close
Sayahna Sayahna
Search

ഈശ്വരന്റെ നിശ്ശബ്ദത


ഈശ്വരന്റെ നിശ്ശബ്ദത
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മാജിക്കൽ റിയലിസം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1985
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 103 (ആദ്യ പതിപ്പ്)
  1. എന്റെ അഭിപ്രായത്തില്‍ നമ്മുടെ കാലത്തെ ഏറ്റവും നല്ല നോവലുകളില്‍ ഒന്നു് — ഗ്രേയം ഗ്രീന്‍.
  2. ഉജ്ജ്വലം, സന്താപകം… അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് — ദി ഒബ്സര്‍വര്‍.
  3. അത്ഭുതാവഹമായ ഗ്രന്ഥം — സ്പെക്‌ക്ടേറ്റര്‍.

ഷുസാക്കോ എന്‍ഡോ എന്ന ജാപ്പനീസ് നോവലിസ്റ്റ് 1967-ല്‍ പ്രസിദ്ധപ്പെടുത്തിയ “മൗനം” (silence) എന്ന നോവലിനെക്കുറിച്ചു് പാശ്ചാത്യവിമര്‍ശകര്‍ ഉതിര്‍ത്ത പ്രശംസാവചനങ്ങളില്‍ ചിലതാണു് മുകളില്‍ കുറിച്ചിട്ടിരിക്കുന്നതു്. ജപ്പാനിലെ ഗ്രേയം ഗ്രീന്‍ എന്നു വിളിക്കപ്പെടുന്ന എന്‍ഡോ 1923-ല്‍ ടോക്കിയോവില്‍ ജനിച്ചു. അവിടെത്തന്നെയാണു് അദ്ദേഹം ഇപ്പോഴും താമസിക്കുന്നതു്. “മൗനം” എഴുതുന്നതിനുമുമ്പും അതിനുശേഷവും അദ്ദേഹം പല നോവലുകളും രചിച്ചു. അവയെല്ലാം കലാശില്പങ്ങള്‍ തന്നെ. ഓരോന്നും യൂറോപ്യന്‍ ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്യപ്പെട്ടു. റോമന്‍ കാത്തലിക്കാണു് ഷുസാക്കോ എന്‍ഡോ. അതുകൊണ്ടു് അദ്ദേഹത്തിന്റെ മതപരങ്ങളായ വിശ്വാസങ്ങള്‍ കൃതികളില്‍ ആവിര്‍ഭവിക്കാതിരിക്കില്ല എന്നിട്ടും റഷ്യന്‍ഭാഷയിലേക്കു എന്‍ഡോയുടെ കൃതികള്‍ തര്‍ജ്ജമ ചെയ്യപ്പെട്ടു. കമ്മ്യൂണിസ്റ്റുകാര്‍ സൗന്ദര്യത്തിനു് എതിരായി വര്‍ത്തിക്കുന്നില്ലെന്നുവേണം നമ്മള്‍ അതില്‍നിന്നു മനസ്സിലാക്കേണ്ടതു്. മഹാനായ ഈ സാഹിത്യകാരന്റെ ചേതോഹരങ്ങളായ നോവലുകളില്‍ പ്രാധാന്യമര്‍ഹിക്കുന്നതു് “മൗനം” എന്ന കൃതിയാണു് പ്രശംസയോടൊപ്പം തര്‍ക്കങ്ങളും വാക്കലഹങ്ങളും ഉളവാക്കിയ ഈ നോവലിന്റെ സൗന്ദര്യം കാണേണ്ടതുതന്നെ.


ചരിത്രപശ്ചാത്തലം

“മൗനം” എന്ന നോവല്‍ ശരിയായി മനസ്സിലാകണമെങ്കില്‍ അതിന്റെ ചരിത്രപശ്ചാത്തലം നമ്മള്‍ അറിയണം. 1549-ല്‍ സെയിന്റു് ഫ്രാന്‍സിസു് സേവര്‍ ജപ്പാനിലെ കാഗോഷീമ തുറമുഖത്തു വന്നിറങ്ങി. അദ്ദേഹവും സഹപ്രവര്‍ത്തകരും രണ്ടുകൊല്ലത്തിലധികം കാലം ജപ്പാനില്‍ താമസിച്ചു് മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തി. അനേകം ക്രൈസ്തവസംഘങ്ങള്‍ക്കു രൂപംകൊടുത്ത ഫ്രാന്‍സിസ് സേവ്യറാനു് ജപ്പാനില്‍ ക്രിസ്തുമതം പ്രചരിപ്പിച്ചതെന്നു പറയാം. പിന്നീടു്, സൂക്ഷ്മമായിപ്പറഞ്ഞാല്‍ 1579-ല്‍ ആലേസാന്ദ്രോ വാലിഗ്നേനോ എന്ന ഇറ്റലിക്കാരന്‍ ജപ്പാനില്‍ മിഷനറിയായി എത്തിയപ്പോള്‍ അവിടെ 150,000 ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. ഡിക്ടേറ്ററന്മാരായിരുന്നു അക്കാലത്തു് ജപ്പാന്‍ ഭരിച്ചിരുന്നതു്. നോബൂനാഗ, (Nobunaga 1534-82) ഹീഡോയേഷീ, (Hideyoshi 1536-98) ഈയേയാസു (Ieyasu 1542-1616) എന്നീ സ്വേച്ഛാധിപതികള്‍ പല കാലങ്ങളിലായി ജപ്പാന്‍ അടക്കി ഭരിച്ചു. ബുദ്ധമതത്തെ വെറുക്കുകയും പോര്‍ട്ടുഗീസുമായുള്ള വാണിജ്യബന്ധത്തെ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ഈ ഡിക്ടേറ്ററന്മാര്‍ ആദ്യമൊക്കെ ക്രിസ്ത്യന്‍ മിഷണറിമാരെ പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷേ ഹീഡോയേഷീ ഒരു ദിവസം മതിയായ കാരണമൊന്നും കൂടാതെ കോപിഷ്ഠനായി. 1597 ഫെബ്രുവരിയില്‍ ഒരു ദിവസം കാലത്തു് അയാള്‍ ജപ്പാനീസും യൂറോപ്യന്മാരുമായ ഇരുപത്തിയാറു ക്രിസ്ത്യാനികളെ കുരിശില്‍തറച്ചു കൊന്നു. ഇന്നും നാഗസാക്കി സ്റ്റേഷനടുത്തായി ഈ രക്തസാക്ഷികളുടെ സ്മരണക്കായി നിര്‍മ്മിച്ച മണ്ഡപം കാണാം. ഹീഡോയേഷിക്കുശേഷം ഈയേയാസൂ ഭരണകര്‍ത്താവായപ്പോള്‍ “ക്രൈസ്തവപീഡനം” വളരെക്കൂടി. 1614-ല്‍ അയാള്‍ ക്രിസ്തുമതപ്രചാരണത്തെ നിരോധിക്കുന്ന ആജ്ഞ പുറപ്പെടുവിച്ചു. ജപ്പാനിലെ ഗവണ്‍മെന്റിനെ തകിടം മറിക്കാനും ആ രാജ്യം പിടിച്ചെടുക്കാനുമാണു് മിഷനറിമാര്‍ വന്നിരിക്കുന്നതെന്നു് അയാള്‍ കരുതി. അവരെ മര്‍ദ്ദിച്ചൊതുക്കാന്‍ ഈയേയാസു ആജ്ഞാപിച്ചു. മിഷനറി പ്രവര്‍ത്തനങ്ങള്‍ അതോടെ “അന്തര്‍ഭൗമ”ങ്ങളായി. (Underground) ഈയേയാസുവിനുശേഷം ഭരണാധികാരികളായവര്‍ ക്രൈസ്തവപുരോഹിതരേയും ക്രിസ്ത്യാനികളെയും വേട്ടയാടി. അവരെ ജീവനോടെ അഗ്നിക്കു് ഇരയാക്കുക എന്നതായിരുന്നു ആദ്യത്തെ രീതി. ജപ്പാനിലെ ക്യോട്ടോ നഗരത്തില്‍ക്കൂടെ കാമോ നദി ഒഴുകുന്നുണ്ടു്. അതിന്റെ ഉണങ്ങിവരണ്ട തടത്തില്‍, 1619 ഒക്ടോബറില്‍ 55 ക്രിസ്ത്യാനികളെ ജീവനോടെ ചുട്ടു. പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളും ചേര്‍ന്ന ഒരു സംഘം. കുഞ്ഞുങ്ങള്‍ അമ്മമാരുടെ കൈയ്യിലിരുന്നു “യേശുവേ ഇവരുടെ ആത്മാക്കളെ സ്വീകരിക്കേണമേ” എന്നു വിളിക്കുന്നുണ്ടായിരുന്നു. ഈ പീഡനമുറകള്‍ ഫലപ്രദങ്ങളാവുന്നില്ലെന്നു കൻടപ്പോള്‍ മറ്റൊരു മര്‍ദ്ദനമാര്‍ഗ്ഗം അധികാരികള്‍ പ്രയോഗത്തില്‍ കൊൻടുവന്നു. പുരോഹിതനെ കാലുതൊട്ടു നെഞ്ചുവരെ വരിഞ്ഞിറുക്കിക്കെട്ടും. ഏതെങ്കിലും ഒരു കൈ സ്വതന്ത്രമായി വിട്ടേക്കും. (സ്വധര്‍മ്മത്തിനു സന്നദ്ധനാണെന്നു തോന്നിയാല്‍ ആ കൈകൊണ്ടു് അടയാളം കാണിക്കാനാണു് അങ്ങനെ ചെയ്യുന്നതു്) എന്നിട്ടു് അയാളെ തൂക്കുമരത്തില്‍ കെട്ടി തലകീഴായി കുഴിയിലേക്കു തൂക്കിയിടും. കുഴിയുടെ അടിയില്‍ മലം നിരത്തിയിരിക്കും. പുരോഹിതന്റെ കാല്‍മുട്ടുകളും കുഴിയുടെ മുകള്‍ഭാഗവും ഒരേ നിരപ്പായിരിക്കും. അയാളുടെ നെറ്റിയില്‍ ചെറുതായ മുറിവുണ്ടാക്കും. രക്തം തുള്ളിത്തുള്ളിയായി നിര്‍ഗ്ഗമിക്കും. ഇങ്ങനെ പീഡിപ്പിക്കപ്പെടുന്ന രക്തസാക്ഷികള്‍ ഒന്നോ രണ്ടോ ദിവസംകൊണ്ടു മരിക്കും. ശക്തന്മാരാണെങ്കില്‍ ഒരാഴ്ച കിടന്നെന്നും വരും. ഒരു ചെറുപ്പക്കാരി രണ്ടാഴ്ചയോളം ഈ നിലയില്‍ കിടന്നിട്ടാണു് അന്ത്യശ്വാസം വലിച്ചതു്.

1632 വരെ ഒരു മിഷനറിയും സ്വധര്‍മ്മത്യാഗത്തിനു (apostasy) തയ്യാറായില്ല. പക്ഷേ ഈ പീഡനം എങ്ങനെ സഹിക്കാനാണു്? പോര്‍ട്ടുഗീസില്‍നിന്നു വന്ന മിഷനറി ഫെറീറ (Christovao Ferreira) ആറു മണീക്കൂര്‍നേരം കുഴിയില്‍ കിടന്നിട്ടു് സ്വധര്‍മ്മത്യാഗത്തിന്റെ അടയാളം കാണിച്ചു. ഇതൊക്കെ നടന്നിട്ടും പുരോഹിതന്മാര്‍ ജപ്പാനില്‍ രഹസ്യമായി വന്നുചേര്‍ന്നു. 1643-ല്‍ പത്തുപേര്‍ ജപ്പാനിലെത്തി. അവരിലൊരാളായിരുന്നു ഗൂസപ്പി കിയാറ. ജപ്പാനീസ് ഭരണാധികാരികള്‍ ഇവരെയെല്ലാം പിടികൂടി. ദീര്‍ഘവും അവാച്യവുമായ പീഡനങ്ങള്‍ക്കു് വിധേയരായ അവര്‍ സ്വധര്‍മ്മത്യാഗം ചെയ്തു (apostatized). അസഹനീയങ്ങളായ മര്‍ദ്ദനങ്ങളാലാണു് തങ്ങള്‍ മതവിശ്വാസം ഉപേക്ഷിക്കുന്നുവെന്നു പറഞ്ഞതെന്നു് അവര്‍ പിന്നീടു് പ്രഖ്യാപിക്കുകയുണ്ടായി. കിയാറാ സ്വധര്‍മ്മത്യാഗത്തിനുശേഷം നാല്പതുവര്‍ഷംകൂടി ജീവിച്ചിരുന്നു. താന്‍ ക്രിസ്ത്യാനിയാണെന്നു് മരിക്കുന്ന സന്ദര്‍ഭത്തില്‍ പ്രഖ്യാപിച്ചുകൊണ്ടാണു് അദ്ദേഹം ഈ ലോകം വിട്ടുപോയതു്. ഫെറീറയുടെ പിന്നീടുള്ള ജീവിതത്തെക്കുറിച്ചു് അറിവില്ല. നാഗസാക്കിക്കു് അടുത്തുള്ള ഒരു ദേവാലയത്തില്‍ അദ്ദേഹത്തിന്റെ ശവകുടീരം ഇപ്പോഴും കാണാം. ആറ്റംബോംബിട്ടതിന്റെ ഫലമായി അതിലെ ചരമക്കുറിപ്പുകള്‍ മാഞ്ഞുപോയെന്നു മാത്രം. ഫെറീറ സ്വധര്‍മ്മത്യാഗത്തെ പിന്നീടു് നിഷേധിച്ചെന്നും അധികാരികള്‍ അദ്ദേഹത്തെ കുഴിയില്‍ തല കീഴാക്കിയിട്ടുവെന്നും അദ്ദേഹം വീരചരമം വരിച്ചുവെന്നുമാണു് ചില ചൈനീസ് നാവികര്‍ പറയുന്നതു്. അതിന്റെ സത്യാവസ്ഥയെക്കുറിച്ചു് നമുക്കു ഒന്നുമറിഞ്ഞുകൂടാ. (ചരിത്രപരങ്ങളായ ഈ വസ്തുതകള്‍ക്കു് നോവല്‍ തര്‍ജ്ജമ ചെയ്ത വില്യം ജോണ്‍സ്റ്റണോടു് ഈ ലേഖകന്‍ കടപ്പെട്ടിരിക്കുന്നു.)

നോവല്‍

ജപ്പാനിലെത്തിയ ഗുസപ്പി കിയാറയുടെ പ്രതിരൂപമായിട്ടാണു് എന്‍ഡോ “മൗനം” എന്ന നോവലിലെ പ്രധാന കഥാപാത്രമായ സെബാസ്റ്റിന്‍ റോഡ്രീഗസിനെ അവതരിപ്പിച്ചിട്ടുള്ളതു്. (റോത്രീഗേസ് എന്നു സ്പാനിഷ് ഉച്ചാരണം)നോവല്‍ ആരംഭിക്കുന്നു. പോര്‍ട്ടുഗലിലെ Society of Jesus ജപ്പാനിലേക്കു് അയച്ച ഫെറീറ നാഗസാക്കിയിലെ ഒരു കുഴിയില്‍ കിടന്നു പീഡനമനുഭവിച്ചതിന്റെ ഫലമായി സ്വധര്‍മ്മത്യാഗം ചെയ്തു എന്ന വാര്‍ത്ത റോമിലെത്തി. അതിനുശേഷമാണു് റോഡ്രീഗസ് കൂട്ടുകാരനായ ഫ്രാന്‍സിസ് ഗാര്‍പ്പയോടൊരുമിച്ച് ജപ്പാനില്‍ രഹസ്യമായി എത്തിയതു്. അവര്‍ക്കു സഹായം നല്‍കുന്നതു ജപ്പാന്‍കാരനായ കീച്ചിജിറോയാണു്. ഉപകര്‍ത്താവായി ഭാവിക്കുന്ന അയാള്‍ യഥാര്‍ത്ഥത്തില്‍ ചതിയനത്രേ. ദുര്‍ബ്ബലമനസ്കനും കുടിയനും ആയ അയാള്‍ തന്നെയാണു് റോഡ്രീഗസിനെയും ഗാര്‍പ്പയേയും ചതിച്ചതു്. ജപ്പാനിലെ ഒരു പര്‍വതമായ പ്രദേശത്തു് രണ്ടു് പുരോഹിതന്മാരും താമസമാക്കി. അവിടെ എളുപ്പത്തില്‍ ആരുടേയും കണ്ണില്‍പ്പെടാത്ത ഒരു കുടിലില്‍ പാര്‍ത്തുകൊണ്ടു് അവര്‍ കുഞ്ങ്ങളെ ജ്ഞാനസ്നാനം ചെയ്യിച്ചു. ക്രിസ്തുമതവിശ്വാസികളുടെ കുമ്പസാരം കേട്ടു. അവര്‍ക്കു കൂദാശകള്‍ നല്‍കി. യേശുവിന്റെ പാവനകാന്തി പ്രസരിക്കുന്ന മുഖവും അദ്ദേഹത്തിന്റെ പാവനങ്ങളായ വചനങ്ങളുമാണു് റോഡ്രീഗസിനെ പ്രചോദിപ്പിച്ചിരുന്നതു്. ലോകം മുഴുവന്‍ സഞ്ചരിച്ചു് ഓരോ ജീവിയോടും സുവിശേഷം പ്രസംഗിക്കും. വിശ്വസിക്കുന്നവന്‍, ജ്ഞാനസ്നാനം ചെയ്യപ്പെട്ടവന്‍ രക്ഷിക്കപ്പെടും. വിശ്വാസമില്ലാത്തവന്‍ ദണ്ഡനാര്‍ഹനാകും. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ വചനങ്ങളായിരുന്നു അവ. ഈ അനുശാസനം കേട്ട റോഡ്രീഗസ് ക്രിസ്തുവിന്റെ മുഖം എപ്പോഴും മുന്നില്‍ കണ്ടു. പക്ഷേ എവിടേയും പീഡനങ്ങളേയുള്ളു. ജപ്പാനിലെ ക്രിസ്തുമതവിരോധികള്‍ ക്രിസ്തുമതവിശ്വാസികളെ തിളച്ച വെള്ളം കോരിയൊഴിച്ച് അല്പാല്പമായി കൊന്നു. മലം നിറച്ച കുഴിയില്‍ തലകീഴായി കെട്ടിത്തൂക്കിയും നെറ്റിയിലെ ഞരമ്പു മുറിച്ചു് ചോര ഒഴുക്കിയും കൊന്നു. അവര്‍ക്ക് രക്ഷപ്പെടണമെങ്കില്‍ ക്രിസ്തുവിന്റെ പടം ചവിട്ടിത്തേച്ചുകൊണ്ടു് ഞാന്‍ മതധര്‍മ്മം കൈവെടിഞ്ഞിരിക്കുന്നു എന്നു പറയണം. അപ്പോഴൊക്കെ ഈശ്വരന്‍ നിശ്ശബ്ദന്‍! എന്താണു് ഈ നിശ്ശബ്ദതയ്ക്കു് അര്‍ത്ഥം? എന്‍ഡോ നോവലിലെ ഈ പ്രമേയത്തെ റോഡ്രീഗസിന്റെ വാക്കുകളിലൂടെ ആവിഷ്ക്കരിക്കുന്നു. “ഈശ്വരന്റെ നിശ്ശബ്ദത മര്‍ദ്ദനം പൊട്ടിപ്പുറപ്പെട്ടിട്ട് ഇരുപതുവര്‍ഷം കഴിഞ്ഞു. ജപ്പാനിലെ കറുത്ത മണ്ണു് അസംഖ്യം ക്രിസ്ത്യാനികളുടെ പരിദേവനം കൊണ്ടു നിറഞ്ഞു; പുരോഹിതരുടെ ചുവന്ന രക്തം ധാരാളമൊഴുകി; പള്ളികളുടെ ഭിത്തികള്‍ ഇടിഞ്ഞുവീണു. ഭയജനകവും കാരുണ്യശൂന്യവുമായ ഈ ത്യാഗം ഈശ്വരനുവേണ്ടി അനുഷ്ഠിക്കപ്പെടുമ്പോള്‍ അദ്ദേഹം നിശബ്ദനായിരിക്കുന്നു.” (പുറം 96, 97. “Silence Peter Owen London.)

റോഡ്രീഗസിന്റെയും ഗാര്‍പ്പയുടേയും അനുയായികളായ ജാപ്പനീസ് ക്രിസ്ത്യാനികളാണു് മൊക്കിച്ചിയും ഇചീസോയും. അവരെ രണ്ടുപേരെയും കീചിജീറോയോടൊരുമിച്ചു് അധികാരികള്‍ അറസ്റ്റുചെയ്തു. യേശുവിന്റെ പടം മുന്നില്‍വച്ചു് അതില്‍ ചവിട്ടാന്‍ അധികാരികള്‍ ആജ്ഞാപിച്ചു. മൊക്കിച്ചിയും ഇചീസോയും പ്രാണന്‍ രക്ഷിക്കുന്നതിനുവേണ്ടി അതു ചെയ്തു. പക്ഷേ അധികാരികള്‍ വെറുതെ വിടുമോ? “ഞങ്ങളെ അങ്ങനെ പറ്റിക്കാമെന്നാണോ നിങ്ങളുടെ വിചാരം? നിങ്ങളുടെ ശ്വാസോച്ഛ്വാസത്തിനു് കനം കൂടിയതു് ഞങ്ങള്‍ കണ്ടില്ലെന്നാണോ?” എന്നായി ഉദ്യോഗസ്ഥന്‍. അതുകൊണ്ടു ഒരു പരീക്ഷണം കൂടി. ക്രിസ്ത്യാനികള്‍ കുരിശില്‍ തുപ്പണം. മൊക്കിച്ചിയും ഇചീസോയും അതിനു വിസമ്മതിച്ചു. അവരെ അധികാരികള്‍ ക്രൂരമായി വധിച്ചു. രണ്ടു പാപകര്‍മ്മങ്ങളും ചെയ്ത കീചിജീറോ രക്ഷപ്പെട്ടു. ഈശ്വരന്റെ നിശബ്ദത! മനുഷ്യന്‍ യാതനയില്‍ ശബ്ദമുയര്‍ത്തുമ്പോള്‍ ഈശ്വരന്‍ മൗനം അവലംബിക്കുന്നു. എന്താണിതു്?

ഈ സംശയത്തിനു പരിഹാരം ലഭിക്കാതെ റോഡ്രീഗസ് വിദൂരമായ ഒരു പര്‍വ്വതപ്രദേശത്തു് എത്തിച്ചേര്‍ന്നു. അവിടെ നില്‍ക്കുന്നു പിശാചിന്റെ രൂപമാര്‍ന്ന കീചിജീറോ. അയാള്‍ റോഡ്രീഗസിനെ അറസ്റ്റു ചെയ്യിച്ചു അദ്ദേഹം എളുപ്പത്തിലൊന്നും ധര്‍മ്മത്യാഗം ചെയ്യുകയില്ല. അതുകൊണ്ടു് അധികാരികള്‍ അദ്ദേഹത്തെ കുറെ പാതിരിമാരുടെയും കര്‍ഷകരുടെയും മുന്‍പില്‍ കൊണ്ടുചെന്നു നിര്‍ത്തി. അവരെ മുക്കിക്കൊല്ലാന്‍ ഭാവിക്കുകയണു്. അകലെ കൂര്‍ക്കംവലിക്കുന്ന ശബ്ദം. ഇല്ല. അതു കുഴിയില്‍ തലകീഴായി കിടക്കുന്ന പുരോഹിതന്മാരുടെ, ക്രിസ്ത്യാനികളായ കര്‍ഷകരുടെ രോദനമാണു്. അവര്‍ സ്വധര്‍മ്മത്യാഗം ചെയ്തുകഴിഞ്ഞു. എങ്കിലും അവരെ മോചിപ്പിച്ചിട്ടില്ല. റോഡ്രീഗസ് യേശുവിന്റെ പടത്തില്‍ ചവിട്ടി ധര്‍മ്മത്യാഗം ചെയ്താലേ അവര്‍ രക്ഷപ്പെടൂ. വേദനിക്കുന്ന ക്രിസ്തു! ക്ഷമാശീലനായ ക്രിസ്തു! തന്റെ മുഖം ആ പാവനമുഖത്തോടു് അടുക്കേണമേ എന്നു റോഡ്രീഗസ് പ്രാര്‍ത്ഥിച്ചു. അധികാരികള്‍ അദ്ദേഹത്തെ കുതിരപ്പുറത്തു കയറ്റി അവിടെയെല്ലാം സഞ്ചരിപ്പിച്ചു. ആളുകള്‍ അദ്ദേഹത്തെ കല്ലെറിഞ്ഞു. പക്ഷേ അവരുടെ കൂട്ടത്തിലും ആരെങ്കിലും കാണുകില്ലേ അദ്ദേഹത്തിനുവേണ്ടി നിശബ്ദമായി പ്രാര്‍ത്ഥിക്കാന്‍?

ഫെറീറ ജപ്പാനീസ് അധികാരികളുടെ ചട്ടുകമാണിപ്പോള്‍. അയാള്‍ യുക്തികള്‍ റോഡ്രീഗസിന്റെ മുന്‍പില്‍ നിരത്തിവച്ചു. അയാള്‍ പറഞ്ഞു. “എന്നിട്ടും ഞാന്‍ നിങ്ങളെപ്പോലെയായിരുന്നു. തണുത്ത, ഇരുണ്ട ആ രാത്രിയില്‍, ഇന്നു നിങ്ങളെങ്ങനെയോ അങ്ങനെതന്നെയായിരുന്നു ഞാനും…പുരോഹിതന്‍ ക്രിസ്തുവിനെ അനുകരിച്ചു ജീവിക്കണം. യേശു ഇവിടെ ഉണ്ടായിരുന്നെങ്കില്‍..” ഒരു നിമിഷം ഫെറീറ നിശബ്ദനായിരുന്നു. എന്നിട്ടു സുശക്തമമായ ശബ്ദത്തില്‍ ഉദ്ഘോഷം ചെയ്തു: “തീര്‍ച്ചയായും ക്രിസ്തു അവര്‍ക്കുവേണ്ടി സ്വധര്‍മ്മത്യാഗം ചെയ്യുമായിരുന്നു.” യേശുവിന്റെ പടം റോഡ്രീഗസിന്റെ കാലിനടുത്തു്. ആ പുരോഹിതന്‍ കാലുയര്‍ത്തി. എന്തൊരു വേദന! പടത്തിലെ ക്രിസ്തു അദ്ദേഹത്തോടു പറഞ്ഞു: “ചവിട്ടു! ചവിട്ടു. നിന്റെ കാലിലെ വേദന മറ്റാരെക്കാളും എനിക്കറിയാം. ചവിട്ടു. ആളുകളുടെ ചവിട്ടേല്‍ക്കാനാണു് ഞാന്‍ ഈ ലോകത്തു് ജനിച്ചതു് മനുഷ്യരുടെ വേദനകളില്‍ പങ്കുകൊള്ളാനാണു് ഞാന്‍ എന്റെ കുരിശു ചുമന്നതു്.” റോഡ്രീഗസ് പടത്തില്‍ കാലുവച്ചു. പ്രഭാതമായി. ദൂരെ കോഴി കൂവി.

വാക്കലഹങ്ങള്‍

ഉജ്ജ്വലമായ ഈ കലാശില്പത്തിന്റെ വ്യാഖ്യാനത്തില്‍ നിരൂപകര്‍ വിഭിന്ന ചിന്താഗതിക്കാരായി വര്‍ത്തിക്കുന്നു. പതിനേഴാം ശതാബ്ദത്തില്‍ ജപ്പാനില്‍ പരാജയമടഞ്ഞ ക്രിസ്തുമത്തിന്റെ പ്രതിരൂപങ്ങളായി ഫെറീറയേയും റോഡ്രീഗസിനെയും കാണണമെന്നു് ഒരു കൂട്ടര്‍ വാദിക്കുന്നു. ക്രിസ്തുമതം തികച്ചും പാശ്ചാത്യമാണത്രേ. ജപ്പാന്റെ അനൂപപ്രദേശത്തു് (swamp) അതു വേരോടുകില്ലപോലും. ഇതാണു് എന്ഡോയുടെ അഭിപ്രായമെന്നു് അവര്‍ കരുതുന്നു. അതിനു ഉപോത്ബലകമായി അവരെടുത്തു കാണിക്കുന്നതു് റോഡ്രീഗസിനെ ശിക്ഷിക്കാന്‍ ഭാവിച്ച ഈനായെ എന്ന മജിസ്ട്രേട്ടിന്റെ വാക്യങ്ങളാണു്. “Father you were not defeated by me. You were defeated by the swamp, of Japan” — “അച്ഛാ നിങ്ങളെ പരാജയപ്പെടുത്തിയതു് ഞാനല്ല. ജപ്പാന്റെ ചതുപ്പുപ്രദേശമാണു് നിങ്ങളെ തോല്പിച്ചതു്”-ജപ്പാനില്‍ പ്രചരിപ്പിച്ച തരത്തിലുള്ള ക്രിസ്തുമതത്തെ അതിനു ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നാണുപോലും ഈനായേ പറഞ്ഞതു്. ഫെറീന പറയുന്ന വാക്യങ്ങളും ഈ ചിന്താഗതിക്കു് അനുരൂപമായി നിരൂപകന്‍ ഉദ്ധരിക്കുന്നു. “ഇല്ല അതു് ഈശ്വരനല്ല. ചിലന്തിവലയില്‍പ്പെട്ട ചിത്രശലഭത്തെപ്പോലെയാണതു്. ആദ്യം അതു തീര്‍ച്ചയായും ചിത്രശലഭംതന്നെ. പക്ഷേ അടുത്ത ദിവസം ബാഹ്യാവയവങ്ങളേ ഉള്ളു. ചിറകും ഉടലും ചിത്രശലത്തിന്റേതുതന്നെ. എന്നാല്‍ അതിന്റെ സത്യാത്മകത പോയി. വെറും അസ്ഥിപഞ്ജരമായി അതു്. ജപ്പാനില്‍ നമ്മുടെ ഈശ്വരന്‍ ചിലന്തിവലയില്‍പ്പെട്ട ചിത്രശലഭമാണു്. ഈശ്വരന്റെ ബാഹ്യരൂപമേയുള്ളു. പക്ഷേ അതു വെറും എല്ലിന്‍കൂടായി കഴിഞ്ഞു” (പുറം 240).

ചിത്രശലഭം ചിത്രശലഭമായിത്തന്നെ ഇരിക്കണമെങ്കില്‍, ഈശ്വരന്‍ ഈശ്വരനായിത്തന്നെ ഇരിക്കണമെങ്കില്‍ ജപ്പാന്റെ സവിശേഷതകള്‍ക്കു് അനുരൂപമായി ക്രിസ്തുമതത്തിനു രൂപം നല്‍കണമെന്നു് എന്‍ഡോ വാദിക്കുന്നതായി ആ നിരൂപകര്‍ വിചാരിക്കുന്നു.

ഈ വിചാരഗതി സര്‍വാബദ്ധമാണു്. നോവലിനെ, കലാസൃഷ്ടിയെ ഇങ്ങനെ വളച്ചൊടിക്കുന്നതു് ശരിയല്ലെന്നു ഗ്രേയം ഗ്രീന്‍ അസന്ദിഗ്ദ്ധമായ ഭാഷയില്‍ പ്രഖ്യാപിച്ചിട്ടുണ്ടു്. “ഞാന്‍ കിയോളജിയല്ല എഴുതുന്നതു്: സാഹിത്യം രചിക്കുകയാണു്” എന്നു എന്‍ഡോയും പറഞ്ഞു. ക്രിസ്തുമതവിശ്വാസികളെ കുഴിയില്‍ തലകീഴായിട്ടു കൊന്ന ഈനായേയും സ്വധര്‍മ്മനിരാസത്തിനുശേഷം ജപ്പാനീസ് വിധവയെ ഭാര്യയായി സ്വീകരിച്ചു് കഴിഞ്ഞുകൂടിയ ഫെറീറയും (നോവലില്‍ അങ്ങനെയാണു് കാണുന്നതു്) പറയുന്ന വാക്കുകള്‍ നോവലിസ്റ്റിന്റെ വാക്കുകളായി സ്വീകരിക്കുന്നതു് ഉചിതജ്ഞതയുടെ ലക്ഷണമല്ല. തികഞ്ഞ ക്രിസ്തുമത വിശ്വാസമുള്ള സാഹിത്യകാരനാണു് എന്‍ഡോ. അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചു എന്നതിന്റെ അര്‍ത്ഥം ജപ്പാന്‍ അതു സ്വീകരിച്ചു എന്നതുതന്നെ. അതുകൊണ്ടു ജപ്പാന്റെ ദേശീയസ്വഭാവത്തിനു യോജിച്ച ക്രിസ്തുമതം വേണമെന്നു് എന്‍ഡോ കരുതുന്നതായി വിചാരിക്കാന്‍ നോവലില്‍ ഒരു തെളിവുമില്ല. നോവല്‍ ശ്രദ്ധിച്ചു വയിക്കു. റോഡ്രീഗസും ഫെറീറയും ഉറച്ച വിശ്വാസമുള്ളവരല്ല. ഉറച്ച വിശ്വാസമുള്ള ക്രിസ്ത്യാനികള്‍ മലം നിറഞ്ഞ കുഴിയില്‍ക്കിടന്നു മരിച്ചു. അവര്‍ യേശുദേവന്റെ പടത്തില്‍ ചവിട്ടിയില്ല. കുരിശില്‍ തുപ്പിയില്ല. അവര്‍ക്കുണ്ടായിരുന്ന വിശ്വാസം ഈ രൻടു പുരോഹിതന്മാര്‍ക്കും ഉണ്ടായിരുന്നെങ്കില്‍! അതുതന്നെയാണു് എന്‍ഡോയുടെ ആഗ്രഹം. ആ വിശ്വാസത്തോടെ അവര്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈശ്വരന്‍ നിശ്ശബ്ദനാണെന്നു് അവര്‍ക്കു തോന്നുമായിരുന്നില്ല. ജീവന്‍ ത്യജിച്ചവര്‍ ഈശ്വരന്റെ ശബ്ദം കേട്ടുകൊണ്ടാണു് സ്വര്‍ഗ്ഗത്തേക്കു പോയതു്. വിശ്വാസരാഹിത്യമുള്ള ആ രണ്ടു പുരോഹിതന്മാരും ഈശ്വരന്റെ ശബ്ദം കേട്ടില്ല. ഇതാണു് നോവലിന്റെ പ്രമേയം. വിശ്വാസത്തോടു ജീവിക്കൂ. എന്നതാണു് അതിന്റെ പ്രമേയം. പൗരസ്ത്യവും പാശ്ചാത്യവുമായ ആശയങ്ങളുടെ സംഘട്ടനം ഇതിലുണ്ടെന്നു പറയുന്നവര്‍ നോവല്‍ എന്താണെന്നു മനസ്സിലാക്കിയിട്ടില്ല. ഈശ്വരന്‍, പാപം, മരണം ഇവയെക്കുറിച്ചു ഗഹനമായി ചിന്തിച്ച ഒരു മഹാന്റെ കലാസൃഷ്ടിയാണു് “നിശബ്ദത” എന്ന നോവല്‍.