close
Sayahna Sayahna
Search

കെ. സുരേന്ദ്രന്റെ നോവലുകൾ


കെ. സുരേന്ദ്രന്റെ നോവലുകൾ
Mkn-08.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വിശ്വസുന്ദരി; വൃദ്ധരതി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഇംപ്രിന്റ്
വര്‍ഷം
1996
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 76 (ആദ്യ പതിപ്പ്)

Externallinkicon.gif വിശ്വസുന്ദരി; വൃദ്ധരതി

മാക്സിം ഗോര്‍ക്കിയുടെ Lower Depths എന്ന നാടകം ഞാന്‍ വായിച്ചിട്ടുണ്ടെങ്കിലും വിഖ്യാതനായ ആഫ്രിക്കന്‍ സാഹിത്യകാരന്‍ ആന്ദ്രേബ്രിങ്ക്(Andre Brink) എഴുതിയ ഒരു പ്രബന്ധത്തെ അവലംബിച്ചാണ് ഞാനിതു കുറിക്കുന്നത്. ആ നാടകത്തിലെ കഥാപാത്രമായ ലൂക്ക മറ്റുള്ളവരോടു ഒരു കഥ പറയുന്നു. സൈബീരിയയില്‍ ഒരുത്തനുണ്ടായിരുന്നു സത്യാത്മകവും ധാര്‍മ്മികവുമായ ഒരു പ്രദേശത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവനായി. ഏതും വിസ്മയജനകമായ മട്ടില്‍ അവിടെ നന്മയാര്‍ന്നിരിക്കുമെന്ന് അയാള്‍ സങ്കല്പിച്ചു. നിരാശതകൊണ്ടു മരിക്കണമെന്നു് അയാള്‍ക്കു ചിലപ്പോള്‍ തോന്നി. എങ്കിലുമതു ചെയ്തില്ല. കുറച്ചുകാലം കൂടി കാത്തിരുന്നിട്ട് തന്റെ സാങ്കല്പിക ലോകത്തേക്കു താന്‍ പോകുമെന്ന് അയാള്‍ വിചാരിച്ചു. ജീവിതത്തില്‍ ഒരാഹ്ലാദമെയുള്ളൂ അയാൾക്ക്. സത്യാത്മകവും ധാര്‍മ്മികവുമായ ആ സങ്കല്പ ലോകത്തിലുള്ള വിശ്വാസം. പ്രതികൂല പരിതസ്ഥിതികളെയും പ്രതിബന്ധ സഹസ്രങ്ങളെയും തട്ടിനീക്കി ആ ലോകത്തിന്റെ സാക്ഷത്കാരത്തിനു വേണ്ടി അയാള്‍ ജീവിച്ചു.

അങ്ങനെയിരിക്കെ അയാള്‍ താമസിക്കുന്ന ആ സൈബീരിയന്‍ പ്രദേശത്ത് ഒരു മഹാപണ്ഡിതന്‍ എത്തി. അയാളുടെ കൈയില്‍ ഗ്രന്ഥങ്ങളുണ്ടു്, പടങ്ങളുണ്ടു്. നമ്മുടെ സങ്കല്പലോക വിഹാരി ആ പണ്ഡിതനെക്കണ്ടു് ചോദിച്ചു:– സത്യാത്മകവും ധാര്‍മ്മികവുമായ ആ ലോകമെവിടെ ? അവിടെ ചെല്ലാനുള്ള മാര്‍ഗ്ഗമേതു്. അപ്പോള്‍ പണ്ഡിതന്‍ പുസ്തകങ്ങള്‍ തുറന്നുവച്ചു. പടങ്ങള്‍ എടുത്തു വിടര്‍ത്തി. പക്ഷേ ഒരിടത്തും അയാള്‍ക്ക് ആ പ്രദേശം കാണാന്‍ കഴിഞ്ഞില്ല. ‘ഒന്നുകൂടെ സൂക്ഷിച്ചു നോക്കൂ. ആ പ്രദേശമില്ലെങ്കില്‍ നിങ്ങളുടെ പുസ്തകങ്ങള്‍ കൊണ്ടും എന്തു പ്രയോജനം!’ എന്നായി അയാള്‍. അതല്ലെന്നു പണ്ഡിതന്‍. അതുകേട്ടു ആ പാവം പറഞ്ഞു. ‘ഞാനിത്രയും കാലം ഇവിടെ കഷ്ടപ്പെട്ടു ജീവിച്ചതു തന്നെ അങ്ങനെയൊരു ദേശം ഉണ്ട് എന്ന വിചാരത്താലാണ്. ഇപ്പോള്‍ അങ്ങനെയൊരു ദേശമില്ലെന്നു പറയുന്നു ഇയാള്‍. താനൊരു റാസ്കലാണ്’ എന്നു പറഞ്ഞ് പണ്ഡിതന്റെ ചെകിട്ടില്‍ രണ്ടടികൊടുത്തു. എന്നിട്ടു വീട്ടില്‍ പോയി തൂങ്ങിച്ചാകുകയും ചെയ്തു.

നോവലിസ്റ്റ് ആ പാവത്തെപ്പോലെ തൂങ്ങിച്ചാവുകയല്ല കടലാസ്സെടുത്തു വച്ച് ഭൂപടം വരയ്ക്കുകയാണ് എന്ന് ബ്രിങ്ക് അഭിപ്രായപ്പെടുന്നു. അതിനെ സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും പ്രദേശമാക്കുകയാണ്. ബ്രിങ്ക് പറഞ്ഞതുപോലെ ശ്രീ.കെ.സുരേന്ദ്രന്‍ ചെയ്തത് അതുതന്നെയാണ്. ശ്രീനാരായണനെയും അദ്ദേഹം ജീവിച്ചിരുന്ന കാലയളവിനെയും യഥാതഥമായി ചിത്രീകരിച്ചു. ആ യാഥാതഥ്യത്തിന്റെ പിറകിലുള്ള ഒരാധ്യാത്മിക ലോകത്തെയും ആലേഖനം ചെയ്തു. യഥാതഥമായ ലോകം മാത്രമണ് അദ്ദേഹം ആവിഷ്കരിച്ചതെങ്കില്‍ അതില്‍ മേന്മയൊന്നും കൈവരുമായിരുന്നില്ല. ആ യഥാതഥമായ ലോകത്തിന്റെ പിറകില്‍ ഒരാധ്യാത്മിക ലോകമുണ്ടു് അതിനെ സാക്ഷാത്കരിച്ചതിലാണ് ‘ഗുരു’ എന്ന നോവലിന്റെ മഹത്ത്വമിരിക്കുന്നത്. യാഥാര്‍ത്ഥ്യം പല രാജ്യങ്ങളിലും പലതായി കാണപ്പെടും. അത് ഒരു പരമസത്യത്തിന്റെ രൂപാന്തരം മാത്രമാണ്. അദ്വൈതമായാലും ദ്വൈതമായാലും , ക്രൈസ്തവ സിദ്ധാന്തമായലും അവയെല്ലാം ഒരു സത്യത്തിന്റെ രൂപാന്തരങ്ങളാണ്. സുരേന്ദ്രന്‍ അങ്ങനെ യാഥാതഥ്യത്തിലൂടെ സാര്‍വ്വ ലൗകികവും സാര്‍വജനീനവുമായ സത്യത്തിലേക്കു ചെന്നു.

സവിശേഷമായ പരിതഃസ്ഥികളില്‍ നോവലിസ്റ്റ് പ്രതികരിക്കുമ്പോള്‍ അയാളുടെ പ്രാഥമിക കൃത്യം ആ പ്രതികരണം കലായായിത്തീര്‍ക്കണമെന്നതാണ്. അനുഭവത്തിന്റെ ഹര്‍ഷാതിരേകത്തെക്കുറിച്ചാവട്ടെ അയാളുടെ രചന; അല്ലെങ്കില്‍ അതിന്റെ വേദനയെക്കുറിച്ചാവട്ടെ. പ്രേമത്തെക്കുറിച്ചോ പ്രേമം ജനിപ്പിക്കുന്ന മോഹഭംഗത്തെക്കുറിച്ചോ ആകട്ടെ. സ്വകീയ ദുഃഖത്തെക്കുറിച്ചോ രാഷ്ട്രവ്യവഹാരത്തെക്കുറിച്ചോ ആകട്ടെ നോവല്‍. എന്തായാലും അത് മനുഷ്യനെ പ്രകീര്‍ത്തിക്കുകയും അവന്റെ ജീവിതത്തിനു ദൃഢീകരണം നല്കുകയും വേണം. സുരേന്ദ്രന്റെ നോവലുകളെല്ലാം, വിശേഷിച്ചു ‘ഗുരു’ വും ഈ മനുഷ്യജീവിത ദൃഢീകരണത്തിന്റെ പ്രതീകങ്ങളാണ്. അതുകൊണ്ടാണ് അദ്ദേഹം സമ്മാനിതനായത്.

ഈ ജീവിത ദൃഢീകരണം –affirmation of life– സുരേന്ദ്രനുള്ളതുകൊണ്ടാണ് അദ്ദേഹം സാര്‍ത്രിന്റെ ദര്‍ശനത്തിന്റെ നേരേ നിഷേധാത്മക സ്വഭാവം കാണിക്കുന്നത്. Man is condemned to be free എന്ന സാര്‍ത്രിന്റെ സിദ്ധാന്തത്തില്‍ അദ്ദേഹം വിശ്വസിക്കുന്നില്ല. ഒരിക്കല്‍ സാര്‍ത്രിന്റെ ശിഷ്യന്മാരിലൊരാള്‍ അദ്ദേഹത്തെ സമീപിച്ചു അയാള്‍ക്കു നേരിടേണ്ടി വന്ന പ്രതിസന്ധിയെ വിശദീകരിച്ചു. അയാളുടെ അച്ഛന്‍ അയാളുടെ അമ്മയുമായി നീരസത്തിലാണ്. അയാളുടെ ചേട്ടന്‍ 1940-ലെ ജര്‍മ്മന്‍ ആക്രമണത്തില്‍ മരിച്ചു. ചേട്ടനെ കൊന്നവരോടു അയാള്‍ക്കു പ്രതികാരം ചെയ്യണമെന്നുണ്ട്. അതുകൊണ്ട് ഫ്രഞ്ച് സൈന്യത്തില്‍ ചേര്‍ന്ന് ഇംഗ്ലണ്ടിലേക്കു പോയാല്‍ കൊള്ളാമെന്നുണ്ട്. അങ്ങനെ പോയാല്‍ അയാളുടെ അഭാവമുണ്ടാകും ചിലപ്പോള്‍ മരണവും. അമ്മയ്ക്കു രണ്ടും സഹിക്കാനാവില്ല. യുധ്ദത്തിനു പോകാതെ അമ്മയോടൊരുമിച്ച് പാര്‍ത്താല്‍ ചേട്ടന്റെ മരണത്തിന്റെ പേരില്‍ വേണ്ട പ്രതികാര നിര്‍വഹണം സാദ്ധ്യമല്ല. ഈ സന്ദര്‍ഭത്തില്‍ താന്‍ എന്തു ചെയ്യണമെന്നു ശിഷ്യന്‍ സാര്‍ത്രിനോടു ചോദിച്ചു. Consult Kantഎന്നായിരുന്നു സാര്‍ത്രിന്റെ മറുപടി. കാന്റ്റ് എന്തു പറഞ്ഞു. Never consider another man as a means, but always consider him as an end. ഒരാളെയും മാര്‍ഗ്ഗമായി കരുതരുത് ലക്ഷ്യമായി കരുതണം. അപ്പോഴും കുഴപ്പം വരും. യുദ്ധത്തിനു പോയാല്‍ അതു ലക്ഷ്യം. അപ്പോള്‍ അമ്മ മാര്‍ഗ്ഗമായിത്തീരുന്നു. നേരേമറിച്ച് അമ്മയോടൊരുമിച്ചു താമസിക്കാന്‍ തീരുമാനിച്ചാല്‍ അമ്മ ലക്ഷ്യമാവും, പക്ഷേ യുദ്ധ സേവനം അപ്പോള്‍ means ആയി മാറും . ഈ സന്ദിഗ്ദ്ധതയില്‍ നിന്നു് എങ്ങനെ രക്ഷപ്പെടുമെന്ന് അയാള്‍ സാര്‍ത്രിനോടു ചോദിച്ചു. അദ്ദേഹത്തിനു മറുപടി ഇല്ലായിരുന്നു. Consult your emotion എന്നായി സാര്‍ത്ര്. അമ്മയോടാണു കൂടുതല്‍ സ്നേഹമെങ്കില്‍ അവരോടൊരുമിച്ചു താമസിക്കണം. അതല്ല സഹോദരനോടാണ് കൂടുതല്‍ സ്നേഹമെങ്കില്‍ യുദ്ധത്തിനു പോകണം. പക്ഷേ സ്നേഹത്തിന്റെ തീക്ഷ്ണത നിര്‍ണ്ണയിക്കുന്നതെങ്ങനെ. എനിക്ക് ഒരാളോടു സഹതാപമുണ്ട് അയാളെ സഹായിക്കണമെന്നുണ്ടെങ്കില്‍ അയാള്‍ക്കു ആവശ്യമുള്ള പണം ഞാന്‍ കൊടുക്കണം. എങ്കിലേ എന്റെ വികാരത്തിന് സാധ്യതയുണ്ടാവൂ. അതുപോലെ അമ്മയോടു ഒരുമിച്ചു താമസിച്ചാലേ അവരോടുള്ള സ്നേഹത്തിന് തെളിവാകൂ.യുദ്ധസേവനത്തിനു പോയാലേ സഹോദരനോടുള്ള സ്നേഹത്തിനു തെളിവുകിട്ടൂ. ശിഷ്യന്‍ സന്ദേഹാവസ്ഥയില്‍ വീണു. മാനുഷിക മൂല്യങ്ങളുടെ അസ്പഷ്ടത സാര്‍ത്ര് ഇങ്ങനെ വ്യകതമാക്കി. അപ്പോള്‍ Choice യുവാവിന്റേതാണ്. അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്, ഏതു തിരഞ്ഞെടുക്കലും ആകാം. സാര്‍ത്രിന്റെ ഈ സ്വതന്ത്ര്യവാദം നിരാസ്പദമാണെന്നു തെളിയിക്കുകയാണ് സുരേന്ദ്രന്‍ ‘സീമ’ എന്ന കൃതിയിലൂടെ.

മഹാന്മാരായ നോവലിസ്റ്റുകള്‍ പോലും സ്വന്തമാവര്‍ത്തനങ്ങളെ ആവര്‍ത്തിക്കുന്നു. നോബല്‍ സമ്മാനം നേടിയ ഫ്രാങ് സ്വ മോറിയാക് ഒരുദാഹരണം. പക്ഷേ സുരേന്ദ്രന്‍ ഒരിക്കലും ‘തീം’ ആവര്‍ത്തിച്ചിട്ടില്ല. ‘ശക്തി’ എന്ന കൃതിയില്‍ സൃഷ്ടിയുടെ ശാശ്വത പ്രതീകമായി അദ്ദേഹം സ്ത്രീയെ അവതരിപ്പിക്കുന്നു. അസുരന്മാരുമായുള്ള ദീര്‍ഘകാല യുദ്ധത്തില്‍ തളര്‍ന്നു പോയ ദേവന്മാരില്‍ നിന്ന് ഉദ്ഭവിച്ച ശക്തിവിശേഷം നാലുപാടും അഗ്നി ചിതറി മൂന്നു ലോകങ്ങളിലും വ്യാപിക്കുകയും അവ ഒരുമിച്ചു ചേര്‍ന്നു സ്ത്രീരൂപമാര്‍ജ്ജിക്കുകയും ചെയ്തു. ഈ ശക്തിയെ പ്രകൃതിയായി കരുതുകയാണ് സുരേന്ദ്രന്‍. പ്രകൃതിയാണ് സ്ത്രീ. സ്ത്രീയാണ് സൃഷ്ടി നടത്തുഹ്ന്നത്. ചിലന്തി ഇണ ചേര്‍ന്നു കഴിഞ്ഞാല്‍ പെണ്‍ചിലന്തി ആണ്‍ ചിലന്തിയെ കൊല്ലും.

‘മരണം ദുര്‍ബ്ബല’ മെന്ന കൃതിയില്‍ വേറൊരു നാദമാണ്. ലോകത്തെ നൃശംസതയും സൗന്ദര്യവും വൈരൂപ്യവും ചിത്രീകരിച്ച് മരണത്തിന്റെ ദൗര്‍ബ്ബല്യത്തെ ആവിഷകരിക്കുന്നു നോവലിസ്റ്റ്. ധനത്തിന്റെ സര്‍വാധിപത്യത്തെ സ്ഥാപിച്ച് ജീവിത ഭോഗങ്ങളുടെ ക്ഷണികതയെക്കുറിച്ചുള്ള ദര്‍ശനമാണ് മായയില്‍ . ഒടുവില്‍ മനുഷ്യനും പ്രകൃതിയുമെല്ലാം ഒന്ന് എന്ന സങ്കല്പത്തില്‍ എത്തിചേരുന്നു ‘ഗുരു’ എന്ന അദ്ദേഹത്തിന്റെ പ്രകൃഷ്ടകൃതിയില്‍. ഇങ്ങനെ ഒരാവര്‍ത്തനവുമില്ലാതെ ക്രമേണ വികാസം കൊള്ളുന്നു സുരേന്ദ്രന്റെ നോവലുകള്‍. സാഹിത്യകാരന്‍ സാഹിത്യജീവിതമാരംഭിക്കുമ്പോള്‍ തനിക്കുള്ള വിചാര വികാരങ്ങളെ സ്ഫുടീകരിച്ച് അവയ്ക്കു ക്രമാനുഗതമായ വികാസം നല്കുന്നു. ഇതിനെയാണ് കലാജീവിതമെന്നു പറയുന്നത്. ഈ കലാജീവിതം നിത്യജീവിതത്തില്‍ നിന്നു വിഭിന്നമാണ്. ഈ വിധത്തില്‍ ആദരണീയമായ കലാജീവിതമുണ്ട് കെ. സുരേന്ദ്രന്. അതു് പരകോടിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന് സമ്മാനം ലഭിച്ചു. കലാജീവിതത്തിന്റെ അജരാവസ്ഥ അദ്ദേഹത്തിന്റെ ആദ്യകാലനിരൂപണങ്ങളില്‍ കാണാം. അതിന്റെ വളര്‍ച്ച ടോള്‍സ്റ്റോയിയുടെ ജീവചരിത്രം സുന്ദരമായി എഴുതിയപ്പോള്‍ പ്രകടീഭവിച്ചു. എ. ബാലകൃഷ്ണപിള്ളയുടെയും കുമാരനാശാന്റെയും ജീവചരിത്രവിഷയകങ്ങളായ നോവലുകളില്‍ അതു വികാസം കൊണ്ടു. ആ വികാസത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയാണ് ഗുരു എന്ന നോവലില്‍ കാണുക.

തന്റെ നോവലുകളില്‍ ചിന്തയ്ക്കു് ഇടയ്ക്കിടയ്ക്കു വിവേശനം നല്കി കലാപരമായ ആവശ്യകതയ്ക്കു് അതീതമായി അവയ്ക്കു പ്രതിപാദനം വരുത്തുന്നു സുരേന്ദ്രന്‍ എന്നു ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ടു്. സമ്മാനം കിട്ടിയപ്പോള്‍ അദ്ദേഹത്തെക്കുറിച്ചു ഹിന്ദുപത്രത്തില്‍ വന്ന ഒരു ലേഖനത്തിലും ഇതിന്റെ സൂചനയുണ്ടായിരുന്നു. ഇതൊക്കെ വായിക്കുമ്പോള്‍, കേള്‍ക്കുമ്പോള്‍ എനിക്കു ലൊര്‍ക എന്ന മഹാനായ കവി പറഞ്ഞ ഒരു യഥാര്‍ത്ഥ സംഭവമാണ് ഓര്‍മ്മയില്‍ വരുന്നതു്. മനോഹരമായ ഒരു ഭൂവിഭാഗത്തിലൂടെ ഒരു ധനികനും അയാളുടെ വീട്ടിനടുത്തുള്ള പാവപ്പെട്ട കര്‍ഷകനും നടക്കുകയായിരുന്നു. പ്രകൃതിഭംഗികണ്ട് ധനികന്‍ ‘ഹാ എത്ര മനോഹരം! എന്നു ഉദ്ഘോഷിച്ചു. അതുകേട്ട പാവം കൃഷിക്കാരന്‍ തന്റെ വയറ്റില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് ‘എനിക്കു വിശക്കുന്നു, എനിക്കു വിശക്കുന്നു’ എന്നു രോദനത്തോടെ പറഞ്ഞു. ലൊര്‍ക പറയുന്നു ഒരു പുസ്തകത്തിനും ഒരു ചിന്തയ്ക്കും തോക്കിന്‍കുഴലില്‍ നിന്നു വരുന്ന വെടിയുണ്ടയെ തടുക്കാനാവില്ലെന്ന്. വിശന്നു പൊരിയുമ്പോള്‍ ഐന്‍സ്റ്റൈന്റെ Theory of relativity തന്നാല്‍ വിശപ്പു മാറുമോ? ലൊര്‍കയെ പൊലീസ് മര്‍ദ്ദിച്ചു. അപ്പോള്‍ Freedom&Justice കമ്മിറ്റി നാട്ടിന്റെ നാനാഭാഗങ്ങളിലുംകൂടി സ്വാതന്ത്ര്യം മഹനീയമായ മൂല്യമാണെന്നു പറഞ്ഞു. കവികളെയും കലാകാരന്മാരെയും നോക്കി ചിലര്‍ പ്രഖ്യാപിക്കുന്നു. നിങ്ങള്‍ വെറും ധിഷണാശാലികള്‍ .’ വേറെ ചില കവികളെയും കലാകാരന്മാരെയും നോക്കി മറ്റുചിലര്‍ പറയുന്നു. ‘നിങ്ങള്‍ വെറും പ്രയോജനവാദികള്‍’ ഇവരെ സമന്വയിപ്പിക്കാമോ? പ്രയാസം. ഒരറ്റത്ത് ചിന്ത മറ്റേയറ്റത്തു് പ്രായോഗികത്വം ഇതു തന്നെയാണ് രൂപവും ഭാവവും. സുരേന്ദ്രന്റെ നോവലുകളില്‍ ചിന്ത കൂടുതലാണെന്നു പറയുന്നവര്‍ അദ്ദേഹം ഭാവത്തില്‍ ഊന്നല്‍ കൊടുക്കുന്നുവെന്നു പറയുകയാണ്. വിശക്കുന്നവന്റെ വിശപ്പു മാറ്റാന്‍ സൗന്ദര്യം പ്ലെയ്റ്റില്‍ വച്ചുകൊടുത്താല്‍ പോരാ. ജയിലില്‍ കിടക്കുന്നവനോടു സ്വാതന്ത്ര്യഗീതം കേള്‍പ്പിച്ചാല്‍ പോരാ. പിന്നെ എന്തുവേണം. തടവറയിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രകാശം കടന്നുചെന്നു തടവുകാരന് പുറത്തേക്കു പോരാന്‍ സൗകര്യമുണ്ടാകണം. സൗന്ദര്യത്തിലൂടെ വിശപ്പുമാറ്റാനുള്ള പ്രക്രിയ ഉണ്ടാകണം. ചിന്ത പ്രവര്‍ത്തനത്തിലൂടെ അതിന്റെ സ്വഭാവം മാറ്റണം. അപ്പോള്‍ രണ്ടും ഒന്നാകണം. (ഈ ആശയങ്ങള്‍ക്കും പരകീയ സ്വഭാവമുണ്ടു്) സുരേന്ദ്രന്റെ ചിന്തകള്‍ നോവലുകളിലെ ക്രിയാംശത്തിന്റെ ഭാഗമാണ്. ജാപ്പനീസ് പഴമൊഴിയാണ് എന്ന് ബ്രിങ്ക്. ഒരു കൊച്ചു നാണയം നീട്ടിക്കൊണ്ടു് ഒരു കഷണം റൊട്ടി എന്ന് പറയുന്നു പാവം. മറ്റൊരു കൊച്ചു നാണയം നീട്ടിക്കൊണ്ടു് പനിനീര്‍പ്പൂക്കള്‍ എന്നും പറയുന്നു. അങ്ങനെ റൊട്ടിയും പനിനീര്‍പ്പൂവും ഒന്നായിത്തീരുന്നു. സുരേന്ദ്രന്റെ നോവലുകളില്‍ ചിന്തയും ക്രിയാംശവും ഒന്നാവുകയാണ്. അതു കൊണ്ടു് വിമര്‍ശകരുടെ ഉപാലംഭങ്ങളില്‍ യുക്തിയില്ല.

ദാമ്പത്യത്തിന്റെ നരകവേദന അനുഭവിച്ച ഭാര്യാഭര്‍ത്താക്കന്മാരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. ചെറുപ്പക്കാരനും സുന്ദരനുമായ നവവരന്‍ ഉറങ്ങുകയാണ്. അടുത്തുള്ള അമ്പലത്തില്‍ കമ്പക്കെട്ട് അമിട്ടുകള്‍ പൊട്ടിച്ചിതറി വിവിധ വര്‍ണനങ്ങളിലുള്ള കൊച്ചുഗോളങ്ങള്‍ അന്തരീക്ഷത്തില്‍ അല്പനേരം തങ്ങിനില്ക്കുന്ന കാഴ്ച ചെറുപ്പക്കാരിയും സുന്ദരിയുമായ നവവധു കാണുകയാണ്. ആ ചേതോഹരമായ കാഴ്ച കണ്ടപ്പോള്‍ ഭര്‍ത്താവിനെ കൂടി അതു കാണിക്കണമെന്നു് അവള്‍ക്കുമോഹം. അവള്‍ റ്റാപ്പ് തുറന്നു കുറച്ചുവെള്ളമെടുത്തു ശക്തിയോടെ അയാളുടെ മുഖത്തു തളിക്കാം അല്ലെങ്കില്‍ സ്വര്‍ണ്ണവളകളിട്ട കൈകള്‍ അയാളുടെ നെറ്റിയില്‍ മെല്ലെ ചേര്‍ത്തു നോക്കൂ എന്നാജ്ഞാപിക്കാം. അല്ലെങ്കില്‍ അയാളുടെ തലയ്ക്കു താഴെ മനോഹരമായ കൈവച്ചു പതുക്കെ ഉയര്‍ത്തി വരൂ എന്നു സ്നേഹമസൃണമായ വിധത്തില്‍ വിളിച്ചു പിടിച്ചുകൊണ്ടുപോയി ജനലിന്റെ അരികില്‍ നിറുത്തി ‘ഇതുകണ്ടോ’ എന്നു ചോദിക്കാം. വെള്ളം ഊക്കോടെ വീഴ്ത്തി ഉണര്‍ത്തി ജനലിനരികില്‍ പോയി നോക്കാന്‍ ആജ്ഞാപിക്കുന്നത് പരുഷമായ മാര്‍ഗ്ഗം. നെറ്റിയില്‍ കൈ ചേര്‍ത്തു ഉണര്‍ത്തി മെല്ലെ കൂട്ടിക്കൊണ്ടുപോയി ജനലിനരികില്‍ നിറുത്തി ഇതുകണ്ടോ എന്നു ചോദിക്കുന്നത് സൗന്ദര്യത്തിന്റെ മാര്‍ഗ്ഗം. ആദ്യത്തെപരുഷമായ രീതിയില്‍ നോവലുകള്‍ എഴുതുന്നവരുണ്ട്. രണ്ടാമത്തെ മൃദുലമായ രീതിയില്‍ എഴുതുന്നവരുണ്ട്. രണ്ടാമത്തെ മാര്‍ഗ്ഗമാണ് സുരേന്ദ്രന്‍. ബ്രിങ്കിനോടു മാത്രമല്ല മറ്റു പല ചിന്തകരോടും കടപ്പാടുണ്ട് എനിക്കു് ഇതിലെ ആശയങ്ങളെസ്സംബന്ധിച്ചിടത്തോളം.

പദങ്ങളുടെ സന്ദിഗ്ധതയും സൗന്ദര്യവും

എന്റെ കുട്ടിക്കാലത്ത് The lady on the Tiger എന്നൊരു കഥ വായിച്ചിട്ടുണ്ടു്. ഒരു പട്ടണത്തില്‍ രാജാവു കുറ്റക്കാരെ ശിക്ഷിക്കാന്‍ ഒരു പുതിയ രീതി കണ്ടുപിടിച്ച് അതനുസരിച്ചു പ്രവര്‍ത്തിച്ചിരുന്നു. നാലുഭാഗവും മറച്ച ഒരു സ്ഥലത്തിനു രണ്ടു അടച്ചിട്ട വാതിലുകള്‍. ഒരു വാതിലിന്റെ പിറകില്‍ വിശപ്പുള്ള കടുവ. മറ്റേ വാതിലിന്റെ പിറകില്‍ സുന്ദരിയായ യുവതി. കുറ്റക്കാരനു ഏതു വാതില്‍ തുറന്നു അകത്തേക്കു കടക്കാം. കടന്നാല്‍ കടക്കുന്നവനെ ഭക്ഷിച്ചു പുറത്തേക്കു കടുവ വരുമോ അതോ വിവാഹം കഴിക്കേണ്ട സുന്ദരിയുമായി കുറ്റക്കാരന്‍ വരുമോ എന്ന് കണ്ടറിയണം.

ഒരു ദിവസം ഒരു യുവാവും തന്റെ മകളും പ്രേമസല്ലാപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് രാജാവു കണ്ടു. കടുവയ്ക്കു ആഹാരമായിത്തീരാവുന്ന സ്ഥലത്ത് അല്ലെങ്കില്‍ സുന്ദരിയെ വിവാഹം ചെയ്യാവുന്ന സ്ഥലത്ത് അയാളെ കൊണ്ടുനിറുത്താനും വാതില്‍ തുറന്നു അകത്തേക്കു കടക്കാനും രാജാവു് ആജ്ഞാപിച്ചു. രാജാവിന്റെ മകള്‍ ഏതു വാതിലിന്റെ പിറകിലാണ് കടുവ ഏതു വാതിലിന്റെ പിറകിലാണ് സുന്ദരി എന്നു മന്സ്സിലാക്കി. പക്ഷേ അവള്‍ക്കു സംഘട്ടനം ചെയ്യുന്ന രണ്ടു വികാരങ്ങള്‍, ഒന്നു കാമുകന്റെ നേര്‍ക്കുള്ള ദയ; രണ്ടാമത് അയാള്‍ സുന്ദരിയെ വിവാഹം കഴിക്കുന്നതിലുള്ള കടുത്ത അസൂയ. കാമുകനെ അവിടെക്കൊണ്ടുനിറുത്തിയപ്പോള്‍ അവള്‍ കണ്ണുകൊണ്ടു അടയാളം കാണിച്ചുകൊടുത്തു. അയാള്‍ ആ വാതില്‍ തുറന്നു അകത്തേക്കു കടന്നു. ഒരു ചോദ്യത്തോടെ കഥാകാരന്‍ കഥ അവസാനിപ്പിക്കുന്നു. തുറന്ന വാതിലിലൂടെ പുറത്ത് വന്നത് കടുവയോ സുന്ദരിയോ. ഇക്കഥ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ കഥാകാരനെ ആളുകള്‍ ചോദ്യങ്ങള്‍കൊണ്ടു വിഷമിപ്പിച്ചു. കാമുകന്‍ കടുവയ്ക്കു ഭക്ഷണമായോ അതോ സുന്ദരിയെ വിവാഹം കഴിച്ചോ? കഥാകരന്‍ മറുപടി പറഞ്ഞില്ല.

ഏതു കവിതയ്ക്കും ഈ സന്ദിഗ്ധതയുണ്ട്. ശ്രി. പി. ഭാസ്കരന്റെ ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന കാവ്യം നോക്കുക. സ്നേഹിച്ച പെണ്ണിനെ മറ്റൊരാള്‍ വിവാഹം കഴിച്ചു. അവള്‍ അന്നു നാട്ടിലേക്കു പോകാന്‍ തീവണ്ടിയില്‍ കയറിയിരിക്കുമ്പോള്‍ പൂര്‍വ കാമുകനും പ്ലാറ്റ് ഫോമില്‍ വന്നു നില്ക്കുന്നു. അയാള്‍ പഴയ കാലത്തേക്കുറിച്ച് ഓര്‍മിക്കുന്നു. പണ്ടു സുന്ദര വാഗ്ദാനങ്ങള്‍ കൈമാറിയതും ആയിരം സ്വപ്നങ്ങളുടെ വര്‍ണ്ണംകൊണ്ടു് മായാത്ത സങ്കല്പങ്ങള്‍ വരച്ചതും വാകപ്പൂമണം കന്നിത്തെന്നലിലലിയുമ്പോള്‍ മൂകമാം മാവിന്‍ തോപ്പില്‍ മദ്ധ്യാഹ്നമുറങ്ങുമ്പോള്‍ മണിമച്ചിന്റെ ഒരു കോണിലിരുന്ന് പ്രേമകാവ്യത്തില്‍കൂടി ഒന്നായി സഞ്ചരിച്ചതും മൂകരായി അന്യോന്യം നോക്കിക്കൊണ്ടു ദീര്‍ഘശ്വാസങ്ങള്‍ പൊഴിച്ചതും ഒക്കെ അയാള്‍ ഓര്‍മ്മിക്കുന്നു. ഇപ്പോള്‍ ഒരു അപേക്ഷയേയുള്ളു അയാള്‍ക്ക് ഓര്‍ക്കുക വല്ലപ്പോഴും.

ഈ കാവ്യത്തിന്റെ അസന്ദിഗ്ധതയില്‍ സന്ദിഗ്ധതയുണ്ടു്. സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിക്കാന്‍ സാധിക്കാത്ത സാമ്പദിക പാരതന്ത്ര്യത്തിനോടുള്ളു ഒരാക്രമണമാണോ ഇത്? പ്രതിബന്ധം സൃഷ്ടിക്കുന്ന സാമൂഹിക സ്ഥിതിയുടെ നേർക്കുള്ള ഉപാലംഭമാണോ? Frailty thy name is woman–അങ്കുശമില്ലാത്ത ചാപല്യമേമന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ എന്നു കവികൾ പറഞ്ഞതിനെ നീതിമത്കരിക്കലാണോ ഇത്. അതോ സ്നേഹത്തിന്റെ നിഷ്കളങ്കതയെ പ്രശംസിക്കുകയാണോ ഇത്. ഏതിനും അതേ എന്ന് ഉത്തരം പറയാം. അല്ല എന്നും പറയാം. കടുവയാണോ സുന്ദരിയാണോ വാതിൽ തുറന്ന് പുറത്തേക്കു പോന്നത് എന്നത് നിശ്ചയിക്കാനാവില്ല. എല്ലാ ഉത്തമങ്ങളായ കവിതകളും ഈ സന്ദിഗ്ധത വച്ചു പുലർത്തുന്നു. പക്ഷേ ഈ സന്ദിഗ്ധതയ്ക്ക് അപ്പുറത്തായി ഒരു സുന്ദരമായ ലോകമുണ്ട്. ആ സൗന്ദര്യത്തിന്റെ ലോകത്തിൽ കവികൾ നമ്മളെ എത്തിക്കുന്നു. പി ഭാസ്കരനും അതനുഷ്ഠിക്കുന്നു. ഡബ്ലിയൂ ബി. യേറ്റ്സിന്റെ ഒരു കൊച്ചുകവിതയുണ്ട്.

സ്വർണ്ണ പ്രകാശവും രജതപ്രകാശവും കലർത്തി നിർമ്മിച്ച അലങ്കൃതങ്ങളായ അന്തരീക്ഷത്തിന്റെ വസ്ത്രങ്ങൾ എനിക്കുണ്ടായിരുന്നെങ്കിൽ, രാത്രിയുടെയും പ്രകാശത്തിന്റേയും അർദ്ധപ്രകാശത്തിന്റേയും നീല നിറമാർന്നതും അവ്യക്തതയാർന്നതും ഇരുണ്ട നിറമാർന്നതുമായ വസ്ത്രങ്ങൾ എനിക്കുൻടായിരുന്നെങ്കിൽ ഞാനവ നിന്റെ പാദങ്ങൾക്കു താഴെ വിരിക്കുമായിരുന്നു. പക്ഷേ ദരിദ്രനായ എനിക്കു സ്വപ്നങ്ങൾ മാത്രമേയുള്ളു. ഞാൻ അവയെ നിന്റെ പാദങ്ങൾക്കു താഴെ ഇതാ വിരിച്ചിരിക്കുന്നു. മൃദുലമായി പാദങ്ങൾ വയ്ക്കു, കാരണം നീയെന്റെ സ്വപ്നങ്ങളിലാണ് കാലുകൾ വയ്ക്കുന്നത്. Tread softly because you tread on my dreams. ഇവിടെയും സാമ്പദിക പാരതന്ത്ര്യം സൂചിപ്പിച്ചത് സോഷലിസം വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു കവി ഉദ്ബോധിപ്പിക്കുകയാണെന്നു പറയാം. പ്രേമത്തിന്റെ ഉദാത്താവസ്ഥയെ ആവിഷ്കരിക്കുകയാണെന്നു പറയാം. എന്നാൽ ഈ സന്നിഗ്ധനാൾക്കപ്പുറത്തായി വാക്കുകൾകൊണ്ട് ഒരു സൗന്ദര്യത്തിന്റെ ലോകം സൃഷ്ടിക്കുകയാണ് യേറ്റ്സ്. കവിയായ ഭാസുരനും അതുതന്നെയാണ് അനുഷ്ഠിക്കുന്നത്.

കവിത രമണീയമായ ആവിഷ്കാരമാണെങ്കിൽ ഭാഷയും സുന്ദരമല്ലേ എന്നു ചോദ്യമുണ്ടാകാം. അല്ല എന്നാണ് ഉത്തരം. വികാരത്തിനു അനുരൂപമായ മട്ടിൽ വാക്കുകൾ പ്രയോഗിക്കുമ്പോൽ അവ സുന്ദരങ്ങളായിത്തീരും. Rose എന്ന പദത്തിനു സൗന്ദര്യമുണ്ടോ? Rose-ലെ R എന്ന അക്ഷരത്തിന് പകരം ‘N’വയ്ക്കു. Nose എന്നാകും Rose-നും Nose-നും സൗന്ദര്യമില്ല പക്ഷേ My love is like a red nose that is a newly sprung in June ബേണ്‍സെഴുതുമ്പോള്‍ അത് സുന്ദരമായി. നുണക്കുഴി എന്ന് പദത്തിനു സ്വതേ സൗന്ദര്യമില്ല. എന്നാല്‍ ജി. ശങ്കരക്കുറുപ്പ് ജാനുവിന്‍ കൈയാല്‍ തേക്കുമോട്ടുതാമ്പാളംമിന്നുമാ നുണക്കുഴിയെഴും സ്മേരമാം കവിള്‍പോലെ എന്നു പ്രയോഗിക്കുമ്പോള്‍ നുണക്കുഴി മനോഹാരിത ആവഹിക്കുന്നു. ചന്ദനം എന്ന വാക്കിന് സ്വാഭാവികസൗന്ദര്യമില്ല പക്ഷേ, ശങ്കരക്കുറുപ്പ് ആവിഷ്കരിക്കുന്ന ഒരു പ്രേമരംഗത്തില്‍ ‘ചന്ദനം തൊടാം മതം വേണ്ടതിനെന്നപോലസ്സുന്ദരസ്വരം ചൊല്ലിയുള്ളംകൈനീട്ടിനേരെ. ആയിരംവിരലുകള്‍ തോറുമേ കലര്‍ന്നിട്ടുണ്ടായിരം ചെന്താമരപൂവിന്റെ സംവര്‍ത്തി. നിന്നു ഞാനനങ്ങാതെ എന്റെ നെറ്റിമേലന്നു നിന്നുടെവിരല്‍ത്തുമ്പു ഹിമബിന്ദുപോലേറ്റു, സ്ത്രീയുടെ കരത്തിന്റെ മാദകമധുരിമപായുമെന്‍ സിരാചക്രമന്നാദ്യം തരിച്ചുപോയി എന്നു ശങ്കരക്കുറുപ്പു പറയുമ്പോള്‍ എല്ലാവാക്കുകളും മനോഹരങ്ങളാവുന്നു. മയൂരം പീലി ഒതുക്കിവച്ചിരിക്കുമ്പോള്‍ മനോഹാരിതയില്ല. എന്നാല്‍ കാര്‍മ്മേഘദര്‍ശനത്തില്‍ അത് പീലിവിരിച്ചാടുമ്പോള്‍ ഭംഗി സൃഷ്ടിക്കുകയായി. ഭാജനത്തില്‍ പല നിറത്തിലുള്ള ചായങ്ങളിരിക്കുമ്പോള്‍ ഭംഗിയില്ല. എന്നാല്‍ രവിവര്‍മ്മ ബ്രഷ് അവയില്‍ മുക്കിയാല്‍ വാസിന്‍ തേച്ചു് ശകുന്തളയ്ക്കു രൂപം കൊടുക്കുമ്പോള്‍ സൗന്ദര്യത്തിന്റെ ലോകം സൃഷ്ടിക്കുകയായി. അതുപോലെ കവികള്‍ വാക്കുകള്‍കൊണ്ടു സൗന്ദര്യത്തിന്റെ ലോകം സൃഷ്ടിക്കുന്നു.

ചലച്ചിത്രങ്ങള്‍ — സംസ്കാരലോപം

വൗപുല്യമാര്‍ന്ന ജീവിതത്തെ ഹ്രസ്വരൂപത്തിലാക്കിക്കാണുമ്പോള്‍ അത് ആഹ്ലാദാനുഭൂതിക്കു കാരണമാകും. ഉദാഹരണം നല്കാം. തിരുവനന്തപുരത്തെ സെക്രട്ടേറിയേറ്റ് കെട്ടിടം കണ്ടാല്‍ ഒരനുഭൂതിയുണ്ടാവുകയില്ല എന്നാല്‍ സോപ്പ് കൊണ്ടോ മാര്‍ബിള്‍കൊണ്ടോ അതിന്റെ ഒരു ചെറിയ രൂപമുണ്ടാക്കിവച്ചാല്‍ അതിന്റെ അടുത്തുനിന്നു നമുക്കു പോകാന്‍ തോന്നുകില്ല. ദിക്കുകളെ വിറപ്പിച്ചുകൊണ്ടെത്തുന്ന തീവണ്ടി കണ്ടാല്‍ നമ്മള്‍ക്കു പേടിയാകും. സുരക്ഷിതത്വമുള്ള പ്ലാറ്റ്ഫോമിലാണു നമ്മള്‍ നില്ക്കുന്നതെങ്കിലും തീവണ്ടി ഇടിച്ചെങ്കിലോ എന്നു വിചാരിച്ചു് പിറകോട്ടു മാറും. എന്നാല്‍ ഒരു റ്റോയി ട്രെയിന്‍ കൊച്ചുപാളത്തിലൂടെ വട്ടംകറങ്ങുന്നതു കണ്ടാല്‍ കൊച്ചുകുട്ടികളെക്കാള്‍ ആഹ്ലാദം പ്രായംകൂടിയവര്‍ക്കുമുണ്ടാകും.

വൈപുല്യമാര്‍ന്നതിനെ ഹ്രസ്വതയിലേക്കു കൊണ്ടുചെല്ലുന്നതാണ് കല. സങ്കീര്‍ണ്ണവും ബൃഹത്തും ആധ്യാത്മികവുമായ ജീവിതത്തെ ബര്‍ഗ്മാന്‍ ‘മജീഷ്യന്‍’ എന്ന ചലച്ചിത്രമാക്കുമ്പോള്‍ നമ്മള്‍ ജീവിതത്തെ ഹ്രസ്വരൂപത്തില്‍ക്കണ്ടു് ആഹ്ലാദിക്കുന്നു. കലയില്‍ നിന്നുണ്ടാകുന്ന ആഹ്ളാദം ആകുലാവസ്ഥയിലിരിക്കുന്ന പ്രേക്ഷകരെ അനുധ്യാനത്തിന്റെ പ്രശാന്തതയിലെക്കു നയിക്കുകയും അവന് വിശ്രാന്തി നല്കുകയും ചെയ്യുന്നു. പ്രശസ്തയായ ചലച്ചിത്രതാരം ശാരദ ഒരിക്കല്‍ അവര്‍ അഭിനയിച്ച ഒരു ചലച്ചിത്രം കണ്ടിട്ട് അതു് തീര്‍ന്നപ്പോള്‍ കരഞ്ഞുകൊണ്ടു് തീയറ്ററില്‍നിന്നു പോകുന്നതു ഞാന്‍ കണ്ടു. മുന്‍പു അവരെ പരിചയപ്പെട്ടിരുന്ന ഞാന്‍ Madam why do you weep എന്നു ചോദിച്ചപ്പോള്‍ tears of happiness എന്നു മറുപടി നല്കി. നല്ല ചലച്ചിത്രങ്ങള്‍ ഇങ്ങനെ പ്രേക്ഷകര്‍ക്കു മാനസികോന്നമനം ഉളവാക്കാറുണ്ടു്.

പക്ഷേ ആധുനികകാലത്തു് ചലച്ചിത്രത്തിന്റെ കലാപരമായ മേന്മയ്ക്കും ജനസമ്മതിക്കും വലിയ അകല്ച്ചയുണ്ടു്. ചലച്ചിത്രത്തിന്റെ കലാപരമായ മേന്മയല്ല സാധാരണക്കാരെ ആകര്‍ഷിക്കുന്നത്. ബഹുജനത്തെ ആകര്‍ഷിക്കുന്നത് ഉത്തമമായ കലയല്ല, ഇന്‍ഫിരിയര്‍ ആര്‍ട്ടാണ്. ബഹുജനത്തിനു വേണ്ടത് രവിവര്‍മ്മയുടെ ചിത്രങ്ങളല്ല, കലണ്ടര്‍ ചിത്രങ്ങളാണ്. ചെമ്പൈവൈദ്യനാഥയ്യരുടെ പാട്ടല്ല അവിദഗ്‌ദ്ധര്‍ പാടുന്നതും ക്ഷുദ്രവികാരങ്ങളെ ഇളക്കിവിടുന്നതുമായ ഗാനങ്ങളാണ്. ഹിമാലയ പര്‍വ്വതത്തില്‍ കയറാനോ കൈലാസത്തിൽ ചെല്ലാനോ അല്ല അവര്‍ക്കു കൗതുകം: തിരുവനന്തപുരത്തെ മൂക്കുന്നിമലയില്‍ കയറാനാണ്. അതുകൊണ്ടു് കൊമേഴ്സ്യല്‍ ഫിലിംസ് എന്നു പറയുന്ന ചലച്ചിത്രങ്ങള്‍ പ്രേക്ഷകരെ അധഃപതിപ്പിച്ചുകൊണ്ടിരിക്കുന്നു.

അതുകൊണ്ടു് ആര്‍ട്ട് ഫിലിംസ് എന്നു പറയുന്ന വിഭാഗം ഉത്തമമായ കലയാണെന്നു് വരുന്നില്ല. അത്തരം ചിത്രങ്ങളുടെ ആവിഷ്കാരമാര്‍ഗ്ഗങ്ങള്‍ ബഹുജനത്തിനല്ല, ചില സംവിധായകര്‍ക്കുപോലും മനസ്സിലാകുന്നവയല്ല. ഒരു രഹസ്യസങ്കേതമാണ് പല ആര്‍ട്ട് ചിത്രങ്ങളിലും കാണുക. ഈ രഹസ്യ സങ്കേതം ആ ചിത്രത്തിന്റെ സംവിധായകനു നിശ്ചയമുണ്ടു്. ദ്രഷ്ടാക്കള്‍ക്കു് അറിഞ്ഞുകൂടാ. മറ്റൊരു സംവിധായകനുമറിഞ്ഞുകൂടാ. ചലച്ചിത്രത്തിന്റെ പ്രതിപാദ്യവിഷയമാണല്ലോ അതിനു രൂപം നല്കേണ്ടതു്. രൂപത്തിലുള്ള അമിത കൗതുകംകൊണ്ടു് രൂപം മാത്രമായിത്തീരുന്നു ഇന്നത്തെ ആര്‍ട്ട് ഫിലിംസ്. അവ നമ്മുടെ ഗ്രഹണ ശക്തിക്കു് അതീതമാണ്.

കഥയുടെ ഉത്കണ്ഠ ജനിപ്പിക്കുന്ന ആഖ്യാനത്തിലല്ല ടെക്നിക്കിന്റെ അതിപ്രസരത്തിലാണ് സംവിധായകരുടെ താല്പര്യം. ഫെതറിക്കോ ഫെല്ലീനി വലിയ കലാകാരനാണ്. അദ്ദേഹത്തിന്റെ ഒരു ചലച്ചിത്രത്തിന്റെ ആരംഭത്തില്‍ ക്രിസ്തുവിന്റെ ഒരു വലിയ പ്രതിമ ഒരു ഹെലികോപ്റ്ററില്‍ നിന്നു തൂക്കിയിട്ടിരിക്കുന്നതായി കാണിക്കുന്നു വേറൊരു ഹെലികോപ്റ്ററില്‍ ഗോസിപ്പ് നടത്തുന്ന ഒരു കോളമിസ്റ്റ് സഞ്ചരിച്ചു ക്രിസ്തുവിന്റെ പ്രതിമയുടെ സഞ്ചാരത്തെ റെക്കോഡ് ചെയ്യുന്നു. ഇതുകാണുന്നവര്‍ അമ്പരക്കുന്നു. പഴയ ക്രൈസ്തവറോം പ്രതിമപോലെസചേതനമാണ്. നവീനകാലത്ത് ഗോസിപ്പിനാണ് പ്രാധാന്യം എന്നാവാം സംവിധായകന്‍ ഉദ്ദേശിക്കുന്നതു്. പക്ഷേ ഇതു വ്യക്തമല്ല. ഇമ്മട്ടില്‍ ദുര്‍ഗ്ര്ഹങ്ങളായ പ്രതിരൂപങ്ങളേക്കൊണ്ടു് നവീന സിനിമ പ്രേക്ഷകരെ ആകുലാവസ്ഥയിലെത്തിക്കുന്നു. ബര്‍ഗ്‌മാനെക്കുറിച്ചും സത്യജിത്റായിയെക്കുറിച്ചും ഇതു തന്നെ പറയാവുന്നതാണ്.

കൊമേഴ്സ്യല്‍ ചിത്രങ്ങളിലേക്കു വരുമ്പോള്‍ സെക്സിന്റെ തേജസ്സല്ല കാമത്തില്‍ ആറാട്ടു നടത്തുന്ന പീറ പ്രവൃത്തികളാണ് നമ്മള്‍ കാണുന്നതു്. ഒരു കാലത്ത് സിനിമയിലെ സെക്സ് ആന്തരതേജസ്സിനെ ചിത്രീകരിച്ചിരുന്നു. പക്ഷേ ഇക്കാലത്ത് അതു ശാരീരിക ചേഷ്ടകള്‍ മാത്രമായി മാറിയിരിക്കുന്നു. നായികയും നായകനും ഇടയ്ക്ക് ഒരു താമരനൂലു പോലും കടത്താന്‍ വയ്യാത്ത വിധത്തില്‍ മുഖങ്ങള്‍ അടുപ്പിക്കുന്നതും അനാഗത ശ്മശ്രുക്കളെയും അനാഗതാര്‍ത്തവകളെയും അങ്ങനെ ഹര്‍ഷോന്മാദത്തിലേക്കു വലിച്ചെറിയുകയും ചെയ്യുന്നത് കൊമേഴ്സ്യല്‍ സിനിമയിലെല്ലാം കാണാം. ഇതു് ദ്രഷ്ടാക്കള്‍ക്കു അസുഖകരമായ പ്രകമ്പനം ഉണ്ടാക്കുന്നു. മാന്യജീവിതം നയിക്കുന്ന പൗരന്മാര്‍ക്ക് അസ്വസ്ഥതയുളവാക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇതു സംസ്കാരലോപമാണ്. ആര്‍ട്ട് ഫിലിംസ് കൃത്രിമത്വംകൊണ്ട് സത്യത്തില്‍ നിന്നു അകലുന്നു. കോമേഴ്സ്യല്‍ ഫിലിംസ് അസഭ്യങ്ങളായ ശാരീരിക ചേഷ്ടകളില്‍ ഈന്നല്‍ നല്കി സംസ്കാരലോപമുണ്ടാക്കുന്നു.

ആവിഷ്കാരസ്വാതന്ത്ര്യം

സാഹിത്യവും വിപ്ളവവും എന്ന പുസ്തകം ചിന്തോദ്ദീപകമാണ്. അതില്‍ വിവരിച്ച ഒരു സംഭവം. ക്രൂഷ്ചോഫ് ചെയര്‍മാനും പ്രധാനമന്ത്രിയുമായിരുന്ന കാലത്തു് രാഷ്ട്രാന്തരീയ പ്രശസ്തിയാര്‍ജ്ജിച്ചിരുന്ന നെസ്വെസ്റ്റ്നി എന്ന പ്രതിമാനിര്‍മ്മാതാവ്-ശില്പി-ഒരു എക്സിബിഷന്‍ നടത്തി, അതുകാണാന്‍ ക്രൂഷ്ചോഫ് വന്നു. അദ്ദേഹത്തിനു കലാശില്പങ്ങള്‍ കണ്ടപ്പോള്‍ വല്ലാത്ത കോപം വന്നു. നായ്ക്കാട്ടം, മാലിന്യം, അപമാനം എന്നു് അദ്ദേഹം അലറി. ആരാണ് ഇതിന്റെ നേതാവ്? എന്നു് അദ്ദേഹം ചോദിച്ചപ്പോള്‍ നെസ്വെസ്റ്റ്നിയെ ആരോ ചൂണ്ടിക്കാണിച്ചു. അദ്ദേഹത്തെ നോക്കി ക്രൂഷ്ചോഫ് വീണ്ടും അലറി. അപ്പോള്‍ നെസ്വെസ്റ്റിനി പറഞ്ഞു. ‘താങ്കള്‍ ചെയര്‍മാനും പ്രധാന മന്ത്രിയുമായിരിക്കാം. പക്ഷേ എന്റെ ശില്പങ്ങളുടെ മുന്‍പിലല്ല. ഇവിടെ ഞാനാണ് പ്രധാനമന്ത്രി. നമുക്കു തുല്യരെന്ന നിലയില്‍ സംസാരിക്കാം.’ കലാകാരന്റെ ഈ മറുപടി ക്രൂഷ് ചോഫിന്റെ ദേഷ്യത്തെക്കാള്‍ വിപത്തു നിറഞ്ഞതാണെന്നു് കലാകാരന്റെ ചില സ്നേഹിതന്മാര്‍ക്കു തോന്നി. ക്രൂഷ് ചോഫിന്റെ അടുത്തു നിന്ന ഒരു മന്ത്രി കലാകാരനോടു ചോദിച്ചു: ‘നിങ്ങള്‍ ആരോടാണു സംസാരിക്കുന്നതെന്നു് അറിയുമോ. ഈ നില്ക്കുന്നതു പ്രധാന മന്ത്രിയാണ്. നിങ്ങളെ ഞങ്ങള്‍ യുറേനിയം ഖനികളില്‍ അയയ്ക്കാന്‍ പോകുകയാണ്. സെക്യൂരിറ്റിയില്‍ പെട്ട രണ്ടുപേര്‍ കലാകാരന്റെ കൈകളില്‍ പിടിച്ചു. അദ്ദേഹം മന്ത്രിയെ അവഗണിച്ച് ക്രൂഷ്ചോഫിനെ നോക്കിപ്പറഞ്ഞു. ‘ഏതു നിമിഷത്തിലും സ്വയം നിഗ്രഹിക്കാന്‍ തയ്യാറായി നില്ക്കുന്ന ഒരാളോടാണ് താങ്കള്‍ സംസാരിക്കുന്നത്. താങ്കളുടെ ഭീഷണികള്‍ക്ക് എന്നെ സംബന്ധിച്ച് ഒരര്‍ത്ഥവുമില്ല.’ സെക്യൂരിറ്റിഭടന്മാര്‍ നെസ്വെസ്റ്റ്നിയുടെ കൈകള്‍ വിട്ടു. കലാകാരന്‍ തന്റെ ശില്പങ്ങളുടെ അടുത്തേക്കു നടന്നു. ക്രൂഷ്ചോഫ് പിറകെ പോയി. അദ്ദേഹം കലാകാരനോടു ചോദിച്ചു.‘സ്റ്റാലിന്റെ ഭരണകാലത്തുണ്ടായ കലാ സൃഷ്ടികളെക്കുറിച്ചു നിങ്ങളുടെ അഭിപ്രായമെന്താണ്?’ അവ ചീഞ്ഞതായിരുന്നു. ആ കലാകാരന്മാര്‍ താങ്കളെ ഇപ്പോഴും വഞ്ചിക്കുന്നുവെന്നു തോന്നുന്നു എന്ന് നെസ്‌വെസ്റ്റ്നി പറഞ്ഞു. അപ്പോള്‍ ക്രൂഷ്ചോഫ് അറിയിച്ചു. ‘സ്റ്റാലിന്റെ മാര്‍ഗ്ഗങ്ങള്‍ തെറ്റായിരുന്നു. പക്ഷേ കല ചീഞ്ഞതല്ല, ജീര്‍ണ്ണിച്ചതല്ല.’ ‘മാര്‍ക്സിസ്റ്റുകള്‍ എന്ന നിലയില്‍ നമുക്ക് അങ്ങനനെ വിചാരിക്കാനാവുമോ എന്ന് കലാകാരന്‍ ചോദിച്ചു. Cult of Personality–യെയാണ് സ്റ്റാലിന്‍ പ്രോത്സാഹിപ്പിച്ചത്. അതുതന്നെയായിരുന്നു അന്നത്തെ കലയുടെ ഉള്ളടക്കവും. അതുകൊണ്ട് സ്റ്റാലിന്റെ കാലത്തെ കലയും ചീഞ്ഞതായിരുന്നു കെട്ടതായിരുന്നു എന്ന് നെസ്വെസ്റ്റ്നിയുടെ പ്രതികരണം. അവര്‍ പിരിയുന്നതിനു മുന്‍പു ക്രൂഷ്-ചോഫ് പറഞ്ഞു. നിങ്ങളെപ്പോലുള്ള മനുഷ്യനെയാണ് എനിക്കിഷ്ടം. പക്ഷേ നിങ്ങളില്‍ ഒരു മാലാഖയും ഒരു പിശാചുമുണ്ട്. മാലാഖ ജയിച്ചാല്‍ നമുക്ക് ഒരുമിച്ചു കഴിഞ്ഞുകൂടാം.

പിശാചാണ് ജയിക്കുന്നതെങ്കില്‍ ഞങ്ങള്‍ നിങ്ങളെ ഇല്ലാതാക്കും. കുറച്ചു ദിവസം കഴിഞ്ഞ് ക്രൂഷ്ചോഫിനെ നെസ്വെസ്റ്റ്നി കണ്ടപ്പോള്‍ ക്രൂഷ്ചോഫ് ചോദിച്ചു. ‘സ്റ്റെയ്റ്റിന്റെ അഭിമര്‍ദ്ദം സഹിച്ച് അദ്ദേഹം അത്രയും കാലം എങ്ങനെ ജീവിച്ചുവെന്ന്. കാണ്ടാമൃഗത്തിന്റെ കുളമ്പിനെ അലിയിക്കുന്ന ഒരു Super Saline Solution-നില്‍ മൃദുലങ്ങളായ ചെറിയ ബാക്ടീരിയ ജീവിക്കുമെന്നു നെസ്വെസ്റ്റ്നി മറുപടി നല്കി. ക്രൂഷ്ചോഫ് ആ കലാകാരനെ സ്വതന്ത്രനായി ജീവിക്കാന്‍ അനുവദിച്ചു. ക്രൂഷ്ചോഫ് പറഞ്ഞതാണു സത്യം. കലാകാരനിലുള്ള മാലാഖ അതായതു സൗന്ദര്യം ആവിഷ്കൃതമായാല്‍ ആരും അംഗീകരിക്കും. അയാളിലുള്ള പിശാച് അതായത് കലയുടെ പരിധി ലംഘിച്ചുള്ള പ്രചാരണമോ സമൂഹ വിമര്‍ശനമോ അധികമായാല്‍ കലാകാരനു ദോഷം സംഭവിക്കും. ആവിഷ്കാര സ്വാതന്ത്ര്യം സൗന്ദര്യ സൃഷ്ടിക്ക് ഉതകണം. അവിടം കഴിഞ്ഞുപോയാല്‍ ആവിഷ്കാര സ്വാതന്ത്ര്യം ദുസ്സ്വാതന്ത്ര്യമായി മാറും.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ദുസ്സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്ന കാലയളവിലാണു നമ്മള്‍ ജീവിക്കുന്നത്. ഞാന്‍ ബഹുമാനത്തോടു ജനമര്യാദ ലംഘിക്കാതെ പെരുമാറുന്നത് യേശുക്രിസ്തുവിന്റെയും മുഹമ്മദ്നബിയുടെയും ശ്രീരാമകൃഷ്ണ പരമഹംസന്റെയും യുധിഷ്ഠിരന്റെയും സന്ദേശങ്ങള്‍ എന്റെ രക്തത്തില്‍ കലര്‍ന്നിരിക്കുന്നതുകൊണ്ടാണ്. സുവിശേഷങ്ങളില്‍ നിന്ന് തെളിഞ്ഞുവരുന്ന യേശുവിന്റെ സ്വഭാവം നമുക്കറിയാം. ആ സ്വഭാവത്തില്‍നിന്നു വിഭിന്നമായ ഒരു സ്വഭാവം യേശുവിന് ഉണ്ടായിരുന്നുവെന്ന് കാണിച്ച് നോവലെഴുതുന്നതു ശരിയല്ല. സി. രാജഗോപാലാചാരി പറഞ്ഞിട്ടുണ്ട്. മഹാത്മാഗാന്ധി ഭാരതീയരില്‍ ചെലുത്തിയ സ്വാധീനതയെക്കാള്‍ വലിയ സ്വാധീനതയാണ് യുധിഷ്ഠിരനുള്ളതെന്ന്. ഒരിക്കലും കള്ളം പറയാത്തെ യുധിഷ്ഠിരന്റെ തേര് ഭൂമിയില്‍ നിന്നുയര്‍ന്നാണ് സഞ്ചരിച്ചിരുന്നത്. യുദ്ധത്തിന്റെ ആവശ്യകതയ്ക്കുവേണ്ടി അദ്ദേഹം അശ്വത്ഥാമാവിനെ സംബന്ധിച്ച ഒരു കള്ളം പറഞ്ഞു. അപ്പോള്‍ തൊട്ട് തേര് ഭൂമിയില്‍ തൊട്ട് ഉരുളാന്‍ തുടങ്ങി. ആവിഷ്കാര സ്വാതന്ത്ര്യം ശൂന്യാകാശത്ത് അതിവേഗം സഞ്ചരിക്കുമ്പോള്‍ ആവിഷ്കാര ദുസ്സ്വാതന്ത്ര്യം കൊണ്ട് അതിനേ ഭൂമിയില്‍ സ്പര്‍ശിച്ച് സഞ്ചരിപ്പിക്കാന്‍ ഉദ്യമിക്കരുത് ആരും. കാസാന്‍ദ് സാക്കീസ്മാരും സല്‍മാന്റുഷ്ദിമാരും അറിഞ്ഞിരിക്കേണ്ട വസ്തുതയാണിത്.

കലാകാരനെ മറ്റാരും പ്രേരിപ്പിക്കുന്നില്ലെങ്കിലും അയാളും തന്റെ ആവിഷ്കാര സ്വാതന്ത്യത്തെ ദുരുപയോഗപ്പെടുത്തരുത്. ടോള്‍സ്റ്റോയി പോലും അതിനെ ദുരുപയോഗപ്പെടുത്തി. അദ്ദേഹത്തിന് Pre Conversion Period, Post Conversion Period എന്നു രണ്ടു കാലയളവുകളുണ്ട്. Pre Conversion Period-ല്‍ എഴുതിയ വാര്‍ ആന്‍ഡ് പീസ്, അന്നാകരേനിന ഇവ ഉത്കൃഷ്ടങ്ങളാണ്. എന്നാല്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ച് Christian Love എന്ന ആശയത്തിന്റെ പ്രേരണയാല്‍ രചിച്ച രെസറക്ഷന്‍ എന്ന നോവലിനും മറ്റു കഥകള്‍ക്കും കലാഭംഗി കുറയും. ടോള്‍സ്റ്റോയിക്കുശേഷമുള്ള സോവിയറ്റ് ഗവണ്‍മെന്റ് ടോള്‍സ്റ്റോയിയുടെ Post Conversion Period-ലെ ചില ആശയങ്ങള്‍ സ്വീകരിച്ച് കലാസൃഷ്ടികള്‍ക്കു പ്രോത്സാഹനം നല്കിയപ്പോള്‍ കലാഭംഗി തീരെയില്ലാത്ത കൃതികള്‍ ഉണ്ടായി.