close
Sayahna Sayahna
Search

സൗന്ദര്യത്തിന്റെ ചക്രവാളം (ശരൽക്കാലദീപ്തി)


സൗന്ദര്യത്തിന്റെ ചക്രവാളം (ശരൽക്കാലദീപ്തി)
Mkn-04.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണൻ നായർ
മൂലകൃതി ശരത്ക്കാലദീപ്തി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ്
വര്‍ഷം
1993
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 147

എം കൃഷ്ണൻ നായർ

‘എന്റെ ഇടതുചെവി മറ്റൊരുത്തനുമായുള്ള പോരാട്ടത്തില്‍ കടിച്ചെടുക്കപ്പെട്ടു. എങ്കിലും ശേഷിച്ച ചെറിയ വിടവിലൂടെ ഞാന്‍ ശബ്ദങ്ങള്‍ കേള്‍ക്കുന്നു.. എന്റെ വായുടെ ഇടതുവശത്തു തള്ളിനില്‍ക്കുന്നതു കണ്ണാണ്… ഒരു കണ്ണുമാത്രമേ ഭാഗ്യംകൊണ്ടു നഷ്ടപ്പെട്ടുള്ളു. മറ്റേതു കണ്ണു ഡോക്ടര്‍മാർ പതിനാറു ശസ്ത്രക്രിയകള്‍ നടത്തി രക്ഷപ്പെടുത്തി. അതിനു കണ്‍പോളയില്ല. കൂടെകൂടെ കണ്ണീരൊഴുകും…ഞാന്‍ വസിക്കുന്ന ഗ്ളാസ് ക്യൂബ് എന്റെ വീടാണ്. പക്ഷേ ആര്‍ക്കും അതിലൂടെ എന്നെ കാണാന്‍ വയ്യ…വീട്ടിന്റെ സ്ഫടിക പാളികള്‍ വെടിയുണ്ട ഏല്‍ക്കാത്തവ, രോഗാണുക്കള്‍ കടക്കാത്തവ, റേഡിയേഷന്‍ കടക്കാത്തവ, ശബ്ദം കടക്കാത്തവയും…എന്റെ മൂക്ക്. അതു സുന്ദരമല്ല, പ്രയോജനമല്ല. അക്കാര്യം എനിക്കറിയാം. അതിന്റെ അതിരുകടന്ന സംവേദന ശക്തി എനിക്കു വര്‍ണിക്കാനാവാത്ത വേദന ജനിപ്പിക്കുന്നു, സമീപത്ത് എലി കിടന്നഴുകുമ്പോള്‍…എനിക്കു കൈകളില്ല, കാലുകളില്ല. പക്ഷേ ആ നാലുകുറ്റികള്‍ കൊണ്ട് ഞാന്‍ നിലത്തു നിഷ്പ്രയാസം നീങ്ങും. വേണമെങ്കില്‍ ഓടുകയും ചെയ്യും. എന്റെ കൈകാലുകള്‍ പോയതെങ്ങനെ? ജോലിചെയ്തപ്പോഴുണ്ടായ അപകടമോ? അതോ അമ്മ ഗര്‍ഭകാലത്തു സുഖപ്രസവത്തിനുവേണ്ടി കഴിച്ച മരുന്നുകൊണ്ടോ?

എന്റെ ജനനേന്ദ്രിയം ഭദ്രം. എനിക്കു വേഴ്ചയാകാം…എന്റെ കാമുകിമാരില്‍ ഞാനുളവാക്കുന്ന വെറുപ്പ് ആകര്‍ഷകത്വമായി മാറുന്നു. സ്ത്രീകള്‍ എന്നെ സ്നേഹിക്കുകപോലും ചെയുന്നു. ചെറുപ്പക്കാരികള്‍ക്ക് എന്റെ വൈരൂപ്യം ആസക്തിയുളവാക്കുന്നുണ്ട്…എനിക്കേറ്റവും അഭിമാനാവഹം എന്റെ വായാണ്. മൂര്‍ച്ചയുള്ള പല്ലുകള്‍ കാണിക്കാനായി ഞാന്‍ അതു നല്ലതുപോലെ തുറന്നുവച്ചിരിക്കുന്നു. അവ കൊണ്ടു കന്നുകുട്ടികളുടെ നെഞ്ചും പിറകുവശവും കടിച്ചുകീറുന്നു. മാംസഭക്ഷണം ഈശ്വരന്മാരുടെ വിശേഷാധികാരമാണ്…ഈശ്വരന്‍ ഉണ്ടായിരിക്കാം. എന്നാല്‍ ചരിത്രത്തിന്റെ ഈ ബിന്ദുവില്‍, നമുക്കു സംഭവിക്കേണ്ടതൊക്കെ സംഭവിച്ചിരിക്കുമ്പോള്‍ ഈശ്വരന്റെ അസ്തിത്വം കാര്യമാക്കേണ്ടതുണ്ടോ?…ഞാന്‍ മനുഷ്യരാശിയുടെ ഭാഗം. എന്നെ നോക്കൂ, തിരിച്ചറിയൂ. നിന്നെതന്നെ തിരിച്ചറിയൂ.”

വ്യക്തികളുടെ സംഘട്ടനം, രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധം, ശാസ്ത്രത്തിന്റെ വികാസം വരുത്തിയ അപമാനവീകരണം, ലൈംഗികത്വത്തിന്റെ അതിപ്രസരവും അധിപ്രസരവും. ഇവയൊക്കെക്കൊണ്ടു മനുഷ്യന്‍ മൃഗത്തേക്കാള്‍ കെട്ടവനായിരിക്കുന്നു. നമ്മളെല്ലാവരും ഇങ്ങനെ അധമത്വത്തില്‍ വീണിരിക്കുന്നു. ഈ ആശയത്തെ സുശക്ത്\ മായി ആവിഷ്കരിക്കുന്ന ഈ ഭാഗം പെറുവിലെ നോവലിസ്റ്റ് മാറിയോ വാര്‍ഗാസ് ലോസയുടെ (Mario Vargas Liosa) In Praise of the Stepmother എന്ന പുതിയ നോവലിലുള്ളതാണ്. സ്ഥലപരിമിതിയെക്കരുതി പല വാക്യങ്ങളും ഞാന്‍ വിട്ടുകളഞ്ഞെങ്കിലും ആശയത്തിന്റെയും ആവിഷ്കാരത്തിന്റെയും ശക്തിക്കു കുറവു വന്നിട്ടില്ല എന്നാണ് എന്റെ വിശ്വാസം.

ഈ വൈരൂപ്യം സമകാലിക മനുഷ്യനില്‍ മാത്രമല്ല അവന്റെ സന്താനമായ കൊച്ചുകുട്ടിയില്‍പോലും ദര്‍ശിക്കാമെന്നു നോവല്‍ പരോക്ഷമായി സ്പഷ്ടമാക്കിത്തരുന്നു. ആസ്പഷ്ടമാക്കല്‍ അന്യാദൃശമായ രീതിയിലാണുതാനും. അച്ചടിക്കാന്‍ വയ്യാത്ത രതിവര്‍ണനകള്‍ കൊണ്ട് നോവല്‍ നിറച്ചിരിക്കുകയാണ് ലോസ. എങ്കിലും ലൈംഗികത്വത്തിന്റെ ഉപത്യകയില്‍ തെല്ലൊരു അസുഖത്തോടെ സഞ്ചരിക്കുന്ന നമ്മള്‍ ക്രമേണ മറ്റൊരു വികാരത്തിന്റെ അധിത്യകയിലേക്ക് ഉയരുന്നു. അവിടെച്ചെന്നുനിന്നു നോക്കുമ്പോള്‍ ശിശുക്കള്‍ ഉള്‍പ്പെട്ട മനുഷ്യസമൂഹത്തിന്റെ വൈരൂപ്യം നമ്മള്‍ കാണുന്നു. ആ കാഴ്ച ഉല്‍കൃഷ്ടമായ കലയിലൂടെയായതു കൊണ്ടു നമുക്ക് അസ്വസ്ഥതയില്ല. വിശ്രാന്തിയാണ് ഉണ്ടാകുക. ലൈംഗികത്വത്തിന്റെ സംശോധിത രൂപമായി ഈ കലാശില്പം പരിലസിക്കുന്നു.

മൂന്നുപേരാണ് ഈ ലൈംഗികനാടകത്തിലെ അഭിനേതാക്കള്‍. റീഗോബര്‍തോ, അയാളുടെ രണ്ടാമത്തെ ഭാര്യ ലൂക്രീഷീയ, റീഗോ ബെര്‍തോയുടെ ആദ്യത്തെ ഭാര്യയിലുണ്ടായ മകന്‍ ആല്‍ഫോന്‍സോ. കൗമാരം കഴിയാത്തവനാണ് ആല്‍ഫോന്‍സോ. ലൂക്രീഷീയായ്ക്കു നാല്പതു വയസുതികഞ്ഞ ദിവസം തലയിണയില്‍ ഒരെഴുത്തിരിക്കുന്നത് അവള്‍ കണ്ടു. കുട്ടിയുടെ കൈയക്ഷരം. “ചിറ്റമ്മേ സന്തോഷാവഹമായ ജന്‍മദിനം. സമ്മാനം വാങ്ങാന്‍ എന്റെ കൈയ്യില്‍ പണമില്ല. പക്ഷേ ഞാന്‍ നല്ലതുപോലെ പഠിച്ച് എന്റെ ക്ലാസില്‍ ഒന്നാമനാകും. അതുതന്നെയായിരിക്കും എന്റെ സമ്മാനം. ചിറ്റമ്മയാണ് ഏറ്റവും നല്ല സ്ത്രീ, എല്ലാവരെക്കാളും സുന്ദരിയും. ഞാനെന്നും രാത്രി ചിറ്റമ്മയെ സ്വപ്നം കാണും. വീണ്ടും ആഹ്ളാദനിര്‍ഭരമായ ജന്‍മദിനം — ആല്‍ഫോന്‍സോ.”

ഒരു ദിവസം കുട്ടി ലൂക്രീഷീയായുടെ അടുത്തെത്തിയിട്ടു ചോദിച്ചു: “ചിറ്റമ്മേ ഇതാ പിറന്നാള്‍ സമ്മാനം. ഞാന്‍ ചിറ്റമ്മയ്ക്ക് ഉമ്മതരട്ടോ” സ്കൂളിലെ റിപ്പോര്‍ട്ട് കാര്‍ഡ് അവരുടെ കൈയില്‍ കൊടുത്തിട്ടായിരുന്നു അവന്റെ ചോദ്യം. ശരീരത്തിന്റെ കവിതയാണ് ആഗ്രഹം. തന്നെ ഉത്തേജകവസ്തുവാക്കിക്കൊണ്ടു കുട്ടി ആ കവിത കണ്ടുപിടിക്കുകയല്ലേ എന്നാണു ചിറ്റമ്മയുടെ സംശയം. ആല്‍ഫോന്‍സോ കൈകള്‍ തന്റെ കഴുത്തിലേക്ക് എറിഞ്ഞിട്ടു ദീര്‍ഘചുംബനങ്ങള്‍ നല്കുകയും ആ വേളകളില്‍ തന്റെ ചുണ്ടുകളെത്തന്നെ തേടുകയും ചെയ്യുമ്പോള്‍ സമ്മതിക്കാവുന്നതിന് അതീതമായി അവന്‍ പ്രവര്‍ത്തിക്കുകയല്ലേ എന്ന് അവൾ ആലോചിച്ചു നോക്കി. ലൂക്രീഷീയാ തന്നെത്തന്നെ കുറ്റപ്പെടുത്തി; മലിന ചിന്തകൾ ആ മലിനചിന്തകൾ ഉളവാക്കിയ ആലസ്യമൊഴിവാക്കാനായി അവൾ ജസ്റ്റീനിയാനയെ വിളിച്ചു. പ്രഭാതഭക്ഷണം കൊണ്ടുവരുവാൻ ആജ്ഞാപിച്ചു. അതുകൊണ്ടുവന്ന അവൾ ലജ്ജയോടെ ലൂക്രീഷീയായോടു പറഞ്ഞു, ആല്‍ഫോന്‍സോ വീട്ടിനുമുകളില്‍ കയറി നിന്നു ലൂക്രീഷീയാ കുളിക്കുമ്പോള്‍ കുളിമുറിയിലേക്ക് ഒളിഞ്ഞുനോട്ടം നടത്തുന്നുവെന്ന്. ഗൃഹനായകനെ അതറിയിക്കരുതെന്ന ജസ്റ്റിനിയാനയുടെ നിര്‍ദ്ദേശം ഗൃഹനായിക അംഗീകരിച്ചു.

റീഗോബെര്‍തോ ബിസ്നസ് സംബന്ധിച്ച കാര്യങ്ങള്‍ക്കായി മറ്റൊരു സ്ഥലത്തേക്കു പോയദിവസം. ആ സന്ദര്‍ഭം ചൂഷണം ചെയ്തുകൊണ്ടു ലൂക്രീഷീയായും ആല്‍ഫോസോയും രണ്ടുതവണ വേഴ്ച നടത്തി. പരിചാരകരെ ഗൃഹനായിക നേരത്തെ തന്നെ പറഞ്ഞയിച്ചിരുന്നു.

ഒരു ദിവസം മകന്‍ അച്ഛനോടു ചോദിച്ചു: അച്ഛാ രതിമൂര്‍ച്ഛ എന്നാല്‍ അര്‍ഥമെന്താണ്? കുട്ടിയോടു പറയാവുന്ന രീതിയില്‍ അയാള്‍ അതിനു വിശദീകരണം നല്‍കി. ചിറ്റമ്മ പറഞ്ഞതാണ് ആ വാക്കെന്നു മകന്‍ അറിയിച്ചപ്പോള്‍ അച്ഛന്‍ ഒന്നു ഞെട്ടി. ആല്‍ഫോന്‍സോ ഒരു കോബൊസിഷന്‍ തയ്യാറാക്കിക്കൊണ്ടിരുന്നു. തന്റെയും ചിറ്റമ്മയുടെയും ബന്ധങ്ങള്‍ സമ്പൂര്‍ണ്ണമായും അതില്‍ അവന്‍ വിവരിച്ചിട്ടുണ്ട്. അവ മനോരഥ സൃഷ്ടികള്‍ എന്നാണ് അച്ഛന്‍ ആദ്യം വിചാരിച്ചത്. ആ വിചാരത്തെ ദൂരീകരിച്ചുകൊണ്ടു മകന്‍ പറഞ്ഞു: “ഞാന്‍ പറയുന്നതൊക്കെ സത്യമാണച്ഛാ. ഞാന്‍ പറയുന്നതുപോലെയെല്ലാം സംഭവിച്ചിട്ടുണ്ട്.”

ലൂക്രീഷിയാ വീട്ടുനു പുറത്തായി. അമ്മയ്ക്കു പകരമായി ചിറ്റമ്മവന്നതുകൊണ്ടാണോ ആല്‍ഫോന്‍സോ അവളുടെ ബഹിഷ്കരണത്തിനു കാരണക്കാരനായതെന്നു ജസ്റ്റീനീയാന ചോദിച്ചപ്പോള്‍ അവന്‍ മറുപടി നല്‍കി. “നിനക്കുവേണ്ടിയാണു ഞാനതു ചെയ്തത് ജസ്റ്റീനാ. അമ്മയ്ക്കുവേണ്ടിയല്ല, ചിറ്റമ്മ പോയാല്‍ നമ്മള്‍ മൂന്നുപേര്‍ മാത്രം. അച്ഛന്‍, നീ ഞാന്‍. കാരണം നിന്നെയാണു ഞാന്‍…” കുട്ടിയുടെ ചുണ്ടുകള്‍ തന്റെ ചുണ്ടുകളിലേക്കു കനമാര്‍ന്നു വരുന്നുവെന്നു കണ്ട് അവള്‍ അവനെ തള്ളിമാറ്റി, ചുണ്ടുകള്‍ തുടച്ചുകൊണ്ട് ഓടിപ്പോയി. ‘എന്റെ ഈശ്വരാ. ഈശ്വരാ’ എന്ന് അവള്‍ വിളിക്കുന്നുണ്ടായിരുന്നു. ആല്‍ഫോന്‍സോയുടെ ചിരി അവള്‍ കേട്ടു. പുച്ഛിച്ച ചിരിയല്ല. ആഹ്ളാദത്തിന്റെ ചിരി. വാഷ്ബെയ്സിനില്‍ വീഴുന്ന വെള്ളത്തിന്റെ ശബ്ദത്തെ മുക്കിക്കൊണ്ട് ആ ചിരി രാത്രിയാകെ ആവരണം ചെയ്തു. അതു നക്ഷത്രങ്ങളിലേക്ക് ഉയര്‍ന്നു; ലീമാപ്പട്ടണത്തിന്റെ മലിനമായ അന്തരീക്ഷത്തില്‍ വന്നുദിച്ച നക്ഷത്രങ്ങളിലേക്ക്.

നോവല്‍ അവസാനിച്ചു. കൈയും കാലുമില്ലാതെ, ഒറ്റച്ചെവിയനായി, ഒറ്റക്കണ്ണനായി, നാലുമുഴകളില്‍ നീങ്ങുന്ന മനുഷ്യന്‍; അവന്‍ ലൈംഗികാസക്തി ഏറിയവനാണ്. അവനെ തിരിച്ചറിയുമ്പോള്‍ നമ്മള്‍ നമ്മളെത്തന്നെ തിരിച്ചറിയുകയാണ്. മനുഷ്യന്റെ ആന്തര വൈരൂപ്യത്തെ, ബാഹ്യ് വൈരൂപ്യത്തെ ഇതിനേക്കാള്‍ ശക്തിയോടെ ആവിഷകരിച്ച വേറൊരു നോവല്‍ എന്റെ അറിവിലില്ല. ശിശുവായലെന്ത്? പ്രായം കൂടിയവനായാലെന്ത്? വിദ്യുച്ഛക്തി മനുഷ്യ ശരീരത്തില്‍ എവിടെയും പ്രവഹിക്കുമല്ലോ. (ഈ ആശയം എന്റേതല്ല, ഫ്രായിറ്റിന്റേതാണ്.) അതുപോലെ ലൈംഗിക ശക്തി ഏതു വയസിലും ഏതു ശരീരത്തിലും പ്രാദുര്‍ഭാവം കൊള്ളും. കുഞ്ഞുങ്ങളുടെ നിഷ്കളങ്കത എന്ന ആശയം തെറ്റാണെന്നാണു ലോസയുടെ പ്രഖ്യാപനം. ആല്‍ഫോന്‍സോ ശിശുവാണെങ്കിലും ഫ്രായിറ്റിന്റെ ഭാഷയില്‍ Phallic Personality ആണ്. ഇതു വ്യത്യസ്തത പുലര്‍ത്തുന്ന ശിശുവല്ല. എല്ലാ ശിശുക്കളിലും എല്ലാ സ്ത്രീപുരുഷന്മാരിലുമുള്ള ലൈംഗികത്വത്തെ ഒട്ടാകെ സ്ഥൂലീകരിച്ച് ആവിഷ്കരിക്കുകയാണു ലോസ.

ലാബറിന്റ് — നൂലാമാല — എന്ന ആശയം ലാറ്റിനമേരിക്കന്‍ എഴുത്തുകാര്‍ക്ക് പ്രിയപ്പെട്ടതാണെന്നു മുന്‍പ് ഈ ലേഖകന്‍ പറഞ്ഞിട്ടുണ്ട്. സ്വാഭാവികമായ നൂലാമാലയുണ്ട്; രാവണന്‍ കോട്ടയുണ്ട്; മനുഷ്യന്‍ നിര്‍മ്മിക്കുന്ന രാവണന്‍ കോട്ടയുണ്ട് (Gerald Martin, Journeys through the Labyrinth എന്ന ഉജ്ജ്വലമായ നിരൂപണ ഗ്രന്ഥം. വില GBP 11.95, 1988-ല്‍). ഭാഷയും സംസ്കാരവും സ്മരണയും ബിംബങ്ങളും പ്രമേയങ്ങളും ഒക്കെ ലാബറിന്‍തുകളാണ്. ഓരോന്നിലും കയറുന്നതു ബഹിര്‍ഗമനമാര്‍ഗം അറിയാതെ …

ണം ചെയ്യുന്നു. ലൈംഗികതയും രാവണന്‍കോട്ടയാണെന്നു യോസ കരുതുന്നു. നോവലില്‍ കാമോത്സുകങ്ങളായ പല ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്. ഓരോന്നും മാസ്റ്റര്‍ പീസാണ്. അവയില്‍ ഒരു ചിത്രത്തെക്കൂറിച്ച് എഴുതുമ്പോള്‍ യോസ പറയുന്നു: Our knowledge of each other is total You are I and You, and you and Iam You. (നിങ്ങള്‍ ഞാനും നിങ്ങളുമാണ്. നിങ്ങളും ഞാനും നിങ്ങളാണ്.) Something as perfect and simple as a Soaring Swallow on the law of gravitation. (ഉയര്‍ന്നു പറക്കുന്ന മീവല്‍പ്പക്ഷിയെപ്പൊലെ ഗുരുത്വാകര്‍ഷണ സിദ്ധാന്തം പോലെ അന്യൂനവും ലളിതവുമായ ഒന്ന്.) പക്ഷേ രാവണന്‍കോട്ടയിലാണു നമ്മള്‍ കറങ്ങുക.

അഗമ്യഗനം നിരോധിക്കപ്പെട്ട വിഷയമല്ല യോസയ്ക്ക്. തന്റെ Aunt Julia and the script writer എന്ന നോവലില്‍ യോസ എന്ന ബാലന്‍ അവന്റെ അമ്മായിയെ വിവാഹം കഴിക്കുന്നതിനെ വര്‍ണിക്കുന്നു യോസ. അവിടെ ലൈംഗികത്വം ലാബിറന്‍താണ്. രചനയും ലാബറിന്‍ത്. I write. I write that Iam writing. Mentally I see myself write than I am writing and I can also see myself see that I am writting (ഉദ്ധരിക്കുന്നതു മാര്‍ട്ടിന്റെ പുസ്തകത്തില്‍ നിന്ന്) രചനയുടെ രാവണന്‍കോട്ട സ്വഭാവം ഇവിടെ സ്പഷ്ടം. ലാബറിന്‍തിന്റെ സത്യം കാണാന്‍ അഭിലഷിക്കുന്ന യോസ വസ്തുക്കളെ സ്ഥൂലീകരിക്കുന്നുണ്ടാവാം. പക്ഷേ ആസ്ഥൂലീകരണത്തിലൂടെ സമകാലിക മനുഷ്യന്റെ സമ്പൂര്‍ണമായ സത്യം അദ്ദഹം കാണുന്നുണ്ട്. കലാശില്പമാണു യോസയുടെ In Praise of the Stepmother എന്ന നോവല്‍. ഇതിന്റെ രചന കൊണ്ടു മഹാനായ ഈ കലകാരന്‍ സൗന്ദര്യത്തിന്റെ ചക്രവാളത്തെ വികസിപ്പിക്കുന്നു.