close
Sayahna Sayahna
Search

ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്ക്


ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്ക്
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മാജിക്കൽ റിയലിസം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1985
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 103 (ആദ്യ പതിപ്പ്)

ഇന്നു് ആഫ്രിക്കയിലെ പല രാജ്യങ്ങളും സ്വതന്ത്രങ്ങളാണു്. അമ്പതുകൊല്ലം മുന്‍പു് അതായിരുന്നില്ല സ്ഥിതി. കൊളോണിയലിസത്തിന്റെ പിടിയില്‍പ്പെട്ടു് ആഫ്രിക്കന്‍ ജനതയ്ക്ക് ശ്വാസം മുട്ടിയിരുന്നു. ഫ്രഞ്ച് കൊളോണിയല്‍ നയം ആഫ്രിക്കക്കാരനെ കറുത്ത ഫ്രഞ്ചുകാരനാക്കാനാണു് ശ്രമിച്ചതു്. ഒരളവില്‍ ആ നയം വിജയം പ്രാപിക്കുകയും ചെയ്തു. ഫ്രഞ്ച് ക്ലാസ്സിക് കൃതികളെ മാതൃകകളാക്കിക്കൊണ്ടു് കൃതികള്‍ രചിക്കുവാന്‍ യജമാനന്മാരായ ഫ്രഞ്ചുകാര്‍ ആഫ്രിക്കക്കാരോടു് ആജ്ഞാപിച്ചു. പില്ക്കാലത്തുണ്ടയ നെഗ്രിറ്റൂഡ് (negritude) എന്ന സാഹിത്യ പ്രസ്ഥാനത്തിന്റെ ഉദ്ഘോഷകനായ ലേയോപോള്‍ഡ് സേഡര്‍ സങ്ഗോര്‍ (Leopold SEdar Senghor) പോലും ആദ്യകാലത്തു് ഈ നിര്‍ദ്ദേശം കൈക്കൊള്ളാന്‍ നിര്‍ബന്ധിതനായിപ്പോയി. Because we are culture half-castes, because, although we feel as Africans, we express our selves as Frenchmen…എന്നൊക്കെയായിരുന്നു സാങ്ഗോറിന്റെ വദം. പക്ഷേ, 1930-ല്‍ ഫഞ്ച് നയത്തിനു തിരിച്ചടി കൊടുത്തു ആഫ്രിക്കയിലെ ചില യുവാക്കന്മാര്‍. അവര്‍ നെഗ്രിട്ടൂഡ് എന്ന സാഹിത്യപ്രസ്ഥാനത്തിനു രൂപം നല്കി. ഫ്രഞ്ച് ധിഷണാശാലികളുടെ സംസ്കാര സമന്വയത്തിനെതിരേ അവര്‍ സമരം പ്രഖ്യാപിച്ചു. ആഫ്രിക്കന്‍രാജ്യങ്ങള്‍ സ്വാതന്ത്ര്യം നേടിയിട്ടും നെഗ്രിറ്റൂഡ് നശിച്ചുപോയിട്ടില്ല. ലിലിയന്‍ കെസ്റ്റ്ലൂട്ട് (Lilyan Kesteloot) എന്ന എഴുത്തുകാരി അതൊരിക്കലും നശിക്കില്ലെന്നു അഭിമാനത്തോടെ പറയുന്നതു് കേട്ടാലും.

“Survival of their own culture values in writers using a foreign language is not exclusive to the Negro race.
The poems of Rabindranath Tagore have retained all the grace and wisdom of India and the ‘Prophet” of Khalil Gibran is full of eastern mysticism. So much so that these works, written in English of French, belong in style to the literature of their countries and not ours. The Negro soul revealed here belongs to all time, and will not be superseded, as Sartre and his followers have maintained, any more than will the Slav or Arab souls or the French spirit.”

നീഗ്രോ — ആഫ്രികന്‍ സാംസ്കാരികമൂല്യങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുന്ന ‘നെഗ്രിട്ട്യൂഡി’ന്റെ തത്ത്വങ്ങള്‍ക്ക് യോജിച്ച വിധത്തില്‍ത്തന്നെയാണു് സ്വതന്ത്ര ആഫ്രിക്കന്‍ രാജ്യങ്ങളിലെ സാഹിത്യസൃഷ്ടികള്‍ ആവിര്‍ഭവിക്കുന്നതു്. ലിലിയന്‍ കെസ്റ്റ്ലൂട്ടിന്റെ ‘ഭാവികഥനം’ സാര്‍ത്ഥകമായിരിക്കുന്നു. ആ രീതിയില്‍ സംജാതമായ ഒരു ചേതോഹരമായ നാടകത്തെക്കുറിച്ചാണു് ഞാന്‍ വായനക്കാരോടു് പറയുന്നതു്. ഏതല്‍ഫുഗാര്‍ഡിന്റെ (Athol Fugard 1932 — )The Blood Knot — രക്തബന്ധം. വിശ്വസാഹിത്യത്തിലെ മഹാന്മാരായ നാടകകര്‍ത്താക്കന്മാര്‍ക്ക് സമശീര്‍ഷനാണു് ഫുഗാര്‍ഡെന്നു് ബ്രിട്ടീഷ് നിരൂപകരും അമേരിക്കന്‍ നിരൂപകരും അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ നാലു നാടകങ്ങള്‍ എനിക്കു വായിക്കാന്‍ കഴിഞ്ഞു. വായന കഴിഞ്ഞപ്പോള്‍ ആദരാവനതനായി ഞാന്‍ ഫുഗാര്‍ഡിനു കത്തെഴുതി. വാരികയില്‍ പ്രസിദ്ധപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ഫോട്ടോ അയച്ചുതരണമെന്നു് അഭ്യര്‍ത്ഥിക്കുന്നതാണു് ആ കത്തു്. പ്രതിഭാശാലികളെ നേരിട്ടുകണ്ടാല്‍പ്പോലും എനിക്കവരോടു് വിശേഷിച്ചൊരു ആദരം തോന്നാറില്ല. നേരിട്ടു കാണാത്ത ഫുഗാര്‍ഡിനോടു് എന്തെന്നില്ലാത്ത ബഹുമാനം തോന്നി. അദ്ദേഹത്തിന്റെ പ്രതിഭയും രചനയിലെ ആര്‍ജ്ജവവും അത്രകണ്ടു് ഉന്നതമാണു്.

തെക്കേ ആഫ്രിക്കയിലെ പോര്‍ട്ടു് ഇലിസബത്ത് പട്ടണത്തിനടുത്തുള്ള ഒരു സ്ഥലത്തുവച്ചാണു് കഥ നടക്കുക. നാടകത്തില്‍ രണ്ടു കഥാപാത്രങ്ങളേയുള്ളു; സക്കറിയയും മോറിസും.അവര്‍ സഹോദരന്മാരാണു്. സക്കറിയ തികച്ചും കറുമ്പന്‍തന്നെ. മോറിസിനു് അത്രത്തോളം കറുപ്പില്ല ശരീരത്തിനു്. അല്പം വെളുത്തിട്ടാണു് അയാളെന്നു പറയാം. ഒരമ്മയുടെ മക്കളാണു് രണ്ടുപേരും. എന്നിട്ടും മോറിസ് എന്തുകൊണ്ടാണു് വര്‍ണ്ണത്തില്‍ ലഘുത നേടിയതു്. സക്കറിയയെ അത്ഭുതപ്പെടുത്തുന്ന വസ്തുതയാണതു്. ആ സഹോദരന്മാര്‍ വിരസവും ഏകാന്തത നിറഞ്ഞതുമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നു. ജോലിക്കു് എപ്പോഴും പോകുന്നവന്‍ സക്കറിയയാണു്. മോറിസ് അയാളെ അതിലേക്കു പറഞ്ഞയയ്ക്കുന്നതില്‍ തല്‍പരനാണു്. അങ്ങനെ പണം സമ്പാദിച്ചാല്‍ എവിടെയെങ്കിലും നല്ലൊരു കൃഷിസ്ഥലം വാങ്ങാം എന്നാണു് മോറിസിന്റെ വിചാരം.അയാള്‍ സക്കറിയയോടു് പറയുന്നു; “This is not just talk you know. It’s serious. I’m not smiling. One fine day, you wait and see. We’ll pack our things in something and get to hell and gone out of here. പക്ഷേ ഇതൊക്കെ വെറും മനോരഥങ്ങള്‍ മാത്രമാണെന്നും അവയ്ക്കു് സാഫല്യം ലഭിക്കുകയില്ലെന്നും സഹോദരന്മാര്‍ എല്ലാക്കാലത്തും ആ ജീവിതംതന്നെ നയിക്കുമെന്നും നാടകക്കാരന്‍ അടുത്ത ക്ഷണത്തില്‍ അഭിവ്യഞ്ജിപ്പിക്കുന്നു. സക്കറിയ ജനലില്‍ക്കൂടി പുറത്തേക്കു് നോക്കിയിട്ടു് ചിരിക്കാന്‍ തുടങ്ങി.

മോറിസ്
എന്തു് ഇത്ര നേരമ്പോക്കായി?
സക്കറിയ
ഇവിടെ വരു
മോറിസ്
എന്താണിവിടെ?
സക്കറിയ
രണ്ടു കഴുതകള്‍!

മോറിസ് അനങ്ങുന്നില്ല. സക്കറിയ റോഡില്‍ക്കൂടെ പോകുന്ന കഴുതകളെ നോക്കി കൂടെക്കൂടെ ചിരിക്കുന്നുണ്ടു്. ആ സഹോദരന്മാരുടെ ജീവിതം ഗര്‍ദ്ദഭങ്ങളുടെ ജീവിതത്തിനു് സദൃശമാണെന്നു് വ്യഞ്ജിപ്പിക്കുകയാണു് ഫുഗാര്‍ഡ്. ഇതിനെ evocative writing എന്നു നിരൂപകര്‍ വിളിക്കുന്നു അര്‍ത്ഥാന്തരങ്ങളെ വ്യഞ്ജിപ്പിക്കുന്ന ഈ രചന ഫുഗാര്‍ഡിന്റെ നാടകങ്ങളുടെ സവിശേഷതയത്രെ.

സക്കറിയയ്ക്കു വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. വായിക്കാന്‍പോലും അറിഞ്ഞുകൂടാ അയാള്‍ക്കു്. ശൂന്യത നിറഞ്ഞ ആ ജീവിതത്തില്‍ നിന്നു രക്ഷപ്രാപിക്കാന്‍ മോറിസ് ഒരു മാര്‍ഗ്ഗം കണ്ടുപിടിച്ചു. ഒരു തൂലികാമിത്രം വേണം. ജോലിക്കു പോയിട്ടു തിരിച്ചുവന്ന സക്കറിയ വാങ്ങിക്കൊണ്ടുവന്നതു വെള്ളക്കാരന്റെ പത്രമാണു്. അതില്‍ മൂന്നുപെണ്‍കുട്ടികള്‍ പരസ്യം കൊടുത്തിട്ടുണ്ടു്; എതേല്‍, നെലി, ബെറ്റി. മോറിസ് വായിച്ചു:എതേല്‍, 10 ദെ വീയെ സ്ട്രീറ്റ്, ഒ ഊട്സ് ഹൂണ്‍. എന്റെ വയസ് പതിനെട്ട് വളര്‍ച്ചയെത്തിയ ശരീരം. ജീവിതത്തെസ്സംബന്ധിച്ചു് നല്ല വീക്ഷണവും സ്വഭാവത്തില്‍ നിയതത്വവുമുള്ള മാന്യന്മാരുമായി കത്തിടപാടു നടത്താന്‍ ആഗ്രഹമുണ്ടു്. എന്റെ താല്പര്യങ്ങള്‍ — പ്രകൃതി, റോക്ക് ആന്‍റു് റോള്‍ , നീന്തല്‍, സന്തോഷം നിറഞ്ഞ ഭാവി. എന്റെ മുദ്രവാക്യം ‘ഉരുളുന്ന കല്ലില്‍ പായല്‍ പടിക്കില്ല’ എന്നാണു്. മോറിസിന്റെ നിര്‍ബന്ധത്തിനു വഴങ്ങി സക്കറിയ അവള്‍ക്കു് അയാളെഴുതിക്കൊടുത്ത കത്ത് അയച്ചു: തൂലികാമിത്രങ്ങളായി കഴിഞ്ഞുകൂടാമെന്നു് അറിയിക്കുന്നകത്ത്. അവളുടെ മറുപടി വന്നു. ‘പ്രിയപ്പെട്ട സക്കറിയ, കത്തിനു വളരെ നന്ദി. എന്റെ ഫോട്ടോ ചോദിച്ചില്ലേ? അതുകൊണ്ടു് അയയ്ക്കുന്നു. ഇഷ്ടമായോ? വശത്തുള്ള ബഞ്ചിന്റെ പിറകെ ഉന്തിനില്ക്കുന്നതു് എന്റെ സഹോദരന്റെ കാലാണു്’. അവള്‍ വെള്ളക്കാരിയാണു്; സഹോദരന്‍ പോലീസുകാരനാണു് . സക്കറിയയ്ക്കു പേടിയായി. പോലീസുകാരനു് മോട്ടോര്‍ സൈക്കിളുണ്ടെന്നു് മോറിസിനറിയാം. ഒ ഊട്സ് ഹൂണ്‍ നഗരം വളരെ ദൂരത്തല്ല. നൂറു നാഴികയേയുള്ളു അവിടത്തേക്കു്. പോലീസുകാരനു് ഏതു് സമയത്തുവേണമെങ്കിലും സക്കറിയയെ കാണാന്‍ പകരം വീട്ടാന്‍ വന്നെത്താം. ഭയം സക്കറിയയെ മാത്രമല്ല മോറിസിനെയും പിടികൂടി. ജീവിതത്തിന്റെ നിരന്തരായാസത്തില്‍നിന്നും നിത്യക്ലേശത്തില്‍നിന്നും മോചനം നേടാന്‍വേണ്ടിയാവാം അവര്‍ മോട്ടോര്‍ കാറില്‍കയറി സവാരി നടത്തുന്നതായി സങ്കല്പിച്ചു. അവര്‍ ഭവനങ്ങള്‍ താണ്ടിപ്പോവുകയാണു്. ജനങ്ങളെയും തെരുവുകളെയും പിന്നിട്ടു് സങ്കല്പത്തിലുള്ള കാര്‍ ഒന്നിനൊന്നു വേഗമാര്‍ജ്ജിക്കുന്നു. വേഗം 24 & 34, 50 മോറിസ് പറഞ്ഞു. എന്തൊരു വേഗം. നിങ്ങള്‍ പൂച്ചയെ കൊന്നു; തവളയെ ചതച്ചു; പട്ടിയെ പേടിപ്പിച്ചു. 60; 80 പക്ഷികള്‍ പറക്കുന്നു. കാളകള്‍, ആടുകള്‍…100. നദികടന്നു. കുന്നിലേക്കു കയറി. താഴോട്ടു പോരുന്നു. താഴത്തേക്കു്, താഴത്തേക്കു് നിര്‍ത്തു, നിര്‍ത്തു. ബ്രേക്ക് — ഈ ഈ ദാ ദാ ആ ആ…

സക്കറിയ
എന്തു്?
മോറിസ്
നോക്കു ചിത്രശലഭം!

അവര്‍ക്കു ചുറ്റും ശലഭങ്ങള്‍ . ചിത്രശലഭങ്ങള്‍ ഒരുമിച്ചുചേര്‍ന്നുനിന്നിരുന്നിടത്താണു് അവരുടെ സാങ്കല്പികവാഹനം ചെന്നു കയറിയതു്. ചേതോഹരമായ ബാല്യകാലത്തു് അവര്‍ മനസ്സിന്റെ വാഹനത്തില്‍ കയറിചെന്നുവെന്നാണു് ഇതില്‍നിന്നു നമ്മള്‍ ഗ്രഹിക്കേണ്ടതു്. ‘ഇവോകേറ്റീവ് റൈറ്റിങ്ങിനു്’ — ധ്വന്യാത്മക രചനയ്ക്കു് — വേറൊരു ഉദാഹരണമാണിതു്.

വെള്ളക്കാരി പെണ്‍കുട്ടിയുമായുള്ള കത്തിടപാടു മുറയ്ക്കു നടന്നുകൊണ്ടിരുന്നു. പക്ഷേ സക്കറിയയുടെ കിനാക്കള്‍ ഇരുട്ടില്‍ത്തന്നെ( കറുത്ത് വര്‍ഗ്ഗത്തെ സൂചിപ്പിക്കുന്നു ഇരുട്ടു് എന്ന പ്രസ്താവം) തകര്‍ന്നു പോവുകയില്ലേ? വെളുത്ത ആശയം വച്ചുകളിക്കുന്ന കറുത്ത യുവാവിനെ — സക്കറിയയെ — കയ്യില്‍ കിട്ടിയാല്‍ പെണ്ണിന്റെ സഹോദരന്‍ എന്തു ചെയ്യും. കറുമ്പന്‍ ഇരുമ്പഴിക്കകത്താകുകില്ലേ?

സക്കറിയ
എതേല്‍ എത്രയെത്ര വെളുത്തിട്ടാണു്. മഞ്ഞുപോലെ വെളുത്തവള്‍.

…ഞാന്‍ എത്രയെത്ര കറുത്തിട്ടാണു്. അതുകൊണ്ടു് സക്കറിയയ്ക്കു ഒരു നിര്‍ദ്ദേശമുണ്ടു്. വെളുപ്പിനോടു് അടുക്കുന്ന നിറമുള്ള മോറിസിനു് എതേലിനെ സ്വീകരിക്കം. മോറിസ് ബ്രസ്റ്റ് പോക്കറ്റുള്ള സമ്പൂര്‍ണ്ണമായ സൂട്ടു് വാങ്ങണം. വെളുത്ത ഷര്‍ട്ടു് വേണം: അതൊക്കെ ധരിച്ചുകൊണ്ടു് അയാള്‍ വെള്ളക്കാരിപ്പെണ്‍കുട്ടിയെ കാണണം. അവളെത്തുമ്പോള്‍ മോറിസിനു പറയാം: — ‘മിസ് എതേല്‍ ഞാന്‍ എന്റെ വെളുത്ത കൈകൊണ്ടു് ഭവതിയുടെ വെളുത്ത കൈ പിടിച്ചു കുലുക്കട്ടെയോ?’ ആ സഹോദരന്മാര്‍ ഇരുട്ടില്‍നിന്നു്, കറുപ്പില്‍നിന്ന്, ഏകാന്തത നിറഞ്ഞ രാത്രിയില്‍ നിന്നു്, വിളക്കിലേക്കു്, അഗ്നിയിലേക്കു പോകാന്‍ ശ്രമിക്കുകയാണു്. പ്രകാശത്തിന്റെ ധവളിമയ്ക്കുവേണ്ടിയുള്ള പരിദേവനമാണു് അവരുടേതു്. മരങ്ങളും മറ്റുള്ളവയും വെളിച്ചത്തിനുവേണ്ടി യാചിക്കുന്നു. നിശാശലഭങ്ങള്‍ പ്രകാശം തേടുന്നു. എല്ലാവരും ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കു് , കറുപ്പില്‍നിന്നു് വെളുപ്പിലേക്കു്. കറുത്ത നീഗ്രോയുടെ മാനസികവ്യഥയെ ഇതിനെക്കാള്‍ ഭംഗിയായി ആര്‍ക്കു് ആവിഷ്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു് ഞാന്‍ സവിനയം ചോദിക്കട്ടെ.

അങ്ങനെയിരിക്കുമ്പോള്‍ എതേലിന്റെ കത്തുവന്നു. അവള്‍ എഴുതുകയാണു്. ‘പ്രിയപ്പെട്ട തൂലികാ മിത്രമേ, ഇതു നിങ്ങള്‍ക്കു വിഷാദമുളവാക്കുന്ന വാര്‍ത്തയാണു്. പക്ഷേ എനിക്കു നല്ല വാര്‍ത്തയും. ഞാന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ആ ഭാഗ്യവാന്‍ സ്റ്റോഫലാണു്…..അദ്ദേഹം ഇവിടിരിക്കുന്നു. ഇതു പറയണമെന്നു സ്റ്റോഫലിനു് ആഗ്രഹമുണ്ടു്: നിനക്കു നല്ലതു വരണമെങ്കില്‍ എന്റെ പെണ്ണിനെ വിട്ടേക്കു്… ഓര്‍മ്മയ്ക്കായി എന്റെ ഫോട്ടോ നിങ്ങള്‍ക്കു സൂക്ഷിച്ചുവയ്ക്കാം.’

പുതിയ സൂട്ടു് ധരിച്ചു് സുന്ദരനായി നിന്ന മോറിസ് അതു് അഴിച്ചിട്ടു. ഇപ്പോള്‍ സഹോദരന്മാര്‍ രണ്ടുപേരും സദൃശര്‍. ബാഹ്യമായ വേഷം — ആവരണം — പോയപ്പോള്‍ രണ്ടുപേര്‍ക്കും വ്യത്യാസമില്ല. അവര്‍ നീഗ്രോകള്‍ മാത്രം. ‘നമ്മള്‍ രണ്ടുപേരും ബന്ധിക്കപ്പെട്ടിരിക്കുന്നു സക്കറിയ ഇതിനെയാണു് രക്തബന്ധം എന്നു പറയുന്നതു്… സഹോദരന്മാര്‍ തമ്മിലുള്ള ബന്ധം’ എന്നു മോറിസ് പറയുമ്പോള്‍ നാടകത്തില്‍ യവനിക വീഴുന്നു. ആഫ്രിക്കക്കാരനെ മാത്രം അലട്ടുന്ന ഒരു കാര്യം ഫുഗാര്‍ഡ് നാടകത്തിലൂടെ സ്ഫുടീകരിക്കുകയാണെന്നു ചിലര്‍ക്കു തോന്നിയേയ്ക്കാം. ആ തോന്നലില്‍ അര്‍ത്ഥമില്ല. മര്‍ദ്ദിക്കപ്പെടുന്ന, വര്‍ണ്ണത്തിന്റെ പേരില്‍ അകറ്റിനിര്‍ത്തപ്പെടുന്ന എല്ലാവരുടേയും രക്തബന്ധത്തെയാണു് മഹാനായ ഈ കലാകാരന്‍ ഊന്നിപ്പറയുന്നതു്. ചിന്താശക്തിയും കലാശക്തിയും ഒരുമിച്ചുചേര്‍ന്ന ഒരു അപൂര്‍വ്വകലാസൃഷ്ടിയാണിതു്.

1956-ല്‍ സൊര്‍ബന്നില്‍ വച്ച് നീഗ്രോ കലാകാരന്മാരുടേയും എഴുത്തുകാരുടേയും സമ്മേളനം നടന്നപ്പോള്‍ സങ്ഗോര്‍ പ്രഖ്യാപിച്ചു: African literature is politically committed- ആഫ്രിക്കന്‍ സാഹിത്യം രാഷ്ട്രീയമായ വിധത്തില്‍ പ്രതിബദ്ധമാണു്. ആഫ്രിക്കന്‍ ചിന്തകനായ ഫ്രാങ്റ്റസ് ഫനാങ് (Frants Fanon)തന്റെ വിശ്വവിഖ്യാതമായ The wretched of the Earth എന്ന ഗ്രന്ഥത്തിലൂടെ കൊളോണിയലിസത്തെ അക്രമം കൊണ്ടു് അമര്‍ത്താന്‍ ആഹ്വാനം ചെയ്തു. ആഹ്വാനത്തിനു സാര്‍ത്രിന്റെ അനുഗ്രഹവും ഉണ്ടായിരുന്നു. സാഹിത്യം പ്രതിബന്ധമാകാതെതന്നെ സുശക്തമായിത്തീരാമെന്നു ഫുഗാര്‍ഡ് തെളിയിച്ചു. കലയുടെ പൂക്കള്‍ വാരിയെറിഞ്ഞു് കൊളോണിയലിസത്തെ ശ്വാസം മുട്ടിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

എക്സിസ്റ്റെന്‍ഷ്യലിസ്റ്റുകള്‍ പറയുന്ന ഏകാന്തതയുടെ ദുഃഖമല്ല ഫുഗാര്‍ഡിന്റെ നാടകത്തിലുള്ളതു്. ഓരോ മനുഷ്യനും സ്വന്തം വിഭാഗത്തിലോ പരിച്ഛേദത്തിലോ ഒതുങ്ങിക്കൂടി വൈരസ്യപൂര്‍ണ്ണമായ ജീവിതം നയിക്കുമ്പോള്‍ ഉണ്ടാകുന്ന ഏകാന്തയുടെ ബോധമുണ്ടല്ലോ അതാണു് ഫുഗാര്‍ഡ് ആലേഖനം ചെയ്യുന്നതു്. അങ്ങനെ ആഫ്രിക്കക്കാരനെ ഒതുക്കിക്കളയുന്നതു് വെള്ളക്കാരന്റെ വിവേചനമാണു്. നീഗ്രോയെ ശാരീരികമായും മാനസികമായും അവന്‍ പീഡിപ്പിക്കുന്നു. അപ്പോള്‍ ഏകാന്തതയുടെ ദുഃഖമുണ്ടാകുന്നു. അതില്‍ നിന്നു രക്ഷപ്രാപിക്കാന്‍ പലരും പല മാര്‍ഗ്ഗങ്ങളും നോക്കും. ദെസ്തേയേവ്സ്കിയുടെ കഥാപാത്രമായ റസ്കോല്‍ നിക്കോഫിനു് ഏകാന്തയുടെ ദുഃഖമുണ്ടായതു് വര്‍ണ്ണവ്യവസ്ഥകൊണ്ടല്ല. അയാളുടെ ജീവിതത്തിന്റെ സവിശേഷതകളാലാണു്; പരിതസ്ഥിതികളാലാണു്. അതു ഭഞ്ജിക്കാന്‍ അയാള്‍ കൊലപാതകം ചെയ്തു. ഫുഗാര്‍ഡിന്റെ രണ്ടു കഥാപാത്രങ്ങളും വിദൂരത്തില്‍നില്‍ക്കുന്ന അപ്രാപ്യമായ ഒരാദര്‍ശത്തെ സാക്ഷാത്കരിച്ചു് ഏകാന്തതയെ അവസാനിപ്പിക്കാമെന്നു് വിചാരിച്ചു. എതേല്‍ വിദൂരസ്ഥിതമായ ആ ആദര്‍ശത്തിന്റെ പ്രതിരൂപമാണു്. ആദര്‍ശ സാക്ഷാത്കാരം വിഫലമാകുന്നു. വര്‍ഗ്ഗപരവും സാംസ്കാരികവും ആയ അപകര്‍ഷത അനുഭവപ്പെടുന്ന ചില നീഗ്രോകള്‍ സംസ്കാരസമന്വയം എന്നതിന്റെ പേരില്‍ വെള്ളക്കാരന്റെ സംസ്കാരവും ആചാരവും സ്വീകരിക്കാന്‍ മടികാണിച്ചില്ല. അതു തെറ്റാണെന്നു് യുവാക്കന്മാര്‍ പ്രഖ്യാപിച്ചു. അങ്ങനെയാണു് ‘നെഗ്രിറ്റൂസ്’ എന്ന പ്രസ്ഥാനമുണ്ടായതു്. വെള്ളക്കാരിയെ സ്നേഹിക്കാനും വെള്ളക്കാരന്റെ വസ്ത്രം ധരിച്ചു് അവനെപ്പോലെ ആകാനും ഈ നാടകത്തിലെ കഥാപാത്രങ്ങള്‍ ശ്രമിക്കുമ്പോള്‍ ആ അപകര്‍ഷബോധമല്ലേ ഫുഗാര്‍ഡ് അതിലൂടെ സൂചിപ്പിക്കുന്നതു്. ആയിരിക്കാം; അല്ലായിരിക്കാം. എന്തായാലും ആദര്‍ശ സാക്ഷാത്കാരത്തിനുള്ള യത്നം പരാജയപ്പെടുമ്പോള്‍ വ്യക്തികള്‍ ദാര്‍ഢ്യം കാണിച്ചു മുന്നോട്ടുവരും. റസ്കോല്‍ നിക്കോഫ് ഒരു വൃദ്ധയെ കൊന്നു് അതു പ്രദര്‍ശിപ്പിച്ചു. ഞങ്ങള്‍ നിങ്ങളുടെ ദൃഷ്ടിയില്‍ ജാതിഭ്രഷ്ടരായിരിക്കാം. പക്ഷേ കറുത്ത വര്‍ഗ്ഗക്കാരായ ഞങ്ങള്‍ക്കു് നിങ്ങളുടെ സംസ്കാരമോ ആചാരക്രമമോ വേണ്ട. നിങ്ങളുടെ വസ്ത്രധാരണ ക്രമം പോലും ഞങ്ങള്‍ക്കാവശ്യമില്ല. ഞങ്ങളുടെ രക്തബന്ധമാണു് ഉത്കൃഷ്ടം. അതാണു് പാവനം. നിങ്ങളെ ഞങ്ങള്‍ പരാജയപ്പെടുത്തും. എന്നാണു് ഫുഗാര്‍ഡിന്റെ നാടകത്തിലെ കഥാപാത്രങ്ങള്‍ ഉദ്ഘോഷിക്കുക. കറുത്ത വര്‍ഗ്ഗത്തിന്റെ ഇച്ഛാശക്തി സ്വതന്ത്രമായി പ്രത്യക്ഷമാകും എന്ന മഹനീയമായ സന്ദേശം ഈ നാടകം വിളംബരം ചെയ്യുന്നു. തന്റെ അതുല്ല്യമായ കലാവൈഭവംകൊണ്ടു് ഈ ആഫ്രിക്കന്‍ കലാകാരന്‍ മറ്റു രാജ്യങ്ങളിലെ സഹൃദയരേയും തന്നിലേക്കു് അടുപ്പിക്കുന്നു. അങ്ങനെ അദ്ദേഹം അവര്‍ക്കും ആരാധ്യപുരുഷനായി മാറുന്നു.