Difference between revisions of "സാഹിത്യകാരന്റെ പ്രതിബദ്ധത"
(Created page with "{{MKN/SarathkalaDeepthi}} {{MKN/SarathkalaDeepthiBox}} ആരാണെന്ന് എനിക്ക് ഓര്‍മ്മയില്ല. ഏതോ പ്രശസ്ത...") |
m (added Category:ശരത്ക്കാലദീപ്തി using HotCat) |
||
Line 64: | Line 64: | ||
{{MKN/SV}} | {{MKN/SV}} | ||
{{MKN/Works}} | {{MKN/Works}} | ||
+ | |||
+ | [[Category:ശരത്ക്കാലദീപ്തി]] |
Latest revision as of 10:37, 3 July 2014
സാഹിത്യകാരന്റെ പ്രതിബദ്ധത | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണൻ നായർ |
മൂലകൃതി | ശരത്ക്കാലദീപ്തി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ് |
വര്‍ഷം |
1993 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 147 |
ആരാണെന്ന് എനിക്ക് ഓര്‍മ്മയില്ല. ഏതോ പ്രശസ്തനായ ഒരു നിരൂപകന്‍ സാഹിത്യത്തിലെ സാമൂഹികാംശത്തിന്റെ പ്രാധാന്യമില്ലായ്മ സ്പഷ്ടമാക്കാനായി ഒരു ഉദാഹരണം നല്കിയിട്ടുണ്ട്. അതിങ്ങനെ: ഞാന്‍ എന്റെ മുമ്പില്‍ കിടക്കുന്ന മേശയുടെ വിമര്‍ശനമെഴുതുന്നുവെന്നു വിചാരിക്കു. രണ്ടുവിധത്തില്‍ അതാകാം. 1) മേശയുടെ കാലുകള്‍ക്ക് നീളം കുറവാണ്. അതിന്റെ മുകള്‍ ഭാഗത്തിന് മിനുസമില്ല. വേണ്ടിടത്തോളം നീളവുമില്ല, അതിനാല്‍ ഈ മേശ വിരൂപമാണ്. 2) ഈ മേശ സര്‍ക്കാരിന്റെ വര്‍ക്ക്ഷോപ്പില്‍ നിര്‍മ്മിച്ചതാണ്. ‘മാസ് പ്രൊഡക്ഷന്‍’ നടക്കുന്നിടത്ത് ഭംഗിയില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നതെങ്ങനെ? മേശയുടെ വൈരൂപയത്തിനു ഹേതു മാസ് പ്രൊഡക്ഷനാണ്.
വിമര്‍ശനം
ഈ രണ്ടു വിമര്‍ശനങ്ങളില്‍ ആദ്യത്തേതു മേശ എന വസ്തുവില്‍തന്നെ ഒതുങ്ങിയിരിക്കുന്നു. രണ്ടാമത്തേത് മേശയുടെ വൈരൂപ്യത്തിനു ഹേതു അതില്‍നിന്ന് വേര്‍പെട്ടുനില്‍ക്കുന്ന വര്‍ക്ക് ഷോപ്പിലെ കൂട്ടായ ഉല്പാദനത്തില്‍ ദര്‍ശിക്കുകയാണ്. ആദ്യത്തേത് മേശ എന്ന വസ്തുവിന്റെ വിമര്‍ശനം. രണ്ടാമത്തെത് വസ്തുബാഹ്യമായ വിമര്‍ശനം. ഈ വസ്തുബാഹ്യമായ വിമര്‍ശനത്തില്‍ അഭിരമിച്ച വിമര്‍ശകനാണ് ജോസഫ് മുണ്ടശ്ശേരി. കാളിദാസന്റെ കാല്ത്തെ രാജനീതിയാണ് അദ്ദേഹത്തിന്റെ ‘പേനയില്‍ മഷി ഒഴിച്ചി’ രുന്നതെന്നും അതിനാലാണ് ദുഷ്യന്തനെ വെള്ളയടിച്ചു കാണിക്കാന്‍ കവി നിര്‍ബദ്ധനായതെന്നും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി എഴുതുമ്പോള്‍ അത് ഒരു തരത്തിലുള്ള നിരൂപണമാണെങ്കിലും ‘ശാകുന്തളം’ നാടകത്തിന്റെ നിരൂപണമാകുന്നില്ല. കഥാപാത്ര സ്വഭാവം ആവിഷ്കരിച്ചതിന്റെ ചാരുതയും ശ്ലോകങ്ങളുടെ രമണീയകവും മറ്റും ചൂണ്ടിക്കാണിച്ചാല്‍ അതു ശാകുന്തളത്തിന്റെ നിരൂപണമാകും. രാജനീതിപ്രസ്താവം ശാകുന്തളമെന്ന കലാസൃഷ്ടിയില്‍നിന്ന് അകന്നു പോയതിനാല്‍ കലാനിരൂപണമല്ല; സാമുഹികനിരൂപണം മാത്രമാണ്. കലാബാഹ്യമായ നിരൂപണം മാത്രമാണ്.
ഉദാഹരണം
കലാബാഹ്യമായ നിരൂപണത്തിനു വേറൊരുദാഹരണം കൂടി ആ എഴുത്തുകാരന്‍ നല്കിയത് ഓര്‍മ്മയിലെത്തുന്നു. ക്ഷയരോഗം സര്‍ഗശക്തിയെ ഉദ്ദീപിപ്പിക്കുമെന്നൊരു മതമുണ്ട്. കീറ്റസ് ക്ഷയരോഗത്താലാണു മരിച്ചത്. അതുകൊണ്ട് കീറ്റ്സിന്റെ കവിത മനോഹരമായത് അദ്ദേഹത്തിന്റെ രാജയക്ഷ്മാവിനാലാണെന്നു പറയാമല്ലോ. അതും നിരൂപണംതന്നെ. പക്ഷേ സാഹിത്യനിരൂപണമല്ല.
“അദൈവതാമലഭാവസ്പന്ദിത
വിദ്യുന്മേഖല പൂകി ഞാന്‍”
എന്ന ചങ്ങമ്പുഴയുടെ വരികള്‍ ചേതോഹരങ്ങളായത് അദ്ദേഹത്തിന്റെ ക്ഷയരോഗത്താലാണെന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ ‘ശരി; പക്ഷേ അത് കവിതാനിരൂപണമല്ല’ എന്ന് മറുപടി നല്കേണ്ടതായിവരും.
നമ്മുടെ നിരൂപണസാഹിത്യത്തിന് ഈ ആകൂലാവസ്ഥ വരിത്തിയത് പുരുഷരത്നവും ധിഷണാശാലിയും എന്റെ ഉപകര്‍ത്താവുമായ ജോസഫ് മുണ്ടശ്ശേരിയാണ്. തനിക്കിഷ്ടമില്ലാത്ത പുരുഷനെ ഭര്‍ത്താവായി സ്വീകരിക്കണമെന്ന് അച്ഛന്‍ പറഞ്ഞാല്‍‘അതു സാദ്ധ്യമല്ല’ എന്ന് സ്ത്രീ പറയും. അങ്ങനെ തെറ്റായ സമൂഹനീതിക്ക് അവള്‍ അടി കൊടുക്കും എന്നു സ്ഥാപിക്കാനാണ് കുമാരനാശാന്‍ ‘ലീല’യെഴുതിയതെന്ന് മുണ്ടശ്ശേരി പറഞ്ഞു. സ്ത്രീസ്വാതന്ത്യത്തിനുവേണ്ടിയാണ് സീത വാദിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അപ്പോള്‍ സീത വലിയ ഒരു മള്ളൂര്‍ ഗോവിന്ദപ്പിള്ള ആയിരുന്നുവെന്നാണോ നമ്മള്‍ മനസ്സിലാക്കേണ്ടത്? ഇതൊക്കെ കലാസൃഷ്ടിയില്‍നിന്നകന്ന് അതിന്റെ പ്രാധാന്യവും ഭംഗിയും മറ്റൊരിടത്ത് കാണാനുള്ള യത്നത്തില്‍ നിന്ന് ആവിര്‍ഭവിച്ചതാണ്.
സീത
ഈ വാദഗതിയുടെ അസത്യാത്മകത കാണിക്കാന്‍ വേറൊന്നുകൂടി പറയട്ടെ. എ.ഡി. 2040-ല്‍ ‘ചിന്താവിഷ്ടയായ സീത’യെടുത്തു വായിക്കുന്നവന്‍ ‘ഹാ ഹാ നൂറു’ നൂറ്റിയിരുപത്തിയഞ്ചുകൊല്ലം മുന്‍പ് കേരളത്തിലെ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ നേര്‍ക്കു ശകാരം ചൊരിഞ്ഞിരുന്നു. സ്വതന്ത്രകളായി അവര്‍ നടന്നിരുന്നു. ഭര്‍ത്താക്കന്മാര്‍ക്കു പുല്ലുവിലപോലും അവര്‍ കല്പിച്ചിരുന്നില്ല’ എന്ന് ഉദ്ഘോഷിച്ചാല്‍ അത് എത്രകണ്ടു സത്യസന്ധമായിരിക്കും. തന്റെ കാലത്തെ രാജനീതിയില്‍ നിന്നു വിഭിന്നമായി ചിന്തിക്കാന്‍ കാളിദാസനു കഴിയുമായിരുന്നില്ലെന്നും അതുകൊണ്ടാണ് അദ്ദേഹം ദുഷ്യന്തനെ വെള്ളയടിച്ചു കാണിച്ചതെന്നും മുണ്ടശ്ശേരി വാദിക്കുന്നല്ലോ. ഇതു ശരിയാണോ?
കാളിദാസന്റെ ‘മാളവികാഗ്നിമിത്രത്തില്‍ രാജാവിനെ നിന്ദിക്കുന്ന ഭാഗമുണ്ട്. അതെടുത്തുവച്ചു കാളിദാസന്റെ കാലത്ത് ‘രാജാക്കന്‍മാരെ എന്തും പറയാന്‍ ആര്‍ക്കും കഴിയുമായിരുന്നു’ എന്നു ഞാന്‍ എഴുതിയാല്‍ അത് എത്ര കണ്ടു സത്യാത്മകമായിരിക്കും? ഇതെല്ലാം സാഹിത്യത്തിലെ സാമൂഹികാംശത്തിന് പ്രാധാന്യമില്ല എന്നേ പറഞ്ഞുള്ളു. സാമൂഹികാംശത്തെ തീരെ നിരാകരിച്ചില്ല. നിരാകരിച്ചാല്‍ സാഹിത്യംതന്നെ അപ്രത്യക്ഷമാകുമല്ലോ.
ആത്മാംശം
സമൂഹത്തെ അതേ രീതിയില്‍ പകര്‍ത്തുകയല്ല സാഹിത്യകാരന്റെ ജോലി. അദ്ദേഹം അതിനെ വ്യാഖ്യാനിക്കുകയും ആത്മാംശം കലര്‍ത്തി ആവിഷ്കരിക്കുകയുമാണ്. ആ ആത്മാംശത്തിനാണ് — കര്‍ത്തൃനിഷ്ഠത്വത്തിനാണ് — പ്രാമുഖ്യം. അതില്ലാതെ സാഹിത്യം ഔന്ന്യത്തിലേക്കു ചെല്ലുകയില്ല. ‘അങ്കിള്‍ ടോംസ് ക്യാബിനാ’ണ് അമേരിക്കയിലെ അടിമക്കച്ചവടത്തിന് അറുതിവരുത്തിയതെന്നു പറയാറുണ്ട്. അങ്ങനെ ഒരു നോവല്‍ സമൂഹത്തിലെ ഒരു ദോഷത്തെനിര്‍മ്മാര്‍ജ്ജനം ചെയ്യുമോ?
ചെയ്യും എന്നു വാദത്തിനുവേണ്ടി സമ്മതിക്കാം. പക്ഷേ‘ അങ്കിള്‍ ടോംസ് ക്യാബിന്‍’ കലസ്യഷ്ടിയാണോ? അതോ സോഷ്യോളിജിക്കല്‍ ട്രാക്റ്റോ? രണ്ടാമത്തേതാണെന്ന് എല്ലാ നിരൂപകരും സമ്മതിക്കുന്നുണ്ട്. സമൂഹത്തിന്റെ വിവരണാത്മകവും അപഗ്രഥനാത്മകവുമായ ചിത്രം നല്‍കുകയല്ല സാഹിത്യകാരന്റെ കര്‍ത്തവ്യം. അയാള്‍ സമൂഹത്തെ സംബന്ധിച്ച അനുഭവങ്ങളുടെ തോന്നലുളവാക്കുകയാണ്. ആ തോന്നലില്‍ നമ്മള്‍ ജീവിക്കുന്നു. അതിനു സമൂഹത്തിന്റെ നിലവിലുള്ള സത്യവുമായി ബന്ധമില്ല.
കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നവന്റെ സുരക്ഷിതത്വം കരയില്‍ താമസിക്കുന്ന അവന്റെ ഭാര്യയുടെ ചാരിത്രത്തിലാണിരിക്കുന്നതെന്നത് അന്ധവിശ്വാസമാണ്. അന്ധവിശ്വാസത്തെ തകഴി അതേ രീതിയില്‍ പകര്‍ത്തിയാല്‍ ‘ചെമ്മിനെ’ ന്ന നോവല്‍ പരാജയപ്പെടും. അക്കാരണത്താല്‍ വാങ്മയ ചിത്രങ്ങളിലൂടെ ആദരണീയമായ ഭാവാത്മകതയിലൂടെ ആ അന്ധവിശ്വാസത്തെ സ്ഫുടീകരിച്ച് അത് അന്ധവിശ്വാസമല്ല, ശരിയായ വിശ്വാസം തന്നെയാണ് എന്ന തോന്നല്‍ വായനക്കാരന് ഉളവാക്കുകയാണു തകഴി ശിവശങ്കരപ്പിള്ള. അതു സംഭവിക്കുന്നതുകൊണ്ടാണ് തികഞ്ഞ ഭൗതികവാദിപോലും തികഞ്ഞ നിരീശ്വരന്‍ പോലും ‘ചെമ്മീന്‍’ വായിച്ചു രസിക്കുന്നതും അതില്‍ ജീവിക്കുന്നതും.
സമയമെവിടെ
ഇനി കലാകാരനെന്ന വ്യക്തിയെ നോക്കൂ. അയാള്‍ക്കു സമൂഹത്തെ ശ്രദ്ധിക്കാന്‍ സമയമെവിടെ? എട്ടുമണിക്കൂര്‍ ഉറക്കത്തിനും അഞ്ചുമണിക്കൂര്‍ ആഹാരനീഹാരങ്ങള്‍ക്കും മാറ്റിവച്ചാല്‍ ശേഷിക്കുന്നതു പതിനൊന്നു മണിക്കൂറാണ്. ജീവിക്കാന്‍വേണ്ടി ഏതു മനുഷ്യനും എട്ടുമണിക്കുറെങ്കിലും ജോലി ചെയ്തേ പറ്റു. പിന്നീടുള്ള മൂന്നു മണിക്കൂറില്‍ ടെലിവിഷന്‍ കാണാനും വിനോദത്തില്‍ ഉള്‍പ്പെടാനുംവേണ്ടി രണ്ടു മണിക്കുറെങ്കിലും വേണം. ശേഷിച്ച ഒരു മണിക്കൂറില്‍ അയാള്‍ ആത്മാവിഷ്കാരം നടത്തുമോ അതോ സമൂഹപ്രതിബദ്ധമായ സാഹിത്യം സൃഷ്ടിക്കുമോ?
ആത്മാവിഷ്കാരമേ നിര്‍വഹിക്കൂ. അതിനാലാണു ഭാരതീയ സ്വാതന്ത്രസമരം കൊടുമ്പിരികൊണ്ടപ്പോള്‍ ടാഗോര്‍ ഗീതാഞ്ജലി എഴുതിക്കൊണ്ടിരുന്നത്. മഹാത്മാഗാന്ധി പോലീസിന്റെ അടിയേറ്റ് പല്ലു കൊഴിഞ്ഞവനായി ഭാരതത്തില്‍ പ്രത്യക്ഷനായി ‘ഇംഗ്ലീഷുകാരെ ഓടിക്കു’ എന്ന ആഹ്വാനം ചെയ്തപ്പോള്‍ ബഷീര്‍ ‘ബാല്യകാലസഖി’യും തകഴി ശിവശങ്കരപ്പിള്ള ‘പതിതപങ്കജ’വും കേശവദേവ് ‘ഓടയില്‍നിന്നും’ എഴുതുകയായിരുന്നു. അവര്‍ സ്വാതന്ത്യസമരത്തില്‍ നേരിട്ടു പങ്കുകൊണ്ടിരിക്കാം. പക്ഷേ നോവലെഴുതിയപ്പോള്‍ ദേശാഭിമാനോജ്ജ്വലരായിരുന്നില്ല.
മൗനം
ഇപ്പോഴത്തെ സ്ഥിതി നോക്കൂ. പഞ്ചാബില്‍ അപരാധം ചെയ്യാത്തവരെ വധിക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായി! തന്റെ ഹൃദയത്തെ ആ സംഭവങ്ങള്‍ സ്പര്‍ശിച്ചുവെന്നു വ്യക്തമാക്കാനായി ഒരുത്തനെങ്കിലും ഒരു വരി കുറിച്ചിട്ടുണ്ടോ?
കുറ്റം പറയാനില്ല. എല്ലാ സ്ഥലത്തും ഇതുതന്നെയാണ് നടക്കുന്നത്. ഫ്രഞ്ച് വിപ്ലവം നടന്ന കാലത്ത് നോവലുകളെഴുതിയ ജെയ്ന്‍ ഓസ്റ്റിന്‍ മക്കള്‍ക്കു ഭര്‍ത്താക്കന്മാരുണ്ടാകേണ്ടതിന്റെ ആവശ്യകതയെയാണെടുത്തു കാണിച്ചത്.ഫ്രാന്‍സിലെ രാജാവിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും വധിച്ചതിനെക്കൂറിച്ച് അവര്‍ ഒരക്ഷരംപോലും മിണ്ടിയില്ല.
സാമൂഹികസ്ഥിതികളെക്കുറിച്ച് എഴുതാന്‍ നിര്‍ബന്ധമുണ്ടായാലോ? ഫലം ഭയാനകമായിരിക്കും. ചൈന നമ്മുടെ രാജ്യത്തെ ആക്രമിച്ചപ്പോള്‍ ഇവിടത്തെ കവികള്‍ പ്രേരണകളാല്‍ അതിനെക്കൂറിച്ചു കാവ്യങ്ങള്‍ രചിച്ചു. അവ ചൈനയുടെ ആക്രമണത്തെക്കാള്‍ ഭയങ്കരമായിരുന്നു. പോളണ്ടില്‍ കല്‍ക്കരിക്കു ക്ഷാമം വന്നപ്പോള്‍ ഓരോ കവിയും കല്‍ക്കരി ഉത്പാദിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു കാവ്യങ്ങള്‍ എഴുതിക്കൊള്ളണമെന്നു സര്‍ക്കാര്‍ ആജ്ഞാപിച്ചു. നിര്‍മ്മിക്കപ്പെട്ട കാവ്യങ്ങള്‍ കല്‍ക്കരിയെക്കാള്‍ കറുത്തവയായിരുന്നുവെന്ന് ജി. ശങ്കരക്കുറുപ്പ് പ്രസംഗിച്ചതു ഞാന്‍ കേട്ടു.
അതുകൊണ്ട് സമൂഹത്തില്‍ പരിവര്‍ത്തനം വരുത്താന്‍ ഒരു സാഹിത്യകാരനും തൂലികയെടുക്കാറില്ലെന്നുവന്നു കൂടുന്നു. എടുത്താല്‍ അതിനു കലാത്മകത വരികില്ലതാനും. റൂസ്സോയും വൊള്‍തേറും എഴുതിയതുകൊണ്ടാണു ഫ്രഞ്ചു വിപ്ലവമുണ്ടായതെന്നു പറയുന്നവരുണ്ട്. ശരിയല്ല അത്. വിപ്ലവത്തിനു ഫ്രാന്‍സ് സന്നദ്ധമായിരുന്നപ്പോള്‍ അവിടത്തെ പൗരന്മാരായ അവരും അതിനെക്കുറിച്ച് എഴുതി എന്നതാണ് ശരി.
കുമാരനാശാന്‍ ‘ചണ്ഡാലഭിക്ഷുകി’ എഴുതിയതിനാലാണ് തിരുവിതാംക്കൂറില്‍ ക്ഷേത്രപ്രവേശനവിളംബരം’ ഉണ്ടായതെന്നു ചിലര്‍ വാദിക്കാറുണ്ട്. ഈഴവസമുദായത്തില്‍പെട്ടവര്‍ ഒന്നിനൊന്നു ക്രിസ്തുമതത്തില്‍ ചേരാന്‍ തുടങ്ങിയപ്പോള്‍ അതു തടയാനായിട്ടാണു ക്ഷേത്രപ്രവേശനം നല്കിയത്. ആ സമാരംഭം ഉണ്ടായില്ലെങ്കില്‍ ഇന്നും എന്റെ ഈഴവ സഹോദരന്മാര്‍ ക്ഷേത്രത്തില്‍ കയറാതെ നില്ക്കുമായിരുന്നു. ജാതിധ്വംസകങ്ങളായ ചിന്താഗതികള്‍ ശക്തിയാര്‍ജ്ജിച്ചപ്പോള്‍ കേരളീയനായ ഒരു കവിയും അതിനെക്കുറിച്ച് എഴുതി എന്നതാണു സത്യം.
സൗന്ദര്യം
സാഹിത്യസൃഷ്ടിയില്‍ രണ്ടംശങ്ങളുണ്ട്. സൗന്ദര്യത്തിന്റെ അംശം ഒന്ന്. കാലികമായ അംശം രണ്ട്. കാലികമായ അംശം നശിക്കും. സൗന്ദര്യത്തിന്റെ അംശം എന്നും നില്‍ക്കും. വള്ളത്തോളിന്റെ ‘പോരാ, പോരാ, നാളില്‍, നാളില്‍…’ എന്നു തുടങ്ങുന്ന കാവ്യം ഇന്ന് ആരെയും ചലനം കൊള്ളിക്കുന്നില്ല. സ്വാതന്ത്യം ഇന്നു കയ്പ്പുള്ള അനുഭവമാണ്. അതിനാല്‍ കവിയുടെ ആഹ്വാനം ബീഭല്‍സമായി മാറിയിരിക്കുന്നു. വള്ളത്തോളിന്റെ ആ കവിതയില്‍ സൗന്ദര്യാംശവുമില്ല. അതിനാല്‍ അതു മരിച്ചുകഴിഞ്ഞിട്ടു കാലമേറെയായി.
താന്‍ ‘രണ്ടിടങ്ങഴീ’ എഴുതിയതുകൊണ്ടു കുട്ടനാടന്‍ കൃഷിക്കാരനു രണ്ടു ‘പതം’ കൂടുതല്‍ കിട്ടിയെന്നു തകഴി പലപ്പോഴും പറഞ്ഞത് ഞാന്‍ കേട്ടു. രണ്ടാംതരം ‘നോണ്‍ സെന്‍സല്ല’ അത്, ഒന്നാംതരംതന്നെയാണ്. സ്ഫടികത്തിലൂടെ കടക്കുന്ന സൂര്യശശ്മിക്കു ‘റിഫ്രാക്ഷന്‍’ വരുന്നതുപോലെ കലാകാരന്റെ ഭാവനയിലൂടെ കടക്കുന്ന സാമൂഹിക സത്യത്തിനും റിഫ്രാക്ഷന്‍ ഉണ്ടാകുന്നു.
മിഥ്യ
ത്രിഭുജകാചം രശ്മിയെ ഏഴു നിറങ്ങളാക്കുന്നതുപോലെ സമൂഹത്തിന്റെ സത്യം കലാകാരന്റെ ഭാവനയിലൂടെ കടന്നുവരുമ്പോള്‍ മാരിവില്ലിന്റെ മനോഹാരിതയാര്‍ജ്ജിക്കുന്നു. ആ സപ്തവര്‍ണ്ണങ്ങള്‍ക്കും ത്രിഭുജകാചത്തിന്റെ അപ്പുറത്തുനിന്നു പ്രവേശിക്കുന്ന രശ്മിക്കും സാദൃശ്യമില്ല. ആ നിറങ്ങളെ അവലംബിച്ചുകൊണ്ടു രശ്മിയുടെ സ്വഭാവം ഊഹിക്കാനും വയ്യ.
കലാകാരന്‍, സാഹിത്യകാരന്‍ യഥാക്രമം വരയ്ക്കുകയോ എഴുതുകയോ ചെയ്താല്‍ സമൂഹത്തില്‍ പരിവര്‍ത്തനം ഉണ്ടാകുമെന്ന ധാരണ മിഥ്യയാണ്. കലയ്ക്ക് അതിന്റേതായ നിയമങ്ങളുണ്ട്. സമൂഹത്തിന് അതിന്റേതായ നിയമങ്ങളും. കലയുടെ നിയമസംഹിതകൊണ്ട് സമുദായത്തിന്റെ നിയമസംഹിത മാറ്റാനാവില്ല. പിന്നെ, ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്നു നമുക്കു മുറവിളി കൂട്ടാം. ഒരു മുറവിളി എന്നതില്‍ക്കവിഞ്ഞു അതിനൊരു സാംഗത്യവുമില്ല.
|
|
|