close
Sayahna Sayahna
Search

ധിഷണാശക്തിയോ സർഗശക്തിയോ?


ധിഷണാശക്തിയോ സർഗശക്തിയോ?
Mkn-04.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണൻ നായർ
മൂലകൃതി ശരത്ക്കാലദീപ്തി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ്
വര്‍ഷം
1993
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 147

എം കൃഷ്ണൻ നായർ

മലയാളസാഹിത്യത്തിലെ ചെറുകഥകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യമായി നമ്മുടെ മുന്‍പിലെത്തുന്ന പ്രശ്നം അവയ്ക്കു ദേശീയസ്വഭാവമുണ്ടോ എന്നതാണ്. ദേശത്തിനു സ്വഭാവമുണ്ടെങ്കില്‍ അതു കഥകളില്‍ ആവിഷ്ക്കരിക്കപ്പെടണോ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യങ്ങള്‍ക്കും സാംഗത്യമുണ്ടാകുന്നു. ഭാഷ, വര്‍ഗം, മതം ഇവയാല്‍ ബന്ധിക്കപ്പെട്ട ജനതയ്ക്ക് തങ്ങള്‍ ഒരു വിഭാഗത്തില്‍പെട്ടവരാണെന്ന തോന്നലുണ്ടാകുമ്പോള്‍ ആ തോന്നലിനെ ദേശീയത എന്നു വിളിക്കുന്നു. ഇത് സാഹിത്യത്തിന്റെ പ്രചോദന കേന്ദ്രമാണെന്ന സത്യം അവഗണിക്കാന്‍ വയ്യ.

“ഭാരതമെന്ന പേരുകേട്ടാലഭിമാന പൂരിതമാകണമെന്നന്തരംഗം” എന്ന പ്രസ്താവം ദേശീയതയുടെ സന്തതിയാണ്. ചെറുകഥകള്‍ ഇതുപോലെ ദൈശികസ്വഭാവം പ്രതിഫലിപ്പിക്കണമെന്ന ചിന്താഗതി പ്രത്യക്ഷമായും പരോക്ഷമായും പ്രകടിപ്പിച്ചു യഥാതഥവാദികളായ കഥാകാരന്‍മാര്‍. ഭാവന വേണമെങ്കില്‍ അത് അംഗികരിച്ചുകൊള്ളൂ. പക്ഷേ കഥകള്‍ യാഥാതഥ്യത്തിന്റെ പ്രതിഫലനങ്ങളായിരിക്കണം എന്നായിരുന്നു അവരുടെ വാദം. തെളിച്ചു പറഞ്ഞില്ലെങ്കിലും അവരുടെ മട്ട് തങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന കഥാസാഹിത്യം ഒരുതരത്തിലുള്ള അസത്യമായിരുന്നു എന്നാണ്; കാല്‍പനികതയെ ഏറെ ലാളിച്ചതു കൊണ്ടു ജനിച്ച അസത്യം. അതിനാല്‍ വ്യക്തിയെ വിട്ടു സമൂഹത്തിലേക്കും സ്വപ്നത്തെ വിട്ട് യാഥാതഥ്യത്തിലേക്കും അവര്‍ പോയി. നമ്മുടെ, പേരുകേട്ട യഥാതഥവാദികളെല്ലാം—തകഴി ശിവശങ്കരപ്പിള്ള, പി.കേശവദേവ്, വൈക്കം മുഹമ്മദ് ബഷീര്‍ ഇവരെല്ലാം — ദൈശിക സ്വഭാവം കലാസൃഷ്ടികള്‍ക്ക് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണെന്ന അഭിപ്രായക്കാരായിരുന്നു.

‘പ്രതിജ്ഞ’

കേശവദേവിന്റെ അത്ര പ്രസിദ്ധമല്ലാത്ത ചെറുകഥയാണ് “പ്രതിജ്ഞ”. ഓച്ചിറക്കളിക്കുപോയ നാണി ഒരു ഉരുളി വാങ്ങിച്ചു. അടുത്ത വീട്ടിലെ കല്യാണി അതിനെപ്പറ്റി ചോദിച്ചപ്പോള്‍ വഴക്കായി. അടുത്ത ഓച്ചിറക്കളിക്ക് താനും ഉരുളി വാങ്ങുമെന്നു കല്യാണി വാശിയോടെ അവളോടും പറഞ്ഞു. അന്നുതൊട്ടു കല്യാണി പണം സംഭരിക്കുകയാണ്. ഉരുളിയുടെ വിലയായ അഞ്ചുരൂപ തികയാറായപ്പോള്‍ ഭര്‍ത്താവിനു രോഗമായി. അയാളെ രക്ഷിച്ചെടുക്കാന്‍ വേണ്ടി അതൊക്കെയങ്ങു ചെലവായി. അടുത്ത വര്‍ഷത്തെ ഓച്ചിറക്കളിക്കു നാണി പോയിട്ടു വരുന്ന സന്ദര്‍ഭം. അവള്‍ കല്യാണിയെ അവജ്ഞയോടെ നോക്കി. കല്യാണി കാര്‍ക്കിച്ചു തുപ്പിയിട്ട്. “ഓച്ചിറ ഭഗവാനുണ്ടങ്കി അടുത്തയാണ്ടി ഞാനും പോകുമെടീ” എന്നു പറഞ്ഞു.

റിയലിസത്തെ — യാഥാതഥ്യത്തെ — കേശവദേവ് വിദഗ്‌ദ്ധമായി സാമൂഹികാവസ്ഥയുമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു ഇക്കഥയില്‍. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും പ്രതീകങ്ങളും നൂതനമൂല്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വേണ്ടി വാദിക്കുന്നു. മനുഷ്യജീവിതത്തിന്റെ ദുഃഖാത്മകത്വത്തെ എത്ര അനായാസമായിട്ടാണ് അദ്ദേഹം ആലേഖനം ചെയ്യുന്നത്!

സാര്‍വലൗകികത

പക്ഷേ ഈ കഥ ജനനം കൊള്ളുന്നത് മധ്യതിരുവിതാംകൂറിലെ സാമൂഹികാവസ്ഥകളില്‍നിന്നാണ്. ഇതിന് ആ പ്രദേശം വിട്ട് ഒരു സ്ഥാനവുമില്ല. ദേവിന്റെ ലക്ഷ്യം താന്‍ ചിത്രീകരിക്കുന്ന പ്രദേശത്തെ ആളുകളുടെ ജീവിതത്തിലെ ദുരന്തമാവിഷ്കരിക്കാനാണ്. അദ്ദേഹം അതില്‍ വിജയം പ്രാപിച്ചെങ്കിലും ഇക്കഥയെടുത്ത് അമേരിക്കയിലെയോ ഇംഗ്ലണ്ടിലെയോ ഒരു ഗ്രാമപ്രദേശത്തു വയ്ക്കു. നാണിക്കും കല്യാണിക്കും മദാമ്മമാരുടെ പേരുകള്‍ നല്‍കൂ. ഒരു പടിഞ്ഞാറന്‍ അനുവാചകനും, അതു രസിക്കില്ല. കേശവദേവ് ചിത്രീകരിക്കുന്ന സമൂഹം അദ്ദേഹം ഏതേതു മൂല്യങ്ങള്‍ക്കുവേണ്ടി വാദിക്കുന്നുവോ അവയോടു മാത്രം യോജിക്കുന്നതാണ്. മധ്യ തിരുവിതാംകൂറിലെ സവിശേഷമായ സമൂഹഘടന ആ കാലയളവിലും കഥയിലെ സന്ദര്‍ഭത്തിലും മാത്രം യോജിച്ചു നില്‍ക്കുന്നതാണ്.

ഞാന്‍ ഉദ്ദേശിക്കുന്നതു തെളിച്ചു പറയാം. വിശ്വസാഹിത്യത്തെ ഒന്നായി കാണുമ്പോള്‍ വരേണ്ട സാര്‍വലൗകിക സ്വഭാവം നമ്മെ സംബന്ധിച്ചിടത്തോളം മനോഹരമായ ഈ കഥയ്ക്കില്ല. എന്നാല്‍ ദാനീ ലോ കീഷ് എന്ന യുഗോ സ്ളാവ്യന്റെ ‘മരണ’ത്തെക്കുറിച്ചുള്ള കഥ വായിക്കുമ്പോള്‍ നമ്മള്‍ക്കു വിഭിന്നമായ മാനസികാവസ്ഥയാണ് സംജാതമാവുക. രാജാവിനെതിരായി വിപ്ളവത്തിന് ഒരുമ്പെട്ട ഒരു യുവാവിനെ ജയിലില്‍ ഇട്ടിരിക്കുകയാണ്. അയാളുടെ അമ്മ കാരാഗൃഹത്തിലെത്തി പറഞ്ഞു: ഞാനിന്നു ചക്രവര്‍ത്തിയുടെ കാല്‍ക്കല്‍ വീണു നിനക്കു മാപ്പു വാങ്ങിച്ചു തരും. നിന്നെ വധസ്ഥലത്തേക്കുകൊണ്ടു പോകുമ്പോള്‍ ഞാന്‍ വെള്ളവസ്ത്രം ധരിച്ചു ബാല്‍ക്കണിയില്‍ നിന്നാല്‍ അദ്ദേഹം മാപ്പു നല്കിയെന്നു വിചാരിക്കണം. അപ്പോള്‍ മകന്‍ പറഞ്ഞു: ‘അമ്മ കറുത്ത വസ്ത്രം ധരിച്ചു നില്ക്കുകയാണെങ്കില്‍ എന്നെ തൂക്കിക്കൊല്ലുമെന്നു കരുതിക്കൊള്ളാം.’ അല്‍പം കഴിഞ്ഞ് അയാള്‍ വധസ്ഥലത്തേക്കു നയിക്കപ്പെട്ടു. ബാല്‍ക്കണിയില്‍ അമ്മ ലില്ലിപ്പൂക്കള്‍ പോലെ വെണ്മയാര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ചു നില്‍ക്കയാണ്. തന്നെ ഇപ്പോള്‍ മോചിപ്പിക്കും, ഇപ്പോള്‍ മോചിപ്പിക്കും എന്നു വിചാരിച്ച് അയാള്‍ ഓരോ അടിയും മുന്നോട്ടു വച്ചു. വധസ്ഥലത്ത് കയറിയ അയാളുടെ കാലില്‍ നിന്ന് സ്റ്റൂളെടുത്തു മാറ്റിയപ്പോഴും കയറ് കഴുത്തില്‍ മുറുകിയപ്പോഴും അയാള്‍ വിചാരിച്ചു മോചനത്തിനുള്ള കല്പന വരുമെന്ന്. യുവാവ് മരിച്ചു. അമ്മ എന്തിന് അയാളെ വഞ്ചിച്ചു? മകന്‍ വീരനായി മരിച്ചുകൊള്ളട്ടെ എന്നു വിചാരിച്ചാണോ? അതോ സ്ത്രീയുടെ കാപട്യം അവള്‍ കാണിച്ചോ?

കെട്ടുകഥകള്‍ എഴുതുന്നവര്‍ അവ എഴുതിക്കൊണ്ടിരിക്കുന്നു. ചരിത്രമെഴുതുന്നവര്‍ അതെഴുതുന്നു. പക്ഷേ ഒന്നേ സുനിശ്ചിതമായുള്ളു. അതു മരണമത്രേ. ഇവിടെ ദൈശിക സ്വഭാവമില്ല. കാലത്തിനും സമയത്തിനും കഥയെ നിയന്ത്രിക്കാനാവില്ല. സാര്‍വകാലിക സ്വഭാവവും സാര്‍വജനീന സ്വഭാവവും അതിനു കൈവരുന്നു. എല്ലാവരെയും ഭയപ്പെടുത്തുന്ന മരണം മാത്രമാണ് ഇവിടെയുള്ളത്. മരിച്ച വിപ്ളവകാരിയുടെ ഭവിതവ്യത നമ്മുടെ ഭവിതവ്യതയായി മാറുന്നു. അയാള്‍ നമ്മുടെ സഹോദരനായി മാറുന്നു. Spatio-Temporal Reality-ക്ക് സ്ഥലകാല സത്യങ്ങള്‍ക്ക് — വിധേയമല്ല ഉത്കൃഷ്ടമായ വിശ്വസാഹിത്യം.

ജീര്‍ണത

മലയാളത്തിലെ യഥാതഥ സാഹിത്യം ക്രമേണ ജീര്‍ണതയിലേക്കു വീണു. ഇന്നാരും അതിനെ നെഞ്ചേറ്റി ലാളിക്കാരില്ല. യഥാതഥവാദികളുടെ കഥകള്‍ക്ക് ഇന്നു പ്രസക്തിയില്ല. ചരിത്രപരമായ ഒരു വസ്തുതയായി മാത്രം അതു മാറിക്കഴിഞ്ഞിരിക്കുന്നു. കാരണം സമൂഹത്തില്‍നിന്നു വ്യക്തിയിലേക്കു സാഹിത്യം മാറി എന്നതുതന്നെ. സാമൂഹികസത്യത്തിനല്ല വ്യക്തിനിഷ്ഠമായ സത്യത്തിനാണ് ആവിഷ്‌കാരം നല്‍കേണ്ടതെന്നു വന്നു. ഒ.വി.വിജയന്റെ “ഖസാക്കിന്റെ ഇതിഹാസം” എന്ന നോവലും “കാറ്റു പറഞ്ഞ കഥ” എന്ന ചെറുകഥയും സാമൂഹികദൃശ്യങ്ങളല്ല. സാമൂഹികാവസ്ഥയുടെ വസ്തുനിഷ്ഠമായ വിവരണമല്ല അവയിലുള്ളത്. പിന്നെയോ? വ്യക്തിയുടെ കര്‍തൃനിഷ്ഠത്വത്തിനാണ് അവിടെ പ്രാധാന്യം. യാഥാതഥപ്രസ്ഥാനത്തില്‍പെട്ട പല കതകള്‍ക്കും ‘ഡോക്യുമെന്ററി’യായ മൂല്യമാണുള്ളത്.

കര്‍തൃനിഷ്ഠത്വത്തില്‍ ഊന്നി നില്ക്കുന്ന നവീനകഥയ്ക്ക് അന്തര്‍വീക്ഷണം കൊണ്ടുണ്ടാകുന്ന വ്യക്തിപരമായ മൂല്യമുണ്ട്. അതിനാല്‍ ഇതെഴുതുന്ന ആള്‍ നവീന കഥയുടെ സ്തോതാവാണെന്നു വരുന്നില്ല. നവീന കഥകള്‍ പലതും അമൂര്‍ത്തങ്ങളാണ്. സത്യം മൂര്‍ത്തമായതുകൊണ്ട് അമൂര്‍ത്തസ്വഭാവം ആവഹിക്കുന്ന കഥകള്‍ അസത്യങ്ങളായി ബ്‌ഭവിക്കുന്നു.

ഉദാഹരണമായി, കാക്കനാടന്റെ “ശ്രീചക്ര”മെന്ന കഥയെടുക്കാം. ജീവിതത്തെ പൃഥക്കരണംകൊണ്ടു ചെറുതാക്കി ചെറുതാക്കി സത്യത്തെ അസത്യമാക്കുകയാണ് ഈ കഥാകാരന്‍. ശക്തിസ്വരൂപിണിയെ ചിത്രീകരിക്കാനാണ് ഒരു കലാകാരന്റെ യത്നം. ക്രമേണ അയാള്‍ ഉന്‍മാദാവസ്‌യയിലെത്തുകയും മോഡലായി എത്തിയ സ്ത്രീയെ വധിക്കുകയും ചെയ്യുന്നു. അമൂര്‍ത്തം മാത്രമല്ല. “ശ്രീചക്രം.” അത് കലയുടെ ശത്രുവായ പ്രകടനാത്മകതയില്‍ അഭിരമിക്കുകയും ചെയ്യുന്നു. “ചിത്രകാരന്‍ അവളെ പിച്ചിച്ചീന്താന്‍ തുടങ്ങി. രക്തംകുടിക്കണം. രക്തം, രക്തം. അവളുടെ ഗര്‍ജനം ദിക്കുകളെ നടുക്കി. മഹിഷാസുര മര്‍ദ്ദിനീ, ശക്തിസ്വരൂപിണീ, തായേ, മഹാമായേ” എന്ന കഥയുടെ പര്യവസാനം ലൗകികജീവിതത്തില്‍ അയഥാര്‍ഥം; കലയുടെ ജീവിത മണ്ഡലത്തിലും അയഥാര്‍ഥം.

പ്രകടനപരത

യഥാതഥവാദികളുടെ സത്യചിത്രീകരണം എത്ര പോരായ്മകളുള്ളതാണെങ്കിലും അത് എത്ര ബഹിര്‍ഭാഗസ്ഥമാണെങ്കിലും അസത്യത്തിന്റെ സന്താനമായ ഈ പ്രകടനാത്മകത അവരുടെ കഥകള്‍ക്കില്ല. കഥയില്‍ നവീനതയും അമൂര്‍ത്താവസ്ഥയും വരുത്താനുള്ള അദമ്യമായ വിശപ്പോടുകൂടി നില്‍ക്കുന്ന നമ്മുടെ കഥാകാരന്‍ എല്ലാം വാരിവലിച്ചു വിഴുങ്ങുന്നു. മാനുഷിക ബന്ധങ്ങളിലോ വികസിതോജ്ജ്വലമായ മനുഷ്യത്വത്തിലോ അല്ല അദ്ദേഹത്തിനു കൗതുകം. അമൂര്‍ത്താവസ്ഥ സൃഷ്ടിക്കലിലാണ്. ഒ.വി.വിജയന്റെ ഒരു നല്ല കഥയെക്കുറിച്ച് മുകളില്‍ പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പല കഥകളും മൂര്‍ത്തങ്ങളല്ല, അമൂര്‍ത്തങ്ങളത്രേ. അദ്ദേഹത്തിന്റെ പ്രസിദ്ധമായ “പാരകള്‍” എന്ന കഥ പോലും ഏറ്റവും ‘ആബ്‌‌സ്‌ട്രാക്ടാ’ണ്.

ഈ ‘ആബ്‌‌സ്‌ട്രാക്ടാക്ഷന്‍’–പൃഥക്കരണം–കഴിഞ്ഞാല്‍ ഉപായ കല്‍പ്പനയെക്കുറിച്ചാണ് (Scheme) എനിക്കെഴുതാനുള്ളത്. സക്കറിയയുടെ കഥകളിലേറെയും ഉപായചിന്തനത്തില്‍ (Scheming) വന്നു വീഴുന്നു. അദ്ദേഹത്തിന്റെ ചൊല്‍ക്കൊണ്ട “ഇതാ ഇവിടെവരെ പരസ്യ വണ്ടി പുറപ്പെടുന്നു” എന്ന കഥ നോക്കുക. എന്റെ അഭിവന്ദ്യ സുഹൃത്തായ സക്കറിയ ഇക്കഥയില്‍ എന്നെ സ്നേഹപൂര്‍വം സ്തുതിക്കുന്നുണ്ട്. “പ്രൊഫസര്‍ കൃഷ്ണന്‍നായരോ സാഹിത്യം സൂക്ഷ്മനിരീക്ഷണം ചെയ്യുന്ന ഏതെങ്കിലും വായനക്കാരോ എന്റെ തോല്‍വി ശ്രദ്ധിച്ചേക്കും” എന്ന വാക്യത്തിലടങ്ങിയ സ്നേഹവായ്പിനെ അംഗീകരിച്ചു കോണ്ടു പറയട്ടെ, സക്കറിയയുടെ ഇക്കഥയില്‍ കലയുടെ മാന്ത്രികപ്രഭാവമില്ലെന്ന്. ക്ഷുദ്ര സംഭവങ്ങളിലൂടെ ജീവിതത്തിന്റെ പ്രാധാന്യം കാണിക്കുന്നതില്‍ അദ്ദേഹം വിജയം പ്രാപിച്ചെങ്കിലും കഥ ആകെക്കൂടി അമൂര്‍ത്തവും ഉപായ പ്രധാനവും ആയിപ്പോയിരിക്കുന്നു. ആദ്യം കാളവണ്ടി. അതിന്റെ സഹായത്തോടെയുള്ള പരസ്യ ഘോഷയാത്ര. രണ്ടാമത്തെ ദൃശ്യം ഓട്ടോറിക്ഷ ഉപയോഗിച്ചുള്ള പരസ്യം.ഇങ്ങനെ പലദൃശ്യങ്ങള്‍. അധ്യാപകന്‍ കറുത്ത ബോര്‍ഡില്‍ ആള്‍ജിബ്ര സമവാക്യങ്ങള്‍ എഴുതി വിടുന്നതുപോലെയുള്ള പ്രക്രിയയാണ് ഇത്. ഈ ഉപായചിന്തനമെവിടെ? “ഡാര്‍ലിങ്” എന്ന കഥയിലെ [ചെക്കോവ്] മാജിക് എവിടെ? E=mc^2 എന്നെഴുതുന്ന ധിഷണാ ശക്തിയെവിടെ? “ഹാംലൈറ്റ്” എന്ന നാടകത്തിനു രൂപംനല്‍കുന്ന സര്‍ഗാത്മകത്വമെവിടെ?

കഥാകാരന്‍മാരുടെ ഒന്നോ രണ്ടോ കഥകളെടുത്തുവച്ചു സാമാന്യകരണം നടത്തുകയാണിവിടെ എന്നു തെറ്റിദ്ധരിക്കരുത്. നവീന കഥകള്‍ ആവുന്നത്ര വായിച്ചിട്ട് ഉണ്ടായ അഭിപ്രായത്തെ സമര്‍ഥിക്കാന്‍വേണ്ടി ഉദാഹരണങ്ങള്‍ സ്വീകരിക്കുന്നതേയുള്ളു. സംസ്കൃതക്കാരന്‍ പറയുന്ന സ്ഥാലീപുലാകന്യായമില്ലേ! അരി വെന്തോ എന്നറിയാന്‍ എല്ലാഅരിമണികളും ഞെക്കി നോക്കണമെന്നില്ല. ഒരെണ്ണം അമര്‍ത്തി നോക്കിയാല്‍ മതി. ചീഞ്ഞ മുട്ട കൊണ്ടാണോ ‘ഓംലറ്റ്’ ഉണ്ടാക്കിയതെന്നറിയാന്‍ ആ മുട്ടയപ്പം മുഴുവന്‍ തിന്നണമെന്നില്ല. അതിന്റെ ഒരംശമെടുത്തു നാക്കിലിട്ടാല്‍ മതി. ഞാനാകട്ടെ, ചീഞ്ഞ മുട്ടയുടെ അപ്പം മുഴുവന്‍ തിന്നിട്ട് ലേശമെടുത്തു വായനക്കാരെ കാണിക്കുകയാണ്.

പുലര്‍വേള

കേശവ്ദേവ്, തകഴി ശിവശങ്കരപ്പിള്ള, വൈക്കം മുഹമ്മദ് ബഷീര്‍ ഇവരുടെ ചെറുകഥകള്‍ക്ക് എന്തെല്ലാം ദോഷങ്ങളുണ്ടെങ്കിലും അവ വായിക്കുമ്പോള്‍ പുലര്‍വേളയില്‍ നമ്മുടെ വയല്‍വരമ്പിലൂടെ നടക്കുന്ന പ്രതീതിയാണെനിക്ക്. മഞ്ഞില്‍ നനഞ്ഞ നെല്ലോലകള്‍ നമ്മുടെ മുണ്ടില്‍ വന്ന് തട്ടി അതു നനയുന്നു. തണുത്ത കാറ്റ് വീശുന്നു. അകലെ കിളികള്‍ പാടുന്നു. ഇതു കേരളമാണ് എന്ന തോന്നല്‍. പക്ഷേ നവീന കഥകള്‍ വായിക്കുമ്പോള്‍ ജര്‍മ്മനിയിലോ ഇംഗ്ളണ്ടിലോ ലാറ്റിനമേരിക്കയിലോ ചെന്നു നില്‍ക്കുന്നു എന്ന പ്രതീതി മാത്രമേയുള്ളു. ഞാനുദ്ദേശിക്കുന്നത് നമ്മുടെ ഇപ്പോഴത്തെ കഥകള്‍ക്ക് അന്യ ദേശീയ സ്വഭാവമുണ്ട് എന്നാണ്.

വിശ്വവിഖ്യാതമായ കഥയാണ് വീഡ്മാന്റെ “My Father Sits In The Dark” എന്നത്. അച്ഛന് ഇരുട്ടത്തിരിക്കുന്ന ശീലമുണ്ട്. മകന്‍ വൈകിയെത്തുമ്പോള്‍ അച്ഛന്‍അന്ധകാരത്തിലിരിക്കുന്നു. “എന്തേ അച്ഛാ ഉറങ്ങാത്തത്?” എന്നു മകന്റെ ചോദ്യം. ‘ഉറങ്ങാം’ എന്ന് അയാളുടെ മറുപടി. മകന്‍ വായിച്ചു കഴിഞ്ഞതിനു ശേഷം ദാഹംശമിപ്പിക്കാനായി അടുക്കളയിലേക്കു പോകുമ്പോള്‍ അച്ഛനെ തട്ടിവീഴാന്‍ പോകുന്നു. “അച്ഛാ എന്തേ ഉറങ്ങാന്‍ പോകാത്തത്” എന്നു മകന്‍ ‘പോകാം മകനേ” എന്ന് ഉത്തരം. എങ്കിലും ഉറങ്ങാതെ വിചാരിച്ചുകൊണ്ടിരിക്കുകയാണ് അച്ഛന്‍. അച്ഛന്‍ എന്താണ് വിചാരിക്കുന്നതെന്ന് മകന്‍ ചോദിക്കുന്നു. ഒന്നുമില്ലെന്ന് അയാള്‍ മറുപടി നല്‍കുന്നു.മകന്‍ ഉറങ്ങാന്‍കിടന്നു. ദാഹംകൊണ്ട് ഉണര്‍ന്ന് അയാള്‍ അടുക്കളയിലേക്കു പോകുമ്പോള്‍ അച്ഛന്‍ തുറിച്ച കണ്ണുകളോടെ ഇരിക്കുന്നതായി കാണുന്നു. “എന്തേ അച്ഛാ ഉറങ്ങാത്തത്?” “ഉറങ്ങാം മകനേ” എന്നു മറുപടി. പണത്തെ സ്‌സംബന്ധിച്ച് വൈഷമ്യമുണ്ടോ അച്ഛന്? അതോ ആരോഗ്യത്തെസ്‌സംബന്ധിച്ച ആകുലാവസ്ഥയോ? അല്ല. രണ്ടുമല്ല. ബന്ധുക്കള്‍ മരിച്ചതിന്റെ ദുഃഖമാണോ? അതുമല്ല. പിന്നെന്തിന് അച്ഛന്‍ ഇരുട്ടത്തിരിക്കുന്നു. മനസ്സ് തകരുകയാണോ? ആവാനിടയില്ല. അച്ഛന് അമ്പത്തിമൂന്നേ ആയുള്ളു വയസ്.

ഒടുവില്‍ മകനു ദേഷ്യം വന്നു. കോപത്തോടെ അയാള്‍ അച്ഛനോടു ചോദിച്ചു ഉറങ്ങാത്തതിനു കാരണമെന്തെന്ന്? വിശ്രമം നല്‍കുന്നു അതെന്നായിരുന്നു പ്രതിവചനം. കഥ അവസാനിക്കുന്നത്’ എന്നു മകന്‍. “ഒന്നുമില്ല. പ്രത്യേകിച്ച് ഒന്നുമില്ല മകനേ” എന്ന് അച്ഛന്റെ മറുപടി.

അര്‍ഥശൂന്യത

ജീവിതത്തിന്റെ അര്‍ഥരാഹിത്യത്തെ സുശക്തമായി ആവിഷ്കരിക്കുന്ന കഥയാണിത്. അച്ഛന്‍ അനന്തമായ കാലത്തിലൂടെ സഞ്ചരിച്ച് അതിന്റെ ഹ്രാസമാര്‍ന്ന തന്റെ ജീവിതസമയത്തിന്റെ അന്ത്യം കാത്തിരിക്കുകയാണ്. അസ്തിത്വവാദം എന്ന ചിന്താഗതിയുടെ മൂര്‍ത്തമായ ആവിഷ്കാരം. കലയുടെ ശക്തിയുടെ മുമ്പില്‍ നമ്മള്‍ തലകുനിക്കുന്നെങ്കിലും ഇതു കേരളീയന്റെ കഥയല്ലല്ലോ എന്ന വിചാരമാണ് എനിക്ക്.

ഇനി സേതുവിന്റെ ‘സമയം’ എന്ന കഥ വായിക്കുക. അച്ഛനു ചുവരിലിരിക്കുന്ന ക്ളോക്ക് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കണം. അതു സമയമറിയിക്കുന്ന മണിനാദം കേള്‍പ്പിക്കണം. പക്ഷേ അതു കൂടെക്കൂടെ കേടാവും. ക്ളോക്ക് നിന്നാല്‍ അച്ഛന്‍ അസ്വസ്ഥനാകും. ക്ളോക്കിന്റെ കേടുപാടുകള്‍ നീക്കുന്നവന്‍ പലതവണ അതുനന്നാക്കി കൊടുത്തു. നന്നാക്കലിന് അതു വഴങ്ങില്ല എന്ന സ്ഥിതിയായപ്പോള്‍ അയാള്‍ ഇനി റിപ്പയര്‍ സാധ്യമല്ലെന്നു തീര്‍ത്തു പറഞ്ഞു. പുതിയ ക്ളോക്ക് വാങ്ങി വയ്ക്കാന്‍ അച്ഛനൊട്ടു സമ്മതിക്കുകയില്ല. “ആ ആണിയില് ഇനി വേറൊരു ക്ളാര്‍ക്ക് വേണ്ട” എന്നാണ് അച്ഛന്റെ അഭിപ്രായം. ‘ആദിയും അന്തവുമില്ലാതെ ഒഴുകിപ്പോകണ ഈ സമയത്തെ തടഞ്ഞുനിര്‍ത്താന്‍ നമ്മളാരും കൂട്ട്യാല്‍ കൂടില്ലല്ലോ’ എന്നു പറഞ്ഞയാള്‍ ജീവിതാന്ത്യത്തിനായി കാത്തിരിക്കുന്നു. ദോഷം മാത്രം കാണുന്നവര്‍ക്ക് സേതു വീഡ്മാന്റെ കഥയിലെ ബിംബങ്ങള്‍ക്ക് — ഇമേജുകള്‍ക്ക് — മാറ്റം വരുത്തിയാണ് ‘സമയ’മെന്ന കഥ രചിച്ചതെന്നു പറയാം. ഞാന്‍ അതിനു സന്നദ്ധനാവുന്നില്ല. സേതു സായിപ്പിന്റെ കഥ വായിച്ചുകാണില്ല. ആശയങ്ങള്‍ക്കു കോപ്പിറൈറ്റ് ഇല്ലല്ലോ. രണ്ടുപേരും ജീവിതത്തിന്റെ വ്യര്‍ഥതയെക്കുറിച്ചു ചിന്തിച്ചപ്പോള്‍ ആശയപരമായി സാദൃശ്യമുള്ള രണ്ടു കഥകള്‍ എഴുതി എന്നു മാത്രം വിചാരിച്ചാല്‍ മതി.

പക്ഷേ സേതുവിന്റെ കഥയുടെ മലയാളിത്തമില്ലായ്മ എനിക്കു ചൂണ്ടിക്കാണിക്കാതിരിക്കാന്‍ വയ്യ. നാഴിക മണി നിന്നാല്‍ താനും മരിക്കുമെന്ന വൃദ്ധന്റെ ചിന്ത മലയാളിയുടെ ചിന്തയല്ല. അയാളുടെ പേടി മലയാളിയുടെ പേടിയല്ല. അതു സായിപ്പിന്റെ — എക്സിസ്റ്റെന്‍ഷ്യലിസ്റ്റിന്റെ — ചിന്തയും പേടിയുമാണ്. ഈ അന്യ ദേശീയ സ്വഭാവം — Exotic Character — നമ്മുടെ ആസ്വാദനത്തിനു സമ്പൂര്‍ണത നല്‍കുന്നില്ല.

ഉദാത്തത

നമ്മുടെ യഥാതഥങ്ങളായ ചെറുകഥകളും നവീനങ്ങളായ ചെറുകഥകളും മേല്‍ക്കാണിച്ച കാരണങ്ങളാലാണ് ഉല്‍ക്കൃഷ്ടതയിലേക്കു ചെല്ലാത്തത്. ഹാര്‍ഡിയെപ്പോലെ, ടാഗോറിനെപ്പോലെ സ്വന്തം നാടിന്റെ വികാരവിചാരങ്ങളെ സ്‌ഫുടീകരിക്കുകയും അവയെ സാര്‍വലൗകികത്വത്തിലേക്കും സാര്‍വജനീനതയിലേക്കും ഉയര്‍ത്തുകയും ചെയ്യുമ്പോഴാണ് കഥ ഉദാത്തത ആവഹിക്കുന്നത്. അപ്പോള്‍ നമ്മള്‍ കഥാകാരനെ കാണില്ല. പുസ്തകം കൈയിലിരിക്കുന്നു എന്ന് ഓര്‍മ്മിക്കില്ല. അച്ചടിച്ച അക്ഷരങ്ങള്‍ ദര്‍ശിക്കില്ല. ആകെ കാണുന്നത് വധസ്ഥലത്തേക്കു പോകുന്ന ആളെ മാത്രം. ധവള വസ്ത്രം ധരിച്ചുനില്‍ക്കുന്ന അമ്മയെ മാത്രം. ഒന്നേ സുനിശ്ചിതമായുള്ളു. അതു മരണം മാത്രമെന്ന് നമ്മള്‍ ഉറക്കെപ്പറയുന്നു.

ഇച്ഛാശക്തികൊണ്ടു നിര്‍മ്മിക്കപ്പെടുന്ന ഇന്നത്തെ കഥകളുടെ സ്ഥാനത്ത് അമ്മാതിരിക്കഥകള്‍ ഉണ്ടാകണമെന്നാണ് എന്റെ അഭിലാഷം.