close
Sayahna Sayahna
Search

കുട്ടിക്കൃഷ്ണമാരാർ


കുട്ടിക്കൃഷ്ണമാരാർ
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മാജിക്കൽ റിയലിസം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1985
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 103 (ആദ്യ പതിപ്പ്)

കുട്ടികൃഷ്ണമാരാരുടെ ഗ്രന്ഥങ്ങള്‍ എന്റെ മേശപ്പുറത്തു കിടക്കുന്നു. അവ ഓരോന്നും ഞാന്‍ വീണ്ടും വായിച്ചുകഴിഞ്ഞു. അവയിലെ ആശയസാഗരത്തിന്റെ അഗാധതയില്‍നിന്നു് അദ്ദേഹം ഉയര്‍ന്നുവന്നു് എന്റെ മുമ്പില്‍ നിൽക്കുകയാണു്. ഇരുപത്തിമൂന്നു കൊല്ലം മുമ്പു് തിരുവനന്തപുരത്തെ സംസ്കൃത കോളേജില്‍ ഒരു സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ അദ്ദേഹത്തെത്തന്നെയാണു് ഞാനിപ്പോഴും കാണുന്നതു്. ബുദ്ധിശക്തി വിളിച്ചുപറയുന്ന കണ്ണുകള്‍. മുഖഭാവമാകെ ചിന്തകന്റേതു്. പക്ഷേ ചിന്തയുടെ ഔദ്ധത്യമില്ല, പ്രശാന്താവസ്ഥയേയുള്ളു. ഗ്രന്ഥങ്ങളിലെ കുട്ടിക്കൃഷ്ണമാരാര്‍ ഉദ്ധതനാണു്. നേരിട്ടു കാണുമ്പോള്‍, അദ്ദേഹം ശിശുവിനെപ്പോലെ നിഷ്കളങ്കന്‍. ചിന്തകനായ കെസ്ലറോടു ഞാന്‍ സംസാരിച്ചിട്ടുണ്ടു്. നമ്മുടെ ആത്മാവിന്റെ തന്ത്രികളെ അദ്ദേഹം പിടിച്ചു സ്പന്ദിപ്പിക്കുന്ന പ്രതീതിയുണ്ടാകും. കുട്ടികൃഷ്ണമാരാര്‍ക്കു് അങ്ങനെയൊരു ചലനാത്മകമായ സ്വത്വമില്ല. കുഞ്ഞിനെപ്പോലെ നിര്‍മ്മലഹൃദയനായ അദ്ദേഹം എങ്ങനെയാണു് ആത്മാവിന്റെ തന്ത്രികളില്‍ കൈവെക്കുന്നതു്? സംസ്കൃത കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പി.കെ. നാരായണപിള്ളയോടു് അദ്ദേഹം സംസാരിക്കുകയായിരുന്നു. ഞാന്‍ മൗനമവലംബിച്ചു് തൊട്ടടുത്തുള്ള കസേരയിലിരുപ്പാണു്. അദ്ദേഹം കുറേ നേരം എന്തൊക്കെയോ പറഞ്ഞിട്ടു് എന്നെ നോക്കി ചോദിച്ചു: “എന്താ കൃഷ്ണന്‍നായര്‍ ഒന്നും മിണ്ടാത്തതു്?” ഞാന്‍ ചിരിച്ചതേയുള്ളു. അപ്പോള്‍ കുട്ടികൃഷ്ണമാരാര്‍ പി.കെ.നാരായണപിള്ളയോടു് പറഞ്ഞു: “എന്നെ കിരീടം, ചൂടിച്ച ആളാണു് കൃഷ്ണന്‍നായര്‍”. അക്കാലത്തു് അദ്ദേഹത്തെക്കുറിച്ചു് ഞാന്‍ ‘കൗമുദി’ വാരികയിലെഴുതിയ ഒരു ലേഖനത്തിനു് അങ്ങനെ അദ്ദേഹം നന്ദിപറഞ്ഞു. സമ്മേളനം തുടങ്ങി. തന്റെ


സംസ്കാരത്തില്‍ പി.കെ. അവര്‍കള്‍ക്കുള്ള വിശ്വാസത്തെ പ്രകീര്‍ത്തിക്കുന്ന മട്ടില്‍ കുട്ടിക്കൃഷ്ണമാരാര്‍ വ്യാജസ്തുതി നിര്‍വഹിച്ചു കൊണ്ടായിരുന്നു പ്രഭാഷണം ആരംഭിച്ചതു്. “ഞാന്‍ ഇവിടെ ഈ സമ്മേളനത്തിനു് ഇന്ന തീയതി എത്തണമെന്നു കാണിച്ചു് നിങ്ങളുടെ പ്രിന്‍സിപ്പല്‍ എനിക്കു കത്തയച്ചു. പിന്നെ എഴുത്തൊന്നും കണ്ടില്ല. ഞാന്‍ സംസ്ക്കാരമുള്ള ആളായതുകൊണ്ടു് എത്തിക്കൊള്ളും എന്നു് അദ്ദേഹം വിചാരിക്കും. അങ്ങനെ എന്റെ സംസ്കാരത്തില്‍ അദ്ദേഹത്തിനു് ഒന്നു ക്ഷണിച്ചിട്ടു് പിന്നീടു് കത്തു് അയയ്ക്കുകയോ പണം അയയ്ക്കുകയോ ചെയ്യാത്ത മര്യാദകേടിനു് ഒരടികൊടുക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്നുള്ള പ്രസംഗം ചിന്തോദ്ദീപകമായിരുന്നുവെങ്കിലും വര്‍ണ്ണോജ്വലമല്ലായിരുന്നു. കുട്ടിക്കൃഷ്ണമാരാര്‍ ‘പ്ലാറ്റ്ഫോം സ്പീക്കറ’ല്ല. ശാന്തനായിട്ടേ അദ്ദെഹം സംസാരിക്കു. ഞാന്‍ പറയുന്നതു ശരി എന്നമട്ടില്ല. പാണ്ഡിത്യം പ്രകടിപ്പിച്ചേ അടങ്ങൂ എന്നില്ല. വിമാനത്തില്‍ കയറുന്നതിനുമുമ്പു് അതുതൊട്ടു കണ്ണില്‍ വച്ചു എന്നു് അദ്ദേഹം പറഞ്ഞപ്പോള്‍ ആധ്യാത്മികത്വത്തെ ആദരിക്കാത്ത കുറെ വിദ്യാര്‍ത്ഥികള്‍ ചിരിച്ചു. എങ്കിലും അവര്‍ക്കും ആ നിഷ്കളങ്കത്വം ആദരണീയമായി തോന്നിയിരിക്കും. മീറ്റിങ്ങു് കഴിഞ്ഞു് വീണ്ടും പ്രിന്‍സിപ്പലിന്റെ മുറിയില്‍ എത്തിയപ്പോള്‍ രഘുവംശത്തിന്റെ ഗദ്യപരിഭാഷയുടെ ഒരു പ്രതി (ഗദ്യപരിഭാഷ കുട്ടിക്കൃഷ്ണമാരാരുടേതു്) ഞന്‍ അദ്ദേഹത്തിന്റെ നേര്‍ക്കു നീട്ടി കൈയൊപ്പ് ചോദിച്ചു. അദ്ദേഹം അതിലെഴുതി: ‘സുദുര്‍ല്ലഭമായ പരോക്ഷ സ്നേഹത്താല്‍ ആദരാവനതനായി കുട്ടിക്കൃഷ്ണമാരാരു്. 12-8-57.’ ഈ ഗ്രന്ഥം ഞാനിന്നും സൂക്ഷിച്ചുവച്ചിരിക്കുന്നു. അദ്ദേഹം എന്തെഴുതിയാലും സ്വന്തം വ്യക്തിത്വം പ്രദര്‍ശിപ്പിക്കും. ആ വാക്യം നോക്കു. അതിലുമുണ്ടു് വ്യക്തിപ്രഭാവം.

പിന്നീടു് ഒരിക്കല്‍കൂടി ഞാന്‍ അദ്ദേഹത്തെ കണ്ടു. ജോസഫ് മുണ്ടശ്ശേരിയുടെ ഷഷ്ടിപൂര്‍ത്തി തൃശ്ശൂരില്‍വച്ചു് ആഘോഷിക്കുന്നു. അന്നു് നിരൂപണത്തെക്കുറിച്ചു് സമ്മേളനമുണ്ടു്. അധ്യക്ഷന്‍ കുട്ടിക്കൃഷ്ണമാരാര്‍. അനേകം പ്രഭാഷകരുടെ കൂട്ടത്തില്‍ ഞാനുമുണ്ടു്. മീറ്റിങ്ങു് തുടങ്ങുന്നതിനു മുന്‍പു് അദ്ദേഹവും ഞാനും മുണ്ടശ്ശേരിയുടെ വീട്ടിലിരിക്കുകയായിരുന്നു. കുട്ടിക്കൃഷ്ണമാരാര്‍ അസ്വസ്ഥനാകുന്നതു കണ്ടു് ഞാന്‍ ചോദിച്ചു: ‘എന്താ സാര്‍ സുഖമില്ലേ?’ മറുപടി: ‘സുഖക്കേടു് ഒന്നുമില്ല. തണുപ്പാണെന്നു് വിചാരിച്ചു് സ്വെറ്റര്‍ ബനിയന്റെ പുറത്തെടുത്തിട്ടു. ഇപ്പോള്‍ ഉഷ്ണിച്ച് ഇരിക്കാന്‍ വയ്യ’അതങ്ങു് ഊരിക്കളഞ്ഞുകൂടെ? എന്നു് എന്റെ ചോദ്യം. അദ്ദേഹം ഷര്‍ട്ട് മാറ്റി. സ്വെറ്ററും മാറ്റി. ചിരിച്ചുകൊണ്ടു് ചോദിച്ചു: ‘ജനയുഗത്തിലെ വഴക്കെന്തായി?’ ജനയുഗം വാരികയില്‍ ഞാന്‍ എഴുതിയ ഒരു ലേഖനത്തില്‍ ‘സ്ഥായിഭാവം’ എന്നൊരു സമസ്ത പദമുണ്ടായിരുന്നു. അതു് അച്ചടിച്ചുവന്നപ്പോള്‍ ‘സ്ഥായീഭാവം’ ആയി. തുടര്‍ന്നു് വാദപ്രതിവാദം. സ്ഥായിഭാവമണോ ശരി, അതോ സ്ഥായീഭാവമോ? കാമ്പിശ്ശേരി കരുണാകരന്‍ പണ്ഡിതന്മാരുടെ അഭിപ്രായം ആരാഞ്ഞു. സ്ഥായീഭാവം ശരിയല്ല, സ്ഥായിഭാവമാണു് ശരി എന്നു് കുട്ടികൃഷ്ണമാരാര്‍ ജനയുഗത്തിനെഴുതി. അതിനെക്കുറിച്ചായിരുന്നു അദ്ദേഹം ചോദിച്ചതു്. ഞാന്‍ അറിയിച്ചു: ‘സാര്‍, അതൊക്കെ വാരിക ചെലവാകാനുള്ള ഉപായമല്ലേ? കാമ്പിശ്ശേരിക്കുതന്നെ അറിയാം സ്ഥായിഭാവമാണു് ശരിയെന്നു്. കാമ്പിശ്ശേരിയും സംസ്കൃതപണ്ഡിതനാണു്.’

കുട്ടികൃഷ്ണമാരാര്‍
‘സ്ഥായിന് എന്നതിനോടു് ഭാവം ചേരുമ്പോള്‍ നകാരം ലോപിക്കും. ശരിയല്ലേ കൃഷ്ണന്‍നായര്‍?’

എനിക്കതു കേട്ടു് വല്ലയ്മയുണ്ടായി. മഹാപണ്ഡിതനായ കുട്ടികൃഷ്ണമാരാര്‍ അല്പജ്ഞനായ എന്നോടു് സംശയം ചോദിക്കുകയാണു്. ഞാന്‍ വൈഷമ്യത്തോടെ പറഞ്ഞു: ‘സാര്‍, എന്നോടാണോ ചോദ്യം. അങ്ങാരു്? ഞാനാരു്?’ അദ്ദേഹം: ‘അല്ല ഞാനിതൊക്കെ മറന്നിട്ടു് കാലം വളരെയായി. അത്രേയുള്ളു.’ഇവിടെയും ആദരാവനതനായി നില്‍ക്കുന്ന കുട്ടികൃഷ്ണമാരാര്‍. വിനയം പലപ്പോഴും അസത്യാത്മകമാണു്. എന്നാല്‍ കുട്ടിക്കൃഷ്ണമാരാരുടെ കാര്യത്തില്‍ അതു് എപ്പോഴും സത്യാത്മകമാണു്.

ആ നിരൂപകന്റെ ഗ്രന്ഥങ്ങള്‍ മാത്രം വായിച്ചിട്ടു് “ഇതാ ഒരു ഉദ്ധതന്‍!” എന്നുപറയുന്നവര്‍ അദ്ദേഹത്തെ അറിഞ്ഞിട്ടില്ല. ഒരിക്കല്‍ 1945-ല്‍ ഡോക്ടര്‍ കെ.ഗോദവര്‍മ്മ വിദ്യാര്‍ത്ഥിയായിരുന്ന എന്നോടു ചോദിച്ചു: “മാരാര്‍ ഉദ്ധതനല്ലേ?” ഗുരുനാഥന്റെ ചോദ്യം ശരിയായിരിക്കുമെന്നു ശിഷ്യനായ ഞാന്‍ വിചാരിച്ചു. പിന്നെയും പന്ത്രണ്ടു കൊല്ലം കഴിഞ്ഞിട്ടേ എനിക്കു മനസ്സിലായുള്ളു മാരാര്‍ വിനയത്തിന്റെ ഉടലെടുത്ത രൂപമാണെന്നു്. വേറൊരു സാഹിത്യകാരനും അദ്ദേഹത്തെപ്പോലെ നന്മയുള്ളവനല്ലെന്നു്. എന്റെയും നിങ്ങളുടെയും മാരാരുടെയും ശരീരങ്ങള്‍ കളിമണ്ണുകൊണ്ടു് നിര്‍മ്മിക്കപ്പെട്ടവയായിരിക്കാം. പക്ഷേ മാരാരുടെ മൃണ്‍മയശരീരത്തിനകത്ത്ത് നന്മയുടെ രത്നമിരുന്നു തിളങ്ങുന്നുണ്ടായിരുന്നു. ആ ശരീരം ഇന്നില്ല. പക്ഷേ രത്നം മയൂഖമാലകള്‍ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നു.

സാഹിത്യകാരന്മാരില്‍ പലരും അന്ധവിശ്വാസികളാണു്. താന്‍ വലിയ അന്ധവിശ്വാസിയാണെന്നു് ആര്‍ജറീനയിലെ ബോര്‍ഹെസ് പല തവണ പറഞ്ഞിട്ടുണ്ടു്. ശാസ്ത്രകാരന്മാരില്‍പ്പോലും അന്ധവിശ്വാസികളുണ്ടു്. ദാര്‍ശനികരുടെ കാര്യം പിന്നെ പറയാനുമില്ല. ഭാരതത്തിലെ പ്രമുഖനായ ഒരു ഫിലോസഫര്‍ കാലത്തു പരുന്തിനെ കണ്ടതിനുശേഷമേ പ്രഭാത ഭക്ഷണം കഴിക്കുമായിരുന്നുള്ളു. അദ്ദേഹം പരുന്തിനെ കാണാന്‍ അന്തരീക്ഷത്തില്‍ നോക്കിക്കൊണ്ടു കന്യാകുമാരി കടപ്പുറത്തു നില്‍ക്കുന്നതു് ഞാന്‍ ഒരിക്കല്‍ കണ്ടു. കേരളത്തിലെ ഒരു മഹാപണ്ഡിതന്‍ എന്നോടു ചോദിച്ചു: ‘വള്ളത്തോള്‍ കാതുകേള്‍ക്കാന്‍ വയ്യാത്തവനായില്ലേ ചെറുപ്പകാലത്തു്. കാരണമറിയാമോ?’ ഞാന്‍ അറിഞ്ഞുകൂടെന്നു പറഞ്ഞു. അദ്ദേഹം അറിയിച്ചു: ‘വാല്മീകീരാമായണം വിലക്ഷണമായി തര്‍ജ്ജമ ചെയ്തതുകൊണ്ടാണു്.’ ഒരു മാസത്തിനുമുന്‍പു് ഇവിടത്തെ പ്രമുഖനായ ഒരു നിരൂപകന്‍ എന്നോടു പറഞ്ഞു: ‘മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകളെ ‘ട്വിസ്റ്റ്’ ചെയ്‌തു് എഴുതിയതുകൊണ്ടാണു് കുട്ടിക്കൃഷ്ണമാരാര്‍ ജീവിതാന്ത്യത്തില്‍ ഉന്മാദത്തോളം എത്തിയതു്. (മാരാരുടെ അവസാനകാലം അങ്ങനെയായിരുന്നോ എന്നു് എനിക്കറിഞ്ഞുകൂടാ. അങ്ങനെയല്ലായിരുന്നെങ്കില്‍ ഈ സാഹിത്യകാരനെ വിശ്വസിച്ചു് ഇവിടെ ഇങ്ങനെ എഴുതിയതിനു് മാപ്പു്.)

വള്ളത്തോള്‍ രാമായണം തര്‍ജ്ജമ ചെയ്തതിനാലാണ് ബധിരനായതെന്നു് ഞാന്‍ വിശ്വസിക്കുന്നില്ല, മാരാര്‍ ‘ഭാരതപര്യടനം’ എഴുതിയതുകൊണ്ടാണു് ജീവിതത്തിന്റെ അവസാനകാലത്തു് യാതന അനുഭവിച്ചതെന്നും വിശ്വസിക്കുന്നില്ല. പക്ഷേ ‘ഭാരതപര്യടനം’ ഉത്കൃഷ്ടമായ ഗ്രന്ഥമാനെന്നു എനിക്കു പറയാന്‍ വയ്യ. വാല്മീകിയുടെ രാമായണവും വ്യാസന്റെ മഹാഭാരതവും പരമോല്‍കൃഷ്ടങ്ങളായ സാഹിത്യകൃതികളാണെങ്കിലും സാഹിത്യത്തിന്റെ ഉപകാരകത്വത്തെക്കാള്‍ വലിയ ഒരു ഉപകാരകത്വം അവയ്ക്കുണ്ടെന്നുള്ളതു് നമ്മള്‍ ഒരിക്കലും വിസ്മരിക്കാന്‍ പാടില്ല. ഭാരതീയരുടെ ആധ്യാത്മികത്വത്തിന്റെ വളര്‍ച്ചയ്ക്കു സഹായിച്ചിട്ടുള്ള കൃതികളാണു് അവ. കലയും സാഹിത്യവും ആധ്യാത്മികത്വത്തിന്റെ വികാസത്തിനു സഹായിക്കുമ്പോഴാണു് അവ ഉല്‍കൃഷ്ടങ്ങളാകുന്നതു്. മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും പരമ സത്യത്തിലേക്കു് അടുപ്പിച്ചിട്ടു് അവനു സത്യസാക്ഷാത്കാരമുളവാക്കിയ ഗ്രന്ഥങ്ങളാണ് രാമായണവും മഹാഭാരതവും. വാല്മീകിയും വ്യാസനും മനുഷ്യനിലേക്കു് ഒഴുകിക്കൊടുത്ത അമൃതത്തെ കാകോളമാക്കി മാറ്റുവാനേ കുട്ടിക്കൃഷ്ണമാരാര്‍ക്കു കഴിഞ്ഞുള്ളു. അപ്പോള്‍ മഹാഭാരതത്തില്‍ ധര്‍മ്മമെവിടെയുണ്ടോ അതൊക്കെ അധര്‍മ്മമായി അദ്ദേഹത്തിനു്, അധര്‍മ്മമെവിടെയുണ്ടോ അതൊക്കെ ധര്‍മ്മമായി ദര്‍ശിച്ചു ആ യുക്തിവാദി. താര്‍ക്കികന്റെ മട്ടില്‍ ഏതും വാദിച്ചു സമര്‍ത്ഥിക്കാം. പാഞ്ഞുപോകുന്ന അമ്പു് പാഞ്ഞു പോകുന്നില്ലെന്നും അതു് ഒരു സ്ഥലത്തുതന്നെ നില്‍ക്കുകയാണെന്നും തത്ത്വചിന്തകനായ സീനോ തെളിയിച്ചു. അതുപോലെ നിശ്ചലമായ അമ്പു് പാഞ്ഞുപോകുന്നതായും തെളിയിക്കാം. യുക്തിയുടെ കഴിവാണതു്. ദുര്യോധനന്‍ ധര്‍മ്മപുത്രരെക്കാള്‍ ധര്‍മ്മനിഷ്ഠനാണെന്നോ സദ്ഗുണസമ്പന്നനാണെന്നോ വാദിക്കാനോ തെളിയിക്കാനോ ഒരു പ്രയാസവുമില്ല. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ ആദികാവ്യത്തിലും ഇതിഹാസത്തിലും മാനസികോന്നമനം ജനിപ്പിക്കുന്നതായി എന്തുണ്ടോ, ജീവിതത്തെ ഉത്കൃഷ്ടമാക്കുന്നതായി എന്തുണ്ടോ അതിനെ നമ്മള്‍ ക്രൂരമായി നിഷേധിക്കുകയാവും. ആ നിഷേധമാണു് കുട്ടിക്കൃഷ്ണമാരാരുടെ “ഭാരതപര്യടന”ത്തിലുള്ളതു്.

ലോകരുടെ ഭിന്നരുചിയെക്കുറിച്ചു് ഭാരതീയനും പാശ്ചാത്യനും പറഞ്ഞിട്ടിണ്ടെങ്കിലും സാഹിത്യത്തിന്റെ ഗുണത്തെക്കുറിച്ചും ദോഷത്തെക്കുറിച്ചുമുള്ള സാമാന്യധാരണകള്‍ വെല്ലുവിളിക്കപ്പെടാറില്ല. കാളിദാസന്‍ നല്ല കവിയാണു് എന്ന പ്രസ്താവത്തോടു് വിപ്രതിപത്തിയുള്ളവരായി ആരും കാണില്ല. ക്ഷമാപണത്തോടെ ഒരുദാഹരണം. എം.പി.അപ്പന്‍ കവിയാണു്. കാളിദാസനും കവിയാണു്. ആരെങ്കിലുമൊരാള്‍ കാളിദാസനെക്കാള്‍ നല്ല കവിയാണു് എം.പി.അപ്പന്‍ എന്നു പറഞ്ഞതായി കരുതു. അപ്പോള്‍ അങ്ങനെ പ്രസ്താവിച്ച ആളുടെ സാഹിത്യാഭിരുചി വികലമാണെന്നു് ചൂണ്ടിക്കാണിക്കേണ്ടതായി വരുമല്ലോ. പാശ്ചാത്യന്റെ (ഡോക്ടര്‍ ജോണ്‍സണ്‍) the wild Vicissitudes of taste എന്ന പ്രയോഗം കൊണ്ടുപോലും ഇത്തരം അഭ്പ്രായങ്ങള്‍ക്കു് നീതിമത്കരണം നല്‍കാന്‍ സാദ്ധ്യമല്ല. സാഹിത്യത്തെ സംബന്ധിച്ച അഭിരുചിക്കു അത്രകണ്ട് ഭിന്നത്വം വരാമെങ്കിലും അതിന്നൊരു അടിത്തട്ടുണ്ടു്. അതാണു് സാര്‍വജനീനത്വം. ആ സാര്‍വ്വജനീന സ്വഭാവത്തിനു് എതിരാണു് അപ്പന്‍ കാളിദാസനെക്കാള്‍ ശ്രേഷ്ഠനാനെന്നുള്ള സങ്കല്പം. ടോള്‍സ്റ്റോയിയുടെ ‘വാര്‍ ആന്റു് പീസി’നെക്കാള്‍ ഉത്കൃഷ്ടമാണു വിക്തര്‍ യൂഗോയുടെ “ലേ മീസേറബ്ള്” (പാവങ്ങള്‍) എന്നു് കുട്ടിക്കൃഷ്ണമാരാര്‍ എഴുതിയപ്പോള്‍ അദ്ദെഹത്തിന്റെ സാഹിത്യാഭിരുചിക്ക്‍ സാര്‍വജനീന സ്വഭാവമില്ലെന്നു് ചിലര്‍ക്കെങ്കിലും തോന്നിക്കാണും. ടോള്‍സ്റ്റോയിക്കു് വാര്‍ദ്ധക്യത്തില്‍ മാനസാന്തരം സംഭവിച്ചു. അതിനുശേഷം, ക്രൈസ്തവപ്രേമത്തെ സ്ഫുടീകരിക്കാത്ത സാഹിത്യകൃതികള്‍ ഉത്കൃഷ്ടങ്ങളല്ലെന്നു് അദ്ദെഹം പറഞ്ഞു തുടങ്ങി. അപ്പോഴാണു് ടോള്‍സ്റ്റോയി യൂഗോയുടെ “പാവങ്ങളെ” വാഴ്ത്തിയതു്. പക്ഷേ സാര്‍വജനീന സ്വഭാവമാര്‍ന്ന സാഹിത്യാഭിരുചി ആ നോവലിനെ ‘സെന്റിമെന്റല്‍’ (അതിഭാവുകത്വമാര്‍ന്നതു്) എന്നേ വിശേഷിപ്പിച്ചിട്ടുള്ളു. അതിലെ കഥാ പാത്രങ്ങളെക്കുറിച്ച് ബോദലേറും ഫ്ളോബറും പറഞ്ഞതു് they are not human beings-അവര്‍ മനുഷ്യരല്ല എന്നാണു്. കാലം വളരെക്കഴിഞ്ഞു. ‘ലേ മീസേറബ്ള്’ ഉത്കൃഷ്ടമായ നോവലായി ഇന്നും പരിഗണിക്കപ്പെടുന്നില്ല. അതല്ല ‘വാര്‍ ആന്റു് പീസി’ന്റെ സ്ഥിതി. ‘മാനുഷികപ്രതിഭയുടെ ഉച്ചസ്ഥാനം’ ‘ഇലിയഡിനെക്കാള്‍ ശ്രേഷ്ടം’ എന്നൊക്കെയാണു് ഇന്നും അതിനെപ്പറ്റി പറയാറ്. കുട്ടികൃഷ്ണമാരാര്‍ ഈ കലാശില്പത്തെ പുറംകൈകൊണ്ടു് തട്ടിക്കളഞ്ഞിട്ട് യൂഗോയുടെ നോവലിനെ അതിന്റെ സ്ഥാനത്തു് പ്രതിഷ്ഠിക്കുന്നു. അദ്ദേഹം ചിന്തിക്കുന്നുവെന്നു ഭാവിച്ചുകൊണ്ടു് തന്നിലുള്ള പക്ഷപാതങ്ങളെയും വക്രീഭാവങ്ങളെയും സംവിധാനം ചെയ്തു് പ്രദര്‍ശിപ്പിക്കുകയായിരുന്നോ? യൂഗോയെപ്പോലെ നെപ്പോളിയനെ ആരാധിക്കാന്‍ ടോള്‍സ്റ്റോയിക്കു് കഴിയുമായിരുന്നില്ല. സമരഭൂമികളിലെ ശവശരീരങ്ങളെയും മുറിവേറ്റ ഭടന്മാരെയും കണ്ട് ഹര്‍ഷപുളകിതനായ നെപ്പോളിയനെ ടോള്‍സ്റ്റോയി പുച്ഛിച്ചു. ‘An insignificant tool of history who never, anywhere, even in exile, displayed any human dignity’ — ചരിത്രത്തിന്റെ ക്ഷുദ്രോപകരണം; ഒരിക്കലും ഒരിടത്തും — നാടുകടത്തപ്പെട്ടിരുന്നപ്പോള്‍പോലും — മനുഷ്യന്റെ അന്തസ്സ് കാണിക്കാത്തവന്‍ എന്നാണു് ടോള്‍സ്റ്റോയി ‘വാര്‍ ആന്റ് പീസി’ല്‍ നെപ്പോളിയനെക്കുറിച്ചെഴുതിയതു്. യൂഗോയോ? നെപ്പോളിയനെ ധീരനായി, വീരനായി, ലോകജേതാവായി മാത്രം കണ്ടു. കുട്ടിക്കൃഷ്ണമാരാര്‍ക്കും ആ കാഴ്ചയാണു്. അതുകൊണ്ടാവണം സാഹിത്യത്തിന്റെ ഉന്നതങ്ങളായ മാനദണ്ഡങ്ങള്‍ അദ്ദേഹം മറന്നുപോയതു്.

ആത്മജ്ഞാനത്തിനു് പ്രയോജനപ്പെടുത്തുന്നതത്രയും സാഹിത്യ സൃഷ്ടിയിലെ കലാംശം: ശേഷമുള്ളതെല്ലാം കലര്‍പ്പ് — ഇതായിരുന്നു കുട്ടിക്കൃഷ്ണമാരാരുടെ ചിന്താഗതി. അപ്പോള്‍ സാഹിത്യ സൃഷ്ടിയുടെ മൂല്യം നിര്‍ണ്ണയിക്കാന്‍ സാഹിത്യബാഹ്യമായിട്ടുള്ള അംശങ്ങളും ഉപയോഗിക്കണം എന്നുവരുന്നു. അദ്ദേഹം അങ്ങനെ സംവീക്ഷണം ചെയ്തപ്പോള്‍ മനോഹരമായ ‘ഉണ്ണുനീലിസന്ദേശം’ ഒരു ‘മുഴുത്ത ചിരി’യായി. ഉണ്ണായിവാര്യരുടെ ‘നളചരിത’ത്തിനു് ശ്രീ ഹര്‍ഷന്റെ ‘നൈഷധീയ ചരിതത്തെ’ക്കാള്‍ മേന്മയുണ്ടായി. ജീനിയസ്സായ കുഞ്ചന്‍നമ്പ്യാര്‍ അധമകവിയായി. ‘മലയാള ഭാഷയെ പാടാന്‍ പഠിപ്പിച്ച’ ചങ്ങമ്പുഴ മോശപ്പെട്ട കാവ്യങ്ങള്‍ രചിച്ചവനായി. താന്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തോടു് ബന്ധപ്പെട്ടവരെല്ലാം മാരാര്‍ക്ക് ഉത്കൃഷ്ടസാഹിത്യകാരന്മാരുമായി. വളരെക്കുറച്ചേ മാരാര്‍ മലയാളസാഹിത്യത്തിലെ സൃഷ്ടികളെക്കുറിച്ച് എഴുതിയിട്ടുള്ളു. അവയൊക്കെ പനിനീര്‍പ്പൂക്കളാണെന്നു് ചിലര്‍ പറയുന്നു. അവരോടു് യോജിക്കാന്‍ പ്രയാസം. സൂക്ഷ്മ നിരീക്ഷണത്തിന്റെ ചൂടേറ്റാല്‍ നിറംമങ്ങുന്ന കടലാസുപൂക്കളാണു് മാരാരുടെ നിരൂപണ പ്രബന്ധങ്ങള്‍. ക്ഷുദ്രകീടങ്ങള്‍ കുത്തിമുറിവേല്പിക്കുന്നതു് വെറുപ്പുകൊണ്ടല്ല. അവയ്ക്കു ജീവിക്കണം എന്നതിനാലാണു്. നിരൂപകര്‍ക്കു വേണ്ടതു് നമ്മുടെ രക്തമാണു്; വേദനയല്ല എന്നു് നീഷേ പറഞ്ഞതു് എനിക്കും യോജിക്കുന്നുവോ? അന്തരിച്ച ഒരു നല്ല മനുഷ്യന്റെ ശരീരത്തില്‍നിന്നു് ചോരയോഴുക്കാന്‍ ശ്രമിക്കുകയാണോ ഞാന്‍? ക്ഷമിക്കു. സത്യദര്‍ശനകൗതുകമല്ലാതെ ഈ എളിയവനു് വേറൊരു ലക്ഷ്യവുമില്ല.

പിന്നെ കുട്ടിക്കൃഷ്ണമാരാരുടെ മഹത്വമെവിടെയിരിക്കുന്നു? അദ്ദേഹത്തിന്റെ “ശൈലീവല്ലഭത്വ”ത്തില്‍. മാരാരെപ്പോലെ മനോഹരമായ മലയാളമെഴുതിയവര്‍ വേറെയില്ലതന്നെ. വാക്കുകള്‍ തിരഞ്ഞെടുക്കുന്നതില്‍, വാക്യത്തിന്റെ ദീര്‍ഘതയും ഹ്രസ്വവും നിര്‍ണ്ണയിക്കുന്നതില്‍, കുറിക്കുകൊള്ളുന്ന അലങ്കാരങ്ങള്‍ പ്രയോഗിക്കുന്നതില്‍, ലക്ഷ്യവേധികളായ പരിഹാസ ശാസ്ത്രങ്ങള്‍ പ്രയോഗിക്കുന്നതില്‍ അദ്ദേഹത്തെ അതിശയിച്ചു വേറൊരു എഴുത്തുകാരന്‍ ഇല്ലതന്നെ. മലയാള ഭാഷയുടെ ‘ജീനിയസ്സ്’ അദ്ദേഹത്തിന്റെ ഗദ്യത്തില്‍ ദര്‍ശിക്കാം. ഇതില്‍ മാത്രമല്ല അദ്ദേഹത്തിന്റെ മഹത്ത്വം നമ്മള്‍ കാണേണ്ടതു്. മാരാരുടെ “വൃത്തശില്പം” ഉജ്ജ്വലമായ ഒരു ശാസ്ത്രഗ്രന്ഥമാണു്. പാശ്ചാത്യദേശത്തെങ്ങാനുമാണു് ഇതു് ആവിര്‍ഭവിച്ചതെങ്കില്‍ ഉടനെ അതിന്റെ കര്‍ത്താവിനെ അവിടെയുള്ളവര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആക്കുമായിരുന്നു. അത്രകണ്ടുണ്ടു് അതിലെ പ്രജ്ഞയുടെ വിലാസം. ബുദ്ധിയുണ്ടായിരുന്നാല്‍ മാത്രം പോര. അതു് ഉപയോഗിക്കുകയും വേണമല്ലോ. മാരാര്‍ അതു് ഉപയോഗിച്ചു. ഫലം, മലയാളികള്‍ക്കു എല്ലാക്കാലത്തേക്കും അഭിമാനിക്കാവുന്ന ഒരു ശാസ്ത്രഗ്രന്ഥം. തര്‍ജ്ജമ ചെയ്താല്‍ ഏതു ഭാഷയുടെയും ചക്രവാളം വികസിപ്പിക്കുന്ന കൃതി.

കുട്ടിക്കൃഷ്ണമാരാര്‍ക്കു് താര്‍ക്കികന്റെ മട്ടുണ്ടു്. അദ്ദേഹന്‍ തര്‍ക്കം അഭ്യസിച്ചോ എന്നെനിക്കു് അറിഞ്ഞുകൂടാ. ‘വ്യക്തി വിവേകം’ എഴുതിയ മഹിമ ഭട്ടനെപ്പോലെയാണു് അദ്ദേഹം. ധ്വനി ധ്വംസനം നിര്‍വഹിച്ച ആ ആചാര്യനെപ്പോലെ അദ്ദേഹം ‘വാര്‍ ആന്റ് പീസി’ന്റെ കലാസൗന്ദര്യം ധ്വംസിച്ചു കാണിക്കും. മഹാകവി വള്ളത്തോളിന്റെ കവിത രൂപശില്പപ്രധാനം മാത്രമാണെന്നു സ്ഥാപിക്കും. കുട്ടിക്കൃഷ്ണമാരാര്‍ക്കു് വിമര്‍ശനം ചതുരംഗക്കളിയാണു്. അദ്ദേഹത്തിന്റെ കൂടെ കളിക്കുവാന്‍ വായനക്കാരനാണു്. രണ്ടുമൂന്നു കരുക്കള്‍ നീക്കിയിട്ടു് ‘അടിയറവ്’ എന്നു് അദ്ദേഹം വിളിച്ചുപറയും.അടിയറവ് തന്നെ. വായനക്കാരനു് തോറ്റില്ലെന്നു് പറയാന്‍ വയ്യ. എങ്കിലും ‘ഞാന്‍ തോല്‍ക്കേണ്ടവനല്ലല്ലോ’ എന്നൊരു തോന്നല്‍ അയാള്‍ക്കു്.