close
Sayahna Sayahna
Search

SFN:Main Page Revision


Welcome to Sayahna Foundation,
the virtual community endeavouring to preserve human heritage.
2,437 articles in English and Malayalam

തെരഞ്ഞെടുത്ത ഉള്ളടക്കം

ചാര്‍ളി ചാപ്ലിന്‍
പി എൻ വേണുഗോപാൽ : ‘ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും

ആരാണീ ‘ട്രാംപ്’? അക്കാലത്ത് അമേരിക്കയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്കായിരുന്നു ട്രാംപ്’. നിര്‍വ്വചനം സാധ്യമല്ലെങ്കിലും ട്രാംപ് ഇതൊക്കെയാണെന്നു പറയാം. വീടില്ലാത്തവന്‍, നാടില്ലാത്തവന്‍, പണമില്ലാത്തവന്‍, അടുത്ത ആഹാരം എപ്പോള്‍ എവിടെനിന്നു ലഭിക്കുമെന്നു തിട്ടമില്ലാത്തവന്‍, ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ തളയ്ക്കപ്പെടാന്‍ വിസമ്മതിക്കുന്നവന്‍, അലസന്‍, താന്തോന്നി. ലോകമേ തറവാട് എന്ന മനോനിലയോടെ ജീവിക്കുന്ന നിര്‍ദ്ധനന്‍. ലോകത്തില്‍ ഏതു രാജ്യത്തും ഏതുകാലത്തും കാണാവുന്ന ഒരു കഥാപാത്രം. (തുടര്‍ന്ന് വായിക്കുക…)


യു നന്ദകുമാർ
യു നന്ദകുമാർ :“56” 

ക്രമമായി വിളി, മറുവിളി, മുറവിളി എന്നിങ്ങനെ ഞങ്ങളുടെ­ചീട്ടുകളി പുരോഗമിച്ചു­കൊണ്ടിരിക്ക­വേയാണ് ബിയറല്ലാതെ മറ്റേതു ദ്രാവകം കഴിച്ചാലും വയറിന് അസുഖം വരുന്ന സുഹൃത്ത് ഒരു സുപ്രധാന കണ്ടുപി­ടിത്തം നടത്തിയത്. സുഖദായ­കമായ രണ്ട് ഏമ്പക്ക­ത്തിനിടയില്‍ ലഭിച്ച ഇടവേള ഉപയോഗിച്ച് സുഹൃത്തു പറഞ്ഞു: ക്ളാവറിലെ ഒരു ജാക്കും ആഡുതന്റെ ഒരു റാണിയും എപ്പോഴും ഒന്നിച്ച് ഒരു കൈയില്‍ തന്നെവരു­ന്നുവെന്ന്. ഒഴിഞ്ഞ ബ്ളാക്ക് ലേബലു­കളുടെയും റെഡ് ലേബലു­കളുടെയും മദ്ധ്യ മറ്റു സുഹൃത്തുക്കള്‍ തുടര്‍ച്ചയായി ഒത്തുവരുന്ന ആഡുതന്‍ റാണിയെയും ക്ളാവര്‍ ജാക്കിനെയും കണ്ടുപിടിച്ചു, മഹാനായ ഷേകു്‌സ്‌പിയര്‍ രൂപകല്‌പന ചെയ്‌ത ഒഥല്ലോ – ഡസ്ഡമോണ­മാരുടേതു­പോലൊരു പ്രേമനാട­കമാണത് എന്നുമനസ്സി­ലാക്കാന്‍ ആര്‍ക്കാണു സാധിക്കാ­ത്തത്? (തുടര്‍ന്ന് വായിക്കുക…)


വേണുഗോപൻ നായർ
എസ് വി വേണുഗോപൻ നായർ : കോടതി വിധിക്കു മുമ്പ്

പുരാതനവും പരിപാവനവുമായ സെഷന്‍സ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പുറകില്‍ അത്യുന്നതത്തില്‍ തൂങ്ങുന്ന കൂററന്‍ ക്ലോക്കിനേയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ച് പ്രതി നിര്‍ന്നിമേഷനായി നിന്നു.

അയാള്‍ക്കുവേണ്ടി ഉടുപ്പിട്ട ധര്‍മവക്കീല്‍ വഴിപാട് നിവേദിച്ച് വിരമിച്ചു. പിന്നെ പ്രോസിക്യൂഷന്‍ അറുവീറോടെ തോററം പാടി. അതും കഴിഞ്ഞു. ഇനി…?

യൌവനത്തന്റെ അരുണിമ മങ്ങാത്ത ന്യായാധിപന്‍ തിളങ്ങുന്ന കണ്ണുകളുയര്‍ത്തി പ്രതിയെ ഒന്നുനോക്കി. (തുടര്‍ന്ന് വായിക്കുക…)


ജോർജ്
ജോർജ്: സ്വകാര്യക്കുറിപ്പുകൾ

കാറ്റൊടുങ്ങാത്ത ഒരു മലഞ്ചരുവിലെ
ഇളംപുല്ലായിരുന്നു ഞാന്‍

ഒരു പുലര്‍ച്ചയ്ക്ക്
ബുദ്ധന്‍ ഒരാട്ടിന്‍കുട്ടിയായ്‌ വന്ന്
എന്നെ തിന്ന് വിശപ്പടക്കി.

(തുടര്‍ന്ന് വായിക്കുക…)
ആനന്ദ്
ആനന്ദ്: ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോട് എങ്ങനെ പെരുമാറി

സ്വയം അവരോധിക്കുന്ന ഭരണാധികാരിയെ വിട്ട്, സ്വന്തം ഭാഗധേയം സ്വയം നിർണ്ണയിക്കുവാനുള്ള അവകാശം ജനങ്ങൾ നേടിയെടുക്കുക എന്നത് ചരിത്രത്തിലെ ഒരു വലിയ സംഭവമാണ്, തീർച്ച. പക്ഷേ ഭാഷാപരമായി ജനാധിപത്യം എന്ന വാക്കിന് ജനങ്ങളുടെ സ്വയംഭരണം എന്ന അർഥം നിലനിൽക്കെത്തന്നെ, ആ വാക്കുകൊണ്ട് നാമിന്നു വിവക്ഷിക്കുന്നത് ഈയൊരു നടപടിക്രമത്തിനുമപ്പുറം പലതുമാണ്. കാരണം ജനാധിപത്യം എന്നത് പെട്ടെന്നൊരു ദിവസം ഒന്നുമില്ലായ്മയിൽ നിന്ന് അവതരിച്ചതല്ല. മനുഷ്യസമൂഹം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പല കാലങ്ങളിലും സന്ദർഭങ്ങളിലുമായി രൂപപ്പെടുത്തിയ വിവിധ സാംസ്കാരിക മൂല്യങ്ങളുടെ ഫലമായാണ് ഇങ്ങനെയൊരു വ്യവസ്ഥ നമുക്ക് ഇപ്പോൾ സാക്ഷാത്കരിക്കുവാൻ സാധിച്ചത്. (തുടര്‍ന്ന് വായിക്കുക…)


ഗിരിജ
വി എം ഗിരിജ: ചിത്ര

പ്രണയം സൂര്യനാണെന്ന്
ജ്വലിക്കുന്ന മനസ്സാണെന്ന്
ചിറകുകള്‍ കരിഞ്ഞു
മണ്ണില്‍ വീണപ്പോള്‍
ഞാനറിഞ്ഞു.

(തുടര്‍ന്ന് വായിക്കുക…)
അയ്മനം ജോൺ
അയ്മനം ജോൺ: പൂവന്‍കോഴിയും പുഴുക്കളും

ആകാശത്തിലെ ക്ലോക്ക് വളരെപ്പഴകിയ ഒരാഗ്രഹമാണ്. ആറ്റിറമ്പിലെ വഴികളിലൂടെ സമയമറിയാത്ത ഒരു കുട്ടിയായി നടന്നിരുന്ന കാലത്തോളം പഴയത്. അക്കാലം, ദിവസവും പുലര്‍ച്ചയ്ക്ക് സമയത്തോടു പന്തയംവെച്ചിട്ടെന്നപോലെ ആറ്റിറമ്പിലൂടെ ഓടിപ്പോയിരുന്ന ഒരു പാപ്പിച്ചേട്ടനുണ്ടായിരുന്നു. പാപ്പിച്ചേട്ടനില്‍നിന്നാണ് ആകാശത്ത് ആര്‍ക്കും കാണാവുന്ന ഒരിടത്ത് ഒരു ക്ലോക്ക് എന്ന ആശയമുണ്ടായത്. അങ്ങനെയൊരു ക്ലോക്കുണ്ടായിരുന്നെങ്കിൽ പാപ്പിച്ചേട്ടന് ആ ഓട്ടമെല്ലാം ഓടേണ്ടി വരില്ലായിരുന്നല്ലോ എന്ന വിചാരമായിരിക്കാം പിന്നെപ്പിന്നെ അത്തരമൊരു സങ്കല്പമായി രൂപപ്പെട്ടത്. (തുടര്‍ന്ന് വായിക്കുക…)


ഇ ഹരികുമാര്‍
ഇ ഹരികുമാര്‍: കൂറകൾ

അടുക്കളയിൽ രാവിലത്തെ കാപ്പി കൂട്ടിക്കൊണ്ടിരി­ക്കുമ്പോഴാണ് അവൾ കണ്ടത് — കൂറകൾ. മേശയുടെ ഒരരുകിൽ തെല്ലു നേരം കിരുകിരാ ശബ്ദമുണ്ടാ­ക്കിക്കൊണ്ട് അവളെ പേടിപ്പെടുത്തുംവിധം തുറിച്ചുനോക്കി, പിന്നെ മേശയുടെ മറുഭാഗത്ത് അപ്രത്യക്ഷ­മാവുകയും ചെയ്തു.

അവൾ കാപ്പിയുമെടുത്തു കിടപ്പറയിലേക്കു നടന്നു. ഭർത്താവ് എഴുന്നേറ്റിട്ടുണ്ടാ­യിരുന്നില്ല. സ്വിച്ചിട്ടപ്പോൾ കണ്ണിനു സുഖം തരുന്ന നനുത്ത വെളിച്ചം മുറിയാകെ നിറഞ്ഞൊഴുകാൻ തുടങ്ങി. കട്ടിലിൽ ഇരുന്ന്, കപ്പിനു വേണ്ടി കൈ നീട്ടിക്കൊണ്ട് അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.

മൗഢ്യം നിറഞ്ഞ മുഖത്തോടെ അയാൾ കാപ്പി കുടിക്കുന്നത് അവൾ നോക്കി നിന്നു. ‘ഈ ദിനചര്യ എനിക്കു മടുത്തു തുടങ്ങിയിരിക്കുന്നു,’ അവൾ വിചാരിച്ചു. ഭർത്താവിന്റെ വിളറിയ മുഖവും നരച്ചു തുടങ്ങിയ രോമങ്ങളും കാണുമ്പോഴെല്ലാം അവൾക്ക് അനുകമ്പ തോന്നിയിരുന്നു. ഈ അനുകമ്പ ഒന്നുമാത്രമാണ് അവളെ ഒരു ലഹളക്കാരി­യാക്കാതെ അടക്കി നിർത്തിയിരുന്നത്. (തുടര്‍ന്ന് വായിക്കുക…)


പുതിയതായി ചേർത്തത്

സായാഹ്ന വാർത്തകൾ

പ്രസിദ്ധ കഥാകൃത്ത് അഷ്ടമൂർത്തിയുടെ വീടുവിട്ടുപോകുന്നു എന്ന കഥാസമാഹാരം സായാഹ്ന പ്രസിദ്ധീകരിച്ചു. 12 കഥകൾ ഉള്ള ഈ സമാഹാരത്തിനാണ് 1992ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.


‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പ്

നിരവധി തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവൽ ‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പിന്റെ പകർപ്പ് സായാഹ്നയ്ക്ക് ലഭിച്ചു. കോഴിക്കോട് സ്പെക്ടട്ടർ അച്ചുക്കൂടത്തിൽ 1899 ൽ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തിൽ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകർപ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്.


സാഹിത്യവാരഫലത്തിൽ നിന്ന്

ഓസ്ട്രിയൻ മനഃശാസ്ത്രജ്ഞനായ രീഹ് (Wilhem Reich, 1897–1957) ഫ്രായിറ്റിന്റെ സഹപ്രവർത്തകനായിരുന്നു. 1927-ൽ അവർ ശണ്ഠ കൂടി പിരിഞ്ഞു. റീഹ് ഫാസ്സിസത്തെക്കുറിച്ചെഴുതിയ പുസ്തകത്തിൽ “വിശേഷപ്പെട്ട” ഒരു സിദ്ധാന്തമുണ്ട്. സെക്ഷ്വൽ റിപ്രഷന്റെ ഫലമാണ് ഫാസ്സിസം എന്ന് അദ്ദേഹം വാദിക്കുന്നു. നേതാക്കന്മാർ ജനങ്ങൾക്കു തകർച്ച വരുത്തി ഫാസ്സിസത്തെ മുന്നോട്ടു കൊണ്ടു പോകുന്നു എന്നാണ് അദ്ദേഹത്തിന്റെ മതം. ഒ. വി. വിജയന്റെ വാദം ഇതിൽ നിന്നും വിഭിന്നമാണ്. ലൈംഗികോദ്ദീപനം ഉളവാക്കുന്ന അവയവങ്ങൾ കാണിച്ചു മാർക്കോസിന്റെ ഭാര്യ ഫാസ്സിസം നിലനിർത്തുമെന്ന് അദ്ദേഹം പറയുന്നു. കലാകൗമുദിയിൽ വിജയനെഴുതിയ സറ്റയറിലെ ഒരു ഭാഗമിങ്ങനെ: “മാർക്കോസിന്റെ സൗന്ദര്യ റാണിയായ ഭാര്യ ഇമെൽഡ, ടെലിവിഷനിൽ ഊൺ മേശയ്ക്കരികെ പ്രത്യക്ഷപ്പെടുന്നു. അവളുടെ മുലകളിലും കുത്തുവിളക്ക്. പന്നിയിറച്ചിയും വീഞ്ഞും നുണയുന്ന പൗരൻ ആ മുലകളിലേക്കു നോക്കുന്നു. തേൻ വഴിയുന്ന ആ ചുണ്ടുകളിലേക്കു നോക്കുന്നു: ഇമൽഡ പറയുന്നതു ചെവിക്കൊള്ളുന്നു. അയൽക്കാരാ, കാമുകാ എന്റെ ഈ സമ്പത്തുകൾ നോക്കൂ. നിങ്ങൾക്കെന്നെ പിടിച്ചോ? പിടിച്ചു എന്നെനിക്കറിയാം, ഞാൻ നിങ്ങളുടേതാണ്. എന്നെ നിങ്ങളുടേതാക്കാൻ എന്റെ ഭർതാവിനു സമ്മതി കൊടുത്തു വിജയിപ്പിക്കുക.

പന്നിയിറച്ചിയും വീഞ്ഞും നുണയുന്ന സമ്മതിദായകൻ, ഉദ്ധൃതമായ ഉള്ളിന്റെ ഉള്ളിൽ നിലവിളിക്കുന്നു. അയ്യോ, ഈ സുന്ദരി കൊലപാതകിയാണെന്നു പറയാൻ എന്റെ ബുദ്ധി അനുവദിക്കാതിരിക്കട്ടെ; കുത്തുവിളക്കിൽ തെളിയുന്ന ആ മുല തന്റെ കണ്ണിൽ നിന്നു മായാതിരിക്കട്ടെ.

രതിസുഖസാരേ, ധീരസമീരേ. ഫാസ്സിസം എത്ര മനോഹരം.”

വിജയന്റെ വാക്യങ്ങൾ സാങ്കല്പജന്യങ്ങളല്ല. “എന്റെ മുഖം നോക്കു. ഞാൻ ചീത്ത സ്ത്രീയാണെങ്കിൽ എന്റെ മുഖം ഇങ്ങനെയിരിക്കുമോ?” എന്നു മാർക്കോസിന്റെ ഭാര്യ ചോദിച്ചതായി ‘റ്റൈമി’ലോ ‘ന്യൂസ് വീക്കി’ലോ ‘ഏഷ്യാവീക്കി’ലോ വായിച്ചതായി എനിക്കോർമയുണ്ട്. ‘ഞാൻ സുന്ദരിയാണ്’ എന്ന വിചാരത്തെ ഒന്നു ‘സ്ട്രെച്ച്’ ചെയ്താൽ ഇമെൽഡയുടെ വാക്യങ്ങളിൽ നമ്മളെത്തും. “കുട്ടികൾ പേനാക്കത്തി കൊണ്ടു കളിക്കുന്നതു പോലെ സ്ത്രീകൾ സൗന്ദര്യം കൊണ്ടു കളിക്കുന്നു”വെന്നു വിക്തോർ യൂഗോ ‘പാവങ്ങ’ളെന്ന നോവലിൽ പറഞ്ഞിട്ടുണ്ടെന്നാണ് എന്റെ ഓർമ്മ. ഇമെൽഡ സൗന്ദര്യം കൊണ്ടു കളിക്കുകയാണ്. പ്രായമേറെച്ചെന്നിട്ടും അവർ സുന്ദരിയാണ്. മാർക്കോസിനെ തെരഞ്ഞെടുപ്പിൽ എതിർക്കുന്ന കൊറാസൻ ആക്വിനോയും (വധിക്കപ്പെട്ട ആക്വിനോയുടെ ഭാര്യ) സുന്ദരി തന്നെ. രണ്ടുപേരുടെയും സൗന്ദര്യത്തിനു വ്യത്യാസമുണ്ട്. കുലീനത കലർന്ന സൗന്ദര്യമാണു കൊറാസന്. ഫിലിപ്പീൻസിലെ സ്ത്രീകൾ മാത്രമല്ല മാർക്കോസൊഴിച്ചുള്ള എല്ലാ പുരുഷന്മാരും സുന്ദരന്മാരാണ്. മാർക്കോസിന്റെ മുഖത്തു മാത്രം ഫാസ്സിസത്തിന്റെ വൈരൂപ്യം.

(തുടർന്നു വായിയ്ക്കുക …)


കഥാമൃഗം യെനസ്കോയുടെ Rhinoceros എന്ന നാടകം. ഫ്രാൻസിലെ ഒരു ചെറിയ പട്ടണത്തിലെ പൗരന്മാരാകെ കാണ്ടാമൃഗങ്ങളായി മാറുന്നു. രണ്ടു സ്‌നേഹിതന്മാർ തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കാണ്ടാമൃഗങ്ങളുടെ ഓട്ടം. ആ രണ്ടു സുഹൃത്തിക്കളിൽ ഒരാളായ ഷാങ്ങിനും മാറ്റം വരുന്നു. തൊലി പച്ചയായി മാറുന്നു. തലയിലെ മുഴ വലുതായി വരുന്നു. അയാൾ പരിപൂർണ്ണമായും കാണ്ടാമൃഗമാകുന്നതിനു മുൻപു് സ്നേഹിതൻ പ്രാണനുംകൊണ്ടു് ഓടുന്നു.

കവി ഒവിഡ് ഒരു രാജാവു് ചെന്നായായി മാറുന്നതിനെ വർണ്ണിച്ചിട്ടുണ്ടു്. രാജാവു് സംസാരിക്കാൻ ശ്രമിച്ചു; സാധിച്ചില്ല. അദ്ദേഹത്തിന്റെ വായിൽ പതവന്നു നിറഞ്ഞു. ചോരയ്ക്കു വേണ്ടിയുള്ള ദാഹം. ദേഹം മുഴുവൻ രോമം നിറഞ്ഞു. കൈയും കാലും കുറുകി വളഞ്ഞു. രാജാവു് ചെന്നായായി.

സാഹിത്യം ചിലപ്പോൾ കാണ്ടാമൃഗമായി മാറും. വേണമെങ്കിൽ ചിലപ്പോൾ ചെന്നായായും. കാണ്ടാമൃഗത്തിന്റെയും ചെന്നായുടേയും വൈരൂപ്യം ഒരുമിച്ചുചേർന്നു് ഒരു മൃഗമുണ്ടായാൽ എങ്ങനെയിരിക്കും? ടി. പി. മഹിളാമണി മനോരമ ആഴ്ചപ്പതിപ്പിലെഴുതിയ ‘നിന്നെ ഞാൻ സ്നേഹിക്കുന്നു’ എന്ന കഥപോലിരിക്കും. അർബുദം പിടിച്ചു് ഒരുത്തി ആശുപത്രിയിൽ കിടക്കുന്നു. ഒരു കൂട്ടുകാരി അവളെ കാണാൻ വരുന്നു. അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രോഗിണി രക്തം ഛർദ്ദിച്ചു മരിക്കുന്നു. കാണ്ടാമൃഗത്തിൽനിന്നും നമുക്കുരക്ഷപ്പെടാം. ഇത്തരം കഥാമൃഗങ്ങളിൽ നിന്നു രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ല.

(തുടർന്നു വായിയ്ക്കുക …)

 
മലയാള കൃതികൾ

സായാഹ്നയിൽ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വർഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക.

English Section