ച കേള്‍ക്കാറായി. രണ്ടു ജര്‍മ്മന്‍ വിമാനങ്ങൾ താഴോട്ടു ഊറ്റത്തോടെ പാഞ്ഞു.

ഇരുട്ടിന്റെ ശക്തികള്‍ ജര്‍മ്മനിയില്‍ വ്യാപരിക്കുമ്പോള്‍ ഓസ്റ്റ്രിയക്കാരനും സൗന്ദര്യത്തിന്റെ ശാശ്വത പ്രതിരൂപവുമായ മോറ്റ്സാര്‍ട്ടിനെ പാരീസിനടുത്തിരുന്ന് ഒരു സ്ത്രീ ആരാധിക്കുന്നു. താനൊരു പാട്ടുകാരന്‍ മാത്രമാണെന്നു പറഞ്ഞു അവിടെയെത്തിയ മൊറ്റ്സാര്‍ട്ട് നിശ്ശബ്ദത പരിപാലിച്ചിരുന്നെങ്കിലും ആ നിശ്ശബ്ദതയിലൂടെ അദ്ദേഹത്തിന്റെ ഉജ്ജ്വല ശബ്ദം ഉയരുന്നുണ്ടായിരുന്നു. അതു സൗന്ദര്യത്തിന്റെ ശബ്ദമാണ്. തലകളറ്റു വീണു ചോരപ്പുഴ ഒഴുകുമ്പോഴും ശത്രു പക്ഷക്കാരനെന്നു കരുതാവുന്ന ഗായകനെ കാലദേശഭേദങ്ങള്‍ മറന്ന് ഫ്രാന്‍സിലുള്ളവരും റഷയിലുള്ളവരും സ്നേഹിക്കുന്നു. ഓസ്റ്റ്രിയക്കാരനായ മൊറ്റ്സാര്‍ട്ടിന്റെ തിരോധാനത്തില്‍ റഷക്കാരിയായ മോറിയ കണ്ണീരൊഴുക്കുന്നു. ഇതാണ് കലയുടെ അനുഗ്രാഹക ശക്തി. അതു പ്രസരിക്കുമ്പോള്‍ ജര്‍മ്മനിയും ഫ്രാന്‍സും റഷയും വിഭിന്ന രാഷ്ട്രങ്ങളല്ല. ഒരു രാഷ്ട്രം തന്നെയാണ്.

കലയുടെ –സാഹിത്യത്തിന്റെ ഈ സാര്‍വലൗകിക ശക്തിയും സാര്‍വജനീന ശക്തിയുമാണ് ലോകജനതയെ ഐക്യത്തിലേക്കു നയിക്കുന്നത്. അതിനാല്‍ അതു തികച്ചും തദ്ദേശപരമാകുമ്പോള്‍ കലയുടെ മഹനീയമായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടാതെ പോകുന്നു. ദൗര്‍ഭാഗ്യത്താല്‍ നമ്മുടെ പല ചെറുകഥകളും നോവലുകളും കേരളത്തിന്റെ പരിധിക്കപ്പുറത്തു പോകാന്‍ അസമര്‍ത്ഥങ്ങളാണ്. You with the roses’ rosy in your charm. Do you sell roses, on yourself or both എന്ന് 2500 വര്‍ഷം മുന്‍പ് ഗ്രീസിലെ ഒരു കവി റോസാപ്പൂവില്ക്കുന്ന ഒരു പെണ്‍കുട്ടിയെക്കണ്ടു ചോദിച്ചു. ആ ചോദ്യം ഇന്നും ചോദിക്കാം, എവിടെയും ചോദിക്കാം. ഇതാണ് സാഹിത്യത്തിന്റെ ശക്തി.