close
Sayahna Sayahna
Search

രണ്ടു നോബൽ സമ്മാനങ്ങൾ


രണ്ടു നോബൽ സമ്മാനങ്ങൾ
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മാജിക്കൽ റിയലിസം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1985
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 103 (ആദ്യ പതിപ്പ്)

ചരിത്രം ആവര്‍ത്തിക്കുന്നു എന്ന ചൊല്ലു് പലപ്പോഴും സത്യാത്മകമാണു്. 1956-ല്‍ പോളണ്ടിലെ പൊസ്നാന്യ നഗരത്തിലെ തൊഴിലാളികള്‍ തെരുവുകളിലിറങ്ങി സര്‍ക്കാരിനോടു് ആഹാരം ചോദിച്ചു. അവരുടെ നേതാവായിരുന്നു വ്ലാഡി സ്ലാഫ് ഗമുല്‍ക. പോളണ്ടിലെ തൊഴിലാളി കക്ഷിയുടെ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. പതിന്നാലു് കൊല്ലം കഴിഞ്ഞു് 1970-ല്‍ ഗഡാന്‍സ്കിലെ തുറമുഖത്തൊഴിലാളികള്‍ വിപ്ലവം നടത്തി. അതിന്റെ ഫലമായി ഗമുല്‍ക അധികാരഭൃഷ്ടനായി. അദ്ദേഹത്തിനുപകരം അധികാരസ്ഥാനത്തില്‍ പ്രവേശിച്ചതു് ഗൈറക്കായിരുന്നു. വ്യക്തിപരമായ അധികാരത്തിന്റെ അടിസ്ഥാനത്തിനു് ദൃഢത കൈവരുത്തിയ അദ്ദേഹം 1976-ല്‍ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തെച്ചൊല്ലി തൊഴിലാളികള്‍ ലഹളകള്‍ ഉണ്ടാക്കിയപ്പോള്‍ ആ അടിത്തറയ്ക്ക് അത്രത്തോളം ദാര്‍ഢ്യമില്ലയോ എന്നു സംശയിച്ചിരിക്കണം. 1980-ല്‍ ഗഡാന്‍സ്കിലും മറ്റു ചില പട്ടണങ്ങളിലും എട്ടുലക്ഷം തൊഴിലാളികള്‍ പണിമുടക്കി. മാംസത്തിന്റെ വില കൂടിയതിനെ പ്രധാനമായും കുറ്റപ്പെടുത്തിക്കൊണ്ടുണ്ടായ ആ പണിമുടക്കിന്റെ ആഘാതം സഹിക്കാനാവാതെ ഗൈറക്കു് രാജിവച്ചു. സ്റ്റാനി സ്ലാഫ് കനിയ അധികാരമേല്‍ക്കുകയും തൊഴിലാളികളുടെ സംഘടനയായ സോളിഡാരിറ്റി’യെ 1981-ല്‍ (മേയ് മാസത്തില്‍) അംഗീകരിക്കുകയും ചെയ്തു. 1980 നോടു് അടുപ്പിച്ചു് സോളിഡാരിറ്റിയുടെ നേതാവായി രംഗത്തുവന്ന ആളാണു് വലേസ. (പോളിഷ് ഉച്ചാരണം വിഭിന്നമാണു്) പിന്നീടുള്ള സംഭവങ്ങള്‍ ആരുടേയും ഓര്‍മ്മയില്‍നിന്നു മാഞ്ഞുപോയിട്ടില്ല. പോളണ്ടിലെ പട്ടാളഭരണവും വലേസയുടെ ബന്ധനവും പട്ടാളഭരണം അവസാനിച്ചപ്പോള്‍ അദ്ദേഹത്തിനുലഭിച്ച മോചനവുമെല്ലാം എല്ലാവര്‍ക്കും അറിയാം. ഗഡാന്‍സ്കിലെ ലെനിന്‍ ഷിപ്പ്‌യാര്‍ഡ് തൊഴിലാളികളുടെ നേതാവായ വലേസയ്ക്കാണു് 1983-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കിയിരിക്കുന്നതു്.[1] അങ്ങനെ അദ്ദേഹത്തെ മാര്‍ട്ടിന്‍ ലൂഥര്‍കിംഗ്, (1964-ലെ സമ്മാനം) ഹാമാര്‍ഷോള്‍ഡ് (1961-ലെ സമ്മാനം), ആര്‍ബര്‍ ഷ്വൈറ്റ്സര്‍ (1952-ലെ സമ്മാനം) ഇവര്‍ക്കു സദൃശനാക്കി കല്പിച്ചിരിക്കുന്നു അക്കാഡമി. ഡിസംബര്‍ പത്താം തീയതി നോര്‍വയിലെ ഉസ്ലൂവില്‍ ചെന്നു് വലേസ സമ്മാനം വാങ്ങും. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം സ്വീഡനിലെ സ്റ്റോക്ക് ഹോമില്‍ ചെന്നു് വില്യം ഗോള്‍ഡിങ്ങും സ്വീകരിക്കും. രണ്ടുപേരും അതുസ്വീകരിക്കുമെന്നതില്‍ ഒരു സംശയമില്ല. സമ്മാനം കിട്ടിയെന്നു് അറിഞ്ഞപ്പോള്‍ വലേസ പറഞ്ഞതു് “നോക്കു ഇതു സത്യമാണെന്നു മനസ്സിലാക്കുമ്പോള്‍ എനിക്കു നേരെ സംസാരിക്കാന്‍പോലും വയ്യ” എന്നാണു്. “യേശുവിനെ കല്ലെറിയുകയും ഒടുവില്‍ കുരിശിലേറ്റുകയും ചെയ്തു. പീഡിപ്പിക്കുന്നവര്‍ ഉയര്‍ത്തപ്പെടും” എന്നും കൂടി വലേസ പ്രഖ്യാപിച്ചു. ഈ സമ്മാനദാനം മുതലാളിത്ത രാഷ്ട്രങ്ങളെ എന്തെന്നില്ലാതെ ആഹ്ലാദിപ്പിച്ചിരിക്കുന്നു. “മൃഗീയശക്തിക്കു മുകളിലുള്ള സാന്മാര്‍ഗ്ഗിക ശക്തിയുടെ വിജയമായിട്ടാണു് പ്രസിഡന്റു് റെയ്‌ഗന്‍ അതിനെ കാണുന്നതു് (വലേസയുടെയും റെയ്‌ഗന്റെയും പ്രസ്താവനകള്‍ ന്യൂസ് വീക്കില്‍നിന്നു്).

ഇതെഴുതുന്ന ആളിനു് രാഷ്ട്രവ്യവഹാരത്തില്‍ താല്പര്യമില്ല. പക്ഷേ ചരിത്രം ആവര്‍ത്തിക്കുന്നതുകണ്ടു് തെല്ലൊരു അത്ഭുതത്തോടെ സംഭവവികാസങ്ങളെ വീക്ഷിക്കുന്നു. 1956-ലെ പൊസ്നാന്യ വിപ്ലവംതന്നെയല്ലേ 1970-ല്‍ ആവര്‍ത്തിക്കപ്പെട്ടതു്. 1970-ലെ ലഹളതന്നെയല്ലേ 1976-ല്‍ ആവിര്‍ഭവിച്ചതു്. 1980-ല്‍ ഗഡാന്‍സ്കിലും മറ്റു പട്ടണങ്ങളിലുമുണ്ടായ ‘റയറ്റ്സി’നു്. 1976-ലെ ‘റയറ്റ്സി’ല്‍നിന്നു് വല്ല വ്യത്യാസവുമുണ്ടോ? സംഖ്യാബലത്തിലല്ലാതെ. 1956-തൊട്ടുണ്ടായ മൂന്നു ലഹളകളുടേയും നേതാക്കന്മാര്‍ക്കു ലഭിക്കാത്ത സമ്മാനം 1980-ലെ ബഹളത്തിന്റെ നേതാവിനു് എങ്ങനെ ലഭിച്ചു? പോളണ്ടിന്റെ ‘ഒഫിഷ്യല്‍ ഐദിയോളജി, ഒന്നിനൊന്നു് ജീര്‍ണ്ണിച്ചുവെന്നും ബഹുജനത്തിനു ആ ജീര്‍ണ്ണത സഹിക്കാനാവാതെ വന്നുവെന്നും ജീര്‍ണ്ണത അതിന്റെ പരകോടിയിലെത്തിയപ്പോള്‍ പോളണ്ടിലെ സാമൂഹ്യശക്തികള്‍ ഒരുമിച്ചുകൂടി ഒരു വ്യക്തിയില്‍ ആഘാതമേല്പിച്ചുവെന്നും അതിന്റെ ഫലമായി ആ വ്യക്തി വലേസയായി പ്രത്യക്ഷനായിയെന്നും ചിലര്‍ പ്രഖ്യാപിച്ചേക്കാം. വാദത്തിനുവേണ്ടി ഇതു് ശരിയാണെന്നു് സമ്മതിച്ചാലും വലേസ സമാധാനത്തിന്റെയും ശാന്തിയുടേയും പ്രവാചകന്‍ ആകുന്നതെങ്ങനെ? ലോകശാന്തിക്കുവേണ്ടിമാത്രം യത്നിച്ചു് വെടിയേറ്റു മരിച്ച മാര്‍ട്ടിന്‍ലൂഥര്‍കിങ്ങിനും ഹുമാനിറ്റോറിയന്‍ എന്ന നിലയില്‍ എല്ലാവരും ആദരിച്ച സ്വൈറ്റ്സര്‍ക്കും അദ്ദേഹം സദൃശനാകുന്നതെങ്ങനെ? ലോകം കണ്ട അത്ഭുതപുരുഷന്മാരില്‍ ഒരാളായ മഹാത്മാഗാന്ധി നൗഖാലിയില്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മയൂഖമാലകള്‍ വീശിക്കൊണ്ടു് നടന്ന കാലത്തു് സ്വീഡിഷ് അക്കഡമിയും നോര്‍വീജിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുത്ത കമ്മിറ്റിയും കൂടി വിശ്വശാന്തിക്കുള്ള നോബല്‍സമ്മാനം കൊടുത്തതു് അമേരിക്കയിലെ ഏതോ ഫ്രണ്ട്സ് സര്‍വീസ് കമ്മിറ്റിക്കാണു്. പരാര്‍ത്ഥവാദത്തിന്റെ വേഷമെടുത്തു് സ്വാര്‍ത്ഥവാദം പ്രത്യക്ഷപ്പെടാറുണ്ടു്. സ്വാര്‍ത്ഥവാദത്തിന്റെ ജോലി അധികാരമന്വേഷിക്കലാണു്. ശീതയുദ്ധത്തിന്റെയും പവര്‍ പൊളിറ്റിക്സിന്റെയും സ്വാര്‍ത്ഥവാദം പരാര്‍ത്ഥവാദത്തിന്റെ വേഷം കെട്ടി സമ്മാനങ്ങള്‍ നല്‍കുന്നുവെന്നേ ഇവിടെ പറയാനുള്ളു. വലേസ ധീരനായിരിക്കാം. നേതാവായിരിക്കാം. മര്‍ദ്ദനത്തിനു വഴങ്ങിക്കൊടുക്കാത്ത വീരപുരുഷനായിരിക്കാം. സമീപഭാവിയില്‍ അദ്ദേഹം ഗമുല്‍ക്കയെപ്പോലെ ഗൈറക്കിനെപ്പോലെ അധികാരത്തില്‍ വന്നേക്കാം. പക്ഷേ വിശ്വശാന്തിയുടെ സന്ദേശവാഹകനല്ല. കമ്മ്യൂണിസത്തില്‍ ലക്ഷ്യത്തിനും മാര്‍ഗ്ഗത്തിനും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നു് ചൂണ്ടിക്കാണിക്കുന്നവര്‍ ക്യാപ്പിറ്റലിസത്തിലുള്ള ഇത്തരം പൊരുത്തക്കേടുകൾകൂടി കാണാത്തതെന്താണു്? (കൂട്ടത്തില്‍ പറയട്ടെ. ഈ ലേഖകന്‍ കമ്മ്യൂണിസ്റ്റല്ല.) സുശക്തങ്ങളായ ‘പവര്‍ബ്ലോക്കുകള്‍’ നിലനില്‍ക്കുന്നതു് ക്ഷുദ്രങ്ങളായ മുദ്രാവാക്യങ്ങളിലാണു്. ‘വലേസ മനുഷ്യരാശിയുടെ സംരക്ഷകന്‍’ എന്നതു അമേരിക്ക പ്രചരിപ്പിക്കുന്ന വിലകുറഞ്ഞ മുദ്രാവാക്യമാണു്.

II


(എനിക്കു്) ‘അമ്പരപ്പാണു്’ (ഈ ബഹുമതിയില്‍) ഇതു സത്യമോ എന്നു വിചാരിച്ചുവിചാരിച്ചു് ഞാന്‍ അത്ഭുതപ്പെടുന്നു. (ന്യൂസ് വീക്കു്)-എന്നു പറഞ്ഞ ഗോള്‍ഡിങ് സ്റ്റോക്ക് ഹോമില്‍ പോയി. സമ്മാനം വാങ്ങാതിരിക്കില്ല. മാര്‍കേസും ഏല്യാസ കനേറ്റിയും നിന്ന സ്ഥലത്തുതന്നെ നിന്നു് അദ്ദേഹം 190,000 ഡോളര്‍ വാങ്ങും. പക്ഷേ ഗോള്‍ഡിങ്ങിനു അതിനുള്ള അര്‍ഹതയുണ്ടോ? ഗോള്‍ഡിങ്ങിന്റെ നോവലുകളില്‍ ചിലതു ഞാന്‍ വീണ്ടും വായിച്ചു. സ്വീഡിഷ് അക്കാഡമിയിലെ അംഗമായ അര്‍റ്റൂര്‍ ലുണ്ട്ക്വിസ്റ്റ് “a little English phenomenon of no special interest-വിശേഷിച്ചൊരു ശ്രദ്ധയും അര്‍ഹിക്കാത്ത തുച്ഛ സംഭവം — എന്നു ഗോള്‍ഡിങ്ങിന്റെ നോവലുകളെക്കുറിച്ചു പറഞ്ഞതു ശരിയാണെന്നു തോന്നുകയും ചെയ്തു. പരസ്യമായി നിര്‍വഹിക്കപ്പെട്ടതാണു് ഈ പ്രസ്താവമെന്നു ന്യൂസ്‌വീക്കു് ലേഖകന്‍ എഴുതുന്നു. 1982-ലെ സാഹിത്യത്തിനുള്ള നോബല്‍സമ്മാനം നേടിയ മാര്‍കേസിനുപോലും ആരാധ്യനായ ബോര്‍ഹെസിനു ലഭിക്കേണ്ട ഈ സമ്മാനം ‘അലിഗറിസ്റ്റ്’ (ലാക്ഷണികകഥകള്‍ എഴുതുന്ന ആള്‍) മാത്രമായ ഗോള്‍ഡിങ്ങിനു് എങ്ങനെ കിട്ടി? ഉത്തരംകിട്ടാത്ത ചോദ്യമായി അതു് അവശേഷിക്കുന്നു.

കല സഹജഭാവ ബോധമായതുകൊണ്ടു് (Intuition)രണ്ടും വേര്‍തിരിക്കാന്‍ വയ്യ എന്നാണു് ക്രോച്ചെയുടെ മതം. പ്രതിരൂപത്തെ വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെങ്കില്‍ അവിടെ ധിഷണാപരമായ ഭ്രമം ഉണ്ടാകും. അലിഗറിയില്‍ പ്രതിരൂപത്തെ വേര്‍പെടുത്തിയെടുക്കാം. ഭാവംതന്നെ രൂപമായതാണു് കല. അതുകൊൻട് എവിടെ പ്രതിരൂപത്തെ വേര്‍തിരിച്ചു് എടുക്കാന്‍ കഴിയുന്നുവോ അവിടെ കലയില്ല. അലിഗറി അക്കാരണത്താല്‍ കലയല്ല. ഹെഗലെന്ന തത്ത്വചിന്തകനും അലിഗറി കലയല്ലെന്നു സ്ഥാപിച്ചിട്ടുണ്ടു്. ഇതുകൊണ്ടാവണം പടിഞ്ഞാറന്‍ ദേശത്തെ അലിഗറി നോവലായി മാറിയതു്. ഈ വികാസം മനുഷ്യമനസ്സിന്റെ വികാസത്തിനു അനുരൂപമാണു്. ഗോള്‍ഡിംഗ് ഇവിടെ പരാങ്മുഖനായി വര്‍ത്തിക്കുകയാണു്. അല്ലെങ്കില്‍ പ്രതിലോമകാരിയായി പ്രത്യക്ഷനാവുകയാണു്. അദ്ദേഹം നോവലിനെ വീണ്ടും അലിഗറിയാക്കി മാറ്റുന്നു.

‘സിങ്ക്’ (നാകം) ‘സള്‍ഫ്യൂറിക് ആസിഡി’ല്‍ ഇട്ടാല്‍ തിളച്ചു പൊന്തല്‍ ഉണ്ടാകും. മനുഷ്യനെ ഇഷ്ടംപോലെ ജീവിക്കാന്‍ അനുവദിക്കു. ഭൂമി മണല്‍ക്കാടായി മാറും. രണ്ടും പ്രകൃതിനിയമമാണു്. ഈ ആശയത്തെ ദൃഷ്ടാന്തീകരിക്കാനാണു് ഗോള്‍ഡിംഗ് Lord of the Flies എന്ന അലിഗറി രചിച്ചതു്. കുറെ കുട്ടികളെ അദ്ദേഹം ഒരു ദ്വീപില്‍ കൊണ്ടിടുന്നു. അവര്‍ തീവച്ചു് എല്ലാം നശിപ്പിക്കുന്നു. മൃഗങ്ങള്‍ ഇല്ല, വൃക്ഷങ്ങള്‍ ഇല്ല. ഭൂമിതന്നെ വന്ധ്യമായിമാറി. ഇതു ദ്വീപിലെ കഥ. ഇംഗ്ലണ്ടിലും അമേരിക്കയിലും യൂറോപ്പിലും കിഴക്കന്‍ രാജ്യങ്ങളിലും താമസിക്കുന്ന ആളുകളെ സംബന്ധിച്ചാണെങ്കില്‍? അവര്‍ പാര്‍ക്കുന്ന രാജ്യങ്ങളും ഇതുപോലെ വന്ധ്യമാകും. ഇതാണു് ഗോള്‍ഡിങ്ങിന്റെ ‘മഹനീയമായ’ ആശയം. ഇതു പ്രതിപാദിക്കാന്‍ അദ്ദേഹം സ്വകീയങ്ങളായ പ്രതിരൂപങ്ങള്‍ സ്വീകരിക്കുന്നു. സ്വാഭാവികങ്ങളല്ലാത്ത ഇമേജുകള്‍ നിവേശിപ്പിക്കുന്നു. ആ പ്രതിരൂപങ്ങളേയും ഇമേജുകളേയും മാറ്റൂ. നമ്മള്‍ കാണുന്നതു് തുച്ഛമായ ആശയം മാത്രം. ഈ ആശയം മതപരമായ യാഥാസ്ഥിതികത്വത്തോടു് ബന്ധപ്പെട്ടിരിക്കുന്നു. ആദാമും ഔവ്വയും ഈശ്വരന്റെ ആജ്ഞ അനുസരിച്ചില്ല. അവര്‍ ജ്ഞാനമന്വേഷിച്ചു. ഈ അന്വേഷിക്കലാണു് ആദിപാപം. അവരുടെ ‘പിന്‍മുറക്കാര്‍’ ഈ പാപത്തോടുകൂടി ജനിക്കുന്നു; ജീവിക്കുന്നു; മരിക്കുന്നു. സള്‍ഫ്യൂരിക് ആസിഡു് വീഴുന്ന സിങ്ക് കഷണം തിളച്ചുമറിയല്‍ ഉണ്ടാക്കുന്നതുപോലെ ഭൂമിയില്‍ വന്നുവീഴുന്ന മനുഷ്യന്‍ അതിനെ വന്ധ്യമാക്കും. അതു തടയണമെങ്കില്‍ സംസ്കാരത്തിന്റെ ഉദ്ബോധനങ്ങള്‍ക്കു യോജിച്ച മട്ടില്‍ അവര്‍ ജീവിക്കണം അതു സാധ്യമല്ല. ബഹിര്‍ഭാഗസ്ഥമായ അല്ലെങ്കില്‍ ഉത്താനസ്വഭാവമാര്‍ന്ന ഈ ആശയത്തിനു് ശൈലീവിഷയകമായ ഉജ്ജ്വലത നല്‍കുന്നതേയുള്ളു ഗോള്‍ഡിംഗു്. കാട്ടാളത്തത്തെ നിയന്ത്രിക്കാന്‍ പ്രയാസമാണു്, നിയന്ത്രിച്ചാല്‍ത്തന്നെ അതിനു് ക്ഷണികസ്വഭാവമേ ഉണ്ടാകൂ എന്ന ആശയത്തില്‍ എന്തു മൗലികതയിരിക്കുന്നു? ഏതു നോവലിന്റെ ആശയവും ഇമ്മട്ടില്‍ അബ്സെഡായി ലഘൂകരിച്ചുകൂടേ എന്ന ചോദ്യമുണ്ടാകാം. വയ്യ എന്നാണു് ഉത്തരം മെര്‍വില്ലിന്റെ ‘മൊബിഡിക്ക്’ തോമസ് മന്നിന്റെ ‘മാജിക്‍ മൗണ്ടന്‍’, ഇവോ ആന്‍ഡ്രിച്ചിന്റെ ‘ഡ്രീനാ നദിയിലെ പാലം’ ഇവയെല്ലാം ജീവിതംപോലെ വിശാലതയാര്‍ന്നതാണു്. പാരാവാര സദൃശമായ ജീവിതം. അവയെ ഒരു വാക്യത്തിലൊതുക്കിപ്പറയാന്‍ സാധിക്കുകയില്ല. Lord of the Flies അലിഗറിയായതുകൊണ്ടാണു് അതിന്റെ ആശയത്തെ പ്രതിരൂപത്തില്‍നിന്നു മാറ്റിനിറുത്തി പ്രതിപാദിക്കാന്‍ നമുക്കു് കഴിയുന്നതു്.

ഗോള്‍ഡിങ്ങിന്റെ മാസ്റ്റര്‍പീസായ Lord of the Flies ഇത്തരത്തിലാണെങ്കില്‍ മറ്റുള്ള കൃതികളുടെ നിലയെന്താണെന്നു ഊഹിക്കാവുന്നതേയുള്ളു. ആശയപ്രധാനങ്ങളും കൃത്രിമങ്ങളുമായ കൃതികളാണു് The inheritors, Pincher Martin, Free Fall, The Spire, Rites of Passage എന്നിവ. പ്രഥമ കൃതികളുടെ ന്യൂനതകളെല്ലാം ഇവയ്ക്കുമുണ്ടു്. അഞ്ചുവയസ്സായ കുട്ടി അമ്പതു വയസ്സുള്ളവനെപ്പോലെ പെരുമാറുകയും സംസാരിക്കുകയും ചെയ്താല്‍ നമുക്കു വെറുപ്പുതോന്നും അവനോടു്. Lord of the Flies എന്ന കൃതിയില്‍ കുട്ടികള്‍ പ്രായംകൂടിയവരെപ്പോലെ പെരുമാറി അനുവാചകരുടെ വെറുപ്പു തേടുന്നു. മാനുഷികാവസ്ഥകള്‍ രസകരങ്ങളാകുന്നതു ആ അവസ്ഥയില്‍പ്പെട്ട മനുഷ്യര്‍ ആന്തരമോ ബാഹ്യമോ ആയ സംഘട്ടനങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണു്. ഗോള്‍ഡിങ്ങിന്റെ കഥാപാത്രങ്ങള്‍ “പിരിലൂസുകളാണു്.” നിത്യജീവിതത്തിലെ പിരിലൂസുകള്‍ സംസാരിച്ചും പ്രവര്‍ത്തിച്ചും നമ്മളെ ശല്യം ചെയ്യും. എന്നാല്‍ ഈ സാഹിത്യകാരന്റെ മാനസസന്തതികള്‍ നിശ്ചലങ്ങളായി വര്‍ത്തിച്ചുകൊണ്ടു് അവയുടെ സാമാന്യഭിന്നസ്വഭാവം പ്രകടിപ്പിക്കുന്നു. രണ്ടു മിനിറ്റുകൊണ്ടു് മുങ്ങിച്ചാകുന്നവന്റെ ഓര്‍മ്മയാണു് അനേകം പുറങ്ങളോളം നീണ്ട ഒരു ‘നോവലി’ന്റെ പ്രതിപാദ്യം. (Pincher Martin) താന്‍ വശീകരിച്ച പെണ്‍കുട്ടി ഭ്രാന്തിയാകുമ്പോള്‍ ആത്മാവു് നഷ്ടമായി എന്നു കരുതുന്നവനാണു് വേറൊരുവന്‍ (Free Fall). അസ്തിവാരമുറയ്ക്കാത്ത പള്ളിയുടെ മുകളില്‍ നാനൂറടിപ്പൊക്കത്തില്‍ ഗോപുരം കെട്ടുന്നു വേറൊരു കിറുക്കന്‍. ആകെക്കൂടി അസ്വാഭാവികത, കൃത്രിമത്വം. മഹാന്മാരായ നോവലിസ്റ്റുകളുടെ കൃതികള്‍ വായിക്കുമ്പോള്‍ കറുത്ത അക്ഷരങ്ങളില്‍ നിന്നു് ജീവനാര്‍ന്ന മനുഷ്യര്‍ എഴുന്നേറ്റു് നമ്മുടെ അടുത്തേക്കു നടന്നു വരും. ഗോള്‍ഡിങ്ങിന്റെ കഥാപാത്രങ്ങള്‍ അച്ചടിച്ച അക്ഷരങ്ങളില്‍ അവയുടെ അനിയത സ്വഭാവത്തോടുകൂടി കിടക്കുന്നതേയുള്ളു. വലേസയ്ക്കു വാക്കുകള്‍ കിട്ടുന്നില്ല. ഗോള്‍ഡിങ്ങിനു് അമ്പരപ്പും. അര്‍ഹതയില്ലാത്തതു കിട്ടുമ്പോള്‍ ഇതൊക്കെ സംഭവിക്കും. അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു?

ആര്‍ജെന്റൈന്‍ സാഹിത്യകാരനായ ഹൂലിയോ കോര്‍ട്ടസാര്‍ (Julio Cortazar — b 1914) എഴുതിയ ഒരു ചെറുകഥയില്‍ ഒരു കഥാപാത്രം ജീവനുള്ള മുയലുകളെ ഛര്‍ദ്ദിക്കുന്നതായി വര്‍ണ്ണിച്ചിരിക്കുന്നു. കൊളമ്പിയന്‍ നോവലിസ്റ്റു് ഗാബ്രിയേല്‍ ഗറീസയോ മാര്‍കേസിന്റെ (Gabriel Garcia Marquez-b 1928) One Hundred Years of Solitude എന്ന നോവല്‍ വിശ്വവിഖ്യാതമായിക്കഴിഞ്ഞല്ലോ. നോവലെഴുത്തുകാരുടെ കൂട്ടത്തില്‍ മാര്‍കേസിനെ അതിശയിക്കുന്ന മറ്റൊരു നോവലിസ്റ്റ് ഇല്ലെന്നു പലരും അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഈ നോവലില്‍ യുക്തിക്കു നിരക്കാത്ത മനോരഥസൃഷ്ടികളുടെ — ഫാന്റസികളുടെ — വിളയാട്ടം കാണാം. മദ്യപാനത്താലുള്ള ബോധശൂന്യതയും വാര്‍ദ്ധക്യത്താലുള്ള കാഴ്ചക്കുറവും പല കാരണങ്ങളാല്‍ വന്നുചേര്‍ന്ന ഭ്രാന്തുമൊക്കെ ഈ ഫാന്റസികളുടെ സൃഷ്ടിക്കു സഹായമരുളുന്നു. മഞ്ഞപ്പൂക്കള്‍ അന്തരീക്ഷത്തില്‍ വന്നുവീഴുന്നതായി പ്രസ്താവം. മരിച്ച ഒരു ജിപ്സി ജീവനാര്‍ന്നുവരുന്നു. നോവലിലെ മറ്റൊരു കഥാപാത്രമായ ഒറീലിയാനോ ബുവേണ്ടിയ പതിനൊന്നു വയസ്സു മാത്രമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നു. രാത്രിതോറും കിടന്നു മൂത്രമൊഴിക്കുന്ന അവളുടെ ശീലം അങ്ങോട്ടുമാറിയതേയുള്ളു. അപ്പോഴാണു് വിവാഹം. കല്യാണത്തിനു വന്നവര്‍ക്കു് ചുംബിക്കാന്‍വേൻടി ശിശുവായ വധുവിനെ മറ്റാളുകള്‍ എടുത്തുയര്‍ത്തിക്കൊടുക്കുന്നു. അമരാന്ത ഉര്‍സൂലയും അവളുടെ അനന്തിരവനും തമ്മിലുള്ള അവിഹിതവേഴ്ചയില്‍നിന്നു ജനിച്ച ശിശുവിനു് പന്നിയുടെ വാലുണ്ടായിരുന്നു. ഇങ്ങനെ എത്രയെത്ര ഫാന്റസികള്‍! നോവല്‍ യഥാതഥ്യത്തെ അതേപടി പ്രതിഫലിപ്പിക്കുന്ന ദര്‍പ്പണമല്ല, അതൊരു സാങ്കല്പിക സൃഷ്ടി മാത്രമാണെന്നു വിശ്വസിക്കുന്നവരാണു് ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്മാര്‍. ബോര്‍ഹെസിന്റെ (Borges) El otro tigre എന്ന കാവ്യത്തില്‍ കവിതയില്‍ ആലേഖനം ചെയ്യപ്പെടുന്ന കടുവയും, ബംഗാളിലെ വനത്തില്‍ നടക്കുന്ന കടുവയും തമ്മില്‍ അന്തരമുണ്ടെന്നു വ്യക്തമാക്കിയിരിക്കുന്നു. രചന എത്ര യഥാതഥമായാലും അതു സാങ്കല്പികമല്ലേ? അപ്പോള്‍ കടുവയ്ക്കു നാലു കാലുണ്ടെന്നു് എന്തിനു പറയണം? അതിനു സംസ്കൃതം അറിഞ്ഞുകൂടെന്നു് എന്തിനു കരുതണം? കാവ്യത്തിലെ കടുവയ്ക്കു മൂന്നു കാലുകള്‍ ആകാം. അതു ഹോക്കികളിക്കാം. അതിനു സംസ്കൃതം സംസാരിക്കാം. ഈ ഫാന്റസി, ലാറ്റിനമേരിക്കന്‍ സാഹിത്യസൃഷ്ടികളുടെ ഒരനുപേക്ഷണീയഘടകമാണു്. മാര്‍കേസിന്റെ ചെറുകഥകളിലും നോവലുകളിലും അതു ചേതോഹരമായി പ്രത്യക്ഷപ്പെട്ടു് കലയുടെ സത്യത്തിലേക്കു വായനക്കാരെ നയിക്കുന്നു.

മാര്‍കേസിന്റെ “A very old man with Enormous Wings” എന്ന ചെറുകഥയില്‍ പെലയോ എന്ന കഥാപാത്രം ധാരാളം ഞണ്ടുകളെ കൊല്ലുന്നതായിട്ടാണു് ആദ്യത്തെ പ്രസ്താവം. തന്റെ കുട്ടിക്കു പനി വന്നതു് ചത്ത ഞണ്ടുകളുടെ നാറ്റംകൊണ്ടാണെന്നു് അയാള്‍ കരുതുന്നു. ആ ഞണ്ടുകളെ കടലില്‍ വലിച്ചെറിഞ്ഞിട്ട്ട് അയാള്‍ തിരിച്ചുവരുമ്പോള്‍, മുറ്റത്തു് ഒരു കിഴവന്‍ എഴുന്നേല്‍ക്കാന്‍ വയ്യാതെ കിടക്കുന്നു. അതിന്റെ ഹേതുവെന്താണെന്നു നോക്കിയപ്പോള്‍ ആ കിഴവനു രണ്ടു വലിയ ചിറകുകള്‍. മാലാഖ സുഖക്കേടു പിടിച്ച കുട്ടിയെ കൊണ്ടുപോകാന്‍ സ്വര്‍ഗ്ഗത്തുനിന്നു വന്നിരിക്കുകയാണെന്നു് എല്ലാവരും കരുതി.

സമുദ്രതീരത്തുനിന്നു് വളരെ അകന്നു്, കടന്നുചെല്ലാന്‍ വയ്യാത്ത കാടുകളും അനൂപദേശങ്ങളും നിറഞ്ഞ ഒരു സാങ്കല്പിക പ്രദേശമാണു് മാക്കോണ്ട. അവിടെയാനു് One Hundred Years of Solitude എന്ന നോവലിലെ കഥ നടക്കുന്നതു്. അവിടം തീകച്ചും അപരിഷ്കൃതങ്ങളാണു്. ആ സ്ഥലത്തുനിന്നു് ഇരുന്നൂറോ മുന്നൂറോ നാഴിക അകലെയായി ആധുനിക പരിഷ്കാരത്തിന്റെ എല്ലാ സൗകര്യങ്ങളുമുള്ള പട്ടണങ്ങളുണ്ടു്. അവിടെനിന്നു് അയസ്കാന്തവും ഭൂതക്കണ്ണാടിയും മാക്കോണ്ടയിലെത്തുമ്പോള്‍ ആളുകള്‍ അത്ഭുതപ്പെടുന്നു. പക്ഷേ, അവിടെ മാനത്തുനിന്നു മന്ഞപ്പൂക്കള്‍ വീഴുമ്പോള്‍ ആളുകള്‍ നൂറുവര്‍ഷത്തിലധികം ജീവിക്കുമ്പോള്‍, ചത്തവര്‍ ജീവനോടെ എഴുന്നേറ്റു വരുമ്പോള്‍ അവര്‍ക്കു് അത്ഭുതമില്ല. ഒറ്റപ്പെടല്‍കൊണ്ടുണ്ടാകുന്ന മാനസികാവസ്ഥയാണിതു്. ഇതിനെ സ്ഥൂലീകരിച്ചു് മാര്‍കേസ് നോവലില്‍ പ്രതിപാദിക്കുന്നു. അപഗ്രഥിച്ചുനോക്കൂ. ഫാന്റസിയില്‍നിന്നു് നിങ്ങള്‍ക്കു സത്യത്തിലെത്താം.


  1. വലേസക്കു നോബല്‍സമ്മാനം കൊടുത്തപ്പോള്‍ രചിച്ച ലേഖനം.