close
Sayahna Sayahna
Search

ഈജിപ്റ്റിനെ സ്നേഹിച്ച മനുഷ്യൻ


ഈജിപ്റ്റിനെ സ്നേഹിച്ച മനുഷ്യൻ
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മുത്തുകള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ നെരൂദ
വര്‍ഷം
1994
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 98 (ആദ്യ പതിപ്പ്)

മുത്തുകള്‍

‘അലിഗ്‌സാൻഡ്രിയ ക്വോർറെറററ്’ എന്ന വിഖ്യാതമായ നോവലെഴുതിയ ലോറന്‍സ്‌ ഡറല്‍ ‘വിരളമായ ഗ്രന്ഥം, ആധുനിക ഈജിപ്റ്റിനെക്കുറിച്ചുള്ള യഥാര്‍ത്ഥമായ ക്ളാസിക്, പണ്ഡിതന്മാര്‍ക്ക് ഖനി, വായനക്കാരന്റെ ആഹ്ളാദം’ എന്ന് വാഴ്‌‌ത്തിയ ‘The man who loved Egypt’ എന്ന പുസ്തകം എന്തെന്നില്ലാത്ത കൌതുകത്തോടെയാണ് ഞാന്‍ വായിച്ചുതീര്‍ത്തത്. ഗ്രന്ഥകാരനായ ജോസഫ്‌മക്ഫേഴ്സന്‍ 1901-ല്‍ ഈജിപ്റ്റില്‍ എത്തുകയും 1946-ല്‍ മരിക്കുന്നതുവരെ അവിടെ താമസിക്കുകയും ചെയ്തു. ഗണിതശാസ്ത്രവും രസതന്ത്രവും പഠിപ്പിക്കുന്ന അധ്യാപകനായിട്ടാണ് അദ്ദേഹം ഈജിപ്റ്റിലെത്തിയത്. കൈറോവിലെ രഹസ്യപ്പോലീസിന്റെ തലവനായി പെന്‍ഷന്‍ പററി. ജോലിയില്‍ നിന്നു വിരമിച്ചതിനുശേഷവും അദ്ദേഹം കൈറോവിന്റെ മധ്യഭാഗത്ത് ഒരു ചെറിയ ഫ്ളാററിൽ താമസിച്ചുകൊണ്ട് മുമ്പുണ്ടായിരുന്നു പാണ്ഡിത്യത്തെ കൂടുതല്‍ വികസിപ്പിക്കുകയായി. താന്‍ മരിച്ചാല്‍ ആരും കരയരുത്. അന്ത്യവിശ്രമസ്ഥാനത്ത് പൂക്കള്‍ മാത്രം വരിയായി ഇടണം. വേണമെങ്കില്‍ മുകളിലും പൂക്കളാകാം. ശവകുടീരത്തില്‍ XAIPE (Farewell) എന്നൊരു വാക്കേ പാടുള്ളു എന്നൊക്കെ അദ്ദഹം നിര്‍ദ്ദേശം നല്‍കിയിരുന്നു. കൈറോവില്‍ XAIPE എന്നു കൊത്തിവെച്ച ആ ശവകുടീരം ഇന്നും കാണാം. ഈജിപ്റ്റിനെ സ്നേഹിച്ച ആ മനുഷ്യനെ ഇന്നും ഈജിപ്റ്റിലുള്ളവര്‍ കൃതജ്ഞതാഭരിതമായ ഹൃദയത്തോടെ ഓര്‍മിക്കുന്നുണ്ടാവും.

മക്ഫേഴ്സന്‍ നാട്ടിലേക്ക് അയച്ച കത്തുകള്‍— ബന്ധുക്കള്‍ക്ക് മാത്രമായി അയച്ച കത്തുകള്‍ 26 വാല്യങ്ങളായി ‘ബൈന്‍ഡ്’ ചെയ്തുവെച്ചിട്ടുണ്ട്. അവ കയ്യില്‍ കിട്ടിയ ജോണ്‍ മക്ഫേഴ്സന്‍ — ജോസഫ് മക്ഫേഴ്‌സന്റെ കൊച്ചനന്തരവന്‍ — വൈദഗ്ദ്ധ്യത്തോടെ എഡിറ്റ് ചെയ്ത് പ്രസാധനം ചെയ്തതാണ് ഈ ഗ്രന്ഥം. ഇതില്‍ ഈജിപ്റ്റിന്റെ അക്കാലത്തെ രാഷ്‌ട്ര വ്യവഹാരമുണ്ട്, ചരിത്രമുണ്ട്, സാമൂഹികാവസ്ഥകളുടെ ചരിത്രങ്ങളുണ്ട്. വിക്റ്റോറിയന്‍ ഇംപീരിയലിസ്റ്റാണ് ജോസഫ് മക്ഫേഴ്‌സന്‍. എങ്കിലും ‘ക്ളാസിസിസ്റ്റും ശാസ്ത്രജ്ഞനും വ്യക്തിവാദിയുമായിരുന്ന അദ്ദേഹത്തിന്റെ അനുഭവവാവിഷ്കാരങ്ങൾ ആരെയും രസിപ്പിക്കും.’

ലോറന്‍സ് ഡറല്‍ മക്ഫേഴ്‌സിനെ കണ്ടിട്ടുണ്ട്. താനെഴുതിയ ‘Moulids of Egypt’ എന്ന പുസ്തകത്തിന്റെ ഒരു പ്രതി അദ്ദേഹം ഡറലിന് നല്‍കി. തന്റെ ‘അലിഗ്സാന്‍ഡ്രിയ ക്വോർറൈറ്റ്’ എന്ന നോവലിന്റെ രചനക്ക് ആ ഗ്രന്ഥം ഏറെ സഹായിച്ചുവെന്ന് ഡറല്‍ പറയുന്നു. Moulids of Egypt’ അതിന്റെ നിലയില്‍ ക്ളാസിക്കാണ്. ‘The man who loved Egypt’ അതിനെക്കാള്‍ മഹനീയമായ ക്ളാസിക്കാണെന്ന് ഡറല്‍ അഭിപ്രയപ്പെടുന്നു.

ബ്രിട്ടീഷ് പ്രൊട്ടക്റററിയറ്റായിരുന്ന ഈജിപ്റ്റ് ക്രമേണ സ്വതന്ത്ര്യത്തിലേക്ക് ചെല്ലുന്ന ചിത്രം ആകര്‍ഷകമായ രീതിയില്‍ വരയ്‌ക്കുന്നു മക്ഫേഴ്‌സന്‍. ശാന്തമായിരുന്ന അന്തരീക്ഷത്തില്‍ ആദ്യമായി പ്രക്ഷുബ്‌ധതയുളവാക്കിയത് ‘ദെന്‍ഷാവെ’ സംഭവമാണ്. നൈല്‍ നദിയിലെ തുരുത്താണ് (ഡെല്‍റ്റ) ദെന്‍ ഷാവെ ഗ്രാമം. അവിടെ പ്രാവുകളെ വെടിവെച്ചുകൊണ്ടിരുന്ന ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍മാരുടെ ആ പ്രവൃത്തി ഗ്രാമവാസികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ കമ്പും കല്ലുംകൊണ്ട് അവരെ ആക്രമിച്ചു. സമീപത്തുള്ള ഒരു സൈനിക കേമ്പിലെക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു ഉദ്യോഗസ്ഥന്‍ മുറിവുകൊണ്ടും സൂര്യാഘാതംകൊണ്ടും വഴിയില്‍ വീണുമരിച്ചു. ആയാളെ സഹായിക്കാനെത്തിയ ഒരു ഈജിപ്റ്റുകാരനെ അക്രമിയായി തെറ്റിധരിച്ച മറ്റുചില ബ്രിട്ടീഷ് പട്ടാളക്കാര്‍ അടിച്ചുകൊന്നു. അമ്പത്തിരണ്ട് ഗ്രാമീണരെ അറസ്റ്റ് ചെയ്തു. അവരില്‍ ഇരുപത്തിയൊന്നുപേരെ ശിക്ഷിച്ചു. നാലുപേരെ തൂക്കിക്കൊന്നു. രണ്ടുപേര്‍ക്ക് ജീവപര്യന്തം തടവ്, ആറുപേര്‍ക്ക് ഏഴുവര്‍ഷം കാരാഗൃഹവാസം. ശേഷമുള്ളവര്‍ക്ക് അമ്പതടിവീതം. ഗ്രാമീണരെ നിര്‍ബന്ധപൂര്‍വ്വം വിളിച്ചുകൂട്ടി അവരുടെ മുമ്പില്‍വെച്ചാണ് ശിക്ഷ നടപ്പാക്കിയത്. ഈജിപ്റ്റിലാകെ കോപവും തീവ്രവേദനയുമായി. ഇന്ത്യയിലെ അമൃതസാര്‍ കൂട്ടക്കൊല ഇവിടത്തെ ദേശീയതയെ ഇളക്കി വിട്ടതുപോലെ ഈജിപ്റ്റിന്റെ ദേശീയവികാരം ഈ സംഭവത്തോടെ ആളിക്കത്തി. പിന്നീട് ബ്രിട്ടീഷുകാര്‍ക്ക് നേരെയുള്ള പ്രതികാര നടപടികള്‍ ആരംഭിച്ചു. ഈജിപ്റ്റ് ഈജിപ്റ്റുകാര്‍ക്ക് എന്ന മുറവിളി ഉയര്‍ന്നു. അത് സ്വാതന്ത്ര്യം നേടലിൽ‌ കലാശിക്കുകയും ചെയ്‌തു.

അക്കാലത്തെ 1902-ലെ ഈജിപ്ഷ്യന്‍ സ്‌ത്രീകള്‍ തികച്ചും സദാചാരതല്‍പരകളായിരുന്നില്ലെന്ന് മക്ഫേഴ്‌സന്‍ പറയുന്നു. സ്‌ത്രീകളെ നപുംസകങ്ങള്‍ സംരക്ഷിച്ചിരുന്നുവെങ്കിലും അവര്‍ തങ്ങളുടെ സൂക്ഷിപ്പുകാര്‍ക്ക് കൈക്കൂലി കൊടുത്തു രക്ഷപ്പെട്ടു ചെല്ലേണ്ട സങ്കേതങ്ങളില്‍ ചെല്ലുമായിരുന്നു. യൂറോപ്യന്‍ ബാലന്‍ സുന്ദരനാണെങ്കില്‍ അവിടത്തെ സ്‌ത്രികളുടെ പ്രലോഭനങ്ങള്‍ക്ക് വശപ്പെട്ടവനായിത്തീരും എന്നതില്‍ സംശയമില്ല. ഒരു ദിവസം കൈറോവില്‍വച്ച് വഴിതെറ്റിപ്പോയി മക്ഫേഴ്‌സന്. അറബികളില്‍ നിന്ന് അദ്ദേഹം വഴി ചോദിച്ചു മനസ്സിലാക്കുന്നതിനിടയില്‍ പതിനാറ് വയസ്സുള്ള സുന്ദരനായ ഒരു യൂറോപ്പിയന്‍ ബാലനെ കണ്ടു. അവന്‍ അദ്ദേഹത്തെ ഹോട്ടലിലേക്ക് കൊണ്ടുപോകുമ്പാള്‍ പറഞ്ഞു. അവനൊരു പ്രേമഭാജനമുണ്ടെന്ന്. അവരുടെ വയസ്സ് എഴുപത്. എന്നും രാത്രി ആ കിഴവി അവനെ വേഴ്ചക്ക് നിര്‍ബന്ധിച്ചു. അവന്‍ അതിന് മനസ്സില്ലാ മനസ്സോടെ വഴങ്ങുകയും ചെയ്യുമായിരുന്നു. തന്നെ പകുതിയോളം നിഗ്രഹിച്ച ആ പ്രവര്‍ത്തിയില്‍ നിന്ന് മോചനം നേടാന്‍ അവന് കഴിഞ്ഞിരുന്നില്ല.

വിരളമായി മക്ഫേഴ്‌സന്‍ തത്വചിന്തയിലേക്കും പോകുന്നു. മനുഷ്യാത്മാവ് പരമാത്‌മാവില്‍നിന്ന് ജനിക്കുന്നുവെന്നാണ് ജനതയുടെ വിശ്വാസം. പരമാത്മാവിലേക്ക് അത് തിരിച്ചുപോകുന്നു. സൂര്യന്റെ ആവര്‍ത്തന സ്വഭാവമുള്ള ജീവന്‍ ഗ്രഹങ്ങളെ വിക്ഷേപണം ചെയ്യുന്നു. അവ സൂര്യനിലേക്ക് തിരിച്ചുപോകുന്നു. മക്ഫേഴ്‌സനും കൂടെയുണ്ടായിരുന്ന ആളും കവി ജലാല്‍ എല്‍ ദീനിന്റെ ശവകുടീരം കണ്ടു. അദ്ദേഹവും കവികളായ ഹാഫീസും ഫിര്‍ദൌസിയും ആത്മാവിനെ ഉന്നമിപ്പിക്കണമെന്ന് ഉദ്ബോധിപ്പിച്ചവരാണ്.

മതസഹിഷ്‌ണുത അക്കാലത്തെ സവിശേഷതയായിരുന്നു. ബൈബിളില്‍ On എന്ന് വിളിക്കപ്പെടുന്ന ഹീലിയ പെലസ് (Heliopolis) ആകര്‍ഷകത്വമുള്ള സ്ഥലമാണ്. സൂര്യദേവന്‍ റായുടെ (RA) ദേവാലയത്തിന്റെ അവശിഷ്ടങ്ങളില്‍ നാലായിരം വര്‍ഷം പഴക്കമുള്ള ഓബിലിസ്‌ക് (Obelisk four sided stone pillar) കാണാം. On-ലെ പുരോഹിതന്റെ മകള്‍ ജോസഫിന്റെ ഭാര്യയായിരുന്നു. ജോസഫ് അവളെ കൊണ്ടുവന്നത് ഇവിടെയാണ്. അലിഗ്സാണ്ടര്‍ ഇവിടെ വന്നു. ഒരു Sycamore വൃക്ഷം നില്ക്കുന്നുണ്ടവിടെ. ഈജിപ്റ്റിലേക്കുള്ള പലായനത്തിനിടയില്‍ വിശുദ്ധമറിയം വിശ്രമിച്ചത് ഈ മരത്തിന്റെ താഴെയാണ്. അവിടെ ഉണ്ണിയേശുവിന്റെ കാലു കഴുകാനായി ഒരു കിണറ് പൊടുന്നനെ ഉണ്ടായി. ഒരുദ്യാനത്തില്‍ ഒരു ചെറിയ കപ്പേളയുണ്ട്. വിശുദ്ധമറിയത്തിന് വിശ്രമം അരുളിയ വൃക്ഷവും കിണറും, ഗ്രാമീണരും വിശേഷിച്ചു മുസ്ലിങ്ങളും ബഹുമാനിച്ചുപോരുന്നു. കന്യാമറിയത്തോടും യേശുവിനോടും ക്രിസ്ത്യാനികള്‍ക്കുള്ളതിലേറെ ബഹുമാനം ഇസ്ലാം മതക്കാര്‍ക്ക് ഉണ്ടെന്നാണ് മക്ഫേഴ്സന്‍ പറയുന്നത്.

1918 ന്റെ ആദ്യകാലത്ത് ക്യാപ്റ്റന്‍ കിങ്ങിന് (കൈറോവില്‍ താമസമായിരുന്നു അയാള്‍) വല്ലാത്ത ഒരു രോഗം പിടിപെട്ടു. അര്‍ദ്ധനിദ്രയില്‍ വീണതുപോലെ അയാള്‍ കിടക്കും. ഡോക്ടര്‍മാര്‍ക്ക്, അംഗവൈകൃതമോ അടികൊണ്ട ലക്ഷണമോ വിഷം ഉള്ളില്‍ ചെന്നതിന്റെ അടയാളമോ കാണാന്‍ കഴിഞ്ഞില്ല; കിങ് See Scratched my eye with a golden needle and gave me second sight എന്നു പറഞ്ഞുകൊണ്ടിരുന്നു. ഒരു ദിവസം അയാള്‍ ആ വരികള്‍ പറഞ്ഞുകൊണ്ടു മരണമടഞ്ഞു. മരണാന്തരം പരിശോധന നടത്തിയപ്പോള്‍ ഒരു കണ്ണില്‍ ഒരു പോറല്‍ കാണാനിടയായി. മക്ഫേഴ്‌സന്‍ ഈ ഉദ്യോഗസ്ഥനെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്തി. സ്ത്രീകളെ സംബന്ധിച്ചുള്ള ദൌര്‍ബല്യമുണ്ടായിരുന്ന കിങ് ഒരു സുന്ദരിയെ വൻടിയിലുത്തിക്കൊണ്ടു സഞ്ചരിക്കുമായിരുന്നുവെന്ന് മാത്രം അദ്ദേഹത്തിന് ഗ്രഹിക്കാന്‍ കഴിഞ്ഞു. അവസാനത്തെ ശ്വാസം വലിക്കുമ്പോഴും She Scratched my eye with a golden needle and gave me second Sight എന്നു പറഞ്ഞുകൊണ്ടു മരണം പൂകിയ അയാളെക്കുറിച്ചോ അയാളുടെ അദ്ഭുതദായകമായ രോഗത്തെക്കുറിച്ചോ മക്ഫേഴ്സന് ഒന്നും മനസ്സിലാക്കാന്‍ സാധിച്ചില്ല. ഈ സംഭവത്തെക്കുറിച്ച് ലോറന്‍സ് ഡറലിന്റെ നോവലില്‍ (Clea എന്ന ഭാഗത്ത്) പറഞ്ഞിട്ടുണ്ട്. എന്തൊരു രസകരമായ പുസ്തകം!