close
Sayahna Sayahna
Search

Difference between revisions of "വാക്കുകൾക്ക് ശക്തിയില്ല"


(Created page with "{{MKN/Prakasham}} {{MKN/PrakashamBox}} മണല്‍ക്കാട്ടിലാണ് ഈ ‘നാടകം’ നടക്കുന്നത്. കണ്ണഞ...")
 
(No difference)

Latest revision as of 14:04, 9 May 2014

വാക്കുകൾക്ക് ശക്തിയില്ല
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പ്രകാശത്തിന് ഒരു സ്തുതിഗീതം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 118 (ആദ്യ പതിപ്പ്)

Externallinkicon.gif പ്രകാശത്തിന് ഒരു സ്തുതിഗീതം

മണല്‍ക്കാട്ടിലാണ് ഈ ‘നാടകം’ നടക്കുന്നത്. കണ്ണഞ്ചിക്കുന്ന പ്രകാശം വലതുവശത്തുനിന്ന് ഒരു മനുഷ്യന്‍ നാടകവേദിയുടെ പിറകിലേക്കു എറിയപ്പെടുന്നു. വീണുപോയ അയാള്‍ എഴുന്നേറ്റ് പൊടിതട്ടിത്തുടച്ച് ആലോചനയില്‍ മുഴുകുകയാണ്. അപ്പോള്‍ വലതുവശത്തുനിന്നു ഒരു ചൂളംവിളി. വിചാരമഗ്നനായി അയാള്‍ വലതുഭാഗത്തു പോയി. ഉടനെ അയാള്‍ വേദിയുടെ പിറകിലേക്കു എറിയപ്പെട്ടു. പൊടിതുടച്ച് ആലോചനയില്‍ വീഴുമ്പോള്‍ ഇടതുവശത്തു ചൂളംവിളി. അയാള്‍ അങ്ങോട്ടേക്കു പോയി. പോകാത്ത താമസം അയാള്‍ നാടകവേദിയുടെ പിറകിലേക്കു വീണ്ടും എറിയപ്പെട്ടു. ഒരു ചെറിയ മരം മുകളില്‍നിന്നു വേദിയിലേക്കു ഇറക്കപ്പെട്ടു. മുകള്‍ഭാഗത്തു നിന്നുണ്ടായ ചൂളംവിളി കേട്ട് അയാള്‍ മരത്തിന്റെ തണലില്‍ പോയി ഇരുന്നു. സ്വന്തം കൈകളിലേക്കു നോക്കി. ഉടനെ മുകളില്‍നിന്നു തയ്യല്‍ക്കാരന്റെ കത്തിരി താഴേക്കു വന്ന് മരത്തിനടുത്തു വീണു. അയാള്‍ കത്തിരിയെടുത്തു നഖം മുറിക്കാന്‍ ആരംഭിച്ചു. പക്ഷേ വിരലുകള്‍ തനിയെ അടഞ്ഞു. തണലങ്ങ് അപ്രത്യക്ഷമാകുകയും ചെയ്തു. അയാള്‍ കത്തിരി ദൂരെ എറിഞ്ഞ് ആലോചനയിലാണ്ടു. അപ്പോഴേക്കും ഒരു കൊച്ചുകുപ്പി മുകളില്‍നിന്നു താഴേക്കു വരികയായി. അതില്‍ “വെള്ളം” എന്നെഴുതിയ ഒരു വലിയ ലേബല്‍ ഒട്ടിച്ചിട്ടുണ്ട്. വേദിയില്‍നിന്നു മൂന്നു ഗജം മുകളിലാണ് അതിന്റെ നില. അതു കൈക്കലാക്കാനുള്ള അയാളുടെ ശ്രമം ഫലിച്ചില്ല. ഈ സമയം മുകളില്‍ നിന്ന് ഒരു വലിയ മരക്കട്ട താഴത്തേക്കു വന്നു. അയാള്‍ ആ കട്ടയെടുത്തു കുപ്പിയുടെ നേരെ താഴെക്കൊണ്ടു വച്ച് കൈയുയര്‍ത്തി. എത്തുന്നില്ല. അപ്പോള്‍ ഒരു ചെറിയ മരക്കട്ട മുകളില്‍ നിന്നും വരികയായി. അതെടുത്ത് വലിയ കട്ടയുടെ മുകളില്‍വച്ച് ഉറപ്പുണ്ടോ എന്നു പരിശോധിച്ചിട്ട് അവയുടെ മുകളില്‍ കയറിനിന്നു. എന്നിട്ടും കുപ്പി കൈയില്‍ കിട്ടുന്നില്ല. കട്ടകള്‍ ഇളകിമറിഞ്ഞ് അയാള്‍ താഴെവീഴുകയും ചെയ്തു. പൊടി ശരീരത്തില്‍നിന്ന് തട്ടിക്കളഞ്ഞ് അയാള്‍ ആലോചനയില്‍ നിമഗ്നനായി. രണ്ടാമതുവന്ന മരക്കട്ടയെക്കാള്‍ ചെറിയ വേറൊരു കട്ട താഴത്തേക്കു വരികയാണ്. അതുകണ്ട അയാള്‍ ആലോചനയിലാണ്ടു. പൊടുന്നനവേ അതു മുകളിലേക്ക് ഉയര്‍ത്തപ്പെട്ടു. അപ്പോള്‍ കെട്ടുകളോടുകൂടിയ ഒരു കയറ് മുകളില്‍നിന്നു താഴത്തേക്കുവന്നു. അയാള്‍ അതില്‍ പിടിച്ചു തൂങ്ങി കുപ്പി തൊടാന്‍ ഭാവിച്ചതാണ്. പക്ഷേ കയര്‍ താഴെവീണു. അയാളും അതോടൊപ്പം താഴെ വീണു. കത്തിരിയെടുത്ത് അയാള്‍ കയറുമുറിക്കാന്‍ തുടങ്ങി. അപ്പോള്‍ കയര്‍ ആരോ മുകളിലേക്കു വലിച്ചു. അതു മുറിച്ച അയാള്‍ താഴെ വന്നുവീണു. പൊടി തട്ടിത്തുടച്ച് വിചാരത്തില്‍ മുഴുകി അയാള്‍. കയറ് മുകളിലേക്കു വലിക്കപ്പെട്ടു. അതു അദൃശ്യമായി. കൈയില്‍ കിട്ടിയ കയറിന്റെ കഷണത്തില്‍ കുരുക്കുണ്ടാക്കി അയാള്‍ കുപ്പി പിടിച്ചെടുക്കാന്‍ ശ്രമിച്ചു. കുപ്പി ആരോ മുകളിലേക്കു വലിച്ചെടുത്തു. അതു കാണാതാവുകയും ചെയ്തു. മരത്തിന്റെ കൊമ്പിലൊന്നു നോക്കിയിട്ട് അയാള്‍ കട്ടകള്‍ അടുക്കിവച്ച് കുരുക്കിട്ട കയറുമായി അതില്‍ കയറി. പൊടുന്നനവേ മരക്കൊമ്പ് തായ്ത്തടിയോടു ചേര്‍ന്നു പോയി. കത്തിരിയെടുത്തു മൂര്‍ച്ച പരിശോധിച്ചു. കോളര്‍മാറ്റി കഴുത്തു വിരലുകള്‍ വിരലുകള്‍ കൊണ്ടു തൊട്ടു നോക്കി. ചെറിയ മരക്കട്ടയും അതിനോടൊന്നിച്ച് കയറും കത്തിരിയും മുകളിലേക്കുയര്‍ന്ന് അപ്രത്യക്ഷമായി. അയാള്‍ വലിയ മരക്കട്ടയില്‍ ചെന്നിരുന്നു.ആ കട്ടയും മുകളിലേക്കു വലിക്കപ്പെട്ടു. അയാള്‍ വീണു. അയാളുടെ മുഖം ആഡിറ്റോറിയത്തിന്റെ നേര്‍ക്ക്. മുകളില്‍നിന്നു കുപ്പി വീണ്ടും താഴെവന്ന് അയാള്‍ക്കടുത്തായി നിന്നു. അയാള്‍ അനങ്ങിയില്ല. മുകളില്‍നിന്നു ചൂളംവിളി. അനക്കമില്ല. കുപ്പി അയാളുടെ മുഖത്തിന്റെ അടുത്തെത്തി അങ്ങോട്ടുമിങ്ങോട്ടും ആടി. എന്നിട്ടും അയാള്‍ അനങ്ങിയില്ല. കുപ്പി മുകളിലേക്കു പോയി. മരക്കൊമ്പ് പഴയമട്ടില്‍ സമരേഖയിലായി. തണല്‍ വീണ്ടും എത്തി. അയാള്‍ അനങ്ങിയില്ല. മരം അപ്പോള്‍ മുകളിലേക്ക് ഉയര്‍ത്തപ്പെട്ടു. കയറ് കാണാതാവുകയും ചെയ്തു. അയാള്‍ സ്വന്തം കൈകളിലേക്കു നോക്കി. അതോടെ നാടകത്തില്‍ യവനിക വീഴുകയാണ്. ഐറിഷ് സാഹിത്യകാരനായ സാമുവല്‍ ബക്കറ്റ് എഴുതിയ Act without words 1 — വാക്കുകളില്ലാത്ത പ്രവൃത്തി — എന്ന നാടകമിങ്ങനെയാണ്.

പുരാണ കഥാപാത്രമായ ടാന്‍റ്റലസ് നദിയില്‍ നില്ക്കാന്‍ ശപിക്കപ്പെട്ടവനാണ്. ദാഹംകൊണ്ട് വലഞ്ഞ അയാള്‍ ചുണ്ടുകള്‍ വെള്ളത്തോട് അടുപ്പിക്കുമ്പോള്‍ ജലം അകന്നുകളയുന്നു. ഫലങ്ങള്‍നിറഞ്ഞ മരക്കൊമ്പ് അയാളുടെ തലക്ക് മുകളിലുണ്ട് എപ്പോഴും. അത് പിടിച്ചെടുക്കാന്‍ കൈയുയര്‍ത്തിയാല്‍ അതാകെ മാറിക്കളയും. ടാന്‍റ്റലസിന്റെ സ്ഥിതി തന്നെയാണ് മനുഷ്യനുമെന്നു പറയുകയാണ് സാമുവല്‍ ബക്കറ്റ്. ‘ടാര്‍ടറസി’ല്‍ (അധോലോകത്ത്) നില്‍ക്കാന്‍ ഈശ്വരനാല്‍ ശപിക്കപ്പെട്ടവനാണ് ടാന്‍റ്റലസ്. ഈ ലോകത്തെ മനുഷ്യനോ? ഈശ്വരന്‍ എന്ന ശക്തിവിശേഷമാണ് മനുഷ്യനെ ഇവിടെ വലിച്ചെറിഞ്ഞത്, അവനെ കഷ്ടപ്പെടുത്തുന്നത് എന്നൊക്കെ ബക്കറ്റിന് അഭിപ്രായമില്ല. ‘ഈശ്വരന്‍ മരിച്ചു’ എന്നു പ്രഖ്യാപിച്ച നിഷേയുടെ ശിഷ്യനായ ബക്കറ്റിന് ഈശ്വരവിശ്വാസമില്ല. മനുഷ്യന്‍ ദൈവായത്തതയാല്‍ — ഫേറ്റലിസത്താല്‍ — ഭരിക്കപ്പെടുന്നു എന്നു വിശ്വസിക്കുന്ന അസ്തിത്വവാദികളിലൊരാണാണ് അദ്ദേഹം. (ദൈവായത്തത എന്ന വാക്ക് ഇവിടെ ഉപയോഗിച്ചതുകൊണ്ട് ഈശ്വരനുമായി അതിനു ബന്ധമുണ്ടെന്നു കരുതരുത്. ഫേറ്റലിസം എന്ന ഇംഗ്ലീഷ് വാക്കിനുള്ള തര്‍ജമയാണ് ദൈവായത്തത.) ആ രീതിയില്‍ നിസഹായനായ മനുഷ്യനു കയര്‍ത്തുമ്പില്‍ ജീവിതം അവസാനിപ്പിക്കാന്‍ കഴിയുന്നില്ല. കത്തിരികൊണ്ട് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യാന്‍ സാധിക്കുന്നില്ല. തനിക്കു നിയന്ത്രിക്കാനാവാത്ത ശക്തികളാല്‍ അവന്‍ നിയന്ത്രിക്കപ്പെടുന്നു. “ഖസാക്കിന്റെ ഇതിഹാസ”ത്തിലെ രവി എന്ന കഥാപാത്രത്തിന് വസൂരി വരുന്നു. വസൂരിയുടെ അണുക്കള്‍ അന്തരീക്ഷത്തിലുണ്ട്. മനുഷ്യന് അവയെ തടുക്കാവുന്നതല്ല. അവ അവനെ ആക്രമിച്ച് രോഗിയാക്കുന്നു. അല്‍ബേര്‍ കമ്യുവിന്റെ ‘പ്ലേഗ്’ എന്ന നോവലില്‍ ഒറാങ് എന്ന സ്ഥലത്ത് പ്ലേഗ് വരുന്നതായി വര്‍ണ്ണിക്കുന്നു. ആ രോഗം അനേകംപേരെ കൊന്നൊടുക്കുന്നു. മനുഷ്യന് അതിനെതിരായി ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. ഒരു ദിവസം, വന്നപോലെ അതങ്ങ് പോവുകയും ചെയ്യുന്നു. പ്ലേഗിന്റെ അണുക്കള്‍ പല സ്ഥലങ്ങളിലും ഒളിച്ചിരിക്കുന്നുവെന്നും അത് ഏതുസമയത്തും ആവിര്‍ഭവിച്ചേക്കാമെന്നും കമ്യൂ പറയുന്നു. ഇത് പ്രപഞ്ചത്തിന്റെ സ്വഭാവമാണ്. ഈ ദൈവായത്തതക്ക് എതിരായി മനുഷ്യന് ഒന്നും പ്രവര്‍ത്തിക്കാന്‍ വയ്യെന്നാണ് അസ്തിത്വവാദികളുടെ മതം. ബക്കറ്റിന്റെയും അഭിപ്രായം അതുതന്നെ. ചുരുക്കത്തില്‍ അര്‍ത്ഥരഹിതമാണ് — അബ്സേഡാണ് — മനുഷ്യ ജീവിതം. സിബിഫസ് കല്ലുരുട്ടി മലയുടെ മുകളിലേക്കു കയറ്റുന്നു. അത് അവിടെനിന്ന് താഴത്തേക്ക് ഉരുളുന്നു. സിബിഫസ് അതു വീണ്ടും മുകളിലേക്ക് ഉരുട്ടിക്കയറ്റുന്നു, ഇത് അര്‍ത്ഥരഹിതമായ പ്രവൃത്തിയാണല്ലൊ. അതുപോലെ നമ്മള്‍ അര്‍ത്ഥശൂന്യമായ ഈ ലോകത്ത് കഴിഞ്ഞുകൂടുകയാണ്. അര്‍ത്ഥരഹിതങ്ങളായ പ്രവൃത്തികള്‍ ചെയ്തുകൊണ്ട് കരിങ്കല്‍ച്ചക്കിനുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന മൃഗത്തെപ്പോലെ നാം അര്‍ത്ഥരാഹിത്യത്തിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു.

ഈ ചിന്താഗതിയുടെ പ്രഗല്‍ഭമായ ആവിഷ്കാരമെന്ന നിലയില്‍ ബക്കറ്റിന്റെ നാടകം ഒന്നാന്തരമായിട്ടുണ്ട്. പക്ഷേ അതു മഹനീയമായ നാടകമാണോ? എന്നുപറയാന്‍ വയ്യ. കാരണം ബക്കറ്റിന്റെയും മറ്റ് അസ്തിത്വവാദികളുടേയും ഈ വാദങ്ങള്‍ തികച്ചും സത്യാത്മകങ്ങളല്ല എന്നതത്രേ. ലോകത്തിന് ഒരര്‍ത്ഥരാഹിത്യവുമില്ല. കുഴപ്പം സംഭവിച്ചിരിക്കുന്നത് മനുഷ്യനാണ്. ആ കുഴപ്പത്തോടെ ലോകത്തെ സംവീക്ഷണം ചെയ്യുന്നതുകൊണ്ടാണ് ലോകം കുഴപ്പം നിറഞ്ഞതായി മനുഷ്യന് തോന്നുന്നത്, അബ്സേഡിറ്റി ലോകത്തിനല്ല, മനുഷ്യനാണുള്ളത്. പ്ലേഗിന്റേയും വസൂരിയുടേയും അണുക്കളെ മനുഷ്യനു നശിപ്പിക്കാന്‍ കഴിയും. കഴിയുകയില്ലെന്ന് അസ്തിത്വവാദികള്‍ പറയുന്നത് അവരുടെ മാനസികമായ തകരാറുകൊണ്ടാണ്; ആത്മാവിന്റെ തകര്‍ച്ചയാലാണ്. ആത്മാവിനെ പ്രകീര്‍ത്തിക്കുന്ന സാഹിത്യം മനുഷ്യന് ഉന്നമനമുണ്ടാക്കുന്നു. അക്കാരണത്താല്‍ സാമുവല്‍ ബക്കറ്റിനോ യനസ്കൊക്കോ ഒരിക്കലും ഷേക്സ്പിയറിന്റെയോ ഗോയ്ഥേയുടെയോ പദവിയിലേക്ക് ഉയരാന്‍ സാധിക്കുകയില്ല.

ക്രൈസ്തവ സങ്കല്‍പ്പത്തിനു യോജിച്ച ഈശ്വരന്‍ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്നവനാണ്. നാടകത്തിലെ ശക്തിവിശേഷമാകട്ടെ ആ മനുഷ്യനെ ഏതവസരത്തിലും തകര്‍ത്തുകൊണ്ടിരിക്കുന്നു. അവന് അന്തസില്ല, ലക്ഷ്യമില്ല. ആശയ നിവേദനത്തിന് ഭാഷപോലും അവനെ സംബന്ധിച്ച് അസമര്‍ത്ഥമായിഭവിക്കുന്നു. നാടകം നോക്കു. കഥാപാത്രത്തിന് പ്രവര്‍ത്തനങ്ങളേയുള്ളു വാക്കുകളില്ല. അതുകൊണ്ടാണ് Act without words എന്നു നാടകത്തിന് പേരിട്ടത് ബക്കറ്റ്. വാക്ക് — ഭാഷ — ആശയ നിവേദനത്തിനു അസമര്‍ത്ഥമാണെന്ന് വാദിക്കുന്നവര്‍ വാക്കുകള്‍ ഉപയോഗിച്ചുതന്നെയാണ് ആ ആശയം നമ്മിലേക്കു പകരുന്നത്. യനസ്കോയുടെ The lesson എന്ന നാടകം ഒരുദാഹരണം. വാക്ക് അസമര്‍ത്ഥമായതുകൊണ്ട് ബക്കറ്റ് പ്രവൃത്തികളെ അവലംബിക്കുന്നു. വാക്കിനുള്ള ശക്തി പ്രവൃത്തികള്‍ക്കില്ല. എങ്കിലും പ്രവൃത്തികള്‍കൊണ്ട് അദ്ദേഹം ആ ആശയം നിവേദനം ചെയ്യുമ്പോള്‍ നാടകത്തിനു ശക്തി കൈവരുന്നു. അപ്പോള്‍ സാമുവല്‍ ബക്കറ്റ് വാക്കുകള്‍ തന്നെ ഉപയോഗിച്ചാല്‍ എന്തൊരു ശക്തിയായിരിക്കും ഉണ്ടാവുക! ഇവിടെ ഒരു വൈരുദ്ധ്യം ദൃശ്യമാകുന്നു; ഭാഷയ്ക്ക് അര്‍ത്ഥനിവേദനത്തിനും വികാരസംക്രമണത്തിനും ശക്തിയില്ലെന്ന് ഭാഷകൊണ്ടുതന്നെ വ്യക്തമാക്കുക. ഈ വൈരുദ്ധ്യത്തിന് ഒരസ്തിത്വവാദിയും ശരിയായ സമാധാനം നല്‍കിയിട്ടില്ല.

ബക്കറ്റിന്റെ നാടകത്തിന് ശക്തിയുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ സങ്കുചിതമായ ഒരു ചിന്താഗതിയുടെ ആവിഷ്കാരമെന്ന നിലയില്‍ അത് ഔന്നത്യമാവഹിക്കുന്നില്ല; മധ്യമ ഭാവമാണ് അതിനുള്ളത്.