close
Sayahna Sayahna
Search

മൗലികതയുടെ നാദം


മൗലികതയുടെ നാദം
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മാജിക്കൽ റിയലിസം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1985
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 103 (ആദ്യ പതിപ്പ്)

സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തിനു് എത്രത്തോളം ഔന്നിത്യത്തിലെത്താം? അത്രത്തോളം ഔന്നത്യമാര്‍ജ്ജിച്ച ഒരു ദക്ഷിണാഫ്രിക്കന്‍ നോവലാണു് ജെ.എം.കൂറ്റ്സേയുടെ (J.M. Coetzee) “അപരിഷ്കൃതര്‍ക്കുവേണ്ടിയുള്ള കാത്തുനില്പ്” (Waiting for the Barbarians). സവിശേഷതയാര്‍ന്ന മനുഷ്യാവസ്ഥയെ ഭാവനാത്മകമായി ചിത്രീകരിച്ചു് അനുവാചകനെ ഉത്തേജിപ്പിക്കുകയും അയാളെ അത്ഭുതത്തിലേക്കു വലിച്ചെറിയുകയും ചെയ്യുന്നു ഈ കലാശില്പം. മനുഷ്യന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ലോകത്തെ ചിത്രീകരിക്കാനാവും സാഹിത്യത്തിനു്. ഇനിയൊരിക്കലും ആവിര്‍ഭവിക്കാത്ത ലോകമാവിഷ്കരിച്ച് അയാളെ രസിപ്പിക്കാനാവും സാഹിത്യത്തിനു്. അവ രണ്ടും പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവരുമ്പോള്‍ പ്രതിപാദ്യവിഷയത്തിനു രൂപപരിവര്‍ത്തനം വന്നെ മതിയാവൂ. സമകാലിക പ്രാധാന്യമുള്ള ഒരാശയത്തെ സാര്‍വജനീനമായ ഒരു വൈകാരികാനുഭവത്തെ യഥാതഥമായി സ്ഫുടീകരിച്ച് അനുവാചകനെ ആഹ്ലാദാനുഭൂതിക്കു് വിധേയനാക്കുന്നു കൂറ്റ്സേയുടെ ഈ നോവല്‍. ഇതു വായിക്കുമ്പോള്‍ പുതിയ ആശയങ്ങള്‍. പുതിയ കാഴ്ചപ്പാടുകള്‍ ഇവ സഹൃദയന്റെ മുന്‍പില്‍ അനാവരണം ചെയ്യപ്പെടുന്നു. എന്നാല്‍ വാസ്തവികതയുടെ മണ്ഡലത്തില്‍നിന്നു് അയാളെ മാറ്റിനിറുത്തുന്നുമില്ല ഐന്ദ്രജാലിക പ്രഭാവമാര്‍ന്ന ഈ ദക്ഷിണാഫ്രിക്കന്‍ കലാകാരന്‍. തെക്കേ ആഫ്രിക്കയെക്കുറിച്ച് ചേതോഹരങ്ങളായ നോവലുകള്‍ രചിച്ച നടൈന്‍ ഗോര്‍ഡിമര്‍ എന്ന ബ്രിട്ടീഷ് നോവലെഴുത്തുകാരി കൂറ്റ്സേയുടെ ഈ നോവല്‍ വായിച്ചു പറഞ്ഞതു് കേട്ടാലും: “J.M. Coetzee’s vision goes to the nerve centre of being. What he finds there is more than most people will ever know about themselves and he conveys it with a brilliant writer’s mastery of tension and elegance” — “ജെ. എം. കൂറ്റ്സേയുടെ കാഴ്ചപ്പാടു് അന്തസ്സത്തയുടെ സിരാകേന്ദ്രത്തിലേക്കുചെല്ലുന്നു. ഭൂരിപക്ഷമാളുകള്‍ക്കും തങ്ങളെക്കുറിച്ചു് അറിയാന്‍ സാധിക്കുന്നതിലധികം അദ്ദേഹം അവിടെ കാണുന്നുണ്ടു്. പിരിമുറുക്കം, ഭംഗി ഇവയില്‍ അതിവിദഗ്ദ്ധനായ എഴുത്തുകാരനുള്ള ആധിപത്യത്തോടെ അദ്ദേഹം അതു (നമുക്കു) പകര്‍ന്നുതരുന്നു” വിഖ്യാതനായ ബര്‍നാഡ്‌ലവിന്‍ എഴുതി: “I have known few authors who can evoke such a wilderness in the heart of man…Mr. Coetzee knows the elusive terror of Kafka” — മനുഷ്യ ഹൃദയത്തില്‍ ഇമ്മാതിരി അസ്വസ്ഥത ഉളവാക്കാന്‍ കഴിയുന്ന ഗ്രന്ഥകാരന്മാരെ ചുരുക്കമായിട്ടേ എനിക്കറിയാവൂ. കാഫ്കയുടെ വിദഗ്‌ദ്ധമായി തെന്നിമാറുന്ന ഭീതിയെന്തെന്നു കൂറ്റ്സേ മനസ്സിലാക്കിയിട്ടുണ്ടു്. നോവല്‍ വായിക്കു. ഈ പ്രസ്താവങ്ങള്‍ സത്യത്തില്‍ സത്യമാണെന്നു ഗ്രഹിക്കാം.

നോവല്‍ ആരംഭിക്കുന്നു. ഒരതിര്‍ത്തിദേശത്തെ വളരെ വര്‍ഷങ്ങളായി ഭരിച്ചുപോരുന്ന ഒരു മജിസ്‌ട്രേറ്റിന്റെ ആത്മകഥയുടെ രീതിയിലാണു് അതു രചിച്ചിട്ടുള്ളതു്. ‘അതുപോലെ വേറൊന്നു ഞാന്‍ കണ്ടിട്ടേയില്ല. അയാളുടെ കണ്ണുകള്‍ക്കു മുന്‍പില്‍ കമ്പിവളയങ്ങളില്‍ തൂക്കിയിട്ട രണ്ടു കറുത്ത വട്ടക്കണ്ണാടികള്‍. അയാള്‍ കുരുടനോ? കാഴ്ചയില്ലാത്ത കണ്ണുകളെ മറയ്ക്കാനാണു് അയാളുടെ ഉദ്ദേശ്യമെങ്കില്‍ എനിക്കിതു മനസ്സിലാക്കാമായിരുന്നു. പക്ഷേ, അയാള്‍ അന്ധനല്ല വട്ടക്കണ്ണാടികള്‍ ഇരുണ്ടവയാണു്. പുറമേനിന്നുനോക്കിയാല്‍ മറുപുറം കാണാന്‍വയ്യ. എന്നാല്‍ അയാള്‍ക്കു് അവയില്‍ക്കൂടെ കാണാം. അതൊരു പുതിയ കണ്ടുപിടിത്തമാണെന്നാണു് അയാള്‍ എന്നോടു പറയുന്നതു്. ‘സൂരുന്റെ ഉജ്ജ്വലപ്രകാശത്തില്‍ നിന്നു് കണ്ണുകള്‍ രക്ഷിക്കുമിവ’ എന്നു് അയാള്‍ അറിയിക്കുന്നു. ഈ വാക്കുകള്‍ മജിസ്ട്രേട്ടിനോടു പറഞ്ഞതു് ‘സാമ്രാജ്യ’ത്തിന്റെ (Empire) പ്രതിപുരുഷനായി അവിടെ എത്തിയ കേണല്‍ യോള്‍ (Colonel Joll) ആണു്. ‘സിവിള്‍ ഗാര്‍ഡി’ന്റെ പ്രധാനപ്പെട്ട വിഭാഗമായ ‘തേഡ് ബ്യൂറോ’യിലെ ഉദ്യോഗസ്ഥനാണു് അയാള്‍. നോവലിന്റെ തുടക്കം അതിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകഴിഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ഊഷ്മളതയും പ്രകാശവുമാര്‍ന്ന മര്‍ദ്ദിതവിഭാഗത്തെ നോക്കാന്‍ സാമ്രാജ്യത്വത്തിനു കഴിയില്ല. കറുത്ത കണ്ണാടിയിലൂടെ — നിറം പിഴച്ച ആശയ സ്ഫടികത്തിലൂടെ — മാത്രമേ അതിനു് ആ ഔജ്ജല്യത്തെ ദര്‍ശിക്കാനാവൂ. കണ്ണാടിക്കുപോലും തടുത്തു നിറുത്താനാവാത്ത വിധത്തില്‍ മര്‍ദ്ദിത വിഭാഗത്തിന്റെ ഉജ്ജ്വലതയും ഊഷമളതയും വര്‍ദ്ധിക്കുകയില്ലെന്നു് ആരുകണ്ടു?

യോള്‍ ആ അതിര്‍ത്തി ദേശത്തു് എത്തിയതു് അപരിഷ്കൃതരെന്നു സംശയിക്കപ്പെട്ടു് ബന്ധനസ്ഥരാക്കപ്പെട്ടവരെ ചോദ്യം ചെയ്യാനാനു്. അയാളുടെ മുമ്പില്‍ ഒരു വൃദ്ധനും കുട്ടിയുമുണ്ടു്. കുട്ടി വൃദ്ധന്റെ സഹോദരിയുടെ മകനാണു്. ബാലന്റെ തൊലിപ്പുറത്തെ രോഗം ഡോകടറെ കാണിക്കാനാണ് അവര്‍ അവിടെ ചെന്നതു്. പക്ഷേ, കൊള്ളയ്ക്ക് എത്തിയ അപരിഷ്കൃതരെന്ന് സംശയത്താല്‍ അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ‘വൃദ്ധന്‍ പറയുന്നു അവര്‍ ഡോക്ടറെ കാണാന്‍ വന്നതാണെന്നു്. ഒരുപക്ഷേ, അതായിരിക്കാം സത്യം. കൊള്ളചെയ്യാന്‍ വരുന്ന സംഘം കിഴവനേയും രോഗംപിടിച്ച കുട്ടിയേയും കൂടെ കൊണ്ടുവരുമോ?’ എന്നു മജിസ്ട്രേട്ട് സഹതാപം സൂചിപ്പിച്ചുകൊൻട് യോളിനോടു ചോദിച്ചു. കേണല്‍ അവരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. അതുകഴിഞ്ഞപ്പോള്‍ കിഴവന്‍ ശവമായി മാറി അതിന്റെ ഒരു കണ്ണ് മുകളിലേക്കു പോയിരിക്കുന്നു. മറ്റേ കണ്ണിന്റെ സ്ഥാനത്തു് ചോര നിറഞ്ഞ കുഴിമാത്രം. ശവത്തോടു കുട്ടിയെ കൂട്ടിക്കെട്ടി ശവാവരണം തുന്നിച്ചേര്‍ത്തിരിക്കുന്നു. ബാലനെ മോചിപ്പിക്കാന്‍ ആജ്ഞാപിച്ചിട്ടു് മജിസ്ട്രേട്ടു് താമസസ്ഥലത്തേക്കു പോയി.

സാമ്രാജ്യത്തിനു സേവനമനുഷ്ഠിക്കുന്ന ഗ്രാമപ്രദേശത്തെ മജിസ്ട്രേട്ടാണു് അയാള്‍. പെന്‍ഷന്‍ പറ്റാന്‍ ആ മനുഷ്യനു് അധികം കാലമില്ല ഇനി. എന്നാല്‍ വിസ്മയങ്ങളില്‍ വിസ്മയമായതു് അയാള്‍ അന്നുവരെ ബാര്‍ബേറിയന്‍സിനെ — അപരിഷ്കൃതരെ കണ്ടിട്ടില്ല എന്നതാണു്. അവര്‍ സൈന്യം ശേഖരിക്കുന്നുണ്ടത്രേ. ‘സാമ്രാജ്യ’ത്തോടു് അവര്‍ യുദ്ധംചെയ്യുമത്രേ. അതിര്‍ത്തിദേശത്തെ സ്ത്രീകള്‍ അവരെ സ്വപ്നം കാണാറുണ്ടുപോലും. കട്ടിലിന്നടിയില്‍ നിന്നു് ഉഅയര്‍ന്നുവരുന്ന അപരിഷ്കൃതന്റെ കറുത്ത കൈ തങ്ങളെ പിടികൂടുന്നതായിട്ടാണു് സ്ത്രീകളുടെ സ്വപ്നം. പുരുഷന്മാരുടെ കിനാവുകള്‍ മറ്റൊരുവിധത്തിലാണു്. അപരിഷ്കൃതര്‍ തങ്ങളുടെ വീടുകള്‍ ആക്രമിക്കുന്നു.പ്ലേറ്റുകള്‍ തകര്‍ക്കുന്നു. പെണ്‍മക്കളെ ബലാല്‍സംഗം ചെയ്യുന്നു. പക്ഷേ, മജിട്രേട്ടിനു് ഇതിലൊന്നും വിശ്വാസമില്ല. ‘അപരിഷ്കൃതരുടെ സൈന്യത്തെ എനിക്കു കാണിച്ചുതരൂ: എന്നാല്‍ ഞാന്‍ വിശ്വസിക്കാം’ എന്നാണു് അയാള്‍ തന്നോടുതന്നെ പറയുന്നതു്.

(Show me a barbarian army and I will believe, Page 8)

കേണല്‍ യോള്‍ അറസ്റ്റുചെയ്‌തുകൊണ്ടുവന്ന ‘അപരിഷ്കൃത’രുടെ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയുമുണ്ടു്. യോളിന്റെ അനുചരന്മാര്‍ അവളുടെ കണങ്കാലുകള്‍ അടിച്ചുപൊട്ടിച്ചിരുന്നു. കല്ക്കരിയില്‍ പഴുപ്പിച്ചെടുത്ത ഇരുമ്പുകമ്പികള്‍ അവളുടെ കണ്ണിനടുത്തു കൊണ്ടു വന്നു. സാധാരണമായി അവര്‍ അവകൊണ്ടു് തടവുകാരുടെ കണ്ണുകള്‍ തകര്‍ക്കുകയാണു് ചെയ്യാറു്. പക്ഷേ, ആ പെണ്‍കുട്ടിയുടെ കണ്ണുകള്‍ അവര്‍ കരിച്ചില്ല. എങ്കിലും പഴുത്ത കമ്പികളുടെ ചൂടേറ്റതു കൊണ്ടു് അവള്‍ക്കു് ശരിയായി കാണാന്‍ വയ്യ. മജിസ്ട്രേട്ടു് അവളെ വിളിച്ചു് കാലുകള്‍ വേണ്ടപോലെ കഴുകി ’ഡ്രസ്സ്’ ചെയ്‌തു. നിതംബം തുടച്ചു. സോപ്പ് പുരണ്ട അയാളുടെ കൈ അവളുടെ തുടകള്‍ക്കിടയിലൂടെ സഞ്ചരിച്ചു. അവളുടെ കക്ഷം കഴുകാന്‍ ഭാവിച്ചപ്പോള്‍ അവള്‍ കൈ ഉയര്‍ത്തിക്കൊടുത്തു. വയറും മുലകളും കഴുകി. തലമുടി പിന്നിലേക്കാക്കി കഴുത്തു കഴുകിക്കൊടുത്തു. പിന്നീടു് അയാള്‍ അവളുടെ ശരീരമാകെ തുടച്ചു. അയാള്‍ അവള്‍ക്കു് ആഹാരം കൊടുത്തു; ആശ്രയം നല്കി. അവളുടെ ശരീരം ഉപയോഗിച്ചു. ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ അടുക്കളക്കാരിയായി. അതുകണ്ടു് ‘സാമ്രാജ്യ’ത്തിലെ പട്ടാളക്കാര്‍ പറഞ്ഞു: അടുക്കളയില്‍ നിന്നു് മജിസ്ട്രേട്ടിന്റെ കിടക്കയിലേക്കു് എളുപ്പമുള്ള പതിനാറു കാല്‍വയ്പുകള്‍.

ദിനങ്ങള്‍ കഴിഞ്ഞു. പെണ്‍കുട്ടിയുടെ വിഷാദം കണ്ടപ്പോള്‍ മജിസ്ട്രേട്ടു് അവളോടു ചോദിച്ചു: ‘നിനക്കു തിരിച്ചുപോകണമെന്നുണ്ടോ? എങ്കില്‍ ഞാന്‍ നിന്നെ തിരിച്ചയയ്ക്കാം’. ‘എവിടെ അയയ്ക്കും?’ എന്നു് അവളുടെ ചോദ്യം. ‘അപരിഷ്കൃത’രില്‍ പെട്ടവളല്ലേ അവള്‍? അവരുടെ കൂട്ടത്തില്‍ ചെല്ലേണ്ടവളല്ലേ ആ പെണ്‍കുട്ടി? ആരാണു് ഈ അപരിഷ്കൃതര്‍? — ബാര്‍ബേറിയന്‍സ്? നൂറു കൊല്ലത്തോളമായി മജിസ്ട്രേട്ടിന്റെ വര്‍ഗ്ഗക്കാര്‍ അവിടെയെത്തിയിട്ടു്. അവര്‍ മണല്‍ക്കാടായിരുന്ന ആ പ്രദേശം കൃഷിസ്ഥലമാക്കി. ജലസേചന പദ്ധതികള്‍കൊണ്ടു് അവിടം ഹരിതാഭമാക്കി. ചുറ്റും കോട്ട കെട്ടി എന്നിട്ടും അപരിഷ്കൃതരുടെ വിചാരം ഈ വിദേശികള്‍ അവിടം വിട്ടു പോകണമെന്നാണു്. ശുദ്ധജലതടാകം ക്രമേണ ഉപ്പുരസമുള്ളതാകുന്നു.അങ്ങനെ ഉപ്പു കലര്‍ത്തുന്നതു് ബാര്‍ബേറിയന്‍സ് ആകാം. തടാകങ്ങളില്‍ ഉപ്പു കൂടുമ്പോള്‍ വയലുകള്‍ കരിയും. അപ്പോള്‍ വന്നെത്തിയവര്‍ വിട്ടുപോകുമെന്നാവാം അപരിഷ്കൃതര്‍ കരുതുന്നതു്.

സ്വന്തം കൈകളില്‍ തലവച്ചു് അവള്‍ കിടക്കുകയാണു്. തുളുമ്പുന്ന മൃഗീയമായ ആരോഗ്യം; ഉറച്ച മുലകള്‍; മൃദുത്വമുള്ള വയറു്. എന്നാല്‍ അവളുടെ മുന്‍പില്‍ മുട്ടുകുത്തിയിരിക്കുന്ന ഈ വയസ്സന്റെ — മജിസ്ട്രേട്ടിന്റെ — സ്‌പര്‍ശത്തില്‍ അവയ്ക്കു് ഒരു പ്രതികരണവുമില്ല. ലൈംഗിക വികാരം അതു കുതിരയിലോ ആട്ടിലോ പുരുഷനിലോ സ്ത്രീയിലോ ആയിക്കൊള്ളട്ടെ — ലളിതമായ ജീവിതസത്യമല്ലേ? പ്രായം കൂടിക്കൊണ്ടിരിക്കുന്ന ഒരു വിദേശി ഒരു പെണ്‍കുട്ടിയെ തെരുവില്‍നിന്നു് ഉയര്‍ത്തിയെടുക്കുന്നു; വീട്ടില്‍ കൊണ്ടുവരുന്നു. എന്തിനു്? അവളുടെ കാലുകളെ ചുംബിക്കാന്‍; ശരീരത്തില്‍ തൈലം പുരട്ടാന്‍; അവളുടെ കൈകളില്‍ കിടന്നുറങ്ങാന്‍. ഇപ്പോള്‍ അയാള്‍ അവളില്‍നിന്നു മാറിക്കിടക്കുന്നു. ഇതു് ധ്വജഭംഗമല്ലേ? സ്വന്തം വികാരങ്ങളില്‍നിന്നുള്ള മാറിനില്ക്കലല്ലേ? അന്യവത്കരണമല്ലേ? (ആഫ്രിക്കയെ ബലാത്സംഗം ചെയ്ത വെള്ളക്കാരനെ എത്ര വിദഗ്‌ദ്ധമായി ജെ. എം. കൂറ്റ്സേ ചിത്രീകരിക്കുന്നുവെന്നു നോക്കുക — ലേഖകന്‍)

മജിസ്ട്രേട്ടു് പുതുതായി നിയമിച്ച രണ്ടു പട്ടാളക്കാരെയും ആ ദേശത്തുകാരനായ ഒരു വൃദ്ധന്‍ വേട്ടക്കാരനെയും കൂട്ടി പെണ്‍കുട്ടിയോടൊരുമിച്ചു് യാത്രയായി. അവളെ അവളുടെ ആളുകളെ ഏല്പിക്കാനാണു് അയാളുടെ യത്നം. പത്തു ദിവസത്തെ യാത്ര. അതാ പര്‍വ്വതത്തില്‍ മൂന്നുപേര്‍ അവ്യക്തതയാര്‍ന്നു കാണപ്പെടുന്നു. പക്ഷേ അവരെ അടുക്കാനാവുന്നില്ല. മജിസ്ട്രേട്ടും അനുചരന്മാരും നീങ്ങുമ്പോള്‍ അവരും നീങ്ങുകയാണു്. ‘അവരെത്രകാലമായി ഞങ്ങളെ പിന്തുടരുന്നു? അതോ ഞങ്ങള്‍ അവരെ പിന്തുടരുന്നതായി അവര്‍ സങ്കല്പിക്കുന്നുവോ?’ എന്നു് മജിസ്ട്രേട്ടു് ചോദിക്കുന്നു. മൂന്നുപേര്‍ക്കു പകരം ഇപ്പോള്‍ പന്ത്രണ്ടുപേരാണു് കുതിരകളുടെ പുറത്തു്. അവരുടെ അടുത്തെത്തി മജിസ്ട്രേട്ടും പെണ്‍കുട്ടിയും അനുയായികളും. ‘ഗുഡ് ബൈ’ മജിട്രേട്ട് പറഞ്ഞു. ‘ഗുഡ് ബൈ’ എന്നു് അവളും.

തിരിച്ചെത്തിയ മജിട്രേട്ടു് കാരാഗൃഹത്തിലായി. അയാളുടെ പേരില്‍ പല ‘ചാര്‍ജ്ജു’കള്‍. പണത്തെ സംബന്ധിച്ച ക്രമക്കേടുകള്‍. ഒരു തെരുവുപെണ്ണുമായുള്ള വേഴ്ച. ആ വേഴ്ചയുടെ ഫലമായി ‘ഇംപീരിയല്‍ അഡ്മിനിസ്ട്രേഷനു’ വന്ന താഴ്ച, കൂടെപ്പോയവരെ ഒഴിവാക്കിക്കൊണ്ടു് ബാര്‍ബേറിയന്‍സുമായുള്ള സംഭാഷണം, അങ്ങോട്ടുമിങ്ങോട്ടുമുള്ള സമ്മാനംകൊടുക്കല്‍, പെണ്‍കുട്ടിയെ തിരിച്ചുകൊടുക്കല്‍ — അങ്ങനെ പലതും.

ബന്ധനത്തില്‍ ആയ മജിസ്ട്രേട്ടിനു് ഭക്ഷണം കൊടുക്കുന്നില്ല, കുടിക്കാന്‍ വെള്ളംപോലുമില്ല. പഴയ മജിസ്ട്രേട്ടു് — നിയമസംരക്ഷകന്‍. അയാളിന്നു് സ്റ്റേറ്റിന്റെ ശത്രു. അയാളെ മര്‍ദ്ദിക്കുന്നു, കാരാഗൃഹത്തിലാക്കിയിരിക്കുന്നു. തന്നെ ചോദ്യം ചെയ്യാന്‍വന്ന കേണല്‍ യോളിനോടു് മജിസ്ട്രേട്ടു് പറഞ്ഞു: ‘നിങ്ങള്‍ ഇവിടെ കൊണ്ടുവന്ന് ദയനീയതയാര്‍ന്ന തടവുകാരുണ്ടല്ലോ അവരാണോ ശത്രുക്കള്‍? അങ്ങനെയാണോ നിങ്ങള്‍ പറയുന്നതു്? കേണല്‍! നിങ്ങളാണു് ശത്രു… നിങ്ങളാണു് ശത്രു. നിങ്ങളാണു് യുദ്ധമുണ്ടാക്കിയതു്. അവര്‍ക്കു വേണ്ട രക്തസാക്ഷികളെ നിങ്ങള്‍ നല്കി. ചരിത്രം ഞാന്‍ പറയുന്നതു തെളിയിക്കും.’

മജിസ്ട്രേട്ടിന്റെ ഇടതുകണ്ണു് ഇപ്പോള്‍ ഒരു ചെറിയ വിടവു മാത്രം. മൂക്കു രൂപമില്ലാത്ത മാംസക്കഷണം മാത്രം. വായില്‍ക്കൂടെ മാത്രമേ അയാള്‍ക്കു ശ്വസിക്കാനാവൂ. രണ്ടുദിവസം വെള്ളംപോലും കൊടുക്കില്ല. മൂന്നാമത്തെ ദിവസം ആഹാരം. അയാളെ നഗ്നനാക്കി വെയിലത്തു് ഓടിക്കും അവര്‍. ഒടുവില്‍ മജിസ്ട്രേട്ടു് അവരോടു് അഭ്യര്‍ത്ഥിച്ചു: ‘എന്നെ കൊല്ലൂ.’ പിന്നീടുള്ള മര്‍ദ്ദനമുറകള്‍ വര്‍ണ്ണനാതീതമാണു്. അവ കണ്ടിട്ടാവണം ബര്‍നാഡ് ലെവിന്‍ terror of Kafka എന്നു പറഞ്ഞു പോയതു്.

എത്രകാലമായി മജിസ്ട്രേട്ടു് സ്ത്രീയുടെ കൂടെ കിടന്നിട്ടു്? ശരിയായി ഉറങ്ങാതെ അയാള്‍ കാലത്തു് അരക്കെട്ടില്‍നിന്നു വളര്‍ന്ന മരക്കൊമ്പുപോലുള്ള പ്രഹര്‍ഷവുമായി ഉണരുന്നു (പ്രഹര്‍ഷം = erection) പഴയ സ്മരണകള്‍. ബേസിനില്‍ കാലുവച്ചിരിക്കുന്ന പെണ്‍കുട്ടി. അയാള്‍ അവളുടെ തുടകളില്‍ സോപ്പുതേയ്ക്കുന്നു. അരക്കെട്ടു് ആശ്ലേഷിക്കുന്നു. വയറ്റില്‍ ഉമ്മവയ്ക്കുന്നു. സോപ്പിന്റെ മണം. ‘രക്തത്തിന്റെ കമ്പി’ ചുരുങ്ങാനായി അയാള്‍ കാത്തിരിക്കുന്നു. സമയമാകുമ്പോള്‍ അതു ചുരുങ്ങും.


അയാള്‍ ജനലില്‍ക്കൂടെ നോക്കുമ്പോള്‍ കുട്ടികള്‍ മഞ്ഞുമനുഷ്യനെ ഉണ്ടാക്കി കളിക്കുന്നു. അവര്‍ ശരീരം നിര്‍മ്മിച്ചു കഴിഞ്ഞു.

തലയുണ്ടാക്കാന്‍ അവര്‍ മഞ്ഞുക്കട്ട ഉരുട്ടിയെടുക്കുകയാണു്. ‘വായും മൂക്കും കണ്ണും ഉണ്ടാക്കാനുള്ള വസ്തുക്കള്‍ ആരെങ്കിലും കൊണ്ടുവരൂ’. എന്നു് കുട്ടികളുടെ നേതാവ് ആജ്ഞാപിക്കുന്നു. മഞ്ഞുമനുഷ്യനു് കൈകളും വേണ്ടേ എന്നാണു് മജിസ്ട്രേട്ടുന്റെ സംശയം. കുട്ടികള്‍ തല ശരീരത്തില്‍ ചേര്‍ത്തു. കണ്ണിന്റെയും കാതിന്റെയും വായുടെയും സ്ഥാനത്തു കല്ലുകള്‍ വച്ചു. ആരോ ഒരു കുട്ടി അതിനൊരു തൊപ്പി വച്ചുകൊടുത്തു. മജിസ്ട്രേട്ടു് പറയുന്നു: ‘അതു മോശപ്പെട്ട മഞ്ഞുമനുഷ്യനല്ല.’ നോവല്‍ ഇവിടെ അവസാനിക്കുന്നു.

II


കണ്ണും മൂക്കും മറ്റും നഷ്ടപ്പെട്ട സമഗ്രാധിപത്യത്തിന്റെ പ്രതിനിധി കുട്ടികള്‍ നിര്‍മ്മിക്കുന്ന മഞ്ഞുമനുഷ്യനെ നോക്കിക്കൊണ്ടു നില്‍ക്കുമ്പോള്‍, അതിനു് അവര്‍ അവയവങ്ങള്‍ നല്‍കുന്നതു് നോക്കിക്കൊണ്ടു നില്‍ക്കുമ്പോള്‍ നോവല്‍ പരിസമാപ്തിയിലെത്തുന്നുവെന്നാണു് ഞാനെഴുതിയതു്. ഒരു പുതിയ മനുഷ്യന്റെ ആവിര്‍ഭാവത്തിനു വേണ്ടിയുള്ള മനുഷ്യപ്രേമാത്മകത്വം തുളുമ്പുന്ന ഒരാഹ്വാനമാണു് നമ്മള്‍ ഇവിടെ കേള്‍ക്കുന്നതു്. ആ ആഹ്വാനത്തിനു് ഈ കാലഘട്ടത്തില്‍ എന്തെന്നില്ലാത്ത സാംഗത്യമുണ്ടു്. അധിനിവേശത്വത്തിനും സമഗ്രാധിപത്യത്തിനും മനഃസാക്ഷി നഷ്ടപ്പെട്ടിരിക്കുന്നു. മനഃസാക്ഷി നഷ്ടപ്പെട്ടതുകൊണ്ടു് അവയ്ക്കു മനുഷ്യന്റെ ആഹ്ലാദത്തെ തകര്‍ക്കാന്‍ മടിയില്ല. അവന്‍ സത്യത്തെ ‘ബാര്‍ബേറിയ’നായി കരുതി നൃശംസതയില്‍ ആറാട്ടു നടത്തുന്നു. ഫലമോ, കേണല്‍ യോളിനെപ്പോലെ അവന്‍ മൃഗമായി അധഃപതിക്കുന്നു. അരാജകത്വം സൃഷ്ടിക്കുന്നു.

ഫ്രഞ്ചു് സോഷ്യലിസ്റ്റു് നേതാവു് ലിയോങ് ബ്ളും (Leon Blum) ഏതാണ്ടിങ്ങനെ പറഞ്ഞിട്ടുണ്ടെന്നാണു് എന്റെ ഓര്‍മ്മ: മനുഷ്യന്‍ ശാസ്ത്രവും കലയും സൃഷ്ടിച്ചു. പ്ലേറ്റോ, ഹോമര്‍, ഷേക്സ്പിയര്‍, മീക്കലാഞ്ചലോ, ന്യൂട്ടന്‍ ഇവരെ മനുഷ്യവര്‍ഗ്ഗംസൃഷ്ടിച്ചു. അടിസ്ഥാനപരങ്ങളായ സത്യങ്ങളോടു് അവര്‍ ബന്ധപ്പെട്ടു. സാമൂഹ്യജീവിതത്തിലെ സമുന്നതരായ നേതാക്കന്മാരെയും മനുഷ്യവര്‍ഗ്ഗത്തിനു് എന്തുകൊണ്ടു സൃഷ്ടിച്ചുകൂടാ? സമത്വവും സാഹോദര്യവും എന്തുകൊണ്ടു് സൃഷ്ടിച്ചുകൂടാ? (ഉത്തരേന്ത്യയിലെ ഒരു കാട്ടിനകത്തിരുന്നു് ഇതെഴുതുന്ന എന്റെ കൈയില്‍ കൂറ്റ്സേയുടെ നോവലല്ലാതെ വേറൊരു പുസ്തകമില്ല. എങ്കിലും ബ്ളുമ്മിന്റെ ആശയങ്ങള്‍ക്കു ഞാന്‍ രൂപപരിവര്‍ത്തനം സംഭവിപ്പിച്ചിട്ടില്ലെന്നു വിശ്വസിക്കുന്നു.) മനുഷ്യവര്‍ഗ്ഗം പ്ലേറ്റോയെപ്പോലെ, ഷേക്സ്പിയറിനെപ്പോലെ സമുന്നതനായ രാഷ്ട്രീയ നേതാവിനെ സൃഷ്ടിക്കാത്തതിനു കാരണമുണ്ടു്. സ്വാര്‍ത്ഥതല്‍പരത്വം തന്നെയാണു് ആ ഹേതു. നോവലിലെ സാമ്രാജ്യം — എംപയര്‍ — ശാസനാധികാരത്തിന്റെ പ്രതിരൂപമാണു്. ആ ശാസനാധികാരം ചില മനുഷ്യാധമന്മാരുടെ സ്വാര്‍ത്ഥതല്‍പരത്വത്തില്‍ നിന്നാണു് ജനനം കൊണ്ടതു്. അതിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണു് കേണല്‍ യോള്‍. മജിസ്ട്രേട്ടും ഒരു കാലത്തു് അങ്ങനെയുള്ളവനായിരുന്നു. പക്ഷേ, കാലം കഴിഞ്ഞപ്പോള്‍ മനുഷ്യപ്രേമാത്മകത്വത്തോടു ബന്ധപ്പെട്ട മനഃസാക്ഷി അയാളില്‍ വികസിച്ചു. അതു വിജയം പ്രാപിച്ചപ്പോള്‍ അയാളുടെ ഭൗതികശരീരത്തിനു് എംപയര്‍ അടികൊടുത്തു. അയാള്‍ വീണു. വിപ്ലവം അതിന്റെ കുഞ്ഞുങ്ങളെ തിന്നുന്നതു പോലെ സമഗ്രാധിപത്യവും അതിന്റെ ശിശുക്കളെ ഭക്ഷിക്കുന്നു. മജിസ്ട്രേട്ട് ആ വിധത്തിലൊരു ശിശുവാണു്. സമഗ്രാധിപത്യം അതിനെ തിന്നു. “എംപയറിന്റെ” ഈ ക്രൂരതയെ കൂറ്റ്സേ തനിക്കുമാത്രം കഴിയുന്നമട്ടില്‍ ആവിഷ്കരിക്കുന്നതിന്റെ ശക്തിയും ഭംഗിയും കണ്ടാലും:

“It (Empire) is cunning and ruthless, it sends it bloodhounds everywhere. By night it feeds on images of disaster: the sack of cities, the rape of populations, pyramid of bones, acres of desolation. A mad vision yet a virulent one: I, wading in the ooze and no less infected with it than the faithful Colonel Joll as he tracks the enemies of Empire through the boundless desert, sword unsheathed to cut down barbarian after barbarian until at last he finds and slays the one whose destiny it should be (or if not he then his son’s or unborn grandson’s) to climb the bronze gateway to the Summer Palace and topple the globe surmounted by the tiger rampant that symbolizes eternal dominion, while his comrades below cheer and fire their muskets in the air (Pages 133, 134 ഇതിലെ “I” മജിസ്ട്രേട്ടാണെന്നു് ഓര്‍മ്മിക്കുക.)

പ്രതിരൂപാത്മകമായ നോവലാണു് കൂറ്റ്സേയുടേതു്. വിശാലമായ അര്‍ത്ഥത്തില്‍ നോവലാകെ ഒരു സിംബലാണ്. ആ സിംബലിനകത്തു് അര്‍ത്ഥവൈശദ്യം നല്കുന്ന അനേകം സിംബലുകള്‍. ഇംപീരിയലിസത്തിന്റെയോ സമഗ്രാധിപത്യത്തിന്റെയോ പ്രതിരൂപമാണ് ‘എംപയര്‍’. അതിന്റെ ക്രൂരതയ്ക്കു വിധേയരാകുന്ന നിരപരാധരാണു് ‘ബാര്‍ബേറിയന്‍സ്’. ദുരന്തത്തിലെത്തിയ വൃദ്ധനായ മജിസ്ട്രേട്ടു് വാര്‍ദ്ധക്യത്തിലെത്തി മരിക്കാറായ ഇംപീരിയലിസമോ സമഗ്രാധിപത്യമോ തന്നെ. അതു യുവത്വമാര്‍ന്ന നിഷ്കളങ്കതയെ ബലാത്സംഗം ചെയ്യുന്നതു് കൂറ്റ്സേ ചേതോഹരമായി ചിത്രീകരിക്കുന്നു. Old men have no virtue to protect — വൃദ്ധന്മാര്‍ക്കു കാത്തുസൂക്ഷിക്കേണ്ട ഒരു നന്മയുമില്ല — എന്നു പറഞ്ഞുകൊണ്ടാണു് കണങ്കാലുകള്‍ തകര്‍ക്കപ്പെട്ട, കാഴ്ച ഇല്ലാതാക്കപ്പെട്ട ബാര്‍ബേറിയന്‍ പെണ്‍കുട്ടിയെ മജിസ്ട്രേട്ടു് ലൈംഗികവേഴ്ചയ്ക്കു വിധേയയാക്കുന്നതു്. ശാസനാധികാരത്തിന്റെ മനഃസാക്ഷി നിഷ്കളങ്കതയുടെ മനഃസാക്ഷിയെ ബലാത്സംഗം ചെയ്യുന്നു.

ഈ നോവലിലെ ഏറ്റവും മനോഹരമായ സങ്കല്പം ബാര്‍ബേറിയന്‍സിനെ സംബന്ധിച്ചതാണു്. മനുഷ്യന്‍ ലോകത്തിനു പരിവര്‍ത്തനം വരുത്തുന്നതുപോലെ തനിക്കും പരിവര്‍ത്തനം വരുത്തുന്നു. ഇതു് നിയതമായ അവസ്ഥയത്രേ. അനിയതാവസ്ഥയില്‍ മനുഷ്യനു പരിവര്‍ത്തനമില്ല. അവന്‍ സ്വേച്ഛാധിപതിയാണെന്നു വിചാരിക്കൂ. മറ്റുള്ളവരെ അവന്‍ പേടിപ്പിക്കുന്നു, പീഡിപ്പിക്കുന്നു, നിഗ്രഹിക്കുന്നു അവനൊട്ടു മാറുന്നുമില്ല, എങ്കിലും അവന്റെ അന്തരംഗത്തില്‍ ഭയമുണ്ടു്. തന്നെയും സത്യം അടിച്ചമര്‍ത്തുമോ എന്ന ഭയമാണതു്. സാമൂഹികസംഘടനകളെയും രാഷ്ട്രങ്ങളെയും അടിച്ചമര്‍ത്തുന്ന ഇംപീരിയലിസ്റ്റുകള്‍ പേടിക്കുന്നുണ്ടു്, ഒരു കാലത്ത്ത് സത്യം തങ്ങളെ നശിപ്പിക്കുമെന്നു്. ഈ ഭയമാണു് നോവലില്‍ അപരിഷ്കൃതരായി — ’ബാർബേറിയന്‍സായി’ കാണപ്പെടുന്നതു്. പര്‍വ്വതത്തില്‍ മൂന്നുപേരായി കാണപ്പെട്ടവര്‍ പന്ത്രണ്ടുപേരാകുന്നു; അവര്‍ തടാകത്തില്‍ ഉപ്പുചേര്‍ക്കുന്നു. അതിര്‍ത്തിദേശത്തെ ആക്രമിക്കുന്നു എന്നെല്ലാം നോവലില്‍ പറയുന്നുണ്ടെങ്കിലും കേണല്‍ യോളിനെപ്പോലെ, മജിസ്‌ട്രേട്ടിനെപ്പോലെ മൂര്‍ത്ത സ്വഭാവം അപരിഷ്കൃതര്‍ ആവഹിക്കുന്നില്ല. സങ്കല്പമായി, കിനാവായി അവര്‍ അസ്പഷ്ടതയാര്‍ന്നു വ്യാപരിക്കുന്നതേയുള്ളൂ. ഇംപീരിയലിസ്റ്റുകളുടെ നിഗൂഢങ്ങളായ ഭയാശങ്കകളെ ഇതിനെക്കാള്‍ ഭംഗിയായി ആവിഷ്കരിക്കാന്‍ പ്രയാസം.

“കാട്ടുജാതിക്കാ”രെന്നു പരിഹസിക്കപ്പെട്ടവരുടെ സാഹിത്യം പരിഷ്കൃതരായ, സംസ്ക്കാരസമ്പന്നരായ ഭാരതീയരുടെ സാഹിത്യത്തെക്കാള്‍ ഔന്നിത്യത്തിലെത്തിയിരിക്കുന്നു. കൂറ്റ്സേയുടെ ഈ നോവലിനു സദൃശമായ ഒരു നോവല്‍ ഭാരതത്തില്‍ എവിടെയുണ്ടു്?