close
Sayahna Sayahna
Search

സത്യത്തെ അസത്യമാക്കുന്ന അധമത്വം


സത്യത്തെ അസത്യമാക്കുന്ന അധമത്വം
Mkn-04.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണൻ നായർ
മൂലകൃതി ശരത്ക്കാലദീപ്തി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ്
വര്‍ഷം
1993
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 147

എം കൃഷ്ണൻ നായർ

വിനീഷന്‍ സാഹസികനായ കാസാനോവയുടെ ‘ഓര്‍മ്മക്കുറിപ്പുകള്‍’ ഇന്നും വായനക്കാരെ രസിപ്പിക്കുന്നുണ്ട്. ഇറ്റലിയിലെ വെനിസ് നഗരത്തെ സംബന്ധിച്ചത്. വിനീഷന്‍. കാസാനോവായുടെ സമ്പൂര്‍ണ്ണമായ പേര് ജോവാന്നീ ജാക്കോമോ കാസാനോവ (Giovanni Giacomo Casanova, 1725–98) എന്ന്. എട്ടുവാല്യങ്ങളിലായി പ്രസാധനം ചെയ്ത ഈ ആത്മകഥ സത്യാത്മകമാണെന്നു വിചാരിച്ചാണു വായനക്കാര്‍ ‘കൈമെയ് മറന്ന്’ അതില്‍ മുഴുകുന്നത്. കാസനോവയുടെ കാലയളവിന്റെ ചരിത്രവും സാമൂഹികാവസ്ഥയും ആ ആത്മകഥയില്‍നിന്നു നമുക്കു കിട്ടുമെങ്കിലും ധൈഷണികത്വത്തിന്റെ ഒരു സ്ഫുലിംഗംപോലുമില്ലാതെ അദ്ദേഹം ഒരു സംഭവം വര്‍ണ്ണിക്കാറില്ലെങ്കിലും സത്യത്തെക്കാള്‍ ഭാവനയ്ക്കാണു വര്‍ണ്ണനകളില്‍ ആധിക്യമുള്ളത്. ഒരു സംഭവവര്‍ണ്ണന നോക്കുക: കാസാനോവാ വണ്ടിയില്‍ കയറി ഏതോ പട്ടണത്തിലേക്കു പോകുകയായിരുന്നു. വഴിക്കുവച്ച് ഇരുപത്തിയഞ്ചു വയസ്സുള്ള ഒരു ചെറുപ്പക്കാരി മേഘങ്ങളില്‍നിന്നെപ്പോലെ അദ്ദേഹത്തിന്റെ ശരീരത്തിലേക്കു വന്നുവീണു. അവര്‍ പരിചയപ്പെട്ടു; ഏറെ സംസാരിച്ചു. ഒരു ഹോട്ടലിലേക്കു പോയി അവിടെ കഴിഞ്ഞുകൂടുകയും ചെയ്തു. നേരം വെളുത്തപ്പോള്‍ കാസാനോവയ്ക്കു വലിയ വേദന. അവള്‍ ഭയാജനകമായ ഒരു രോഗം അദ്ദേഹത്തിനു സമ്മാനിച്ചുകഴിഞ്ഞിരുന്നു. ആറുമാസത്തിനുമുമ്പ് തനിക്ക് ആ രോഗം കിട്ടിയെന്ന് അവള്‍ സമ്മതിച്ചു. കോപാകുലനായ കാസാനോവ ഗര്‍ജ്ജിച്ചു:“Wretch, you have poisoned me; but nobody shall know it, as it is my own fault and I am ashamed of it” — നീചപ്പെണ്ണേ, നീ എന്നില്‍ നഞ്ചിട്ടു അല്ലേ. പക്ഷേ ഇതാരുമറിയില്ല. എന്റെ കുറ്റമാണല്ലോ ഇത്. എനിക്കു ലജ്ജയാവുന്നു.” ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കാസാനോവയുടെ രോഗം ഭേദമായി. ഇത്തരം സംഭവങ്ങള്‍ സര്‍വസാധാരണങ്ങളാണെങ്കിലും കാസാനോവയുടെ ഈ വര്‍ണ്ണനത്തില്‍ യാഥാര്‍ത്ഥ്യങ്ങളെക്കാള്‍ ഭാവനയാണുള്ളതെന്ന് എന്നോടു പറയുന്നത് എന്റെ ഹൃദയമാണ്. “നിങ്ങളുടെ അച്ഛന്‍ മരിച്ചുപോയി” എന്ന് കമ്പിസന്ദേശം എനിക്കു കിട്ടിയാല്‍ അച്ഛനോട് എനിക്കു സ്നേഹവും ബഹുമാനവുമുണ്ടെങ്കില്‍ ഞാന്‍ ഞെട്ടും, സങ്കടപ്പെടും, മറ്റുള്ളവരുടെ സാന്നിദ്ധ്യം വിസ്മരിച്ചു നിലവിളിക്കും. എന്നാല്‍ ടോള്‍സ്റ്റൊയിയുടെ ‘ഇവാന്‍ ഇലീച്ചിന്റെ മരണം’ എന്ന കൊച്ചു നോവല്‍ വായിച്ചാല്‍ ഞാന്‍ ആ ‘മരണത്തില്‍ ജീവിക്കുക’യേയുള്ളു. ഭാഷയുടെ ശക്തികൊണ്ട് ടോള്‍സ്റ്റോയി സൃഷ്ടിക്കുന്ന ലോകം സവിശേഷത ആവഹിക്കുന്നു. അതില്‍ ഞാന്‍ ആദ്യം എഴുതിയതുപോലെ ജീവിക്കുന്നു. ഇതേ അനുഭവമാണു കാസാനോവയുടെ വര്‍ണ്ണനം ചെറിയ തോതില്‍ ഉളവാക്കുന്നത്. അതിനാല്‍ അതു യാഥാര്‍ത്ഥമാണെന്ന് എനിക്കു തോന്നുന്നില്ല. വര്‍ണ്ണനത്തിന്റെ സംഗ്രഹം മാത്രമേ ഞാന്‍ നല്‍കുകയുള്ളു. അതു മാത്രം പരിഗണിച്ചാല്‍ ഞാനെഴുതിയതു ശരിയാണോ എന്നു വായനക്കാരന്‍ക്കു സംശയം തോന്നാം. മൗലിക പ്രബന്ധം വായിച്ചുനോക്കാന്‍ അവരോട് അപേക്ഷിക്കുകയേ ഇവിടെ കരണീയമായിട്ടുള്ളു.

* * *

1888-നോട് അടുപ്പിച്ച് വിക്റ്റോറിയന്‍ ഇംഗ്ലണ്ടില്‍ പ്രസാധനം ചെയ്തതും നാലായിരം പുറങ്ങളുള്ളതുമായ (11 വാല്യങ്ങള്‍) “My Secret Life” എന്ന കാമോല്‍സുകതയാര്‍ന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആരെന്ന് അറിഞ്ഞുകൂടാ. 1926-ല്‍ അതിന്റെ ഒരു പ്രതി പതിനേഴായിരം ഡോളറിന് ആരോ വാങ്ങിച്ചുവത്രേ. ഈ ലേഖകന്‍ ഇതിന്റെ സംഗ്രഹ രൂപം മാത്രമേ വായിച്ചിട്ടുള്ളു. 489 പുറങ്ങളുള്ള ആ പുസ്തകത്തിലെ വര്‍ണ്ണനകള്‍ ആദമ്യമായ ലൈംഗികാഭിലാഷമുള്ള ഒരു ഭ്രാന്തനെയാണ് നമ്മുടെ മുമ്പില്‍ കൊണ്ടുവരുന്നത്. ഗര്‍ഭിണികളെ പ്രാപിക്കുക, ബലാല്‍സംഗം നടത്തുക, സ്ത്രീകളുടെ പ്രതികരണങ്ങളില്‍ ഒട്ടും മനസ്സിരുത്താതിരിക്കുക ഇവയൊക്കെയാണ് ഈ ഗ്രന്ഥകാരന്റെ സവിശേഷതകളായി കാണുക. ഏറിയകൂറും അയാള്‍ സാഡിസ്റ്റാണ്. “The girl was also chaste in words and in manner, which pleased me much in itself and in the soft fondlings of satisfied lust, I made her repeat the four words, which express at once the simple loving function. I love to make a modest woman say them.” പ്രവര്‍ത്തിപ്പിച്ചതുമാത്രമല്ല, വാക്കുകള്‍ പറയിപ്പിച്ചും ഗ്രന്ഥകാരന്‍ സാഡിസത്തില്‍ ആമര്‍ജ്ജനം ചെയ്യുന്നു. എണ്ണിയാലൊടുങ്ങാത്ത സ്ത്രീകളുമായുള്ള വേഴ്ചകളെ വര്‍ണ്ണിക്കുന്ന ഈ ഗ്രന്ഥം അവാസ്ത്വികമാണെന്നതില്‍ എനിക്കു സംശയമൊട്ടുമില്ല. ഇന്ദ്രിയങ്ങള്‍ പിടിച്ചെടുക്കുന്നതിനെ ആവിഷ്കരിക്കുമ്പോഴാണ് ശൈലിയുടെ ആവിര്‍ഭാവം. കാസാനോവായ്ക്കും My Secret Life എഴുതിയ ആളിനും സ്ത്രീ മജ്ജ, മാംസം, രക്തം ഇവയുടെ ആകെത്തുകയല്ല. മല്‍റോ പറഞ്ഞതുപോലെ ലൈംഗികാവിഷ്കാരമാണ്. (Sexual expression) സ്ത്രീയുടെ ശാരീരിക സാന്നിദ്ധ്യമറിയുന്നവന്‍ വസ്തുസ്ഥിതികഥനത്തില്‍ തല്‍പരനായിരിക്കും. അവളെ ലൈംഗികാവിഷ്കാരമായി ദര്‍ശിക്കുന്നവന്‍ സാങ്കല്‍പിക ലോകത്തില്‍ വ്യാപരിക്കുന്നവനാണ്. അതിനാള്‍ വിരസമായ ഈ പുസ്തകവും അയാര്‍ത്ഥ സംഭവങ്ങളുടെ ചിത്രീകരണമായേ ഞാന്‍ കാണുന്നുള്ളു.

* * *

സ്പാനിഷ് സറീയലിസ്റ്റ് സാല്‍വാതോര്‍ ദാലിയുടെ The Secret Life of Salvador Dali, Diary of a Genius എന്ന രണ്ടാത്മകഥകളും ഞാന്‍ വായിച്ചിട്ടുണ്ട്. സറീയലിസ്റ്റിക് ചിത്രകലയില്‍ ഒരു നിയന്ത്രണവുമില്ലാതെ വ്യാപരിച്ചു ഭാവനയുടെ അതിപ്രസരം പ്രദര്‍ശിപ്പിച്ച ദാലി ആത്മകഥകളിലും അതേഭാവനയുടെ ആധിക്യമാണ് കാണിക്കുക. ഒരിക്കല്‍ ദാലി, ഫ്രായറ്റിനെ കാണാനിടയായി. താന്‍ മാനസിക ഭ്രംശത്തെക്കുറിച്ചെഴുതിയ ഒരു ലേഖനം ഫ്രായിറ്റ് വായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ ഫ്രായിറ്റ് അതില്‍ ശ്രദ്ധിക്കാതെ ദാലിയെത്തന്നെ നോക്കിക്കൊണ്ടിരുന്നതേയുള്ളു. ലേഖനത്തില്‍ വിരലൂന്നിക്കൊണ്ടു ചിത്രകാരന്‍ അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു. ഉപദ്രവം സഹിക്കാനാവാതെയായപ്പോള്‍ സ്വന്തം സത്ത സാന്ദ്രീകൃതമാക്കിയെന്ന മട്ടില്‍ ഫ്രായിറ്റ്, ദാലിയെ തുറിച്ചുനോക്കിക്കൊണ്ട് അടുത്തിരുന്ന വിഖ്യാതനായ സാഹിത്യകാരന്‍ ഷ്ടെഫാന്‍റ്റ്സ്വൈഹിനോട് (Stephan Zweig) പറഞ്ഞു: “I have never seen a more complete example of a Spaniard. What a fanatic!’ ഈ ഫനാറ്റിസം — വിഷയത്തോടുള്ള അതിരില്ലാത്ത മമത — ഉന്മാദത്തോട് അടുത്ത ഭാവനയുമായി സങ്കലനം ചെയ്തതാണ് അദ്ദേഹത്തിന്റെ ആത്മകഥകള്‍. ഒരു ഭാഗം ഈ ഭ്രാന്തിന്റെ സ്വഭാവം വ്യക്തമാക്കും.

“Another example, among in numerable ones of this kind was that of imagining certain people I knew with a little owl, perched on their heads, which in turn carried an excrement on its own head. The owl was carved and I had imagined it to the minutest detail. The excrement always had to be a bit of my own excrement.”

‌‌“ഭ്രാന്തനും ഞാനും തമ്മിലുള്ള വ്യത്യാസം ഞാന്‍ ഭ്രാന്തനല്ലെന്നതാണ്” എന്നു പ്രഖ്യാപിച്ച ദാലി രണ്ടാമത്തെ ആത്മകഥയില്‍ ഭ്രാന്തനായിട്ടുതന്നെ പ്രത്യക്ഷനാകുന്നു. It is a shameful mater, dear reader, that in spite of your long experience of farting you still do not know how you fart, or how you ought to fart എന്നു തുടങുന്ന ഭാഗം മനുഷ്യനെ ഓക്കാനിപ്പിക്കുകയല്ല, ഛര്‍ദ്ദിപ്പിക്കുകതന്നെ ചെയൂന്നു. യുക്തിരാഹിത്യം, സ്വപ്നങ്ങള്‍ ഇവയ്ക്കു പ്രാധാന്യം നല്‍കി എഴുതുകയോ ചിത്രം വരയ്ക്കുകയോ ചെയ്യുന്നവനാണല്ലോ സറീയലിസ്റ്റ്. സ്വപ്നങ്ങളില്‍ എവിടെയാണു സത്യം? ദാലിയുടെ ആത്മകഥയാകെ സ്വപ്നമാണ്.

* * *

1973 ല്‍ നാന്‍സി ഫ്രൈഡേ പ്രസിദ്ധപ്പെടുത്തിയ My Secret Garden — ‘Women’s Sexual Fantasies’ എന്ന പുസ്തകലോകം ലോകമാകെ പ്രചരിച്ചപ്പോള്‍ ആ പേരില്‍ ഒരെഴുത്തുകരിയുണ്ടോ, പുരുഷനല്ലേ സ്ത്രീയുടെ പേരില്‍ മറഞ്ഞു നില്‍ക്കുക എന്നൊക്കെ ഞാന്‍ സംശയിച്ചു. ആ സംശയംമാറിയത് പ്രഖ്യാതരായ എഴുത്തുകാര്‍ ആ ഗ്രന്ഥം നിരൂപണം ചെയ്തപ്പോഴാണ്. അതിനുശേഷം അവരുടെ ഗ്രന്ഥങ്ങളെല്ലാം My Mother Myself, Men in Love, Forbidden Flowers Jealousy ഇവയെല്ലാം കഠിനയത്നത്തോടെ ഞാന്‍ വായിച്ചു. 1992-ല്‍ Arrow Edition ആയി പ്രസാധനം ചെയ്ത Womenon Top എന്ന ഗ്രന്ഥവും വായിച്ചുതീര്‍ത്തു. പുരുഷന്മാര്‍ സ്ത്രീകളുടെ ലൈംഗികത്വത്തെക്കുറിച്ച് എഴുതിന്നതിനെക്കാള്‍ വിശ്വാസ്യത സ്ത്രീകള്‍ സ്ത്രീകളെക്കുറിച്ച് എഴുതുന്നതിന് ഉണ്ടായിരിക്കുമെന്ന വിശ്വാസമാണ് ഈ അശ്ലീല രചനകള്‍ മെനക്കെട്ടു വായിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. പക്ഷേ എന്റെ വിശ്വാസം തെറ്റായിരുന്നുവെന്നും സ്ത്രീകളാണ് പുരുഷന്മാരെക്കാള്‍ ഇക്കാര്യത്തില്‍ കള്ളം പറയുന്നതെന്നും നാന്‍സിയുടെ ഗ്രന്ഥങ്ങള്‍ എന്നെ ഗ്രഹിപ്പിച്ചു. തന്റെ പരസ്യങ്ങള്‍ അനുസരിച്ച് എത്തിയ ചെറുപ്പക്കാരികളുടെയും മധ്യവയസ്കകളുടെയും യഥാര്‍ത്ഥങ്ങളായ ഫാന്‍റസികളാണ് തന്റെ Forbidden Flowers എന്ന പുസ്തകത്തിലുള്ളതെന്നു നാന്‍സി പ്രഖ്യാപിക്കുന്നു. ഏതാണ്ട് നാനൂറു സ്ത്രീകളുടെ ഫാന്‍റസികള്‍ ഇതിലുണ്ട്. ഒന്നുപോലും അച്ചടിക്കാന്‍ വയ്യ. ഒരു വാക്യം പോലും അച്ചടിക്കാനാവില്ല. കേരളത്തിലെ സ്ത്രീകളല്ല പടിഞ്ഞാറന്‍ ദേശത്തെ സ്ത്രീകളെന്ന് എനിക്കറിയാം. എങ്കിലും ഈ ആഭാസ പ്രസ്താവങ്ങളിലേക്ക് അവരും പോകുമോ എന്ന് എനിക്കു സംശയം. നിത്യജീവിതത്തിന്റെ ഒരു ഭാഗം മാത്രമായ സെക്സിനെ സ്ഥൂലികരിച്ചു പ്രതിപാദിക്കുകയാണു നാന്‍സി. ധനാര്‍ജ്ജനം മാത്രമേ അതിന്റെ ലക്ഷ്യമായുള്ളു. അല്ലെങ്കില്‍ ഒരു തരുണി സ്വന്തം നായോടുബന്ധപ്പെട്ടതു നാന്‍സി ഉത്സാഹത്തോടെ വര്‍ണ്ണിക്കുമായിരുന്നില്ല.

Women on Top എന്ന പുതിയ പുസ്തകത്തില്‍ നാന്‍സി സ്വരമാകെ മാറ്റിയിരിക്കുന്നു. ഇന്നേക്കും ഇരുപത്തൊന്‍പത് എഡിഷനായ Forbidden Flowers-ലെ ലൈംഗികത്വത്തിനും ഇന്നത്തെ ലൈംഗികത്വത്തിനും വ്യത്യാസമുണ്ടെന്നാണ് അവരുടെവാദം. എയ്ഡ്സിന്റെ പ്രാദുര്‍ഭാവം ലൈംഗികത്വത്തെ ആപത്തിന്റെ മണ്ഡലത്തിലേക്കു നയിച്ചതുകൊണ്ടു സെക്സ് പ്രാചീന കാലത്തെന്നതുപോലെ നിര്‍ദ്ദോഷമായി അനുഭവപ്പെടുന്നില്ല. അതുകൊണ്ടു പുതിയ പുസ്തകത്തിന്റെ ഫാന്‍റസികള്‍ക്കു മാറ്റം വന്നിരിക്കുന്നു; നാന്‍സി മാറ്റം വരുത്തിയിരിക്കുന്നു എന്നു തിരുത്തിപ്പറയണം. ഒടിഞ്ഞ എല്ലിന്റെ എക്സ്റേ ഫോട്ടോഗ്രാഫ് വെളിച്ചത്തു വച്ചുനോക്കുമ്പോള്‍ വസ്തുതകള്‍ വെളിപ്പെടുന്നതുപോലെ സ്ത്രീയുടെ ലൈംഗികാഭിലാഷത്തിന്റെ അരോഗാവസ്ഥ ഫാറന്‍സികള്‍ സ്പഷ്ടമാക്കുന്നുവെന്നു നാന്‍സി പറയുന്നു. ഞെട്ടലുണ്ടാക്കുന്ന ഫാന്‍റസികളാണ് ഈ ഗ്രന്ഥത്തിലാകെ. നാന്‍സി ബുദ്ധിശാലിനിയാണെന്ന് ഓരോ വര്‍ണ്ണനവും തെളിയിക്കുന്നു. My Secret Life തികച്ചും വിരസമാണ്. ദാലിയുടെ ആത്മകഥകള്‍ സറീലിസ്റ്റിക് കലാസങ്കേതത്തിലൂടെ പ്രത്യക്ഷപ്പെടുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ആരാധകര്‍ രസിക്കുമായിരിക്കും. കാസാനോവയുടെ ഓര്‍മ്മക്കൂറിപ്പുകള്‍ ഇപ്പോഴും പാരായണം ചെയ്യപ്പെടുന്നുവെന്ന് ഞാന്‍ എഴുതിക്കഴിഞ്ഞു. ഒന്നിലും തെറ്റില്ല. പക്ഷേ ഇവ സത്യാത്മകങ്ങളാണെന്ന് എഴുത്തുകാര്‍ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിലാണ് ദോഷമിരിക്കുന്നത്. സത്യമല്ലാത്തതിനെ സത്യമാക്കി പ്രദര്‍ശിപ്പിക്കുകയും അതിനെ ൈംഗികത്വത്തിലേക്ക് — അതിലൈംഗികത്വത്തിലേക്ക് — നയിക്കുകയും ചെയ്യുന്നതാണു മഹാപാതകം.