Difference between revisions of "വാക്ക്, പ്രവൃത്തി, ചൈതന്യം"
m (added Category:ശരത്ക്കാലദീപ്തി using HotCat) |
|||
Line 31: | Line 31: | ||
{{MKN/SV}} | {{MKN/SV}} | ||
{{MKN/Works}} | {{MKN/Works}} | ||
+ | |||
+ | [[Category:ശരത്ക്കാലദീപ്തി]] |
Latest revision as of 11:04, 3 July 2014
വാക്ക്, പ്രവൃത്തി, ചൈതന്യം | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണൻ നായർ |
മൂലകൃതി | ശരത്ക്കാലദീപ്തി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ് |
വര്‍ഷം |
1993 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 147 |
ഈ ശതാബ്ദത്തിലെ ഒരുജ്ജ്വലപ്രതിഭാശാലിയായിരുന്നു റേമണ്ട് കാര്‍വര്‍ (Raymond Carver, 1938–1988) ഈ അമേരിക്കന്‍ കവിയെക്കുറിച്ച്, കഥാകാരനെക്കുറിച്ച് സല്‍മാന്‍ റുഷ്‌ദി പറഞ്ഞത് “റേമണ്ട് കാര്‍വര്‍ മഹാനായ എഴുത്തുകാരനായിരുന്നു… ഇതു വായിക്കൂ. കാര്‍വര്‍ എഴുതിയതെന്തും വായിക്കൂ” Raymond Carver was a great writer…Read it. Read everything Carver wrote) എന്നാണ്. അമേരിക്കയിലെ ചെക്കോവ് എന്നാണ് വേറൊരു നിരൂപകന്‍ അദ്ദേഹത്തെ വിളിച്ചത്. ശ്വാസകോശത്തിലെ അര്‍ബുദത്താല്‍ അദ്ദേഹത്തിന് 1988 ഓഗസ്റ്റ് രണ്ടാംതീയതി ഈലോകം വിട്ടുപോകേണ്ടതായിവന്നു. കാര്‍വറുടെ സമാഹരിക്കപ്പെടാത്ത രചനകള്‍ ന്യൂയോര്‍ക്കിലെ Vintage Books “No Heroics Please” എന്ന പേരില്‍ പ്രസാധനം ചെയ്തിരിക്കുന്നു. ഈ പുസ്തകം മനോഹരമെന്നേ വിശേഷിക്കപ്പെടേണ്ടതുള്ളൂ. സ്പെയിനിലെ കാര്‍മലൈറ്റ് കന്യാസ്ത്രീയും മിസ്റ്റിക്കും എഴുത്തുകാരിയുമായിരുന്ന ആവിലായിലെ തെറീസ (Theresa of Avila, 1515–’82) പറഞ്ഞ ഒരു വാക്യം എടുത്തെഴുതിക്കൊണ്ടു കാര്‍വല്ർ ചില ഗാഢചിന്തകളില്‍ മുഴുകുന്നുണ്ട്. “വാക്കുകള്‍ പ്രവൃത്തികളിലേക്കു നയിക്കുന്നു…അവ ആത്മാവിനെ സജ്ജീകരിക്കുന്നു. അതിനെ സന്നദ്ധമാക്കുന്നു. കാരുണ്യത്തിലേക്കു ചലനം കൊള്ളിക്കുന്നു. (Words lead to deeds…They prepare the soul, make it ready, and move it to tenderness) ചലനം കൊള്ളിക്കുക എന്ന പ്രയോഗമാണ് കാര്‍വറെ ഏറ്റവും ആകര്‍ഷിച്ചത്. ഈ ചലനാത്മകതയാണു ചെക്കോവിന്റെ അത്യുല്‍കൃഷ്ടമായ Ward No.6 എന്ന കഥയിലുള്ളത്. ഭ്രാന്തന്മാരെ പാര്‍പ്പിച്ചിരിക്കുന്ന വാര്‍ഡ് നമ്പര്‍ ആറ് ഒരാശുപത്രിയിലെ ഒരു ഭാഗം. അവിടെ മാലിന്യമുണ്ട്, കഷ്ടപ്പാടുണ്ട്. ചികിത്സയെന്നു പറഞ്ഞ് അക്രമവും മര്‍ദ്ദനവും അവിടെ നടക്കുന്നു. സ്വന്തമായ ജീവിതദര്‍ശനം രൂപവത്കരിച്ച അവിടത്തെ പ്രധാനപ്പെട്ട ഡോക്ടര്‍ ഭ്രാന്തന്മാരോടു സംസാരിക്കുന്നതു കണ്ട് മറ്റുള്ളവര്‍ അയാളെത്തന്നെ ഭ്രാന്തനായി കരുതുന്നു. ഒടുവില്‍ അവര്‍ ഡോക്ടറെ മറ്റൊരു ഭ്രാന്തന്റെ മുറിയിലാക്കുന്നു. ആശുപത്രിയിലെ വാച്ച്മാന്‍ അയാളെ അടിച്ചു രക്തം ചാടിക്കുന്നു. അടിയേറ്റ ഡോക്ടര്‍ മരിക്കുന്നു. ഇക്കഥയിലെ ഒരു ഭാഗമാണു കാര്‍വറെ ഏറെ ആകര്‍ഷിച്ചത്. വാര്‍ഡിലെ ഒരു ഭ്രാന്തന്‍ മറ്റു ഭ്രാന്തന്മാര്‍ക്കു വെള്ളം കൊടുക്കുന്നു. അവരുറങ്ങുമ്പോള്‍ അവരെ പുതപ്പിക്കുന്നു. തളര്‍ന്നു കിടക്കുന്ന ഒരു രോഗിക്കു കരണ്ടികൊണ്ടെടുത്തു ഭക്ഷണം നല്‍കുന്നു. കാരുണ്യം എന്ന വാക്ക് ചെക്കോവ് ഉപയോഗിക്കുന്നില്ല. എങ്കിലും ഈ പ്രവൃത്തികളിലൂടെ കാരുണ്യമെന്തെന്നു നമ്മള്‍ ഗ്രഹിക്കുകയാണ്. വാക്കുകളെയും പ്രവൃത്തികളെയും സങ്കലനം ചെയ്തു കാരുണ്യത്തിന്റെ പ്രതീതി ഉളവാക്കുകയാണു ചെക്കോവ്. ഫലമോ? പ്രവൃത്തികളെപ്പോലെ വാക്കുകളും തങ്ങിനില്‍ക്കുന്നു. തെറീസ പ്രയോഗിച്ച വേറൊരു വാക്കാണ് ആത്മാവ് എന്നത്. അതിനെ വേണമെങ്കില്‍ Spirit എന്നു വിളിക്കാം. കാര്‍വര്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു:‘നിങ്ങളുടെ വാക്കുകളുടെ ചൈതന്യം ശ്രദ്ധിക്കൂ, പ്രവൃത്തികളെ ശ്രദ്ധിക്കൂ.’ (Pay attention to the spirit of your words, your deeds)
കലാസങ്കല്പം
ഇതാണു കാര്‍വറുടെ കലാസങ്കല്പം. കാരുണ്യം എന്ന വാക്ക് അദ്ദേഹം പ്രയോഗിക്കുന്നില്ല. പ്രവൃത്തികള്‍ കാരുണ്യത്തിന്റെ നീരുറവയിലേക്കു നമ്മളെ നയിക്കുന്നു. കലാപരമായ ആവശ്യകതയില്‍ക്കവിഞ്ഞ് ഒരു വാക്കുപോലും അദ്ദേഹം ആഖ്യാനത്തില്‍ നിവേശിപ്പിക്കുന്നില്ല. മഹനീയമായ സത്യം എപ്പോഴും ലളിതമാന്. അനലംകൃതമാണ് എന്ന് ആര്‍റ്റൂര്‍ ഷോപന്‍ഹൗവര്‍ (Arthur Schopenhaver, 1788–1860) പറഞ്ഞിട്ടുണ്ടല്ലോ. അതാന് കാര്‍വറുടെ രചനകളിലും കാണുന്നത്. ഇതിനു നിദര്‍ശകമാണു കാര്‍വറെ ലോകപ്രശസ്തനാക്കിയ ‘കത്തീഡ്രല്‍’ എന്ന ചെറുകഥ. കഥ പറയുന്ന ആളിന്റെ ഭാര്യയുടെ ഒരു പഴയ സ്നേഹിതന്‍ അയാളെ കാണാനെത്തുന്നു. സാമാന്യമായിപ്പറഞ്ഞാല്‍ ആര്‍ക്കും ആരോടും ഒന്നും ചോദിക്കാനില്ല. ആശയങ്ങളില്ല. ഉള്ള ആശയങ്ങളെ ആവിഷ്കരിക്കാന്‍ ഭാഷയും പര്യാപ്തമല്ല. അതുകൊണ്ടാണ് ആരെക്കണ്ടാലും നമ്മള്‍ ‘നല്ല ചൂട് അല്ലേ? മഴ പെയ്യുമോ” എന്നൊക്കെ ചോദിക്കുന്നത്. അന്ധനോടു ഗൃഹനായകന്റെ ചോദ്യം തീവണ്ടിയുടെ ഏതു വശത്ത് ഇരുന്നുവെന്നുവെന്നാണ്. അതു കേട്ടപ്പോള്‍ “അതെന്തൊരു ചോദ്യം” എന്നാണു ഭാര്യയ്ക്കു ചോദിക്കാനുണ്ടായിരുന്നത്. കുറെക്കഴിഞ്ഞപ്പോള്‍ കഥ പറയുന്ന ആള്‍ ടെലിവിഷന്‍ സെറ്റ് പ്രദര്‍ശിപ്പിച്ചു. ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള ഭദ്രാസനപ്പള്ളികളുടെ ചിത്രങ്ങള്‍. അന്ധനു ഭദ്രാസനപ്പള്ളിയെന്നാല്‍ എന്തെന്ന് അറിയണം. ഗൃഹനായകന് അവയെ വര്‍ണ്ണിക്കാന്‍ വയ്യ. നേരത്തേ പറഞ്ഞ ആശയരാഹിത്യവും ആവിഷ്കാരത്തിനുള്ള അസമര്‍ത്ഥതയും, അതുകൊണ്ട് അയാള്‍ അന്ധ്നോടു പഞ്ഞു:‘സത്യം പറഞ്ഞാല്‍ ഭദ്രാസനപ്പള്ളികള്‍ക്ക് എന്നെ സംബന്ധിച്ച് വിശേഷിച്ചൊരര്‍ത്ഥവുമില്ല. ഒന്നുമില്ല. ഭദ്രാസനപ്പള്ളികള്‍. രാത്രിയേറെച്ചെല്ലുമ്പോള്‍ ടി.വി.യില്‍ നോക്കാനുള്ളവയാണ് അവ. അത്രമാത്രം.” ന്യൂനോക്തികൊണ്ടു വായനക്കാരനെ ഞെട്ടിക്കുന്ന ഇക്കഥ അന്ധനിലേക്കും അയാളുടെ ആതിഥേയനിലേക്കും ദയയുടെ നീര്‍ച്ചാല് ഒഴുക്കുന്നു. അലങ്കാരപ്രയോഗമില്ല. ഭാഷയെ എത്രകണ്ടു ലളിതമാക്കാമോ അത്രകണ്ടു ലളിതമാക്കുന്നു കഥാകാരന്‍. ആ ഗൃഹനായകന്റെ പ്രസ്താവം ഒന്നുകൂടെ വായിക്കുക. ഏതാനും വാക്കുകളേ അയാള്‍ക്കുള്ളൂ. പക്ഷേ, അവയുടെ പിറകില്‍ വലിയ നിശ്ശബ്ദതയാണ്. ആ നിശ്ശാബ്ദതകൊൻടാണു കാര്‍വര്‍ കലയുടെ വിശാലസാമ്രാജ്യം തുറന്നിട്ടുതരിക. ഫ്രാങ്ക് കെര്‍മോഡ് എന്ന മഹാനായ നിരൂപകന്‍ റേമണ്ട് കാര്‍വറെക്കുറിച്ചു പറഞ്ഞത് Granta മാസികയില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. “a fiction so spare in manner that it takes time before one realize how completely a whole culture and a whole moral condition are being represented by even the most seemingly slight sketch” ഒരു സമ്പൂര്‍ണ്ണ സംസ്കാരം, ഒരു സമ്പൂര്‍ണ്ണ സംസ്കാരം, ഒരു സമ്പൂര്‍ണ്ണ സാന്മാര്‍ഗ്ഗികാവസ്ഥ ഒരു ചെറിയ ‘സ്കെച്ചിലൂ’ടെ ആവിഷ്കൃതമാകുന്നുവെന്നാണു നിരൂപകന്റെ അഭിപ്രായം. മറ്റമേരിക്കന്‍ എഴുത്തുകാരുടെ ശൈലിയെ അലങ്കാര ബഹുലമെന്നു വിളിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണു കാര്‍വറുടെ അനലംകൃതവും ഋജുവുമായ ശൈലിയെന്നു മാസികയുടെ എഡിറ്ററും പറയുന്നു. Dirty realism എന്നാണ് അദ്ദേഹം ഈ പുതിയ പ്രസ്ഥാനത്തിനുനല്‍കുന്ന പേര്.
കൊച്ചു കഥ
‘കത്തീഡ്രല്‍’ എന്ന കഥ വിമര്‍ശനവിധേയമായ സമാഹാരഗ്രന്ഥത്തിലുള്ളതല്ല. കാര്‍വര്‍ തീരെ ചെറുപ്പമായിരുന്ന കാലത്ത് എഴുതിയ ‘Hair’എന്ന കൊച്ചുകഥ ഇതിലുണ്ട്. ഒരുത്തന്റെ മുന്‍വശത്തെ രണ്ടുപല്ലുകള്‍ക്കിടയില്‍ ഒരു മുടിനാര് അകപ്പെട്ടുപോയി. കിടക്കയില്‍ എഴുന്നേറ്റിരുന്നു നാക്കുകൊണ്ട് അതു നീക്കിക്കളയാന് അയാള്‍ ഏറെ ശ്രമിച്ചു. നാക്ക് അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ച് അയാള്‍ അതുകൊൻട് മുടി തൊടും. വിരലുകൊണ്ടു തൊട്ടുനോക്കും. അതുകൊണ്ട് ഭാര്യയ്ക്ക് ഉത്കണ്ഠയായി. ഒന്നും കാണാനില്ലല്ലോ എന്ന് അവള്‍. എനിക്കതു സ്പര്‍ശിക്കാനാവും എന്ന് അയാള്‍. അയാള്‍ ഓഫീസിലേക്കു പോയി. സുഖമില്ലെന്നു പറഞ്ഞ് അധികാരിയുടെ അനുമതിയോടെ തിരിച്ചു വീട്ടിലെത്തി. വിശപ്പില്ല. കുറച്ചു കാപ്പി മാത്രമേ രാത്രി കഴിച്ചുള്ളു. ഡോക്ടറെ വിളിക്കാന്‍ സന്നദ്ധയാവുകയാണു ഭാര്യ. മേലധികാരിയെ വിളിച്ച് അടുത്ത ദിവസം ജോലിക്ക് എത്തുമെന്ന് അറിയിച്ചിട്ട് അയാള്‍ ഉറങ്ങാന്‍ കിടന്നു. രാത്രിസമയത്ത് അറിയാതെ നിലവിളിച്ചു വിയര്‍പ്പില്‍ മുങ്ങിക്കുളിച്ച് ഉണര്‍ന്നു. വിരിപ്പുകളെ ചവിട്ടിനീക്കിക്കൊണ്ട് ‘ഇല്ല, ഇല്ല’ എന്ന് ഉറക്കെപ്പറഞ്ഞു. അതുകണ്ടു ഭാര്യ പേടിച്ചു. കാര്യമെന്തെന്ന് അവള്‍ക്ക് അറിഞ്ഞുകൂടാ. ക്ഷുദ്രസംഭവങ്ങള്‍ മനുഷ്യനെ എപ്പോഴും അലട്ടുന്നതു മനുഷ്യജീവിതത്തില്‍ കാണാമല്ലോ. അതിനു കലാപരമായ kkitayil രൂപം നല്‍കിയിരിക്കുകയാണു കാര്‍വര്‍ ഇവിടെ. ഈ രചനയുടെ നൂതനകള്‍ക്കു നീതിമത്കരണമില്ല. ചെറുപ്പകാലത്തെഴുതിയ കഥയെന്നു പറഞ്ഞ് ആ കുറവുകളുടെ നേര്‍ക്ക് കണ്ണടയ്ക്കാനും നമുക്കു വയ്യ. എങ്കിലും ഭാവികാലത്തെ പ്രതിഭാശാലിയെ ഇക്കഥയില്‍ കാണാം എന്നതില്‍ സംശയവുമില്ല. സത്യം ഓരോ വ്യക്തിക്കും ഓരോന്നാണ്. ഭര്‍ത്താവു പല്ലുകള്‍ക്കിടയില്‍പ്പെട്ട മുടിനാരുകൊണ്ട് അസ്വസ്ഥനായിരിക്കുന്നുവെന്ന സത്യം ഭാര്യയ്ക്ക് അറിയാം. പക്ഷേ, അതേ സത്യത്തിന്റെ തീക്ഷ്ണതമഭാവം അയാള്‍ക്കറിയുന്നതുപോലെ വേറൊരാള്‍ക്കും–ഭാര്യയ്ക്കുപോലും–അറിഞ്ഞുകൂടാ. ഈ വസ്തുതയിലേക്ക് അനായാസമായി നമ്മെ കൊണ്ടുചെല്ലുന്നു കാര്‍വര്‍.
ദൗര്‍ബല്യം
ധൈഷണികജീവിതവും വീരധര്‍മ്മാത്മക ജീവിതവും നയിക്കുന്നവര്‍ എല്ലാ അംശങ്ങളിലും ധിഷണാശാലികളും വീരന്മാരുമാണോ? അല്ലേയല്ല. ഡോക്ടര്‍ രാധാകൃഷ്ണന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ ആ പദവിക്കു യോജിച്ച വിധത്തില്‍ പെരുമാറുന്നു. ‘Indian Philosophy’ എഴുതിയകാലത്ത് അദ്ദേഹം ഫിലോസഫര്‍. എന്നാല്‍ ഗാര്‍ഹിക ജീവിതത്തില്‍ അദ്ദേഹം ജന്മവാസനകള്‍ നിയന്ത്രിക്കാതെ ജീവിച്ചുപോന്നുവെന്ന് അദ്ദേഹത്തിന്റെ മകന്‍തന്നെ എഴുതിയ ജീവചരിത്രത്തില്‍നിന്നു നമ്മള്‍ മനസ്സിലാക്കുന്നു. ദാര്‍ശനികനായിരുന്ന സി.ഇ.എം.ജോഡ് ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങള്‍ എഴുതി മനുഷ്യന്റെ സാംസ്കാരിക ചക്രവാളത്തെ വികസിപ്പിച്ചു. പക്ഷേ, ടിക്കറ്റ് വാങ്ങാതെ തീവണ്ടിയില്‍ സഞ്ചരിച്ചു. അധികാരികള്‍ അദ്ദേഹത്തെ പിടികൂടി ശിക്ഷിച്ചു. ബര്‍ട്രന്‍ഡ് റസ്സല്‍ മഹാനായ തത്ത്വചിന്തകനും ഗണിതശാസ്ത്രജ്ഞനും സമൂഹപരിഷ്കര്‍ത്താവുമൊക്കെ ആയിരുന്നുവെന്നു ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. അദ്ദേഹം കൊച്ചു പെണ്‍കുട്ടികളെ ലോഡ്ജുകളിലേക്കു കൊണ്ടു ചെന്ന് അഭിലാഷ പ്രാപ്തി വരുത്തിയ കഥകള്‍ കുപ്രസിദ്ധങ്ങളാണ്. മനുഷ്യന്റെ–അവന്‍ എത്ര കേമനായാലും–ഈ ദൗര്‍ബല്യത്തെ അലിഗ്സാണ്ടറിലൂടെ കാര്‍വര്‍ ചിത്രീകരിക്കുന്നതിന്റെ ചാരുത കാണുക.
കവി മഹാനായ അലിഗ്സാണ്ടറുടെ ജീവചരിത്രം വായിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ, പരുക്കന്‍ സ്വഭാവമുള്ള അച്ഛന്‍ ഫിലിപ്പ് മകനെ പഠിപ്പിക്കാന്‍ അരിസ്റ്റോട്ടലിനെ ഏര്‍പ്പാടുചെയ്തു. പിന്നീട് അലിഗ്സാണ്ടര്‍ പര്‍ഷ (Persia) ആക്രമിക്കാന്‍ പോയപ്പോള്‍ നീരാളം പതിച്ച പെട്ടിക്കകത്തു ഹോമറിന്റെ “ഇലിയഡ്” എന്ന കാവ്യം കൂടി കൊണ്ടുപോയി. അത്രയ്ക്കു ചക്രവര്‍ത്തി അതിഷ്ടപ്പെട്ടിരുന്നു. ആക്രമിക്കാന്‍ മാത്രമല്ല, മദ്യപിക്കാനും അദ്ദേഹത്തിന് ഇഷ്ടം. പര്‍ഷന്‍ രാജ്യത്തിന്റെ തലസ്ഥാനമായ പെര്‍സപലിസില്‍ (Persepolis) ആദ്യത്തെ തീക്കൊള്ളി എറിഞ്ഞ് അലിഗ്സാണ്ടര്‍ ആ നഗരം ചാമ്പലാക്കി. അടുത്ത പ്രഭാതത്തില്‍ — അപ്പോഴും പട്ടണം കത്തിയെരിയുകയായിരുന്നിരിക്കണം–അദ്ദേഹത്തിനു പശ്ചാത്താപമുണ്ടായി. അടുത്ത സായാഹ്നത്തില്‍ മദ്യപാനത്താല്‍ ഉന്മത്തനായ ചക്രവര്‍ത്തി തുടുത്ത മുഖത്തോടെ എഴുന്നേറ്റ് അഭിപ്രായത്തിന്റെ ഐക്യമില്ലായ്മ വൈരൂപ്യത്തിലെത്തിയതിന്റെ പേരില്‍ കുന്തം വലിച്ചെടുത്തു സ്വന്തം സുഹൃത്തായിരുന്ന ക്ലീറ്റസിന്റെ നെഞ്ചിലേക്കു കുത്തിയിറക്കി. ഗ്രാനിക്കസില്‍വച്ച് അലിഗ്സാണ്ടറുടെ ജീവനെ രക്ഷിച്ചവനായിരുന്നു ആ ചങ്ങാതി.
മൂന്നു ദിവസം അലിഗ്സാണ്ടര്‍ വിലപിച്ചു. നിലവിളി. ആഹാരം കഴിച്ചില്ല അദ്ദേഹം. ശാരീരികാവശ്യങ്ങള്‍ നിര്‍വഹിച്ചില്ല. മദ്യം ഉപേക്ഷിക്കുമെന്ന് അദ്ദേഹം സത്യം ചെയ്യുകയും ചെയ്തു. (അത്തരം സത്യപ്രതിജ്ഞകളും അവയോടു ചേര്‍ന്ന വിലാപങ്ങളും കവി ധാരാളം കേട്ടിട്ടുണ്ട്.) ചക്രവര്‍ത്തിയുടെ ദുഃഖംകൊണ്ടു യുദ്ധംതന്നെ നിന്നുപോയി. പക്ഷേ, മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഭയജനകമായ ചൂട് തന്റെ ചങ്ങാതിയുടെ മൃതദേഹത്തെ നശിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ചക്രവര്‍ത്തി കൂടാരത്തിനു പുറത്തുപോയി ‘ഇലിയഡ്’ എടുത്തു പുറങ്ങള്‍ മറിച്ചു. പെട്രോക്ലസിനു നല്‍കിയ ശവസംസ്കാരാനുഷ്ഠാനങ്ങള്‍ പ്രത്യക്ഷരം തെറ്റാതെ ക്ലീറ്റസിനും നല്‍കണമെന്ന് അദ്ദേഹം കല്പിച്ചു. പട്ടടയിലെ തീ ഉയര്‍ന്നപ്പോള്‍ മദ്യം ചടങ്ങിന്റെ ഭാഗമായി ആരോ കൊണ്ടുനടന്നുവോ? നിങ്ങള്‍ എന്തു വിചാരിക്കുന്നു? അതു സംഭവിച്ചു. വേണ്ടുവോളം കുടിച്ചു. ചക്രവര്‍ത്തി ബോധശൂന്യനായി വീണു. കൂടാരത്തിലേക്ക് അദ്ദേഹത്തെ എടുത്തുകൊണ്ടുപോകേണ്ടതായി വന്നു. കിടക്കയിലേക്കു അദ്ദേഹത്തെ പൊക്കിയെടുത്തു കിടത്തേണ്ടതായും വന്നു.
ചരിത്രമോ?
ഇതു ചരിത്രസംഭവമോ അതോ ചരിത്ര പുരുഷനില്‍ ആരോപിക്കുന്ന സാങ്കല്പിക സംഭവമോ? എന്തായാലും അലിഗ്സാണ്ടര്‍ ചക്രവര്‍ത്തിയെ സംബന്ധിച്ച ഇക്കഥ എല്ലാ മനുഷ്യരുടെയും കഥതന്നെയാണ്. ചക്രവര്‍ത്തിയും സാധാരണക്കാരനും തമ്മില്‍ എന്തേ വ്യത്യാസം? അനുഭവങ്ങളാണു ചിന്തകള്‍ ജനിപ്പിക്കുന്നത്. ചിന്തകളാണു പ്രവൃത്തികള്‍ക്ക് ആസ്പദം. മഹാനായ അലിഗ്സാണ്ടര്‍ക്കു നിസ്സാരനായ കൂലിവേലക്കാരനും തമ്മില്‍ ഇവിടെ ഒരു വ്യത്യാസവുമില്ല. ഭാവനകൊണ്ടു മാനുഷികസത്യങ്ങളെ അനാവരണംചെയ്യുന്ന ഒന്നാന്തരം കലാകാരനാണ് കാര്‍വര്‍.
നിത്യജീവിതത്തിലെ ഭയാശങ്കകളെ തീക്ഷ്ണതയോടെ ചിത്രീകരിക്കാന്‍ ഈ പ്രതിഭാശാലിക്ക് ഏതാനും വാക്കുകളേ വേണ്ടൂ. എപ്പോഴും അന്തര്‍ഭാഗമുണ്ട്. ബഹിര്‍ഭാഗവുമുണ്ട്. അകത്തു കവിയുടെ ഭാര്യ. മക്കള്‍. സംഭാഷണത്തിന്റെ പ്രവാഹം. ഒരുദിവസം രാത്രി ശയനമുറിയുടെ പുറത്തു കാല്‍പ്പെരുമാറ്റം, ശ്വാസോച്ഛാസത്തിന്റെ ശബ്ദം. കവി ഭാര്യയെ വിളിച്ചുണര്‍ത്തി. നേരം വെളുക്കുന്നതുവരെ അദ്ദേഹം ഭാര്യയുടെ കൈക്കുള്ളില്‍ക്കിടന്നു വിറച്ചു. മുറിയുടെ വെളിയിലുള്ള സ്ഥലത്തു പുഷ്പങ്ങള്‍ ചവിട്ടിയരയ്ക്കപ്പെട്ടിരിക്കുന്നു. അടുത്ത രാത്രിയും അതിനടുത്ത രാത്രിയും അതുതന്നെ സംഭവിക്കുന്നു. കവി ഭാര്യയെ വിളിച്ചുണര്‍ത്തുന്നു. അവള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നു. ആലിംഗനം ചെയ്യുന്നു. കവി കൂടുതല്‍ കൂടുതലായി ഭാര്യയില്‍നിന്നു പലതും ആവശ്യപ്പെടുന്നു. കൈവണ്ടിയെന്നപോലെ അദ്ദേഹം അവളെ മുറിക്കകത്ത് ഓടിക്കുകയാണ്. അവസാനമായി ഇന്നു രാത്രി, കവി മൃദുലമായി ഭാര്യയെ സ്പര്‍ശിച്ചു. ഉത്കണ്ഠയോടുകൂടി അവള്‍ ചാടിയെഴുന്നേറ്റു. സന്നദ്ധ വിളക്കുകള്‍ കത്തുന്നു. നഗ്നരായി ഇരിക്കുന്ന അവര്‍ ഉന്മത്തതയോടെ കണ്ണാടിച്ചില്ലിലേക്കു നോക്കി. അവര്‍ക്കു പിറകിലായി രണ്ടു ചുണ്ടുകള്‍. കത്തുന്ന സിഗററ്റിന്റെ പ്രതിഫലനം (പുറം 78, 79).മനുഷ്യന്റെ ലംഗികതയെയും പേടിയേയും അവയില്‍നിന്നു ജനിക്കുന്ന നിസ്സഹായാവസ്ഥയെയും ഇതിനെക്കാള്‍ ഭംഗിയായി ചിത്രീകരിച്ച മറ്റൊരു കാവ്യം എനിക്കറിയില്ല.
ശക്തി
ചെക്കോവിന്റെ ‘The Lady with the Dog’ എന്ന കഥ വായിച്ചതിനുശേഷം മാക്സിം ഗോര്‍ക്കി പറഞ്ഞു?:“താരതമ്യപ്പെടുത്തുമ്പോള്‍ മറ്റുള്ളവരുടെ കൃതികള്‍ പരുക്കനായി തോന്നുന്നു. അവര്‍ പേനയ്ക്കു പകരം തടിക്കഷണം കൊണ്ട് എഴുതിയതായി തോന്നുന്നു’ (പുറം 146) ഒരിക്കല്‍ ചെക്കോവ് മറ്റൊരു എഴുത്തുകാരനെ കുറ്റപ്പെടുത്തി: “നിങ്ങള്‍ വാക്യങ്ങള്‍ ശരിപ്പെടുത്തുന്നില്ല. നിങ്ങളറിയണം അതാണു കലയെന്ന്.” (പുറം 146) ഇതൊക്കെ ചൂണ്ടിക്കാണിച്ചിട്ട് കാര്‍വര്‍ എഴുതുന്നു, കലയുടെ സര്‍വാതിശായിയായ ശക്തിയില്‍ വിശ്വസിക്കുന്നവര്‍ ചെക്കോവിന്റെ കൃതികള്‍ വായിക്കണമെന്ന്. കാര്‍വറെക്കുറിച്ചും എനിക്കു പറയാനുള്ളത് അതുതന്നെ. സര്‍വാതിശായിയായ ശക്തി എന്തെന്ന് അറിയണമെങ്കില്‍ ഈ മഹാനായ കലാകാരന്റെ രചനകളിലേക്കു ചെല്ലണം.
|
|
|