പ്രകാശത്തിന്...
പ്രകാശത്തിന്... | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | പ്രകാശത്തിന് ഒരു സ്തുതിഗീതം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര് | പ്രഭാത് |
വര്‍ഷം |
1987 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 118 (ആദ്യ പതിപ്പ്) |
തിരക്കുള്ള പട്ടണത്തില്‍ മരണം എന്നെ മറികടന്ന് എത്തിയിട്ടുണ്ട്. ആളുകളുടെ നടുക്കുവെച്ച്, ഒരു കാരണവും കൂടാതെ. പക്ഷേ പലപ്പോഴും മതിയായ കാരണങ്ങളും കാണും. ഉദാഹരണത്തിന് ബഞ്ചിലിരിക്കുന്ന ആള് പെട്ടെന്നു മരിക്കുന്നു, മറ്റുള്ളവര്‍ ചുറ്റും നിന്ന് അയാളെ നോക്കുന്നു, അയാളാകട്ടെ പേടിക്കു ചെല്ലാവുന്നതിനപ്പുറത്തു ചെന്നിരിക്കുന്നു. അപ്പോള്‍ എനിക്ക് അയാളുടെ പേടി ഉണ്ടാകുന്നു. അല്ലെങ്കില്‍ നേപള്സില് അക്കാലത്ത് ട്രാമില്‍ എനിക്കു നേരേയിരുന്ന പെണ്‍കുട്ടി മരിച്ചു. ആദ്യം തോന്നിയത് അവള്‍ക്കു ബോധക്കേടു മാത്രമുണ്ടായി എന്നാണ്; കുറച്ചു നേരത്തേക്കു ഞങ്ങള്‍ സഞ്ചരിക്കുകയും ചെയ്തു. പക്ഷേ യാത്ര നിറുത്തിയേ തീരൂ എന്നു പെട്ടെന്നു ഞങ്ങള്‍ക്കു തോന്നി. ഞങ്ങള്‍ക്കു പിറകില്‍ വാഹനങ്ങള്‍ നിന്നു. അവയെല്ലാം ഒരുമിച്ചുകൂടി; ഇനി ആ വഴിക്കു ഗതാഗതം ഉണ്ടാവുകയില്ല എന്ന മട്ടില്‍. വണ്ണം കൂടിയ, വിളറിയ ആ പെണ്‍കുട്ടി തൊട്ടടുത്തിരുന്ന ആളിലേക്കു ചാരി ശാന്തതയോടെ മരിച്ചേനേ. എന്നാല്‍ അവളുടെ അമ്മ അതു സമ്മതിക്കില്ല. സാദ്ധ്യമായ എല്ലാ പ്രയാസങ്ങളും അവര്‍ കണ്ടുപിടിച്ചു. വസ്ത്രങ്ങള്‍ അലങ്കോലമാക്കി അവരെന്തോ അവളുടെ വായിലേക്ക് ഒഴിച്ചു. അതവിടെ നില്‍ക്കില്ല. ആരോ കൊണ്ടുവന്ന ദ്രാവകം അവര്‍ അവളുടെ നെറ്റിയില്‍ തേച്ചു തിരുമ്മി. അപ്പോള്‍ അവളുടെ കണ്ണുകള്‍ അല്പം പിറകോട്ടു മറിഞ്ഞപ്പോള്‍ നേരെയുള്ള നോട്ടമുണ്ടാകുന്നതിനു വേണ്ടി അവര്‍ അവളെ പിടിച്ചു കുലുക്കാന്‍ തുടങ്ങി. ഒന്നും കേള്‍ക്കാത്ത ആ കണ്ണുകളില്‍ അവര്‍ ആക്രോശിച്ചു. പെണ്‍കുട്ടിയുടെ ശരീരം മുഴുവന്‍ ഉലച്ചു; പാവയെ എന്ന പോലെ അവര്‍ അവളെ അങ്ങോട്ടുമിങ്ങോട്ടും വലിച്ചു. ഒടുവില്‍ അവര്‍ കൈയുയര്‍ത്തി ശക്തിയാകെ സംഭരിച്ച് അവളുടെ വീര്‍ത്ത കവിളില്‍ അടിച്ചു; അവള് മരിക്കാതിരിക്കാന്‍ വേണ്ടി. അപ്പോള്‍ ഞാന്‍ പേടിച്ചു.
ആസ്റ്റ്രിയന്‍ കവി റൈനര്‍ മരീയാറില്ക്ക (Rainer Maria Rilke 1875–1926) എഴുതിയ The Notebook of Maria Laurids Brigge എന്ന ഉജ്ജ്വലമായ നോവലിലെ ഒരു ഭാഗമാണ് മുകളില്‍ തര്‍ജ്ജമ ചെയ്തു നല്‍കിയിട്ടുള്ളത്. (സര് സ്റ്റീഫന്‍ സ്പെന്‍സര്‍ അവതാരിക എഴുതിയതും ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസാധനം ചെയ്തതുമായ ഇംഗ്ലീഷ് തര്‍ജ്ജമയുടെ 154, 155 പുറങ്ങള്‍ നോക്കുക). മരണത്തിന്റെ അനിവാര്യതയെയും യാദൃച്ഛികത്വത്തെയും അത്യുജ്ജ്വലമായി പ്രതിപാദിക്കുന്ന ഒരു മാസ്റ്റര്‍പീസാണ് റില്ക്കയുടെ നോവല്‍. മരണം ജനിപ്പിക്കുന്ന വിഷാദത്തിനും അപ്പുറത്ത് ചെന്നു നില്ക്കുന്നതുകൊണ്ട് ഇത് മരണത്തെക്കാള്‍ ശക്തമാണ്. മരണത്തെ സംബന്ധിച്ച “ആത്മതത്ത്വവിദ്യ” കൈകാര്യം ചെയ്തിരിക്കുന്നതിനാല്‍ ഇതു ചിന്തോദ്ദീപകമാണ്. മരണത്തോട് അടുത്തുകൊണ്ടിരിക്കുന്ന ഞാന്‍ ഇതു വായിച്ചു ധീരനായി മാറിയിരിക്കുന്നു ഹെര്‍മാന്‍ ബ്രോഹിന്റെ The Death of Virgil എന്ന നോവല്‍ വായിച്ച് മരണാനന്തരാനുഭൂതികള് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. റ്റോമാസ് മാനിന്റെ ‘മാജിക് മൗണ്ടന്‍’ എന്ന നോവല്‍ വായിച്ച് മരണത്തിന്റെ ശക്തിവിശേഷം ഗ്രഹിച്ചിട്ടുണ്ട്. ആസ്റ്റ്രിയന്‍ നാടകകാരനും കവിയുമായ ഹൂഗോ ഫന് ഹൊഫ്മാന്സ്റ്റാല് എഴുതിയ The Death and the Fool എന്ന കാവ്യനാടകം വായിച്ച് മരണം ഗ്രഹിക്കുന്ന ജീവിതത്തിന്റെ മഹനീയത ദര്ശിച്ചിട്ടുണ്ട് ബ്രോഹിന്റെ നോവല്‍ റില്ക്കയുടെ നോവലിനെക്കാള്‍ ഉല്‍കൃഷ്ടമാണ്. എങ്കിലും റില്ക്കയുടെ കൃതിക്ക് അന്യാദൃശ സ്വഭാവമുണ്ട്. നോവല്‍ വായിച്ചു കഴിഞ്ഞതിനു ശേഷവും അതു നമ്മളെ വളരെക്കാലത്തേക്കു ഹോണ്ട് ചെയ്തു കൊണ്ടിരിക്കും.
മാല്‍റ്റ ഡെന്മാര്ക്കിലെ യുവാവായ കവിയാണ്. കുറച്ചുകാലം ‘ഫാമിലി എസ്റ്റേറ്റി’ല്‍ താമസിച്ചതിനുശേഷം അയാള്‍ ഡന്മാര്ക്കിന്റെ തലസ്ഥാനമായ കോപന്‍ ഹേഗനിലേക്കു മാറി. അവിടെ നിന്ന് അയാള്‍ വിദേശങ്ങളിലേക്കു പോയി. അച്ഛന്റെ മരണത്തിനു ശേഷം മാല്‍റ്റ ഡന്മാര്ക്കില് തിരിച്ചെത്തി ആത്മകഥാപരങ്ങളായ കുറിപ്പുകള്‍ എഴുതിത്തുടങ്ങി. ഈ കുറിപ്പുകളുടെ സമാഹാരമാണ് തേജോമയമെന്നും (majestic) അന്യാദൃശ്യമെന്നും (unique) ഉന്നതമെന്നും (eminent) നിരൂപകര്‍ വാഴ്ത്തുന്ന ഈ നോവല്‍. അതിന്റെ തുടക്കം നോക്കിയാലും.
സെപ്റ്റംബര്‍, 3 തൂല്യ “അപ്പോള്‍ ആളുകള്‍ ഇവിടെ വരുന്നതു ജീവിക്കാനോ? മരിക്കാനായി അവര്‍ ഇവിടെ എത്തുന്നുവെന്നാണു ഞാന്‍ വിചാരിക്കേണ്ടത്. ഞാന്‍ പുറത്ത് പോയിരിക്കുകയായിരുന്നു. ആശുപത്രികള്‍ കണ്ടു. ഒരു പാവം ഇടറി വീഴുന്നത് ഞാന്‍ കണ്ടു. ആളുകള്‍ ചുറ്റും കൂടി. അതുകൊണ്ട് ശേഷമുള്ളത് കാണേണ്ടി വന്നില്ല എനിക്ക്. ഞാനൊരു ഗര്‍ഭിണിയെ കണ്ടു. ചൂടാര്‍ന്ന പൊക്കം കൂടിയ മതിലിന്നടുത്തുകൂടി അവള് ഇഴഞ്ഞു നീങ്ങുന്നു. മതില് അവിടെത്തന്നെ ഉണ്ടെന്നു ഉറപ്പുവരുത്താനായി അവള് കൂടക്കൂടെ തപ്പിനോക്കുന്നു...”
ഇങ്ങനെ മരണത്തിനു സ്തുതിഗീതം പാടിക്കൊണ്ടാണ് നോവലിന്റെ സമാരംഭം. എത്ര നന്നായി മരിക്കാന്‍ കഴിയുമോ അത്രയും നമ്മള് മരിക്കുന്നു. നമുക്ക് ഏതു രോഗമാണോ ആ രോഗത്തിന്റെതായ മരണം നമുക്കു കിട്ടുന്നു. എല്ലാ രോഗങ്ങളെക്കുറിച്ചും നമുക്കറിവുണ്ട്. അതിനാല്‍ മാരകങ്ങളായ അന്ത്യങ്ങള്‍ രോഗങ്ങളുടേതാണ്, ആളുകളുടേതല്ല. രോഗിക്കു മരണവുമായി ഒരു ബന്ധവുമില്ല.
കുറിപ്പുകള്‍ എഴുതുന്ന സന്ദര്‍ഭത്തില്‍ മാല്റായ്ക്ക് ആരുമില്ലാ ബന്ധുക്കളായി. അയാള്‍, താന്‍ ശിശുവായിരുന്ന കാലം ഓര്‍മ്മിച്ചു. കനി ബീജത്തെ ഉള്ളില്‍ വഹിക്കുന്നതുപോലെ കുഞ്ഞുങ്ങള്‍ മരണത്തെ ഉള്ളില്‍ വച്ചുകൊണ്ടു നടക്കുകയാണ്. അവരുടെ അന്തരംഗത്തില്‍ ചെറിയ മരണം. പ്രായം കൂടിയവരുടെ അന്തരംഗത്തില്‍ വലിയ മരണം. അത്രേയുള്ളു വ്യത്യാസം. സ്ത്രീകള്‍ക്കു ഗര്ഭാശയത്തിലിരിക്കുന്നു മരണം. പുരുഷന്മാര്ക്കു നെഞ്ചിനകത്തും. റില്ക്കയ്ക്കു മരണത്തെ സംബന്ധിച്ച് ഈ രീതിയില്‍ ഒബ്സഷന്‍ വരാന്‍ കാരണമെന്ത്? ഒബ്സഷന്‍ — ഒഴിയാബാധ — കലയായിത്തീരുമോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ നോവലിലേക്കുതന്നെ നമുക്കു പോകേണ്ടിയിരിക്കുന്നു. കുറിപ്പുകളില്‍ ഒന്ന് എഴുത്തിന്റെ രൂപത്തിലാണ്. അതിലൊരിടത്ത് ഇങ്ങനെ: “ബോദലേറുടെ അവിശ്വാസനീയമായ കവിത — ‘പൂതിമാംസം’ — നിനക്കോര്‍മ്മയുണ്ടോ? ഒരു പക്ഷേ, ഞാനത് ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടാവും. ഒടുവിലത്തെ പദ്യമൊഴിച്ച് അദ്ദേഹം അധികാര പരിധിക്കുള്ളിലായിരുന്നു. അങ്ങനെയൊരു അനുഭവത്തിന് ശേഷം അദ്ദേഹത്തിനു വേറെന്തു ചെയ്യാന്‍ കഴിയുമായിരുന്നു? കാഴ്ചയ്ക്കു മാത്രം ജുഗുപ്സാവഹമായ ആ ഭയജനകങ്ങളായ കാര്യങ്ങളില്‍ മൂല്യമുള്ള സത്തമാത്രം കണ്ടെത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കൃത്യം. അവിടെ തിരഞ്ഞെടുക്കലില്ല. നിരാസമില്ല. ഫ്ളോബര്‍ Saint Julien I’hospitalier യാദൃച്ഛികമായി എഴുതിയതാണെന്നു നീ വിചാരിക്കുന്നുണ്ടോ? എനിക്കു തോന്നുന്നു ഇതാണ് പരിശോധനയെന്ന്. മനുഷ്യന് കുഷ്ഠരോഗിയുടെ അടുത്തു ചെന്നു കിടന്ന് സ്നേഹിക്കുന്നവന്റെ ഹൃദയത്തില്‍ നിന്നുള്ള ജ്വാലകൊണ്ട് അവനെ ചൂടുപിടിക്കാമോ എന്ന്. അങ്ങനെയുള്ള പ്രവൃത്തിയില്നിന്നേ നന്മയുണ്ടാകൂ” (പുറം, 69). ബോദലേറുടെ കവിതയുടെ സ്വഭാവം നോക്കാം. കവിയും പ്രേമഭാജനവും കൂടി ഉഷ്ണകാലത്തെ ഒരു പ്രഭാതത്തില്‍ നടക്കാന്‍ പോയി. വഴിവക്കില്‍ ഒരു മൃഗത്തിന്റെ ശവം. അതിന്റെ കാലുകള്‍ ഭോഗാസക്തയായ സ്ത്രീയുടേതെന്നപോലെ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തി വച്ചിരിക്കുന്നു. ആ അഴുകിയ മാംസത്തില്‍ സൂര്യരശ്മികള്‍ വന്നു വീഴുന്നു. ശവം പുഷ്പംപോലെ വിടരുന്നു. മൃഗത്തിന്റെ അഴുകിയ വയറ്റിനു ചുറ്റും ഈച്ചകള്‍ മൂളിപ്പറക്കുന്നു. പാറക്കെട്ടുകളുടെ പിറകില്‍നിന്ന് ഒരു പെണ്പട്ടി ദേഷ്യത്തോടെ അവരെ നോക്കുകയാണ്. അവശേഷിക്കുന്ന മാംസം കടിച്ചെടുക്കാനുള്ള സമയം കാത്തുനില്‍ക്കുകയാണ് അത്.
കാമുകന്റെ കണ്ണുകള്‍ക്കു നക്ഷത്രമായ അവള് പ്രേമഭാജനം — അന്ത്യകൂദാശയ്ക്കുശേഷം മണ്ണിനടിയില്‍ ആകുമ്പോള്‍ അവളും ആ മൃഗത്തിന്റെ ശവം പോലെയാകും. കൃമികള്‍ ആ ശവത്തെയും ആക്രമിക്കും. അപ്പോള്‍ — കൃമികള്‍ അവളെ ചുംബനങ്ങള്‍ കൊണ്ടു വിഴുങ്ങുമ്പോള്‍ — അവള് ആ കൃമികളോടു പറയണം കാമുകന്റെ ജീര്‍ണ്ണിച്ച പ്രേമഭാജനത്തിന്റെ ദൈവികമായ സാരാംശത്തെയും രൂപത്തെയും അയാള്‍ അമരത്വത്തിലേക്കു കൊണ്ടുചെന്നുവെന്ന്. (One Chargone എന്ന കാവ്യം നോക്കുക.) പ്രേമഭാജനത്തിന്റെ ചൈതന്യവും രൂപവും കവിതയിലാക്കി അമരത്വം നല്‍കിയെന്നാണ് ബേദലേര് പറയുന്നത്. ഒരു സത്യം പ്രകാശിപ്പിക്കുകയാണ് ഈ കാവ്യം. അതു വ്യക്തമാക്കാന്‍ നോവലിലെ വേറൊരു കാര്യവും സ്പഷ്ടമാക്കേണ്ടതുണ്ട്.
കാണുമ്പോള്‍ ഒരു ഉപദ്രവവും ചെയ്യാത്തതെന്നു തോന്നുന്ന ജീവിയുണ്ട്. നമ്മള് അതിനെ ശ്രദ്ധിക്കുന്നതുതന്നെയില്ല. പക്ഷേ അതു നമ്മുടെ കാതിനകത്തേക്കു നാമറിയാതെ കടന്നാല്‍ അവിടെയിരുന്നു വളരാന്‍ തുടങ്ങും. എന്നിട്ട് തലച്ചോറിലേക്കു ചെന്ന് അതിനെ തകര്‍ക്കും. ഈ ജീവിയാരെന്നോ? നമ്മുടെ അയല്ക്കാരന്. പക്ഷേ നിക്കോലെ കുസ്മിച്ച് ആ വിധത്തിലായിരുന്നില്ല. അയാള്‍ കിടന്നുകൊണ്ട് പുഷ്കിന്റെയും നൈക്രാസ്സെവിന്റെയും ദീര്‍ഘങ്ങളായ കവിതകള്‍ ചൊല്ലും. ഈ കുസ്മിച്ചിന് ഒരു ദിവസം ഒരാശയം തോന്നി. അയാള്‍ പിന്നെയും അമ്പതുകൊല്ലത്തോളം ജീവിച്ചിരിക്കാന്‍ പോകുകയാണ്. ഈ അമ്പതു സംവത്സരങ്ങളെ ദിവസങ്ങളായും മണിക്കൂറുകളായും മിനിട്ടുകളായും സെക്കന്റുകളായും മാറ്റിയെടുത്താലെന്ത്? അങ്ങനെ മാറ്റിയെടുത്തപ്പോള്‍ വലിയ മുതല്‍ക്കൂട്ട്. അത് അല്പമായിട്ടേ ചെലവാക്കാവൂ. അയാള്‍ കാലത്തേ എഴുന്നേറ്റു. കുളിക്കാന്‍ കുറച്ചു സമയം മാത്രമെടുത്തു. നിന്നുകൊണ്ട് ചായ കുടിച്ചു. ഓഫീസിലേക്കു ഓടി. വേഗം തിരിച്ചു വന്നു. പക്ഷേ ഫലമെന്ത്? ഞായറാഴ്ച കണക്കു നോക്കിയപ്പോള്‍ സമ്പാദ്യമൊന്നുമില്ല. താന്‍ നാണയം മാറ്റി ചില്ലറയാക്കുന്നതുപോലെ സമയത്തെ മാറ്റാന്‍ പാടില്ലായിരുന്നുവെന്ന് അയാള്‍ക്കു തോന്നി. പത്തുവര്‍ഷത്തെ നോട്ട്. പത്തിന്റെ നാലു നോട്ട്. ഒരഞ്ചിന്റെ നോട്ട്. ബാക്കി സൂക്ഷിച്ചുവയ്ക്കുകയും ചെയ്യാം. പെട്ടെന്ന് തന്റെ മുഖത്തെ സ്പര്‍ശിച്ചു കൊണ്ട് എന്തോ കടന്നുപോകുന്നതുപോലെ അയാള്‍ക്കു തോന്നി. അയാള്‍ കണ്ണു നല്ലപോലെ തുറന്നു. ജനലുകള്‍ അടച്ചിരിക്കുകയാണ്. എവിടെ നിന്നാണ് ഈ വായു? അപ്പോഴാണ് അയാള്‍ക്കു മനസ്സിലായത് യഥാര്‍ത്ഥത്തിലുള്ള കാലമാണ് കടന്നുപോകുന്നതെന്ന്. അയാള്‍ ചാടിയെഴുന്നേറ്റു. കാലുകള്‍ക്കു താഴെയായി പല ചലനങ്ങള്‍, ഭൂമിയുടെ ചലനമാണത്. കാലിടറി അയാള്‍ മുറിയില്‍ നടന്നു. വീഴാതിരിക്കാന്‍ രണ്ടു വശങ്ങളിലും അയാള്‍ പിടിച്ചു. ഭൂമിയുടെ അച്ചുതണ്ട് ചരിഞ്ഞിരിക്കുകയല്ലേ? കുസ്മിച്ച് കിടന്നു. അന്നുതൊട്ട് അയാള്‍ കിടക്കുകയാണ്. പക്ഷേ കവിത ചൊല്ലുമ്പോള്‍ — പതുക്കെ ചൊല്ലുമ്പോള്‍ — തനിക്കു പറ്റിപ്പിടിച്ചു നില്ക്കാന് എന്തോ ഉണ്ടെന്ന് അയാള്‍ക്ക് ഒരു തോന്നല്‍. ഈ ആന്തരമായ സ്ഥൈര്യം കൊണ്ടു ഭൂമിയുടെ ചലനത്തെ അയാള്‍ക്കു നേരിടാന്‍ കഴിഞ്ഞു (പുറം 165).
കാലമെന്ന മുതലിനെ ചില്ലറയാക്കിയതു ബുദ്ധിശൂന്യത. അത് പ്രവഹിക്കുകയാണ്. എല്ലാവരെ സംബന്ധിച്ചും കാലം ഒരുപോലെതന്നെ. കാലത്തിന്റെ പ്രവാഹമാണ്. മരണത്തിലേക്കു നമ്മെ കൊണ്ടുചെല്ലുന്നത്. ഇതിനെ തടഞ്ഞു നിറുത്തി നമുക്ക് ആന്തര — സ്ഥൈര്യം നല്‍കുന്നത് കവിത മാത്രം — കല മാത്രം. കാമുകി മരിക്കും. അവള് മണ്ണിനടിയിലാകും. മൃഗത്തിന്റെ മാംസം അഴുകിയതുപോലെ അവളുടെ മാംസവും അഴുകും. അപ്പോള്‍ അവളുടെ രൂപത്തെയും സാരാംശത്തെയും അമരത്വത്തിലേക്കു കൊണ്ടുചെല്ലുന്നത് കവിത മാത്രമാണ്. കാലത്തെ തോല്പിക്കാന് കലയ്ക്കേ കഴിയൂ എന്നാണ് ബോദലേറിന്റെയും റില്ക്കയുടെയും മതം. സിയോല്‍കോവ്സ്കി എന്ന നിരൂപകന് റില്ക്കയുടെ ഈ സങ്കല്പത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. നോവല്‍ ശ്രദ്ധിച്ചു വായിക്കുന്ന ഏതു സഹൃദയനും ചെന്നുചേരുന്ന തീരുമാനംതന്നെയാണത്.
റില്ക്കയുടെ ഡൂയിനോ എലിജിസ് (Duino Elegies — ഡൂയിനേസര് ഏലേജീയന് എന്ന് ജര്‍മ്മന്‍) അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായി പരിഗണിക്കപ്പെടുന്നു. അനിവാര്യമായ മരണം, ക്ഷണികമായ ജീവിതം — ഇവയെ സര്ഗാത്മകത്വമായി ബന്ധപ്പെടുത്തി കലയുടെ ശാശ്വത സ്വഭാവത്തെ സ്ഫുടീകരിക്കുന്നവയാണ് ഈ കാവ്യങ്ങള്‍. ആശയപരമായി നോവലും കാവ്യങ്ങളും ഇങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. നോവലിലെ പ്രധാന ഒരാശയം മാത്രമേ ഇവിടെ പ്രതിപാദിച്ചിട്ടുള്ളു. മാല്‍റ്റ പാരീസില്‍ എക്സിസ്റ്റന്‍ഷ്യല്‍ ഔട്ട്സൈഡറായി കഴിഞ്ഞുകൂടുകയാണ്. അയാളുടെ അന്യവത്കരണം വായനക്കാരെ വല്ലാതെ സ്പര്‍ശിക്കും. സാര്‍ത്രും കമ്യൂവും അന്യന്മാരെ അവതരിപ്പിക്കുന്നതിനും വളരെ മുന്‍പു — മുപ്പതോ മുപ്പത്തഞ്ചോ വര്‍ഷം മുന്‍പ് റില്ക്ക ആ കൃത്യം കലാത്മകമായി അനുഷ്ഠിച്ചു. പക്ഷേ ഒരു വ്യത്യാസം. സാര്‍ത്രും കമ്യുവും ജീവിതത്തെ നിഷേധിച്ചു. ആ ക്ഷുദ്ര ജീവിതത്തിലും കല അനുഗ്രഹത ചൊരിയുമെന്നും അപ്പോള്‍ മരണം നിസ്സാരമാണെന്നും റില്ക്ക സ്ഥാപിച്ചു. അമ്മട്ടില്‍ മഹാനായ ഈ കലാകാരന് വായനക്കാര്‍ക്കു മാനസികമായ ഔന്നത്യം പ്രദാനം ചെയ്തു. ജീവിതത്തിന്റെ ക്ഷണികതയ്ക്ക് അദ്ദേഹം ഊന്നല്‍ നല്‍കിയെങ്കിലും അതിനെ ദൃഢീകരിക്കുകയേ ചെയ്തുള്ളു. മനുഷ്യനെ ഉന്നമിപ്പിക്കുന്നതെന്തും ശ്രേഷ്ഠമായതുകൊണ്ട് റില്ക്കയുടെ കല ശ്രേഷ്ടം തന്നെയാണ്.
|
|
|