നൂറുവര്‍ഷമോ, നൂറുദിവസമോ?
നൂറുവര്‍ഷമോ, നൂറുദിവസമോ? | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണൻ നായർ |
മൂലകൃതി | ശരത്ക്കാലദീപ്തി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ് |
വര്‍ഷം |
1993 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 147 |
വിശ്വവിഖ്യാതനായ കലാനിരൂപകന്‍ ആര്‍നൊള്‍റ്റ് ഹൗസറുടെ ഒരു ഗ്രന്ഥത്തില്‍ സാഹിത്യസൃഷ്ടികളിലോ ദാര്‍ശനികപ്രബന്ധങ്ങളിലോ ഇല്ലാത്ത മാനങ്ങള്‍ കണ്ടെത്തുന്ന നിരൂപകരെക്കുറിച്ചു പ്രസ്താവങ്ങളുണ്ട്. ഓര്‍മ്മ നല്കുന്ന ബലം അവലംബിച്ചുകൊണ്ട് അവ ഇവിടെ കുറിച്ചിടട്ടെ. ഫ്രഞ്ച് തത്ത്വചിന്തകന്‍ ബര്‍ഗ്സോങ്ങിന്റെ ദര്‍ശനത്തെക്കുറിച്ചു ബര്‍നാഡ്ഷാ ചില വിശദീകരണങ്ങള്‍ നല്കിയപ്പോള്‍ തന്റെ ഗ്രന്ഥങ്ങളില്‍ അവയ്ക്കൊന്നും സ്ഥാനമില്ലെന്ന് ആ തത്ത്വജ്ഞാനി പറഞ്ഞു. അപ്പോള്‍ ഷാ മറുപടി നല്കിയത്: “ചങ്ങാതീ, നിങ്ങള്‍ നിങ്ങളുടെ തത്ത്വചിന്തയെക്കുറിച്ചു മനസ്സിലാക്കിയതിനേക്കാള്‍ കൂടുതലായി ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്” എന്നാണ്. സ്പെയിനില്‍ ഊനാമുനോ എന്ന തത്വചിന്തകനുണ്ടായിരുന്നു. “ഡോണ്‍ ക്വിക്സോട്ട്” എന്ന നോവലെഴുതിയ തെര്‍വാന്‍റസിനു തന്റെ കഥാപാത്രമായ ഡോണ്‍ക്വിക്സോട്ടിനെ വേണ്ടപോലെ മനസ്സിലായിട്ടില്ലെന്ന് ആ സ്പാനിഷ് ദാര്‍ശനികന്‍ അഭിപ്രായപ്പെട്ടു. “ഇത് എന്റെ ചിത്രമല്ല” എന്ന് ഒരാള്‍ ചിത്രം വരച്ചയാളിനോടു പറഞ്ഞപ്പോള്‍ “നിങ്ങള്‍ എങ്ങനെയാണോ അതില്‍ക്കവിഞ്ഞ് ഈ ചിത്രത്തിനു നിങ്ങളോടു സാദൃശ്യമുണ്ടെ”ന്നു ചിത്രകാരന്‍ മറുപടി നല്‍കി. ടേണറെക്കുറിച്ചു റസ്കിന്‍ എഴുതിയതൊക്കെ ശരിയോ തെറ്റോ എന്ന് ആലോചിക്കേണ്ടതില്ല എന്നായിരുന്നു ഓസ്കര്‍ വൈല്‍ഡിന്റെ മതം. കലാകാരന്‍ സമ്മതിച്ചാലും ഇല്ലെങ്കിലും കലാസൃഷ്ടികളില്‍ നൂതനമാനങ്ങള്‍ കാണുന്നവനാണ് നിരൂപകന്‍ എന്നാണ് ഇതിന്റെയൊക്കെ അര്‍ത്ഥം. ഈ മാനദര്‍ശനത്തെയാണ് അല്ലെങ്കില്‍ അര്‍ത്ഥപ്രദര്‍ശനത്തെയാണ് ഇറ്റലിയിലെ നോവലിസ്റ്റും ബോലോന്യാ (Bologna) സര്‍വകലാശാലയില്‍ സീമിയോട്ടിക്സ് പ്രഫെസറുമായ ഉമ്പര്‍ടോ എകോ (Umberto Eco) Over-interpretation എന്നു വിളിക്കുന്നത് Over-interpretation എന്ന ഇംഗ്ലീഷ് പദത്തിന് അതിവ്യാഖ്യാനമെന്നോ അവിവിരണമെന്നൊ ഭാഷാന്തരീകരണം നല്കാം. നിരൂപകന്റെ മുമ്പിലിരിക്കുന്ന രചനയ്ക്കു (ടെക്സ്റ്റ് എന്ന് എകോ) അയാള്‍ കൊടുക്കുന്ന വ്യാഖ്യാനം അല്ലെങ്കില്‍ അതിവ്യാഖ്യാനം എന്നതിനെക്കുറിച്ചുള്ള വിശിഷ്ടമായ ഗ്രന്ഥമാണ് Umberto Eco, Inetpretation Over iterpretation എന്നത്. ഇതു നിരൂപണസാഹിത്യത്തിലെ ഒരു നാഴികക്കല്ലായി മാറിയിരിക്കുന്നു. (Umberto Eco with Richard Rorty, Jonathan Cullor and Christine Brooke-Rose. Edited by Stefan Collini, Cambridge Univ., Special price for India Rs.295.) കേയിംബ്രിജ്ജില്‍ എകോ നടത്തിയ മൂന്നു പ്രഭാഷണങ്ങളും അവയ്ക്കു മൂന്നു ധിഷണശാലികള്‍ നല്കിയ മറുപടികളും അവയ്ക്കുള്ള എകോയുടെ മറുപടിയും ഉള്‍ക്കൊള്ളുന്നു ഈ ഗ്രന്ഥം.
എകോയുടെ പ്രഭാഷണങ്ങളിലേക്കു കടക്കുന്നതിനുമുന്‍പു പൂര്‍വപീഠിക എന്ന നിലയില്‍ “ഡികണ്‍സ്ട്രക്സ്ഷന്‍” എന്ന ചിന്താപദ്ധതിയെക്കുറിച്ചു ചിലതു പറയേണ്ടിയിരിക്കുന്നു. ഫ്രഞ്ച് തത്ത്വചിന്തകന്‍ ഷാക്ദെറീദയാണ് ഇതിന്റെ ഉദ്ഘോഷകന്‍. എഴുത്തുകാരന്‍ എന്തു സൃഷ്ടിക്കുന്നുവെന്നു വിചാരിക്കുന്നുവോ അതില്‍നിന്നു വിഭിന്നമായ കഥയാണ് രചന പറയുന്നത് എന്ന് അദ്ദേഹം കരുതുന്നു. വേറൊരുരത്തില്‍ ഈ ആശയം ആവിഷ്കരിക്കാം. രചനയ്ക്ക് ഒരര്‍തഥമുണ്ട് എന്നു കരുതുന്നതു ശുദ്ധമായ ഭോഷ്കാണ്. കാരണം ഭാഷ എന്ന പഞ്ജരത്തിനകത്ത് അര്‍ത്ഥമില്ല എന്നതുതന്നെ. ഭാഷയെന്നു പറഞ്ഞാല്‍ വിഭിന്നതയാണ്. ശബ്ദത്തിന്റെ (ഒച്ചയെന്ന അര്‍ത്ഥത്തില്‍) വിഭിന്നതകള്‍ മാത്രമാണ് അര്‍ത്ഥമുണ്ടാക്കുന്നത്. ഉദാഹരണം Pin, Pen.അങ്ങനെ രചനയും അര്‍ത്ഥവും തമ്മിലുള്ള ബന്ധത്തെ ദെറീദ ഛേദിച്ച് എറിയുന്നു. രചനയിലെ ഭാഷയിലൂടെ കടന്നു ഭാഷാപരമല്ലാത്ത സാരാംശത്തിലേക്ക് — അര്‍ത്ഥത്തിലേക്ക് — ചെല്ലാനാവില്ല എന്നു ദെറീദ സ്ഥാപിക്കുന്നു. അപ്പോള്‍ എന്താണ് ചെയ്യേണ്ടത്? ഒരിക്കലും സാകല്യാവസ്ഥയിലുള്ള അര്‍ത്ഥത്തില്‍ ചെല്ലാനാവില്ലെങ്കിലും വ്യാഖ്യാനങ്ങളില്‍ — അതിവ്യാഖ്യാനങ്ങളില്‍ — സ്വതന്ത്രവിഹാരം നടത്തുകയാണു വേണ്ടത്. അതിനു ദെറീദ വായനക്കാരെ ആഹ്വാനം ചെയ്യുന്നു. രചനയെ തകര്‍ക്കണം. വികേന്ദ്രീകരണം. തകര്‍ക്കലും വികേന്ദ്രീകരിക്കലും എന്താണെന്നു സംശയം ജനിപ്പിക്കുന്നുണെങ്കില്‍ — അപഗ്രഥിക്കല്‍ എന്ന പദം ആയിക്കൊള്ളട്ടെ. അമ്മട്ടില്‍ അപഗ്രഥിച്ച് അപഗ്രഥിച്ചു ചെല്ലുമ്പോള്‍ ധാതുക്കളെ വരെ അപഗ്രഥിക്കേണ്ടിവരും. ആ സന്ദര്‍ഭത്തില്‍ അന്യോന്യ വിരുദ്ധങ്ങളെങ്കിലും ആധിക്യമുള്ള അര്‍ത്ഥങ്ങള്‍ വെളിപ്പെട്ടുവരും. ദെറീദയുടെ ഈ സിദ്ധാന്തം പിന്തിരിപ്പനാണെന്ന് അല്പജ്ഞാനായ എനിക്കു പറയാന്‍ എന്തധികാരം? എങ്കിലും അങ്ങനെ പറഞ്ഞുകൊള്ളട്ടെ. കലയുടെ രാമണീയകത്തെ വൈരൂപ്യമാക്കുന്നു ഇത് എന്നതു നമുക്കു മറക്കാം. മേശയെ കണ്ടാല്‍ മേശ എന്ന വസ്തുവായി അതിനെ പരിഗണിച്ച് ആശയങ്ങള്‍ ആവിഷ്കരിച്ചുകൂടെ? മേശയെ മോളിക്യൂളായും ആറ്റമായും, ആറ്റത്തെ ഇലക്ട്രോണായും പ്രോട്ടോണായും കണ്ടേ തീരൂ എന്നുണ്ടോ? ദെറീദ മേശയെ മേശയായി കാണുന്നില്ല; ഇലക്ട്രോണായും പ്രോട്ടോണായും കണ്ട് അവ വിഭിന്നത ആവഹിക്കുന്നു എന്നു പ്രഖ്യാപിക്കുകയാണ്.
ദെറീദയുടെയും അദ്ദേഹത്തിന്റെ സ്വാധീനശക്തിയില്‍ അമര്‍ന്ന ചില അമേരിക്കന്‍ നിരൂപകരുടെയും സിദ്ധാന്തങ്ങള്‍ ശരിയാണെന്നു കരുതി അനന്തങ്ങളായ അര്‍ത്ഥങ്ങള്‍ രചനകളില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന രീതിയെ എകോ നിന്ദിക്കുന്നു. വ്യാഖ്യാനങ്ങള്‍ക്ക് അതിരുണ്ട്. അതിവ്യാഖ്യാനങ്ങളെ നിരാകരിക്കുകയും വേണം. ഇതാണ് അദ്ദേഹത്തിന്റെ നിലപാട് Interpretation and History എന്നാണ് ആദ്യത്തെ പ്രഭാഷണത്തിന്റെ പേര്. ഭാഷയിലെ നിഗൂഢാര്‍ത്ഥങ്ങളെ കണ്ടുപിടിക്കുനവരുടെ ദീര്‍ഘചരിത്രത്തെ പ്രതിപാദിക്കുകയാണ് അതില്‍. പണ്ട് കാലിഫ് ആജ്ഞാപിച്ചു അലക്സാണ്ട്റിയയിലെ ഗ്രന്ഥശാല നശിപ്പിക്കണമെന്ന്. കാരണമുണ്ടായിരുന്നു ആ നശിപ്പിക്കലിന്. ഒന്നുകില്‍ ഖുറാനില്‍ പറയുന്ന കാര്യങ്ങളേ ഗ്രന്ഥങ്ങളിലുള്ളു. അപ്പോള്‍ ആ ഗ്രന്ഥങ്ങള്‍ പ്രയോജനരഹിതങ്ങളായിത്തീരുന്നു. അല്ലെങ്കില്‍ ഖുറാനിലുള്ളവയില്‍നിന്നു വിഭിന്നമായിട്ടാവും ഗ്രന്ഥങ്ങളില്‍ പലതും പറഞ്ഞിരിക്കുക. അങ്ങനെയാനെങ്കില്‍ അവ തെറ്റാണ്; ദോഷജനകമാണ്. ഇവിടെ കാലിഫിനു സത്യമെന്തെന്ന് അറിയാം. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഗ്രന്ഥങ്ങളുടെ മൂല്യം നിര്‍ണയിച്ചു. പക്ഷേ, പിന്നീടുള്ളവര്‍ തങ്ങള്‍ക്കറിയാന്‍ പാടില്ലാത്ത സത്യത്തെയാണ് ഗ്രന്ഥങ്ങളില്‍ അന്വേഷിച്ചത്.
ജര്‍മ്മനിയിലാണ് ജനിച്ചതെങ്കിലും അമേരിക്കയില്‍ ചെന്നു താമസമാക്കിയ ഹാര്‍ട്മാന്‍ എന്ന നിരൂപകന്‍, രചനയോടു നിരൂപകന്‍ സത്യസ്ന്ധത പുലര്‍ത്തണം, അതിനെ വ്യാഖ്യാനിക്കണം. തന്നെയും വ്യാഖ്യാനിക്കണം എന്ന് അഭിപ്രായപ്പെട്ടു. നമ്മുടെ ആവശ്യകതകളും കാഴ്ചപ്പാടുകളും എപ്പോഴും മാറികൊണ്ടിരിക്കുന്നതിനാല്‍ പ്രകൃതിയെക്കുറിച്ചു സുനിശ്ചിതമായി ഒന്നും പറയാനാവില്ല എന്നാണ് അദ്ദേഹത്തിന്റെ മതം. അതുപോലെ രചനയെക്കുറിച്ചും നിര്‍ണായകമായി ഒന്നും പ്രസ്താവിക്കാന്‍ കഴിയുകയില്ല. ഹാര്‍ട്മാന്റെ സ്ഥൂലീകരിച്ച, നീതിപഥംവിട്ട വ്യാഖ്യാനങ്ങളെ എകോ വിമര്‍ശിക്കുന്നു രണ്ടാമത്തെ പ്രഭാഷണത്തില്‍. വേഡ്സ്വര്‍ത്തിന്റെ ലൂസി കാവ്യങ്ങളില്‍ ഒന്നില്‍ കവി ഒരു പെണ്‍കുട്ടിയുടെ മരണം വര്‍ണിക്കുന്നു:
“I had no human fears
She seemed a thing that couldnot feel
The touch of earthly years.
No motion has she now, no force;
She neither hears nor sees,
Rolled round in earth’s diurnal course
With rocks and stones and trees”
ഇതില്‍ ശവസംസ്കാരത്തോടുബന്ധപ്പെട്ട അര്‍ത്ഥസൂചനകളുണ്ടെന്നു ഹാര്‍ട്മാന്‍ പറയുന്നു (Funeral molifs) അവ രചനയുടെ ഉപരിതലത്തിനു താഴെ മറഞ്ഞിരിക്കുകയാണത്രേ. കവിയുടെ diurnal course എന്ന പ്രയോഗത്തെ die എന്നും urn എന്നും ഹാര്‍ട്മാന്‍ പിരിച്ചെഴുതുന്നു. ദിവസത്തെ സംബന്ധിക്കുന്ന എന്ന അര്‍ത്ഥമുള്ള diurnal എന്ന പ്രയോഗത്തെ മരണത്തോടും (die)ചിതാഭസ്മം വയ്ക്കുന്ന പാത്രത്തോടും (urn) നിരൂപകന്‍ ബന്ധിപ്പിക്കുന്നു. course എന്ന പദത്തിന്റെ ആദ്യകാലത്തെ ഉച്ചാരണം Corpse (ശവം) എന്നായിരുന്നുവെന്നും ചുണ്ടിക്കാണിക്കുന്നു. വേഡ്സ്വര്‍ത്തിന്റെ tress എന്ന വാക്കിലെ അക്ഷരങ്ങള്‍ മാറ്റിമറിച്ചിട്ടാല്‍ tears ആകുമെന്നും ഹാര്‍ട്മാന്‍ എഴുതുന്നു. (ഇത് അത്രകണ്ട് ശരിയല്ലെന്നു ഏകോ). പദങ്ങള്‍ കേള്‍ക്കുമ്പോഴുണ്ടാകുന്ന പ്രത്യക്ഷമായ ശബ്ദസാദൃശ്യമായി കരുതുകയാണ് ഈ നിരൂപകന്‍) ഇതു ശുദ്ധമായ അസംബന്ധമാണെന്നു പറയാന്‍ എകോ വേണ്ട; നമ്മള്‍ മാത്രം മതി. എങ്കിലും മാന്യനായ എകോ മൃദുലങ്ങളായ വാക്കുകള്‍ പ്രയോഗിച്ചു ഹാര്‍ട്മാടെ മതത്തോടു വിയോജിപ്പു പ്രകടിപ്പിക്കുന്നു.
എഴുത്തുകാരനു തന്റെ രചനയുടെ വ്യാഖ്യാതാവായി നില്ക്കാന്‍ അര്‍ഹതയുണ്ടോ എന്നു പരിശോധിക്കുകയാണ് എകോ മൂന്നാമത്തെ പ്രഭാഷണത്തിൽ.രചനയ്ക്കു മുമ്പുള്ള എഴ്ത്തുകാരന്റെ അന്തര്‍ഗതം മനസ്സിലാക്കി അതിനെ വ്യാഖ്യാനിക്കുന്നതു ശരിയല്ലെങ്കിലും നിരൂപകന്‍ നല്കുന്ന ചില വ്യാഖ്യാനങ്ങള്‍ തെറ്റാണെന്നു പറയാന്‍ എഴുത്തുകാരന് അധികാരമുണ്ടെന്ന് എകോ അസന്ദിഗദ്ധമായി പ്രസ്താവിക്കുന്നു “A poet couldnot but be gay”എന്നത്. വേഡ്സ് വര്‍ത്തിന്റെ ഒരു വരിയാണ്. കവിക്ക് ആഹ്ലാദിക്കാതിരിക്കാന്‍ വയ്യ എന്നാണല്ലോ കവിവചനത്തിന്റെ അര്‍ത്ഥം. എന്നാല്‍ gay എന്ന വാക്കിനു സ്വവര്‍ഗാനുരാഗമുള്ള എന്ന അര്‍ത്ഥവുമുണ്ട്. അതുകൊണ്ട് കവിക്കു സ്വ്വവര്‍ഗാനുരാഗമുള്ളവനാകാതെ തരമില്ല എന്ന അര്‍ത്ഥം പറഞ്ഞാലോ”.
വേഡ്സ് വര്‍ത്ത് അതെഴുതിയപ്പോള്‍ അദ്ദേഹത്തിന്റെ തലച്ചോറില്‍ എന്താശയമുണ്ടായിരുന്നുവെന്ന് എങ്ങനെ പറയാം? ഇമ്മട്ടിലൊക്കെ ചോദിക്കാവുന്നതേയുള്ളു. പക്ഷേ നിരൂപകനു ചെയ്യാവുന്നത് വേഡ്സ് വര്‍ത്തിന്റെ കാലത്ത് ഉണ്ടായിരുന്ന ശബ്ദകോശ സംബന്ധിയായ വ്യവസ്ഥയനുസരിച്ച് അതിന് അര്‍ത്ഥം നല്കുക എന്നതുമാത്രമാണ്. [വേഡ്സ് വര്‍ത്ത് എഴുതുന്ന കാലത്തു ഗെയ് (gay)പദത്തിനു സ്വവര്‍ഗാനുരാഗപരമായ അര്‍ത്ഥമില്ലായിരുന്നു.]
ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് എഴുതിയതു പോലെ മൂന്നുപേരാണ് എകോയുടെ വാദങ്ങളെ ഖണ്ഡിക്കുന്നത്. നൂതനമായി ആവിര്‍ഭവിച്ച ഒരു ഗ്രന്ഥത്തിന്റെ സവിശേഷത എന്തെന്നു സൂചിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചിട്ടുള്ള ഈ ലേഖനത്തില്‍ ഓരോ വ്യക്തിയുടെയും ദുര്‍ഗ്രഹങ്ങളായ വാദങ്ങളെ സംഗ്രഹിച്ചുപോലും അവതരിപ്പിക്കാന്‍ വയ്യ.
ആദ്യത്തെ ഖണ്ഡനക്കാരന്‍ ഹോര്‍ടിയാണ്. രചനയ്ക്ക് ഒരു സ്വഭാവം മാത്രമേയുള്ളു. അതു മനസ്സിലാക്കുകയാണ് നിരൂപകന്റെ കടമയെന്ന് എകോ പറയുന്നത് തെറ്റാണെന്നാണ് ഹോര്‍ടിയുടെ വാദം. രചനയില്‍ രഹസ്യാംശങ്ങളെ തേടുന്നത് ശരിയല്ല എന്ന ഏകോയുടെ അഭിപ്രായം അസംബന്ധമാണെന്നുകാണിക്കാന്‍ അദ്ദേഹത്തിന്റെ രണ്ടു നോവലുകളിലും “(The Name of the Rose.” “Foucault’s Pendulum”)രഹസ്യാംശങ്ങളുണ്ടെന്നു ഹോര്‍ടി ചൂണ്ടിക്കാണിക്കുന്നു.
ഹോര്‍ടി പ്രഫെസറാണ്. എകോയെ എതിര്‍ക്കുന്ന കൂലറും പ്രഫസര്‍തന്നെ. രചനകള്‍ അദ്ഭുത പ്രതീതി ഉളവാക്കണമെന്നും അതിവ്യാഖ്യാനം ആ പ്രതീതി ജനിപ്പിക്കുന്നില്ലെങ്കില്‍ അതു ദുഃഖദായകമാണെന്നും പറയുന്ന കൂലര്‍ ഭംഗ്യന്തരേണ അതിവ്യാഖ്യാനത്തെ നീതിമത്കരിക്കുകയാണ്. എകോയുടെ നോവലുകള്‍തന്നെ ആ അദ്ഭുതപ്രതീതി ജനിപ്പിക്കുന്നുവെന്നു പറഞ്ഞു കൂലൂര്‍ അദ്ദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിക്കുന്നു. റോസ് എന്ന നോവലിസ്റ്റാണ് മൂന്നാമതായി എകോയെ വിമര്‍ശിക്കുന്നത്. രചനകളിലെ റിയലിസത്തെ എല്ലാക്കാലത്തും എതിര്‍ത്തിട്ടുള്ള ഈ നോവലെഴുത്തുകാരി സല്‍മാന്‍ റുഷ്ദിയുടെ The Satanic Verses, കാര്‍ലോസ് ഘേന്തസിന്റെ Terra Nostra യുഗോസ്ലാവിയയിലെ നോവലിസ്റ്റ് പാവിച്ചിന്റെ (Miloraad Pavic) Dictionary of Kazars, മാര്‍കേസിന്റെ A Hundred years of Solitude, തോമസ് പിഞ്ചിന്റെ Gravity’s Rainbow, റോബര്‍ട് കൂവറുടെ The Public Burning, ഏകോയുടെ The Name of the Rose, Foucault’s Pendulum ഇവയെ വാഴ്ത്തി നവീനവും നവീനതരവും നവീനത്വുമായ രചനകള്‍ക്കുള്ള അധീശസ്വഭാവം വ്യക്തമാക്കുന്നു. (പാവിച്ചിന്റെ നോവലും ഈ ലേഖകന്‍ വായിച്ചിട്ടുണ്ട്. അത് അത്രയ്ക്കു കലാഭംഗിയാര്‍ന്നതാണോ എന്നു സംശയമുണ്ട് എനിക്ക്.) അന്യരുടെ രചനകളിലെ ഭംഗിയേറിയ അംശങ്ങളെ സ്വായക്തമാക്കുന്ന റുഷീദി ഘേന്തസിന്റെ Terra Nostra-യില്‍നിന്ന് സ്വന്തമാക്കിയ ഒരു ഭാഗത്തെറോസ് എടുത്തു കാണിക്കുന്നുണ്ട്.) എകോയുടെ വാദങ്ങളെ റോസ് ഖണ്ഡിക്കുന്നില്ലെങ്കിലും മറ്റുകൃതികള്‍ക്കു നല്കുന്ന പ്രശംസയിലൂടെ അവര്‍ അതിവ്യാഖ്യാനം ശരിയെന്നു സ്ഥാപിക്കുകയാണ്.
ഈ മൂന്നുപേര്‍ക്കും എകോ നല്കുന്ന മറുപടി തികച്ചും ഉജ്ജെഅലമാണ് — ധിഷണാശക്തിയുടെ പാരമ്യം അതിലുണ്ടെന്നുപോലും പ്രസ്താവിക്കാന്‍ താന്‍ സന്നദ്ധനാണ്. വസ്തുതകളെ ആവിഷ്കരിക്കുന്ന ഭാഷയ്ക്ക് ആ വസ്തുതകളില്‍നിന്ന് ഒരിക്കലും മാറിനില്ക്കാനാവില്ലെന്നു സ്ഥാപിച്ചു രചനകള്‍ക്ക് അവയുടേതായ സ്വഭാവമുണെന്നു വ്യക്തമാക്കിത്തരുന്നു എകോ. നീതിയുക്തമായ വ്യാഖ്യാനങ്ങളില്‍ കവിഞ്ഞുള്ള രചനയുടെ സ്വഭാവം സമ്മതിക്കുന്ന വ്യാഖ്യാനത്തെ അതിശയിച്ചുള്ള — ഏത് അതിവ്യാഖ്യാനവും അയഥാര്‍ത്ഥമാണെന്ന് അദ്ദേഹം സ്പഷ്ടമാക്കുന്നു. രചയുടെ ലക്ഷ്യം വ്യാഖ്യാനത്തിനു പരിധി കല്പിക്കുന്നു എന്ന എകോയുടെ മതം എത്രകണ്ടു ശരിയാണെന്നു മനസ്സിലാക്കണമെങ്കില്‍ വെഡ്സ് വര്‍ത്തിന്റെ ലൂസികാവ്യത്തിനു നിരൂപകന്‍ നല്കിയ അതിവ്യാഖ്യാനത്തിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ മതി. അടിസ്ഥാനപരങ്ങളായ മാനുഷികമൂല്യങ്ങളെ ധ്വംസിക്കുകയാണു ദെറീദയും കൂട്ടുകാരും. അവര്‍ക്കുള്ള എകോയുടെ ഈ മറുപടി രചനയെ ശരിയായി ആസ്വദിക്കുന്നതിനു നമ്മളെ സഹായിക്കുന്നു. ആ നിലയിലാണ് ഞാന്‍ ഈ ഗ്രന്ഥത്തെ നിരൂപണമാര്‍ഗത്തിലെ നാഴികക്കല്ലായി കാണുന്നത്.
നൂറുവര്‍ഷമോ, നൂറുദിവസമോ?
“Zen and The Art of Motorcycle Maintenance”എന്ന തത്ത്വചിന്താത്മകമായ നോവല്‍ 1974-ല്‍ പ്രസിദ്ധപ്പെടുത്തിയ പിര്‍സിഗ് ‘രായ്ക്കുരാമാനം’ മഹായശസ്കനായി. അമേരിക്കല്‍ ഐക്യനാടുകളിലെ ഒരു സ്റ്റേറ്റായ മിനിസോറ്റയില്‍നിന്നു മറ്റൊരു സ്റ്റേറ്റായ കലിഫോര്‍ണിയയിലേക്കു മോട്ടര്‍സൈക്കിളില്‍ മകനുമൊത്തു സഞ്ചരിക്കുകയും സഞ്ചരിക്കുന്നതിനിടയില്‍ ദാര്‍ശനികങ്ങളായ പരികല്പനകള്‍ നടത്തുകയും ചെയ്യുന്നതാണ് ആ ഗ്രന്ഥത്തിലെ വിഷയം. വിശുദ്ധമായ ധൈഷണികാഹ്ലാദം നല്‍കുന്ന ദാര്‍ശനിക നോവലാണത്. വിശ്വവിഖ്യാതനായ നിരൂപകന്‍ ജോര്‍ജ് സ്റ്റൈനര്‍ ആരെയും അങ്ങനെ വാഴ്ത്തുന്ന ആളല്ല. അദ്ദേഹംപോലും പിര്‍സിഗിന്റെ രചനയെ പ്രശംസിച്ചത് ഇങ്ങനെയാണ്. “The analogies with Moby Dick are patent. Robert Pirsig invites the prodigious comparison.” ഈ നോവലെഴുതി പതിനേഴു വര്‍ഷം കഴിഞ്ഞപ്പോള്‍ പിര്‍ഗിസ് Lila — An Inquiry into Morals എന്നൊരു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി ചിന്തയുടെ ലോകത്തു പരിവര്‍ത്തനത്തിന്റെ അലകള്‍ ഇളക്കിവിട്ടിരിക്കുന്നു. ഇതിനെക്കുറിച്ചു ഗ്രന്ഥകാരനു തന്നെ അളവറ്റ ആദരമുണ്ട്. അഭിമാനമുണ്ട്. അദ്ദേഹം എഴുതുന്നു.“Zen and The Art of Motorcycle Maintenance” ആദ്യത്തെ ശിശുവാണ്…പക്ഷേ ഈ രണ്ടാമത്തെ ശിശുവിനാണ് ഉജ്ജ്വലത..ജനങ്ങള്‍ നൂറൂവര്‍ഷത്തിനുശേഷം ഈ രണ്ടു പുസ്തകങ്ങളും വായിക്കുകയാണെങ്കില്‍ ‘ലീല’ യായിരിക്കും കൂടുതല്‍ പ്രാധാന്യമുള്ളതായി അവര്‍ക്കു തോന്നുകയെന്ന് ഞാന്‍ ഭാവികഥനം നിര്‍വഹിച്ചുകൊള്ളട്ടെ.” ഈ പ്രസ്താവം ഗ്രന്ഥകാരന്‍മാരുടെ ദൗര്‍ബല്യമായി മാത്രം പരിഗണിച്ചാല്‍ മതി. ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് മാര്‍കോസ് ഓരോ നൂതനഗ്രന്ഥം പ്രസിദ്ധപ്പെടുത്തുമ്പോഴും അതാണു തന്റെ ഉല്‍കൃഷ്ടതമമായ കൃതിയെന്നു പറയുമായിരുന്നു. പക്ഷേ തന്റെ ആദ്യത്തെ നോവലിനെ അതിശയിക്കുന്ന ഒരു നോവലും അദ്ദേഹം പിന്നീട് എഴുതിയില്ല. ഇതുകൊണ്ടു പിര്‍സിഗിന്റെ ഈ പുതിയ നോവലിനു പ്രാധാന്യമില്ലെന്നാണ് എന്റെ പക്ഷമെന്ന് ആരും വിചാരിക്കരുതേ. പ്രാധാന്യമുണ്ട്. അതു മറ്റൊരുതരത്തില്‍.
‘ലീല’ എന്ന ഈ ദാര്‍ശനിക നോവലിന്റെ സമാരംഭത്തില്‍തന്നെ ഒരു കപ്പ് ചായയെക്കുറിച്ചുള്ള പ്രസ്താവമുണ്ട്. പുതിയ ചായയാണു നിങ്ങള്‍ക്കു കുടിക്കേണ്ടതെങ്കില്‍ കപ്പിലുള്ള പഴയ ചായ ദൂരെ ഒഴിച്ചുകളയണം. …നിങ്ങളുടെ മസ്തിഷ്കം അതുപോലെയൊരുകപ്പാണ്. അതിനു [പരിമിതത്വമുണ്ട്. ലോകത്തെക്കുറിച്ചു നിങ്ങള്‍ക്ക് എന്തെങ്കിലും അറിയണമെന്നുണ്ടെങ്കില്‍ അതുഗ്രഹിക്കാനായി ശിരസു ശൂന്യമാക്കണം. കപ്പിലുള്ള പഴയ ചായ ശബ്ദത്തോടെ ചലിപ്പിച്ചുകൊണ്ടു ജീവിതം മുഴുവന്‍ ചെലവഴിക്കാന്‍ വളരെ എളുപ്പമാണ്. പുതുതായി ഒന്നും പരീക്ഷിച്ചുനോക്കാത്തതുകൊണ്ടു പഴയതു മഹത്വമുള്ളതാണെന്നു നിങ്ങള്‍ കരുതും. കാരണം പഴയചായ വളരെ നല്ലതാണെന്നു വിചാരമുള്ളതുകൊണ്ടു നൂതനമായതിന്റെ പ്രവേശം അതു തടയുന്നു എന്നതുതന്നെ.”
ഇതൊരു മുന്നറിയിപ്പാണ്. തത്ത്വചിന്താത്മകമായി നമുക്ക് ആശയങ്ങളുണ്ടെങ്കില്‍ അവയെ നിര്‍മാർജനം ചെയ്തിട്ടുവേണം തന്റെ പുതിയ പുസ്തകം വായിക്കേണ്ടതെന്നു പിര്‍ഗിസ് നമ്മളെ അറിയിക്കുന്നു. അദ്ദേഹത്തിന്റെ നൂതനാശയങ്ങള്‍ ഏവ? അവ അറിയാന്‍ നമുക്കു കൗതുകമില്ലാതില്ല.
പ്ലേറ്റോ പറഞ്ഞത് ഏറ്റവും സത്യമായത് ഏറ്റവും സ്ഥിരമായി വര്‍ത്തിക്കുന്നതാണെന്ന്. അങ്ങനെ സ്ഥിതിരയുള്ളതിനു മാറ്റമേതെങ്കിലും വന്നാല്‍ അതുബഹിര്‍ഭാഗസ്ഥം മാത്രമാണെന്ന്. ഇമ്മട്ടില്‍ എന്തെല്ലാം മാറ്റങ്ങളൂണ്ടായാലും സ്ഥിരമായതിന്റെ സത്ത് ഒരിക്കലും മാറുന്നിലെന്നാണു പ്ലേറ്റോയുടെ വാദം. മറ്റാരും നല്‍കിയില്ല. ഞാന്‍ തന്നെ ഉദാഹരണങ്ങള്‍ നല്‍കുകയാണ്. എന്റെ മുമ്പില്‍ ഒരു ഇരുമ്പ് അലമാരി ഇരിക്കുന്നു. ഇന്ന് അതിലാകെ ചായം തേച്ചിട്ടുള്ളതുകൊണ്ടു തുരുമ്പില്ല. എന്നാല്‍ സംവല്‍സരങ്ങള്‍ കഴിയുമ്പോള്‍ ചായം ഇളകിപ്പോകും. അന്ന് തുരുമ്പ് അലമാരിയെ ആക്രമിക്കും. പിന്നെയും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അലമാരിയെ ആക്രമിക്കും. പിന്നെയും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തുരുമ്പുകൊണ്ട് അലമാരി മറഞ്ഞുപോകും. എങ്കിലും ഇരുമ്പ് എന്ന സത്തയ്ക്കു മാറ്റമില്ല. ഇനി നമുക്കു തകഴി ശിവശങ്കരപ്പിള്ളയുടെ ‘ചെമ്മീ’നെന്ന നോവലിലേക്കു വരാം. കറുത്തമ്മയും പരീക്കുട്ടിയും ദൃഢാനുരക്തര്‍. കറുത്തമ്മയ്ക്കു മറ്റൊരാളെ വിവാഹം കഴിക്കേണ്ടിവന്നു. പരീക്കുട്ടി ദുഃഖ പരവശനായി കടപ്പുറത്ത് അലഞ്ഞുതിരിഞ്ഞു. ഈ വിവാഹം കഴിക്കലും അലഞ്ഞുതിരിയലും ബഹിര്‍ഭാഗസ്ഥ സംഭവങ്ങള്‍. പക്ഷേ രണ്ടുപേരുടെയും സ്നേഹത്തിനു മാറ്റമില്ല. അവര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ആ സ്നേഹത്തിന്റെ സ്ഥിരത കൂടുതല്‍ തിളക്കമാര്‍ന്നു പ്രത്യക്ഷമാകുന്നു.
പ്ലേറ്റോയ്ക്കു മുമ്പു ജീവിച്ചിരുന്ന ഹെറക്ലൈറ്റസിന്റെ വാദം ഇതിനു കടകവിരുദ്ധമാണ്. ലോകത്തുള്ള ഏതും ഒഴുകിക്കൊണ്ടിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഒന്നിനും സ്ഥിരതയില്ല. Upon those who step into the same river, there flow different waters in different cases എന്നു ഹൈറക്ലൈറ്റസ്. ഒരിക്കല്‍ ഒരു നദിയില്‍ കാലെടുത്തുവച്ചാല്‍ അത് ഒരു നദി. അവിടെത്തന്നെ വീണ്ടും കാലുവയ്ക്കു. അപ്പോള്‍ അതു മറ്റൊരു നദിയാണ്. കാരണം? ആദ്യത്തെ ജലമല്ല രണ്ടാമതു നിങ്ങളുടെ കാലിനെ സ്പര്‍ശിക്കുന്നത്. All is in fulx — എല്ലാം പ്രവാഹമാണ് — എന്നത്രേ ഈ തത്ത്വചിന്തകന്റെ മതം. ഇരുപതാം ശതാബ്ദത്തിലെ ശാസ്ത്രം പ്ലേറ്റോയെയല്ല ഹെഠക്ലൈറ്റസിനെയാണ് അംഗീകരിക്കുക. ഞാന്‍ എഴുതാന്‍ ഉപയോഗിക്കുന്ന പേന പ്ലേറ്റോയുടെ കൈയ്യില്‍കൊടുത്തുവെന്നു കരുതൂ. അദ്ദേഹം പറയും സ്ഥിരതയാര്‍ന്ന വസ്തുവാണിത് എന്ന്. എന്നാല്‍ ഇന്നത്തെ ശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെടുന്നതു വേറൊരുവിധത്തിലായിരിക്കും. പേനയെ അപഗ്രഥിച്ച് അപഗ്രഥിച്ചു ചെന്നാല്‍ തന്‍മാത്രത്തില്‍ — മോലിക്യൂളില്‍ — എത്തും. അതിനെ അപഗ്രഥിച്ചാല്‍ അണുവില്‍ ആറ്റമില്‍ — എത്തും. അണുവിനെ അപഗ്രഥിച്ചാല്‍ പ്രോട്ടോണ്‍. അവയ്ക്കു ചുറ്റും ഇലക്ടോണ്‍. അനേകം വലയങ്ങളില്‍ ഉള്ള ഇലക്ട്രോണുകള്‍ ഒരു നിയമവുമില്ലാതെ ഒരു വലയത്തില്‍നിന്നു മറ്റൊരു വലയത്തിലേക്കു ചാടുന്നു. പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും നടക്കുന്നു. ആകെ ചലനാത്മകത്വം. ഇംഗ്ലീഷ് ഗണതശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ വൈറ്റ്ഹെഡ് ഈ ചലനാത്മകത്വത്തിന്റെ ഉദ്ഘോഷകനാണ്. അതിനാല്‍ സത്യം പ്രക്രിയയാണെന്ന് — Reality is process എന്ന് അദ്ദേഹം പറയുന്നു. പിര്‍സിഗ് ഈ ചലനാത്മകതയെ — പ്രക്രിയയെ — ഗുണം (Quality) എന്നു വിളിക്കുന്നു; ഗുണം എന്നല്ല ചലനാത്മകഗുണം (Dynamic quality) എന്നാണു വവിളിക്കുന്നത്. ഈ ചലനാത്മകഗുണമാണ് എല്ലാ വസ്തുക്കളുടെയും സാര്‍വലൗകികമായ കേന്ദ്രം എന്നും പിര്‍സിഗ് അഭിപ്രായപ്പെടുന്നു. ഈ ചിന്തയുടെ വിവൃതിയോ വിശദീകരണമോ ആണ് പിര്‍സിഗിന്റെ നോവല്‍. ചലനാത്മകഗുണത്തെ — വൈറ്റ് ഹെഡിന്റെ പ്രോസസിനെ (പ്രക്രിയയെ) — അദ്ദേഹം പലതലങ്ങളിലേക്കു കൊണ്ടുചെന്ന് അതിന്റെ സാധുതയെ സ്പഷ്ടമാക്കാന്‍ യത്നിക്കുന്നു. ഒന്നോ രണ്ടോ ഉദാഹരണങ്ങള്‍ നല്കാം. സ്വതന്ത്ര വിപണി ചലനാത്മകമായ സ്ഥാപനമാണ്. ആളുകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും — മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ആളുകള്‍ മൂല്യമുള്ളതായി കരുതുന്നത് ധിഷണയോടു ബന്ധപ്പെട്ടിരിക്കുന്നില്ല. ചലനാത്മകഗുണമാണു ചന്തസ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരം. ചന്ത എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. ആ മാറ്റം മുന്‍കൂട്ടി നിര്‍ണയിക്കാവുന്നതുമല്ല. ഇനി ഭാഷയും ചലനാത്മക ഗുണവും തമ്മിലുള്ള ബന്ധത്തെക്കൂറിച്ചാവട്ടെ; ഭാഷപോലും ‘യൂറോപ്യ’ നില്‍ നിന്ന് ‘ഇന്ത്യനി’ ലേക്കു മാറുകയായിരുന്നു. വിക്ടോറിയയുടെ കാലത്തെ ഭാഷ അവരുടെ ചുമര്‍കടലാസുകള്‍പോലെ അലങ്കാരപരമായിരുന്നു. പുഷ്പമാതൃകകള്‍ എവിടെയും. അവയ്ക്കു പ്രായോഗികതലത്തില്‍ ഒരു പ്രയോജനവുമില്ലായിരുന്നു. എന്തെങ്കിലും ഉള്ളടക്കം അതിനുണ്ടായിരുന്നെങ്കില്‍ നിങ്ങളെ അതില്‍ നിന്നു പിന്തിരിപ്പിക്കാനേ ആ ഭാഷയ്ക്കു കഴിഞ്ഞിരുന്നുള്ളു. പക്ഷേ ഇരുപതാം ശതാബ്ദത്തിലെ പുതിയ ശൈലി അതിന്റെ ലാളിത്യത്തിലും ഋജുതയിലും ഇന്ത്യനാണ്. ഹെമിംഗ്‌വേ, ഷെര്‍വുഡ് അന്‍ദേഴ്സന്‍, ഡോസ് പസോസ് ഇവരും മറ്റനേകം പേരും പ്രയോഗിച്ച ശൈലി പണ്ടുകാലത്തു പരുക്കനായി, അപക്വമായി കരുതപ്പെടുമായിരുന്നു. സാധാരണ മനുഷ്യന്റെ സത്യസന്ധതയുടെയും ഋജുതയുടെയും അവതാരമാണു നൂതനശൈലി.
ചലനാത്മക ഗുണത്തിന്റെ പ്രവര്‍ത്തനത്തെ ഇങ്ങനെ സംഭവങ്ങള്‍, വസ്തുക്കള്‍ ഇവയിലൂടെ പ്രത്യക്ഷമാക്കുന്ന പിര്‍സിഗ് അതിനോടു ബന്ധപ്പെട്ട പല നൂതങ്ങളായ, അന്തര്‍വീക്ഷണങ്ങളും നിര്‍വഹിക്കുന്നുണ്ട്. അവയും നമുക്ക് അനല്പമായ ധൈഷണികാഹ്ലാദം നല്‍കും.അവയ്ക്കും ചില ഉദാഹരണങ്ങള്‍ നല്‍കട്ടെ: (1) ബ്രാഹ്മണങ്ങള്‍ക്കുശേഷം ഔപനിഷദീയകാലം വന്നു. അതോടെ ഭാരതീയദര്‍ശനം പുഷ്പിച്ചു. ഭാരതീയ ചിന്തയുടെ സ്ഥിരീകൃത മാതൃകലളില്‍നിന്നു ചലനാത്മകഗുണം പുനരുല്‍പാദിപ്പിക്കപ്പെട്ടു. (2) മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നത് അസാന്‍മാര്‍ഗികമാണോ? പരിണാമത്തിന്റെ ഉന്നതതലത്തിലാണു മൃഗങ്ങള്‍.അതിനാല്‍ മാംസഭക്ഷണം അസാന്‍മാര്‍ഗികം. പക്ഷേ ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും ധാരാളമുള്ള സമയത്തു മാത്രമേ ഈ ഈ സാന്മാര്‍ഗികത്വത്തിനു പ്രസക്തിയുള്ളു. ക്ഷാമം വരുമ്പോള്‍ ഹിന്ദുക്കള്‍ പശുക്കളെ കൊന്നുതിന്നില്ലെങ്കില്‍ അത് അസാന്‍മാര്‍ഗികമാവുമല്ലോ. അങ്ങനെ ചെയ്തില്ലെങ്കില്‍ പശുവെന്ന താണജീവിക്കുവേണ്ടി മറ്റു മനുഷ്യരെ അവര്‍ നിഗ്രഹിച്ചു ഭക്ഷിച്ചുകളയും.
ഈ ദാര്‍ശനിക പ്രബന്ധത്തിനു നോവലിന്റെ ഛായ നല്‍കാനായി ഗ്രന്ഥകാരന്‍ ഫീദ്രസ്.എന്നൊരാള്‍ മദ്യശാലയില്‍വച്ചു പരിചയപ്പെട്ട ലീലയുമായി യാനപാത്രത്തില്‍ കയറി ഹഡ്സണ്‍ നദിയില്‍ സഞ്ചരിക്കുന്നതായി വര്‍ണിക്കുന്നു. അവരുടെ വേഴ്ചകളും സംഭാഷണങ്ങളുമൊക്കെ ഇതിലുണ്ട്. പക്ഷേ അവയെല്ലാം തുച്ഛങ്ങളാണ് (ആദ്യത്തെ നോവലില്‍ ഫ്രീദ്രസ് മകനുമായി മോട്ടര്‍സൈക്ക്ളില്‍ സവാരി നടത്തുന്നതായി വര്‍ണ്ണനം) ഗ്രന്ഥത്തിന്റെ 99 ശതമാനവും തത്ത്വചിന്താത്മകങ്ങളായ പരികല്പനകളാണ്. അവ എന്തെന്നില്ലാത്ത ആഹ്ലാദം നല്‍കും ധിഷ്ണയ്ക്ക്. പക്ഷേ ഇതു നോവലല്ല, കലാസൃഷ്ടിയുമല്ല. അലിഗ്സാണ്ടര്‍ചക്രവര്‍ത്തി ദിഗ്വിജയത്തിനുശേഷം അതിന്റെന് സ്മരണയെ നിലനിര്‍ത്താന്‍ ഒരു വളച്ചുവാതില്‍ നിര്‍മ്മിക്കാന്‍ കല്പനകൊടുത്തു. അര്‍ധവ്യത്താകൃതിയുള്ള അതിന്റെ ഒരു ഭാഗം ഒരു കഥാകാരന്‍ ചിത്രങ്ങളാല്‍ മോടിപിടിപ്പിക്കണം. മറ്റേഭാഗം മറ്റൊരു കലാകാരന്‍ രാമണീയമാക്കണം. ആരുടെ സര്‍ഗപ്രക്രിയ ഉല്‍കൃഷ്ടമോ അയാള്‍ക്കു ചക്രവര്‍ത്തി സമ്മാനം നല്‍കും. കലാകാരന്മാര്‍ പരസ്പരം കാണാതിരിക്കാനായി അവര്‍ക്കിടയ്ക്ക് ഒരു യവനികയിട്ടു. അദ്ഭുതാവഹം! രണ്ടുവശങ്ങളും ഒരേരീതിയിലിരിക്കുന്നു. അപ്പോള്‍ അലിഗ്സാണ്ടര്‍ കല്പിച്ചു യവനിക വീണ്ടും ഇടാന്‍. വീണ്ടും അത്ഭുതം! ഒരു വശത്ത് ഒന്നുമില്ല. കാര്യമെന്ത്? ഒരു കലാകാരന്‍ സ്വന്തം ഭാവം മിനുസപ്പെടുത്തി കണ്ണാടിപോലെയാക്കുകയായിരുന്നു. യഥാര്‍ത്ഥത്തിലുള്ള ചിത്രങ്ങള്‍ അവിടെ പ്രതിഫലിപ്പിച്ചതുകൊണ്ടാണു രണ്ടു വശങ്ങളും ഒരേരീതിയിലിരുന്നത്. റോബര്‍ട്ട് പിര്‍സിഗ് തേച്ചുമിനുക്കി കണ്ണാടിയുണ്ടാക്കിയ ആളാണ്. ഹെറക്ലൈറ്റസിന്റെയും വെറ്റ്ഹെഡിന്റെയും ദര്‍ശനത്തെ മോടിപിടിപ്പിച്ച് അദ്ദേഹം നമ്മുടെ മുമ്പില്‍ വയ്ക്കുന്നതേയുള്ളു. യവനിക ഇല്ലാത്തിടത്തോളം കാലം ആളുകള്‍ അദ്ഭുതം കൂറും. നൂറുകൊല്ലം കഴിഞ്ഞു ഗ്രന്ഥം വായിക്കുന്ന ആളുകള്‍ അതിന്റെ പ്രാധാന്യം കണ്ടറിയുമത്രേ. നൂറുദിവസം കഴിഞ്ഞാല്‍ പിര്‍ഗസും അദ്ദേഹത്തിന്റെ പ്രബന്ധവും വിസ്മരിക്കപ്പെടും.
|
|
|