close
Sayahna Sayahna
Search

ചരിത്രം തുടരുന്നു


ചരിത്രം തുടരുന്നു
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പ്രകാശത്തിന് ഒരു സ്തുതിഗീതം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 118 (ആദ്യ പതിപ്പ്)

Externallinkicon.gif പ്രകാശത്തിന് ഒരു സ്തുതിഗീതം

ഇററലിയിലെ നോവലെഴുത്തുകാരി എല്‍സമൊറാന്റേ എഴുതിയ La Storia: Romanzo വിശ്വാസാഹിത്യത്തിലെ ഒരു ‘മാസ്റ്റര്‍ പീസാ’യി അംഗീകരിക്കപ്പെട്ടിരിക്കുന്നു. 1974-ല്‍ ഇററലിയില്‍ പ്രസിദ്ധപ്പെടുത്തിയ ഈ നോവലിന്റെ ഇംഗ്ലീഷ് തര്‍ജമ History: A Novel എന്ന പേരില്‍ ഇംഗ്ളണ്ടിലെ Allen Lane കമ്പനി 1978-ല്‍ പ്രസാധനം ചെയ്തു. നോവല്‍ വായിച്ച വിശ്വവിഖ്യാതനായ ബ്രിട്ടീഷ് കവി സ്റ്റീഫന്‍ സ്പെന്‍ഡര്‍ അനുവാചകരെ മാന്ത്രിക ശക്തിക്ക് അടിമപ്പെടുത്തുന്ന കഥാകാരിയാണ് എല്‍സ മൊറാന്റേ എന്ന് അഭിപ്രായപ്പെട്ടു. ഫ്ളോബര്‍ എന്ന ഫ്രഞ്ച് സാഹിത്യ നായകനെപ്പോലെ വലിയ കാന്‍വാസില്‍ രൂപങ്ങള്‍ നിറക്കുകയും ഇതിവൃത്തം വികാസം കൊള്ളുമ്പോള്‍ പുതിയ കഥാപാത്രങ്ങളെ കലാപരമായി വിശ്വാസമുളവാകുമാറ് അവതരിപ്പിക്കുകയും ചെയ്യുന്ന സിദ്ധികളുള്ള എഴുത്തുകാരിയാണ് അവരെന്ന് അദ്ദേഹം തറപ്പിച്ച പറഞ്ഞു. “ഞാന്‍ വളരെ വര്‍ഷങ്ങള്‍ക്കുശേഷം വായിക്കുന്ന ഏററവും പ്രധാനപ്പെട്ട ഗ്രന്ഥം” എന്ന് ലിസ അല്‍തേര്‍ പ്രസ്താവിക്കുന്നു. മഹായശസ്കയാണ് ഡോറിസ് ലിസിങ്. ആ നോവലെഴുത്തുകാരി “Magnificent” “ഉജ്ജ്വലം” എന്നാണ് കലാശില്‍പ്പത്തെ വിശേഷിപ്പിച്ചത്. “മുദ്രണം ചെയ്ത പുറത്തിന്റെ മഹാദ്ഭുതം കാണിച്ചുതരുന്ന നോവല്‍. താഴെ വയ്ക്കാന്‍ സാധിക്കാത്ത കൃതി. വായന കഴിഞ്ഞാലും നമ്മെ അനുധാവനം ചെയ്യുന്ന കലാസൃഷ്ടി” എന്നാണ് വേറൊരു നിരൂപകന്‍ പ്രഖ്യാപിച്ചത്. നോവല്‍ വായിക്കൂ. ഇപ്പറഞ്ഞതെല്ലാം പ്രത്യക്ഷരം ശരിയാണെന്ന് മനസ്സിലാക്കാം.

ഇററലിയിലെ പ്രമുഖനായ നോവലിസ്റ്റ് അല്‍ബര്‍ട്ടോ മൊറവ്യയെ ഈ നോവലിന്റെ രചന കൊണ്ട് ബഹുദൂരം അതിശയിച്ചിരിക്കുന്ന എല്‍സ മൊറാന്റേ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി തന്നെയാണ്. എന്നാല്‍ ഭര്‍ത്താവിനു സ്വപ്നം കാണാന്‍ പോലും കഴിയാത്ത മണ്ഡലങ്ങളെ ഭാര്യ ഒന്നോ രണ്ടോ രേഖകള്‍ വരച്ച് അനായാസമായി ആവിഷ്കരിക്കുന്നു. അദ്ദേഹത്തിനു ചെന്നെത്താന്‍ കഴിയാത്ത ഔന്നത്യങ്ങളിലേക്ക് അവര്‍ പൊടുന്നനവെ കയറിപ്പോകുന്നു. “ചരിത്രം: ഒരു നോവല്‍” എന്ന കൃതി പ്രസിദ്ധപ്പെടുത്തുന്നതിനു മുമ്പുതന്നെ ഈ മഹതി യശസ്സ് ആര്‍ജ്ജിച്ചു കഴിഞ്ഞിരുന്നു. L’isola de Arturo–1957 (Arturo’s Island തര്‍ജ്ജമ 1959) എന്ന നോവലാണ് എല്‍സ മൊറാന്റേക്ക് കീര്‍ത്തി നേടിക്കൊടുത്തത്. ആദ്യം അച്ഛനോടും പിന്നീട് ചിററമ്മയോടും ഒരു ആണ്‍കുട്ടിക്ക് തോന്നുന്ന സ്നോഹം ചിത്രീകരിച്ച് അവര്‍ അന്യാദൃശമായ ഒരു ലോകത്തേക്കു വായനക്കാരെ കൊണ്ടുപോയി. ശൈശവത്തിന്റെ മാന്ത്രികമണ്ഡലവും യുവത്വത്തിന്റെ പ്രായോഗിക മണ്ഡലവും കൂട്ടിയിണക്കി മാന്ത്രിക മണ്ഡലത്തിന്റെ തകര്‍ച്ചയെ ആലേഖനം ചെയ്ത ഈ നോവല്‍ ‘മാജിക റിയലിസം എന്നൊരു പു’

തിയ. പ്രസ്താഥത്തിനു തന്നെ നാന്ദി കുറിച്ചു. പതിനേഴുകൊല്ലം കഴിഞ്ഞു. ഇപ്പോള്‍ ഈ നോവലിസ്ററ് വിശ്വസാഹിത്യത്തിന് അഭിമാനിക്കാവുന്ന ഒരു മാസ്റ്റര്‍ പീസ് നല്‍കിയിരിക്കുന്നു. ചരിത്രം സൃഷ്ടിക്കാത്ത സാധാരണക്കാരുടെ ചോരയൊഴുക്കി അതില്‍നിന്ന് മുസോളിനിയും ഹിററ്ലറും എങ്ങനെ ചരിത്രം സൃഷ്ടിച്ചുവെന്നു വ്യക്തമാക്കുന്ന ഈ നോവല്‍ മഹനീയമായ കലാസൃഷ്ടിതന്നെയാണ്.

കഥ


1941 ജനുവരിമാസം. ഉച്ചസമയം കഴിഞ്ഞു. ഒരു ജര്‍മ്മന്‍ പട്ടാളക്കാരന്‍ റോമിലെ ബന്‍ലോറന്‍സോ ഡിസ്ട്രിക്ടിലൂടെ നടക്കുകയായിരുന്നു. ആരും അയാളെ ശ്രദ്ധിച്ചില്ല. ജര്‍മ്മന്‍ ഭടനായാലും ശരി ഇററാലിയന്‍ ഭടനായാലും ശരി ഇററലിയിലെ ചില ഭാഗങ്ങളില്‍ അക്കൂട്ടര്‍ ബഹമാനിക്കപ്പെട്ടിരുന്നില്ല. ഗുന്തര്‍ എന്നാണ് ആറടിപ്പൊക്കമുള്ള ആ പട്ടാളക്കാരന്റെ പേര്. അന്നുകാലത്താണ് അയാളെ അവര്‍ റോമില്‍ ഇറക്കിവിട്ടത്. ഇനി മറ്റൊരു സ്ഥലത്തെക്കാണ് അയാളെ കൊണ്ടുപോകുക. ഏതുസ്ഥലമെന്നത് മേലുദ്യോഗസ്ഥന്‍മാര്‍ക്കേ അറിയാവൂ. ആ യാത്രക്കുള്ള തയ്യാറെടുപ്പ് എന്ന നിലയിലാണ് ഗുന്തറിനെ റോമില്‍ വിട്ടിരിക്കുന്നത്. ലോകത്തെക്കുറിച്ച് ഒന്നുമറിയാന്‍ പാടില്ലാത്ത ഗുന്തറിന് ഇറ്റാലിയന്‍ ഭാഷയിലെ നാലുവാക്കുകള്‍ മാത്രം അറിയാം. അയാള്‍ നടന്നുനടന്ന് ഒരു വീടിന്റെ വാതില്‍ക്കലെത്തി. അവിടെ താമസിച്ചിരുന്ന ഒരു സ്ത്രീ കടയില്‍ പോയിട്ട് വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. അവളെ കണ്ട മാത്രയില്‍ ഗുന്തര്‍ “സീന്യോറിനാ, സീന്യോറിനാ” എന്നുവിളിച്ചു. അയാള്‍ക്കാകെ അറിയാമായിരുന്ന നാലു ഇറ്റാലിയന്‍ വാക്കുകളില്‍ ഒന്നായിരുന്നു അത്. അയാള്‍ വീട്ടിനുള്ളിലേക്ക് കടുന്നു. “അരുത്, അരുത്” എന്നു സ്ത്രീ പറഞ്ഞെങ്കിലും പട്ടാളക്കാരന്‍ അവളെ താഴെത്തള്ളിയിട്ടു. അവളെ കൊല്ലാനുള്ള ദേഷ്യത്തോടെ ബലാത്കാരവേഴ്ച നടത്തി. അവള്‍ ബോധശൂന്യയായി. ബോധം നഷ്ടപ്പെട്ടതിനും അതു വീണ്ടുകിട്ടിയതിനും ഇടയ്ക്കുള്ള സന്ദര്‍ഭത്തില്‍ ഗുന്തര്‍ രണ്ടാമത്തെ തവണയും തന്നെ ധര്‍ഷണം ചെയ്യുകയാണെന്ന് അവള്‍ മനസ്സിലാക്കി. പട്ടാളക്കാരന്‍ ഉറക്കം കഴിഞ്ഞ് എഴുന്നേററു. ഓര്‍മ്മയ്ക്കുവേണ്ടി തന്റെ പേനാക്കത്തിയെടുത്ത് അവളുടെ ഉള്ളംകൈയില്‍ വച്ചുകൊടുത്തു. ജീവിതത്തിന്റെ അനിര്‍വാച്യമായ നിത്യതയ്ക്കുള്ള സ്മാരകദാനം. പക്ഷേ ആ നിത്യത അയാള്‍ക്ക് ഏതാനും മണിക്കൂര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അയാള്‍ കയറിപ്പോയ വിമാനം മധ്യധരണ്യാഴിക്കു മുകളില്‍വച്ച് ആക്രമിക്കപ്പെട്ടു. ഗുന്തര്‍ ഈ ലോകത്തുനിന്ന് എന്നേന്നേക്കുമായി മറഞ്ഞു.

ആരാണവള്‍? ഒരു പ്രാഥമിക വിദ്യാലയത്തിലെ അധ്യാപികയായി ഐഡ. അവളുടെ അച്ഛനും അമ്മയും കഥ തുടങ്ങുമ്പോള്‍ മരിച്ചിരിക്കുന്നു. അച്ഛന്‍ കത്തോലിക്കാ മതവിശ്വാസി; അമ്മ ജൂതസ്ത്രീയും. ഐഡയുടെ ഭര്‍ത്താവ് അബ്സീനിയയെ മുസോളിനി കീഴടക്കിയതിനുശേഷം ആ രാജ്യത്തേക്കുപോയി. മടങ്ങിവന്നത് അര്‍ബുദരോഗത്തോടുകൂടിയാണ്. അയാളും മരിച്ചു. ഐഡ മകന്‍ നീനയോടുകൂടി അവിടെ അങ്ങനെ കഴിഞ്ഞുകൂടുന്നു. അബ്സീനിയ ഇററലിയുടെ കീഴിലായപ്പോള്‍ ആ രാജ്യം (ഇററലി) സാമ്രാജ്യം എന്ന പദവിയിലേക്ക് ഉയര്‍ന്നു. വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു കൊടുക്കുന്ന ചോദ്യം ഇങ്ങനെയായി. “Copy out three times in your good notebooks the following words of the Duce: Hold high, O Legionaries, your banners, your steel and your hearts, to laid, after fifteen centuries, the reappearance of the Empire on the fatal hills of Romel Mussolini”

ജര്‍മ്മനിയില്‍ ജൂതന്‍മാരെ കൂട്ടം കൂട്ടമായി കൊല്ലുന്ന കാലം. ഹിററ‌‌ലറും മുസോളിനിയും കൂട്ടുകാരായപ്പോള്‍ ഇററലിയിലും ജൂതര്‍ക്ക് എതിരായുള്ള നിയമങ്ങളുണ്ടായി.

ഹിററ്ലര്‍ ജയിച്ചു മുന്നേറുകയാണ്. അയാളുടെ വിജയങ്ങളുടെ ധ്വനികള്‍ നീനോയുടെ ശബ്ദത്തിലൂടെ ഐഡയുടെ ഭവനത്തില്‍ പ്രതിധ്വനിച്ചു. 1941-ല്‍ ഗുന്തര്‍ നടത്തിയ ചാരിത്രദൂഷണത്തിന് ഫലമുണ്ടായി. ഐഡ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. അവന് ജൂസപ്പേ എന്ന് പേരിട്ടു. രജിസ്ട്രേഷന്‍ ഓഫീസില്‍ ആ പ്രസവം രേഖപ്പെടുത്തിയത് ഇങ്ങനെയാണ്:

ജൂസപ്പേ 1941 ആഗസ്റ്റ് 28-ആം തീയതി റോമില്‍ ജനിച്ചു.

അമ്മ: വിധവ ഐഡ.

അച്ഛന്‍: ആരെന്ന് അറിഞ്ഞുകൂടാ.

നീനോയ്ക്ക് ജൂസപ്പേ എല്ലാ രീതിയിലും കൊച്ചനുജനായി. രണ്ടുകൊല്ലം കഴിഞ്ഞു. യൂറോപ്പാകെ യുദ്ധത്തില്‍ കിടിലംകൊള്ളുകയാണ്. ഇററലിയില്‍ ഫാസിസ്റ്റ് ഭരണം നടക്കുമ്പോള്‍ ആദ്യമായി തൊഴിലാളികളുടെ പണിമുടക്കുണ്ടായി. രാജാവ് മുസോളിനിയെ ഡിസ്മിസ് ചെയ്യുകയും അതിനുശേഷം അയാളെ അറസ്റ്റുചെയ്തു പല സ്ഥലങ്ങളിലേക്കായി കൊണ്ടുപോകുകയും ചെയ്തു. ഹിററ്ലര്‍ ഇതറിഞ്ഞു. അയാളുടെ ആജ്ഞയനുസരിച്ച് ജര്‍മ്മന്‍ ‘പാരട്രൂപ്പ്’ മുസോളിനിയെ ബന്ധനത്തില്‍നിന്നു മോചിപ്പിച്ചു. ഇററലിയുടെ തെക്കു ഭാഗം സഖ്യകക്ഷികളുടേയും വടക്കുഭാഗം ഫാസിസ്റ്റുകളുടേയും കൈയിലായി. ജര്‍മ്മനിയുടെ റഷ്യനാക്രമണം തകര്‍ന്നു. ബര്‍ലിനില്‍ കടുത്ത ബോംബു വര്‍ഷം. ചര്‍ച്ചിലും സ്റ്റാലിനും റൂസ്വെല്‍ററും ടെഹറനില്‍ ഒരുമിച്ചുകൂടി യുദ്ധകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങളിലെത്തുകയും ചെയ്തു. നീനോയും ജൂസപ്പേയും വളര്‍ന്നുവരികയാണ്. പക്ഷേ നീനോയുടെ സ്വഭാവത്തില്‍ പെട്ടെന്നൊരു മാററം വന്നു. വിദ്യാലയത്തിലേക്കുള്ള പോക്ക് യാതനാനിര്‍ഭരമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് അവന്‍ പഠിത്തം അവസാനിപ്പിച്ചു. പലപ്പോഴും വീട്ടില്‍ കാണുകയില്ല നീനോ. തിരിച്ച് വീട്ടിലെത്തുമ്പോള്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ കണ്ടാല്‍ മോഷണത്തില്‍ വ്യാപരിച്ചിരിക്കുകയാണെന്നു തോന്നും. വ്യഭിചാരത്തിലും ഫാസിസ്റ്റ് പ്രവര്‍ത്തനത്തിലും മുഴുകിയ നീനോ ക്രമേണ തോക്കുകള്‍ കടത്തികൊണ്ടുപോകുന്ന ജോലിയില്‍ വ്യാപൃതനായി. റോം കത്തിയെരിയുകയാണ്. ധനികര്‍ ഉള്‍നാടുകളിലേക്കുമാറി, കുഞ്ഞുങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതിനുവേണ്ടി മാത്രം ജീവിക്കുന്ന ഐഡയ്ക്കും താമസസ്ഥലം ഉപേക്ഷിച്ച് മറ്റൊരിടത്തേക്കു പോകേണ്ടതായിവന്നു.

1943-നവമ്പര്‍ 30-ആം തീയതി റോമില്‍ ഉണ്ടായ ഓര്‍ഡിനന്‍സ് അനുസരിച്ച് ഇററലിയില്‍ താമസിക്കുന്ന എല്ലാ ജൂതന്‍മാരെയും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അയച്ചു. സങ്കരവിവാഹത്തിന്റെ ഫലമായി ജൂതരായവരെ പോലീസ് എന്നും സൂക്ഷിച്ചുകൊള്ളണമെന്നും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്തു. അതിന്റെ ഫലമോ പോലീസ് പലപ്പോഴും ഐഡയോടു ചോദ്യങ്ങള്‍ ചോദിക്കാനെത്തി.

ബോംബുവര്‍ഷത്തോടു ചേര്‍ന്ന ഇടിനാദങ്ങള്‍ റോമിനെ പ്രകമ്പനം കൊള്ളിക്കുമ്പോള്‍ത്തന്നെ 1945 എന്ന വര്‍ഷം വന്നെത്തി. ജര്‍മ്മനി സഖ്യകക്ഷികള്‍ക്കു കീഴടങ്ങി. മുസോളിനിയെ നേരത്തെ വെടിവെച്ചുകൊന്നിരുന്നു. ഹിററ്ലര്‍ ആത്മഹത്യ ചെയ്തു. അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആററംബോംബ് ഇട്ടു. ആറുവര്‍ഷമായി നടന്നിരുന്ന കൂട്ടക്കൊല അങ്ങനെ അവസാനിച്ചു.

1946-ല്‍ ഒരു ദിവസം ഐഡയെ കാണാന്‍ ഒരു പോലീസുകാരനെത്തി. അയാള്‍ അവളോടു ചോദിച്ചു. “നിങ്ങള്‍ നീനയോടു ബന്ധപ്പെട്ടവളാണോ?” അതു കേട്ടയുടനെ അവള്‍ ചോദിച്ചു. “എന്തിന്? അവന്‍ തെറ്റുവല്ലതും ചെയ്തോ?” പോലീസുകാരന്റെ വൈഷമ്യം കണ്ട് അവള്‍ ഉടനെ വിക്കി വിക്കി പറഞ്ഞു: “ഞാന്‍ അവന്റെ അമ്മയാണ്.” നീനോ ഒരു റോഡപകടത്തില്‍പ്പെട്ടെന്നും വല്ലാത്ത മുറിവുകളോടുകൂടി അവനെ എമര്‍ജന്‍സി സ്റ്റേഷനിലേക്കു കൊണ്ടുപോയെന്നും പോലീസുകാരന്‍ അറിയിച്ചു. ഐഡ അവിടെ ചെന്നു മകന്റെ മൃതദേഹം കണ്ടു. മുഖത്തു വലിയ മുറിവൊന്നുമില്ല. മൂക്കിനുതാഴെ ഒരു രക്തരേഖമാത്രം. വളരെ വേഗത്തില്‍ ഓടിച്ചുപോയ ഒരു ട്രക്ക് നിര്‍ത്താന്‍ പോലീസ് ആഗ്യം കാണിച്ചെന്നും ഡ്രൈവര്‍ അതോടെ ട്രക്കിന്റെ വേഗം കൂട്ടിയെന്നും അപ്പോള്‍ അത് ഒരുവശത്തേക്കു മറിഞ്ഞുവെന്നുമാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ഐഡ മകന്റെ ശവസംസ്കാരത്തിനു പോയില്ല. അവന്റെ മൃതദേഹമടക്കിയ സ്ഥലത്തു പിന്നീടൊരിക്കലും പോകാന്‍ അവള്‍ക്കു ധൈര്യമുണ്ടായതുമില്ല. ഇതിനകം ജൂസപ്പേക്ക് ഹിസ്റ്റീറിയയ്ക്കു സദൃശമായ ഒരു രോഗം പിടിപ്പെട്ടു. ഐഡ അവനെ വിദഗ്ദ്ധന്‍മാരായ ഡോക്ടര്‍മാരെ കാണിച്ചു. ഒരു ദിവസം അവള്‍ വിദ്യാലയത്തില്‍നിന്നു വീട്ടില്‍ എത്തിയപ്പോള്‍ ജൂസപ്പേ രോഗം വന്നു വീഴാറുള്ളപ്പോള്‍ കിടക്കുന്നതുപോലെ കൈകള്‍ വിടര്‍ത്തി കിടക്കുന്നതു കണ്ടു. അവന്‍ മരിച്ചുവെന്ന് അവള്‍ക്കു തോന്നിയില്ല. ജൂസപ്പേയുടെ പട്ടി ബല്ല അവളെ വിഷാദത്തോടെ നോക്കുന്നതു കണ്ടപ്പോഴാണ് അവള്‍ക്കു കാര്യം മനസ്സിലായത്. “നീ എന്തിനുവേണ്ടി കാത്തിരിക്കുന്നു. നികൃഷ്ടമായ ജന്തു! ഇനി നമുക്കു ആരെയും കാത്തിരിക്കാനില്ലെന്നു നിനക്കറിഞ്ഞുകൂടെ?” എന്നു പട്ടിയോടു ചോദിച്ചു.

അടുത്തദിവസം പത്രങ്ങളില്‍ റിപ്പോര്‍ട്ട് വന്നു: “ടെസ്റ്റാച്ചിയോ ക്വാര്‍ട്ടറില്‍ ദയനീയമായ നാടകം. ഭ്രാന്തുപിടിച്ച അമ്മ കൊച്ചുമകന്റെ മൃതദേഹം നോക്കിക്കൊണ്ടിരിക്കുന്നു.” ആ റിപ്പോര്‍ട്ടിന്റെ അവസാനത്തില്‍ ഇങ്ങനെ പറയും: “പട്ടിയെ കൊല്ലേണ്ടത് ആവശ്യമായി വന്നു.”

ഐഡ മകന്റെ പ്രിയപ്പെട്ട ബല്ലയെ വെടിവച്ച കൊന്നു. പിന്നീട് ഒമ്പതുകൊല്ലം കൂടി അവള്‍ ജീവിച്ചിരുന്നു. 1956 ഡിസംബര്‍ 11-ആം തീയതി ശ്വാസകോശത്തെ സംബന്ധിച്ച രോഗത്താല്‍ ഐഡ മരിച്ചു. അവള്‍ക്ക് അമ്പത്തിമൂന്ന് വയസ്സുണ്ടായിരുന്നു. മകന്‍ ജൂസപ്പേയുടെ മൃതദേഹം കണ്ടപ്പോള്‍ അവളെങ്ങനെ മരവിച്ച് ഇരുന്നുവോ അതുപോലെ അവള്‍ ഒമ്പതുകൊല്ലവും ഇരുന്നു. നിങ്ങള്‍ അവളോടു സംസാരിച്ചാല്‍ കൃതജ്ഞതനിറഞ്ഞ നിഷ്കളങ്കമായ മന്ദഹാസം മാത്രം. മറുപടി പ്രതീക്ഷിക്കുന്നത് വെറുതെ, അന്ധന്‍മാരോട്, കാതുകേള്‍ക്കാന്‍ വയ്യാത്തവരോട് ആശയവിനിമയത്തിനു കഴിയും. കാണാന്‍ കഴിയുന്ന, കേള്‍ക്കാന്‍ കഴിയുന്ന ഐഡയോട് സംസാരിക്കാന്‍ പററിയ, ചരിത്രം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ചരിത്രത്തിന്റെ പ്രവാഹം


നോവലിന്റെ കഥ ഇങ്ങനെ സംഗ്രഹിച്ചു പറഞ്ഞത് കലാഹിംസയാണെന്നു എനിക്കറിയാം. എങ്കിലും അതിനേ മാര്‍ഗ്ഗമുള്ളു. നോവല്‍ വായിക്കുമ്പോള്‍ നഗരങ്ങള്‍ എരിയുന്നതു നമ്മള്‍ കാണുന്നു. ഫാസിസവും അനാര്‍ക്കിസവും കമ്മ്യൂണിസവും അന്യോന്യം മത്സരിക്കുന്നത് ദര്‍ശിക്കുന്നു. കൂലം കൂത്തിഗ്ഗമിക്കുന്ന പ്രവാഹം മഹാവൃക്ഷങ്ങളെ കടപുഴക്കിയെറിയുന്നതുപോലെ ചരിത്രപ്രവാഹം മുസോളിനി, ഹിററ്ലര്‍ എന്നീ “മഹാവ്യക്തിക”ളെ മറിച്ചിട്ട് ഒഴുക്കിക്കൊണ്ടുപോകുന്നതും നമ്മള്‍ കാണുന്നു. പക്ഷേ ഇതിനെക്കാളൊക്കെ പ്രധാന്യമര്‍ഹിക്കുന്നത് പാവപ്പെട്ടവരുടെ കാര്യമാണ്. അവരെ അധികാരികള്‍ എന്നും പീഡിപ്പിക്കുന്നു; നിന്ദിക്കുന്നു. പോലീസ് സംശയിക്കുന്നു. ഒരു സ്ഥലത്തുനിന്ന് വേറൊരു സ്ഥലത്തേക്കും അവിടെനിന്ന് മറ്റൊരിടത്തേക്കും അവര്‍ പലായനം ചെയ്യുന്നു. ജീവന്‍പോലും അവര്‍ക്കു നഷ്ടമാകുന്നു. “ചരിത്രം തുടര്‍ന്നുപോകുന്നു” എന്നു പറഞ്ഞുകൊണ്ടാണ് മൊറാന്റേ നോവലവസാനിപ്പിക്കുന്നത്. ദുഃഖിപ്പിക്കുന്നവരുടെയും ദുഃഖമനിഭവിക്കുന്നവരുടെയും ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല എന്നാണ് ധ്വനി. വിഷാദത്തിന്റെ പ്രതിരൂപമെന്നപോലെ മിണ്ടാന്‍ വയ്യാതെ, അനങ്ങാന്‍ വയ്യാതെ ഇരിക്കുന്ന ഐഡയുണ്ടല്ലോ അവള്‍ ഇററലിക്കാരി മാത്രമല്ല, ഈ ലോകത്ത് എങ്ങും കാണാവുന്ന സാധുവായ സ്ത്രീ തന്നെയാണ്. അവളുടെ ദുരന്തം മനുഷ്യരാശിയുടെ ആകെയുള്ള ദുരന്തമാണ്. ഇതു ചൂണ്ടിക്കാണിച്ച് വൈകാരിക സത്യം കൊണ്ട് വായനക്കാരെ ചലനംകൊള്ളിക്കുന്ന അത്യന്തസുന്ദരമായ നോവലാണ് മൊറാന്റേയുടെ “ചരിത്രം.”

സമഗ്രാധിപത്യത്തിന്റെ ക്രൂരത


രണ്ടാംലോക മഹായുദ്ധത്തിന്റെ കെടുതികള്‍ ഗ്രന്ഥകാരി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ടോള്‍സ്റ്റോയിയുടെ “യുദ്ധവും സമാധാനവും” എന്ന നോവലില്‍ കാണുന്നതുപോലുള്ള യുദ്ധവര്‍ണ്ണനകള്‍ മൊറാന്റേയുടെ നോവലില്‍ ഇല്ല. വൈയക്തികങ്ങളല്ലാത്ത ശക്തിവിശേഷങ്ങള്‍ ഗ്രസിക്കുന്ന വ്യക്തികളെ ആലേഖനം ചെയ്താണ്, അവരുടെ ട്രാജഡി അതിഭാവുകത്വമില്ലാതെ സ്ഫുടീകരിച്ചാണ് മൊറാന്റേ ആത്യന്തികമായ ഫലം ഉളവാക്കുന്നത്. നിരപരാധരുടെ നേര്‍ക്കു സമഗ്രാധിപത്യത്തിന് അതിന്റെ ഭയജനകമായ ശക്തിവിശേഷങ്ങളെ കെട്ടഴിച്ചുവിടാന്‍ എന്തവകാശം? അങ്ങനെ അതു പ്രവര്‍ത്തിക്കുമ്പോള്‍ മനുഷ്യത്വം ആപത്തില്‍ചെന്നു വീഴുകില്ലേ? ‘അതെ’ എന്നാണ് മൊറാന്റേ നല്‍കുന്ന ഉത്തരം.

കലയ്ക്കു പ്രാധാന്യം


ഈ നോവലിസ്റ്റ് തന്റെ രാഷ്ട്ര വ്യവഹാരസിദ്ധാന്തങ്ങള്‍ ധ്വനിപ്പിക്കുകപോലും ചെയ്യുന്നില്ല. ഒരിടത്ത് മഹാത്മാഗന്ധിയെക്കുറിച്ചുള്ള പ്രസ്താവം എനിക്കു വൈഷമ്യം ഉളവാക്കിയെങ്കിലും കലയുടെ മാന്ത്രിക പ്രഭാവം ക്ഷണനേരംകൊണ്ട് അതിനെ എന്റെ മനസില്‍നിന്നു തുടച്ചുമാററി. മൊറാന്റേ ആര്‍ട്ടിസ്റ്റാണ്; പൊളിറ്റീഷ്യനല്ല. ജീവിതത്തിന്റെ സ്വഭാവംകൊണ്ടും വ്യക്തിയെ നശിപ്പിക്കുന്ന സമഗ്രാധിപത്യത്തിന്റെ രീതികൊണ്ടും അന്യവത്കരണം സംഭവിക്കുന്നു. ഐഡയെ അവതരിപ്പിച്ചു കഴിയുമ്പോള്‍ത്തന്നെ നാമതു മനസ്സിലാക്കുന്നു. അവളെ സഹായിക്കുന്ന ആളുകള്‍ വിരളം. എതിര്‍ക്കുന്നവര്‍ ധാരാളം. ആ സംഘട്ടനത്തിലൂടെ അവള്‍ ജീവിച്ചുപോകുമ്പോള്‍ ആ ജീവിതത്തിന്, അല്ലെങ്കില്‍ നോവലിന് “എപ്പിക് ഡൈ മന്‍ഷന്‍” സിദ്ധിക്കുന്നു.

രചനയുടെ ഭംഗി


നോവലിന്റെ ഏതു പുറം വേണമെങ്കിലുമെടുക്കു. രചനയുടെ വൈദഗ്ദ്ധ്യം ദൃശ്യമാകും. ഒരുദാഹരണം നല്‍കട്ടെ. ഐഡയെ ഗുന്തര്‍ ചാരിത്രദൂഷണം ചെയ്തതതും അവള്‍ ഗര്‍ഭിണിയായി നടന്നതും ഒക്കെ നീനോ അറിയുന്നല്ല. ആദ്യമായി കുഞ്ഞിനെ കണ്ടപ്പോള്‍ അവന്‍ എവിടെനിന്നു വന്നു എന്നാണ് നീനോയുടെ ചോദ്യം. വഴിയില്‍ക്കിടന്നു കിട്ടിയെന്നു അമ്മയുടെ ഉത്തരം. എങ്കിലും നീനോയ്ക്ക് കാര്യം ഊഹിക്കാന്‍ കഴിയും. വളരെക്കാലമായി അവനൊരാഗ്രഹമുണ്ട്. ഒരു പട്ടിയെ വളര്‍ത്തണം. അന്നുവരെ അതിനു സമ്മതം നല്‍കാത്ത ഐഡ അനുവാദം നല്‍കി. അവന്‍ ഉടനെ പട്ടിയെ കൊണ്ടുവന്നു. ഐഡ ചൊദിക്കുന്നു: “And what breed is he?”

നീനോയുടെ ഉത്തരം: “He is a bastard”

മൊറാന്റേ തുടര്‍ന്നെഴുതുന്നു:– The casual word shocked Ida who blushed at once, and she gave an involuntary look towards the crib as if the infant might have understood. In his turn, then Nino conceived the thought: Yeahl Giuseppe’s a bastard too. In this house there are two bastards” (Page 90). ഒരു സംഭവംകൊണ്ടു മറ്റൊരു സംഭവത്തെ പ്രകാശിപ്പിക്കുന്ന രീതിയാണത്.

യുദ്ധം പ്രതിപാദ്യവിഷയമാക്കിയിട്ടുള്ള പല നോവലുകളും ഈ ലേഖകന്‍ വായിച്ചിട്ടുണ്ട്. അവയില്‍ ഏററവും പ്രസിദ്ധമായത് റെമാര്‍ക്കിന്റെ “All quite on the Western Front” എന്നതാണ്. പക്ഷേ അതു കലാസൃഷ്ടിയല്ല; ജര്‍ണ്ണലിസം മാത്രം. അതല്ല എര്‍ണ്ണസ്റ്റ‌‌ യുങ്കറുടെ (Ernst Junger) The Storm of Steel എന്ന നോവലിന്റെ സ്ഥിതി. അതു കലാശില്പമാണ്; അര്‍നൊള്‍ഡ് സ്വൈഖിന്റെ (Arnold Zweig) The Case of Sergeant Grische എന്ന നോവലിനെ ജെ. ബി. പ്രീസ്റ്റലി “The Greatest Novel on a War Them” എന്നു വിശേഷിപ്പിച്ചു. യുങ്കറുടെയും സ്വൈഖിന്റെയും നോവലുകളെക്കാള്‍ ഉല്‍കൃഷ്ടമാണ് മൊറാന്റേയുടെ “ചരിത്രം ഒരു നോവല്‍” എന്ന കൃതി.