close
Sayahna Sayahna
Search

ഡേർട്ടി റിയലിസം


ഡേർട്ടി റിയലിസം
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മാജിക്കൽ റിയലിസം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1985
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 103 (ആദ്യ പതിപ്പ്)

സാഹിത്യം കാല്പനികതയെ ഉപേക്ഷിച്ചു് “കാര്യമാത്രപ്രസക്ത്”മായതിലേയ്ക്കു വരുമ്പോള്‍ റിയലിസം എന്ന പ്രസ്ഥാനം ഉണ്ടാകുന്നു. കാല്പനികത അധിഷ്ഠാന­നിഷ്ഠമാണു്. Subjective എന്നു് ഇംഗ്ലീഷില്‍ പറയാം. റിയലിസം പദാര്‍ത്ഥാ­ശ്രിതമത്രേ. Objective എന്ന ഇംഗ്ലീഷ് പദത്തെ മനസ്സില്‍ കണ്ടുകൊണ്ടാണു് പദാര്‍ത്ഥാ­ശ്രിതമെന്നു് ഇവിടെ പ്രയോഗിച്ചതു്. കാല്പനിക­സാഹിത്യം മാത്രം വായിച്ചുശീ­ലിച്ചവര്‍ക്കു് റിയലിസ്റ്റിക് സാഹിത്യം വികാര രഹിതമാണെന്നു തോന്നിയേയ്ക്കും. ആ തോന്നല്‍ ശരിയല്ല. സി.വി. രാമന്‍പിള്ളയുടെ “മാര്‍ത്താണ്ഡവര്‍മ്മ” എന്ന നോവല്‍ വായിക്കുമ്പോ­ഴുണ്ടാകുന്ന സങ്കീര്‍ണ്ണ വികാരങ്ങള്‍ തകഴി ശിവശങ്കര­പ്പിള്ളയുടെ ഏതു റിയലിസ്റ്റിക് നോവല്‍ വായിച്ചാലു­മുണ്ടാകും. കാല്പനികത­യോടുള്ള അതിരുകടന്ന ആഭിമുഖ്യം റിയലിസത്തിന്റെ വൈകാരിക സങ്കീര്‍ണ്ണത കാണുന്നതിനു് തടസ്സമായി­ത്തീരുന്നു എന്നു മാത്രമേ നമ്മള്‍ മനസ്സിലാക്കേ­ണ്ടതുള്ളു.

കാല്പനികതയെ ഉപേക്ഷിക്കാനും കാര്യമാത്രപ്രസക്ത­മായതിലേയ്ക്കു പോകാനും ആളുകളെ പ്രേരിപ്പിക്കുന്നതു് എന്താണു്? പരിഷ്കാരത്തിലും സംസ്കാരത്തിലും വരുന്ന മാറ്റങ്ങള്‍ സമൂഹത്തിന്റെ ഘടനയെയും ക്രമത്തെയും മാറ്റിക്കളയും. സമൂഹത്തിന്റെ വ്യവസ്ഥ മാറുമ്പോള്‍ മനുഷ്യന്റെ വീക്ഷണഗതിക്കു മാറ്റം വരും. സാഹിത്യം ആത്മാവി­ഷ്കാരമാണു്. വീക്ഷണഗതിക്കു വരുന്ന പരിവര്‍ത്തനം ആവിഷ്കാര­രീതിക്കും പരിവര്‍ത്തനം സംഭവിപ്പിക്കും.

“സരസ്സിലെ ജലം അല്പാല്പമായി വാര്‍ന്നൊഴുകി സേതുഭൂമിയെ വിദ്രവിപ്പിച്ചു് കീഴോട്ടിഴയിച്ചു തുടങ്ങി. അനന്തശയ്യ എന്നപോലെ പടുക്കുന്ന ആ ശിവലിംഗത്തിന്റെ അടിയിലോട്ടു് അദ്ദേഹത്തിന്റെ ഇരുമ്പുപാരയെ കടത്തി രാവണഹസ്തങ്ങളെ കൈലാസത്തിന്റെ അധോഭാഗത്തി­ലെന്നവണ്ണം ആ ലോഹഖണ്ഡ­ത്തിന്റെ അഗ്രഭാഗം മുഴുവനേയും താഴ്ത്തി ആ ശിലാ കുട്ടിമത്തെ സരസ്സിലോട്ടു് ആവേശിപ്പാന്‍ താന്‍ അഭ്യസിച്ചിട്ടുള്ള യോഗസിദ്ധിയെ കാര്യക്കാര്‍ പ്രയോഗിച്ചു.”

സി.വി. രാമന്‍പിള്ളയുടെ “രാമരാജാ ബഹദൂരി”ലെ ഈ ഭാഗം തകഴി ശിവശങ്കര­പ്പിള്ളയുടെ ഏതെങ്കിലും നോവലിന്റെ ഏതു ഭാഗത്തോടും താരതമ്യപ്പെടുത്തി നോക്കുക. ശൈലീ വിഷയകമായ മാറ്റത്തിനു ഹേതു മനോഭാവത്തിന്റെ മാറ്റമാണെന്നു ഗ്രഹിക്കാന്‍ കഴിയും. ലോകത്തെ പുതിയ രീതിയില്‍ പരിഹാരമുണ്ടാക്കാനും ശ്രമിക്കുമ്പോള്‍ സാഹിത്യത്തിലെ ആവിഷ്കാര­മാര്‍ഗ്ഗത്തിനു പരിവര്‍ത്തനം വരും; അടിസ്ഥാന­പരങ്ങളായ വികാരങ്ങള്‍ക്കു മാറ്റം സംഭവിക്കുന്നി­ല്ലെങ്കിലും.

ടെക്നോളജിയോടു ബന്ധപ്പെട്ട പരിഷ്കാരത്തിനു് എന്തെന്നില്ലാത്ത വികാസമുണ്ടാ­യപ്പോള്‍ ‘റിയലിസം’ ഒരാത്മാവിഷ്കാര­മാര്‍ഗ്ഗമെന്ന നിലയില്‍ തികച്ചും അപര്യാപ്തമാണെന്ന ചിന്താഗതി അമേരിക്ക­യിലുണ്ടായി. റിയലിസത്തിനു പല വിഭാഗങ്ങളുണ്ടെങ്കിലും രണ്ടെണ്ണത്തിനാണു് പ്രാധാന്യം; ബാഹ്യങ്ങളായ ശക്തി വിശേഷങ്ങളുടെ പരിണതഫലങ്ങളാണു് മനുഷ്യചേഷ്ടകളെന്നു സോഷ്യല്‍ റിയലിസ്റ്റുകള്‍ വിശ്വസിച്ചു. ആന്തരങ്ങളായ ശക്തിവിശേഷങ്ങളുടെ ഫലങ്ങളാണു് അവയെന്നു സൈക്കോളജിക്കല്‍­റിയലിസ്റ്റുകള്‍ കരുതി. താന്‍ വിശ്വസിക്കുന്ന ആദര്‍ശസംഹിതയ്ക്ക് അനുരൂപമായി വികാരവി­ചാരങ്ങളെ ആവിഷ്കരിക്കുന്ന സോഷ്യല്‍ റിയലിസ്റ്റ് ആ ആദര്‍ശസംഹിതയില്‍ വിശ്വസിക്കാത്ത വായനക്കാരനെ എങ്ങനെ സത്യത്തിലേയ്ക്കു നയിക്കും? ഫ്‌റായിറ്റിന്റെയും ആഡ്‌ലറുടെയും മനഃശ്ശാസ്ത്ര സിദ്ധാന്തങ്ങൾ വിഭിന്നങ്ങ­ളാണല്ലോ. ആഡ്‌ലറുടെ സിദ്ധാന്തങ്ങളെ അവലംബിച്ചു നിര്‍മ്മിക്കപ്പെട്ട സാഹിത്യസൃഷ്ടി ഫ്‌റായിറ്റിന്റെ സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്ന ആളിനു സ്വീകാര്യമാ­വുകയില്ല. അതിനാല്‍ സോഷ്യല്‍ റിയലിസ്റ്റും സൈക്കോ­ളജിക്കല്‍ റിയലിസ്റ്റും വസ്തുതകളെ അയഥാര്‍ത്ഥീക­രിക്കുന്നുവെന്നു ചിലര്‍ വാദിച്ചു. ടെക്നോളജിയുടെ വികാസത്താല്‍ മനോഭാവത്തിനു മാറ്റം വന്ന അക്കൂട്ടര്‍ റിയലിസത്തേയും അതിന്റെ മറ്റു വിഭാഗങ്ങളെയും നിരാകരിച്ചു. അവര്‍ ഒരു നൂതനാവിഷ്കാര­മാര്‍ഗ്ഗത്തിന്റെ ഉദ്ഘോഷകരായി. ആ മാര്‍ഗ്ഗമാണ് ന്യൂ ജര്‍ണ്ണലിസം (New Journalism).

നോര്‍മൻ മേലർ

അമേരിക്കയിലെ നോര്‍മൻ മേലറും ട്രൂമന്‍ കപ്പോട്ടിയും ഈ ഉദ്ഘോഷകരില്‍ സുപ്രധാനരാണു്. റിപ്പോര്‍ട്ടാഷും (Reportage വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുന്ന പ്രവര്‍ത്തനം അല്ലെങ്കില്‍ ടെക്നിക്) സാങ്കല്പികാംശവും കൂട്ടിക്കലര്‍ത്തുന്ന രീതിക്കാണു് ന്യൂ ജര്‍ണ്ണലിസമെന്നു പറയുന്നതു്. ഇതിലെ പ്രതിപാദ്യവിഷയം ‘യഥാര്‍ത്ഥത്തിൽ’ സംഭവിച്ചതു­തന്നെയായിരിക്കും. വായനക്കാര്‍ അതൊക്കെ പത്രത്തില്‍ വായിച്ചിരിക്കുകയും ചെയ്യും. എഴുത്തുകാരന്‍ ആ സംഭവങ്ങളെ വ്യക്തിഗതമായ മനോഭാവത്തിനു പ്രാധാന്യം നല്‍കി പുനഃസംവിധാനം ചെയ്യുന്നു. അതു വായിക്കുന്ന ആള്‍ റിയലിസത്തോടു് ആഭിമുഖ്യമുള്ള­വനാണെന്നു വിചാരിക്കൂ. നിത്യജീവിത യാഥാര്‍ത്ഥ്യം അതില്‍ ദര്‍ശിച്ചു് അയാള്‍ ആഹ്ലാദിക്കും. പത്ര റിപ്പോര്‍ട്ടുകളില്‍ നിന്നു ലഭിച്ച യാഥാര്‍ത്ഥ്യ­ബോധത്തിനു് എഴുത്തുകാരന്റെ — ന്യൂ ജര്‍ണ്ണലിസ്‌റ്റിന്റെ — വൈദഗ്‌ദ്ധ്യം സാന്ദ്രതവരുത്തുന്നു. അയാളുടെ മനോഭാവത്തിന്റെ ആവിഷ്കാരം അനുവാചകനു് സാഹിത്യസൃഷ്ടിയുടെ ‘രസം’ പകരുന്നു. പരസ്പരവിരുദ്ധങ്ങളായ റിപ്പോര്‍ട്ടാഷിനെയും സാങ്കല്പികാം­ശത്തെയും കൂട്ടിയിണക്കി ആകര്‍ഷകമാക്കുന്നു എന്നതിലാണു് ന്യൂ ജര്‍ണ്ണലിസത്തിന്റെ സവിശേഷത­യിരിക്കുന്നതു്. ട്രൂമന്‍ കപ്പോട്ടിയുടെ In cold Blood സുപ്രസിദ്ധമായ ന്യൂ ജര്‍ണ്ണലിസ്റ്റിക് നോവലാണു്; അല്ലെങ്കില്‍ ‘നോണ്‍ ഫിക്ഷന്‍’ നോവലാണു്. അമേരിക്കയിലെ കന്‍സാസ് സ്റ്റേറ്റിലെ ഒരു കുടുംബം വധിക്കപ്പെട്ടതാണു് In cold Blood എന്ന ഗ്രന്ഥത്തിന്റെ പ്രതിപാദ്യവിഷയം. ഡിക്ക്‌ഹിക്ക് കോക്കും പെരിസ്മിത്തും കൊലപാതകികള്‍. അവരുമായി, കൊലപാതകത്തോടു ബന്ധപ്പെട്ട മറ്റുള്ളവരുമായി കപ്പോട്ടി അനവധി അഭിമുഖ­സംഭാഷണങ്ങള്‍ നിര്‍വ്വഹിച്ചു. അതിന്റെ ഫലമാണു് In cold Blood എന്ന ന്യൂ ജര്‍ണ്ണലിസ്റ്റിക് നോവല്‍. കപ്പോട്ടി അതിനെ ഡോക്യുമെന്റററി നോവല്‍ എന്നാണു് വിളിക്കുന്നതു്. അമേരിക്കന്‍ നോവലെഴുത്തുകാരി ജോണ്‍ ഡിഡീയന്‍ (Joan Didion) ന്യൂ ജര്‍ണ്ണലിസ്റ്റാണു്. അവരുടെ “Some Dreamers of the golden Dream” എന്ന ചെറുകഥ വായിക്കൂ. ഈ പ്രസ്ഥാനത്തിന്റെ സവിശേഷതകളാകെ അതില്‍ കാണാം. 1964 ഒക്ടോബര്‍ 7. കാലിഫോര്‍ണി­യയിലെ ലൂസീല്‍ എന്ന ചെറുപ്പക്കാരി രാത്രി പന്ത്രണ്ടരമണിക്കു കാറില്‍ കയറി പാലുവാങ്ങാന്‍ പോയി.

ജോണ്‍ ഡിഡീയന്‍

റോഡിലൊരിടത്തുവച്ചു് അവളുടെ കാറു് തീ പിടിച്ചു നശിച്ചു. ഒന്നേ കാല്‍ മണിക്കൂറോളം സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടു് ലൂസീല്‍ റോഡിലങ്ങോട്ടു­മിങ്ങോട്ടും ഓടി. ഒരു കാറും വന്നില്ല. ഒരു മനുഷ്യനും വന്നില്ല. ലൂസീല്‍ എന്തുചെയ്യും? കാറിന്റെ പിറകിലത്തെ സീറ്റില്‍ അവളുടെ ഭര്‍ത്താവു് കരിക്കട്ടയായി കിടക്കുന്നു. അവള്‍ കുഞ്ഞുങ്ങളോടു് അവരുടെ അച്ഛനെക്കുറിച്ചു് എന്തു പറയും? പക്ഷേ, ലൂസീലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ പേരില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടു് ആ പണത്തിനുവേണ്ടി പെട്രോള്‍ ഒഴിച്ചു് അവള്‍ അയാളെ കൊന്നതാണെന്ന വസ്തുത ക്രമേണ വ്യക്തമായി വരുന്നു. ഒരു യഥാര്‍ത്ഥ സംഭവം. റിപ്പോര്‍ട്ടാഷിന്റെ മട്ടിലാണു് ഡിഡീയന്‍ എഴുതുന്നതു്. വായിച്ചുകഴിയുമ്പോള്‍ ചേതോഹരമായ ചെറുകഥ വായിച്ചു വഴിഞ്ഞാലുണ്ടാകുന്ന പ്രതീതി അനുവാചകനു് ഉളവാകുന്നു. “This is a story about love and death in the golden land, and begins with the country” എന്നു കഥയുടെ തുടക്കം. “A coronet of seed pearls held her illusion veil” എന്നു് ഒടുക്കത്തെ വാക്യം. കഥ വായിക്കൂ, ജോണ്‍ ഡിഡീയന്റെ കഴിവുകളില്‍ നിങ്ങള്‍ക്കു് അസൂയ തോന്നിയെന്നു വരാം.

II


നോര്‍മന്‍ മേലറും ട്രൂമന്‍ കപ്പോട്ടിയും സമാരംഭിച്ചതും ജോണ്‍ ഡിഡീയന്‍, ജോഎസ്റ്റേര്‍ ഹാസ്, ഗേറ്റലീസേ ഇവര്‍ വികസിപ്പിച്ചതുമായ ന്യൂ ജര്‍ണ്ണലിസത്തെ ഗളഹസ്തം ചെയ്തുകൊണ്ടു് അമേരിക്കയില്‍ മറ്റൊരു സാഹിത്യപ്രസ്ഥാനമുണ്ടായിരിക്കുന്നു. ഡേര്‍ട്ടി റിയലിസം (dirty realism) എന്ന പേരിലാണു് അതറിയപ്പെടുന്നതു്. ഇവിടെ യഥാര്‍ത്ഥ സംഭവങ്ങളുടെ പുനരാവിഷ്കാരമില്ല. ഭാവനയുടെ അതിപ്രസരമില്ല. സമകാലിക ജീവിതത്തിന്റെ സത്യം അതു ചിത്രീകരിക്കുന്നുണ്ടെങ്കിലും ഫ്ളോബറിന്റെ റിയലിസത്തോടും സൊലയുടെ (Zola) നാച്ചുറലിസത്തോടും അതിനു ബന്ധമില്ല. കള്ളന്‍, അതിമദ്യപന്‍, ഭര്‍ത്താവ് ഉപേക്ഷിച്ച ഭാര്യ, മകന്റെ അടികൊണ്ടിട്ടും അവനെ സ്നേഹിക്കുകയും അതേ സമയം വെറുക്കുകയും ചെയ്യുന്ന അച്ഛന്‍ ഇവരെയൊക്കെ നിസ്സംഗതയോടെ അവതരിപ്പിക്കുന്ന പ്രസ്ഥാനമാണു ഡേര്‍ട്ടി റിയലിസം. ഒരലങ്കാരംപോലും പ്രയോഗിക്കാതെ വെറും റിപ്പോര്‍ട്ടാഷിന്റെ മട്ടിലാണു് ഡേര്‍ട്ടി റിയലിസ്റ്റുകള്‍ എഴുതുന്നതു്. അത്യുക്തി ഇല്ലെന്നുമാത്രമല്ല ന്യൂനോക്തി ഉണ്ടുതാനും. പരിമിതങ്ങളായ വാക്കുകള്‍മാത്രം പ്രയോഗിച്ചിട്ടു് The rest is Silence എന്ന മട്ടില്‍ ഡേര്‍ട്ടി റിയലിസ്റ്റു മാറിനില്‍ക്കുന്നു.

“റൊമാന്‍റിസിസ്”ത്തെയും “മോഡേണിസത്തെയും” വെല്ലുവിളിച്ചുകൊണ്ടു് ആവിര്‍ഭവിച്ച “പോസ്റ്റ് മോഡേണിസ”ത്തെയും ഈ പ്രസ്ഥാനം അംഗീകരിക്കുന്നില്ല. പോസ്റ്റ് മേഡേണിസ്റ്റുകള്‍ക്കു പ്രകടനാത്മകതയിലാണു് താല്‍പര്യമെന്നു ഡേര്‍ട്ടി റിയലിസ്റ്റുകള്‍ ഉദ്ഘോഷിക്കുന്നു. “മേജര്‍ അമേരിക്കന്‍ നോവലിസ്റ്റ്” എന്നു് ചിലരും കാഫ്കായ്ക്കു സദൃശന്‍ എന്നു മറ്റു ചിലരും വാഴ്‌ത്താറുള്ള തോമസ് പിന്‍ചന്‍ (Thomas Pynchon) അനിയന്ത്രിതമെന്നു പറയാവുന്ന ഭാവനാശക്തി പ്രദര്‍ശിപ്പിക്കുന്ന സാഹിത്യകാരനാണ്. ഈ ശതാബ്ദത്തിലെ അമേരിക്കന്‍ ജീവിതം ചിത്രീകരിക്കണമെങ്കില്‍ റിയലിസം പ്രയോജനപ്പെടുകയില്ലെന്നും ‘ഫാന്‍റസി’കൊണ്ടേ അതു സാദ്ധ്യമാവൂ എന്നും പിന്‍ചന്‍ അഭിപ്രായപ്പെട്ടു. രാവണന്‍കോട്ടയ്ക്കു സദൃശവും അന്ധകാരബാധിതവുമായ ലോകമാണു് പിന്‍ചന്റെ നോവലുകളിലുള്ളതു്. വിശ്വവിഖ്യാതനായ ഈ നോവലിസ്റ്റ് ഡേര്‍ട്ടി റിയലിസ്റ്റുകളുടെ ദൃഷ്ടിയില്‍ ആരുമല്ല. സവിശേഷതയാര്‍ന്ന കലാസങ്കല്പമുള്ള അവര്‍ക്കു് ആവിധത്തിലൊരു മതമുണ്ടായതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. മഹാന്മാരായ നിരൂപകര്‍പോലും ഡേര്‍ട്ടി റിയലിസ്റ്റുകളെ അനുഗ്രഹിക്കുന്നു. ഫ്‌റാങ്ക് കെര്‍മോഡ് എന്ന ബ്രിട്ടീഷ് നിരൂപകന്‍ ഭുവന പ്രശസ്തിയാര്‍ജ്ജിച്ചിട്ടുള്ള മഹാവ്യക്തിയാണു്. അദ്ദേഹം റേയ്മണ്ടു് കാര്‍വര്‍ എന്ന ഡേര്‍ട്ടി റിയലിസ്റ്റിനെക്കുറിച്ചു പറഞ്ഞു: “…a fiction so spare in manner that it takes time before one realizes how completely a whole culture and a whole moral condition are being represented by even the most seemingly slight sketch” ക്ഷുദ്രമായ ‘സ്കെച്ച്’ ആയിത്തോന്നുന്ന രചനകൊണ്ടു സാകല്യാവസ്ഥയിലുള്ള ഒരു സംസ്കാരത്തെയും സമ്പൂര്‍ണ്ണമായ സാന്മാര്‍ഗ്ഗികാവസ്ഥയെയും ചിത്രീകരിക്കുന്ന പ്രസ്ഥാനമാണു് ഡേര്‍ട്ടി റിയലിസമെന്നു കെര്‍മോഡ് പറയുകയാണ്. അവരുടെ രചനകള്‍ നോക്കൂ. ഈ അഭിപ്രായം ശരിയാണെന്നു കാണാം.

റേയ്മണ്ടു് കാര്‍വർ

ഈ ലേഖകനെ വല്ലാതെ ആകര്‍ഷിച്ച ചെറുകഥയാണു് ജേയ്ന്‍ ആനി ഫിലിപ്പ്സിന്റെ Rayme — A Memoir of the Seventies എന്നതു്. അതിനേക്കാള്‍ മനോഹരമാണു് റേയ്മണ്ടു് കാര്‍വറുടെ The Compartment എന്ന ചെറുകഥ. ഒട്ടൊക്കെ ദീര്‍ഘങ്ങളായ ആ ചെറുകഥകളെക്കുറിച്ചു പറയാന്‍ ഇവിടെ സ്ഥലമില്ല. അതുകൊണ്ടു ഡേര്‍ട്ടി റിയലിസത്തിന്റെ സവിശേഷതകള്‍ ആവഹിക്കുന്ന ഒരു കൊച്ചു കഥയുടെ സംഗ്രഹം നല്‍കാം; സംഗ്രഹിക്കുന്നതു് കലാഹിംസയാണെന്നു് അറിഞ്ഞു കൊണ്ടുതന്നെ. ടോഡ് മക്‍ഈവന്റെ Even Song കഥയിലെന്ന പോലെ ഉത്തമപുരുഷസര്‍വ്വനാമംതന്നെ സംഗ്രഹത്തിലും പ്രയോഗിക്കട്ടെ: — “എന്റെ ഭാര്യയെ വെറുതെ വിട്ടേക്കു എന്നു ഞാന്‍ പറഞ്ഞു. ഇല്ല ഞാന്‍ നിങ്ങളുടെ ഭാര്യയെ വിട്ടുപോകില്ല, ഞാനവളെ സ്നേഹിക്കുന്നു എന്നു് അവന്‍ പറഞ്ഞു. അങ്ങനെ പറഞ്ഞുകൊണ്ട് അവന്‍ വീട്ടുവാതില്‍ക്കല്‍നിന്നു പോയി പൂന്തോട്ടത്തില്‍ ഒരു പച്ച കൂടാരമുണ്ടാക്കി അതിനകത്തു് ഇരിപ്പായി. ദിവസന്തോറും ഓരോ മണിക്കൂര്‍ വച്ചു് പതിനാറുതവണ പ്രേമ ലേഖനം കൊണ്ടുവരാനായി അവനൊരു കൊച്ചു കുട്ടിയെ കൂലിക്കെടുത്തു. എന്റെ ഭാര്യ അവനു് ഓരോ പ്രാവശ്യവും അഞ്ചു പെന്‍സ് കൊടുക്കും. ഇതു് എന്നെ ദേഷ്യപ്പെടുത്തി. എന്നാല്‍ അതു് അവന്റെ കുറ്റമല്ലെന്നാണു് അവള്‍ പറഞ്ഞതു്. പക്ഷേ, 5 പെന്‍സ് * 16 മണിക്കൂര്‍ = 80 പെന്‍സ് എന്നതു് എന്നെ അനാഥമന്ദിരത്തിലേയ്ക്കു് ഓടിക്കുകയില്ലേ? പണത്തിന്റെ കാര്യം പോകട്ടെ അതു് അവസ്ഥാവിശേഷമാണു്. എല്ലാ പ്രഭാതങ്ങളിലുമുള്ള നാറ്റവും. എന്റെ ഭാര്യയുടെ പ്രഖ്യാപനം അതു് ഒരു അവസ്ഥാവിശേഷം മാത്രമാണ് എന്നാണു്. ആര്‍ക്കുള്ള അവസ്ഥാവിശേഷം? എത്ര കാലം? എന്നു ഞാന്‍ വീട്ടുവാതില്‍ക്കല്‍വന്നു പയ്യനു അഞ്ചു പെന്‍സ് വീതം ഓരോ മണിക്കൂറിലും കൊടുക്കണം. ഓമനേ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു. നിന്നെക്കൂടാതെ എനിക്കു ജീവിക്കാന്‍ വയ്യ. നീ എന്റേതാകൂ. നിന്റെ ആരാധകന്‍. ഞാന്‍ കത്തുകള്‍ വായിക്കുന്ന ഏര്‍പ്പാടു നിര്‍ത്തി. എല്ലാം ഒരുപോലെയുള്ള കത്തുകള്‍. കൂടുകളും ഒരുപോലെ. എല്ലാം അവള്‍ക്കു് എന്ന മേല്‍വിലാസത്തില്‍. കാലത്തെ കത്തുകളില്‍ പാചകംചെയ്യാനുള്ള കൊഴുപ്പുവീണ പാടുകള്‍ കാണും. അല്ലെങ്കില്‍ ഏതോ ‘ജാ’മിന്റെ പാടുകള്‍ ഉച്ചയ്ക്കുവരുന്ന കത്തുകള്‍ താരതമ്യേന വൃത്തിയുള്ളവയായിരിക്കും. വൈകുന്നേരത്തെ കത്തുകള്‍ക്കു വിസ്കിയുടെയോ ബീയറിന്റെയോ ഉരുളക്കിഴങ്ങു ക്രിപ്സിന്റെയോ ഗന്ധം.

എഴുത്തുകള്‍ ഞാന്‍ ഭംഗിയായി ഭാര്യയുടെ മേശയുടെ പുറത്തു് അടുക്കിവയ്ക്കും. അവള്‍ ചെടി നട്ടിട്ടു് ഇടയ്ക്കുവന്നു് അവയില്‍ ചിലതെടുത്തു നോക്കും. എഴുത്തിനു മാറ്റമുണ്ടോ എന്നറിയാന്‍. ഇല്ലെന്നു ഞാന്‍ പറഞ്ഞു, ആ അവസ്ഥാവിശേഷത്തില്‍ ഭാര്യ ഉൾപ്പെടുകയേയില്ല; എനിക്കാകട്ടെ അതൊരു ഒഴിയാബാധയും. കല്‍ക്കരി കൊണ്ടുവരുന്നവര്‍പോലും കൂടാരമൊഴിഞ്ഞു് അവനെ ഉപദ്രവിക്കാതെ പോരും. അവരിലൊരാള്‍ എന്നോടു മന്ത്രിച്ചു അതൊരു അവസ്ഥാവിശേഷം മാത്രമാണെന്നു്. ഞാന്‍ ഭാര്യയോടു പറഞ്ഞു, നമ്മള്‍ പ്രഭുവിന്റെ കുടികിടപ്പുകാരല്ലേ? അദ്ദേഹം വേണ്ടതു ചെയ്യും. ഭാര്യ ശാന്തതയോടെ തയ്ക്കുകയായിരുന്നു. അവള്‍ ആ അവസ്ഥാവിശേഷത്തില്‍ വന്നുപെടാന്‍ കൂട്ടാക്കിയില്ല. എനിക്കാകട്ടെ അതൊരു ഒഴിയാബാധയും. ഞാന്‍ ദുര്‍ഗ്ഗഹര്‍മ്മ്യത്തിലേയ്ക്കു ഡയല്‍ കറക്കി. പ്രഭു ഉറങ്ങുകയാണു്. എന്നും ഈ സമയത്തു് ഉറങ്ങും. ശബ്ദം അറിയിച്ചു. എന്റെ പൂന്തോട്ടത്തില്‍ ഒരുത്തന്‍. നിലത്തു കുത്തിയിരിക്കുന്നവനോ? ശബ്ദം ചോദിച്ചു… നിങ്ങള്‍ പോലീസിനെ വിളിക്കാത്തതെന്തു്? അതില്‍ കാര്യമില്ലെന്നു് ഞാന്‍ പറഞ്ഞു. താങ്കള്‍ക്കറിഞ്ഞുകൂടെ പ്രഭുവിനു് ഫ്യൂഡല്‍ഭൂമിയില്‍നിന്നു് ആരെയും ഒഴിപ്പിക്കാമെന്നു്. ഫ്യൂ എന്നു പറഞ്ഞപ്പോള്‍ (ടെലിഫോണിന്റെ) മൗത്ത് പീസ് ഞാന്‍ പതകൊണ്ടു നിറച്ചു.അവന്‍ ഉപദ്രവിക്കുന്നോ? ശബ്ദത്തിന്റെ ചോദ്യം. അവന്‍ എന്റെ ഭാര്യയ്ക്കു് പ്രേമലേഖനങ്ങള്‍ എഴുതുന്നു… ഹൃദയത്തെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ എസ്റ്റേറ്റ് ഇടപെടില്ല; അതു നല്ലതല്ല എന്നു ശബ്ദം. അയാള്‍ ഫോണ്‍ താഴെ വച്ചു. ഞാനും ഫോണ്‍ താഴെ വച്ചു ഭാര്യയെ നോക്കി. അവള്‍ റേഡിയോ ട്യൂണ്‍ചെയ്യുകയാണു്. വാതില്‍ ശബ്ദത്തോടെ വലിച്ചടച്ചു് ഞാന്‍ മക്കാര്‍ട്ടിന്റെ വീട്ടിലേക്കു നടന്നു.

മക്കാര്‍ട്ട് മൂക്കു വൃത്തിയാക്കുകയായിരുന്നു. ഞാന്‍ വാതിലിലിടിച്ചപ്പോള്‍ മക്കാര്‍ട്ട് അതു തുറന്നു. അയാളുടെ പട്ടി എന്നെ നോക്കി നിര്‍ത്താതെ കുരച്ചു. പട്ടി കുര നിര്‍ത്തുകയില്ലെന്നു മനസ്സിലാക്കി മക്കാര്‍ട്ട് വാതിലടച്ചിട്ടു പടിയില്‍ വന്നുനിന്നു. പട്ടി പെട്ടെന്നു കുര നിര്‍ത്തി…കുത്തിയിരിക്കുന്നവനോ? അതേ…അവന്‍ എന്റെ ഭാര്യയ്ക്കു പ്രേമലേഖനങ്ങളെഴുതുന്നു…മക്കാര്‍ട്ട് നിങ്ങളുടെ ട്രാക്ടര്‍ ആ കൂടാരത്തിന്റെ മുകളില്‍ക്കൂടി “ആക്സിഡന്റ്” എന്ന രീതിയില്‍ ഓടിച്ചുകൂടേ?…വയ്യ. ഗുഡ‘ ഈവനിംഗ് എന്നു പറഞ്ഞു മക്കാര്‍ട്ട് അകത്തേയ്ക്കു പോയി. അരണ്ട വെളിച്ചം. ഞാന്‍ കൂടാരത്തിനടുത്തെത്തി ഒരു കുഴിയില്‍ മറഞ്ഞിരുന്നു. ഒരു വലിയ കല്ലെടുത്തു് കൂടാരത്തിന്റെ നേര്‍ക്കു് എറിഞ്ഞു… ഹേയ്. കൂടാരത്തില്‍നിന്നു് വിളി ഉയര്‍ന്നു. വൂ, വൂ ഞാന്‍ ശബ്ദിച്ചു. ഞാന്‍ ഈ പ്രദേശത്തെ പ്രേതമാണു്… ഞാന്‍ കുഴിയില്‍ തപ്പി മറ്റൊരു കല്ലെടുത്തു് എറിഞ്ഞു പക്ഷേ അതൊരു ചത്ത പേക്കാന്തവളയായിരുന്നു. കൂടാരത്തിന്റെ മുള തകര്‍ന്നുവീണു. അവന്‍ എഴുന്നേറ്റു നോക്കി. മറിഞ്ഞുവീണ സ്റ്റൗവില്‍നിന്നുണ്ടായ തീയില്‍ കൂടാരം കത്തിയെരിഞ്ഞു വൂ — വാ ഞാന്‍ കാറ്റുപോലെ കൂവി. നിലവിളിച്ചുകൊണ്ടു് അവന്‍ വേലിചാടി റോഡിലേയ്ക്കു് ഓടി…ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ഭാര്യ റേഡിയോ ട്യൂണ്‍ ചെയ്യുകയായിരുന്നു. ആ അവസ്ഥാവിശേഷത്തില്‍ ചെന്നുപെടാന്‍ അവള്‍ കൂട്ടാക്കിയില്ല. എനിക്കാകട്ടെ അതു് ഒഴിയാബാധയും. അടുത്ത ദിവസം കാലത്തു് പയ്യന്‍ വാതിലിനു തട്ടി. പക്ഷേ അവന്റെ കൈയില്‍ എഴുത്തില്ല. എനിക്കു് അവനെ കാണാന്‍ ആഹ്ലാദം. ഞാന്‍ അവനു് അമ്പതു പെന്‍സ് കൊടുത്തിട്ടു് വീട്ടില്‍ തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഒരു മണിക്കൂര്‍ കഴിഞ്ഞു് അവന്‍ തിരിച്ചുവന്നു; എഴുത്തില്ല. എന്നിട്ടു് അടുത്ത മണിക്കൂറും. എന്നിട്ടു് അടുത്ത മണിക്കൂറും. എന്നിട്ടു് അടുത്ത മണിക്കൂറും. എന്നിട്ടു് അടുത്ത മണിക്കൂറും. എന്നിട്ടു് അടുത്ത മണിക്കൂറും.

കഥ ഇവിടെ അവസാനിച്ചു. അതു് ചേതോഹരമായി വായനക്കാര്‍ക്കു തോന്നുന്നില്ലെങ്കില്‍ അതിനു ഹേതു എന്റെ അവിദഗ്‌ദ്ധത തന്നെ. സംക്ഷേപണം കഥയുടെ എല്ലാ മൂല്യങ്ങളെയും തകര്‍ത്തുകളയും. അതിരിക്കട്ടെ. കഥയില്‍ ഒരലങ്കാരപ്രയോഗവുമില്ല. അലങ്കാരം അസത്യാത്മകമാണെന്നു ഡേര്‍ട്ടി റിയലിസ്റ്റുകള്‍ കരുതുന്നുണ്ടാവും. “ശോകമൂകമായ അന്തരീക്ഷം” എന്നു പറയുമ്പോള്‍ ശോകവും മൂകതയും വക്താവിന്റെ വികാരങ്ങള്‍ മാത്രമാണു് അന്തരീക്ഷത്തിനു ശോകമില്ല, മൂകതയുമില്ല. പറയുന്ന ആള്‍ ആ വികാരങ്ങളെ അന്തരീക്ഷത്തില്‍ അടിച്ചേല്പിക്കുകയാണ്. വസ്തുക്കളും മാനുഷികവികാരങ്ങളും തമ്മില്‍ ബന്ധമില്ലാത്തതുകൊണ്ട് അലങ്കാരം അസത്യത്തിന്റെ സന്തതിയാണെന്നു് ഡേര്‍ട്ടി റിയലിസ്റ്റുകള്‍ കരുതുന്നു. അലങ്കാരപ്രയോഗം പാടില്ലെന്നു മാത്രമല്ല അവര്‍ പരോക്ഷമായി പ്രഖ്യാപിക്കുന്നതു്. മോടി പിടിപ്പിച്ച ഭാഷയും സത്യാവിഷ്കാരത്തിനു തടസ്സം സൃഷ്ടിക്കുമെന്നു് അവര്‍ കരുതുന്നു. ജോണ്‍ ഡിഡീയന്‍ കഥ തുടങ്ങുമ്പോള്‍ This is a story about love and death in the golden land and begins with the Country എന്നാണു് ശോഭാപൂര്‍ണ്ണമായി എഴുതുന്നതു്. ഡേര്‍ട്ടി റിയലിസ്റ്റുകള്‍ക്കു നഗ്നീകൃതമായ ഭാഷയേ വേണ്ടൂ.റേയ്മണ്ടു് കാര്‍വര്‍ എന്ന ഡേര്‍ട്ടി റിയലിസ്റ്റിന്റെ The Compartment എന്ന അതിസുന്ദരമായ ചെറുകഥ ആരംഭിക്കുന്നതു് ഇങ്ങനെ: — Myers was travelling through France in a first-class rail car on his way to visit his son in Strasbourg, who was a student at the University there. ഏറ്റവും കുറഞ്ഞതോതില്‍ വാക്കുകളുപയോഗിച്ചു് അവര്‍ നിര്‍മ്മിച്ചുവയ്ക്കുന്നതു് സുന്ദരമായ കലാശില്പങ്ങളും. പദങ്ങളുടെ വൈരള്യമുള്ളതുകൊണ്ടു് പ്രതിപാദ്യ വിഷയം അവരുടെ പിടിയില്‍നിന്നു് വിട്ടുപോകുന്നതുമില്ല. മാകീവന്റെ കഥ നോക്കുക. സുന്ദരിയായ വിവാഹിതയെക്കണ്ടു് ചെറുപ്പക്കാരനുണ്ടാകുന്ന കാമത്തിന്റെ അതിപ്രസരം, അവള്‍ക്കു് അതിനോടുള്ള പരമപുച്ഛം, ഭര്‍ത്താവിന്റെ ‘ജലസി’, ഫ്യൂഡലിസത്തിന്റെ കെടുതികള്‍, കുത്തിയിരിപ്പുകാരനെ പറഞ്ഞയയ്ക്കാനുള്ള ഫ്യൂഡലിസത്തിന്റെ പ്രതിനിധിക്കുള്ള ഭയം, സ്നേഹിതനെ സഹായിക്കാനുള്ള വൈമനസ്യം, വീട്ടില്‍ വന്നു കയറുന്നവനോടു പട്ടിക്കു പോലുമുള്ള ദേഷ്യം, എങ്ങനെയെങ്കിലും പണം നേടാനുള്ള പയ്യന്റെ അത്യാഗ്രഹം, കാമത്തിന്റെ ക്ഷണികസ്വഭാവം ഇങ്ങനെ എത്രയെത്ര കാര്യങ്ങളാണു് കഥാകാരന്‍ ചാരുതയോടെ ധ്വനിപ്പിക്കുന്നതു്! കഥയിലാകെ പ്രഭ പ്രസരിപ്പിക്കുന്ന ഐറണിയോ! ഒന്നാന്തരമെന്നേ പറയേണ്ടു. സത്യത്തിന്റെ അനുകരണമല്ല സത്യത്തിന്റെ ഭാവനാത്മകമായ ആവിഷ്കാരമാണ് കലയെന്നു ഡേര്‍ട്ടി റിയലിസ്റ്റുകളും വിശ്വസിക്കുന്നു. ഡേര്‍ട്ടി റിയലിസം! അതു് ഒട്ടുംതന്നെ ഡേര്‍ട്ടിയല്ല. ബ്യൂട്ടിഫുള്‍ റിയലിസം എന്നാണു് അതിനെ വിളിക്കേണ്ടതു്.