സി.വി. രാമൻപിള്ള പ്രതിഭാശാലി… എങ്കിലും
സി.വി. രാമൻപിള്ള പ്രതിഭാശാലി… എങ്കിലും | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണൻ നായർ |
മൂലകൃതി | ശരത്ക്കാലദീപ്തി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ് |
വര്‍ഷം |
1993 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 147 |
സാഹിത്യസൃഷ്ടികളെക്കുറിച്ച് ഏതഭിപ്രായവും പറയാം. അതിന്റെ പേരില്‍ ശണ്ഠകൂടാന്‍ വരുന്നതു വിവേകിതയുടെ ലക്ഷണമായി കരുതാന്‍ വയ്യ. ഷെയ്ക്സ്പിയര്‍ അപരിഷ്കൃതനാണെന്ന് പണ്ട് ഒരു ഫ്രഞ്ച് ദാര്‍ശനികന്‍ ഉദ്ഘോഷിച്ചു. ടോള്‍സ്റ്റോയി വിമര്‍ശനത്തിന്റെ ഭാഷയുപേക്ഷിച്ചാണ് ഷെയ്ക്സ്പിയറിന്റെ ചില നാടകങ്ങളെക്കുറിച്ച് മതങ്ങള്‍ ആവിഷ്കരിച്ചത്. ഇരുപതാം ശതാബ്ദത്തിലെ മഹനീയമായ നോവല്‍ ‘മാജിക് മൗണ്ടന്‍’ എഴുതിയ റ്റോമസ്മന്‍ സാഹിത്യകാരനല്ലെന്നും വെറും ‘ഫാബ്രിക്കേറ്റ’ റാണെന്നും പറഞ്ഞത് വിശ്വവിഖ്യാതനായ നോവലിസ്റ്റ് ഹെന്‍ട്രിമില്ലറാണ്. (സര്‍ഗ്ഗശക്തിയില്ലാതെ വെറും നിര്‍മ്മാണത്തില്‍ വ്യാപരിക്കുന്നവനാണ് ഫാബ്രിക്കേറ്റര്‍)ഇതിലൊന്നും അദ്ഭുതപ്പെട്ടിട്ടോ പരിഭവിച്ചിട്ടോ കാര്യമില്ല. സാഹിത്യത്തിന്റെ രാഷ്ട്രം പ്രജാധിപത്യത്തിന്റെ രാഷ്ട്രമാണ്. രണ്ടിടത്തും ആര്‍ക്കും എന്തും പറയാം. എന്നാല്‍ നമ്മുടെ നാട്ടിലെ സ്ഥിതി അതല്ല. സി.വി. രാമന്‍പിള്ളയുടെ നോവലുകളെക്കുറിച്ച് വിമര്‍ശനപരമായി എന്തെങ്കിലും എഴുതി നോക്കുക. അതു വായിച്ചിട്ടു ചുവപ്പുകണ്ട നാടന്‍ കാളയെപ്പോലെ വിരണ്ടോടുന്നവരാണ് പലരും. സി.വി. രാമന്‍പിള്ളയുടെ അന്യാദൃശ്യങ്ങളായ കഴിവുകളെ ആദരിക്കുന്നവനാണ് ഞാന്‍. പക്ഷേ വിശ്വസാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ കലാസൃഷ്ടികളുടെ മുന്‍പില്‍ വച്ച് നമ്മുടെ നോവലിസ്റ്റിന്റെ [1]
കൃതികളെ പരിശോധിക്കുമ്പോള്‍ ന്യൂനതകള്‍ ഏറെപ്പറയാന്‍ കാണുമല്ലോ. അങ്ങനെ ചില പോരായ്മകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സ്വജനമര്യാദയെ ലംഘിച്ച് കാര്‍ഡില്‍ പരുക്കന്‍ വാക്കുകള്‍ അയച്ച എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ ഉണ്ട്. റ്റെലിഫോണില്‍ക്കൂടി അശ്ലീലപദങ്ങള്‍ വര്‍ഷിച്ച മാന്യന്മാരുണ്ട്. ലോകത്തുള്ള സകല അസഭ്യപദങ്ങളുടെയും ഉടമസ്ഥര്‍ തങ്ങളാണെന്ന് എഴുത്തുകളിലൂടെ വ്യക്തമാക്കിയവര്‍ ഏറെയുണ്ട്. അത്തരത്തിലുള്ള പ്രവൃത്തികള്‍ കൊണ്ടെന്തു പ്രയോജനം?
അസഭ്യപദവര്‍ഷംകൊണ്ടോ വധഭീഷണികൊണ്ടോ, സത്യാന്വേഷണതല്‍പരത്വത്തെ ആര്‍ക്ക് ഇല്ലാതാക്കാന്‍ കഴിയും? ഇത്രയും പൂര്‍വ്വപീഠികയായി എഴുതിയിട്ട് ആ ലേഖകന്‍ സി.വി. രാമന്‍പിള്ളയുടെ കൃതികളെ നിരീക്ഷണം ചെയ്യാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഫലപ്രാപ്തി എന്തായാലും ഇത് ‘അവസാനത്തെ വാക്കാ’ ണെന്ന് എനിക്കു നാട്യമില്ല. നിരൂപണമായാലും, വിമര്‍ശനമായാലും എഴുതുന്നതില്‍ ഒരു ‘പോയിന്റെ’ങ്കിലും ഉണ്ടോ എന്നു മാത്രമേ നോക്കേണ്ടതുള്ളു.
സി.വി. രാമന്‍പിള്ള ‘മാര്‍ത്താണ്ഡവര്‍മ്മ’ എന്ന നോവല്‍ അശ്വതി തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്കും ‘ധര്‍മ്മരാജാ’ എന്ന നോവല്‍ ശ്രീമൂലംതിരുനാള്‍ രാമവര്‍മ്മ മഹാരാജാവിനും ‘രാമാരാജാ ബഹദൂര്‍’ എന്ന നോവല്‍ ടി. ശങ്കരന്‍ തമ്പിക്കുമാണ് സമര്‍പ്പിച്ചത്. നോവലിസ്റ്റ് മഹാരാജാക്കന്മാരെയാണ്–മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാവ് ഇവരെയാണ്– ആഖ്യായികളില്‍ അവതരിപ്പിച്ചതെങ്കിലും അദ്ദേഹം യഥാര്‍ത്ഥത്തില്‍ രാജവാഴ്ചയെ എതിര്‍ത്ത ജനനായകരുടെ പക്ഷത്തായിരുന്നുവെന്ന വാദം ഈ സമര്‍പ്പണസ്വഭാവത്താല്‍ നിരാസ്പദമായിബ്ഭവിക്കുന്നു. സി.വി. രാമന്‍പിള്ള രാജഭക്തനും രാജവാഴ്ചയുടെ സ്തോതാവുമായിരുന്നു എന്നതാണ് സത്യം. രാജാവാഴ്ച രണ്ടു വിധത്തിലാണ്. സമ്പൂര്‍ണ്ണമായതും പരിമിതമാക്കപ്പെട്ടതും. തിരുവിതാംകൂറില്‍ എല്ലാക്കാലത്തും മഹാരാജാവിന് പരമാധികാരമുള്ള സമ്പൂര്‍ണ്ണമായ ഏകാധിപത്യമേ ഉണ്ടായിരുന്നുള്ളു. നിരപരാധര്‍ നിഷ്കളങ്കമായി ചെയ്യുന്ന പ്രസ്താവനകൾ പോലും വേണ്ടിവന്നാല്‍ രാജദ്രോഹമായി വ്യാഖ്യാനിക്കപ്പെടുന്ന കാലയളവ്. ‘പൊന്നുതമ്പുരാന്‍ തിരുമനസ്സ്’ എന്നേ രാജാവിനെ ആളുകള്‍ വിശേഷിപ്പിച്ചിരുന്നുള്ളു. ആ ഏകരാജശാസനത്തെയാണ് സി.വി.രാമന്‍പിള്ള തന്റെ ആഖ്യായികകളിലൂടെ വാഴ്ത്തിയത്. അക്കാലത്തെ വിദേശികളായ തിരുവിതാംകൂര്‍ ദിവാന്‍ജികളുടെ കൊള്ളരുതായ്മകളെ അദ്ദേഹം രഹസ്യമായി വിമര്‍ശിച്ചുവെന്നു പറയുന്നത് സത്യമാനെന്നിരിക്കട്ടെ. എങ്കിലും അദ്ദേഹം ഏകാധിപത്യത്തിന്റെ സ്തോതാവായിരുന്നു എന്നതില്‍ സംശയമില്ല. ഇത് വീരാരാധനയുടെ ഫലമാണെന്നും തിരഞ്ഞെടുപ്പില്‍ വിശ്വസിക്കാത്ത കാര്‍ലൈലിന്റെ Hero Worship എന്ന ആശയത്തിലാണ് സി.വി.വിശ്വസിച്ചതെന്നും ചിലര്‍ പറയുന്നതിനോടു യോജിക്കാം. നീതിപരിപാലിക്കുന്ന ഒരു രാജാവിനേ ഭരിക്കാനാവൂ എന്നു മധ്യകാലയളവുകളെ അവലംബിച്ചുകൊണ്ടു കാര്‍ലൈല്‍ പറഞ്ഞല്ലോ. അതു ശരിയായിക്കൊള്ളട്ടെ. എന്നാലും ആ ഭരണക്രമം ഒരുതരത്തിലുള്ള ഫാസ്സിസമാണ്. പ്രതിഭാശാലിയായ സി.വി.രാമന്‍പിള്ളയെ ഫാസ്സിസ്റ്റായി കാണുന്നതില്‍ എനിക്കു വൈമനസ്യമില്ല. ബ്രിട്ടനില്‍ രാജാധിപത്യവും പ്രജാധിപത്യവും സമാന്തരങ്ങളായി വര്‍ത്തിച്ചിരുന്നു. തിരുവിതാംകൂറിലാകട്ടെ രാജാധിപത്യം മാത്രമേ ഉണ്ടായിരുന്നുള്ളു. രാഷ്ട്രവ്യവഹാരശക്തി ആരില്‍ നിക്ഷിപ്തമായിരിക്കുന്നുവോ ആ വ്യക്തിയോട് വൈകാരികമായി ബന്ധമുണ്ടാകും ജനങ്ങള്‍ക്ക്. ഭയം ആ ബന്ധത്തെ തീക്ഷ്ണതമമാക്കും. രാജഭക്തി എന്ന വികാരസാഗരത്തില്‍ പേടിയോടെ നീന്തിത്തുടിച്ച തിരുവിതാംകൂറുകാരുടെ മുന്‍പില്‍ നീന്തിത്തകര്‍ത്ത നേതാവായിരുന്നു സി.വി.രാമന്‍പിള്ള. ഇതില്‍ എന്തേ തെറ്റ് എന്നു ചോദിക്കുമായിരിക്കും. തെറ്റില്ല എന്നു വാദത്തിനുവേണ്ടി സമ്മതിക്കാം. പക്ഷേ, രാജാധിപത്യം പ്രജാധിപത്യത്തെക്കാള്‍ ഉത്ക്കൃഷ്ടത ആവഹിക്കാഞ്ഞതുകൊണ്ട് രാജാധിപത്യത്തിനുവേണ്ടി നില്ക്കുന്ന വ്യക്തി പ്രജാധിപത്യത്തിനുവേണ്ടി വാദിക്കുന്ന വ്യക്തിയെ അപേക്ഷിച്ച് താണതലത്തില്‍ വര്‍ത്തിക്കുന്നുവെന്നു സമ്മതിക്കേണ്ടതായി വരും അതിനാല്‍ “വിശാഖംതിരുനാള്‍ മഹാരാജാവിന്റെ കാലത്തായിരുന്നെങ്കില്‍ ഈ ഉദ്യോഗസ്ഥ വ്യഭിചാരിയുടെ കുറുക്ക് കുതിരക്കവഞ്ചികൊണ്ടടിച്ചു കുളം കോരിക്കുമായിരുന്നു” എന്ന് ദിവാന്‍ജിയെക്കിറുച്ച് എഴുതിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയോടു തോന്നുന്ന സ്നേഹവും ബഹുമാനവും “പൊന്നുതമ്പുരാന്‍ തിരുമനസ്സി”നും അദ്ദേഹത്തിന്റെ സേവകനായ ശങ്കരന്‍ തമ്പിക്കും ഗ്രന്ഥങ്ങള്‍ സമര്‍പ്പിച്ച സി.വി. രാമന്‍പിള്ളയോട് തോന്നുന്നില്ല; സി.വി.കലാകാരനാണെങ്കിലും. ദിവ്യനീതി (divine right) അനുസരിച്ചാണ് രാജാക്കന്മാര്‍ ഭരിക്കുന്നതെന്ന് സ്വതന്ത്ര തിരുവിതാംകൂറിനുവേണ്ടി വാദിച്ച സര്‍. സി.പി.രാമസ്വാമി അയ്യര്‍ അക്കാലത്തു പറഞ്ഞു. ദിവ്യനീതി ഈശ്വരസ്സംബന്ധിയാണല്ലോ. രാജാവിനെ ഈശ്വരനായും രാജവാഴ്ചയെ ഐശ്വരശക്തിയായും കണ്ട തിരുവിതാംകൂര്‍ ജനത വൈകാരികമായി വല്ലാതെ ബന്ധപ്പെട്ടിരുന്നു ആ രണ്ടിനോടും. അതിനാല്‍ സി.വി.യുടെ ‘നാടുവാഴി സ്തോത്ര പ്രായങ്ങളായ” കൃതികള്‍ (മുണ്ടശ്ശേരിയുടെ പ്രയോഗം) അക്കാലത്ത് ജനതയ്ക്കു പുളകപ്രസരം ഉണ്ടാക്കിയിരുന്നു. രാജവാഴ്ചകള്‍ തകര്‍ന്നപ്പോള്‍ പുളകങ്ങള്‍ അത്ര അധികമുണ്ടായില്ല. പ്രജാധിപത്യം വന്നപ്പോള്‍ അവ സമ്പൂര്‍ണ്ണമായും ഇല്ലാതെയായതുമില്ല. പ്രാചീനമായ വൈകാരിക ബന്ധം കുറഞ്ഞ അളവിലാണെങ്കിലും ഇപ്പോഴും നിലനില്ക്കുന്നു. എങ്കിലും എങ്കിലും പണ്ടത്തെ തീക്ഷ്ണതമ ഭാവമില്ല. അതുകൊണ്ടാണ് സി.വി.രാമന്‍പിള്ളയുടെ നോവലുകള്‍ക്ക് ഇന്നു വായനക്കാര്‍ കുറഞ്ഞുപോയത്. അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കുന്ന തിരുവിതാംകൂര്‍കാര്‍ക്ക് ഉണ്ടാകുന്ന വികാരപാരവശ്യം കൊച്ചിയിലെയോ മലബാറിലെയോ ജനങ്ങള്‍ക്ക് ഉണ്ടാകുന്നില്ല. ഇത് ഒരു സാഹിത്യതത്ത്വത്തിലേക്കു കൈ ചൂണ്ടുന്നു. കലാബാഹ്യമായ ഒരു വികാരമാണ് സി.വി.യുടെ നോവലുകളുടെ ആസ്വാദനത്തില്‍ തിരുവിതാംകൂറിലെ ഇപ്പോഴും രാജഭക്തിയുള്ള ആളുകനയിച്ചു കൊണ്ടിരിക്കുന്നത്. പ്രതിപാദ്യവിഷയത്തിന്റെ അര്‍ത്ഥനകള്‍ക്കു യോജിച്ച വിധത്തില്‍ ഉണ്ടാകുന്ന വികാരങ്ങള്‍ക്കേ സാഹിത്യകൃതികളില്‍ സ്ഥാനമുള്ളൂ. വായനക്കാരുടെ സ്വന്തം വികാരങ്ങളെ അവയില്‍ ആരോപിച്ച് അവ ആ കൃതികളുടെ അവിഭാജ്യഘടകങ്ങളായ വികാരങ്ങളാണെന്നു കരുതുന്നത് ഒരുതരം ‘പതറ്റിക് ഫാലസി’യാണ്. സാഹിത്യബാഹ്യമായ ഒരു ഘടകം സി.വി.യുടെ നോവലുകളെ വിലയിരുത്തുന്നതില്‍ സ്വാധീനശക്തി ചെലുത്തുന്നു എന്നതാണ് ഞാനിതുവരെപ്പറഞ്ഞതിന്റെ സാരം. അന്നു രാജവാഴ്ചയാണ്, പ്രജാധിപത്യമെന്ന ആശയമേയില്ല എന്ന വാദവുമായി ആരുവന്നാലും അതു ശുദ്ധമായ ഭോഷ്കാണെന്നു മറുപടി നല്കേണ്ടിവരും. പ്രജാധിപത്യചിന്തയുടെ മൂര്‍ത്തിമദ്ഭാവമായി പല ദൗര്‍ബല്യങ്ങളും ഉണ്ടായിരുന്നിരിക്കണം. അവയില്‍ ഒന്നുപോലും കാണാതെ നോവലിസ്റ്റ് അവരെ ആലേഖനം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ഭാഷയും “ആദര്‍ശവത്ക്കരിക്കപ്പെട്ടു; അത്യുക്തി കലര്‍ന്നതായി; സ്ഥൂലീകരനം ഉള്ളതായി. ആ ഭാഷ റൊമാന്‍സിന്റേതാണ്. ഇത് ഉപയോഗിച്ച് സി.വി. ആഖ്യാനം നിര്‍വഹിച്ചു. ആ ആഖ്യാനസ്രോതസ്വിനിയിലൂടെ അനുവാചകര്‍ സഞ്ചരിച്ചു അനായാസമായി. അങ്ങനെ സഞ്ചരിക്കുമ്പോള്‍ യൂറോപ്പിലെ മധ്യകാല റൊമാന്‍സ് പ്രദാനം ചെയ്ത കാഴ്ചകള്‍ തിരുവിതാംകൂറിലെ വായനക്കാരും കണ്ടു. ‘മാര്‍ത്താണ്ഡവര്‍മ്മ’ എന്ന നോവല്‍ നോക്കുക. വെട്ടുകൊണ്ടു ക്ഷതാംഗനായി കിടക്കുന്ന യുവാവിനെ ചിലര്‍ എടുത്തുകൊണ്ടു പോകുന്നു. യുവരാജാവിനെ വധിക്കാന്‍വരുന്നവരെ അവിടെ ചാടിവീഴുന്ന ഭ്രാന്തന്‍ ഓടിക്കുന്നു, മാങ്കോയിക്കല്‍ ഭവനം തീപിടിക്കുമ്പോള്‍ ‘അടിയന്‍ ലച്ചിപ്പോം’ എന്നു പറഞ്ഞ് അതേ ഭ്രാന്തന്‍ എവിടെനിന്ന് എന്നില്ലാതെ പ്രത്യക്ഷനാകുന്നു. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍ ‘ധര്‍മ്മരാജാ’യിലും ‘രാമരാജാ ബഹദൂറി’ലുമുണ്ട്. വായനക്കാരുടെ കണ്ണുകള്‍ക്ക്, ആഹ്ലാദമരുളുന്ന മനോഹരങ്ങളായ വര്‍ണ്ണനകളാണ് അവ. രാമരാജാബഹദൂറിലെ പേരുകേട്ട ‘മല്ലയുദ്ധ’വും അതുപോലെതന്നെ.
പക്ഷേ ഇവ അനുവാചകന്റെ നേത്രയവനികയാല്‍ ചെന്നു വീണിട്ട് കാണുന്നു എന്ന ബോധമുളവാക്കിയിട്ട് അപ്രത്യക്ഷങ്ങളാകുന്ന വര്‍ണ്ണനകള്‍ മാത്രമല്ലേ? വാക്യവിസ്താരകമായ ബഹിര്‍ഭാഗസ്ഥതയല്ലാതെ അവയ്ക്കു വേറെന്തുണ്ട്? വായനക്കാരന്റെ ഹൃദയവിപഞ്ചികയിലെ ഒരു തന്ത്രിയെയെങ്കിലും അവ സ്പര്‍ശിക്കുന്നുണ്ടോ? വര്‍ണ്ണനകള്‍ക്കുവേണ്ടി മാത്രമുള്ള വര്‍ണ്ണനകളാണ് സി.വി.രാമന്‍പിള്ളയുടേത്. അദ്ദേഹം വര്‍ണ്ണിക്കുന്ന സംഭവത്തിന്റെ ഉപരിതലമേ വായനക്കാരന്‍ കാണുന്നുള്ളു. ഒരു വര്‍ണ്ണനയ്ക്കും ചൈതന്യത്തിന്റെ ശക്തിയില്ല. അതിനാലാണ് സി.വിയുടെ നോവലുകള്‍ വായിക്കുമ്പോള്‍ സാഗര തീരത്തു ചെന്നുനില്ക്കുന്ന പ്രതീതി ഉളവാകാത്തത്: അതിനാലാണ് നക്ഷത്രങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തിനു താഴെ നില്ക്കുമ്പോള്‍ ഉണ്ടാകുന്ന ഉദാത്താനുഭവം ജനിക്കാത്തത്; അതിനാലാണ് വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു നില്ക്കുന്ന കൊടും കാന്താരത്തില്‍ പ്രവേശിക്കുമ്പോള്‍ ജനിക്കുന്ന ഉദാത്തവികാരം ഉദ്ഭവിക്കാത്തത്.
രാജഭക്തിയോടു ബന്ധപ്പെട്ട സന്‍മാര്‍ഗ്ഗത്തിന്റെയും സദാചാരത്തിന്റെയും ഉദ്ഘോഷകനാണ് സി.വി.രാമന്‍പിള്ള. ആ സന്‍മാര്‍ഗത്തിന്റെയും സദാചാരത്തിന്റെയും ശാശ്വത പ്രതീകങ്ങളായ നായികമാര്‍ക്കു കുഴഞ്ഞാട്ടക്കാരികളാകാന്‍ വയ്യ. അങ്ങനെ അവര്‍ അന്തസ്സും കുലമഹിമയും അഭിമാനവും വിടാതെ സംസാരിക്കുന്നു. പ്രവര്‍ത്തിക്കുന്നു. പികാസോ വരയ്ക്കുന്ന സ്ത്രീകളെപ്പോലെയുള്ളവരെ ഈ ലോകത്തു കാണാനൊക്കുകയില്ല. കണ്ടാല്‍ നമ്മള്‍ പേടിച്ചോടുകയും ചെയ്യും. സമകാലിക സമുദായത്തില്‍ മീനാക്ഷി, സാവിത്രി, സുഭദ്ര ഇവരെപ്പോലെയുള്ള സ്ത്രീകളില്ല. എങ്കിലും പികാസോയുടെ സ്ത്രീരൂപങ്ങള്‍ കലാത്മകങ്ങളാണ്, സി.വി.യുടെ നായികമാരും ഒരളവില്‍ വിശ്വാസ്യതയുളവാക്കുന്നു. പാറുക്കുട്ടി ഒഴിച്ചുള്ള നായികമാരില്‍ പുരുഷത്വത്തിന്റെ ചെമ്പ് ചേര്‍ന്ന് അവര്‍ തമ്പാക്ക് എന്നുപറയുന്ന ലോഹമായി മാറിയിരിക്കുകയാണ്. അക്കാരണത്താല്‍ സ്വര്‍ണ്ണത്തെ നമ്മള്‍ ഇഷ്ടപ്പെടുന്നതു പോലെ തമ്പാക്കിനെ ഇഷ്ടപ്പെടുന്നില്ല. അവര്‍ കമിതാക്കളെ പ്രേരിപ്പിക്കുകയല്ല, അവരോടു യുദ്ധം ചെയ്യുകയണെന്നേ തോന്നൂ. യുദ്ധപ്രവണതയുള്ള മട്ടിലാണ് അവരുടെ സംസാരവും. കേട്ടാലും:
- ത്രിവിക്രമന്‍
- അമ്മച്ചീ, ഇവിടത്തെ സാവിത്രിക്കുട്ടി, ഞാന്‍ കൊച്ചിലേ എഴുന്നള്ളിച്ചുകൊണ്ടു നടന്നിരുന്ന കുണ്ടാമണ്ടിക്കുടുക്ക, എങ്ങോട്ട് ഉരുണ്ടുപോയി?
- സാവിത്രി
- ഒരാളിനു മൂക്കിന്റെ താഴെ പുരികം കുരുത്തപ്പോള്‍ കണ്ണ് വായ്ക്കകത്തായിപ്പോയി.
- ത്രിവിക്രമന്‍
- ദേവസ്ത്രീകളെ കണ്ടാല്‍ നമ്മുടെ കണ്ണഞ്ചിപ്പോവൂല്ലയോ അമ്മച്ചീ (രാമരാജാബഹദൂര്‍)
നോവലിലെ വെള്ളക്കടലാസ്സിലെ കറുത്ത അക്ഷരങ്ങളില്‍നിന്ന് എഴുന്നേറ്റുവരികയല്ല സാവിത്രി. സി.വി.രാമന്‍പിള്ള സര്‍ഗ്ഗശക്തികൊണ്ട് അവള്‍ക്കു രൂപംകൊടുക്കുകയല്ല. നിര്‍മ്മിച്ചു വിടുകയാണ്. കണ്‍സ്റ്റ്രക്റ്റ് ചെയ്യുകയാനെന്ന് ഇംഗ്ലീഷ് വാക്കുപയോഗിച്ചാല്‍ എന്റെ ആശയം വ്യക്തമാകും. ഹരിപഞ്ചാനനയുഗ്മത്തിന്റെ സൃഷ്ടിയില്‍ സ്ഥൂലീകരനം വന്നിട്ടുണ്ടെങ്കിലും ഭാവനാശാലിക്കേ അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാനാവൂ. ആ കഥാപാത്രങ്ങളില്‍ കാണുന്ന വീരധര്‍മ്മാത്മകത്വം സി.വി.രാമന്‍പിള്ലയുടെ മാനസിക ഘടനയുടെ അരംശമായതുകൊൻട് സ്ത്രീകഥാപാത്രങ്ങളിലും അതു കടന്നുവരുന്നു. അതിനാല്‍ അവ ധിഷണയ്ക്കു വിശ്വാസ്യത നല്കുന്നില്ല. കോമിക് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന വേളയില്‍ സി.വി.രാമന്‍പിള്ളയ്ക്ക് ഈ അവിദഗ്ദ്ധത ഉണ്ടാകുന്നുമില്ല.
സി.വി.രാമന്‍പിള്ള മലയാള സാഹിത്യാന്തരീക്ഷത്തിലെ നക്ഷത്രമാണ്. പക്ഷേ ആ നക്ഷത്രങ്ങളെക്കാള്‍ ശോഭയുള്ള എത്രയോ നക്ഷത്രങ്ങള്‍ വിശ്വസാഹിത്യാന്തരീക്ഷത്തിലുണ്ട്. അവയെക്കാള്‍ നമുട്ടെ താരത്തിനു തിളക്കമുണ്ട് എന്നു പറയുന്നതിനോടു യോജിക്കാന്‍ ഈ ലേഖകനു കഴിയുന്നില്ല. എന്തുകൊണ്ടു കഴിയുന്നില്ല എന്നത് വ്യക്തമാക്കാനാണ് ഞാന്‍ യത്നിച്ചത്. തിരുവിതാംകൂര്‍ ചരിത്രത്തിലെ ചില സംഭവങ്ങളെ ചിലപ്പോള്‍ കാല്പനികമായും മറ്റു ചിലപ്പോള്‍ യഥാര്‍ത്ഥമായും ആവിഷ്കരിച്ച നല്ല നോവലിസ്റ്റാണ് സി.വി. എന്നാല്‍ മറ്റൊരു ചരിത്ര നോവലായ ‘വാര്‍ ആന്‍ഡ് പീസി’ലെ ട്രാജഡിയും കോമഡിയും ഈ ആഖ്യായികകളില്‍ കാണാമെന്നു വ്യാമോഹിക്കരുത്.
- ↑ കാള ചുവപ്പുകണ്ടാല്‍ വിരണ്ടോടുമെന്നത് തെറ്റിദ്ധാരണയാണ്. ഒരു ശൈലിയെന്ന നിലയില്‍ ഞാനിങ്ങനെ എഴുതിയെന്നേയുള്ളു. Last word = Clossing remark.
|
|
|