മെക്കയിലേക്കുള്ള പാത
മെക്കയിലേക്കുള്ള പാത | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | പ്രകാശത്തിന് ഒരു സ്തുതിഗീതം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര് | പ്രഭാത് |
വര്‍ഷം |
1987 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 118 (ആദ്യ പതിപ്പ്) |
“ഒരു നഗരം, മേരിയസ്! ഞാന്‍ സങ്കല്പ്പിച്ചതിനെക്കാളേറെ മനോഹരം. പ്രകാശത്തിന്റെ വര്‍ണ്ണത്തിന്റെ നഗരം. രമണീയങ്ങളായ ഭവനങ്ങളും കൊട്ടാരങ്ങളും എങ്ങുമുണ്ട്. തിളങ്ങുന്ന വെണ്മയാര്ന്ന മതിലുകളും പ്രകാശിക്കുന്ന പ്രസാദ ശിഖരങ്ങളും. അങ്കണങ്ങളില്‍ വിചിത്രങ്ങളായ പ്രതിമകള്‍ നിറഞ്ഞിരിക്കുന്നു. തെരുവുകളിലാകെ ഒട്ടകക്കൂട്ടങ്ങള്‍. തലപ്പാവു കെട്ടിയ പുരുഷന്മാര് എനിക്കറിയാന്‍ പാടില്ലാത്ത ഭാഷ സംസാരിച്ചു. പക്ഷേ അതു കാര്യമാക്കാനില്ല. കാരണം ഞാന്‍ അറിഞ്ഞിരുന്നു, ഓതാനറിഞ്ഞിരുന്നു അതു മെക്കയാണെന്ന്. ഉജ്ജ്വലമായ ദേവാലയത്തിലേക്ക് ഞാന്‍ പോകുകയായിരുന്നുവെന്നും.
മേരീയസ്, മെക്കയുടെ നടുവില്‍ ഒരു ദേവാലയമുണ്ട്. ദേവാലയത്തിന്റെ നടുവില്‍ ഒരു വലിയ മുറി. അതില്‍ നൂറ്റുക്കണക്കിനു കണ്ണാടികള്‍ ചുവരുകളില്‍. തൂങ്ങുന്ന വിളക്കുകള്‍. അവിടെത്തന്നെയാണ് കിഴക്കന്‍ ദിക്കിലെ ജ്ഞാനികള്‍ പ്രകാശത്തിന്റേയും വര്‍ണ്ണത്തിന്റേയും സ്വര്‍ഗ്ഗീയ ജ്യാമിതി പഠിക്കുന്നത്. ആ രാത്രി ഞാന്‍ തൊഴില്‍ പഠിക്കുന്നവളായി”. ദക്ഷിണാഫ്രിക്കന്‍ നാടക കര്‍ത്താവായ ഏതല്‍ ഫൂഗാഡിന്റെ (Athol Fugard) “മെക്കയിലേക്കുള്ള പാത” (The Road to Mecca) എന്ന അതിസുന്ദരമായ നാടകത്തിലെ പ്രധാനപ്പെട്ട കഥാപാത്രം മറ്റൊരു കഥാപാത്രത്തോടു പറയുന്നതാണ് ഈ വാക്കുകള്‍. നാടകത്തില്‍ ആലേഖനം ചെയ്ത ഈ മെക്കപോലെ ചേതോഹരമാണ് ഈ നാടകവും. അതിലെ ദര്‍പ്പണങ്ങളില്‍ നമ്മള് നമ്മളെത്തന്നെ കാണുന്നു. അതിലെ വിളക്കുകളുടെ പ്രകാശമേറ്റ് കഥാപാത്രങ്ങള്‍ തിളങ്ങുന്നു. കലയുടെ പ്രകാശത്തിന്റേയും വര്‍ണ്ണത്തിന്റേയും “സ്വര്‍ഗീയ ജ്യാമിതി” പഠിക്കാന്‍ നമ്മള് ഈ നാടകത്തില്‍ പ്രവേശിക്കണം. അതിന് ആരംഭിക്കുന്നതിനുമുമ്പ് നാടകത്തിന്റെ നിര്‍മ്മിതിക്ക് പ്രേരകമായി ഭവിച്ച സംഭവത്തെക്കുറിച്ച് പറയട്ടെ.
തെക്കേയാഫ്രിക്കയിലെ ന്യൂ ബെതസ്ഡ ഗ്രാമത്തില്‍ വീടുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാമെന്ന് അറിഞ്ഞ ഏതല്‍ ഫൂഗാഡ് ഒരു ദിവസം അങ്ങോട്ടു പോയി. അങ്ങനെ വീടു നോക്കി പോകുമ്പോഴാണ് ആ ഗ്രാമത്തില്‍ പാര്‍ത്തിരുന്ന ഹെലനെക്കുറിച്ച് അദ്ദേഹം അറിയാനിടയായത്. വിചിത്ര സ്വഭാവമുള്ളവളായിരുന്നു ഹെലന്. നാട്ടുകാരുടെ അഭിപ്രായമനുസരിച്ചാണെങ്കില്‍ അവളല്‍പ്പം കിറുക്കിയായിരുന്നു.പ്രതിമകളും ശില്പങ്ങളും നിര്മ്മിക്കുന്നതിലൂടെയാണത്രെ അവള് ആ ഉന്മാദം പ്രകടിപ്പിച്ചത്. ഫൂഗാഡ് അവളുടെ വീട്ടില്‍ ചെന്നു. ഹെലന് നിര്‍മ്മിച്ച മെക്ക കാണുകയും ചെയ്തു. ഒറ്റയ്ക്കായിരുന്നു അവളുടെ താമസം. രണ്ടു വര്‍ഷം കഴിഞ്ഞ് ഫൂഗാഡ് ഒരു വീട് വാങ്ങിച്ചു. ഹെലന് ആത്മഹത്യ ചെയ്തു. ജീവിക്കേണ്ട രീതിക്കും ചിന്തിക്കേണ്ട മാര്‍ഗത്തിനും വിപരീതമായി ജീവിക്കുകയും ചിന്തിക്കുകയും ചെയ്ത ഹെലനോട് സമൂഹം ശത്രുത പുലര്‍ത്തിയെന്നു കണ്ട് എഴുത്തുകാരനായ ഫൂഗാഡ് തന്റേതായ രീതിയില്‍ പ്രതികരിച്ചു. ഹെലന്റെ അമ്പതാമത്തെ വയസിലാണ് അവളുടെ ഭര്‍ത്താവ് മരിച്ചത്. അതുവരെ അവളെക്കുറിച്ച് സവിശേഷമായ രീതിയില്‍ ഒന്നും പറയാനുണ്ടായിരുന്നില്ല. അതിനുശേഷമാണ് പ്രതിമാ നിര്‍മ്മാണത്തിലൂടെ അവളുടെ നൂതന ജീവിതം ആവിഷ്കൃതമായത്. “വ്യക്തിനിഷ്ഠമായ അഭിവീക്ഷണ”ത്തിന് അനുരൂപമായ പ്രതിമാ നിര്‍മ്മിതി. അസംഖ്യം പ്രതിമകള്‍ ഹെലന് ഉണ്ടാക്കി. പതിനേഴു വര്‍ഷം കഴിഞ്ഞപ്പോള്‍ അവള് ഉന്മാദത്തോടു ബന്ധപ്പെട്ട വിഷാദത്തിനു വിധേയയായി. ഒരു ദിവസം കാസ്റ്റിക്സോഡ കഴിച്ച് ഹെലന് ജീവിതമൊടുക്കി. ഹെലനു കേപ് ടൗണിലെ ഒരു ചെറുപ്പക്കാരി കൂട്ടുകാരിയായി ഉണ്ടായിരുന്നുവെന്നും ഫൂഗാഡ് അറിഞ്ഞിരുന്നു. ഒരു ദിവസം പ്രശസ്തയായ ഒരഭിനേത്രി ഫൂഗാഡിനോട് നിര്‍ദ്ദേശിച്ചു രണ്ട് സ്ത്രീ കഥാപാത്രങ്ങളെ ഒരു കഥാസന്ദര്‍ഭത്തില്‍ അടുത്തടുത്തായി കൊണ്ടു വരുന്ന നാടകമെഴുതണമെന്ന്. ഫൂഗാഡ് ഹെലനെയും കൂട്ടുകാരിയേയും കഥാപാത്രങ്ങളായി നാടകമെഴുതി അതാണ് “മെക്കയിലേക്കുള്ള പാത”. ഭാവനയുടെ രാസപ്രവര്‍ത്തനത്താല്‍ അസംസ്കൃത ലോഹത്തെ ഒരനവദ്യാഭരണമാക്കി മാറ്റിയിരിക്കുന്നു ഫൂഗാഡ്. ഈ നാടകത്തിന്റെ നിര്‍മ്മിതി കൊണ്ട് അദ്ദേഹം പടിഞ്ഞാറന്‍ നാടകകാരന്മാരായ യെനസ്കൊ, ഡൂറന്മറ്റ് ഇവരെ ബഹുദൂരം അതിശയിച്ചിരിക്കുന്നു.
നാടകത്തില്‍ യവനിക ഉയരുമ്പോള്‍ ന്യൂ ബെതസ്ഡ ഗ്രാമത്തിലെ കരുപ്രദേശത്തുള്ള ഒരു ഭവനവും അതില്‍ താമസിക്കുന്ന ഹെലനെയുമാണ് നമ്മള് കാണുന്നത്. എഴുപതിനോട് അടുത്ത പ്രായമുണ്ട് ദുര്‍ബലയായ ആ കൊച്ചു സ്ത്രീക്ക്. അവരുടെ വീട്ടിലെ ഭിത്തികളിലെങ്ങും കണ്ണാടികളാണ്. ഓരോ ഭിത്തിക്കും ഓരോ നിറം. തറയിലും മേല്‍ത്തട്ടിലും പല നിറമാര്‍ന്ന ജ്യാമിതിപാറ്റേണുകള്. വിവിധ വര്‍ണ്ണങ്ങളിലുള്ള മൊഴുകുതിരികളാണ് എവിടെയുമുള്ളത്. അവ കത്തിച്ചു കഴിയുമ്പോഴാണ് ആ ഭവനത്തിന്റെ മാത്രിക സ്വഭാവം വ്യക്തമാവുക.
കേന്ദ്രസ്ഥിതമായ ദര്‍ശനത്തിന് യോജിച്ച വിധത്തില്‍ നാടകം ആരംഭിക്കുന്നു. മോട്ടോര്‍ കാറില്‍ ദീര്‍ഘയാത്ര കഴിഞ്ഞുവന്ന എല്‍സ എന്ന ചെറുപ്പക്കാരി ഹെലനോടു ചോദിക്കുകയാണ്: “കാറ് മരവിച്ചു പോകത്തക്ക വിധത്തിലുള്ള തണുപ്പ് ഇല്ല, അല്ലേ?” ഹെലന്റെ മറുപടി: “ഇല്ല, ആ ആപത്ത് ഇല്ല, ഞങ്ങള്‍ക്കിതുവരെയും അതിശൈത്യം ആയിട്ടില്ല.” ഈ സംഭാഷണത്തിന്റെ പിറകിലുള്ള മറ്റൊരു ലോകം നാടകം പുരോഗമിക്കുന്തോറും വ്യക്തമായിക്കൊണ്ടിരിക്കും.
കേപ്പ് ടൗണില്‍ നിന്നു നൂറ്റുക്കണക്കിനു നാഴിക കാറോടിച്ച് എല്‍സ ഹെലന്റെ ഭവനത്തിലെത്തിയപ്പോള്‍ മുറ്റത്ത് അവരുടെ മെക്ക കണ്ടു. ഒട്ടകങ്ങളും പിരമിഡുകളും. മൂന്നു ജ്ഞാനികളല്ല അസംഖ്യം ജ്ഞാനികള്‍. മോട്ടോര്‍ കാറിന്റെ ഹെഡ്ലൈറ്റുകള് കണ്ണിന്റെ സ്ഥാനത്തു വച്ചുപിടിപ്പിച്ച മൂങ്ങകള്‍. യഥാര്‍ത്ഥങ്ങളായ മയിലുകളെക്കാള്‍ വര്‍ണ്ണ തീവ്രതയുള്ള മയിലുകള്‍. ബീയര്‍ക്കുപ്പി കൊണ്ടുണ്ടാക്കിയ മുസ്ലീം ദേവാലയത്തിനടുത്തു ഹെലന്. എന്തിനാണ് എല്‍സ അവരുടെ അടുത്തെത്തിയത്? “എല്ലാം അവസാനിക്കുന്നു. ഞാന്‍ ഇരുട്ടത്ത് തനിച്ചാണ്. വെളിച്ചമൊട്ടുമില്ല”. എന്നവസാനിക്കുന്ന കത്ത് ഹെലന് അവള്‍ക്കയച്ചു. എല്‍സ കാറില്‍ കയറി എണ്ണൂറു നാഴികസഞ്ചരിച്ച് അവിടെ എത്തിയിരിക്കുകയാണ്. ഹെലന് സ്വന്തം കാര്യം ഭംഗിയായി നോക്കിക്കൊണ്ടു പോകാന്‍ കഴിയുകയില്ലെന്നറിഞ്ഞ് മേരിയസ് എന്ന പുരോഹിതന് അവരെ പ്രായം കൂടിയവര്‍ക്കുള്ള ഒരാലയത്തില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിലേക്കുള്ള അപേക്ഷാ ഫോമില്‍ ഹെലനൊന്ന് ഒപ്പിടേണ്ടതേയുള്ളു. അതോടെ എല്ലാം ശുഭമായി പര്യവസാനിക്കുമെന്നാണ് പാതിരിയുടെ അഭിപ്രായം. മതം വ്യക്തിത്വത്തെ ഹനിക്കാന്‍ പോകുന്നു. ഇത് എല്‍സയ്ക്കു സഹിക്കാനാവുന്നില്ല. ഒരു കുഴപ്പവും കൂടാതെ ജീവിക്കുന്ന ഹെലനെ ഒന്നിനും കൊള്ളാത്ത വയസികളുടെ മധ്യത്തില്‍ കൊണ്ടിടാന്‍ പോകുകയാണ് മതം. അതുകൊണ്ട് ഉല്പതിഷ്ണുത്വം സ്വാഭാവികമായും പ്രതിഷേധിക്കുന്നു. പാതിരി വരുമ്പോള്‍ അയാള്‍ക്കു ചായയും ബിസ്ക്കറ്റും കൊടുക്കണം. കാലാവസ്ഥയുടെയും മദ്യത്തിന്റെയും ദൂഷ്യങ്ങളെക്കുറിച്ചു സംസാരിക്കണം. എന്നിട്ട് ഫോമെടുത്ത് “ഇല്ല, നിങ്ങള്‍ക്കു നന്ദി” എന്നു പറഞ്ഞു തിരിച്ചുകൊടുക്കണം. ഇതാണ് എല്സയുടെ നിര്‍ദ്ദേശം. മേരിയസ് എത്തി. ഹെലന് ശ്രദ്ധയില്ലതെ മെഴുകുതിരി കത്തിച്ചുവച്ചപ്പോള് ഡോര്കര്ട്ടനില് തീപിടിച്ചെന്നും അയല്ക്കാരന് കണ്ടതു കൊണ്ടു തീകെടുത്താന്‍ കഴിഞ്ഞെന്നും പാതിരി അറിയിച്ചപ്പോഴാണ് അവരുടെ വിരലുകളില്‍ കണ്ട പാടുകള്‍ എങ്ങനെയാണുണ്ടായതെന്ന് എല്‍സ മനസിലാക്കിയത്. പക്ഷേ ഇതിന്റെ പേരില്‍ ഹെലനെ അനിയത മാനസികനിലയുള്ളവളായി മുദ്ര കുത്താന്‍ എല്‍സ അനുവദിക്കില്ല. ഹെലനെ പാതിരി ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്ന് എല്‍സ ഉറക്കെ പറഞ്ഞു. അവര്‍ക്കു നിസഹായാവസ്ഥ ഉണ്ടെന്ന് അയാള്‍ വെറുതെ പറയുകയാണെന്നും എല്‍സ പ്രഖ്യാപിച്ചു. ആ സംഘട്ടനത്തില്‍ വിജയം വരിച്ചത് എല്‍സയാണ്. ഹെലന് വൃദ്ധാലയത്തില്‍ പോകേണ്ടതില്ലെന്നു തീരുമാനിക്കുന്നു. അവര്‍ മുറിയാകെ നോക്കിയിട്ട് അധികാരത്തിന്റെ സ്വരത്തില്‍ എല്സയോട് ആവശ്യപ്പെട്ടു. “മെഴുകുതിരികള്‍ കത്തിക്കു എല്‍സ. ആ കാണുന്നത് ആദ്യം”. മെഴുകുതിരികള്‍ കത്തിക്കപ്പെട്ടു. അവളുടെ മെക്കയിലും അന്തരംഗത്തിലും ബാഹ്യാന്തരീക്ഷത്തിലും പ്രകാശം. ഇനി കിഴക്കു ദിക്കിലുള്ള സാക്ഷാല്‍ മെക്കയില്‍ ചെന്നാല്‍ മതി. മേരിയസിന് ഹെലനോട് സ്നേഹമായിരുന്നുവെന്ന് എല്‍സ ചൂണ്ടിക്കാണിക്കുന്നു.ഹെലന് അയാളോടുള്ള മാനസികനിലയും അതുതന്നെ. പക്ഷേ വികാരങ്ങളെ ഒളിച്ചുവയ്ക്കാന്‍ ആഫ്രിക്കനറിന് അറിയാം. രണ്ടുപേരും അതു പ്രകാശിപ്പിച്ചില്ല എന്നാണ് എല്സയുടെ അഭിപ്രായം. മരവിപ്പിക്കത്തക്ക വിധത്തിലുള്ള തണുപ്പല്ല. ചെറിയ തണുപ്പ്. എല്സയുടെ ഊഷ്മള പ്രവര്‍ത്തനം ആ ശൈത്യമകറ്റുന്നു. സര്‍ഗാത്മക പ്രക്രിയയിലൂടെ വ്യക്തിതന്നെത്തന്നെ ആവിഷ്കരിക്കുമ്പോള്‍ ആ സ്വാതന്ത്ര്യത്തെ സമൂഹത്തിനും മതത്തിനും അംഗീകരിക്കാന്‍ വയ്യ. അവ രണ്ടും കല്ലെറിയും. യുവത്വം അല്ലെങ്കില്‍ ആന്തര ചൈതന്യം അതിനെ തടയും. എന്നാല്‍ ജീവിതം എപ്പോഴും ഇങ്ങനെ വിജയത്തിലെത്താറുണ്ടോ?
ഇല്ല. എല്‍സ കാറോടിച്ചുവരുമ്പോള്‍ ഒരു കുഞ്ഞിനെ മുതുകിലേറ്റി ഒരാഫ്രിക്കന്‍ യുവതി നടന്നു വരുന്നതു കണ്ടു. അവള് ആ പാവത്തിനെ കാറില്‍ കയറ്റി ഒരു വളവില്‍ കൊണ്ടുവന്നു വിട്ടു. തന്റെ കൈയില്‍ ഉണ്ടായിരുന്ന പണവും ഭക്ഷണവും എല്‍സ അവള്‍ക്കു നല്കി. പിന്നെയും എണ്പതു നാഴിക നടക്കണം അവള്‍ക്ക്. നടന്ന് അവള് ലക്ഷ്യസ്ഥാനത്തെത്തുമോ? അതോ വല്ല ഓടയിലും വീണു മരിക്കുമോ? അറിഞ്ഞുകൂടാ. ഇതാണ് ജീവിതം. ആരുമറിയാതെ ജനനം, ആരുമറിയാതെ മരണം. ആ പാവപ്പെട്ട യുവതി ദക്ഷിണാഫ്രിക്കയുടെ ആത്മാവാണ്. നാടകം വായിച്ചു തീര്‍ത്താലും കുഞ്ഞിനെ മുതുകിലേറ്റി നിശബ്ദയായി നടക്കുന്ന ആ ചെറുപ്പക്കാരിയുടെ ചിത്രം നമ്മെ ഹോണ്ട് ചെയ്തുകൊണ്ടിരിക്കും. ഹെലന്റെ മെക്കയും സാക്ഷാല്‍ മെക്കയും നമ്മെ അനുധാവനം ചെയ്യുന്നതുപോലെ.
“ആഫ്രിക്കന്‍ അനുഭവ”ത്തെ ഇതിനെക്കാള്‍ ചേതോഹരമായി ആവിഷ്കരിച്ചിട്ടുള്ള വേറൊരു നാടകത്തെക്കുറിച്ച് എനിക്കറിവില്ല. “കരു (പ്രദേശത്തെ) അവസാനിക്കാത്ത വരള്‍ച്ചയെ മുള്ളുകളുള്ള മരങ്ങള്‍ പ്രതിഷേധിക്കുന്നില്ല. അവ വളരാന്‍ ശ്രമിക്കുന്നതേയുള്ളു” എന്നു ഫൂഗാഡ് പറഞ്ഞിട്ടുണ്ട്. രാഷ്ട്രത്തിന്റെ വരള്‍ച്ച സമൂഹത്തിന്റെ വരൾച്ച, വ്യക്തിയുടെ വരൾച്ച ഇവയുണ്ടെങ്കിലും മുള്ളുകള്‍ വളര്‍ന്നുകൊണ്ടിരിക്കും. വരള്‍ച്ചയുടെ സ്തോതാക്കള്‍ ആ വളര്‍ന്ന മുള്ളുകള്‍ കണ്ടു പേടിക്കും.
ജീവിതത്തില്‍ അന്ധകാരമേയുള്ളോ? എണ്പതു നാഴിക നടക്കേണ്ട യുവതിക്കു മുന്പില് കൂരിരുട്ടാവാം ഉള്ളത്. എങ്കിലും മെക്കയെ സാക്ഷാത്കരിക്കൂ. ദീപങ്ങള്‍ കത്തിച്ച് ഇരുട്ടകറ്റൂ. അന്നു വ്യക്തിയുടെ അന്തരംഗം പ്രകാസിക്കും. ആഫ്രിക്ക — ഇരുണ്ട രാജ്യം — തേജോമയമാകും. ഫൂഗാഡിന്റെ ഈ നാടകം വായിക്കുന്നത് അന്യാദൃശമായ ഒരനുഭവമാണ്. ഒരു നിരൂപകന് പ്രഖ്യാപിച്ചു. “നാടകത്തിന്റെ (അതിദീപ്തിയാല്) കണ്ണഞ്ചിപ്പോയിരിക്കുന്നു എനിക്ക്. ആഴത്തില്‍ ഞാന്‍ ചലനം കൊണ്ടിരിക്കുന്നു.”
|
|
|