മാജിക്കല്‍ റിയലിസത്തിന്റെ പ്രഭവകേന്ദ്രം
മാജിക്കല്‍ റിയലിസത്തിന്റെ പ്രഭവകേന്ദ്രം | |
---|---|
![]() | |
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | മുത്തുകള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | നെരൂദ |
വര്‍ഷം |
1994 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 98 (ആദ്യ പതിപ്പ്) |
ബ്രസീലിലെ കവിയും നോവലെഴുത്തുകാരനുമായ ആങ്‌ന്‍ദ്രേദയുടെ (Mario de Andra, 1893 — 1945) ‘മാക്കുനെയ്മ്മ’ (Macuaima) എന്ന നോവലിലാണ് മാജിക്കല്‍ റീയലിസം ആരംഭിക്കുന്നത്. ‘A major literary event’ എന്നു ഇപ്പോഴത്തെ നിരൂപകരും വിശേഷിപ്പിക്കുന്ന ഈ നോവലാണ് മാര്‍കേസിന്റെ മാജിക്ക് റീയലിസത്തിന്റെ പ്രഭവകേന്ദ്രമെന്നും അവര്‍ പറയുന്നു.
വടക്കന്‍ ബ്രസീലിന്റെ വിദൂരമായ ഒരു കോണില്‍, ഒരു കന്നിക്കാട്ടില്‍ അഗാധതയാര്‍ന്ന നിശബ്ദത വീണപ്പോള്‍ യുറ്റിക്ക്വേറ നദിയുടെ കോലാഹലങ്ങള്‍ കേള്‍ക്കുന്ന വേളയില്‍ ഒരു ഇന്ത്യന്‍ സ്ത്രീ രാത്രിയുടെ ഭയാനകതയില്‍ വിരൂപനായ ഒരാണ്‍കുഞ്ഞിനു ജനനമരുളി. കറുത്ത നിറമാര്‍ന്ന അവന് അവര്‍ മാക്കുനൈമ എന്നു പേരിട്ടു. അവന്‍ പിന്നീട് ജനനേതാവായി. ജനിച്ചുകഴിഞ്ഞ് ആറു വര്‍ഷങ്ങളോളം അവന്‍ മിണ്ടിയതേയില്ല. ആരെങ്കിലും സംസാരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവന്‍ ‘Aw! what a.. life.’എന്നു മാത്രം പറയും. ഈ മാക്കുനൈമയുടെ വീരസാഹസികകര്‍മ്മങ്ങളാണ് പതിനേഴ് അദ്ധ്യായങ്ങളിലൂടെ ഗ്രന്ഥകാരന്‍ വിവരിക്കുന്നത്. ഓരോ അദ്ധ്യായത്തിലും ഓരോ വീരകര്‍മ്മമോ സാഹസികമോ ആണുള്ളത്. അതിനാല്‍ ഇതിവൃത്ത സംഗ്രഹം സാദ്ധ്യമല്ല. പ്രവര്‍ത്തനത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ ഒരെണ്ണം സംക്ഷേപിച്ചെഴുതാം. മാക്കുമൈനയ്ക്ക് ആറു വയസ്സു തികഞ്ഞപ്പോള്‍ ഒരു ‘കൗബെല്ലില്‍’ നിറച്ച വെള്ളം അവര്‍ അവനെ കുടിപ്പിച്ചു. (കൗബെല്‍ പശുവിന്റെ കഴുത്തില്‍ കെട്ടുന്ന മണിയാകാം. ഒരു പുഷ്പവുമാകാം — ലേഖകന്‍) അതോടെ അവന്‍ സംസാരിക്കാന്‍ തുടങ്ങി. ഒരു ദിവസം ആ ആറുവയസ്സുകാരന്‍ സഹോദരന്റെ ഭാര്യയുമായി നടത്തത്തിനുപോയി. കുറ്റിക്കാട്ടിലെ പച്ചിലച്ചാര്‍ത്തില്‍ തൊട്ടയുടെനെ മാക്കുനൈമ രാജകുമാരനായി മാറി. അവര്‍ ശാരീരികവേഴ്ചയിലേര്‍പ്പെട്ടു. ഒരുതവണയല്ല, മൂന്നുതവണ. ഓരോ തവണയും കാട്ടിനകത്തേക്കു ചെന്ന് അവര്‍ ലൈംഗികോത്തേജനം നേടും. തിരിച്ചു കുഞ്ഞായി മാക്കുനൈമ വീട്ടിലേക്കു പോരും ഈ പ്രക്രിയ ആവര്‍ത്തിച്ചപ്പോള്‍ സഹോദരന്‍ സംശയഗ്രസ്തനായി അവരറിയാതെ പിറകെ പോകുകയും കാര്യമെന്തെന്നു ഗ്രഹിക്കുകയും ചെയ്തു. അതോടെ അയാള്‍ ഭാര്യയെ ഉപേക്ഷിച്ചു. മറ്റൊരുത്തിയെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു.
ഇതൊക്കെ ബ്രസീലിലെ കെട്ടുകഥകളാണ്. അത്തരം കഥകളെ അതേ രീതിയില്‍ സ്വീകരിച്ചും ചിലതിനു മാറ്റം വരുത്തിയും ആങ്‌ൻദ്രേദ നോവലെഴുതുന്നത് എന്തിനാണ്? മാക്കുനൈമ ഓരോ അധ്യായത്തിലും രൂപം മാറുന്നതുപോലെ തന്റെ രാജ്യവും രൂപം മാറിക്കൊണ്ടിരിക്കുന്നുവെന്നു ധ്വനിപ്പിക്കുകയാണ് ആങ്ൻദ്രേദ. നോവലിലെ പ്രധാന കഥാപാത്രത്തിന് ഐഡന്‍റിറ്റി — അനന്യത — ഇല്ല. ബ്രസീലിനുമതില്ല. അതുണ്ടാകേണ്ട ആവശ്യകതയെയാണ് നോവലിസ്റ്റ് ഊന്നിപ്പറയുക.
വേറൊരു സംഭവംകൂടി. മാക്കുനൈമയ്ക്കു വല്ലാത്ത വിശപ്പ്. അയാള്‍ അമ്മയോടു ചോദിച്ചു: ‘അമ്മേ നദിയുടെ അക്കരെ ഉയര്‍ന്ന സ്ഥലത്ത് ഈ വീടെടുത്തു മാറ്റിയാലെന്ത്? ഒരു നിമിഷത്തേക്ക് അമ്മ കണ്ണടയ്ക്കു. അവര്‍ കണ്ണടച്ചു. ഇച്ഛാശക്തി പ്രവര്‍ത്തിപ്പിച്ച് മാക്കുനൈമ ആ മേഞ്ഞ കുടില്‍ അതിലെ എല്ലാ വസ്തുക്കളോടും കൂടി മറുകരയിലേക്കാക്കി. വൃദ്ധ കണ്ണുതുറന്നപ്പോള്‍ അവിടെ എല്ലാമുണ്ട്. മീന്‍, പഴങ്ങള്‍, വാഴക്കായ് അങ്ങനെ എല്ലാം. വൃദ്ധ മാക്കുനൈമയുടെ സഹോദരന്മാര്‍ക്കുവേണ്ടി വാഴക്കായ് മുറിച്ചെടുക്കാന്‍ പോയി. മകന്‍ അമ്മയോടു വീണ്ടും ചോദിച്ചു: ‘അമ്മേ വെള്ളപ്പൊക്കമുള്ള മറുകരയിലേക്കു ഈ കുടില്‍ തിരിച്ചുകൊണ്ടു ചെന്നാലോ? മകന്‍ ആവശ്യപ്പെട്ടതനുസരിച്ച് അമ്മ കണ്ണടച്ചു. അയാള്‍ ഇച്ഛാശക്തികൊണ്ടു കുടില്‍ പഴയ സ്ഥലത്തേക്കു മാറ്റി. വിശപ്പു കൊണ്ട് അയാളുടെ സഹോദരന്മാരും ഒരു സഹോദരന്റെ ഭാര്യയും കരഞ്ഞു. ഇവിടെ തന്റെ രാജ്യത്തിനു കൂടെക്കൂടെ വരുന്ന സമ്പന്നതയും ദാരിദ്രവും വ്യഞ്ജിപ്പിക്കുകയാണു നോവലിസ്റ്റ്. ഒടുവില്‍ മാക്കുനൈമ സപ്തര്‍ഷി മണ്ഡലത്തിലെത്തിച്ചേരുമ്പോള്‍ അനാദൃശ്യമായ ഈ നോവല്‍ അവസാനിക്കുന്നു.
മാക്കുനൈമ ബ്രസീലിന്റെ ചൈതന്യമാണ്. അതിന്റെ മന്സാക്ഷിപോലും മാറ്റിവയ്ക്കപ്പെട്ടുവെന്നാണ് നോവലിസ്റ്റിന്റെ അഭിപ്രായം. ഒരു ദിവസം കാലത്തു മാക്കുനൈമ ഒരു ദ്വീപിലേക്കു പോയി മുപ്പതടിപ്പൊക്കമുള്ള കള്ളിച്ചെടിയുടെ അഗ്രഭാഗത്ത് തന്റെ മനസ്സാക്ഷി അടര്‍ത്തിയെടുത്തു വച്ചു. മനസ്സാക്ഷി കൂടെയുണ്ടെങ്കില്‍ യാത്രചെയ്യാന്‍ പ്രയാസം. അത്ര ഉയരത്തില്‍ വച്ചില്ലെങ്കില്‍ എറുമ്പുകള്‍ മനസ്സാക്ഷിയെ തിന്നുകളയും. അങ്ങനെ മനസ്സാക്ഷിയെ ഒളിച്ചുവച്ചിട്ടു തിരികെ വന്ന മാക്കുനൈമ സഹോദരന്മാരോടുകൂടി യാത്രയാരംഭിച്ചു. കാലംകഴിഞ്ഞ് അതു തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ അതവിടെ ഉൻടായിരുന്നുവെന്നാണോ വിചാരം? ഒരു സ്പാനിഷ് അമേരിക്കന്റെ മനസ്സാക്ഷി പിടിച്ചെടുത്തു തലയ്ക്കകത്തു വച്ചുകൊണ്ട് അയാള്‍ നടന്നു. ബ്രസീലിന്റെ മനസ്സാക്ഷിപോലും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് എന്തൊരു പരിഹാസത്തോടെയാണ് നോവലിസ്റ്റ് പറയുന്നത്!
ഇതിലെ കെട്ടുകഥകളും അവയോടു ചേര്‍ന്നു വരുന്ന റിയലിസ്റ്റിക് കഥകളും നമ്മുടെ — കേരളീയരുടെ അനുഭവ മണ്ഡലത്തിലെ ഭാഗമായിത്തീര്‍ന്നില്ലെന്നു വരാം. എന്നാല്‍ ഈ നോവലിന്റെ കലാഭംഗി ആര്‍ക്കും കാണാതിരിക്കാനും ആസ്വദിക്കാതിരിക്കാനും വയ്യ. കെട്ടുകഥയെയും റിയലിസത്തെയും കൂട്ടിയിണക്കി മാജിക്കല്‍ റിയലിസം സൃഷ്ടിച്ച ആദ്യത്തെ നോവലിസ്റ്റാണ് ആങ്ന്‍ദ്രേദ. മാജിക്കല്‍ റിയലിസത്തെക്കുറിച്ചുള്ള ഏതു പഠനവും ഈ നോവലിലാണ് ആരംഭിക്കേണ്ടത്.
|
|
|