close
Sayahna Sayahna
Search

ചങ്ങല സ്പന്ദിക്കുന്നില്ല


ചങ്ങല സ്പന്ദിക്കുന്നില്ല
Mkn-04.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണൻ നായർ
മൂലകൃതി ശരത്ക്കാലദീപ്തി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ്
വര്‍ഷം
1993
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 147

എം കൃഷ്ണൻ നായർ

ചെക്കോവിന്റെ (ച്യഹേഫ് എന്നാവണം റഷ്യന്‍ ഉച്ചാരണം) അതിസുന്ദരമായ ചെറുകഥയാണ് ‘വിദ്യാര്‍ത്ഥി’ എന്നത്. ഐവാന്‍ എന്ന വിദ്യാര്‍ത്ഥി — തിയോളജിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി — സന്ധ്യാസമയത്തോട് അടുപ്പിച്ച് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു. പ്രകൃതിയെ ഭയപ്പെടുത്തിക്കൊണ്ടുള്ള തണുപ്പായിരുന്നു അപ്പോള്‍. അന്നു ദുഃഖവെള്ളിയാഴ്ച ആയിരുന്നതിനാല്‍ വീട്ടില്‍ ഭക്ഷണമൊന്നും പാചകം ചെയ്തില്ല. ആ കൊടും തണുപ്പില്‍ കൂനിക്കൂടി വിറച്ചുകൊണ്ട് അയാള്‍ വിചാരിച്ചു ഐവാന്‍ ദ് റ്റെബിളിന്റെയും പീറ്റര്‍ ദ് ഗ്രെയ്റ്റിന്റെയും കാലയളവുകളിലും ഇതേ ശൈത്യം തന്നെ ഉണ്ടായിരുന്നുവെന്ന്. അങ്ങകലെ രണ്ടു വിധവകള്‍ — അമ്മയും മകളും — തീയുണ്ടാക്കി അതിനടുത്തിരുന്നു പാത്രങ്ങള്‍ കഴുകുകയായിരുന്നു. വിദ്യാര്‍ത്ഥി അവരുടെ അടുക്കലെത്തിപ്പറഞ്ഞു: “ഇതുപോലെയുള്ള ഒരു രാത്രിയിലാണു പീറ്റര്‍ അപോസ്തലന്‍ തീക്കടുത്തിരുന്നു ശരീരം ചൂടുപിടിപ്പിച്ചത്.” “അതേ” എന്ന വിധവയായ മാതാവ് സമ്മതിച്ചു. വിദ്യാര്‍ത്ഥി തുടര്‍ന്നു പറഞ്ഞു: “അവസാനത്തെ അത്താഴം നടക്കുന്നവേളയില്‍ പീറ്റര്‍, യേശുവിണോടു പറഞ്ഞത് ഓര്‍മ്മിക്കുന്നുവോ? ‘പ്രഭോ, ഞാന്‍ അങ്ങയുടെകൂടെ വരും. കാരാഗൃഹത്തിലായാലും മരണത്തിലേക്കായാലും.’ യേശു പീറ്ററിനു മറുപടി നല്കി: ‘പീറ്റര്‍, ഞാന്‍ നിന്നോടു പറയുന്നു കോഴി രണ്ടു തവണ കൂവുന്നതിനുമുന്‍പ് നീ എന്നെ മൂന്നുതവണ തള്ളീപ്പറയും.’ അത്താഴത്തിനുശേഷം യേശു പൂന്തോട്ടത്തിലിരുന്നു പ്രാര്‍ത്ഥിച്ചു. ജൂഡാസ് ആ രാത്രി യേശുവിനെ ചുംബിച്ചിട്ടു മര്‍ദ്ദകര്‍ക്കു അദ്ദേഹത്തെ ഒറ്റിക്കൊടുത്തു. മര്‍ദ്ദകര്‍ അദ്ദേഹത്തെ പീഡിപ്പിച്ചു.”

വിദ്യാര്‍ത്ഥി തുടര്‍ന്നു: തൊഴിലാലികള്‍ തീ കൂട്ടി അതിന്റെ അരികിലിരുന്നപ്പോള്‍ പീറ്റര്‍ അവരുടെ സമീപത്തു നിന്നു. അപ്പോള്‍ ഒരു യുവതി അദ്ദേഹത്തെച്ചൂണ്ടിപ്പറഞ്ഞു. ‘ഈ മനുഷ്യനും യേശുവിനോടൊപ്പം ഉണ്ടായിരുന്നു.’ പീറ്ററെയും ചോദ്യംചെയ്യണമെന്നായിരുന്നു അവള്‍ സൂചിപ്പിച്ചത്. ‘എനിക്ക് അദ്ദേഹത്തെ അറിഞ്ഞുകൂടാ’ എന്നായി പീറ്റര്‍. അല്പം കഴിഞ്ഞ് ക്രിസ്തു ശിഷ്യന്മാരില്‍ ഒരാളായി അദ്ദേഹത്തെ കണ്ടിട്ട് വേറൊരാളും പറഞ്ഞു: നിങ്ങള്‍ അദ്ദേഹത്തോടൊരുമിച്ച് ഉണ്ടായിരുന്നു. പീറ്റര്‍ അതു നിഷേധിച്ചു. മൂന്നാമത്തെത്തവണ വേറൊരാള്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്തു ചോദിച്ചു. ‘ഇന്ന് അദ്ദേഹത്തോടൊരുമിച്ചു ഉദ്യാനത്തില്‍ നിങ്ങളെ ഞാന്‍ കണ്ടില്ലെന്നാണോ?’ മുന്നാമത്തെത്തവണയും പീറ്റര്‍, ക്രിസ്തുവിനെ തള്ളിപ്പറഞ്ഞു. അതിനുശേഷം കോഴികൂവി. അത്താഴവേളയില്‍ യേശു തന്നോടു പറഞ്ഞതു പീറ്റര്‍ ഓര്‍മിച്ചു.അദ്ദേഹം അവിടെനിന്നു പോയി കണ്ണിരൊഴുക്കി.”ഇതുകേട്ട് അമ്മ എന്തെന്നില്ലാത്തവിധത്തില്‍ കരഞ്ഞു. മകള്‍ വികാരത്താല്‍ കൊടുമ്പിരികൊണ്ടു.

വിദ്യാര്‍ത്ഥി വീട്ടിലേക്കു മടങ്ങുമ്പോള്‍ അവര്‍ രണ്ടുപേരും എന്തിനു ദുഃഖിച്ചുവെന്ന് ആലോച്ചിച്ചു നോക്കി. പത്തൊന്‍പതു ശതാബ്ദങ്ങള്‍ക്കു മുന്‍പുണ്ടായ ഒരു സംഭവം ഇന്നും അവരെ ചലനം കൊള്ളിക്കുന്നെങ്കില്‍ അതിനു അവരെ സംബന്ധിച്ചു സവിശേഷമായ അര്‍ത്ഥം കാണാതിരിക്കല്ലല്ലോ. ഭൂതകാലം വര്‍ത്തമാനകാലത്തോട് പൊട്ടാത്ത സംഭവശൃംഖലയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നു വിദ്യാര്‍ത്ഥിക്കു തോന്നി. അയാള്‍ ആ ചങ്ങലയുടെ രൻടറ്റവും കൻടു.അതിന്റെ ഒരറ്റത്തു തൊടുമ്പോൾ മറ്റേയറ്റം സ്പന്ദിക്കുന്നു.

സാഹിത്യത്തിലും സംഭവിക്കുന്നത് ഇതു തന്നെയാണ്. ഭൂതകാലവും വര്‍ത്തമാനകാലവും സാഹിത്യസൃഷ്ടികളാല്‍ ബന്ധപ്പെട്ടിരിക്കുന്നു. ഒരറ്റത്തു തൊടൂ, മറ്റേയറ്റം സ്പന്ദിക്കും. വര്‍ത്തമാനകാലത്തിനു ഭൂതകാലവുമായുള്ള ഈ നിരന്തരബന്ധം ആര്‍ക്കും നിഷേധിക്കാനവുകയില്ല. എഴുത്തച്ഛന്റെ “അധ്യാത്മരാമായണ’ ത്തില്‍ സീതയെക്കാണാതെ രാമന്‍ വിലപിക്കുകയാണ്:

“വനദേവതമാരേ, നിങ്ങളുമുണ്ടോ കണ്ടു
വനജേക്ഷണയയ സീതയെ സത്യം ചൊല് വിന്‍
മൃഗസഞ്ചയങ്ങളേ, നിങ്ങളുമുണ്ടോകണ്ടു
മൃഗലോചനയായ ജനകപുത്രിതന്നെ?
പക്ഷി സഞ്ചയങ്ങളെ, നിങ്ങളുമുണ്ടോ കണ്ടു
പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിന്‍ പരമാര്‍ത്ഥം
വൃക്ഷവൃന്ദമേ, പറഞ്ഞീടുവിന്‍ പരമാര്‍ത്ഥം
പുഷ്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടു”

ശ്രീരാമന്റെ ഈ ദുഖം തന്നെയാണ് രാമായണം ചമ്പുവിലെ ശ്രീരാമചന്ദ്രന്റെ ദുഃഖം. അഴകത്ത് പദ്മനാഭക്കുറുപ്പിന്റെ “രാമചന്ദ്രവിലാസ”ത്തിലെ ശ്രീരാമന്റെ ദുഃഖത്തിനും വിഭിന്നതയില്ല. നവീനകാലത്തേക്കു വരു. ശ്രീ. പി. ഭാസ്കരന്റെ “ഓര്‍ക്കുക വല്ലപ്പോഴും” എന്ന കാവ്യം വായിക്കുക. സ്നേഹിച്ചിരുന്ന പെണ്‍കുട്ടിയെ മറ്റൊരാള്‍ വിവാഹം കഴിച്ചുകൊണ്ടുപോകുമ്പോള്‍ കാമുകന്‍ വിഷാദിക്കുകയാണ്:

‘യാത്രയാക്കുന്നു സഖി നിന്നെ ഞാന്‍ മൗനത്തിന്റെ
നേര്‍ത്ത പട്ടുനൂല്‍പൊട്ടിച്ചിതറും പദങ്ങളാല്‍
കരയാനുഴറീടും കണ്ണുകള്‍ താഴ്ത്തിക്കൊണ്ടാ-
വരനോടൊപ്പം നീയാവൻടിയിലിരിക്കുമ്പോള്‍
വാക്കിനു വിലപ്പിടിപ്പേറുമീ സന്ദര്‍ഭത്തി
ലോര്‍ക്കുക വല്ലപ്പോഴുമെന്നല്ലാതെന്തോതും ഞാന്‍?”
മറക്കില്ലൊരുനാളും കഷ്ടമക്കള്ളം കേട്ടു
ചിരിപ്പൂ കടല്‍കാറ്റു കണ്ണുപൊത്തുന്നു താരം
എങ്കിലും പിരിയുമ്പോളര്‍ത്ഥിപ്പൂ സകലരും
ഓര്‍ക്കുക വല്ലപ്പോഴും.

വികാരത്തെ നികഷോപലമായി സ്വീകരിച്ചാല്‍ അധ്യാത്മരാമായണത്തിലെ ശ്രീരാമനും ഭാസ്കരന്റെ കാവ്യത്തിലെ കാമുകനും വിഭിന്നരല്ലെന്നു സമ്മതിക്കേണ്ടിവരും. രണ്ടായിരത്തിയഞ്ഞൂറുകൊല്ലം മുന്‍പ് ഗ്രീസിലെ ഒരു തെരുവിലൂടെ പൂക്കള്‍ വില്ക്കാന്‍ നടന്ന ഒരു സുന്ദരിപ്പെണ്‍കുട്ടിയെക്കണ്ട് അന്നത്തെ ഒരു കവി ചോദിച്ചു: “You with the roses, rosy is your charm. Do you sell roses? yourself? or both? “വെണ്ണിക്കുളത്തിന്റെ ‘വേണമോ പനിനീര്‍പ്പൂ’ എന്ന ചോദ്യത്തിനും ചങ്ങമ്പുഴയുടെ ‘ആരുവാങ്ങുമിന്നാരു വാങ്ങുമീയാരാമത്തിന്റെ രോമാഞ്ചം? എന്ന ചോദ്യത്തിനും ഇതില്‍നിന്ന് എന്തു വ്യത്യാസമിരിക്കുന്നു? അടിസ്ഥാനപരങ്ങളായ വികാരങ്ങളാണ് കവികള്‍ — സാഹിത്യകാരന്മാര്‍ — എല്ലാക്കാലത്തും ആവിഷ്കരിക്കുക. ടെക്നിക് മാറുമെന്നേയുള്ളു. അതുകൊണ്ട് കലയില്‍ പുരോഗമനമുണ്ട് എന്ന ചിന്തയുടെ സാധ്യത ആലോചനാര്‍ഹമായിബ്ഭവിക്കുന്നു.

വര്‍ത്തമാനകാലത്തിലുള്ള ഏതുകൃതിയിലും ഭൂതകാലത്തിലൂള്ള കൃതിയെ കാണുകയും ഭൂതകാലകൃതികളും വര്‍ത്തമാനകാലകൃതികളും തമ്മില്‍ വ്യത്യാസമില്ല എന്ന സത്യം ഗ്രഹിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രാധാന്യമുള്ള വസ്തുത. ഈ ചിന്താഗതിക്കു നവീന സാഹിത്യത്തില്‍ — കലയില്‍ — സ്ഥാനമില്ല. അധ്യാത്മരാമായണം തൊടുമ്പോള്‍ ഭാസ്കരന്റെ കാവ്യം സ്പന്ദിക്കുന്നതുപോലെ നവീനകൃതി സ്പന്ദിക്കുകയില്ല. അങ്ങനെ സ്പന്ദിക്കാത്തത് സാഹിത്യത്തിന്റെതന്നെ സ്വഭാവമല്ലേ എന്നു ചിലര്‍ ചോദിച്ചേക്കാം. പാരമ്പര്യം അധീശത്വം പുലര്‍ത്തുമ്പോള്‍ വിപ്ലവമുണ്ടാക്കുന്നു. ഇതു ഒരു നീണ്ട ചങ്ങലയാണ് എന്ന് അക്കൂട്ടര്‍ ചൂണ്ടിക്കാണിക്കും. ഇതിനു നമുക്കുള്ള സമാധാനം വിപ്ലവം പ്രതിലോമപരമാണ് എന്നത്രേ. ടാഗോര്‍ പറഞ്ഞിട്ടുണ്ട് സാഹിത്യം — കല — ഗംഗാനദിയാണെന്ന്. അത് നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ ഗംഗയ്ക്ക് ഒരു തോന്നല്‍, ഒരു വളവെടുത്ത് ഒഴുകിയാലെന്തെന്ന്. ആ വളവാണ് നവീനത. കുറെക്കാലം വളവോടുകൂടി ഒഴികുയിട്ട് ഗംഗ വിചാരിക്കുന്നു ഇനി നേരെഒഴുകാമെന്ന്. മലയാളസാഹിത്യഗംഗ നേരെ പ്രവഹിച്ചുകൊണ്ടിരുന്നപ്പോള്‍ അതിന് വളവു സ്വീകരിക്കരിക്കണമെന്ന് തോന്നി. ആ വക്രപ്രവാഹമാണ് നമ്മുടെ സാഹിത്യത്തിലെ നവീനത. പക്ഷേ ഇപ്പോള്‍ ആ വക്രീകരണം തെറ്റാണെന്നു മലയാള സാഹിത്യത്തിനു തോന്നിത്തുടങ്ങിയിരിക്കുന്നു. ആ തോന്നലിന് അനുസരിച്ച് അതു വക്രഗതി മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഏതാനും കാലംകൊണ്ട് നമ്മുടെ സാഹിത്യത്തിലെ നവീനന്മാരും അവരുടെ കുത്സിത സൃഷ്ടികളും അന്തര്‍ദ്ധാനം ചെയ്യും. ഇത് വെറുതെയങ്ങു പറയുകയല്ല. പടിഞ്ഞാറന്‍ സാഹിത്യത്തിലെ നവീനതയ്ക്കു സംഭവിച്ചുകഴിഞ്ഞ അധ:പതനത്തെ കണ്ടുകൊണ്ടാണ് ഞാന്‍ ഈ പ്രസ്താവന നടത്തുന്നത്. കുറെക്കാലം ഡൊനള്‍ഡ് ബാര്‍തല്മി എന്ന കഥാകാരനെ ചിലര്‍ കൊണ്ടാടിക്കൊണ്ടുനടന്നു. ഇപ്പോള്‍ അദ്ദേഹത്തെ നിരാകരിച്ച് അവര്‍ ചെക്കോവിന്റെ കഥകളിലേക്കു തിരിച്ചു പോയിരിക്കുന്നു. ലോറന്‍സ് ഫര്‍ലിങ്ങ്ഗറ്റി എന്ന കവിയുടെ മുന്‍പില്‍ ആരാധനത്തിന്റെ പനിനീര്‍പ്പൂക്കള്‍ വച്ചവര്‍ ഇന്ന്, അവര്‍തന്നെ നിരാകരിച്ച വിറ്റ്മാന്റെ മുന്‍പില്‍ ആ പൂക്കള്‍ അര്‍ച്ചിക്കുന്നു. ഷെക്സ്പിയറിന്റെ “കിങ്ങ്ലീയര്‍” ശഷ്പതുല്യം’ ബക്കറിന്റെ “വെയ്റ്റിങ്ങ് ഫോര്‍ ഗോദോ” അത്യുല്‍കൃഷ്ടരത്നം എന്നു കരുതിയവര്‍ ഇന്ന് ആ രത്നത്തെ പുറങ്കാല്‍കൊണ്ടു ചവിട്ടി നീക്കിയിട്ട് കിങ്ങ്ലീയറിലേക്ക് പോകുന്നു. ബക്കിറ്റിന്റെ നവീനതമങ്ങളായ നോവലുകള്‍ ഇന്നാരും വായിക്കുന്നില്ല. വായിച്ചവര്‍ റ്റോമസ് മന്നിലേക്കും ആന്‍ഡ്രീചിലേക്കും മടങ്ങിപ്പോയിരിക്കുന്നു. തത്ത്വചിന്തയിലും ഇതാണ് അവസ്ഥ. എക്സിസ്റ്റെന്‍ഷ്യലിസം മരിച്ചു, സാഹിത്യനിരൂപണത്തിലെ അധുനാതന പ്രസ്ഥാനങ്ങളായ സ്റ്റ്രക്ചറലിസത്തിനും ഡികണ്‍സ്റ്റ്രക്ഷനും ഇന്ന് സ്ഥാനമില്ല. വന്മരത്തിന്റെ മുകളിലേക്കുകയറുമ്പോള്‍ ഉണ്ടാകുന്ന പ്രതീതിയാണ് സാഹിത്യവൃക്ഷത്തിലും തത്ത്വചിന്താവൃക്ഷത്തിലും കയറുമ്പോള്‍ ഉണ്ടാവുക. തുടക്കത്തില്‍ തടിക്കു നല്ല വണ്ണം. ക്രമേണ അതു കുറയുന്നു. മുകള്‍ഭാഗത്ത് എത്താറാവുമ്പോള്‍ കൊമ്പുകള്‍ ഏറെ. ഏതെങ്കിലും ഒരു കൊമ്പിലൂടെ (അത് ഒടിയുകയില്ല എന്നു തോന്നുണ്ടെങ്കില്‍) നീങ്ങു. വലിയകൊമ്പില്‍ നിന്നു കനം കുറഞ്ഞ കൊച്ചുകൊമ്പുകള്‍, അതില്‍ ഞെട്ടോടുകൂടിയ ഇലകള്‍. ഇലകളുടെ അറ്റം സൂചിപോലെ. പിന്നെ ഒന്നുമില്ല. നിലം പതിക്കാതെ മന്ദമായി താഴോട്ടിറങ്ങിക്കൊള്ളൂ. ക്രമേണ തായ്ത്തടിക്ക് വണ്ണം ക്കൂടിക്കൂടിവരും. കമ്യൂവില്‍നിന്ന് ഡിക്കന്‍സിലേക്കു വരുമ്പോള്‍, സാര്‍ത്രില്‍നിന്നും വൈറ്റ് ഹെഡ്ഡിലേക്കു വരുമ്പോള്‍, അലന്‍ഗിന്‍സ്ബര്‍ഗ്ഗില്‍ നിന്ന് വിറ്റ്മാനിലേക്കുവരുമ്പോള്‍, ശ്രീ.കെ. ജി. ശങ്കരപ്പിള്ളയില്‍ നിന്നു വള്ളത്തോളിലേക്കു വരുമ്പോള്‍ സംഭവിക്കുന്നതും ഇതുതന്നെ.

സംവേദനത്തെയും ധിഷണയേയും ഭാവസംദൃബ്ധതയെയും ഒന്നാക്കി പ്രദര്‍ശിപ്പിച്ചു പ്രാചീനകവിതകള്‍. അവരുടെ കാലടിപ്പാടുകള്‍ നോക്കിസ്സ്ഞ്ചരിച്ചവരാണ് നമ്മുടെ കവിയത്രയവും പിന്നീടുള്ള ചിലരും. ആ പാരമ്പര്യത്തെ തൃണവല്‍ഗണിച്ച് നവീനന്മാര്‍ ധിഷണയ്ക്ക് മാത്രം പ്രാധാന്യം നല്കി. ഫലമോ? ചങ്ങലയൂടെ ഒരറ്റത്തു തൊടുമ്പോള്‍ മറ്റേയറ്റം സ്പന്ദിക്കുന്നില്ല. ഈ സ്പന്ദമില്ലായ്മ സംസ്കാരരാഹിത്യത്തിന്റെ ലക്ഷണമാണ്.