close
Sayahna Sayahna
Search

പേരയ്ക്കയുടെ സൗരഭ്യം


പേരയ്ക്കയുടെ സൗരഭ്യം
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മാജിക്കൽ റിയലിസം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1985
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 103 (ആദ്യ പതിപ്പ്)

1982-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ കൊളമ്പിയന്‍ നോവലിസ്റ്റ് ഗാബ്രീയല്‍ ഗാര്‍സീ ആ മാര്‍കേസിന്റെ (Gabriel Garcia Marques) ഉത്കൃഷ്ടമായ കൃതി “നൂറു വര്‍ഷങ്ങളുടെ ഏകാന്തത”യാണെന്നു നിരൂപകര്‍ പറയുന്നു. മാര്‍കേസിനു് ആ അഭിപ്രായത്തോടു യോജിപ്പില്ല. ആ നോവല്‍ വെറുമൊരു നേരമ്പോക്കാണെന്നും അധികാരത്തിന്റെ ഏകാന്തതയെക്കുറിച്ചുള്ള കാവ്യമായി താന്‍ കരുതുന്ന “വംശാധിപതിയുടെ വീഴ്ച” (The Autumn of the Patriarch) എന്ന തന്റെ നോവലിനാണു് ഉത്ക്കൃഷ്ടതയുള്ളതെന്നും അദ്ദേഹം ഉദ്ഘോഷിക്കുന്നു. നോവലിസ്റ്റിന്റെ ഈ മതത്തിനു് എന്തു സാധുതയുണ്ടെന്നു് നമ്മള്‍ ഈ സന്ദര്‍ഭത്തില്‍ അന്വേഷിക്കേണ്ടതില്ല. അതിനോടു ബന്ധമില്ലാത്ത മറ്റൊരു കാര്യമാണു് ഇവിടെ പരിഗണിക്കുന്നതു്. “നൂറു വര്‍ഷങ്ങളുടെ ഏകാന്തത”യിലെ പ്രധാനപ്പെട്ട കഥാപാത്രമാണു് കേണല്‍ ഒറീലിയാനോ ബ്വേന്തിയ. അയാള്‍ ആഭ്യന്തരയുദ്ധവീരനായിരിക്കണമെന്നും ഒരു മരത്തിന്റെ ചുവട്ടില്‍നിന്നു മൂത്രമൊഴിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ മരിച്ചുവീഴണമെന്നുമാണു് മാര്‍കേസ് ആദ്യമായി സങ്കല്പിച്ചതു്. അദ്ദേഹത്തിനു് അയാളെ കൊല്ലാന്‍ ധൈര്യമുണ്ടായില്ല. കേണല്‍ വൃദ്ധനായി. ഒരുദിവസം ഉച്ചയ്ക്ക് മാര്‍കേസ് വിചാരിച്ചു അയാളെ കൊല്ലണമെന്നു്. ആ അദ്ധ്യായം എഴുതിത്തീര്‍ത്തിട്ടു് അദ്ദേഹം വിറച്ചുകൊണ്ടു് ഭാര്യ മെര്‍തിഡസിന്റെ (Mercedes) അടുക്കലെത്തി. മാര്‍കേസിന്റെ മുഖം കണ്ടയുടനെ അവരൂഹിച്ചു എന്തുസംഭവിച്ചുവെന്നു്. “കേണല്‍ മരിച്ചു” എന്നു മെര്‍തിഡസ് പറഞ്ഞു. മാര്‍കേസ് കിടക്കയിലേക്കു വീണു. രണ്ടു മണിക്കൂര്‍നേരം അദ്ദേഹം കരഞ്ഞു. കലാകാരന്മാര്‍ക്കു തങ്ങളുടെ കഥാപാത്രങ്ങള്‍ ജീവനാര്‍ന്ന മനുഷ്യരെക്കാള്‍ ചൈതന്യമാര്‍ന്നവമാണു്. അവയെ അവര്‍ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. ആ കഥാപാത്രങ്ങള്‍ നോവലുകളിലും നാടകങ്ങളിലും മരിക്കുമ്പോള്‍ അവയുടെ ജനയിതാക്കള്‍ വിലപിക്കും. “നോവലെഴുതുമ്പോള്‍ എഴുത്തുകാരന്‍ ജീവനുള്ള ആളുകളെയാണു് സൃഷ്ടിക്കേണ്ടതു്; ആളുകളെയാണു് കഥാപാത്രങ്ങളെയല്ല. കഥാപാത്രം ഹാസ്യചിത്രം മാത്രമാണു്” എന്നു് ഹെമിങ്‌വേ Death in the Afternoon എന്ന കൃതിയില്‍ പറഞ്ഞിട്ടുണ്ടു്. ഹെമിങ്‌വേയെ ബഹുമാനിക്കുന്ന മാര്‍കേസ് ജീവനുള്ള ബ്വേന്തിയയെ സൃഷ്ടിച്ചപ്പോള്‍ അയാളെ എന്തെന്നില്ലാതെ സ്നേഹിച്ചു. അയാളുടെ മരണം അനിവാര്യം. അയാള്‍ മരിച്ചപ്പോള്‍ മാര്‍ക്കേസ് കിടക്കയില്‍ കിടന്നു രണ്ടുമണിക്കൂര്‍ നേരം കരഞ്ഞു. ഇതുപോലുള്ള രസകരങ്ങളായ വസ്തുതകള്‍ വായനക്കാര്‍ക്ക് കൂടുതലായി അറിയണമെന്നുണ്ടോ? ഉണ്ടെങ്കില്‍ “പേരയ്ക്കയുടെ സൗരഭ്യം” എന്ന അതിസുന്ദരമായ ഗ്രന്ഥം വായിച്ചാലും. (The Fragrance of Guava — Plinio Apuleyo Mendoza in conversation with Gabriel Garcia Marquez — Translated by Ann wright — Verso Editions, Greek Street, London W1-4-50) കൊളംബിയയിലെ വേറൊരു നോവലിസ്റ്റും മാര്‍കേസിന്റെ ആപ്തമിത്രവുമായ പ്ലീനിയോ അപ്യൂലിയോമേന്‍ ഡോതാ അദ്ദേഹവുമായി നടത്തിയ അഭിമുഖസംഭാഷണങ്ങളുടെ “ലേഖപ്രമാണ”മാണു് ഈ ഗ്രന്ഥം. വായനക്കാരുടെ കണ്ണുകളിലേക്കുനോക്കി പുഞ്ചിരി പൊഴിക്കുന്ന മാര്‍കേസ് കവര്‍പേജില്‍ അമ്പത്തിമൂന്നാമത്തെ വയസ്സിലെടുത്ത ഫോട്ടോയാണതു്. ഗ്രന്ഥം തുറക്കൂ. മാര്‍കേസിന്റെ രണ്ടാമത്തെ വയസ്സിലെടുത്ത ചിത്രം. പതിന്നാലു വയസ്സുള്ളപ്പോഴുള്ള ചിത്രം. വിശ്വവിഖ്യാതരായ ആര്‍ജന്റൈന്‍ നോവലിസ്റ്റു് ഹൂല്യോ കോര്‍ട്ടാസാര്‍ (Julio Cortazar) പെറുവ്യന്‍ നോവലിസ്റ്റ് മാര്യോ വാര്‍ഗാസ് യോസാ (Mario Vargas Liosa) ഇവരോടൊരുമിച്ച് മാര്‍ക്കേസ് ഇരിക്കുന്ന പടമൊരിടത്തു്. ചെക്ക് നോവലിസ്റ്റ് മിലാന്‍കൂന്‍ഡേരയോടും ഫ്രഞ്ച് ദാര്‍ശനികന്‍ ഷ്യൂള്‍ റേഷീസ് ദബ്രേയോടുംകൂടി മാര്‍കേസ് നില്ക്കുന്ന ചിത്രം വേറൊരിടത്തു്. ദബ്രേ അദ്ദേഹത്തിന്റെ തോളില്‍ മുഖമമര്‍ത്തി നില്ക്കുകയാണു്. കൂന്‍ഡേര തെല്ലകലെ. മൂന്നുപേരും ചിരിക്കുന്നു. ഫീഡല്‍ കാസ്ട്രേയോടൊരുമിച്ച് മാര്‍കേസ് നടന്നുപോകുന്ന പടം ഇനിയൊരിടത്തു കാണാം.

വെള്ള നീരാളം ധരിച്ച സുന്ദരിയായ യുവതിയെപ്പോലെ ഈ ഗ്രന്ഥം എന്റെ മേശയുടെ പുറത്തു കിടക്കുന്നു. സ്പര്‍ശിക്കു. അവളില്‍നിന്നു പ്രതികരണമുണ്ടാകും.

ജീവിതസംഭവങ്ങള്‍

തെക്കേ അമേരിക്കയുടെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള റിപ്പബ്ലിക്കാണല്ലോ കൊളമ്പിയ. അവിടെ ആരക്കാറ്റക്ക എന്നൊരു പട്ടണമുണ്ടു്. വാഴക്കൃഷികൊൻട് സമ്പന്നമായി ഭവിച്ചതാണു് ആ നഗരം. മാര്‍കേസ് ജനിച്ചപ്പോള്‍ ആരക്കാറ്റക്ക പ്രസിദ്ധിയാര്‍ജ്ജിച്ചുകഴിഞ്ഞു. വാഴക്കൃഷി നടത്തുന്ന സമ്പന്നന്മാരുടെ മുന്‍പില്‍ ഉടുതുണിയില്ലാതെ യുവതികൾ നൃത്തം ചെയ്യും. അവര്‍ ബാങ്ക് നോട്ടു് കത്തിച്ചു് ചുരുട്ടിനു് തീ പിടിപ്പിക്കും. പുഷ്പങ്ങളുടെ സൗരഭ്യവും ചീവീടിന്റെ ശബ്ദവും തങ്ങിനില്‍ക്കുന്ന ഉഷ്ണമേഖലായാമിനി ഭവനത്തില്‍വന്നു് ആഘാതമേല്പിക്കുമ്പോള്‍ അഞ്ചുവയസ്സായ മാര്‍കേസിനെ കസേരയില്‍ ഉറപ്പിച്ചിരുത്തിയിട്ടു് അവന്റെ മുത്തശ്ശി പറയും “നീ അനങ്ങുകയാണെങ്കില്‍ പെട്രാ അമ്മായി മുറിയില്‍നിന്നു പുറത്തുവരും. ചിലപ്പോള്‍ ലാസറോ അമ്മാവനായിരിക്കും.” രണ്ടുപേരും മരിച്ചവര്‍. ഇന്നും മാര്‍കേസ് റോമിലോ ബാങ്ക്ക്കോക്കിലോ ഉള്ള ഏതെങ്കിലും ഹോട്ടല്‍ മുറിയില്‍ അര്‍ദ്ധരാത്രിയില്‍ പെട്ടെന്നുണരുമ്പോള്‍ ശൈശവത്തിലെ ആ ഭീതി അദ്ദേഹത്തിനു ഉണ്ടാകും. മരിച്ച ബന്ധുക്കള്‍ ഇരുട്ടില്‍ ഉണ്ടെന്നു തോന്നും.

മാര്‍കേസ് അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും (അമ്മവഴിക്കുള്ള ബന്ധം) വീട്ടിലാണു് താമസിച്ചതു്. കാരണമുണ്ടു്. മാര്‍കേസിന്റെ അമ്മ ലൂയിസ ആ പട്ടണത്തിലെ സുന്ദരികളില്‍ ഒരുവളായിരുന്നു. ഒരു ‘ടെലിഫോണ്‍ ഓപ്പറേറ്റര്‍’ അവരെക്കൻടു പ്രേമത്തില്‍ വീണു. നിസ്സാരമായ ജോലിയുള്ള അയാള്‍ക്കു ലൂയിസയെ വിവാഹം കഴിച്ചുകൊടുക്കാന്‍ വീട്ടുകാര്‍ക്കു സമ്മതിമില്ല. പക്ഷേ, ലൂയിസ എവിടെ പോകുമോ അവിടെയൊക്കെ ടെലിഫോണ്‍ ഓപ്പറേറ്ററുടെ കമ്പിസന്ദേശം — പ്രേമാഭ്യര്‍ത്ഥന നടത്തുന്ന കമ്പിസന്ദേശം — ചിത്രശലഭത്തെപ്പോലെ പറന്നുചെല്ലും. ആ ഭക്തി കണ്ടു് വീട്ടുകാര്‍ക്കു കീഴടങ്ങേണ്ടതായി വന്നു. ഓപ്പറേറ്റര്‍ ലൂയിസയെ വിവാഹം കഴിച്ചു. ആരകാറ്റക്കയില്‍ മാര്‍കേസ് ജനിച്ചപ്പോള്‍ ലൂയിസ കുഞ്ഞിനെ മുത്തശ്ശിയേയും മുത്തച്ഛനെയുമാണു് വളര്‍ത്താനേല്പിച്ചതു്. ടെലിഫോണ്‍ ഓപ്പറേറ്ററുമായുള്ള ബന്ധം ജനിപ്പിച്ച കയ്പു് അങ്ങനെ തെല്ലൊന്നു കുറയ്ക്കാമെന്നു് ലൂയിസ വിചാരിച്ചിരിക്കാം.

കൊളമ്പിയ തലസ്ഥാനമായ ബൊഗൊട്ടിയിലാണു് മാര്‍കേസ് സെക്കന്ററി സ്ക്കൂള്‍ വിദ്യാഭ്യാസം നിര്‍വഹിച്ചതു് ‘മാജിക്‍മൗണ്ടന്‍’ (തോമസ്മന്‍) ‘ലേട്രവാ മൂസ്കറ്റര്‍’ (The three Musketeers) — എലക്‍സാങ്ങ്ദ്ര ദ്യുമാ, 1നോത്ര ദം ദ പറീ’ The Hunch back of Notre Dame വിക്‍തോര്‍ യൂഗോ) ഈ നോവലുകള്‍ ഉറക്കെ വായിക്കുന്നതു് മാര്‍കേസ് കേള്‍ക്കും. ഫ്രഞ്ച് നോവലിസ്റ്റ് ഷ്യൂള്‍ വെറന്റെ കൃതികള്‍ വായിക്കും. യുവാക്കളായ ചില കൊളമ്പിയന്‍ കവികളുടെ സ്വാധീനശക്തിയില്‍ മാര്‍കേസ് അമര്‍ന്നു. സെക്കന്‍ഡറി സ്ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ബൊഗൊട്ടയിലെ നാഷനല്‍ യൂണിവേഴ്സിറ്റിയില്‍ നിയമം പഠിച്ചു അദ്ദേഹം. നിയമഗ്രന്ഥങ്ങള്‍ പഠിക്കുന്നതിനുപകരം മാര്‍കേസ് കാവ്യഗ്രന്ഥങ്ങളാനു് ഏറെ വായിച്ചതു്. നോവലില്‍ കൗതുകമുൻടായതു് കാഫ്കയുടെ Metamorphosis എന്ന കഥ ഒരു രാത്രിയില്‍ വായിച്ചതോടെയാണു്. “ഗ്രിഗര്‍ സാംസ അസ്വസ്ഥങ്ങളായ സ്വപ്നങ്ങള്‍ കണ്ടിട്ടു് ഒരു ദിവസം കാലത്തുണര്‍ന്നപ്പോള്‍ താനൊരു വലിയ ഷട്പദമായി മാറി കിടക്കയില്‍ കിടക്കുന്നതായി കണ്ടു.” വിറച്ചുകൊൻട് മാര്‍കേസ് പുസ്തകമടച്ചു. “ക്രിസ്തുവേ, അപ്പോള്‍ ഇതാണു് നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നതു്” എന്നു് അദ്ദേഹം വിചാരിച്ചു. അടുത്ത ദിവസം മാര്‍കേസ് ആദ്യമായി കഥയെഴുതി.

ഇരുപതു വയസുള്ള ആ യുവാവു് യൂണിവേഴ്സിറ്റി വിട്ടു. ഒരു വര്‍ത്തമാനപ്പത്രത്തിന്റെ സബ്ബ് എഡിറ്ററായി. ദസ്തേയേവ്സ്കി, ടോള്‍സ്റ്റോയി, ഡിക്കന്‍സ് ഫ്ളോബര്‍, വെല്‍സാക്‍, സൊല ഇവരുടെ നോവലുകളില്‍ അദ്ദേഹം മുഴുകി.

നോവലുകള്‍

ദിനപത്രത്തിന്റെ ശൂന്യമായ എഡിറ്റോറിയല്‍ ഓഫീസിലിരുന്നു് ഒരുതരം നിശ്ശബ്ദമായ ആവേശത്തോടുകൂടിയാണു് മാര്‍കേസ് Leaf Storm എന്ന ആദ്യത്തെ നോവല്‍ രചിച്ചതു്. അതു ശക്തിയാര്‍ന്ന ഗ്രന്ഥമാണെങ്കിലും അദ്ദേഹം പ്രശസ്തനായില്ല. അഞ്ചാമത്തെ നോവലായ “ഏകാന്തങ്ങളായ നൂറു വര്‍ഷങ്ങള്‍” പ്രസിദ്ധപ്പെടുത്തിയതോടുകൂടിയാണു് മാര്‍കേസ് വിശ്വവിഖ്യാതി നേടിയതു്.


Leaf Storm -നുശേഷം In Evil Hour എന്ന നോവല്‍. ഇതിനിടയ്ക്കു് No one writes to the Colonel എന്ന ദീര്‍ഘമായ കഥയും. അതെല്ലാം കാത്തിരിപ്പിന്റെ കാലമായിരുന്നു. വരാത്ത പെന്‍ഷനുവേണ്ടി കാത്തിരുന്ന കേണലിന്റെ അവസ്ഥയായിരുന്നു അദ്ദേഹത്തിനു്. ‘ഏകാന്തങ്ങളായ നൂറുവര്‍ഷങ്ങള്‍’ ബ്വേനേസ് ഐറിസിലെ ഒരു ഗ്രന്ഥ പ്രസാധക സംഘം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ആദ്യം പതിനായിരം കോപ്പിയാണു് അവര്‍ അച്ചടിക്കാമെന്നു് കരുതിയതു്. നോവലിന്റെ പ്രൂഫ് കണ്ട അവരുടെ വിദഗ്ദ്ധന്മാര്‍ ഉപദേശിച്ചതനുസരിച്ചു്, ഗ്രന്ഥത്തിന്റെ കോപ്പികള്‍ ഇരുപതിനായിരമാക്കി വര്‍ദ്ധിപ്പിച്ചു.

ഇന്ന്

ഇന്നു മാര്‍കേസ് വളരെ മാറിയിരിക്കുന്നു. ദിവസം നാല്പതു സിഗരറ്റ് വലിച്ചിരുന്ന അദ്ദേഹം ഇന്നു സിഗററ്റ് തൊടുന്നില്ല. മാര്‍കേസിനെ മുന്‍പ് അറിഞ്ഞിരുന്നവര്‍ക്കു് അത്ഭുതം ജനിപ്പിക്കുന്ന മട്ടില്‍ ഇന്നു് അദ്ദേഹം പ്രശാന്തനാണു്, ഗംഭീരനാണു്. അദ്ദേഹത്തിന്റെ ഭാര്യ മെര്‍തിഡസും ലിഠററി ഏജന്റുംകൂടി അഭിമുഖസംഭാഷണത്തിനു് ആഗ്രഹിക്കുന്നവരില്‍നിന്നു് അദ്ദേഹത്തെ രക്ഷിക്കുന്നു. “ഏകാന്തങ്ങളായ നൂറു വര്‍ഷങ്ങള്‍” എഴുതുന്നതിനുമുന്‍പു് അദ്ദേഹം ധാരാളം കത്തുകള്‍ മറ്റുള്ളവര്‍ക്കു് എഴുതിയിരുന്നു. ഇപ്പോള്‍ മാര്‍കേസ് കത്തെഴുതുകയില്ല. വേണ്ടിവന്നാല്‍ ടെലിഫോണില്‍ കൂട്ടുകാരെ വിളിച്ചു് സംസാരിക്കും. ആരോ ഒരാള്‍ അദ്ദേഹത്തിന്റെ കത്തു് പത്രത്തില്‍ പരസ്യപ്പെടുത്തി. അതിനുശേഷമാണു് മാര്‍കേസ് ഈ തീരുമാനത്തിലെത്തിയതു്. ടെലിഫോണിനു് ഭീമമായ തുക കൊടുക്കുന്ന എഴുത്തുകാരനാണു് അദ്ദേഹം. ചിലപ്പോള്‍ അദ്ദേഹം സ്നേഹിതന്മാരെ ഒന്നു കാണാന്‍ മാത്രമായി അന്യരാജ്യങ്ങളിലേക്കു പോകുകയും ചെയ്യും. ഒരുകാലത്തു് തന്റെ ജീവിതരഹസ്യങ്ങളാകെ അദ്ദേഹം അന്യരോടു പറഞ്ഞിരുന്നു. ഇപ്പോള്‍ അങ്ങിനെ ചെയ്യാറില്ല. വലിയ ആളുകളുമായി അദ്ദേഹം കൂട്ടുകൂടാറുണ്ടെങ്കിലും ലോകമൊട്ടാകെയുള്ള മഹാവ്യക്തികള്‍ അദ്ദേഹത്തെ കാണാന്‍ അനുവാദം ചോദിക്കാറുണ്ടെങ്കിലും കീര്‍ത്തി അദ്ദേഹത്തെ ഉന്മത്തനാക്കിയിട്ടില്ല. പഴയ കൂട്ടുകാരില്‍ ചിലരൊക്കെ മരിച്ചു. മറ്റുചിലര്‍ — അദ്ദേഹത്തിനു് ജോയിസിന്റെയും ഫോക്നറുടെയും നോവലുകള്‍ വായിക്കാന്‍ കൊടുത്തവര്‍ — മുമ്പുള്ള മട്ടില്‍ത്തന്നെ സുഹൃത്തുക്കളായി വര്‍ത്തിക്കുന്നു. അവര്‍ക്കു് അദ്ദേഹം മാര്‍കേസല്ല; ‘ഗേബോ’യാണു്, അല്ലെങ്കില്‍ ‘ഗേബിറ്റോ’യാണു്.

ദാമ്പത്യം, രാഷ്ട്രവ്യവഹാരം

മാര്‍കേസും മെര്‍തിഡസും ഐക്യമാര്‍ന്ന ദമ്പതികളാണു്. അവര്‍ക്കു രണ്ടാണ്‍മക്കള്‍; റോത്രീഗോയും ഗൊണ്‍താലോയും. (Rodrigo and Gonzalo) അവര്‍ വീട്ടിലെത്തുമ്പോള്‍ “പ്രസിദ്ധനായ എഴുത്തുകാരനെവിടെ?” എന്നു ചോദിക്കും. അച്ഛനമ്മമാര്‍ മക്കളെ ബഹുമാനിക്കാത്ത രീതിയാണു് ലാറ്റിനമേരിക്കയില്‍. അതില്‍നിന്നു വിഭിന്നമായ രീതിയിലാണു് മാര്‍കേസ് പുത്രന്മാരെ വളര്‍ത്തിയിട്ടുള്ളതു്.

മഹാനായ ഈ എഴുത്തുകാരന്റെ രാഷ്ട്രീയ വിശ്വാസം എന്താണു്? സെക്കന്ററി സ്ക്കൂളില്‍ പഠിച്ച കാലത്തു് അധ്യാപകരില്‍ ചിലര്‍ മാര്‍ക്സിസ്റ്റ് ഗ്രന്ഥങ്ങള്‍ മാര്‍കേസിനു രഹസ്യമായി നല്‍കിയിരുന്നു. അവ വായിച്ചു് മനുഷ്യന്റെ ഭാവി സോഷ്യലിസത്തിലാണെന്നു് അദ്ദേഹം വിശ്വസിച്ചു. യാഥാതഥ്യത്തിന്റെ — സത്യത്തിന്റെ — കാവ്യാത്മകമായ ആവിഷ്കാരങ്ങളാണു് നല്ല നോവലുകളെന്നും മാര്‍കേസ് സ്ക്കൂള്‍ വിട്ടപ്പോള്‍ കരുതിയിരുന്നു. ക്യൂബ സോവിയറ്റ് റഷ്യയുടെ ഉപഗ്രഹമാണെന്ന വാദത്തോടു് അദ്ദേഹം യോജിക്കുന്നില്ല. കാസ്റ്റ്ട്രോയുടെ സ്നേഹിതനാണു് മാര്‍കേസെന്നു പറഞ്ഞല്ലോ. പക്ഷേ, 1968-ല്‍ സോവിയറ്റ് റഷ്യ ചെക്കോസ്ലോവാക്യയില്‍ ഇടപെട്ടപ്പോള്‍ കാസ്റ്റ്ട്രോ അതിനെ അനുകൂലിച്ചു. മാര്‍കേസ് പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തു.

കലാജീവിതം — പേരയ്ക്കയുടെ മണം

ഇനി മേന്‍ഡോതായുടെ ചോദ്യങ്ങളിലൂടെയും അവയ്ക്കു മാര്‍കേസ് നല്‍കുന്ന ഉത്തരങ്ങളിലൂടെയും നമ്മള്‍ അദ്ദേഹത്തിന്റെ കലാജീവിതത്തിലേക്കു കടക്കുകയാണു്. ചില കലാകാരന്മാര്‍ക്കു് ഏതെങ്കിലും ഒരാശയമായിരിക്കും നോവല്‍ രചനയ്ക്ക് അവലംബമരുളുന്നതു്. മാര്‍കേസിനാകട്ടെ അതു് എപ്പോഴും ഒരു ഇമേജാണു്. ഒരു വിജനപ്രദേശത്തു് ചുട്ടുപൊള്ളുന്ന വെയിലില്‍ ഒരു സ്ത്രീയും ഒരു പെണ്‍കുട്ടിയും കറുത്ത വസ്ത്രങ്ങള്‍ ധരിച്ചു് കറുത്ത കുടയുമെടുത്തു് പോകുന്നതു മാര്‍കേസ് കണ്ടു. ഇതാണു് Tuesday Siesta എന്ന മാര്‍കേസിന്റെ ചെറുകഥയ്ക്കു് അവലംബമായതു്. തന്റെ ഏറ്റവും നല്ല കഥ അതാണെന്നു് അദ്ദേഹം കരുതുന്നു. ഒരു വൃദ്ധന്‍ തന്റെ പേരക്കുട്ടിയെ ശവസംസ്കാരം നടക്കുന്ന ഒരിടത്തേക്കു് കൊണ്ടു പോയതാണു് Leaf Storm എന്ന കൃതിയുടെ ആവിര്‍ഭാവത്തിനു ഹേതു. ബാരാന്‍കീയാ (Barranquilla) തുറമുഖത്തു് ഒരുത്തന്‍ നിശ്ശബ്ദമായ ഉത്കണ്ഠയോടുകൂടി ബോട്ടു് കാത്തിരുന്നതിന്റെ ഇമേജാണു് No one writes to the colonel എന്ന കൃതിയുടെ രചനയ്ക്കു് ആധാരമായി ഭവിച്ചതു്. വര്‍ഷങ്ങള്‍ക്കുശേഷം പാരീസില്‍ ഒരെഴുത്തോ മണിയോര്‍ഡറോ കാത്തിരുന്ന മാര്‍കേസിനു് അതേ ഉത്കണ്ഠയുണ്ടായി. ആ ഉത്ക്കണ്ഠയെ അദ്ദേഹം പണ്ടുകണ്ട മനുഷ്യന്റെ സ്മരണയോടു കൂട്ടിയിണക്കി. (പെന്‍ഷന്‍ പറ്റിയ ഒരു ഭടന്‍ വരാത്ത പെന്‍ഷന്‍ തുകയ്ക്കുവേണ്ടി എന്നും പോസ്റ്റാഫീസില്‍ച്ചെന്നു കാത്തിരിക്കുന്നതാണു് ഈ നീണ്ട കഥയുടെ പ്രതിപാദ്യവിഷയം) ഒരു വൃദ്ധന്‍ ഒരു കൊച്ചുകുട്ടിയെ മഞ്ഞുകട്ടി കാണാന്‍ കൊൻടുപോയി. (മാര്‍കേസിന്റെ മുത്തച്ഛന്‍ ആ ബാലനെ നേന്ത്രവാഴക്കമ്പനിയിലേക്കു കൊണ്ടുപോയതിന്റെ സ്മരണ) ഈ വിഷ്വല്‍ ഇമേജാണു് “ഏകാന്തങ്ങളായ നൂറുവര്‍ഷങ്ങ”ളുടെ രചനയ്ക്കു് ആധാരം. ഈ രചനകളിലെല്ലാം നോവലിസ്റ്റ് ഗ്രേയം ഗ്രീനിന്റെ ഉപദേശങ്ങള്‍ മാര്‍കേസിനു വളരെ പ്രയോജനപ്പെട്ടിട്ടുണ്ടു്. സത്യത്തിന്റെ കാവ്യാത്മകങ്ങളായ ആവിഷ്കാരങ്ങളാണു് നോവലുകളെന്നു് അദ്ദേഹം വിശ്വസിക്കുന്നതായി മുന്‍പു് എഴുതിയല്ലോ. ഉഷ്ണമേഖലയിലെ കാവ്യോദ്ഗ്രഥനാംശങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ പ്രയാസമായിരുന്നു മാര്‍കേസിനു്. കോണ്‍റഡിന്റെ നോവലുകള്‍ വായിച്ചുനോക്കിയിട്ടും പ്രയോജനമുണ്ടായില്ല. അപ്പോഴാണു് ഗ്രീനിന്റെ ഉപദേശം ഫലപ്പെട്ടതു്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ചു പ്രവര്‍ത്തിച്ചാല്‍ ഉഷ്ണമേഖലകളുടെ സമസ്യ മുഴുവന്‍ അഴുകിയ പേരയ്ക്കയുടെ മണമായി ലഘൂകരിക്കാമെന്നു മാര്‍കസ് മനസ്സിലാക്കി.

മാജിക്കല്‍ റിയലിസം

സത്യത്തിന്റെ കാവ്യാത്മകമായ സ്ഥാനവിപര്യയമാണു് നല്ല നോവലെന്നു് മാര്‍കേസ് പറഞ്ഞതിനു വിശദീകരണം ആവശ്യപ്പെട്ടു മേന്‍ഡോതാ. ഒരു ഗൂഢാര്‍ത്ഥഭാഷയിലൂടെ ആവിഷ്കരിക്കപ്പെടുന്ന സത്യമാണു് നോവലെന്നു മാര്‍കേസ് മറുപടി നല്‍കി. തക്കാളിയുടെയും മുട്ടയുടെയും വിലയിലാണു് സത്യമിരിക്കുന്നതെന്നു് വിചാരിക്കുന്ന യുക്തിവാദമുണ്ടല്ലോ, അതു തെറ്റാണു്. ലാറ്റിനമേരിക്കയിലെ ദൈനംദിന ജീവിതം മുഴുവന്‍ അസാധാരണത്വമുള്ളതാണു്. അമേരിക്കന്‍ ‘എക്സ്പ്ലോററാ’യ അപ്‌ഡി ഗ്രാഫ് കഴിഞ്ഞ ശതാബ്ദത്തില്‍ ആമസോണ്‍ കാടുകളില്‍ സഞ്ചരിച്ചപ്പോള്‍ തിളച്ചുമറിയുന്ന ഒരു നദി കണ്ടു. മനുഷ്യന്റെ ശബ്ദം പുറപ്പെട്ടാലുടനെ മഴ കോരിച്ചൊരിയുന്ന ഒരു സ്ഥലം ദര്‍ശിച്ചു. ആര്‍ജ്ജെന്‍റ്റൈനയുടെ തെക്കേയറ്റത്തു് ഒരിക്കല്‍ ദക്ഷിണധ്രുവത്തില്‍നിന്നു് ഒരു കൊടുങ്കാറ്റു വീശി. അതില്‍പ്പെട്ടു് ഒരു സര്‍ക്കസ് കമ്പനി മുഴുവന്‍ അപ്രത്യക്ഷമായി. അടുത്ത ദിവസം കാലത്തു് മീന്‍പിടുത്തക്കാര്‍ തങ്ങളുടെ വലകളില്‍ ചത്ത സിംഹങ്ങളും ചത്ത ജിറാഫുകളും വന്നുപെട്ടിരിക്കുന്നതു കൻടു. “ഏകാന്തങ്ങളായ നൂറു വര്‍ഷങ്ങള്‍” രചിച്ചതിനുശേഷം ബാരാന്‍കീയായില്‍ പന്നിവാലോടുകൂടി ഒരു കുട്ടി പ്രത്യക്ഷനായി. ഇതൊക്കെ സര്‍വ്വസാധാരണങ്ങളായ സംഭവങ്ങളായതുകൊണ്ടു് “ഏകാന്തങ്ങളായ നൂറുവര്‍ഷങ്ങള്‍” വായിക്കുന്നവര്‍ക്കു് ഒരത്ഭുതവും ഉണ്ടാകാറില്ല. സത്യത്തില്‍ അടിയുറച്ചിട്ടില്ലാത്ത ഒരു വരിപോലും ആ നോവലില്‍ ഇല്ലെന്നാണു് മാര്‍കേസിന്റെ വാദം. ഒരു ഇലക്ട്രീഷ്യന്‍, മാര്‍കേസ് ശിശുവായിരുന്നപ്പോള്‍ കൂടക്കൂടെ വീട്ടില്‍ വരുമായിരുന്നു. അയാള്‍ എപ്പോള്‍ വന്നാലും പിറകെ മഞ്ഞ ചിത്രശലഭങ്ങള്‍ ഉണ്ടായിരിക്കും.ഇതാണു് നോവലിലെ ഒരു കഥാപാത്രത്തിന്റെ ചുറ്റും മഞ്ഞ ശലഭങ്ങള്‍ പറക്കുന്നു എന്ന പ്രസ്താവത്തിനു് അവലംബം.

ഇമേജാണല്ലോ ഏതു നോവലിന്റെയും രചനയ്ക്കു ഹേതു. “വംശാധിപതിയുടെ വീഴ്ച” എന്ന നോവലിന്റെ രചന ഏതു് ഇമേജില്‍ തുടങ്ങി എന്നു മേന്‍ഡോതാ മാര്‍കേസിനോടു ചോദിച്ചു. “സങ്കല്പിക്കാന്‍ വയ്യാത്ത വിധത്തില്‍ വൃദ്ധനായ ഒരു ഡിക്ടേറ്റര്‍ പശുക്കള്‍ നിറഞ്ഞ കൊട്ടാരത്തില്‍ കിടക്കുന്ന ഇമേജ്” എന്നായിരുന്നു മാര്‍കേസിന്റെ മറുപടി. ഒറ്റ വാക്യത്തില്‍ ആ നോവലിനെ നിര്‍വചിക്കാമോ എന്നു വീണ്ടും ചോദ്യം. “അധികാരത്തിന്റെ ഏകാന്തതയെക്കുറിച്ചുള്ള കാവ്യം” മാര്‍കേസ് ഈ നോവലിനെ കവിതയായി എഴുതുന്നു. തന്റെ മാസ്റ്റര്‍പീസാണു് അതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അന്ധവിശ്വാസം

അസുലഭസിദ്ധികളുള്ള ഈ കലാകാരന്‍, ഇടതുപക്ഷ ചിന്താഗതിയുള്ള ഈ പ്രതിഭാശാലി ചില കാര്യങ്ങളില്‍ അന്ധവിശ്വാസിയാണെന്നുംകൂടി നമ്മള്‍ അറിയേണ്ടതുണ്ട്. മെര്‍തിഡസ് എന്നും മഞ്ഞ റോസാപ്പൂ അദ്ദേഹത്തിന്റെ മേശയുടെ പുറത്തു വയ്ക്കാറുണ്ടു്. ഒരുദിവസം മാര്‍കേസ് എഴുതിയിട്ടും എഴുതിയിട്ടും രചന ശരിപ്പെടുന്നില്ല. നോക്കിയപ്പോള്‍ മേശപ്പുറത്തു പുഷ്പഭാജനത്തില്‍ പൂവില്ല. പൂ കൊണ്ടുവരാന്‍ അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു. പൂകൊണ്ടു വന്നു. അതോടെ അദ്ദേഹത്തിനു ശരിയായി എഴുതാന്‍ കഴിഞ്ഞു. തന്റെ ചുറ്റും പൂക്കളോ സ്ത്രീകളോ ഉണ്ടെങ്കില്‍ ഒരു ദൗര്‍ഭാഗ്യവും സംഭവിക്കുകയില്ലെന്നു് മാര്‍കേസ് വിശ്വസിക്കുന്നു. മഞ്ഞയോടു പ്രതിപത്തി ഉള്ളതുകൊണ്ടു് അദ്ദേഹം സ്വര്‍ണ്ണം ഇഷ്ടപ്പെടുന്നുവെന്നു് ധരിക്കാന്‍ പാടില്ല. മാര്‍കേസിന്റെ വീട്ടില്‍ ഒരു തരി സ്വര്‍ണ്ണംപോലുമില്ല.

തെക്കേ അമേരിക്കയിലെ വേറൊരു റിപ്പബ്ലിക്കാണു് വെനിസ്വേല. മാര്‍കേസും മെന്‍ഡോതായും ആ രാജ്യത്തുനിന്നു ഒരു കാര്യം മനസ്സിലാക്കി; ചില ആളുകളും വസ്തുക്കളും വാക്കുകളും ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്നു്. വെനിസ്വേലക്കാര്‍ക്കു് ഇതിനൊരു വാക്കുണ്ടു്, പാവ (Pava) വീട്ടിനകത്തെ അക്വേറിയം, പ്ലാസ്റ്റിക്കു് പൂക്കള്‍, മാനിലഷാള്‍ ഇങ്ങനെ നീണ്ടുപോകുന്നു ദൗര്‍ഭാഗ്യം ആനയിക്കുന്ന വസ്തുക്കളുടെ പട്ടിക. കൈയില്ലാത്തവന്‍ കാലുകൊണ്ടു മദ്ദളമടിക്കുന്നതു്, കണ്ണില്ലാത്തവന്‍ പാടുന്നതു് ഇവയെല്ലാം Pava തന്നെ. and/or, in order to, over and above ഈ പ്രയോഗങ്ങളൊക്കെ മാര്‍കേസ് ഒഴിവാക്കും. അവയും ദൗര്‍ഭാഗ്യം വരുത്തുമത്രേ. സഹജാവബോധംകൊണ്ടു് ഭാവികാര്യങ്ങളറിയാന്‍ മാര്‍കേസിനു വൈഭവമുണ്ടു്. ഒരുദിവസം അദ്ദേഹത്തിന്റെ മകന്‍ റോത്രീഗോ കാറില്‍ ആക്കാപുള്‍ക്കോ തുറമുഖത്തേക്കു പോയി. എന്തോ സംഭവിക്കാന്‍ പോകുന്നുവെന്നു് മാര്‍കേസിനു് ഒരു തോന്നല്‍. അദ്ദേഹം വീട്ടിലേക്കു “ഫോണ്‍ ചെയ്യാന്‍” ഭാര്യയോടു പറഞ്ഞു. താന്‍ ഷൂലേസ് കെട്ടിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ എന്തോ സംഭവിച്ചു എന്നാണു് അദ്ദേഹത്തിനു തോന്നിയതു് വീട്ടിലെ പരിചാരിക ആ സമയത്തു് പ്രസവിച്ചെന്നു് അറിവുകിട്ടി. മാര്‍കേസ് ആശ്വസിച്ചു. തന്റെ പൂര്‍വ്വജ്ഞാനത്തിനു് റോത്രീഗോയുടെ യാത്രയുമായി ഒരു ബന്ധവുമില്ലല്ലോ.

ഇങ്ങനെയെത്രയെത്ര രസകരങ്ങളായ കാര്യങ്ങള്‍! ഈ ഗ്രന്ഥം വായിച്ചുകഴിഞ്ഞപ്പോള്‍ മാര്‍കേസിനെ നേരിട്ടു കണ്ട പ്രതീതി എനിക്കു്. ശിശുവിനെപ്പോലെ നിഷ്കളങ്കനെങ്കിലും സങ്കീര്‍ണ്ണസ്വത്വമാര്‍ന്ന മഹാനായ സാഹിത്യകാരന്‍. അദ്ദേഹം എന്റെ സുഹൃത്തായിരിക്കുന്നു എന്നു് എനിക്കൊരു തോന്നല്‍. അദ്ദേഹത്തിന്റെ കൃതികളെ ശരിയായി മനസ്സിലാക്കാനും ഇതെന്നെ സഹായിക്കുന്നു. “ഫാസിനേറ്റിങ്” എന്ന ഇംഗ്ലീഷ് പദംകൊണ്ടാണു് മേന്‍ഡോതായുടെ ഈ പുസ്തകത്തെ വിശേഷിപ്പിക്കേണ്ടതു്.