അഗ്നികൊണ്ടെഴുതിയ ആത്മകഥ
| അഗ്നികൊണ്ടെഴുതിയ ആത്മകഥ | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | എം കൃഷ്ണൻ നായർ |
| മൂലകൃതി | ശരത്ക്കാലദീപ്തി |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | നിരൂപണം |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ് |
വര്‍ഷം |
1993 |
| മാദ്ധ്യമം | പ്രിന്റ് |
| പുറങ്ങള്‍ | 147 |
ഇരുപതാം ശതാബ്ദമെന്ന മഹാസൗധത്തിന്റെ പ്രതീഹാരത്തില്‍ കുറിച്ചിട്ട മഹനീയങ്ങളായ വാക്യങ്ങളാണ് ഇതിലുള്ളത്—ഞാന്‍ ലക്ഷ്യമാക്കുന്നത് ഇറ്റലിയിലെ എഴുത്തുകാരനായ പ്രൈമോ ലേവിയുടെ (Primo Levi) “The Drowned and the Saved” എന്ന ഗ്രന്ഥത്തെയാണ്. അതു വായനക്കാരെ ഉദാത്തങ്ങളയ മണ്ഡലങ്ങളിലേക്കു നയിക്കും. മനുഷ്യ നൃശംസതയുടെ ഭീകര ചിത്രങ്ങള്‍ കാണിച്ചു പ്രകമ്പനം കൊള്ളിക്കും. ഭൂതകാലം, വര്‍ത്തമാനകാലം, ഭാവികാലം ഇവയുടെ സമാനചിന്തകളെ ആവിഷ്കരിച്ചു ചിന്താധീനരാക്കും. അതിന്റെ സുശക്തമായ രചന അത്ഭുതപ്പെടുത്തും. വീണ്ടും വീണ്ടും വായിക്കേണ്ട പുസ്തകമാണിത്.
ആരാണ് പ്രൈമോ ലേവി? ഗ്രന്ഥത്തിലുള്ള ജീവചരിത്രക്കുറിപ്പുകള്‍ തന്നെയാണ് എനിക്ക് ഉത്തരം നല്‍കുന്നതിന് അവലംബം. ലേവി ഇറ്റലിയിലെ റ്റൂറിന്‍ പട്ടണത്തില്‍ 1919-ല്‍ ജനിച്ചു. ജൂതന്‍മാര്‍ വിദ്യാഭ്യാസത്തോടു ബന്ധപ്പെട്ട ബിരുദങ്ങള്‍ നേടാന്‍ പാടില്ലെന്ന നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് അദ്ദേഹം രസതത്രത്തില്‍ ഉന്നത ബിരുദം സമ്പാദിച്ചു. 1943-ല്‍ ഒരാന്‍റിഫാസ്സിസ്റ്റ് — കക്ഷിയില്‍ ചേര്‍ന്നതു കൊണ്ടു സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഔഷ്വ്യേങ് ചേമിലേക്ക് അയച്ചു. (Oswiecim, Poland) (തെക്കുകിഴക്കന്‍ പോളണ്ടിലെ റേയില്‍വേ ജങ്ക്ഷനാണ് ഒഷ്വ്യേങ്ങ് ചേം. ജര്‍മ്മന്‍ ഭാഷയില്‍ അതിന്റെ പേര് ഔഷ്വിറ്റ്സ് (Auschuitz) എന്നാണ്. രണ്ടാം ലോകമഹായുദ്ധം നടക്കുന്ന വേളയില്‍ നാത്സികള്‍ അവിടെ മുപ്പത്തിമൂന്നു തടങ്കല്‍പ്പാളയങ്ങളുണ്ടാക്കുകയും അവിടെവച്ച് 4,000,000 ജൂതന്മാരെ വധിക്കുകയും ചെയ്തു). രസതന്ത്രവിദഗ്ദ്ധനായ ലേവിയുടെ സേവനങ്ങള്‍ക്കുവേണ്ടി നാസ്തികള്‍ അദ്ദേഹത്തെ കൊന്നില്ല. 1945-ല്‍ റഷ്യന്‍ പട്ടാളം അദ്ദേഹത്തെയും മറ്റു ജൂതന്മാരെയും മോചിപ്പിച്ചു. വെറ്റ് റഷ്യയില്‍ പോയ ലേവി ഇറ്റലിയില്‍ തിരിച്ചെത്തുകയും 1975 വരെ കെമിസ്റ്റായി പ്രവര്‍ത്തിക്കുകയും ചെയ്തു. പന്ത്രണ്ടു കൊല്ലം കഴിഞ്ഞ്—സൂക്ഷ്മമായിപ്പറഞ്ഞാല്‍ 1987 ഏപ്രില്‍ 11-ആം തീയതി അദ്ദേഹം അനേകം നിലകളുള്ള കെട്ടിടത്തിന്റെ മുകളില്‍നിന്ന് ‘സ്റ്റെയര്‍ വെല്ലി’ലേക്കു ചാടി ആത്മഹത്യ ചെയ്തു. ലേവിക്കുമുമ്പ് റൊമേനിയന്‍ ജൂതകവി പൗള്‍റ്റ് സെലാന്‍ (Paul Celan) ഒരു തടങ്കല്‍ പാളയത്തില്‍നിന്നു മോചനം നേടിയതിനുശേഷം 1970-ല്‍ വെള്ളത്തില്‍ ചാടി ആത്മഹനനം നടത്തി. “This way for the Gas, Ladies and Gentlemen” എന്ന കൃതി രചിച്ച മഹാനായ സാഹിത്യകാരന്‍ തഡയൂഷ ബോറോവ്സ്കി (Tadeusz Borowski) തടങ്കല്‍പ്പാളയങ്ങളിലെ ഗ്യാസില്‍നിന്നു പലതവണ രക്ഷപ്പെട്ടു. ഒടുവില്‍ വീട്ടിലെ ഗ്യാസ് ശ്വസിച്ചു ജീവനൊടുക്കി. ലേവിയുടെ കൂടെ തടങ്കല്‍പ്പാളയത്തില്‍ കഴിഞ്ഞുകൂടിയ ഓസ്ട്രിയന്‍ തത്ത്വചിന്തകന്‍ ഹന്‍സ് മൈയര്‍ (Jeans Amery എന്നു വെറൊരു ഫ്രഞ്ച് പേര്) 1978-ല്‍ ആത്മഹത്യ ചെയ്തു. നാത്സികളുടെ ഗ്യാസില്‍നിന്നു രക്ഷനേടിയ ഈ മഹാന്‍മാര്‍ പിന്നീടെന്തിനു ജീവിതത്തിനു വിരാമമിട്ടു? ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ലേവിയുടെ “ആത്മഹത്യാലേഖ”മായ ഈ ഗ്രന്ഥം.
ലജ്ജയും കുറ്റബോധവും മോചനത്തിനുശേഷമുള്ള ആത്മഹനനത്തിനു കാരണങ്ങളാവാം. തടങ്കല്‍പ്പാളയത്തിനകത്തുവച്ചുള്ള ജീവനൊടുക്കല്‍ വിരളം. എന്നാല്‍ മുക്തിക്കുശേഷം “ആപത്തുനിറഞ്ഞ ജലാശയ”ത്തിലേക്ക് അവര്‍ തിരിഞ്ഞുനോക്കുന്നു. ആ നോട്ടം വീണ്ടുമുള്ള ചിന്തയുടെയൂം ആത്മച്യുതിയുടെയും പ്രവാഹമുളവാക്കുന്നു. അതില്‍ അവര്‍ എല്ലാക്കാലത്തേക്കുമായി ഒഴുകിപ്പോകുകയാണ്. ലേവി പറയുന്നു: “ആത്മഹത്യ മനുഷ്യന്റെ പ്രവൃത്തിയാണ്; മൃഗത്തിന്റേതല്ല. അതു ചിന്തിച്ചുറപ്പിച്ച കൃത്യം; ജന്‍മവാസനയോടു ബന്ധപ്പെടാത്തത്; അസ്വഭാവികമായി തെരെഞ്ഞെടുക്കുന്നത്. പാളയങ്ങളില്‍ അടിമകളായ മൃഗങ്ങളെപ്പോലെ തടവുകാര്‍ കഴിഞ്ഞുകൂടുന്നു. മരണത്തിലേക്ക് അവര്‍ നീങ്ങുന്നുണ്ട്. പക്ഷേ അറിഞ്ഞുകൊണ്ടു ജീവനൊടുക്കുന്നില്ല.”
കുറ്റബോധമോ? സ്വാതന്ത്രം കിട്ടിയതിനുശേഷം ഭൂതകാലത്തേക്കു തിരിഞ്ഞുനോക്കുമ്പോള്‍ തങ്ങള്‍ ഏതൊരു വ്യവസ്ഥയ്ക്ക് അടിമകളായോ അതിനെതിരായി ഒന്നും ചെയ്തില്ല എന്ന് അവര്‍ക്കു തോന്നുന്നു. തടവുകാര്‍ക്കു തമ്മില്‍ ഐക്യമുണ്ടാക്കാമായിരുന്നു. പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാമായിരുന്നു. ഒന്നും വേണ്ട ഉപദേശത്തിന്റെ മട്ടിലുള്ള ഒരു വാക്കെങ്കിലും കേള്‍ക്കാന്‍ ഓരോ തടവുകാരനും ചെവിയോര്‍ത്തുവച്ചിരുന്നു. ഒരു വാക്കും അതിന്റെ സമീപത്തുപോലും വീണില്ല. സമയമില്ല, സ്ഥലമില്ല, രഹസ്യാവസ്ഥയില്ല, ക്ഷമയില്ല, ശക്തിയില്ല. ആരോട് അപേക്ഷിക്കുന്നുവോ അയാള്‍ക്കുതന്നെ അതേ ആവശ്യകതയുണ്ടായിരുന്നു. ഇതിനു പിന്നീടുണ്ടായ മനസാക്ഷിക്കുത്തിനു ഹേതു. ഇതിന് ഉദാഹരണമുണ്ട്. ലേവിയുടെ ഒരു ജോലി ഒരറയിലെ കരിങ്കല്‍കഷണങ്ങള്‍ മാറ്റുക എന്നതായിരുന്നു. ഒരു തുള്ളിവെള്ളം പോലും കിട്ടാതെ ദാഹം കൊണ്ടു തടവുകാര്‍ പിടയുന്ന കാലം. വിശപ്പു തളര്‍ത്തുകയേയുള്ളു. ദാഹം എന്താണു ചെയ്യുന്നതെന്നു പറയാന്‍ വയ്യ. ലേവി അങ്ങനെ കരിങ്കല്‍ക്കഷണങ്ങള്‍ മാറ്റിക്കൊണ്ടിരുന്നപ്പോള്‍ ഭിത്തിയില്‍ ഒരു രണ്ടിഞ്ച് പൈപ്പ് കണ്ടു. അതിന്റെ അറ്റം അടഞ്ഞിരുന്നു. ഒരു കരിങ്കല്‍ക്കഷണം ചുറ്റികയാക്കി അദ്ദേഹം അടഞ്ഞഭാഗ ഏതാനും മില്ലിമീറ്റര്‍ മാറ്റി. ഗന്ധമില്ലാത്ത ദ്രാവകം കുറച്ച് തുള്ളികളായി പുറത്തുവന്നു. വെള്ളംതന്നെ. പാത്രമില്ലാത്തതുകൊണ്ട് അതിന്റെ താഴെ വായ്തുറന്നുവച്ച് ലേവി കിടന്നു. രണ്ടിഞ്ചു വീതിയുള്ള പൈപ്പില്‍ എത്രവെള്ളം കാണും? ഒരു ലിറ്റര്‍. അതുതന്നെ കണ്ടില്ലെന്നു വരും. എങ്കിലും ഏറ്റവും അടുത്ത സ്നേഹിതൻ ആല്‍ബര്‍ടോയുമായി ലേവി അതു പങ്കിട്ടു. സിമന്റ് പറ്റി ചാരനിറമാര്‍ന്ന്, ചുണ്ടുകള്‍ പൊട്ടിയ, കണ്ണുകള്‍ പനിക്കുന്ന ഡാനിയല്‍ അതുകണ്ടു. ലേവയ്ക്കു കുറ്റബോധം. മോചനം നേടിയശേഷം വൈറ്റ് റഷ്യയില്‍ വച്ച് ഡാനിയല്‍ ലേവിയോടു ചോദിച്ചു: “നിങ്ങള്‍ രണ്ടുപേരും മാത്രം. ഞാന്‍കൂടി ആയാലെന്ത്?” ലേവി ഇതെഴുതുമ്പോള്‍ ഡാനിയല്‍ മരിച്ചുകഴിഞ്ഞിരുന്നു. എങ്കിലും ജീവിക്കാന്‍ സൗകര്യം കിട്ടിയ, സഹോദരസ്നേഹത്തോടുകൂടിയ, ഹൃദയബന്ധമുള്ള അവര്‍തമ്മില്‍ കാണുമ്പോള്‍ പങ്കുവയ്ക്കാത്ത വെള്ളത്തിനെ സംബന്ധിച്ച ഒരു മറ അവരുടെ ഇടയില്‍ ഉണ്ടായിരുന്നു. അപ്പോള്‍ നാത്സികളുടെ ജൂതവിരോധത്തിന്റെ പ്രവാഹത്തില്‍ മുങ്ങിമരിച്ചവരാണോ നല്ലവര്‍? അതോ അതില്‍നിന്നു രക്ഷപ്പെട്ടവരോ ഈ കുറ്റബോധമാണ് ലേവിക്ക്.
തീക്ഷണങ്ങളായ അനുഭവങ്ങളുടെ സ്മരണകളാണ് ഈ ഗ്രന്ഥത്തിലാകെ. മനുഷ്യന്റെ ഓര്‍മ്മ അദ്ഭുതകരമാണെങ്കിലും മിഥ്യാജനകങ്ങളുമാണെന്നു ലെവി പറയുന്നു. കല്ലില്‍ കൊത്തിവച്ചതല്ല നമ്മുടെ സ്മരണകള്‍. കാലം കഴിയുമ്പോള്‍ അവ മാഞ്ഞുമാഞ്ഞുപോകുന്നു. നൂതനസംഭവം നേരിട്ടുകണ്ട രണ്ടു പേര്‍ അതു വിവരിക്കുന്നുവെന്നു കരുതൂ. അവര്‍ക്കു വ്യക്തിഗതങ്ങളായ താല്‍പര്യങ്ങള്‍ ആ സംഭവത്തെക്കൂറിച്ച് ഇല്ലെങ്കിലും രണ്ടു വിവരണങ്ങളും രണ്ടു വിധത്തിലായിരിക്കും. സ്മരണകള്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍ അവയ്ക്കു നവീനതയും ജീവനും കാണും. ആ വിവരണം കഥയുടെ രൂപത്തില്‍ ആവിഷ്കരിക്കുമ്പോള്‍ അതിനു സ്ഥിരമായ രൂപം വരും. അതു പച്ചയായ ഓര്‍മ്മയുടെ സ്ഥാനത്തു പ്രതിഷ്ഠിക്കപ്പെടും. ക്രമേണ അതിനു വളര്‍ച്ചയുണ്ടാകും. ഇതൊക്കെ മനസ്സിലാക്കിക്കൊണ്ടാണു ലേവി, മൈയര്‍ എന്ന ദാര്‍ശനികനെക്കുറിച്ചു പറയുക. 1943-ല്‍ ഈ തത്ത്വചിന്തകനെ നാത്സികള്‍ പിടികൂടി. കൂട്ടുകാരുടെ പേരുകള്‍ അദ്ദേഹം പറയണമെന്നായി അവര്‍. അദ്ദേഹത്തിന് ആരും കൂട്ടുകാരായി ഇല്ലായിരുന്നു. നാസ്തികള്‍ക്കു വിശ്വാസമായില്ല. അവര്‍ അദ്ദേഹത്തിന്റെ കൈകള്‍ പിറകില്‍ കൂട്ടിക്കെട്ടി തൂക്കിയിട്ടു. അങ്ങനെ തൂങ്ങുന്ന ശരീരത്തില്‍ നാത്സികള്‍ അനവരതം അടിച്ചു. ബോധംകെട്ട ദാര്‍ശനികന്‍ അവയൊന്നുമറിഞ്ഞില്ല. ഇങ്ങനെ പീഡിപ്പിച്ചതിനുശേഷമാണ് അദ്ദേഹത്തെ അവര്‍ ലേവി പാര്‍ക്കുന്ന ക്യാമ്പില്‍ കൊണ്ടുവന്നത്. അവിടെവച്ച് പ്രതിനിമിഷം മര്‍ദ്ദനം. മോചനം നേടിയ ആ ദാര്‍ശനികന്‍ 1978-ല്‍ ആത്മഹത്യ ചെയ്തു.
മാല എന്ന തരുണിയുടെയും എഡേക് എന്ന തടവുകാരെന്റെയും മരണം ഇതുപോലെ ക്ഷോഭജനകമാണ്. മാല സ്ത്രീകളുടെ ക്യാമ്പില്‍നിന്നു രക്ഷപ്പെട്ടത് എഡേക്കുമായി സ്ലോവാക്ക് അതിര്‍ത്തിയിലേക്കു കടന്നു. നാത്സി പോലീസിന്റെ യൂനിഫോം ധരിച്ചാണ് രണ്ടുപേരും അവിടെ എത്തിയത്. പക്ഷേ കസ്റ്റംസ് അധികാരികള്‍ അവരെ കണ്ടുപിടിച്ചു. എഡേക്കിനെ അവര്‍ക്കുതന്നെ കൊല്ലാന്‍ സാധിച്ചില്ല. അതിനുമുമ്പ് അദ്ദേഹംകുരുക്കില്‍ തലയിട്ടു താഴെയുള്ള സ്റ്റൂള്‍ തട്ടിത്തെറിപ്പിച്ചു പിടഞ്ഞുമരിച്ചു. മാല ഒരു റെയ്സര്‍ബ്ലെയ്ഡ് ഒളിപ്പിച്ചുവച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് അവള്‍ കണങ്കൈയിലെ ഞരമ്പു മുറിച്ചു. ബ്ലെയ്ഡ് പിടിച്ചുവാങ്ങാന്‍ ചെന്ന നാസ്തിയെ അവള്‍ രക്തംപുരണ്ട കൈകൊണ്ടു കരണത്തടിച്ചു. ജൂത സ്ത്രീ നാസ്തി ഉദ്യോഗസ്ഥനെ അടിക്കുകയോ? മറ്റുള്ള ഗാര്‍ഡുകള്‍ ഓടിവന്ന് അവരെ ചവട്ടിയരച്ചുകൊന്നു.
മന്ദഗതിയാണ് തീവണ്ടിക്ക്. ക്രമേണ അതിന്റെ വേഗം കൂടുന്നു. ആ വേഗം പാരമ്യത്തിലെത്തുമ്പോള്‍ നിര്‍ഘോഷങ്ങള്‍; ഭയജനകങ്ങളായ ചലനങ്ങള്‍, അതുപോലെ പ്രശാന്തമായ രീതിയില്‍ തുടങ്ങുന്ന ഈ ഗ്രന്ഥത്തിന്റെ ആഖ്യാനം സ്ഫോടകശക്തി ആവാഹിച്ചാവാഹിച്ച് ഒടുവില്‍ പൊട്ടിത്തെറിക്കുന്നു. ഇതിലെ “Useless Violence” എന്ന അഞ്ചാമധ്യായം ഞെട്ടല്‍ കൂടാതെ നമുക്കു വായിച്ചുതീര്‍ക്കാന്‍ വയ്യ. ഹിംസയ്ക്കു വേണ്ടിയുള്ള ഹിംസയാണ് ഈ അധ്യായത്തില്‍ വര്‍ണ്ണിക്കപ്പെടുന്നത്. സൂപ്പ് കൊടുക്കുമ്പോള്‍ തടവുകാര്‍ അത് പട്ടിയെപ്പോലെ നക്കിക്കുടിക്കണം. ആയിരമായിരം പ്ലാസ്റ്റിക് സ്പൂണുകള്‍ ക്യാമ്പിലുണ്ട്. എന്നാലും ജൂതന്മാരെ നാസ്തികൾ പട്ടികളാക്കിയേ അടങ്ങൂ. രക്തം ഏത് ഉയര്‍ന്ന തലത്തില്‍വച്ചാണു തിളയ്ക്കുന്നതെന്നു പരിശോധിക്കാനായി തടവുകാരെ ‘ഡികംപ്രെഷര്‍ ചെയ്മ്പറു’കളില്‍ പ്രവേശിപ്പിക്കുമായിരുന്നു. അല്ലെങ്കില്‍ ഉറഞ്ഞുകട്ടിയായിത്തീരുന്ന വെള്ളത്തില്‍ അവരെ ദീര്‍ഘസമയം മുക്കിവയ്ക്കുമായിരുന്നു. ജൂതന്‍മാരെ ജീവനോടെ കരിച്ച അടുപ്പുകളിലെ ചാരം പല്ലുകളോടുകൂടി, നട്ടെല്ലിന്‍ കഷണങ്ങളോടുകൂടി ക്യാമ്പിനടുത്തുള്ള പാതകളുടെ നിരപ്പ് ശരിയാക്കാന്‍ ഉപയോഗിക്കുമായിരുന്നു (പുറം 99, 100).
പേന മഷിയില്‍ മുക്കി എഴുതുന്നവരുണ്ട്. പേന ആസിഡില്‍ മുക്കി എഴുതുന്നവരുന്നുണ്ട്. രക്തത്തില്‍ മുക്കി എഴുതുന്നവരുണ്ട്. തൂലിക കോപാഗ്നിയില്‍ കാണിച്ചു പഴുപ്പിച്ചെടുത്തു ലെവി എഴുതിയ പുസ്തകമാണിത്. ഏതു കോപാഗ്നി? നാത്സികളോടുള്ള രോഷമോ? അല്ല. ആ ജര്‍മ്മന്‍ രാക്ഷസന്‍മാരെ അദ്ദേഹം ഒരിടത്തും നിന്ദിച്ചിട്ടില്ല. തടവറയില്‍ കിടന്നപ്പോള്‍ കൂട്ടുകാരായ തടവുകാര്‍ക്കു വേണ്ടതുചെയ്യാന്‍ കഴിയാത്തതിലുള്ള രോഷം. തുള്ളിത്തുള്ളിയായി വീഴുന്ന വെള്ളത്തിന്റെ ഏതാനും തുള്ളികള്‍ സ്നേഹിതനു നല്‍കാത്ത സ്വാര്‍ത്ഥതാല്‍പര്യത്തിന്റെ നേര്‍ക്കുള്ള കോപം. തടവുകാരുടെ ഇടയില്‍ ആദര്‍ശത്തിന്റെ ഐക്യവും ദൃഢതയുടെ ഐക്യവും ഉണ്ടാക്കാന്‍ കഴിയാത്തതിലുള്ള രോഷം. ഇതു നാല്‍പ്പതുവര്‍ഷത്തോളം ജ്വലിപ്പിച്ചുകൊണ്ടുവന്ന ലേവി ഒരു ദിവസം സ്റ്റെയര്‍വെല്ലിലേക്കു കുതിച്ചു. മഹനീയമായ ജീവിതം അങ്ങനെ അവസാനിച്ചു. കവി റ്റ്സെലാനെപ്പോലെ, കഥാകാരനായ ബോറോവ്സ്കിയെപ്പോലെ തത്ത്വചിന്തകനായ മൈയറെപ്പോലെ ലേവിയും പുരുഷരത്നമായി ചരിത്രമണ്ഡലത്തില്‍ തിളങ്ങുന്നു. ഹിംസയില്‍നിന്നു ഹിംസയേ ഉണ്ടാകൂ എന്ന വിശ്വാസമാണ് ലേവിക്ക്. (from violence only violence is born—page 168) യുദ്ധവും ഹിംസയും വേണ്ട. മേശയ്ക്കു ചുറ്റുമിരുന്ന് നന്മയോടും വിശ്വാസത്തോടും കൂടി ചർച്ചചെയ്താൽ ഏതിനും പരിഹാരം കാണാമെന്ന് അദ്ദേഹം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ആരോ പറഞ്ഞില്ലേ, ഈ ഗ്രന്ഥത്തെ തൊടുമ്പോള്‍ നിങ്ങള്‍ മനുഷ്യനെ തൊടുന്നുവെന്ന്. പ്രൈമോ ലേവിയുടെ ഗ്രന്ഥത്തെ സ്പര്‍ശിക്കുമ്പോള്‍ നമ്മള്‍ മഹാനായ മനുഷ്യനെ സ്പര്‍ശിക്കുന്നു.
| ||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||
