close
Sayahna Sayahna
Search

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഗര്‍ജ്ജനം


സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഗര്‍ജ്ജനം
Mkn-04.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണൻ നായർ
മൂലകൃതി ശരത്ക്കാലദീപ്തി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ്
വര്‍ഷം
1993
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 147

എം കൃഷ്ണൻ നായർ

പ്രകാശമാകുന്നതിനു മുന്‍പ്, കൊടും തിമിരമെന്നു കരുതപ്പെടുന്ന സമയത്ത്, ശരീരം ഏറ്റവും ക്ഷീണിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍, കുന്നിലുള്ള ആശുപത്രിയില്‍ പ്രായം കൂടിയവർ മരിക്കുമ്പോള്‍ — രാത്രി തുറക്കുന്നു, നക്ഷത്രങ്ങള്‍ക്കിടയിലുള്ള കറുത്ത ഗഹര്വം. അതില്‍ നിന്ന് അഗാധതയാര്‍ന്ന കിതയ്ക്കല്‍ വരുന്നു…അതു വളരുന്നു, വളരുന്നു താഴ്ചകൂടി, വേഗംകൂടി: കൂടുതല്‍ പാരുഷ്യത്തോടെ ഒരാര്‍ത്തനാദമായി തീരുന്നതുവരെ. കൂടിന്റെ വളഞ്ഞ കമ്പികള്‍ക്കകത്തുനിന്ന് ആ ആര്‍ത്തനാദം ഉയര്‍ന്നുവന്ന് നഗരത്തിനാകെ മുകളില്‍ തൂങ്ങിക്കിടക്കുന്നു; പിന്നീട് ക്ഷയിക്കുന്നു, താഴുന്നു, വീണ്ടും കിതയ്ക്കലായി മാറുന്നു.

കഴിഞ്ഞവര്‍ഷം സാഹിത്യത്തിനു നോബല്‍ സമ്മാനം നേടിയ നേഡീര്‍ ഗോഡിമറുടെ ‘ A Lion on the Freeway’ എന്ന പ്രതിരൂപാത്മകമായ ചെറുകഥയില്‍ നിന്നാണ് ഞാനിതെടുത്ത് ഭാഷാന്തരീകരണം ചെയ്തു മുകളില്‍ ചേര്‍ത്തത്. സിംഹഗര്‍ജനം. പകല്‍സമയത്തു മൃഗശാലകളിലെ സിംഹങ്ങള്‍ ശബ്ദിക്കുന്നില്ല. അവ കോട്ടുവായിടുന്നതേയുള്ളൂ. കൊന്ന മൃഗങ്ങളെ മുന്നിലേക്ക് എറിയുന്ന സന്ദര്‍ഭം അവ കാത്തിരിക്കുന്നതേയുള്ളു. ഉപയോഗിക്കാത്ത നഖങ്ങള്‍ നിരുപദ്രവങ്ങളായ ഉള്ളങ്കാല്‍പ്പത്തികളാല്‍ മൂടപ്പെട്ടിരിക്കുന്നു. വൃത്തിയില്ലാത്ത തലകള്‍ വിശ്രമിക്കുന്നു.

നിരത്തില്‍ കറുത്ത വര്‍ഗ്ഗക്കാരായ പണിമുടക്കുകാര്‍. അവര്‍ മുന്നേറുന്നു. കിതയ്ക്കലിന്റെ ശബ്ദം ഉയരുന്നു. അതിന്റെ കനം കൂടുന്നു. സ്വാതന്ത്യത്തിനുവേണ്ടിയുള്ള മദം കൂടിന്റെ കമ്പി വളയ്ക്കുന്നു. അവന്‍ മോചനം നേടി.

താനൊരിക്കലും കണ്ടിട്ടില്ലാത്ത, താന്‍ രാജാവായ രാജ്യത്തെ വീണ്ടെടുക്കാന്‍ അവന്‍ ഉജ്ജ്വലമായ ശിരസ്സ് തിരിച്ചുവെച്ചു സംവീക്ഷണം നടത്തുന്നു.

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഗര്‍ജ്ജനം

ആഫ്രിക്കക്കാരനായ സിംഹം പാരതന്ത്ര്യത്തിന്റെ ഇരുമ്പഴികള്‍ വളച്ചു പുറത്തിറങ്ങി രാജരഥ്യയില്‍ നിന്നു സ്വാതന്ത്യത്തിന്റെ ഗര്‍ജ്ജനം കേള്‍പ്പിക്കുന്നതിന്റെ ചിത്രമാണ് നേഡീന്‍ ഗോഡിമറുടെ ഈ വിവരണത്തിലുള്ളത്. ആഫ്രിക്കയിലെ മിക്ക അധിനിവേശ പ്രദേശങ്ങളിലും 1960-ല്‍ സ്വാതന്ത്ര്യം കൈവന്നു. എന്നിട്ടും പാരതന്ത്ര്യം സമ്പൂര്‍ണ്ണമായും മാറിയില്ല. ആ പരതന്ത്രതയുടെ നേര്‍ക്ക് ‘ആഫ്രിക്കന്‍ സിംഹം’[1] നടത്തുന്ന ഗര്‍ജനമാണ് അവരുടെ നോവലുകളില്‍., കവിതകളില്‍, ചെറുകഥകളില്‍ നിന്നുയരുന്നത്. മുകളില്‍ച്ചേര്‍ത്ത വിവരണംതന്നെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഗര്‍ജ്ജനമാണല്ലോ. അത് നേഡീന്‍ ഗോഡിമറുടെ ‘A Soldier’s Embrace’ എന്ന കഥാസമാഹാരഗ്രന്ഥത്തിലുള്ള ഒരു കഥയുടെ ഭാഗമാണുതാനും.

ആഫ്രിക്കന്‍ ജനതയുടെ ഈ സ്വാതന്ത്ര്യാഭിലാഷത്തെ നേഡീന്‍ സുശക്തമായി ആവിഷകരിച്ചിട്ടുണ്ടെങ്കിലും കറുത്ത വര്‍ഗ്ഗക്കാരും വെളുത്ത വര്‍ഗ്ഗക്കാരും തമ്മിലുള്ള സമ്മിശ്രണമോ ചേരുവയോ അത്യന്താപേക്ഷിതമാണെന്ന മതം അവര്‍ക്കുണ്ട്. അവരുടെ The smell and of Death and Flowers’ എന്ന ചെറുകഥ ഇത് സിതോപല വിശുദ്ധിയോടെ സ്പഷ്ടമാക്കിത്തരുന്നു (Selected Stories, Nadine Gordimer, Penguin Books, Page 122). ജോഹനസ്ബര്‍ഗിനെ സംബന്ധിച്ചിടത്തോളം ആ പാര്‍ട്ടി അസാധാരണമായിരുന്നു. ഡെറിക് റോസ് എന്ന യുവാവിന് വെള്ളക്കാരും കറുത്തവരും ഇന്ത്യക്കാരുമായ സ്നേഹിതരുണ്ട്. അവരെയെല്ലാം അയാള്‍ പാര്‍ട്ടിയില്‍ പങ്കുകൊള്ളാന്‍ വിളിക്കും. തൊലിയുടെ നിറമെന്തെന്ന് അയാള്‍ ആലോചിക്കാറില്ല. അവര്‍ അങ്ങനെ കൂടിയിരിക്കുമ്പോള്‍ മാല്‍കം ബാര്‍ക്കര്‍ ചോദിച്ചു: പിഴകൊടുത്തിട്ട് അതങ്ങു നടത്തിയാലെന്ത്? അതുകേട്ട് ഒരു സുന്ദരി പറഞ്ഞു.: ജെസിക്കയെപ്പൊലുള്ള സ്ത്രീക്കു പിഴകൊടുക്കുന്നത് ഒരു കാര്യം. ജയിലില്‍ മൂന്നാഴ്ചയായിരിക്കുന്നതു വേറൊരു കാര്യം. ജെസിക്ക സത്യത്തില്‍ ജയിലില്‍ കിടന്നോ എന്നു വീണ്ടും ചോദ്യം — അതേ, പോര്‍ട് ഇലിസബത്തില്‍. ഡര്‍ബനിലും അടുത്ത ചൊവ്വാഴ്ച അവള്‍ വീണ്ടും ജയിലിലാകും എന്നുത്തരം.

വര്‍ണ്ണവിവേചനം

വെള്ളക്കാര്‍ക്കു നിരോധനമേര്‍പ്പെടുത്തിയിട്ടുള്ള ഒരു സ്ഥലത്ത് ജോയിസ് എന്ന യുവതിയും കൂട്ടുകാരനും ചൊവ്വാഴ്ച കടന്നുചെല്ലാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആ ദിവസം ആഗതമായി. ജാഥ ആരംഭിച്ചു. അവര്‍ നിരോധിക്കപ്പെട്ട സ്ഥലത്തേക്ക് കടന്നു. “നീതിലംഘിച്ച് ഈ ലോക്കേഷനിലേക്കു കടന്ന നിങ്ങളെയെല്ലാം അറസ്റ്റ് ചെയ്തിരിക്കുന്നു” എന്നു പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ പറഞ്ഞു. പോലീസ് അടുത്തെത്തിയപ്പോള്‍ സമീപത്തുനിന്നിരുന്ന ആഫ്രിക്കന്‍ കാഴ്ചക്കാരെ അവള്‍ കണ്ടു. വെള്ളക്കാര്‍ ദൂരെയെറിഞ്ഞ വസ്ത്രങ്ങള്‍ ഒരര്‍ഥവുമില്ലാതെ അവരുടെ ശരീരത്തില്‍ തൂങ്ങിക്കിടക്കുന്നു: കുറ്റിക്കാടുകളില്‍ വസ്ത്രങ്ങള്‍ വിതര്‍ത്തിയിട്ടതുപോലെ. അവള്‍ കറുത്ത വര്‍ഗ്ഗക്കാരെ പിടിച്ചു കൊണ്ടുപോകുന്നതുപോലെ പോലീസ് ആ വെള്ളക്കാരിപ്പെണ്‍കുട്ടിയെ പിടിച്ചു കൊണ്ടുപോകുന്നു. ആളുകളെ തടവിലാക്കുകയും മോചിപ്പിക്കുകയും ആഹാരം കൊടുക്കുകയും പട്ടിണിക്കിടുകയും ചെയ്യുന്ന വെള്ളക്കാരുടെ ഇച്ഛാശക്തി. ഈശ്വരനെപ്പോലെതന്നെ. ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം കഴിഞ്ഞ ജോയിസെന്നെ ദക്ഷിണാഫ്രിക്കന്‍ പെണ്‍കുട്ടി പോരാടുന്നതിനെ ചിത്രീകരിച്ച് നേഡീന്‍ ഗോഡിമര്‍ രണ്ടു വര്‍ഗക്കാരുടെയും സംയോജനത്തിന്റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്കുന്നു.

നേഡീന്‍ ഗോഡിമറുടെ വേറൊരു കഥയെക്കുറിച്ചു കൂടി പറയേണ്ടതുണ്ട്. “Livingstone’s Companions” എന്നാണ് കഥയുടെ പേര്. ഒരു പടിഞ്ഞാറന്‍ പത്രത്തിന്റെ പ്രതിനിധി വിമാനത്തിലിരുന്ന് ആഫ്രിക്കന്‍ എക്സ്പ്ലോറ’റായ സ്കോട്ടിഷ് മിഷനറി ഡേവിഡ് ലിവിങ്ങ്സ്റ്റന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കുകയാണ്. പത്തൊന്‍പതാം ശതാബ്ദത്തില്‍, നൈല്‍ നദിയുടെ പ്രഭവകേന്ദ്രം അന്വേഷിച്ചുപോയ ആളാണ് ലിവിങ്ങ്സ്റ്റന്‍. രസകങ്ങളാണ് ഓര്‍മ്മക്കുറിപ്പുകള്‍. ഒരു ഭാഗം: “ഒരു ഭാര്യ ഓടിപ്പോയി. അയാള്‍ക്ക് എത്ര ഭാര്യമാരുണ്ടെന്ന് ഞാന്‍ ചോദിച്ചു. ആകെ ഇരുപതെന്ന് അയാള്‍ പറഞ്ഞു. പത്തൊന്‍പതുതന്നെ കൂടുതലാണല്ലോ എന്ന് ഞാന്‍. എന്നാല്‍ അതിഥികള്‍ക്ക് ആരു പാചകം നടത്തുമെന്ന് അയാള്‍”.

ആഫ്രിക്കയുടെ അപാരത

ഒരുദ്ദേശ്യത്തോടുകൂടിയാണ് ആ പത്രപ്രതിനിധി സഞ്ചരിക്കുന്നത്. ലിവിങ്ങ്സ്റ്റന്റെ ചരമവാര്‍ഷികത്തിന് ഒരു ലേഖനം പ്രസിദ്ധപ്പെടുത്തണം. അതിനുവേണ്ടി അദ്ദേഹത്തിന്റെ അവസാനത്തെ യാത്രയെക്കുറിച്ച് വേണ്ട അന്വേഷണങ്ങള്‍ നടത്താന്‍ പത്രാധിപര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തിരിച്ചു പോരുമ്പോള്‍ അയാള്‍ വഴിതെറ്റി ഒരു ഹോട്ടലില്‍ വന്നുചേരുന്നു. അവീടെ ലിവിങ്ങ്സ്റ്റന്റെ കൂട്ടുകാരുടെ ശവകുടീരങ്ങള്‍ അയാള്‍ യാദൃച്ഛികമായി കാണുന്നു. മരിച്ചവരുടെ പേരുകളും ജനിച്ചതും മരിച്ചതുമായ തീയതികളും ഒക്കെ കരിങ്കല്ലില്‍ കൊത്തിവച്ചിട്ടുണ്ട്. അല്പമകലെയായി 1957-ല്‍ മരിച്ച ഒരു റിച്ചേഡിന്റെ ശവകുടീരം. ഇനി നേഡീന്റെ വാക്യങ്ങള്‍തന്നെയാവട്ടെ. “They all looked back, these dead companions, to the lake, the lake that Carl Church (turning to face as they did, now) had had silent behind him all the way up: The lake that, from here, was seen to stretch much farther than one could tell, down there on the shore or at the hotel: stretching still — even from up here — as far as one could see, flat and shining, a long way up Africa (page 377). എല്ലാം സമീകരിക്കുന്ന മരണത്തിന്റെ പ്രഭാവം മാത്രമല്ല ഇവിടെയുള്ളത്. തടാകത്തിന്റെ അപാരതയിലൂടെ ആഫ്രിക്കയുടെ അപാരത മാത്രമല്ല കഥയെഴുത്തുകാരി അഭിവ്യഞ്ജിപ്പിക്കുന്നത്. പത്ര പ്രതിനിധി — Carl Church — സഞ്ചരിക്കുന്ന സമകാലികമായ ആഫ്രിക്കന്‍ പ്രദേശങ്ങള്‍ ജീര്‍ണ്ണിച്ചവയാണ്. ലിവിങ്ങ് സ്റ്റന്റെ ഓര്‍മ്മക്കുറിപ്പുകളിലൂടെ ബഹി:സ്ഫുരണം കൊള്ളുന്ന പത്തൊന്‍പതാം ശതാബ്ദത്തിലെ ആഫ്രിക്ക ആകര്‍ഷകവും. നേഡീന്‍ ഗോഡിമര്‍ വെള്ളക്കാരന്റെ ആ ആഫ്രിക്കയെ വാഴ്ത്തുകയല്ല. ഇന്നത്തെ ജീര്‍ണ്ണതയ്ക്കു കാരണക്കാര്‍ അവരാണെന്നു ധ്വനിപ്പിക്കുകയാണ്.

പീഡനത്തിന്റെ ചിത്രങ്ങള്‍

Money Order, God’s Bits of wood ഈ പ്രഖ്യാതങ്ങളായ നോവലുകള്‍ രചിച്ച സെനഗല്‍ എഴുത്തുകാരന്‍ സെംബനെ ഉസ്മാന്‍ തന്റെ രചനകളിലൂടെ മറ്റൊരു നാദമാണു കേള്‍പ്പിക്കുന്നത്. ആ നാദം അതിശക്തമാണുതാനും. സെനഗലില്‍ മാത്രമല്ല, ആഫ്രിക്കയില്‍ മാത്രമല്ല ലോകമെമ്പാടും ഉസ്മാന്റെ പ്രതിഷേധം തരംഗ പരമ്പകള്‍ ഉളവാക്കി. പ്രതിഷേധാത്മക രചനകള്‍ എന്നാണ് അദ്ദേഹത്തിന്റെ നോവലുകളേയും ചെറുകഥകളേയും വിമര്‍ശകര്‍ വിശേഷിപ്പിക്കുക. ആഫ്രിക്കന്‍ കര്‍ഷകനെ, തൊഴിലാളിയെ, പരിചാരകനെ വെള്ളക്കാരന്‍ ചൂഷണം ചെയ്യുന്നതു കാണുമ്പോള്‍ ഉസ്മാന്റെ തൂലിക അസിധാരയായി മാറുന്നു. എന്നാല്‍ കലാപരമായ ആവശ്യകതയ്ക്ക് അതീതമായി എന്തെങ്കിലും പറയാന്‍ കലാകാരനായ ഉസ്മാന്‍ സന്നദ്ധനാവുന്നില്ല. ആഫ്രിക്കന്‍ തൊഴിലാളികള്‍ 1947-ല്‍ നടത്തിയ ഒരു പണിമുടക്കിനെ വാക്കുകളിലൂടെ പുനരാവിഷ്കരിച്ച് തൊഴിലാളികളുടെ വീരധര്‍മാത്മകത്വത്തെ വാഴ്ത്തിയ ഉസ്മാന്‍ ‘Black Girl’എന്ന ചെറുകഥയിലൂടെ ക്രൂരമായ പീഡനത്തിന്റെയും ചൂഷണത്തിന്റെയും കഥ പറയുകയാണ്. ഫ്രാന്‍സിലെ ഒരു വീട്ടിലെ കുളിമുറിയില്‍ ആഫ്രിക്കക്കാരിനായ ഒരു പെണ്‍കുട്ടി കഴുത്തറത്ത് ആത്മഹത്യ ചെയ്തു എന്ന പ്രസ്താവത്തോടെയാണ് കഥയുടെ ആരംഭം. പൊലീസുദ്യോഗസ്ഥന്‍മാര്‍ അന്വേഷണത്തിനെത്തുന്നു. അതിനു ശേഷം പൂര്‍വകാല സംഭവങ്ങള്‍ ചുരുളഴിയുകയാണ്. കറുത്ത വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു പാവപ്പെട്ട പെണ്‍കുട്ടി പ്രതിമാസം മുവായിരം ഫ്രാങ്ക്സ് ശമ്പളം കിട്ടാന്‍ വേണ്ടി വെള്ളക്കാരോടുകൂടെ ഫ്രാന്‍സിലേക്കുപോന്നു. പ്രകാശം കണ്ടാല്‍ ചിത്രശലഭം വരും. ഫ്രഞ്ചുകാരനാണ് ഇവിടുത്തെ പ്രകാശം. ചിത്രശലഭം ആഫ്രിക്കന്‍ പെണ്‍കുട്ടിയും. എത്രയെത്ര മോഹന സ്വപ്നങ്ങളോടുകൂടിയാണ് അവള്‍ വിദേശഭവനത്തില്‍ കാലുകുത്തിയത്. പക്ഷേ, ഒന്നിനും സാക്ഷാത്കാരമുണ്ടായില്ല. ഫ്രഞ്ച് ദമ്പതികളുടെ കുട്ടികള്‍പോലും കറുത്ത പെണ്ണ് എന്നു അവളെ വിളിച്ചു. “വിറ്റു വിറ്റു, വാങ്ങിച്ചു വാങ്ങിച്ചു” എന്ന് അവള്‍ സ്വയം പറഞ്ഞു. കുളിമുറി വൃത്തികേടാക്കി അവള്‍ എന്നു ഗൃഹനായിക പറഞ്ഞത് അവള്‍ക്കു ഒടിവിലത്തെ ആഘാതമായി. അവള്‍ കുളിമുറിയിലേക്കു കയറി. പിറ്റേ ദിവസത്തെ പത്രത്തിന്റെ നാലാമത്തെ പുറത്ത് ആറാമത്തെ കോളത്തില്‍ ചെറിയ തലക്കെട്ടില്‍ ആരും കാണാനിടയില്ലാത്ത ഒരു വാര്‍ത്ത വന്നു. “ആഫ്രിക്കന്‍ പെണ്‍കുട്ടി ഗൃഹാതുരത്വംകൊണ്ടു കഴുത്തുമുറിച്ചു.” ഇതൊരു ചിരപരിചിതമായ വിഷയമല്ലേ എന്നു നിരൂപകര്‍ ചോദിച്ചേക്കാം. വിഷയത്തിനു നവീനതയില്ലെന്നു ഞാന്‍ സമ്മതിക്കുന്നു. പക്ഷേ, ഉസ്മാന്റെ ആഖ്യാനരീതി പുതിയ പ്രകാശത്തില്‍ കഥയെ നിറൂത്തുന്നു എന്നതാണ് സവിശേഷത. തത്ത്വചിന്തകന്‍ ഹേഗലിന്റെ “മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുക” എന്ന സങ്കല്‍പം സാര്‍ത്ര് അംഗീകരിച്ചിട്ടാണ് “അന്യന്‍” — Other — എന്ന ആശയത്തിനു രൂപം നല്കിയത്. ഈ ആശയം കറുത്ത വര്‍ഗ്ഗക്കാരെ സ്സംബന്ധിച്ചു ശരിയല്ലെന്നാണ് “Wretched of the Earth” എന്ന പ്രഖ്യാതമായ പുസ്തമെഴുതിയ ഫ്രാങ്ങ്സ് ഒമാര്‍ ഫനാങ്ങ് (Frants Omar Fanon, 1925–61) എന്ന ഫ്രഞ്ച് വെസ്റ്റിന്‍ഡ്യന്‍ സൈക്കെയട്രിസ്റ്റിന്റെ വാദം. വെള്ളക്കാരന്‍ അന്യനല്ലെന്നും അവന്‍ യഥാര്‍ഥത്തില്‍ യജമാനനാണെന്നും ഫനാങ്ങ് തറപ്പിച്ചു പറയുന്നു. ആ യജമാനനെയും അയാളുടെ ഭാര്യയെയും അവരുടെ കുട്ടികളെയും നമ്മള്‍ ഉസ്മാന്റെ കഥയില്‍ കാണുന്നു. ക്യൂബൻ കവി നീക്കോലാസ് ഗീയാന്‍ (Nicolas Guilen) ഒരിക്കല്‍ പറഞ്ഞു: “I am the son. he great-grandson and the great-great-grandson of a slave”തലമുറ തലമുറകളായി അടിമകളായി വര്‍ത്തിക്കുന്ന ആഫ്രിക്കന്‍ ജനതയ്ക്കുവേണ്ടി, അവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി തൂലിക ചലിപ്പിക്കുകയാണ് ഉസ്മാന്‍.

പാരമ്പര്യത്തോടിടയുന്ന ആധുനികത

പരമ്പരാഗതമായ സംസ്കാരം, അധിനിവേശാനുഭവം ഈ രണ്ടു ഘടകങ്ങളെ വിട്ടിട്ടുള്ള സാഹിത്യമില്ല ആഫ്രിക്കയില്‍. അധിനിവേശാനുഭവം ആഫ്രിക്കയെ സാകല്യാവസ്ഥയില്‍ ബാധിക്കുന്നു. പാരമ്പര്യാധിഷ്ഠിതമായ സംസ്കാരം ഓരോ പ്രദേശത്തിന് ഓരോന്നാണ്. ഇവ രണ്ടിനെയും പ്രഗല്ഭമായി സ്ഫുടീകരിച്ച് ചേതോഹരങ്ങളായ നോവലുകളും കഥകളും “The Black Hermit”എന്ന നാടകവും എഴുതിയ (ങ്ങ്ഗൂഗി വേറെ നാടകങ്ങള്‍ എഴുതിയിട്ടുണ്ടോ എന്നെനിക്കറിഞ്ഞുകുടാ. The Black Hermit മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളു.) അദ്ദേഹത്തിന്റെ ‘A meeting in the Dark’ എന്ന ചെറുകഥ വായിക്കുക. കലാകാരന്റെ ആത്മാവ് കലയായി രൂപം കൊള്ളുന്നത് എങ്ങനെയെന്നു മനസ്സിലാക്കാം. കെന്യാക്കാരനായ ങ്ങ്ഗൂഗി അവിടത്തെ പരമ്പരാഗത സംസ്കാരവും ആധുനികതയും തമ്മിലിടയുന്നതിന്റെ ചിത്രം വരയ്ക്കുകയാണ് ഈ ചെറുകഥയില്‍. സ്റ്റാന്‍ലി അവിവാഹിതയില്‍ സന്തത്യുല്‍പാദനം നടത്തിയവനാണ്. പക്ഷേ, അയാള്‍ അവളെത്തന്നെ വിവാഹം കഴിച്ചു. അവിഹിതവേഴ്ചയുടെ ഫലമായ മകന്‍ ജോണിനോട് അയാള്‍ പാപബോധംകൊണ്ട് കര്‍ക്കശമായി പെരുമാറി. വര്‍ഗദൈവമുണ്ട് കെന്യയിലെ ജനങ്ങള്‍ക്ക്. ബ്രട്ടീഷ് അധിനിവേശത്തിന്റെ ഫലമായി ക്രിസ്തുമതത്തിന് പ്രചാരവും പ്രസിദ്ധിയും കൈവന്നു. സ്റ്റാന്‍ലി വിട്ടുവീഴ്ചയില്ലാത്ത ക്രൈസ്തവ പുരോഹിതനാണ്. പാരമ്പര്യ സംസകാരത്തില്‍പ്പെട്ട കഥകള്‍ മകനു പറഞ്ഞുകൊടുക്കുന്നതുപോലും നിന്ദ്യമാണെന്ന് അയാള്‍ ഭാര്യയോടു പറഞ്ഞു. അയാളതു വിലക്കുകയും ചെയ്തു.

മകന്‍ സ്ക്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഉഗാന്‍ഡയില്‍ കോളേജ് വിദ്യാഭ്യാസത്തിനു പോകാന്‍ സന്നദ്ധനായിരിക്കുകയാണ്. അച്ഛന്‍ എത്ര കര്‍ക്കശമായി പെരുമാറിയിട്ടും മകന്‍ സ്വച്ഛന്ദചാരിയായി. വലിയ വിദ്യാഭ്യാസമില്ലാത്ത ഒരു പെണ്‍കുട്ടിയെ അവന്‍ ഗര്‍ഭിണിയാക്കി വിവാഹം ചെയ്തുകൊള്ളാമെന്ന പ്രതിജ്ഞ നടത്തി. ആ ദേശത്തെ ആചാരമനുസരിച്ച് പെണ്‍കുട്ടികള്‍ക്കും സുന്നത്തു കര്‍മ്മമുണ്ട്. സുന്നത്തു നടത്തിയ പെണ്‍കുട്ടിയെ ക്രിസ്തുമത പുരോഹിതന്റെ മകനു വിവാഹം കഴിച്ചുകൂടാ. മാത്രമല്ല, ആ വിവാഹം നടന്നാല്‍ മകന്റെ കോളേജ് വിദ്യാഭ്യാസത്തിനും തടസ്സം വരും. ആചാരത്തിന്റെയും അച്ഛന്റെയും രാക്ഷസീയതയ്ക്ക് അടിമപ്പെട്ടു പേടിച്ചു വിറച്ച മകന്‍ ഗര്‍ഭിണിയായ കാമുകിക്ക് പണംകൊടുക്കാം, തന്നെ വിവാഹബന്ധത്തില്‍ നിന്നു ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

“ഞാന്‍ നിനക്കു ഇരുന്നൂറു ഷില്ലിങ്ങ് തരാം.”

“വേണ്ട!”

“മുന്നൂറ്”

“വേണ്ട!” നാന്നൂറ്, അഞ്ഞൂറ്, അറുന്നൂറ്, സംഖ്യ ഉയര്‍ന്നു. ഒന്‍പതിനായിരം പതിനായിരം, ഇരുപതിനായിരം വാഗ്ദാനം ചെയ്യുന്ന തുക അമ്പതിനായിരം ഷില്ലിങ്ങോളം ഉയര്‍ന്നപ്പോള്‍ അവന്‍ പ്രേമപൂര്‍വ്വകവചങ്ങളോടുകൂടി അവളെ പിടികൂടി. പിടിച്ചു കുലുക്കി. അവളുടെ കഴുത്തില്‍ കൈവച്ചു. അമര്‍ത്തി. അവള്‍ നിലവിളിയോടെ താഴെവീണു. പെട്ടന്ന് എല്ലാം തീര്‍ന്നു. സംഖ്യ ചൊല്ലല്‍ നിന്നു. അവന്‍ അവിടെനിന്നു വിറച്ചു. എന്നിട്ട് പേടിച്ചു വീട്ടിലേക്ക് ഓടി. എല്ലാവരും അത് ഉടനെ അറിയും. പരമ്പരാഗത സംസ്കാരവും ആധുനികതയും തമ്മിലുള്ള സംഘട്ടനം, മതവിശ്വാസത്തിന്റെ ക്രൂരത ഇവയാണ് ഈ ദുരന്തം.

വരുത്തിയതെന്നു കലയുടെ ചട്ടക്കൂട്ടിനകത്തുനിന്നുകൊണ്ട് നമ്മളോടു പറയുകയാണ് ങ്ങ്ഗൂഗി.

മിത്തുകള്‍, വിശ്വാസങ്ങള്‍

ആഫ്രിക്കയിലെ വിവിധ മതങ്ങള്‍ മറ്റു രാജ്യങ്ങളിലെ മതങ്ങള്‍പോലെയല്ല. മിത്തുകളും അന്ധവിശ്വാസങ്ങളും ജഗത്സംബന്ധീയങ്ങളായ തത്ത്വങ്ങളും ഇടകലര്‍ന്ന് അവയ്ക്കു സങ്കീര്‍ണ സ്വഭാവം വന്നിരിക്കുന്നു. അധിനിവേശം ഇവയെ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വെള്ളക്കാര്‍ അതില്‍ പരാജയപ്പെട്ടതേയുള്ളൂ. സങ്കീര്‍ണ്ണത ആവഹിക്കുന്ന മതങ്ങള്‍ അവയുടെ അന്ധവിശ്വാസങ്ങളോടു വിരാജിക്കുന്നു. നൈജീരിയന്‍ നോവലിസ്റ്റായ അച്ചേബയുടെ ‘The Sacrifical Egg’ എന്ന ചെറുകഥ നിത്യജീവിത യാഥാര്‍ഥ്യത്തിന്റെയും നിഗൂഢ തത്ത്വശാസ്ത്ര യാഥാര്‍ത്തിന്റെയും സംഘട്ടനത്തെ ആലേഖനം ചെയ്യുന്നു. പനമ്പരിപ്പ് (Palm Kernel)വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന യൂറോപ്യന്‍ ട്രേഡിങ്ങ് കമ്പനിയിലെ ക്ലാര്‍ക്കാണ് ജുലിയസ് ഓബി. അയാള്‍ ഓഫീസിലിരുന്ന് ജന്നലിലൂടെ നോക്കുന്നു. നൈജര്‍ നദിയുടെതീരത്തു കൂടുന്ന വലിയ ചന്ത വിജനമായി കിടക്കുന്നതു കാണുന്നു. അയാളുടെ ഒരനുഭവത്തെക്കുറിച്ച് വിചാരിക്കുന്നു. ആ ചന്തയില്‍ വെച്ചാണ് അപരിഷ്കൃതരും പരിഷ്കൃതരും കൂട്ടിമുട്ടുന്നത്. വിദ്യാഭ്യാസമാര്‍ജിച്ച ആളുകളും സാങ്കല്‍പിക ദൈവതങ്ങളും ഒരുമിച്ചു ചേരുന്നത്. വസൂരിയുടെ അധി ദൈവതമായ കിടിക്പ ആ ചന്തയില്‍ ആധിപത്യം പുലര്‍ത്തുന്നു. ജൂലിയസിനു കാമുകി ജാനറ്റിനെ കാണമെന്നുണ്ട്. വസൂരിയുടെ ദൈവതത്തിന് അതിഷ്ടമില്ലെന്നു പറഞ്ഞ് അയാളുടെ അമ്മ അയാളെ അതില്‍നിന്നു പിന്തിരിപ്പിക്കുന്നു. പിന്തിരിയാതിരിക്കാന്‍ സാധ്യമല്ല. ജനത വസൂരിദൈവത്തിനായുള്ള ബലികള്‍ നടത്തിയേതീരൂ. ഇല്ലെങ്കില്‍ ആ അധിദൈവതം വസൂരി വിതയ്ക്കും, അവിടത്തെ പലര്‍ക്കും വസൂരി വന്നിരിക്കയാണ്.

ഒരു ദിവസം രാത്രി അയാള്‍ നദീതീരത്തിലൂടെ നടക്കുമ്പോള്‍ അറിയാതെ ഏതോ ഒന്നില്‍ ചവിട്ടി. ദ്രാവകസ്ഫോടനത്തോടെ (liquid explosion) അത് പിളര്‍ന്നു. ജൂലിയസ് നോക്കിയപ്പോള്‍ വസൂരിദൈവത്തിനു ബലിവസ്തുവായി ആരോ വച്ച മുട്ടയാണ് അതെന്നു കണ്ടു. ജൂലിയസ് വയറു ഭൂമിയിലേക്കമര്‍ത്തിക്കിടന്നു. പേടിച്ചു. അയാള്‍ക്കു അപ്പോള്‍ പാദവിന്യാസങ്ങള്‍ കേള്‍ക്കാം. ഇടിനാദവും ഭയങ്കരമായ വര്‍ഷപാതവും ഭൂകമ്പവും വെള്ളപ്പൊക്കവും. അവ വരികയും പോകുകയും ചെയ്തു. വസൂരി ദൈവത്തിന്റെ കോപത്തെക്കുറിച്ച് ആളുകള്‍ കേട്ടിട്ടേയുള്ളു. അത് യാഥാര്‍ഥ്യമാകാന്‍ പോകുന്നു. ഒരാഴ്ചയ്ക്കു മുന്‍പുണ്ടായ ഈ ഭയങ്കര സംഭവത്തില്‍ വീണ്ടും ജീവിച്ചുകൊണ്ട് ജൂലിയസ് ജന്നലില്‍ക്കൂടി നോക്കിനിന്നു. ശൂന്യത ഓരോ ദിവസവും ക്കൂടിക്കൂടിവന്നതേയുള്ളു.

സാമാന്യ വിദ്യാഭ്യാസമൂള്ള ജൂലിയസ് പോലും വിചാരിക്കുന്നു കിടക്പയുടെ കോപത്തിനു താനാണ് കാരണക്കാരനെന്ന്. വര്‍ണവിവേചനം മാത്രമല്ല, പരമ്പരാഗത സംസ്കാരം മാത്രമല്ല അന്ധവിശ്വാസങ്ങളും ആഫ്രിക്കന്‍ ജനതയില്‍ സ്വാധീനശക്തി ചെലുത്തുന്നു എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്നവിവിവേചനം നേഡീൻ ഗോഡിമറുടെ കൃതികളിലൂടെ കലാത്മക രൂപമാര്‍ജ്ജിക്കുന്നു. ഫ്രഞ്ച് ഭാഷയ്ക്ക് ആധിപത്യമുണ്ടായിരുന്ന സെനഗലിലെ പൂര്‍വാധിനിവേശവും ഉത്തരാധിനിവേശവും (അതു ബൂര്‍ഷ്വാസിയുടേതാണ്) ഉസ്മാന്റെ രചനകളിലൂടെ ആവിഷ്കൃതങ്ങളാവുന്നു. മിത്തിന്റെയും അന്ധവിശ്വാസത്തിന്റെയും മാന്ത്രിക ശക്തികള്‍ അച്ചേബയുടെ നോവലുകളിലൂടെ, ചെറുകഥകളിലൂടെ ബഹി:സ്ഫുരണം കൊള്ളുന്നു. പൂര്‍വകാല സംസ്കാരവും ആധുനികതയും തമ്മിലുള്ള സംഘട്ടനം ങ്ങ്ഗൂഗിയുടെ കൃതികളിലൂടെ പ്രാദുര്‍ഭാവംകൊള്ളുന്നു. വിഭിന്നത പുലര്‍ത്തുന്നുവോ ആഫ്രിക്കന്‍ ചെറുകഥകള്‍. ഇല്ല. അവയെ കൂട്ടിയിണക്കുന്ന ഒരംശമുണ്ട്. സത്യമെന്ന പ്രകാശത്തെ തേടുന്ന ചിത്രശലഭങ്ങളാണ് ഈ കലാസൃഷ്ടികള്‍. അവ ചിറകുവിരിച്ചു പറക്കുന്നതും അനുവാചകഹൃദയ പുഷ്പങ്ങളില്‍ വന്നിരിക്കുന്നതും കാണാന്‍ രസമുണ്ട്.


  1. ആഫ്രിക്കന്‍ സിംഹം എന്നത് ലാക്ഷണികാര്‍ത്ഥത്തില്‍.