പത്ത് ഇംഗ്ലീഷ് കഥകൾ; പതിനൊന്നാമത് മലയാള കഥ
പത്ത് ഇംഗ്ലീഷ് കഥകൾ; പതിനൊന്നാമത് മലയാള കഥ | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണൻ നായർ |
മൂലകൃതി | ശരത്ക്കാലദീപ്തി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ് |
വര്‍ഷം |
1993 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 147 |
അവളുടെ പേരു കമലയെന്ന്. സഹോദരനോടുകൂടി അവള്‍ ട്രാം കാറില്‍ കോളേജിലേക്കു പോകുമ്പോഴാണ് ഞാന്‍ അവളെ കണ്ടത്. ഞാന്‍ അവളുടെ പിറകിലിരിക്കുകയായിരുന്നു. ഞങ്ങള്‍ ഒരുമിച്ചു സഞ്ചരിക്കുന്നവര്‍. മനോഹരമായ നെറ്റിത്തടത്തില്‍നിന്ന് അവള്‍ തലമുടി പിറകോട്ടു കോതിവച്ചിരിക്കുന്നു. ഉജ്ജ്വലങ്ങളായ കണ്ണുകള്‍. അവളെ സഹായിച്ച് കീര്‍ത്തിനേടാന്‍ എനിക്കൊരു സന്ദര്‍ഭം ലഭിച്ചെങ്കില്‍!
ഒരു ദിവസം കമലയുടെ അടുത്ത് ഒരു യൂറോപ്യന്‍ ഇരുന്നു സഞ്ചരിക്കുന്നത് എനിക്കു കാണാനിടയായി. അവന്റെ തൊപ്പി തട്ടിത്തെറിപ്പിക്കാന്‍ എനിക്കുതാല്‍പര്യം. പക്ഷെ എങ്ങനെ ചെയ്യുമത്? അങ്ങനെയിരിക്കെ അവന്‍ ചുരുട്ടെടുത്തു കത്തിച്ചു വലിക്കാന്‍ തുടങ്ങി.“ അതു ദൂരെയെറിയൂ” എന്നു ഞാന്‍ പറഞ്ഞു. അവനതു കേട്ടെന്നു ഭാവിക്കാതെ ചുണ്ടില്‍ നിന്നു ചുരുട്ടു പിടിച്ചെടുത്തു റോഡിലേക്ക് എറിഞ്ഞു. മുഷ്ടിചുരുട്ടി അവന്‍ ഒരു നിമിഷം എന്നെ നോക്കി. ഫുട്ബോള്‍ താരമായ എന്നെ അവന് അറിയാമായിരിക്കും. കൂടുതലൊന്നും സംഭവിച്ചില്ല. കമലയുടെ മുഖം ചുവന്നു. പുസ്തകം തുറന്ന് അവള്‍ വായിക്കുകയാണെന്നു ഭാവിച്ചു; ഇറങ്ങേണ്ട സ്റ്റോപ്പിന് മുന്‍പുള്ള സ്റ്റോപ്പില്‍ അവള്‍ ഇറങ്ങിപ്പോവുകയും ചെയ്തു. പിന്നീട് റിക്ഷയിലായി അവളുടെ സഞ്ചാരം.
ഒരു ദിവസം എന്നെ ആരാധിക്കുന്ന മോഹന്‍ലാല്‍ അയാളുടെ സഹോദരിയെ എനിക്കു പരിചയപ്പെടുത്തി തന്നു. അവള്‍ എനിക്കു പുഷ്പിക്കുന്ന ഒരു ചെടി ചട്ടിയോടെ സമ്മാനിച്ചു. “ഈ നാട്ടില്‍ വളരെ ശ്രദ്ധിച്ചാല്‍ മാത്രം വളരുന്നചെടിയാണിത്. പേര് കമേലിയ.” ആ പേരുകേട്ട എനിക്കു ഞെട്ടല്‍.
ഒരു ദിവസം നദീതീരത്തുവച്ച് ഞാന്‍ കമലയെകണ്ടു. “എനിക്കെന്തെങ്കിലും അവള്‍ക്കുവേണ്ടി ചെയ്തുകൂടേ? നദിയില്‍നിന്നു വെള്ളം കൊണ്ടുവരാമല്ലോ. അടുത്തുള്ള കാട്ടില്‍ മാന്യനായ ഒരു കരടിയെങ്കിലും ഉണ്ടായിരിക്കില്ലേ” കമലയുടെ അടുത്ത് വിദേശവസ്ത്രങ്ങള്‍ ധരിച്ച് ഒരു യുവാവിരുന്നു ചുരുട്ടു പുകയ്ക്കുന്നതു ഞാന്‍ കണ്ടു. കമല ഒരു വെളുത്ത ചെമ്പരത്തിപ്പൂവിന്റെ ഇതളുകള്‍ കഷണംകഷണമാക്കി എറിയുകയായിരുന്നു. അവള്‍ എന്നെ അവഗണിച്ചതുകൊണ്ടുതന്നെ അവള്‍ക്കെന്നെ മനസ്സിലായി എന്നതു വ്യക്തം.
ഏതാനും ദിവസങ്ങള്‍ക്കകം കമേലിയച്ചെടി പുഷ്പിക്കും. അത് ഞാന്‍ കമലയ്ക്കു കൊടുക്കും. ആ ദിനം വന്നു. എനിക്കു വിറകുകൊണ്ടുതരുന്ന ഒരുസന്താള്‍ പെണ്‍കുട്ടിയെവിളിച്ചു അവളുടെ കൈയ്യില്‍ ഞാനതുകൊടുത്തയയ്ക്കും. ഞാന്‍ ഒരു ഡിറ്റക്ടീവ് കഥ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു മധുര ശബ്ദം “സര്‍, അങ്ങ് എന്നെ എന്തിനാണു വിളിച്ചത്?’ ആ പെണ്‍കുട്ടിയുടെ ചെവിയില്‍ കമേലിയ പുഷ്പം. അവളുടെ ഇരുണ്ട കവിളിനെ ആ പൂവു തിളക്കുന്നുണ്ടായിരുന്നു. “സാര്‍ അങ്ങ് എന്തിനാണ് എന്ന വിളിച്ചത്” എന്നു വീണ്ടും അവളുടെ ചോദ്യം. “തീര്‍ച്ചയായും ഇതിനുതന്നെ” എന്ന് എന്റെ മറുപടി. അതിനുശേഷം ഞാന്‍ കല്‍ക്കത്തയിലേക്കു തിരിച്ചു പോന്നു.
ഒരു ബംഗാള്‍ കഥയാണിത്. ആരെഴുതിയത്? സാക്ഷാല്‍ രവീന്ദ്രനാഥടാഗോര്‍തന്നെ. കഥ യാഥാതഥമാണോ? അല്ല. കാല്പനികമാണോ? തികച്ചും കാല്പനികമല്ല. യാഥാര്‍ഥ്യത്തിനും കാല്പനികതയ്ക്കും ഇടയ്ക്ക് ഒരു രേഖയുണ്ട്. ആ രേഖയിലൂടെ കമലയെപ്പോലെ സഞ്ചരിക്കുകയാണ് ഇക്കഥ. ഇതു വായിച്ചുതീരുമ്പോള്‍ നമ്മള്‍ എത്ര ശ്രമിച്ചാലും കാണാന്‍ കഴിയാത്ത ഒരു വസ്തുത കാണുന്നു. ഇരുട്ടു നിറഞ്ഞ മുറിയില്‍ ഫ്ലാഷ് ലെറ്റ് തെളിച്ചാല്‍ അവിടെയുള്ള വസ്തുക്കള്‍ തെളിയുന്നതുപോലെയാണിത്. ഹേതുരഹിതമായി ഒരു സുന്ദരിയോടു സ്നേഹം. അതിനു ഭംഗം വരുന്നത് അവള്‍ ഒരു യൂറോപ്യനെ സ്നേഹിക്കുന്നതുകൊണ്ടാണ്. അവള്‍ അവഗണിച്ചിട്ടും, അയാളുടെ പ്രേമം തിരസ്കരിക്കുമെന്നു കാണിക്കാന്‍ വെള്ളപ്പൂവിന്റെ ഇതളുകള്‍ കീറിയെറിഞ്ഞിട്ടും അയാള്‍ക്ക് അദമ്യമായ രാഗം. കമേലിയ എന്ന വിദേശപുഷ്പത്തിനും മറുനാട്ടുകാരനായ ആ ചുരുട്ടുവലിക്കാരനും തമ്മില്‍ സാദൃശ്യം. ഒരു പാവപ്പെട്ട പെണ്‍കുട്ടി അതു ചൂണ്ടിക്കാണിച്ചുകൊണ്ട് രാഗപരവശനായ അയാളുടെ മുന്‍പിലെത്തുമ്പോള്‍ മാത്രമേ ആദ്യരാഗത്തിന്റെ വിഫലത അയാള്‍ക്കു മനസ്സിലാവുന്നുള്ളു. അവള്‍ അതു ചൂടിക്കണ്ടതില്‍ ആശ്വസിച്ച് അയാള്‍ കല്‍ക്കത്തയിലേക്കു തിരിച്ചുപോരുന്നു. ബംഗാളിലെ കഥയാണിതെങ്കിലും ഇതു ലോകമാകെയുള്ള യുവാക്കന്മാരുടെയും കമലമാരുടെയും കഥയാണ്. ഈ സാര്‍വലൗകിക സത്യത്തിലേക്കു നമ്മെ നയിക്കുന്ന സ്വഭാവം — ഉത്കൃഷ്ടമായ സാഹിത്യത്തിന്റെ സവിശേഷതയത്രേ. ഇത് കലാകാരന്‍ എങ്ങനെ സാധിക്കുന്നു? മൂര്‍ത്തഭാവമാണ് ഓരോ ബിംബവും, ഓരോ സംഭവവും. ഈ മൂര്‍ത്തസ്വഭാവത്തില്‍ നിന്നു പിന്മാറി സ്വാഭാവിക രൂപങ്ങളെ സാരാംശത്തിലേക്കു കൊണ്ടു ചെല്ലു. സത്യാത്മകമായ ആവിഷ്കാരത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്ന മട്ടില്‍ ആ സാരാംശങ്ങള്‍ക്കു പ്രാതിനിധ്യം വഹിക്കുന്ന ദുര്‍ഗ്രഹങ്ങളായ പ്രതീകങ്ങളെ ക്കൂട്ടിക്കലര്‍ത്തു. അപ്പോള്‍ കല കലയല്ലാതാവുന്നു; സാഹിത്യം സാഹിത്യമല്ലാതാവുന്നു. എപ്പോള്‍ മൂര്‍ത്താവസ്ഥയില്‍ നിന്നു സാഹിത്യം അമൂര്‍ത്താവസ്ഥയിലേക്കു പോകുന്നുവോ അപ്പോള്‍ അത് സാഹിത്യത്തിന്റെ മണ്ഡലത്തില്‍നിന്നു ഗളഹസ്തം ചെയ്യപ്പെടും. മലയാള ചെറുകഥാസാഹിത്യത്തില്‍ സംഭവിച്ചിരിക്കുന്നത് ഇതു തന്നെയാണ്. നവീന മലയാളസാഹിത്യത്തെക്കുറിച്ചു
പരിചിന്തനം ചെയ്യുമ്പോള്‍ എഴുതാവുന്ന പേരല്ല എന്റെ അഭിവന്ദ്യ സുഹൃത്തായ ശ്രീ. ബാബു കുഴിമറ്റത്തിന്റേത്. എങ്കിലും പ്രാതിനിധ്യ സ്വഭാവമുണ്ട് എന്ന സങ്കല്പത്തില്‍ ശ്രീ. കെ. അയ്യപ്പപ്പണിക്കരും ശ്രീ. എം. കെ. സാനുവും ശ്രീ. കെ. പി. അപ്പനും ശ്രീ. ആര്‍. നരേന്ദ്രപ്രസാദും സമാഹര്‍ത്താക്കളായിട്ടുള്ള ഒരു ഗ്രന്ഥത്തില്‍ അദ്ദേഹത്തിന്റെ കഥ കൂടി ചേര്‍ത്തിരിക്കുന്നതുകൊണ്ട് ഞാനത് സ്വീകരിച്ചെന്നേയുള്ളു. അദ്ദേഹത്തിന്റെ “കിനാവുകാരന്‍” എന്ന ചെറുകഥ നോക്കുക. ഒരുത്തന്റെ കൈയ്യില്‍ നിന്ന് എല്ലാവരും കിനാവുകള്‍ വാങ്ങുന്നു. ദാനം കിട്ടിയ കിനാവുകളുടെ വായില്‍ പല്ലുണ്ടോ എന്നു ചിലര്‍ നോക്കുന്നത് അയാള്‍ക്കു പീഡാജനകം. കിനാവുവില്പനക്കാരന് കിട്ടിയ പ്രതിഫലങ്ങളില്‍ പലതുമുണ്ട്. വിധവകളുടെ കൊച്ചുകാശുകള്‍. എന്തെല്ലാം കിനാവുകളാണ് അയാള്‍ അന്യര്‍ക്കു കാണിച്ചു കോടുക്കുന്നത്. നോഹയുടെ പെട്ടകം, മോശയുടെ വടി ഇങ്ങനെ പലതും. ഇതു പണ്ടത്തെ സ്ഥിതി. ഇന്നാരും കിനാവു വാങ്ങുന്നില്ല. അയാള്‍ തകര്‍ന്നടിഞ്ഞു. സമകാലിക സത്യങ്ങളുടെ മുന്‍പില്‍ പൂര്‍വകാലസ്വപ്നങ്ങള്‍ക്കു വിലയില്ലെന്നാവാം കഥാകാരന്‍ കരുതുക. എന്തോ നിശ്ചയമില്ല. കഥ മൂര്‍ത്തമാകുന്നതിനുപകരം അമൂര്‍ത്തമായാല്‍ മനുഷ്യന്റെ സത്തയിലേക്കു അത് ഉള്‍ക്കാഴച നല്കില്ല. ടാഗോറിന്റെ കഥ രാഗഭംഗത്തിലൂടെ ജീവിതത്തിന്റെ ശക്തിയും ഭംഗിയും സൃഷ്ടമാക്കുമ്പോൾ കുഴിമറ്റത്തിന്റെ കഥ അതിന്റെ അമൂര്‍ത്ത സ്വഭാവത്തോടെ ജീര്‍ണ്ണതയുടെ കുഴിയില്‍ പതിക്കുന്നു. കാക്കനാടന്റെ പലരും വാഴ്ത്തുന്ന “ശ്രീചക്രം” എന്ന കഥയുടെ സ്വഭാവവും ഇതുതന്നെ.
സമകാലിക കഥയുടെ തൊട്ടുമുന്‍പുള്ള യഥാതഥകഥയുടെ കാലയളവില്‍ സുപ്രധാനരായി കരുതപ്പെടുന്നത് തകഴി ശിവശങ്കരപിള്ള, പി. കേശവദേവ്, വൈയ്ക്കം മുഹമ്മദ് ബഷീര്‍, എസ്. കെ. പൊറ്റക്കാട്ട്, കാരൂര്‍ നീലകണ്ഠപിള്ള, പി. സി. കുട്ടിക്കൃഷ്ണന്‍ ഇവരാണ്. ഇവരുടെ ജീവിത ദര്‍ശനങ്ങള്‍ വിഭിന്നങ്ങളായതുകൊണ്ട് ഓരോകഥാകാരനും മറ്റെല്ലാക്കഥാകാരന്മാരില്‍ നിന്നും വിഭിന്നനായി നില്‍ക്കുന്നു ‘രാച്ചിയമ്മ’ എഴുതാന്‍ കുട്ടികൃഷ്ണനേ കഴിയൂ. ‘പൂവമ്പഴം’ എഴുതാന്‍ ബഷീറിനേ കഴിയൂ. ‘പൂവമ്പഴം’ എന്ന അതേ പേരുള്ള കഥ രചിക്കാന്‍ കാരൂരിനേ കഴിയൂ. ‘വെള്ളപ്പൊക്കത്തില്‍ ’ എന്ന കഥ തകഴിയുടെ തൂലികയില്‍ നിന്നേ ആവിര്‍ഭവിക്കു. ഇങ്ങനെ വൈജാത്യവും വൈവിധ്യവും അവരുടെ ചെറുകഥകള്‍ ആവഹിക്കുന്നുണ്ടെങ്കിലും അവയുടെയെല്ലാം ആത്മാവ് ഒന്നുതന്നെ. ഒരു വലിയ സൗധത്തിന്റെ പല മുറികളിലായി ഓരോ കഥാകാരനും താമസിക്കുന്ന പ്രതീതി. ഏതനുവാചകനും ആ സൗധത്തില്‍ ചെന്നു കയറാം. ഓരോ കഥാകാരനും അയാള്‍ക്കു സ്വാഗതമരുളും. ആ അനുഭവം ഇന്നില്ല. ശ്രീ. ആനന്ദിന്റെയും ശ്രീ. കെ.പി. നിര്‍മ്മല്‍ കുമാറിന്റെയും ശ്രീ. ജോണ്‍ എബ്രഹാമിന്റെയും ശ്രീ. ജോര്‍ജ്ജ്ജോസഫ്. കെയുടെയും ആത്മാവ് ഒന്നാണെന്ന് ആരുപറയും. ഒരു കഥാകാരന്റെ പല കഥകള്‍ നോക്കുക. പ്രതിപാദ്യവിഷയത്തിന്റെ വിഭിന്നത അവയിലുണ്ടെങ്കിലും പൊതുവായ അടിസ്ഥാനം അവയ്ക്കില്ല. തകഴി ശിവശങ്കരപ്പിള്ളയുടെ നോവലുകളും ചെറുകഥകളും വിഭിന്നത പുലര്‍ത്തുന്നുണ്ടങ്കിലും കേന്ദ്രസ്ഥിതമായ വിഷനില്‍നിന്ന് — ദര്‍ശനത്തില്‍നിന്ന് — അവ മാറിപ്പോകുന്നില്ല. ദേവിന്റെയും ബഷീറിന്റെയും രചനകളെക്കുറിച്ചും ഇതുതന്നെയാണ് പറയാനുള്ളത്. ശ്രീ. സേതുവിന്റെ “ദൂതി”നും അദ്ദേഹത്തിന്റെതന്നെ ‘സമയ’ ത്തിനും തമ്മില്‍ എന്താണ് ബന്ധം? ‘ദൂതി’ ല്‍ കേരളീയച്ഛായ; സമയ’ത്തില്‍ വൈദേശികച്ഛായ. ‘മുന്‍പുള്ള കഥാകാരന്മാര്‍ വസ്തിനിഷ്ഠത്വത്തെ അംഗീകരിച്ചു; ഞങ്ങള്‍ കര്‍ത്തൃനിഷ്ഠ്വത്തെ ആദരിക്കുന്നു’ എന്ന് അധുനാതനന്മാര്‍ പറയുമായിരിക്കും. പക്ഷേ നഷ്ടപ്പെട്ടുപോയ ദര്‍ശനത്തിലേക്കോ നൂതനമായ ദര്‍ശനത്തിലേക്കോ ഇവര്‍ നമ്മെ നയിക്കുന്നില്ല. കര്‍ത്തൃനിഷ്ഠത്വം അംഗീകരിച്ചുകൊണ്ട് പ്രായോഗികജീവിതത്തിലേക്കു ചെല്ലുന്നവരാണ് പടിഞ്ഞാറുള്ള നവീനതമസാഹിത്യകാരന്മാര്‍. നമ്മുടെ നവീനതമസാഹിത്യകാരന്മാരാകട്ടെ വികാരത്തിന്റെയും കര്‍
ത്തൃനിഷ്ഠത്വത്തിന്റെയും ബാഹ്യഭാഗം മാത്രമേ കാണുന്നുള്ളു. അതുകൊണ്ട് അവരുടെ രചനകള്‍ ബഹിര്‍ഭാഗസ്ഥങ്ങളാണ്, ഉപരിവിപ്ലവങ്ങളാണ്. ശ്രീ. എം. ടി. വാസുദേവന്‍ നായര്‍ “വാനപ്രസ്ഥ” മെന്ന നീണ്ടകഥയിലൂടെ കര്‍ത്തൃനിഷ്ഠത്വത്തില്‍ നിന്ന് പ്രായോഗികതലത്തിലേക്ക് അനായാസമായി പോകുന്നു.
ആങ്ദ്രേ ഷീദിന്റെ ഒരു നോവലില്‍ ശാസ്ത്രാഭിമുഖ്യമുള്ള ഒരു കഥാപാത്രത്തെ ഞാന്‍ കണ്ടിട്ടുണ്ട്. അയാള്‍ കുറച്ച് എലികളെ ഭാഗികമായി അന്ധങ്ങളാക്കുന്നു. മറ്റെലികള്‍ക്ക് സമ്പൂര്‍ണ്ണമായ അന്ധത്വം നല്കുന്നു. ഏതു വിഭാഗം ആദ്യമായി ചാകും എന്നു പരിശോധിക്കുകയാണ് അയാള്‍. ശാസ്ത്രത്തിലെ ഈ നൃശംസത സാഹിത്യത്തിലും പകര്‍ന്നിട്ടുണ്ട്. ഒരു നീതിമത്കരണവുമില്ലാതെ വാഴ്ത്തപ്പെടുന്ന ശ്രീ. എന്‍. എസ്. മാധവന്റെ കഥകളില്‍ ഈ ക്രൂരതയുണ്ട്. പത്തോ പതിനിന്നൊ വയസ്സായ മകളുടെ നഗ്നമായ ചന്തിനോക്കി രസിക്കുന്നു അവളുടെ അച്ഛന്‍. അവള്‍ക്കു ഗര്‍ഭാശയമുണ്ടന്നും അതു വളരുന്നുവെന്നും അയാള്‍ ഗ്രഹിക്കുന്നു. മകളുടെ മാസമുറയെക്കുറിച്ച അയാള്‍ ചിന്തിക്കുന്നു. ഭാര്യ അയല്‍ വീട്ടില്‍ പോയ രാത്രിയില്‍ മകളെ കൂടിക്കിടത്തി അവളെ ആലിംഗനം ചെയ്യാന്‍ തന്ത ശ്രമിക്കുമ്പോള്‍ ആ കുഞ്ഞ് അയാളെ കാലുകൊണ്ടു നെഞ്ചില്‍ ചവിട്ടി നീക്കുന്നു. സാന്മാര്‍ഗ്ഗികത്വത്തെ ചവിട്ടി പുറന്തള്ളി ‘പെര്‍വേര്‍ഷ’ നു പ്രാധാന്യം നല്കുന്ന ഇത്തരം കഥകള്‍ നമ്മുടെ കഥാസാഹിത്യത്തെ വിരൂപമാക്കിക്കൊണ്ടിരിക്കുന്ന കാലയളവിലാണു നമ്മള്‍ ജീവിക്കുന്നത്. ഭാരതത്തിന്റെ ആത്മാവുകണ്ടെത്തി ചൈതന്യത്തിന്റെ നീരുറവ തുറന്നുവിടേണ്ട സാഹിത്യകാരന്‍മാര്‍ ഇങ്ങനെ നമ്മളെ അഴുക്കുചാലിലേക്ക്, ഓടയിലേക്ക് എറിയുന്നത് ശരിയല്ല.
വിശ്വവിഖ്യാതനായ റൊമാങ്ങ് ഗാരിയുടെ Roots of Heaven എന്ന നോവലില്‍ ഒരു കാരാഗൃഹത്തിലെ സംഭവം വര്‍ണ്ണിച്ചിരിക്കുന്നത് കോളിന്‍ വില്‍സന്‍ ചൂണ്ടിക്കാണിക്കുന്നു. ജര്‍മ്മന്‍ സൈനികോദ്യോസ്ഥന്മാര്‍ കുറെ ഫ്രഞ്ചുകാരെ തടവിലിട്ടിരിക്കുന്നു. തടവുകാര്‍ക്കു വൈരസ്യം കൂടിയപ്പോള്‍ അതില്‍ നിന്നും രക്ഷപ്രാപിക്കാനായി അവര്‍ ഒരു മാര്‍ഗ്ഗം കണ്ടുപിടിച്ചു. മുറിയുടെ ഒരു മൂലയില്‍ അവര്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നതായി സങ്കല്പ്പിച്ചു. തടവുകാര്‍ വസ്ത്രം മാറുമ്പോള്‍ അവളതു കാണുന്നതു ശരിയല്ലല്ലോ. അതുകൊണ്ട് അവിടെയൊരു കരിമ്പടം തൂക്കി അവര്‍. എല്ലാവരും പെണ്‍കുട്ടിയോടു സംസാരിക്കും. ഇത് ജര്‍മ്മന്‍ മേജര്‍ അറിഞ്ഞു. അയാള്‍ അവിടെയെത്തി അവരോടു പറഞ്ഞു: ‘നാളെ ഞാന്‍ വരുമ്പോള്‍ നിങ്ങള്‍ ഈ പെണ്‍കുട്ടിയെ വിട്ടുതരണം. തന്നാല്‍ അവള്‍ ഞങ്ങളുടെ ഭടന്മാര്‍ക്കുവേണ്ടി വേശ്യാലയത്തിലേക്കു പോകും. വിട്ടുതന്നില്ലെങ്കില്‍ നിങ്ങളുടെ നേതാവിനെ ഞാന്‍ ഏകാന്തത്തടവിലാക്കും. മേജര്‍ പോയപ്പോള്‍ തടവുകാര്‍ ആലോചനയായി. പെണ്‍കുട്ടിയെ വിട്ടുകൊടുത്താല്‍ അവളെ വീണ്ടും സൃഷ്ടിക്കാനാവുകയില്ല. അതുകൊണ്ട് വിട്ടുകൊടുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ അവരെത്തി. അടുത്ത ദിവസം ജര്‍മ്മന്‍ മേജര്‍ തടവുകാരുടെ നേതാവിനെ ഏകാന്തത്തടവിലാക്കുകയും ചെയ്തു. കാലം കഴിഞ്ഞു. അയാളെ കാണാനില്ല. മരിച്ചുപോയിരിക്കും അയാളെന്നു മറ്റു തടവുകാര്‍ വിചാരിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം, അയാള്‍ തടവറയ്ക്കടുത്തുകൂടെ പോകുന്നത് അവര്‍ കണ്ടു. അയാള്‍ എങ്ങനെ കഴിഞ്ഞുകൂടിയെന്നു തടവുകാര്‍ ചോദിച്ചപ്പോള്‍ മറുപടി ഇതായിരുന്നു: “ഞാന്‍ ഏകാന്തത്തടവിലായിരുന്നപ്പോള്‍ അനേകം ആനകള്‍ ഈ സമതലത്തിലൂടെ നടന്നുപോകുന്നതായി സങ്കല്പ്പിക്കുമായിരുന്നു. ആ സങ്കല്പം ജീവിക്കാനുള്ള പ്രചോദനം എനിക്ക് നല്കി.” ഒരു യാഥാതഥ്യത്തില്‍നിന്നു മറ്റൊരു യാഥാതഥ്യത്തിലേക്കു പോകുകയാണിവിടെ. ഒരു സത്യത്തില്‍ നിന്നു അതിനെക്കാള്‍ മഹനീയമായ സത്യത്തിലേക്കുള്ള പോക്കാണ് ഇവിടെയുള്ളത്. ഇങ്ങനെ ചെല്ലുമ്പോള്‍ അത് മനശാസ്ത്രജ്ഞനായ മസ്ലോവ് പറയുന്ന Peak experience ഉളവാക്കുമെന്നാണ് കോളിന്‍ വില്‍സന്റെ അഭിപ്രായം. കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ ‘മരപ്പാവകള്‍’ ജനിപ്പിക്കുന്ന ഈ സമുന്നതാനുഭവം ഒരു നവീനകഥയും ജനിപ്പിക്കുന്നില്ല. പത്ത് ഇംഗ്ലീഷ് കഥകള്‍ വായിച്ചതിനുശേഷം പതിനൊന്നാമത് മലയാളകഥ എഴുതുന്ന ഏര്‍പ്പാടല്ലാതെ ഇവിടെ ഒന്നുമില്ല. പ്രസിദ്ധരായ പല എഴുത്തുകാരുടെയും കൃതികള്‍ യൂറോപ്യന്‍ സാഹിത്യത്തില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ നിന്നും ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തില്‍നിന്നും സ്വീകരിക്കപ്പെട്ടവയാണ്.
അജാഗരിത ഹൃത്തില്‍ നിന്ന് അഗ്നിനാളം പോലെ കുതിച്ചുയരുന്ന സര്‍ഗ്ഗശക്തി അതറിയാതെ രൂപം കൊള്ളുമ്പോഴാണ് കലാസൃഷ്ടിയുടെ ആവിര്‍ഭാവം. അങ്ങനെ പ്രാദുര്‍ഭാവം കൊള്ളുമ്പോള്‍ മാത്രമേ അതിനു സ്വാഭാവികത ഉണ്ടാകുകയുള്ളു. നവീനന്മാരുടെ കഥകള്‍ നോക്കുക. സ്വാഭാവികതയില്ല. അവ ഇച്ഛാശക്തികൊണ്ടു നിര്‍മ്മിക്കപ്പെടുന്നവയാണ്. ഓരോ കഥയും പ്രചിന്തിതമാണ് എന്നാണ് നമുക്കു തോന്നുക. റേമന്റ് കാര്‍വര്‍ എന്ന അമേരിക്കന്‍ സാഹിത്യകാരന്റെ — ‘കതീഡ്രല്‍’ പോലെയുള്ള ഒരു കഥ നമ്മുടെ സാഹിത്യത്തില്‍ എന്നാണ് ഉണ്ടാവുക? കാരൂരിന്റെ ‘മരപ്പാവകള്‍’ പോലെയുള്ള ഒരു കഥ നമ്മുടെ സമകാലിക സാഹിത്യത്തില്‍ എന്നാണ് പ്രത്യക്ഷമാവുക?
|
|
|