വർഗ്ഗാധിപതിയുടെ വീഴ്ച
വർഗ്ഗാധിപതിയുടെ വീഴ്ച | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | മാജിക്കൽ റിയലിസം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര് | പ്രഭാത് |
വര്‍ഷം |
1985 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 103 (ആദ്യ പതിപ്പ്) |
ഡബിള്‍ എന്ന സങ്കല്പം
One Hundred Years of Solitude എന്ന ചേതോഹരമായ നോവലിലെ ഫാന്റസി തന്നെയാണു് മാര്‍കേസിന്റെ അടുത്ത നോവലായ “The Autumn of the Patriarch” — “വര്‍ഗ്ഗാധിപതിയുടെ വീഴ്ച” എന്നതിലുമുള്ളതു്. സെന്‍ട്രല്‍ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ്, സൗത്തു് അമേരിക്ക ഇവ അതിരുകളായുള്ള കരീബിയന്‍ സമുദ്രത്തിലേക്കു് (അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഒരു ഭാഗം) നോക്കിക്കിടക്കുന്ന മരുസ്ഥല സദൃശമായ തീരത്തു് ഒരു റിപ്പബ്ലിക്കുണ്ടു്. പേരില്ലാത്ത ആ റിപ്പബ്ലിക്കിന്റെ അധിപതിക്കുണ്ടായ പതനമാണു് നോവലില്‍ വര്‍ണ്ണിച്ചിട്ടുള്ളതു്. നോവല്‍ ആരംഭിക്കുമ്പോള്‍ ആ സ്വേച്ഛാധിപതി ഇല്ല. അയാളുടെ ശവം മാത്രം നമ്മള് കാണുന്നു. Over the week-end the vultures got into the presidential palace by pecking through the screens on the balcony windows and the flapping of their wings stirred up the stagnant time inside and at dawn on Monday the city awoke out of its lethargy of centuries with the warm soft breeze of a great man dead and rotting grandeur എന്നാണു് നോവലിലെ ആദ്യത്തെ വാക്യം. കഴുകന്മാര് പ്രസിഡന്റിന്റെ — സ്വേച്ഛാധിപതിയുടെ — കൊട്ടാരത്തില്‍ ബാല്‍ക്കണി ജനലുകളില്‍ക്കൂടി കടന്നുചെല്ലുമ്പോള്‍ അയാളുടെ അഴുകുന്ന ശവം അവിടെ കിടക്കുന്നതു് അവ കാണുന്നു. അവയ്ക്കു പിറകേ വിപ്ലവകാരികളും ചെന്നെത്തുന്നു. നൂറു കൊല്ലമായി ഡിക്ടേറ്റര്ഷിപ്പു നടത്തി റിപ്പബ്ലിക്കിനെ ദ്രോഹിച്ചിരുന്ന ആ സ്വേച്ഛാധിപതി വെറുംതറയില്‍ കമിഴ്ന്നുകിടക്കുകയാണു്, വലതുകൈ മടക്കി തലയണയാക്കിവച്ചുകൊണ്ടു്. വിപ്ലവകാരികള്‍ ആ മൃതദേഹം മറിച്ചിട്ടു നോക്കി. പക്ഷേ, ആ മുഖം കണ്ടിട്ടും അവര്‍ക്കു് അയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കഴുകന്മാര് ആ മുഖം കൊത്തി വികൃതമാക്കിയിരുന്നില്ല. എങ്കിലും അവര്‍ തിരിച്ചറിയാതെയിരുന്നതു് അവര്‍ അയാളെ ഒരിക്കലും കണ്ടിരുന്നില്ല എന്നതുകൊണ്ടാണു്. എല്ലാ നാണയങ്ങളുടെയും എല്ലാ പോസ്റ്റേജ് സ്റ്റാമ്പുകളുടെയും രണ്ടുവശത്തും ഗര്ഭനിരോധനകോശത്തിന്റെ ലേബലുകളിലും അയാളുടെ അര്ദ്ധമുഖാലേഖ്യം ഉണ്ടായിരുന്നു. പക്ഷേ അവ അയാളുടെ ചിത്രത്തിന്റെ പകര്‍പ്പിന്റെ പകര്‍പ്പുകള്‍ മാത്രമായിരുന്നു. പിന്നെ അവര്‍ കണ്ടിരിക്കാന്‍ ഇടയുള്ള ആള് ആരാണു്? ആ മനുഷ്യന് ഡിക്ടേറ്റര്‍ ആയിരുന്നില്ല. അയാളുടെ ദ്വൈതരൂപത്തെ — ഡബിളിനെ — മാത്രം. ഛായയുടെ സാദൃശ്യംകൊണ്ടു തിരിച്ചറിയാന്‍ കഴിയാതിരുന്ന ആ രണ്ടാമന്റെ പേര് പെട്രീഷ്യോ അറഗോണസ് എന്നായിരുന്നു. അറഗോണസ് നിര്‍വ്വഹിച്ച പ്രഭാഷണങ്ങള്‍ സ്വന്തം പ്രഭാഷണങ്ങളായി ഡിക്ടേറ്റര്‍ പത്രത്തില്‍ വായിച്ചിരിക്കും. അറഗോണസാണു് യഥാര്‍ത്ഥത്തിലുള്ള പ്രസിഡന്റ് എന്നു വിചാരിച്ചു് ശ്രോതാക്കള്‍ കൈയടിച്ചപ്പോള്‍ ആ കരഘോഷം തനിക്കുവേണ്ടിയുള്ളതായിരുന്നുവെന്നു കരുതി അയാള്‍ ആഹ്ലാദിച്ചിരിക്കും. അതെല്ലാം പ്രസിഡന്റ് — ഡിക്ടേറ്റര്‍ — മനസ്സിലാക്കുന്നതു് അയാള്‍ക്കുവേണ്ടി മാത്രം ഒറ്റപ്രതിയായി അച്ചടിക്കപ്പെടുന്ന പത്രത്തില്നിന്നാണു്.
ഡബിളിന്റെ അസ്തമയം
ഡിക്ടേറ്റര്‍ ചെറുപ്പകാലത്തു് വെറുമൊരു കര്‍ഷകനേതാവായിരുന്നു. പടിപ്പടിയായി ഉയര്ന്നു് അയാള്‍ റിപ്പബ്ലിക്കിന്റെ അധിപതിയായി. കൊലപാതകം നടത്താന്‍, കൂട്ടക്കൊല നടത്താന്‍ അയാള്‍ക്കു മടിയില്ലായിരുന്നു. വെപ്പാട്ടികളെ കൊട്ടാരമാകെ നിറച്ചുവയ്ക്കാന്‍ അയാള്‍ക്കു് എന്തു താല്പര്യമായിരുന്നെന്നോ? അതിനും പുറമേ ധാരാളം പശുക്കളും. ആ പശുക്കളുടെ പാലുകുടിച്ചും വിഷയസുഖം അനുഭവിച്ചും, ക്രൗര്യവും ഭീതിയും വളര്‍ത്തിയും അയാള്‍ വിരാജിച്ചു. അയാളുടെ ആരാധകര്‍ എന്തെല്ലാം കഴിവുകള്‍ അയാള്‍ക്കു കല്പിച്ചുകൊടുത്തു! ഭൂമികുലുക്കം വന്നാല്‍ ഡിക്ടേറ്റര്ക്കു് അതു തടയാന്‍ സാധിക്കും. ഗ്രഹണമുണ്ടായാല്‍, അധികദിനവത്സരം (leap-year) വന്നാല്‍ അയാള്‍ക്കു് അവ ഇല്ലാതാക്കാന്‍ കഴിയും. ആനയുടെ കാലിനു തുല്യമായ കാലാണു് അയാള്ക്കുണ്ടായിരുന്നതു്. അതു വലിച്ചുവച്ച് മഞ്ഞിലൂടെ അയാള്‍ നടക്കും. ഗോപുരത്തിലെ മണി പന്ത്രണ്ടടിക്കേണ്ടിവരുന്ന സമയത്തു് പന്ത്രണ്ടടിച്ചുകൂടാ എന്നു് അയാള്‍ ആജ്ഞാപിച്ചു. ജീവിതം ദീര്ഘതയുള്ളതാക്കാന് രണ്ടുതവണ മാത്രമേ അതു ശബ്ദിക്കാവൂ. ആ കല്പനയനുസരിച്ചു് മണി തിരുത്തപ്പെട്ടു. ഈ ഭയങ്കരനാണു് മരിച്ചുകിടക്കുന്നതു്. ഡിക്ടേറ്റര്ക്കായി കരുതപ്പെട്ടിരുന്ന വിഷം അയാളുടെ ഡബിള്‍ അറഗോണസിന്റെ ശരീരത്തില്‍ കടന്നപ്പോള്‍ അയാള്‍ (ഡബിള്‍) അന്തരിച്ചു. തന്റെ അധികാരത്തിന്റെ അസ്തമയം ജനിപ്പിച്ച ഏകാന്തതയില്പ്പെട്ടു് ഡിക്ടേറ്റര്‍ ഉഴലുകയായി. (“lulled by the sound of the trail of yellow leaves of his autumn of pain” എന്നു് മാര്‍കേസ്.) അപ്പോള്‍ മന്ത്രിമാര്‍ സ്വേച്ഛാധികാരത്തിന്റെ കൊള്ളവസ്തു പങ്കിട്ടെടുക്കുന്നതിന്റെ കോലാഹലം അയാള്‍ കേട്ടു. നോവല്‍ തുടങ്ങുമ്പോള്‍ ഡിക്ടേറ്റര്‍ ഇല്ലെന്നു പറഞ്ഞല്ലോ. അയാള്‍ “പുരാവൃത്ത”മായി രൂപാന്തരപ്പെട്ടിരിക്കുന്നു. ആ “പുരാവൃത്തം” ചോരയും നീരും മാംസവുമാര്ന്നു് നമ്മുടെ മുന്പില് നില്ക്കുന്നതു് പലരുടെയും ആഖ്യാനത്തിലൂടെയാണു്. അയാളുടെ, അയാളുടെ അമ്മയുടെ, വെപ്പാട്ടിയുടെ, സുന്ദരിയായ മന്യൂലേയുടെ അത്ഭുതാവഹങ്ങളായ ആഖ്യാനങ്ങളിലൂടെ പേരില്ലാത്ത ഡിക്ടേറ്റര്‍ നമ്മുടെ മുന്പില് വന്നുനില്ക്കുന്നു. അയാള്‍ എന്നും പുരാവൃത്തമായിരുന്നു. അയാളെക്കുറിച്ചുള്ള യാഥാതഥ്യം ബഹുജനമറിഞ്ഞിരുന്നതു് ഡബിളായ അറഗോണസിലൂടെയാണു്. യാഥാതഥ്യത്തിന്റെ രൂപമാര്‍ന്ന ഡബിളിനെ വധിച്ചപ്പോള്‍ ആദ്യരൂപമായ ഡിക്ടേറ്ററുടെ അന്ത്യവും സംഭവിച്ചു. സ്വേച്ഛാധിപത്യത്തിന്റെ അയഥാര്‍ത്ഥ സ്വഭാവം അഭിവ്യഞ്ജിപ്പിക്കുന്നതിനു സഹായിക്കുന്ന ‘ഡബിളിനു്’ ഈ നോവലില്‍ പരമപ്രാധാന്യമുണ്ടു്. അയാളുടെ പേരു പറയുകയും ഡിക്ടേറ്റാറുടെ പേരു പറയാതിരിക്കുകയും ചെയ്യുന്നതും ശ്രദ്ധാര്ഹമത്രേ. സ്വേച്ഛാധികാരം അല്ലെങ്കില്‍ ഡെസ്പോട്ടിസം അസത്യമാണല്ലോ. അതു് അസത്യമാണെന്നു് ഡിക്ടേറ്ററെ ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്നതു അറഗോണസാണു്. അതിനാലാണു് അയാള്‍ മരിച്ചുകഴിയുമ്പോള്‍ ഡിക്ടേറ്റര്ക്കും നിലനില്പില്ലാതെയായിത്തീരുന്നതു്. മാര്‍കേസിനു് വളരെ ഇഷ്ടപ്പെട്ട ഒരാശയമാണു് ‘ഡബിള്‍’ എന്നതു്. അദ്ദേഹത്തിന്റെ “The Other Side of Death” എന്ന അത്യന്തസുന്ദരവും അതിപ്രൗഢവുമായ ചെറുകഥയിലും ഈ ആശയം ആവിര്‍ഭവിക്കുന്നു. ഈ ആശയാവിഷ്കാരത്തിനു് നോവലിസ്റ്റിനു സാഹായ്യം നല്കുന്നതു ഫാന്റസിയും.
ചരിത്രത്തിലെ സ്വേച്ഛാധികാരികള്‍ക്കെല്ലാം ജനയിതാക്കളില്ല. അതുപോലെ ഈ ഡിക്ടേറ്റര്ക്കും അച്ഛനില്ല. അയാള്‍ക്കു് അമ്മ മാത്രമേയുള്ളു. അമ്മ പുരുഷന്റെ സാഹായ്യമില്ലാതെയാണു് ഭാവി ഡിക്ടേറ്ററെ ഗര്‍ഭാശയത്തില്‍ വഹിച്ചതെന്നു് അവിടത്തെ പാഠ്യപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അയാള്‍ ജനിച്ചു, വളര്‍ന്നു, ഡിക്ടേറ്ററായി. ആദ്യകാലത്തൊക്കെ അയാള്‍ ഭയങ്കര സ്വേച്ഛാധികാരിയായിരുന്നെങ്കിലും, ജീവിതസായാഹ്നത്തോടു് അടുത്തപ്പോള്‍ ദുര്‍ബ്ബലനായിത്തീര്‍ന്നു. ഒരു കന്യാസ്ത്രീയെ മോഷ്ടിച്ചുകൊണ്ടുവന്നു് അവളെ വിവാഹം ചെയ്ത അയാള്‍, ബൂട്ട്സ് മാറ്റാതെ, വാളുമാറ്റാതെ, ഹെര്ണിയകൊണ്ടു വലുതായിപ്പോയ വൃഷണത്തെ താങ്ങുന്ന ബെല്‍റ്റ് മാറ്റാതെ അവളോടു ലൈംഗികവേഴ്ചയ്ക്കു തയ്യാറായ അയാള്‍ ഡബിളിന്റെ മരണത്തിനുശേഷം അശക്തനായിബ്ഭവിച്ചു. അയാളുടെ വിശ്വസ്തനായ ഒരു മന്ത്രി വഞ്ചന കാണിച്ചു. ബാന്ക്വിറ്റിനു് ആ മന്ത്രിയേയും ഡിക്റ്റേറ്റര്‍ ക്ഷണിച്ചു. അയാള്‍ വന്നതു് വെള്ളി ട്രേയില്‍ കിടന്നുകൊണ്ടാണു്. എല്ലാ മെഡലുകളും അയാള്‍ ധരിച്ചിരുന്നു. കൂടാതെ “കോളിഫ്ലൗവര്”, മസാല ഇവകൊണ്ടു് അയാളുടെ മാംസത്തിന്റെ രുചി വര്‍ദ്ധിപ്പിച്ചിരുന്നു. അതിഥികള്‍ക്കു് ആ മൃതദേഹം ഭക്ഷിക്കേണ്ടതായി വന്നു. (…because only she had reached the inconceivable triumph of take your boots off so you don’t soil my Brabant sheets, and he took them off, take off your saber and your truss and your leggings take every thing off my love I can’t feel you” എന്ന ഭാഗത്തില്‍ യൂണിഫോമിട്ടുകൊണ്ടു് ലൈംഗികവേഴ്ചയ്ക്കു തുനിയുന്ന ഡിക്ടേറ്ററുടെ ചിത്രം. “The distinguished General Roderigo de Aguilar entered on a silver tray, stretched out garnished with Cauliflower and laurel steeped with spices… and in all his medals, is served up roast” എന്ന ഭാഗത്തു് ക്രൗര്യത്തിന്റെ ചിത്രം.) ഈ ഭയങ്കരന്‍ മരിക്കുന്നതിന്റെ തലേദിവസം തകര്‍ന്ന കൊട്ടാരത്തിനുചുറ്റും ആശ്രയരഹിതനായി നടക്കുകയും തന്റെ പശുക്കളെ എണ്ണിനോക്കുകയും കാണാത്തവയെ അന്വേഷിക്കുകയും ചെയ്യുന്നു. സ്വേച്ഛാധികാരം ഏതു നിലയില്‍ മനുഷ്യനെ കൊണ്ടെത്തിക്കുമെന്നു കാണിച്ചുതരികയാണു് അസുലഭസിദ്ധികളുള്ള മാര്‍കേസ്. അതിനുവേണ്ടിയാണു് അദ്ദേഹം ഫാന്റസിയെ കൂട്ടുപിടിക്കുന്നതു്.
പ്രതിഭയുടെ വിലാസം
വര്ണ്ണനാവൈദഗ്ദ്ധ്യത്തില് മാര്‍കേസിനെ സമീപിക്കുന്ന ഏതെങ്കിലും നോവലിസ്റ്റു് ഇപ്പോഴുണ്ടൊ? ഇല്ലെന്നുതന്നെയാണു് ഈ ലേഖകന്റെ ഉത്തരം. ഡിക്ടേറ്ററുടെ അമ്മ കാന്‍സര്‍ പിടിച്ചു മരിക്കുന്നതിന്റെ വര്‍ണ്ണനം ഈ നോവലിലുണ്ടു്. അതു വായിക്കുന്നവര്‍ വിസ്മയാധീനരായി ഇരുന്നുപോകും. അത്രയ്ക്കുണ്ടു് അതിന്റെ ശക്തി. കാലത്തെക്കുറിച്ചു് പരിവൃത്തി സങ്കല്പമാണു് (cyclic conception of time) മാര്കേസിനുള്ളതു്; രേഖാമയസങ്കല്പമല്ല (linear conception). അതിനു യോജിച്ചവിധത്തിലുള്ള ആഖ്യാനവും വര്‍ണ്ണനവും ആണു് ഈ നോവലില്‍ കാണുക. കുളത്തിലേക്കു് ഒരു കല്ലെറിയൂ. ആദ്യം ഒരു കൊച്ചു തരംഗം അതിനെ വലയംചെയ്തു് വേറൊരു തരംഗം. അങ്ങനെ തരംഗത്തിന്റെ വലിപ്പം കൂടിക്കൂടി ഒടുവില്‍ മഹാതരംഗം. ഇമ്മട്ടില്‍ കൊച്ചുതരംഗങ്ങളും വലിയ തരംഗങ്ങളും മഹാതരംഗങ്ങളും ഈ നോവലില്‍ നിറഞ്ഞിരിക്കുന്നു. അതുകൊണ്ടു് ഇതിനു് എന്തെന്നില്ലാത്ത ഘനത അല്ലെങ്കില്‍ സാന്ദ്രത കൈവന്നിരിക്കുന്നു. ചില ഭാഗങ്ങള്‍ തികച്ചും കാവ്യാത്മകങ്ങളാണു്. യാഥാതഥ്യവും ഫാന്റസിയും മാര്‍കേസ് ഒരുമിച്ചു ചേര്‍ക്കുമ്പോള്‍ യാഥാതഥ്യമേതു് ഫാന്റസിയേതു് എന്നു നമുക്കു തിരിച്ചറിയാന്‍ കഴിയാതെ വരുന്നു. രൻടും സത്യാത്മകതയിലേക്കു നമ്മളെ കൊണ്ടു ചെല്ലുന്നു. അദ്ദേഹത്തിന്റെ One hundred Years of Solitude എന്ന നോവലില്‍ ഹോസ് ആര്‍ക്കേഡിയോ ബുവേണ്ടിയോയെ അയാളുടെ ഭാര്യ കൊല്ലുന്നതായി വര്‍ണ്ണനയുണ്ടു്. മരിച്ചയാളിന്റെ രക്തത്തിനുപോലും വീട്ടിലേക്കു് ഒഴികിപ്പോകാനുള്ള വഴിയറിയാം. പടിക്കെട്ടിറങ്ങി ടര്ക്ക്സ്ട്രീറ്റില്ക്കൂടി ഒഴുകി വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞുതിരിഞ്ഞ് അതു് അടഞ്ഞ വാതിലിനടിയില്‍ക്കൂടി പോയി തീന്മേശയില് തട്ടാതെ ചെന്നു് അടുക്കളയില്‍ എത്തുന്നു. അവിടെ ഉര്‍സൂല പ്രഭാതഭക്ഷണത്തിനുവേണ്ടി മുപ്പത്തിയാറു മുട്ടകള്‍ പൊട്ടിക്കുകയായിരുന്നു. ചോരയ്ക്കുള്ള ഈ ജ്ഞാനം മാര്‍കേസിന്റെ ഈ പുതിയ നോവലിലെ ഓരോ ക്ഷുദ്രവസ്തുവും പ്രകടിപ്പിക്കുന്നു. അസാധാരണമായ, അന്യാദൃശമായ കലാശില്പമാണിതു്. ഇതു് ആദ്യം വായിച്ചപ്പോള്‍ വിരസമായി എനിക്കനുഭവപ്പെട്ടു. പക്ഷേ, നോവലിന്റെ കവര്‍പേജില്‍ നല്‍കിയിരുന്ന നിര്‍ദ്ദേശം അല്ലെങ്കില്‍ അനുശാസനമനുസരിച്ചു് ഞാന്‍ വീണ്ടും വീണ്ടും വായിച്ചു. ഒറ്റ വായനകൊണ്ടു് നോവലിന്റെ ഗാംഭീര്യം വെളിപ്പെട്ടുവരികില്ലെന്നായിരുന്നു പ്രസ്താവം. ആവര്‍ത്തിച്ചു വായിക്കുക എന്നതായിരുന്നു ഉപദേശം. അങ്ങനെ വായിച്ചപ്പോള്‍ മാര്‍കേസിന്റെ ഈ നോവലിനെ അതിശയിക്കാന്‍ വേറൊരു കൃതിയില്ലെന്നു് എനിക്കു തോന്നി.
|