close
Sayahna Sayahna
Search

പാച്ചിയമ്മയ്ക്കു കുഞ്ഞ്


പാച്ചിയമ്മയ്ക്കു കുഞ്ഞ്
Mkn-08.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വിശ്വസുന്ദരി; വൃദ്ധരതി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഇംപ്രിന്റ്
വര്‍ഷം
1996
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 76 (ആദ്യ പതിപ്പ്)

Externallinkicon.gif വിശ്വസുന്ദരി; വൃദ്ധരതി

പണ്ടത്തെ മലയാളം ഒന്‍പതാം ക്ലാസ് പരീക്ഷയില്‍ ജയിച്ചാലും തോറ്റാലും അച്ചടിഭാഷയിലേ സംസാരിക്കാനാവൂ. വാമൊഴിയുടെ കാര്യമതാണെങ്കില്‍ വരമൊഴിയുടെ കാര്യം എന്തുപറയാനാണ്. ഞാന്‍ ഒന്‍പതാംക്ലാസ് പരീക്ഷയ്ക്കു കൂടിയവനല്ലെങ്കിലും അക്കൂട്ടരുടെ ഭാഷയില്‍ ചിലപ്പോള്‍ സംസാരിക്കും. എഴുതുകയും ചെയ്യും. ഇപ്പോള്‍ ഒരു വാക്യം എഴുതട്ടെ. ‘ഒരു സായാഹ്നത്തില്‍ ഞാന്‍ ചിന്താഭാരക്ലാന്തതയാല്‍ ക്ഷുണ്ണഹൃദയനായി ഭവനത്തിന്റെ ദ്വാരപ്രക്ഷോഠത്തില്‍(വരാന്തയിലെന്നര്‍ത്ഥം) ആസനസ്ഥനായി.’ പൊടുന്നനെ അകത്തെ മുറിയില്‍നിന്ന് ഒരു ദീനരോദനം. ‘ഭവാനിഅമ്മാ ഇതാ ഇവിടെ മുഴയ്ക്കുന്നു. അവിടെയും. എനിക്കു ഭാഗ്യം വന്നോ ഭവാനിഅമ്മാ? പറയിന്‍. ‘ആകാംക്ഷഭരിതമായ ഈ ചോദ്യങ്ങളും പരിദേവനങ്ങളും ഋതുസ്രാവം നിലയ്ക്കാറായ പാച്ചിയമ്മയില്‍ നിന്നാണ് ഉയര്‍ന്നത്. ഭവാനിഅമ്മയുടെ ആഹ്ലാദനിര്‍ഭരങ്ങളായ സാന്ത്വനവചനങ്ങളും ഞാന്‍ കേട്ടു; സൂക്ഷിക്കണം പാച്ചിഅമ്മാ. ആദ്യത്തെ കുഞ്ഞല്ലേ, നമുക്കു ഡോക്ടറെ കാണുകയും വേണം.’

പാച്ചിഅമ്മയുടെ ഈ നിര്‍ഘോഷങ്ങളും വിലാപങ്ങളും കേട്ട് അവരുടെ ഭര്‍ത്താവായ ഗുസ്തിക്കാരന്‍ അകത്തേയ്ക്കു പ്രവേശിച്ചു. അയാളുടെ സഹോദരിയായ ഭവാനിഅമ്മ മൊഴിയാടി: “ചേട്ടാ, ഇതു ഗര്‍ഭമാണ്. അനങ്ങാതെ സൂക്ഷിച്ചിരിക്കണം പാച്ചിയമ്മ. നമ്മുടെ പ്രാര്‍ത്ഥന ഫലിച്ചു ചേട്ടാ. ഇന്നുതന്നെ ഗണപതികോവിലില്‍ നൂറ്റൊന്നു തേങ്ങ അടിക്കണം സുഖപ്രസവത്തിന്,’ ഗുസ്തിക്കാരന്‍ മാംസപേശികളുടെ വികസനംകൊണ്ട് ഊരുക്കള്‍ കൂട്ടിമുട്ടുന്നതിനാല്‍ കാലുകള്‍ കവച്ചുവച്ചാണു നില. ബൈസപ്സ് മസിലുകളുടെ പുറത്തു കൂടെ പാഞ്ഞ കറുത്ത ചരടില്‍ സ്വര്‍ണ്ണക്കൂടിലടച്ച രക്ഷാമന്ത്രം,

കഴുത്തില്‍ സ്വര്‍ണ്ണച്ചെയിനില്‍ ഹനൂമാന്റെ രൂപമുള്ള ലോക്കറ്റ്. കണ്ണുകളില്‍ സുറുമ. ഗുസ്തിസമയത്ത് എതിരാളി തലമുടിയില്‍ കേറിയങ്ങു പിടിക്കരുതല്ലോ എന്നു വിചാരിച്ച് ഏതാണ്ടു മുണ്ഡനംച്ചെയ്ത ശിരസ്സ്. അച്ഛനാകാന്‍പോകുന്ന സന്തോഷത്തോടെ അയാളങ്ങനെ നിന്നു ഭാര്യയെയും സഹോദരിയെയും മാറിമാറി നോക്കി. ‘അമ്മിണീ(സഹോദരിയെ അയാള്‍ അങ്ങനെയാണു വിളിക്കുന്നത്)തേങ്ങയടിക്കാനുള്ള ഏര്‍പ്പാടെല്ലം നീ തന്നെ ചെയ്യു്. രൂപ ഞാന്‍ തരാം.’ എന്നു പറഞ്ഞു പുറം തിരിഞ്ഞ് ഒരു കാല് കന്യാകുമാരിയിലും മറ്റേകാല് ഗോകര്‍ണ്ണത്തും വച്ചു മെല്ലെ നടന്നുപോയി.

എനിക്കു പല ഗുസ്തിക്കാരന്മാരെയും അറിയാം. സാധാരണയായി അവര്‍ ശുദ്ധാത്മാക്കളാണ്. പക്ഷേ, ഈ ഗുസ്തിക്കാരന്‍ അശുദ്ധാത്മാവാണ് എന്നു മാത്രം പറഞ്ഞാല്‍പ്പോരാ. ക്രൂരനായിരുന്നു അയാള്‍. പാച്ചിഅമ്മ അയാളുടെ രണ്ടാമത്തെ ഭാര്യയാണ്. ആദ്യത്തെ ഭാര്യ ലക്ഷ്മിക്കുട്ടീക്കു ഗര്‍ഭം നാലുമാസമായപ്പോള്‍ അയാള്‍ പഞ്ചാബുകാരനായ പരീത്ഖാനു ‘കൈ കൊടുത്തിരുന്നു.’ കുറെക്കാലത്തിനുശേഷം കൊല്ലത്തുവച്ചു ഗുസ്തിമത്സരം നടക്കും. ഗോദായില്‍ കയറിയാല്‍ പരീത്ഖാന്‍ കാലുമടക്കി പ്രതിയോഗിയെ കാല്‍മുട്ടിനു മുകളിലടിക്കും. അപ്പോള്‍തന്നെ പ്രതിയോഗി വീഴുകയും ചെയ്യും. പരീത്ഖാന്റെ ഈ ശക്തിവിശേഷത്തെ അറിഞ്ഞിരുന്ന നമ്മുടെ ഗുസ്തിക്കാരന് ഉള്ളില്‍ പേടിയുണ്ടായിരുന്നു. ഒരു രാത്രി ലക്ഷ്മിക്കുട്ടിയുമായി സഹശയനം നടത്തുമ്പോള്‍ അയാള്‍ അകത്തു കിടക്കുന്നതു പരീത്ഖാനാണെന്നു വിചാരിച്ച് അവരുടെ വീര്‍ത്ത വയറില്‍ ഒറ്റപ്പിടി ‘എടാ ഖാനേ’ എന്നു വിളിച്ചുകൊണ്ട്. ലക്ഷ്മിക്കുട്ടിയുടെ ഗര്‍ഭം കലങ്ങി. രക്തസ്രാവം ആരംഭിച്ചു. കാലത്ത് ആശുപത്രിയില്‍ അവരെ എത്തിച്ചെങ്കിലും പാച്ചിഅമ്മയെ രണ്ടാമത്തെ ഭാര്യയാക്കിക്കൊള്ളാന്‍ ഭര്‍ത്താവിനു സൗകര്യം നല്‍കിക്കൊണ്ട് അവര്‍ പരലോകത്തേക്കു ഗമിച്ചു. ഈ ഗുസ്തിക്കാരനെ കാണുമ്പോഴൊക്കെ ഞാന്‍ ചോസര്‍ എന്ന കവി നീറോയെ വര്‍ണ്ണിച്ചത് ഓര്‍മ്മിക്കും. വെറും നേരമ്പോക്കിനുവേണ്ടി അയാള്‍ റോം നഗരം കത്തിച്ചു. സെനറ്റംഗങ്ങളെ കൊന്നു; അവര്‍ എങ്ങനെ നിലവിളിക്കും എന്നറിയാന്‍വേണ്ടി. സഹോദരനെ കൊന്നു. സഹോദരിയോടൊരുമിച്ചു കിടന്നു. അമ്മയോടു പെരുമാറിയത് എങ്ങനെയെന്ന് എഴുതാന്‍വയ്യ. ഏതൊരു ഗര്‍ഭാശയത്തിലാണോ താന്‍ കിടന്നത് അതുകാണാന്‍വേണ്ടി അയാള്‍ അവരുടെ വയറു കീറി നോക്കി. ഗുസ്തിക്കാരന്‍ ഏതാണ്ടൊരു നീറോ ആയിരുന്നു.

പാച്ചിഅമ്മയുടെ ഉദരം വീര്‍ത്തുവന്നു. ആര്‍ത്തവം നേരത്തേതന്നെ നിന്നിരുന്നു. വക്ഷോജങ്ങള്‍ സ്ഥൂലങ്ങളായി. കാലത്തു പതിവായി അവര്‍ ഛര്‍ദ്ദിച്ചു. വാളന്‍പുളി തൊടാത്ത അവര്‍ക്കു ദിവസവും അതു തിന്നണമെന്നായി. അവരുടെ ആലസ്യവും ശക്തിക്ഷയവും വര്‍ദ്ധിച്ചുവന്നതോടെ ഗുസ്തിക്കാരന്റെ ആഹ്ലാദവും ഉത്സാഹവും കൂടിക്കൂടി വന്നു. ഒരു ദിവസം ഗര്‍ഭക്ഷീണത്താല്‍ മലര്‍ന്നുകിടന്ന ഭാര്യയുടെ അടുത്തിരുന്നുകൊണ്ട് അയാള്‍ സഹോദരിയോടു ചോദിച്ചു.: ‘എടീ അമ്മിണി ഇവള്‍ പ്രസവിക്കുന്നതു് ആണോ പെണ്ണോ?

സഹോദരി
‘സംശയമെന്തുചേട്ടാ. ആണ്.’ തന്റെ ഗുസ്തി മുറകള്‍ പഠിപ്പിച്ചു കൊടുക്കാന്‍ ഒരു സന്താനമുണ്ടാകുന്നല്ലോ എന്നു വിചാരിച്ച് അയാള്‍ എഴുന്നേറ്റിനിന്നു മപ്പടിച്ചു. മപ്പടിയില്‍ അയാള്‍ ഒതുങ്ങിനിന്നതു ഭാഗ്യം. ഇല്ലെങ്കില്‍ ലക്ഷ്മിക്കുട്ടിയുടെ ഗതി പാച്ചിഅമ്മയ്ക്കും വരുമായിരുന്നു.

ഗുസ്തിക്കാര്‍ക്കു മൂച്ചുടയ്ക്കുക്കുക എന്നൊരു ഏര്‍പ്പാടുണ്ട്. കാലത്തു ലങ്കോട്ടി മാത്രം കെട്ടിക്കൊണ്ടു ഗോദയിലിറങ്ങി വേറൊരു ഗുസ്തിക്കാരനുമായി ഗുസ്തി പിടിക്കും. അതാണു മൂച്ചുടയ്ക്കല്‍. പ്രതിയോഗി ഇല്ലാത്തതുകൊണ്ടു പാച്ചിയമ്മതന്നെ ലങ്കോട്ടി മാത്രം കെട്ടിക്കൊണ്ടു ഗോദയിലിറങ്ങി ഭര്‍ത്താവുമായി ഗുസ്തിപിടിച്ച് അയാളുടെ മൂച്ചുടച്ചുകൊടുക്കും. അവരുടെ ആ മത്സരം ഞാന്‍ ഒളിഞ്ഞുനിന്നു നോക്കിയിട്ടുണ്ട് പല ദിവസങ്ങളില്‍ . ഒരു ദിവസം പാച്ചിയമ്മ ഗോദയിലെത്തിയില്ല. അന്നാണ് അവര്‍ അതിദീനം വിലപിച്ചു കൊണ്ടു ‘ഭവാനിയമ്മാ ഓടിവരണേ’ എന്നു വിളിച്ചതും ഗര്‍ഭസ്ഥ ശിശു വയറ്റില്‍ അങ്ങിങ്ങായി മുഴകളുണ്ടാക്കിക്കൊണ്ട് അവരെ ആ വിലാപത്തിനിടയില്‍ ആഹ്ലാദാനുഭൂതിയില്‍ വിലയം കൊള്ളിച്ചതും.

പ്രസവിക്കുന്നത് ആണാണെങ്കില്‍ അതിനിടാനുള്ള ഉടുപ്പുകള്‍ , അതിനെ കിടത്താനുള്ള റബര്‍ ഷീറ്റുകള്‍ ഇവയൊക്കെ ഗുസ്തിക്കാരന്‍ നേരത്തെതന്നെ വാങ്ങിച്ചുവച്ചു. ഒരു മരത്തൊട്ടില്‍ വാങ്ങി. പട്ടുമെത്തയും വേണ്ടിവന്നാല്‍ ഉപയോഗിക്കാന്‍ കൊച്ച് ഉരുളന്‍ തലയിണകളും ഉണ്ടാക്കി. നാലു ചങ്ങലകള്‍കൊണ്ടു മരത്തൊട്ടില്‍ തൂക്കിയിട്ടു. കുഞ്ഞിനു കണ്ടുരസിക്കാന്‍ ചില കളിക്കോപ്പുകള്‍ തൊട്ടിലിന്റെ മുകളില്‍ നിന്നു കെട്ടിത്തൂക്കി. ഭര്‍ത്താവിന്റെ ഈ തയ്യാറെടുപ്പുകള്‍ കണ്ടു ഭാര്യ എന്തെന്നില്ലാതെ ആഹ്ലാദിച്ചു. സഹോദരന്റെ ഭാര്യയും വെറുതെയിരുന്നില്ല. ജനിക്കുന്നതു പെണ്ണാണെങ്കില്‍ അതിനിടാന്‍വേണ്ടി കൊച്ചുടുപ്പുകളും കൊച്ചുഫ്രാക്കുകളും അവര്‍തന്നെ തയ്ച്ചെടുത്തു. കളിപ്പാട്ടങ്ങള്‍ വാങ്ങി വച്ചു. പാച്ചിയമ്മ എഴുന്നേല്‍ക്കുമ്പോള്‍ ഭവാനിഅമ്മ താങ്ങും. അവര്‍ തിരിച്ചു കിടക്കാന്‍ കട്ടിലിനരികെ ചെല്ലുമ്പോഴും ഭവാനിയമ്മ താങ്ങിക്കിടത്തും. ഛര്‍ദ്ദിക്കല്‍ കൂടി. വ്യാക്ക് വര്‍ദ്ധിച്ചു. അവ കൂടുന്നതോടൊപ്പം പാച്ചിഅമ്മയുടെ ഉദരപരിമിതിയും കൂടി. ലഘുത്വമാര്‍ന്ന ഒരു നിമിഷത്തില്‍ ഗുസ്തിക്കാരന്‍ ഭാര്യയോടു ചോദിച്ചു:

‘എടീ പാച്ചീ, കുഞ്ഞ് ആണാണെങ്കില്‍ എന്തു പേരിടണം?’

പാച്ചി
‘എന്റെ അച്ഛന്റെ പേര്.’
ഗുസ്തിക്കാരന്‍
‘നിന്റെ അച്ഛന്റെ പേരെന്ത്?’

അവര്‍ പേരു പറഞ്ഞു.

ഗുസ്തിക്കാരന്‍
‘കുഞ്ഞു പെണ്ണാണെങ്കിലോ?’
പാച്ചി
&lsuo;എന്റെ അമ്മയുടെ പേര്.?’

ഗുസ്തിക്കാരന് അതത്ര പിടിച്ചില്ല.

അയാള്‍
‘ എടീ, ആണാണെങ്കില്‍ എന്റെ അച്ഛന്റെ പേര് പെണ്ണാണെങ്കില്‍ എന്റെ അമ്മയുടെ പേര്.’

ഭവാനി അമ്മയും അതു ശരിവച്ചു.

കാലം കഴിഞ്ഞു. പ്രസവത്തിനു വേണ്ട 280 ദിവസം കടന്നുപോയിട്ടു ദിവസങ്ങളേറെയായി. പത്തുമാസം കഴിഞ്ഞു. പതിനൊന്നാമത്തെ മാസമായി. അപ്പോഴും വയറു വീര്‍ത്തു വീര്‍ത്തു വന്നു. ഞരമ്പുകള്‍ തെളിഞ്ഞുവന്നു. ഛര്‍ദ്ദിക്കല്‍ കുറഞ്ഞെങ്കിലും പാച്ചി അമ്മ ആഹാരം വെറുത്തു. പാലും ഓറഞ്ച് ജൂസും മാത്രമേ അവര്‍ കഴിച്ചുള്ളൂ. ‘കുഞ്ഞിനെ പട്ടിണിയിടരുതേ പാച്ചിഅമ്മാ’ എന്നു ഭവാനിഅമ്മ കൂടെക്കൂടെ പറയുമായിരുന്നു. അതുകേട്ട ഭാവമില്ലായിരുന്നു ഗര്‍ഭിണിക്ക്. പതിനൊന്നു മാസം കഴിഞ്ഞിട്ടും നവജാതശിശു മന്ദസ്മേരാര്‍ദ്രമായ മുഖം തനിക്കു തരുന്നില്ലല്ലോ എന്നു വിചാരിച്ചു ഗുസ്തിക്കാരന്‍ ഗര്‍ഭിണിയെ ഡോക്ടറുടെ അടുത്തേക്കു കൊണ്ടുപോയി. ലേഡി ഡോക്ടറെ മാത്രമേ തന്റെ ശരീരം കാണിക്കു എന്നു പാച്ചിഅമ്മ ദുശ്ശാഠ്യം പിടിച്ചിട്ടും വിദഗ്ദ്ധനായ ഒരു പുരുഷഡോക്ടറെക്കൊണ്ടു തന്നെ ഗുസ്തിക്കാരന്‍ പരിശോധിപ്പിച്ചു.

പരിശോധന കഴിഞ്ഞു ഡോക്ടര്‍ കൈകഴുകിത്തുടച്ചിട്ടു ഗുസ്തിക്കാരനെയും അയാളുടെ സഹോദരിയെയും വിളിച്ചു പാച്ചിഅമ്മ കേള്‍ക്കാതെ പറഞ്ഞു: ‘ഇതു ഗര്‍ഭമല്ല, വ്യാജഗര്‍ഭമാണ്. ഞങ്ങള്‍ pseudo pregnancy എന്നും pseudocyesis എന്നും വിളിക്കും. അബ്ഡോമിനല്‍ ഏരിയയില്‍ ഫാറ്റ് വന്നടിഞ്ഞാല്‍ വയറു ഗര്‍ഭമുണ്ടായതുപോലെ വീര്‍ക്കും. കുഞ്ഞു മുഴയ്ക്കുന്നു എന്ന തോന്നലുണ്ടാക്കുന്ന്നത് അബ്ഡോമിനല്‍ മാംസപേശികളുടെ സങ്കോചത്താലാണ്. ഞാന്‍ അവരുടെ ഗര്‍ഭാശയത്തില്‍ നോക്കി. അതിനകത്ത് ഒന്നുമില്ല.’

പരീത്ഖാന്റെ അടിയേറ്റതുപോലെ ഗുസ്തിക്കാരന്‍ താഴെവീണു. ഭവാനിഅമ്മ നിലവിളിച്ചുകൊണ്ടു താഴെയിരുന്നു. ‘ചേട്ടാ ചേട്ടാ’ എന്നുവിളിച്ചു.

കാലം പിന്നെയും കഴിഞ്ഞു. കഥകളില്ലാത്ത മാസം ഏറെ കടന്നുപോയി. പരീത്ഖാന്‍ ഗുസ്തിക്കാരനെ കൊല്ലത്തു വച്ചു തോല്പിച്ചു. അയാളുടെ തുടയില്‍ കാലുമടക്കി ഒരടി. ഗുസ്തിക്കാരന്‍ താഴെവീണു. ‘ഞാന്‍ തോറ്റിരിക്കുന്നു’ എന്ന് ഉറക്കെപ്പറഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പാച്ചിഅമ്മ അന്ധയായി. ഒരു ദിവസം അവര്‍ രക്തം ഛര്‍ദ്ദിച്ചു. രക്തധമനി പൊട്ടിപ്പോയിയെന്നണു ഡോക്ടര്‍ പറഞ്ഞത്.

മരിക്കുന്നതിനു മുന്‍പു ഭവാനിഅമ്മയെ അടുത്തുവിളിച്ച് അര്‍ദ്ധബോധാവസ്ഥയില്‍ അവര്‍ പറഞ്ഞുവത്രേ: ‘ഭവാനി അമ്മേ കുഞ്ഞുവന്നു വയറ്റില്‍ മുഴയ്ക്കുന്നു. ഞാന്‍ ഭാഗ്യവതി തന്നെ അല്ലേ?’

ഇതിനുശേഷം അവര്‍ അന്ത്യശ്വാസം വലിച്ചു. പാച്ചിഅമ്മയെ അടുത്തറിഞ്ഞവര്‍ക്ക് ഒരു സങ്കടവുമുണ്ടായില്ല. അവരത്രയ്ക്കു ക്രൂരയായിരുന്നല്ലോ.

അടിക്കുറിപ്പ്: ഇക്കഥയിലെ കഥാപാത്രങ്ങള്‍ക്കു ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ ഒരു സാദൃശ്യവുമില്ല. സാദൃശ്യമുണ്ടെങ്കില്‍ അതു കരുതിക്കൂട്ടി വരുത്തിയതാണു കഥാകാരന്‍.