Difference between revisions of "നിരീക്ഷണത്തിന്റെ ഭ്രമജനകത്വം"
(Created page with "{{MKN/SarathkalaDeepthi}} {{MKN/SarathkalaDeepthiBox}} എക്സിബിഷന്‍ (പ്രദര്‍ശനാഘോഷം) നടത്തുമ്പോള്‍ ...") |
m (added Category:ശരത്ക്കാലദീപ്തി using HotCat) |
||
Line 21: | Line 21: | ||
{{MKN/SV}} | {{MKN/SV}} | ||
{{MKN/Works}} | {{MKN/Works}} | ||
+ | |||
+ | [[Category:ശരത്ക്കാലദീപ്തി]] |
Latest revision as of 11:05, 3 July 2014
നിരീക്ഷണത്തിന്റെ ഭ്രമജനകത്വം | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണൻ നായർ |
മൂലകൃതി | ശരത്ക്കാലദീപ്തി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ് |
വര്‍ഷം |
1993 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 147 |
എക്സിബിഷന്‍ (പ്രദര്‍ശനാഘോഷം) നടത്തുമ്പോള്‍ കാഴ്ചക്കാര്‍ക്കുവേണ്ടി രാവണന്‍കോട്ടകള്‍ നിര്‍മിക്കുന്നതു പതിവാണ്. രാവണന്‍കോട്ടയില്‍ കയറിക്കഴിഞ്ഞാല്‍ പെട്ടെന്നു പുറത്തേക്കു പോരാന്‍ കഴിയുകയില്ല. അതിനകത്ത് ആളുകല്‍ ബഹിര്‍ഗമനദ്വാരമറിയാന്‍ വയ്യാതെ കറങ്ങി നടക്കുന്നതു കാണാം. മലയാളത്തിലെ ഈ രാവണന്‍കോട്ടയ്ക്ക് ഇംഗ്ലീഷിലുള്ള വാക്ക് ‘ലാബറിന്‍ത്’ (Labyrinth) എന്നാണ്. ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലും യൂറോപ്യന്‍ സാഹിത്യത്തിലും പ്രാധാന്യമര്‍ഹിക്കുന്ന ഈ ‘ലാബറിന്‍തി’നെ രാവണന്‍കോട്ട എന്നു വിളിക്കുന്നതില്‍ അല്പം അനൗചിത്യമില്ലാതില്ല. എങ്കിലും അര്‍ത്ഥസ്ഫുടതയ്ക്കു വേണ്ടി ആ മലയാള പദംതന്നെ ഈ ലേഖനത്തില്‍ പ്രയോഗിച്ചുകൊള്ളട്ടെ.
രാവണന്‍കോട്ട നിര്‍മ്മിക്കുന്നവന് അതിന്റെ രഹസ്യമറിയാം. അതില്‍ കയറിയവന് അതറിഞ്ഞുകൂടാത്തതുകൊണ്ട് അവന്‍ അതിനകത്തു ഭ്രമണംചെയ്തുകൊണ്ടിരിക്കുന്നു. ഈ ലോകം ഒരു രാവണന്‍കോട്ടയാണ്. ലാബറിന്‍താണ് എന്ന ആശയത്തിനു പ്രചാരം നല്‍കിയത് ബോര്‍ഹേസ് (Borges) എന്ന ലാറ്റിനമേരിക്കന്‍ സാഹിത്യകാരനാണ്. ലോകമാകുന്ന ഈ രാവണന്‍കോട്ടയുടെ രഹസ്യം അതിനെ സൃഷ്ടിച്ചവന് അറിയാം. ആ സ്രഷ്ടാവിനെ ഈശ്വരനെന്നോ, പ്രകൃതിയെന്നോ വിളിച്ചുകൊള്ളൂ. ആ ശക്തിവിശേഷം അതിനകത്ത് ആളുകള്‍ ചുറ്റിക്കറങ്ങുന്നതും അവശന്മാരാകുന്നതും കണ്ടു രസിക്കുകയാവാം.
‘The Garden of Forking Paths’ എന്ന കഥയിലൂടെ ബോര്‍ഹേസ് പ്രഗല്ഭമായി ആവിഷ്കരിച്ച ഈ ആശയം തന്നെയാണ് അതിന്റെ വികസിത രൂപത്തില്‍ മാര്‍കേസിന്റെ “One Hundred Years of Solitude” എന്ന നോവലില്‍ കാണുന്നത്. അദ്ദേഹത്തിന്റെ പുതിയ നോവലായ “The General in His Labyrinth”-ൽ ജനറല്‍ സീമോന്‍ ബോലീവാര്‍ അവസാനമായി ചോദിക്കുന്നത്, “How can I escape from this Labyrinth?” എന്നാണ്. ജനറലിനു മാത്രമല്ല ആര്‍ക്കും ഈ രാവണന്‍കോട്ടയില്‍നിന്നു രക്ഷനേടാനാവുകയില്ല എന്നാണു മാര്‍കേസ് ധ്വനിപ്പിക്കുന്നത്. ജനറലിന്റെ ആ ചോദ്യം ഈ ലോകത്തെ ഓരോ ആളും ചോദിക്കുകയാണ്. ഓരോ വ്യക്തിയും ചോദിച്ചാല്‍ ലോലഹൃദയമുള്ള കലാകാരന്മാര്‍ ചോദിക്കാതിരിക്കുന്നതെങ്ങനെ? സാഹിത്യലോകത്തെ ഒരത്ഭുതമായി പരിഗണിക്കപ്പെടുന്ന ഫ്രീഡ്റീഹ് ഡൂറന്‍മാറ്റും) Friedrich Dworenmatt അതു ചോദിക്കുന്നു. ആ ചോദ്യം അദ്ദേഹത്തിന്റെ ഒടുവിലത്തെ നോവലായ “The Assignment or on the Observing of the Observers” എന്ന നോവലില്‍നിന്നു കേള്‍ക്കാം.
“രാവണന്‍കോട്ട — ലാബറിന്‍ത് സ്വാഭാവികമാകാം. മനുഷ്യ നിര്‍മിതമാകാം. നമ്മള്‍ ചവിട്ടി നടക്കുന്ന മണ്ണിനു മുകളിലാകാം, താഴെയാകാം. നൂലാമാലപോലെ, വിനോദനംപോലെ, കെണിപോലെ, തടവറപോലെ അതു നിര്‍മ്മിക്കാം. അതു വാസ്തവികമോ സാങ്കല്പികമോ ആകാം. അലങ്കാരം, പ്രതിരൂപം, കെട്ടുകഥ ഇവയൊക്കെയാകാം” എന്നെല്ലാം ജി.മാര്‍ട്ടിന്‍ എന്ന നിരൂപകന്‍ പറയുന്നു. മനുഷ്യന്‍ കരുതിക്കൂട്ടി നിര്‍മ്മിച്ച രാവണന്‍കോട്ടയാണ് ഡൂറന്‍മാറ്റിന്റെ നോവലിലുള്ളത്. അതില്‍ പെട്ടുപോയ ഒരു സ്ത്രീ മരണമടയാതെ രക്ഷപ്പെടുന്നു. ഈ ചിത്രം പാരായണത്തിനുശേഷവും വളരെ ദിവസം നമ്മളെ ‘ഹോണ്‍ട്’ ചെയ്തുകൊണ്ടിരിക്കും. നോവലിന്റെ കഥ പറയാതെ പടിഞ്ഞാറന്‍ നിരൂപകന്‍ എഴുതുന്ന മട്ടില്‍ എന്തെങ്കിലും പറഞ്ഞാല്‍ മലയാളികള്‍ക്ക് ഒന്നും മനസ്സിലാവുകയില്ലല്ലോ. അതുകൊണ്ട് കഥ ചുരുക്കിയെഴുതട്ടെ.
മനോരോഗ ചികിത്സകനായ ലാംബര്‍ട്ടിന്റെ ഭാര്യ റ്റീന പേരുപറയാത്ത ഒരറബിരാജ്യത്തിലെ അല്‍-ഹാക്കിം നാശനഷ്ടങ്ങള്‍ക്കടുത്ത് ബലാത്കാര വേഴ്ചയ്ക്കുശേഷം കൊല്ലപ്പെട്ടുവെന്ന് പോലീസില്‍നിന്ന് അയാള്‍ അറിഞ്ഞു. ഭീകര പ്രസ്ഥാനത്തെക്കുറിച്ചു പ്രഖ്യാതമായ പുസ്തകമെഴുതിയ ലാംബര്‍ട്ട് ഉടനെ ആ മൃതദേഹം നാട്ടിലേക്കു ഹെലികോപ്റ്ററില്‍ കൊണ്ടുവന്നു. ശവക്കുഴിയില്‍ അതു മെല്ലെ താഴ്ത്തി മണ്ണിട്ടുമൂടി. ഫിലിം പോര്‍ട്രെയിറ്റുകള്‍ എടുക്കുന്നതില്‍ കീര്‍ത്തിയാര്‍ജ്ജിച്ച എഫ്. എന്ന സ്ത്രീ ആ ശവമടക്കലിന്റെ പടം കാമറകൊണ്ടു പകര്‍ത്തി, അതിനുശേഷം ലാംബര്‍ട്ട് ചെയ്തത് അവളെ ആ വധത്തിന്റെ കാരണവും അതിലേക്കു നയിച്ച പരിതഃസ്ഥിതികളും അന്വേഷിച്ചു സത്യം വെളിപ്പെടുത്താനായി അറബിരാജ്യത്തിലേക്കു അയക്കുയ്കയായിരുന്നു. എഫ്. സ്വന്തം അനുചരന്മാരോടുകൂടി അങ്ങോട്ടുപോയി. അറബി ഭീകരന്മാരെക്കുറിച്ചു ഗ്രന്ഥമെഴുതിയ ലാംബര്‍ട്ട് അവരെ ഭീകരന്മാരെന്നു വിശേഷിപ്പിച്ചില്ല എന്നതാവാം അദ്ദേഹത്തിന്റെ ഭാര്യ വധിക്കപ്പെടാനുണ്ടായ ഹേതുവെന്നായിരുന്നു പൊതുവായ ധാരണ. അറബിരാജ്യത്തെ എം. എന്ന വിമാനത്താവളത്തില്‍ ഇറങ്ങിയ എഫിനെയും അവളുടെ അനുചരന്മാരെയും അവിടത്തെ പോലീസ്, മൃതദേഹം കിടന്ന മണല്‍ക്കാട്ടില്‍ എത്തിച്ചു. അവര്‍ക്കു ചുറ്റും പോലീസ്. ദ്വിഭാഷിയില്ല. റ്റീനയുടെ ശവം കിടന്ന സ്ഥലത്ത് കുറേ പുണ്യാളന്മാര്‍ മൃതദേഹങ്ങളെപ്പോലെ ഇരിക്കുന്നുണ്ട്. ഭ്രാന്തനായ അല്‍ഹാക്കിം അവിടെ ഒരുനാള്‍ പ്രത്യക്ഷനാകുമെന്ന് അവര്‍ കരുതുന്നുണ്ട്. അവരുടെ അടുത്താണ് റ്റീനയുടെ നിശ്ചേതന ശരീരം കിടന്നതെന്നും കുറുക്കന്മാര്‍ അതിന്റെ ഭാഗങ്ങള്‍ കടിച്ചുതിന്നുവെന്നും പിന്നീട് എഫ്. സര്‍ക്കാരിന്റെ ഫിലിം കണ്ടു മനസ്സിലാക്കി.
അടുത്ത ദിവസം പോലീസ് എഫിനെ ഒരു ജയിലില്‍ കൊണ്ടുപോയി. അവിടെ ഒരു മുറിയില്‍ പാര്‍പ്പിച്ചിരുന്ന തടവുകാരുടെ മുന്‍പില്‍ നിര്‍ത്തി. മുണ്ഡനം ചെയ്ത ശിരസ്സുകള്‍; അടികൊണ്ടു കൊഴിഞ്ഞുപോയ അവരുടെ പല്ലുകള്‍. ഓരോ തടവുകാരനും റ്റീനയുടെ ഫോട്ടോഗ്രാഫ് കണ്ടിട്ട് അവളെ മുന്‍പ് കണ്ടിട്ടുണ്ടെന്നും അത് ഗെറ്റോവില്‍വച്ചായിരുന്നുവെന്നും അറിയിച്ചു. (ഗെറ്റോ — യഹൂദര്‍ക്കു വേണ്ടിയുള്ള നഗരഭാഗം). അപ്പോള്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു ഹ്രസ്വകായനെ പോലീസ് പിടിച്ചു മുന്നോട്ടേയ്ക്കു നിര്‍ത്തി. സ്കാന്‍ഡിനേവിയക്കാരന്‍ ഇംഗ്ലീഷ് പറയുന്ന മട്ടില്‍ ഇംഗ്ലീഷ് സംസാരിച്ച അയാള്‍ എഫിനെ അറിയിച്ചു അങ്ങനെയൊരു സ്ത്രീയെ അയാള്‍ കണ്ടിട്ടില്ലെന്ന്, മാത്രമല്ല മറ്റാരും കണ്ടിട്ടില്ലെന്നും. അതു പറഞ്ഞതിനു പോലീസ് അയാളെ വെടിവച്ചുകൊന്നു. റ്റീനയെ വധിച്ചതു താനാണെന്ന് അയാള്‍ കുറ്റസമ്മതം നടത്തിയെന്നാണു പോലീസ് എഫിനോടു പിന്നീടു പറഞ്ഞത്.
അന്വേഷണം മതിയാക്കി ആ അറബി രാജ്യം വിട്ടുപോകാന്‍ എഫിനെ പ്രേരിപ്പിക്കുന്നതിനായിരുന്നു ആ വിദ്യ.
അതിനുശേഷം പേടിസ്വപ്നത്തിന്റെ അന്തരീക്ഷമാണു നോവലിലാകെ. വിജന പ്രദേശങ്ങളിലുള്ള ഹോട്ടലുകളില്‍, ഭവനങ്ങളില്‍ താമസിക്കാന്‍ അവള്‍ നിര്‍ബന്ധയാകുന്നു. അങ്ങനെയിരിക്കെ പോലീസുകാരാല്‍ ചുറ്റപ്പെട്ട എഫ്. ഒരു ഉദ്യോഗസ്ഥന്റെ മേശപ്പുറത്തു വധിക്കപ്പെട്ടുവെന്നു കരുതിയിരുന്ന റ്റീന ഭര്‍ത്താവുമായി വീണ്ടും ഒരുമിച്ചു ചേരുന്ന ഫോട്ടോഗ്രാഫ് കാണുകയുണ്ടായി. അത് സത്യമാണെങ്കില്‍ വധിക്കപ്പെട്ട സ്ത്രീയാര്? റ്റീന ചുവന്ന ഫര്‍കോട്ട് ധരിച്ചാണ് അറബിരാജ്യത്തിലെത്തിയതെന്ന് എല്ലാവര്‍ക്കുമറിയാം. ഒരന്ധന്റെ പീടികയില്‍ കരുതിക്കൂട്ടി പോലീസ് ഇട്ടിരുന്ന ഒരു ചുവന്ന ഫര്‍കോട്ട് റ്റീനയുടേതാണെന്നു ധരിച്ച് എഫ്. വിലകൊടുത്തു മേടിച്ചിരുന്നു. കഥ പുരോഗമിക്കുമ്പോള്‍ ഡെന്‍മാര്‍ക്കുകാരിയായ ഒരു സ്ത്രീ ചുവന്ന ഫര്‍കോട്ട് ധരിച്ച് അവിടെയെത്തിയെന്നും അവളെ മണല്‍ക്കാട്ടിലൂടെ നടത്തിച്ച് പുണ്യാളന്മാരിരുന്ന സ്ഥലത്ത് എത്തിച്ചുവെന്നും ഒരജ്ഞാത രൂപം ബലാല്‍സംഗത്തിനുശേഷം അവളെ കൊന്നുവെന്നും ആ സമയത്തെടുത്ത ചലച്ചിത്രത്തില്‍നിന്ന് എഫ്. മനസ്സിലാക്കി. രാഷ്ട്ര വ്യവഹാരത്തെ സംബന്ധിച്ച ഏതോ കാരണത്താലാണ് ആ ഡെന്‍മാര്‍ക്കുകാരി വധിക്കപ്പെട്ടത്. അതേ ഹേതുവാല്‍ വേറൊരു ഡെന്‍മാര്‍ക്കുകാരനും കൊല്ലപ്പെട്ടു. എഫിനും അതേ ഗതി വരുമായിരുന്നു. പക്ഷേ അവള്‍ സത്യമറിയാനുള്ള ആ പരക്കംപാച്ചിലില്‍നിന്നു രക്ഷപ്പെട്ടു. രാവണന്‍കോട്ടയിലൂടെ ബഹിര്‍ഗമനമാര്‍ഗ്ഗം തേടിയുള്ള അവളുടെ സഞ്ചാരം അവള്‍ക്കു മാത്രമല്ല, വായനക്കാരായ നമുക്കും ഭയജനകമാണ്. അതിന്റെ അനുഭൂതിയുണ്ടാക്കണമെങ്കില്‍ നോവല്‍ മുഴുവനും ഒരക്ഷരംപോലും വിടാതെ ഇവിടെ പകര്‍ത്തണം.
അറബിരാജ്യത്തെ സര്‍ക്കാര്‍ രാഷ്ട്രവ്യവഹാരത്തിന്റെ പേരില്‍ സൃഷ്ടിച്ച രാവണന്‍കോട്ടയില്‍ സത്യമന്വേഷിച്ചു കറങ്ങിത്തിരിഞ്ഞ എഫ്, മോഹങ്ങളിലൂടെയും മോഹഭംഗങ്ങളിലൂടെയും കടന്ന് ഒടുവില്‍ സുഹൃത്തായ ഡി, എന്ന തര്‍ക്കശാസ്ത്രജ്ഞനോടുകൂടി ഒരിറ്റാലിയന്‍ ഭക്ഷണശാലയിലിരിക്കുമ്പോള്‍ ലംബര്‍ട്ടിനും റ്റീനയ്ക്കും ഒരാണ്‍കുഞ്ഞു ജനിച്ചു എന്ന വാര്‍ത്ത പത്രത്തില്‍ വായിക്കുന്നു. ഡി, വര്‍ത്തമാനപത്രം മടക്കി എഫിനോടു പറയുന്നു:“God dam, were you lucky” രാഷ്ട്ര വ്യവഹാരത്തിന്റെ രാവണന്‍കോട്ട ഏതിനെ അവലംബിച്ചാണു നിര്‍മ്മിക്കപ്പെട്ടത്. നോവലിന്റെ രണ്ടാമത്തെ പേര് On the Observing of the Observer of the Observers–ഇതു സ്പഷ്ടമാക്കിത്തരുന്നു. ഡി, എന്ന തര്‍ക്കശാസ്ത്രജ്ഞന് ഒരു മലയിലാണു വീട്. അവിടെ വച്ച ടെലിസ്കോപ്പിലൂടെ അകലെയുള്ള കുന്നില്‍ നില്‍ക്കുന്ന ആളുകളെ അയാള്‍ നോക്കുമായിരുന്നു. അപ്പോള്‍ അവര്‍ സ്വന്തം ഫീല്‍ഡ് ഗ്ലാസ്സിലൂടെ അയാളെ വീക്ഷിക്കും. തങ്ങളെ തര്‍ക്കശാസ്ത്രജ്ഞന്‍ ടെലിസ്കോപ്പിലൂടെ നോക്കുകയാണെന്നു ഗ്രഹിച്ചു അവര്‍ പിന്തിരിഞ്ഞുകളയും. എങ്ങനെയെങ്കിലും നിരീക്ഷിക്കാന്‍ നിരീക്ഷകന്‍ വേണം. ആ നിരീക്ഷകനെ മറ്റുള്ളവര്‍ നിരീക്ഷിക്കുന്നുവെന്ന് മനസ്സിലാക്കിയാല്‍, ആകുലാവസ്ഥയുണ്ടാകും അവര്‍ക്ക്. ആകുലാവസ്ഥ വിരോധം ജനിപ്പിക്കും. അങ്ങനെ വിരോധം ഉണ്ടായതുകൊണ്ട് അവര്‍ തര്‍ക്കശാസ്ത്രജ്ഞന്റെ വീട്ടിലേക്ക് പാറക്കഷണങ്ങള്‍ വലിച്ചെറിഞ്ഞു. പ്രകൃതിയിലും നടക്കുന്നത് ഇതല്ലേ? കാമറ, ടെലിസ്കോപ്പ്, എക്സ്‌റേ ടെലിസ്കോപ്പ്, മൈക്രോസ്കോപ്പ്, കംപ്യൂട്ടര്‍ ഇവകൊണ്ടു മനുഷ്യന്‍ പ്രകൃതിയെ നിരീക്ഷണം ചെയ്യുന്നു. പ്രകൃതി ഒരിക്കലും ഇന്നത്തെപ്പോലെ നഗ്നയാക്കപ്പെട്ടിട്ടില്ല. അത് പ്രതികാരം നിര്‍വഹിക്കുന്നു. പുതിയ വൈറസുകള്‍, ഭൂകമ്പങ്ങള്‍, വരള്‍ച്ചകള്‍, വെള്ളപ്പൊക്കങ്ങള്‍, കൊടുങ്കാറ്റുകള്‍, അഗ്നിപര്‍വതസ്ഫോടനങ്ങള്‍ ഇവയാല്‍ പ്രകൃതി പ്രതികാരം നടത്തുന്നു. ലാംബര്‍ട്ട് ഭാര്യയെ നിരീക്ഷണം ചെയ്തു. പകരമായി അവള്‍ അയാളെ നിരീക്ഷണം ചെയ്തു ഡയറിയെഴുതി. ഈര്‍ഷ്യ, ശത്രുതയായപ്പോള്‍ അവള്‍ ഒളിച്ചോടി. നിരീക്ഷണത്തിന് അറബി രാജ്യത്തെത്തിയ എഫിനെ അവിടത്തെ പൊലീസ് നിരീക്ഷണം ചെയ്തു. പോലീസിനെ രഹസ്യപ്പോലീസ് നിരീക്ഷിച്ചു. പോലീസിന്റെ തലവനും രഹസ്യപ്പോലീസിന്റെ തലവനും തമ്മില്‍ അന്യോന്യ നിരീക്ഷണം. അവരെ നിരീക്ഷിച്ച ഭരണാധിപതി രണ്ടുപേരെയും നിഗ്രഹിച്ചു. ആ അറബിരാജ്യത്തെ ഡെന്‍മാര്‍ക്കും ഡെന്‍മാര്‍ക്കിനെ അറബിരാജ്യവും നിരീക്ഷണം നടത്തുകയായിരുന്നു. ഈ നിരീക്ഷണം തന്നെ രാവണന്‍കോട്ടയാണ്. ഇതില്‍ക്കിടന്ന് നട്ടംതിരിയുകയാണ് ലോകരാഷ്ട്രങ്ങളാകെ. ആ രാഷ്ട്രങ്ങളിലെ ഓരോ പൗരനും മറ്റാളുകളാല്‍ നിരീക്ഷണം ചെയ്യപ്പെടുന്നു. ഡൂറന്‍മാറ്റ് പറഞ്ഞിട്ടില്ലെങ്കിലും കുടുംബത്തിലേക്ക് ഈ തത്ത്വചിന്തയെ ഒന്നു സംക്രമിപ്പിക്കൂ. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവു ഭാര്യയെയും അച്ഛന്‍ മകനെയും മകന്‍ അച്ഛനെയും നിരീക്ഷണം ചെയ്യുന്നതില്‍ നിന്നാണ് എല്ലാ ശത്രുതകളും ജനിക്കുന്നത്. ബോര്‍ഹേസിന്റെ മതമനുസരിച്ചു ഗ്രന്ഥം ലോകമാണ്. ലോകം ഗ്രന്ഥവും. ഓരോന്നും ലാബറിന്‍തും. ഈ രാവണന്‍കോട്ടയെ ഡൂറന്‍മാറ്റ് അന്യാദൃശ്യമായ പ്രതിഭാശക്തികൊണ്ട് ആലേഖനം ചെയ്ത് അതിനും സാര്‍വലൗകികവും സാര്‍വജനീനവുമായ പ്രാധാന്യം വരുത്തിയിരിക്കുന്നു. ഈ നോവല്‍ വായിച്ചുണ്ടായ മാനസികകോന്നമനത്തിനു ഞാന്‍ ഇപ്പോഴും വിധേയനാണ്.
|
|
|