close
Sayahna Sayahna
Search

വികാരത്തില്‍ നിന്നു ചിന്തയിലേക്ക്; ചിന്തയില്‍ നിന്നു വികാരത്തിലേക്ക്


വികാരത്തില്‍ നിന്നു ചിന്തയിലേക്ക്; ചിന്തയില്‍ നിന്നു വികാരത്തിലേക്ക്
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മുത്തുകള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ നെരൂദ
വര്‍ഷം
1994
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 98 (ആദ്യ പതിപ്പ്)

മുത്തുകള്‍

‘ഏമസ് ഓസ് (Amos Oz) സംസാരിക്കുമ്പോള്‍ ഇസ്രീയല്‍ ചെവികൊടുക്കുന്നു’ എന്നാണ് ചൊല്ല്. അതിപ്പോള്‍ ‘ഏമസ് ഓസ് സംസാരിക്കുമ്പോള്‍ ലോകം ചെവികൊടുക്കുന്നു’ എന്നുമാറിയിരിക്കുന്നു. അത്രകണ്ടു. രാഷ്ട്രാന്തരീയ പ്രശസ്തിയാര്‍ജ്ജിച്ചിരിക്കുന്നു ഇസ്രീയലിലെ മഹാനായ ഈ നോവലിസ്റ്റ്. അദ്ദേഹത്തിന്റെ ‘Black Box’ എന്ന മനോഹരമായ നോവല്‍ ആവിര്‍ഭവിച്ചകാലത്ത് അത് നിരൂപണം ചെയ്തത് അന്നത്തെ ഇസ്രയീല്‍ പ്രധാനമന്ത്രി ഷിമോണ്‍ പെറസാണ് (Shimon Peres, Prime Minister, 1984–86) 1993-ല്‍ (Vintage) പ്രസാധനം ചെയ്ത ഈ നോവല്‍ ഇപ്പോള്‍ വായിച്ചു തീര്‍ത്ത എനിക്കു തൊന്നിയത് പെറസ് മാത്രമല്ല സാഹിത്യത്തില്‍ തല്‍പരനായ, ഏതു വലിയ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയും ഇതു നിരൂപണം ചെയ്യാന്‍ കൊതിക്കുമെന്നാണ്. അത്രത്തോളം ഭംഗിയുണ്ട് ഈ നോവലിന്: അത്രത്തോളം ഭാവികഥനശക്തിയുമുണ്ട് ഇതിന്. ഭവിഷ്യത്കഥനം നടത്തുകയും നീതിപരിപാലനത്തിനു തല്‍പരത്വം പ്രകടിപ്പിക്കുകയും ചെയ്യുന്ന സാഹിത്യകൃതി സാധാരണക്കാരനായ സഹൃദയനെക്കാള്‍ രാജ്യതന്ത്രജ്ഞനായ സഹൃദയനെ കൂടുതല്‍ ആകര്‍ഷിക്കുമല്ലോ.

‘ബ്ലാക് ബോക്സി’ ലേക്ക് കടക്കുന്നതിനുമുന്‍പ് ഏമസ് ഓസിന്റെ മനുഷ്യത്വത്തെയും നിഷ്പക്ഷ ചിന്താഗതിയെയും വ്യക്തമാക്കുന്ന ഒരു സംഭവത്തെക്കുറിച്ചു എഴുതേണ്ടിയിരിക്കുന്നു. ഹീബ്രു യൂണിയന്‍ കോളിജ് (ജറുസലം) അദ്ദേഹത്തിന് ഓണറ്റി ഡോക്ടറേറ്റ് നല്‍കി. അതു സ്വീകരിച്ചുകൊണ്ട് 1988 മാര്‍ച്ച് പത്താം തീയതി ഏമസ് ഓസ് നിര്‍വഹിച്ച പ്രഭാഷണത്തില്‍ പ്രതിപാദിച്ചതാണ് ഈ സംഭവം. 1982 ഒക്ടോബറില്‍, ജൂതന്‍മാര്‍ താമസിക്കുന്ന ഹിനാറ്റില്‍ നിന്നു ഗാര്‍ബിജ് (ഉച്ഛിഷ്ടം) കയറ്റിയ ഒരു ട്രക്ക് യാത്രയാരംഭിച്ചു. നിസ്സാന്‍ എന്ന പേരുള്ള ഡ്രെവര്‍ക്കുനേരെ കുറെ കുട്ടികള്‍ കല്ലെറിഞ്ഞു. അവരുടെ കൂട്ടത്തില്‍ ഹിഷാം എന്ന് പേരുള്ള പതിമൂന്നു വയസ്സുകാരനുണ്ട്. ഡ്രൈവര്‍ ഒരു ‘യു’ വളവ് (U–turn) നടത്തി തിരിച്ചുപോയി. പക്ഷേ പോകുന്നതിനുമുന്‍പ് ട്രക്കില്‍ നിന്നിറങ്ങി തോക്കെടുത്തു ആ കുട്ടിയെ വെടിവച്ചുകൊന്നു. ‘ഒരു ചെറിയ സംഭവം’ എന്നമട്ടില്‍ തിരിച്ചങ്ങുപോവുകയും ചെയ്തു. അഞ്ചുകൊല്ലം ഡ്രൈവര്‍ സ്വതന്ത്രനായി നടന്നു. 1988-ല്‍ ജഡ്ജി യൂറി സ്റ്റ്രോസ്മാന്‍ ആറുമാസത്തെ തടവിനുശിക്ഷിച്ചു അയാളെ. എന്നാല്‍ ജയിലില്‍ കിടക്കേണ്ടതില്ല നിസ്സാന്‍, സാമുഹികസേവനം നടത്തിയാല്‍ മതി. കൊലപാതകത്തിനു ഇരുപതുകൊല്ലംവരെ കാരാഗൃഹത്തില്‍ കിടക്കണമെന്നതാണ് നിയമം. ജഡ്ജിയുടെ വാക്കുകള്‍ അതേപോലെ ഏമസ് ഓസ് പറയുന്നുണ്ട്. ‘കല്ലെറിയുന്നവരെ വെടിവച്ചുകൂടാ എന്നതില്‍ സംശയമേയില്ല. അവരെ പിരിച്ചു വിടുന്നതിനുവേണ്ടി ആകാശത്തേക്കു നിറയൊഴിച്ചാല്‍ മതിയാകുമായിരുന്നു. ‘ജഡ്ജ്മെന്റിലുള്ള ഈ വാക്യങ്ങള്‍ ശ്രോതാക്കളെ പറഞ്ഞു കേള്‍പ്പിച്ചിട്ട് അദ്ദേഹം തുടര്‍ന്നു: ‘വിവേകമുള്ള ജഡ്ജിയുടെ വിസ്മയദായകമായ മറ്റൊരു വാക്യം: ‘ഈ പ്രക്ഷുബ്ധമായ കാലയളവില്‍ കുഞ്ഞുങ്ങളും പ്രായംകുറഞ്ഞവരും അച്ഛനമ്മമാരുടെ മേല്‍നോട്ടത്തിലായിരിക്കേണ്ടതാണ്. പ്രാഡ്വിവകന്റെ ഈ വാക്യം ഉദ്ദ്ധരിച്ചിട്ട് ഏമസ് ഓസ് എന്ന ജൂതന്‍ ചോദിക്കുന്നു: കൊല്ലപ്പെട്ടത് ഒരറബിക്കുട്ടി അല്ലായിരുന്നുവെങ്കില്‍ ബഹുമാന്യനായ ജഡ്ജി കൊലപാതകിക്ക് ആറുമാസത്തെ ‘സമൂഹസേവനം’ മാത്രമേ വിധിക്കുമായിരുന്നുള്ളോ? ഈ വിധികേട്ടു മരിച്ച കുട്ടിയുടെ അച്ഛനമ്മമാര്‍ കോടതിയില്‍ ഓടിക്കയറി ചില വാക്കുകള്‍ വലിച്ചെറിഞ്ഞാല്‍ കോടതിയലക്ഷ്യമെന്ന പേരില്‍ അവര്‍ക്കു ഹിനാനിറ്റിലെ കൊലപാതകിക്കു നല്‍കിയ ശിക്ഷയെക്കാള്‍ വലിയ ശിക്ഷ നല്‍കുമായിരുന്നില്ലേ?’ ഇത്രയും ധര്‍മ്മരോഷത്തോടെ ചോദിച്ചിട്ട് ഏമസ് ഓസ് Thou Shalt not murder’ എന്ന് ഉദ്ഘോഷിച്ചു. ‘നീ കൊല്ലരുത് എന്നു വീണ്ടും വീണ്ടും ഉറക്കെപ്പറയുന്ന മനുഷ്യസ്നേഹിയായ കലാകാരനാണ് ഏമസ് ഓസ്.

രാഷ്ടവ്യവഹാരം (Politics) ലൈംഗിക പ്രേമത്തെ സമാക്രമിക്കുമ്പോള്‍ മനുഷ്യന്റെ ആവശ്യകതകള്‍ക്കുണ്ടാകുന്ന പിരിമുറുക്കങ്ങളെ നൂതനമായ രീതിയില്‍ പകര്‍ന്നുകൊടുക്കുന്ന ചലനാത്മകവും സ്തുത്യര്‍ഹവുമായ നോവലാണ്’ ബ്ലാക് ബോക്സ് എന്ന് നോബല്‍സമ്മാനം നേടിയ നേഡീന്‍ ഗോഡിമര്‍ അഭിപ്രായപ്പെട്ടു. ഇതൊരു ന്യൂനോക്തിയായിട്ടേ ഈ ലേഖകന്‍ കാണുന്നുള്ളൂ. നേഡീന്റെ ഏതു നോവലിനെയും അതിശയിപ്പിക്കുന്ന കലാസൗഭഗമാണ് ഏമസ് ഓസിന്റെ നോവലിനുള്ളത്. സാഹിത്യരചനയ്ക്കു നോവല്‍സമ്മാനം നേടിയ ആ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരിയെക്കാള്‍ ആ പുരസ്കാരത്തിനുള്ള അര്‍ഹത ഈ ഇസ്രീയല്‍ നോവലിസ്റ്റിന് ഉണ്ടുതാനും, വിമാനത്തിന്റെ വേഗതയും മറ്റു കാര്യങ്ങളെയും സ്വയം രേഖപ്പെടുത്തുന്ന ഒരു ഉപകരണമാണു ബ്ലാക് ബോക്സ്. വിമാനം തകര്‍ന്നുപോയാല്‍ അതു പരിശോധിച്ചിട്ട് അതിനെ സംബന്ധിച്ച വസ്തുതകള്‍ മനസ്സിലാക്കാം. അതുപൊലെ നോവലിലെ കഥാപാത്രമായ ഇലാന അവളുടെ ആദ്യത്തെ ഭര്‍ത്താവായ പ്രഫെസര്‍ക്ക് എഴുതിയ കത്തില്‍ കത്തിടപാടുകളിലൂടെ നമ്മള്‍ നമ്മുടെ ജീവിതത്തിന്റെ ബ്ലാക്ക് ബോക്സീനെ ഒരുമിച്ചിരുന്ന് അപഗ്രഥിച്ചു പറഞ്ഞിരിക്കുന്നു. (‘..we Analyzed together, by Correspondence, the Box of our lives, pages 143)/ വേറൊരു കത്തില്‍ ഇലാന അയാളോടു ചോദിക്കുന്നു:

‘വളരെക്കാലമായി മറന്നുകിടന്ന ഈ സംഭവങ്ങളെക്കുറിച്ച് ഞാനെന്തിനാണു താങ്കള്‍ക്കു എഴുതിയത്? പഴയതഴമ്പുകളില്‍ ചൊറിയാനോ? ഒരു കാരണവുമില്ലാതെ നമ്മുടെ മുറിവുകളെ തുറന്നുവയ്ക്കാനോ? വീണ്ടും താങ്കളെയാകെ വേദനിപ്പിക്കാനോ? താങ്കളുടെ അഭിലാഷങ്ങളെ ഉത്ഭവിക്കാനോ? ഒരു ബ്ലാക് ബോക്സിന്റെ ഗൂഢ രേഖകള്‍ വ്യാഖ്യാനിക്കാനോ? (To decipher a black box, page 165.)

ഇലാന പ്രഫെസര്‍ അലിഗ്സാണ്ടറുടെ ഭാര്യയുമായി. അയാളില്‍ നിന്നു അവള്‍ക്കു മകനുണ്ടായി. എന്നാല്‍ ആ ദാമ്പത്യജീവിതം നീണ്ടുനിന്നില്ല. സംശയത്തിന്റെ പേരില്‍ (മകന്‍ തന്റേതാണോ എന്ന കാര്യത്തിലും പ്രഫെസര്‍ക്കു സംശയം) അയാള്‍ അവളെ ഉപേക്ഷിച്ചു. പരിത്യക്തയായ ഇലാന, മൈക്കലിന്റെ ഭാര്യയായി, അയാളില്‍ നിന്ന് അവള്‍ക്കൊരു മകളുണ്ടായി. ഇലാനയുടെയും മൈക്കലിന്റെയും ദാമ്പത്യജീവിതത്തില്‍ ഏഴുവര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് സാമ്പത്തിക ക്ളേശങ്ങള്‍ ധാരാളമുണ്ടായി. ആദ്യത്തെ ഭര്‍ത്താവിനെ സമീപിക്കാതിരിക്കാന്‍ സാദ്ധ്യമല്ലെന്നായി ഇലാനയ്ക്ക്. കോടികളുടെ ഈശ്വരനായ ആ പ്രഫൊസറോട് പണം നല്‍കാന്‍ അപേക്ഷിക്കുന്ന ആദ്യത്തെ കത്ത് അവള്‍ എഴുതുമ്പോള്‍ നോവല്‍ ആരംഭിക്കുന്നു. പിന്നീടുള്ളതെല്ലാം കത്തുകള്‍ തന്നെ. ഇലാനയും പൂര്‍വഭര്‍ത്താവും മാത്രമല്ല മറ്റു കഥാപാത്രങ്ങളും അന്യോന്യം കത്തുകള്‍ എഴുതുന്നു. വികാര ത്രീവതയുള്ള ആ കത്തുകളിലൂടെ തകര്‍ന്ന ദാമ്പത്യജീവിത വിമാനത്തിന്റെ ‘കറുത്ത പെട്ടിയി’ ലെ ഉള്ളടക്കങ്ങള്‍ പരിശോധിക്കപ്പെടുന്നു. വ്യാഖ്യാനിക്കപ്പെടുന്നു.

ഒരു കണക്കില്‍ ഇസ്രയീല്‍ രാഷ്ടവും കറുത്ത പെട്ടി തന്നെയല്ലേ? 1948-ല്‍ ആ രാജ്യം രൂപം കൊണ്ടതിനു ശേഷം എന്നും കലാപങ്ങള്‍ തന്നെയാണ് അവിടെ. ഇസ്രീയലിനെ തകര്‍ക്കുക എന്ന ലക്ഷ്യം വെച്ച് 1946-ല്‍ പി.എല്‍.ഒ. (പലസ്റ്റെൻ ലിബറേഷൻ ഓര്‍ഗനൈസേഷന്‍) രൂപവത്കരിക്കപ്പെട്ടു. പിന്നെ വിക്ഷോഭങ്ങളും യുദ്ധങ്ങളും നിരന്തരമായി. ആറു ദിവസത്തെ യുദ്ധം (Six-day war). അതിനു ശേഷം ‘യം കിപ്പര്‍’ യുദ്ധം ഈജിപ്തുമായി (Yom Kipper War). 1982-ല്‍ ഇസ്രയീല്‍ സൈന്യം പി.എല്‍.ഒ.യെ ലെബനനിലേക്കു ഓടിക്കുന്നു. ഇതിനിടയ്ക്ക് പ്രധാനമന്ത്രിമാരുടെ മാറ്റം. 1985-ല്‍ പ്രധാന മന്ത്രിയായിരുന്ന ഷിമോണ്‍ പെറസ് 1986-ല്‍ ഇത്ഷാക് ഷമീറിന് അധികാരം കൈമാറുന്നു. അക്രമിച്ചു കീഴടക്കിയ പ്രദേശങ്ങളില്‍ പി.എല്‍.ഒ. അംഗങ്ങളെ ഇസ്രീയല്‍ ഉപദ്രവിച്ചതിനെക്കുറിച്ചു ലോകമെമ്പാടും നിശിത വിമര്‍ശനങ്ങളുണ്ടാകുന്നു. ഈ കലാപങ്ങള്‍ ഇന്നുമുണ്ട്. വിദഗ്ധനായ ഡോക്ടര്‍ ഗോള്‍ഡ്സ്റ്റെന്‍ എന്ന ജൂതന്‍ മുസ്ളീം പള്ളിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന നിരപരാധിയുടെ നേര്‍ക്ക് അനുസ്യൂതമായി വെടിവച്ചു. അമ്പത്തിരണ്ടുപേരുടെ തലച്ചോറുകള്‍ ചിതറിത്തെറിച്ചു. എഴുപതുപേര്‍ക്കു മുറിവുപറ്റി. ഗോള്‍ഡ്സ്റ്റെനിനെ ആരോ തീ കെടുത്തുന്ന കുറ്റി കൊണ്ട് തലയിലടിച്ചു കൊന്നു. മരണം പ്രതീക്ഷിച്ചു തന്നെയാണ് ഗോള്‍ഡ് സ്റ്റെറന്‍ പ്രതികാര നിര്‍വഹണത്തിനു പള്ളിയിലെത്തിയതും കൂട്ടക്കൊല നടത്തിയതും.

ഏമസ് ഓസ് ബ്ളാക്ക്ബോക്സ് എഴുതിയ കാലയളവിലും ഇതേ അസ്വസ്ഥതകളും കലാപങ്ങളുമുണ്ടായിരുന്നു. ബൃഹദാകാരമാര്‍ന്ന അവയെ ഏതാനും കഥാപാത്രങ്ങളിലേക്കു സംക്രമിപ്പിച്ചു സൂക്ഷ്മാകാരങ്ങളാക്കി മാറ്റുകയാണ് നോവലിസ്റ്റ്. കൊടുമ്പിരിക്കൊണ്ട വികാരമാണ് ഒരോ കഥാപാത്രത്തിനും. ഇലാനയുടെ ആദ്യത്തെ ഭര്‍ത്താവ് അലിഗ്സാണ്ടര്‍ ഗീഡിയോണ്‍ ഭാര്യയുടെ ചാരിത്രത്തില്‍ സംശയിക്കുന്നുവെന്ന് മാത്രമല്ല, മകന്‍ ബോഅസ് ജാരസന്തതിയാണെന്നു കരുതി ‘റ്റിഷ്യൂടെസ്റ്റ്’ നടത്തേണ്ടതാണെന്നു പറയുകയും ചെയ്യുന്നു. അയാള്‍ കിഡ്നിയില്‍ കാന്‍സര്‍ പിടിച്ച് അമേരിക്കയില്‍ നിന്ന് ഇസ്രീയലില്‍ വന്നു മകനോടൊരുമിച്ച് താമസിക്കുമ്പോള്‍ ഇലാനയുടെ രണ്ടാമത്തെ ഭര്‍ത്താവിനു സംശയം. അവള്‍ക്ക് ആദ്യത്തെ ഭര്‍ത്താവുമായി ലൈംഗികബന്ധമുണ്ടെന്ന്. ബോഅസ്തനി റൗഡിയായി നടക്കുന്നു. രണ്ടാമത്തെ ഭര്‍ത്താവ് മൈക്കല്‍, അലിഗ്സാണ്ടര്‍ക്ക് എഴുതുന്ന കത്തില്‍ പറയുന്നു. That is why your time is up. Your bells are tolling. It is after midnight now, early Friday morning and here in South Jerusalem you can here the bells. പി. എല്‍. ഒ യെ വേട്ടയാടുന്ന ഇസ്രീയലിന്റെയും ഇസ്രീയലിനെ വേട്ടയാടുന്ന പി.എല്‍.ഓ.യുടെയും മരണ മണിനാദം കേള്‍ക്കുന്നുവെന്നാണ് ശാന്തിദൂതനായ ഏമസ് ഓസിന്റെ മുന്നറിയിപ്പ്. അതുകൊണ്ട് നോവലിന്റെ പര്യവസാനത്തില്‍ ഇലാന ആദ്യത്തെ ഭര്‍ത്താവിന്റെ അടുത്തിരുന്നു കൊണ്ട് മൈക്കലിന് എഴുതിയ കത്തിലെ ചില വാക്യങ്ങള്‍ ശ്രദ്ധാര്‍ഹങ്ങളായിത്തീരുന്നു. ‘താങ്കള്‍ എല്ലാക്കാലത്തും ആഗ്രഹിച്ചതു പോലെ: അദ്ദേഹത്തോടും അലിഗ്സാണ്ടറോടും എന്നോടും യോജിക്കാന്‍. അദ്ദേഹത്തോടു യോജിച്ച് എന്നോടു യോജിക്കാന്‍. എന്നിലൂടെ അദ്ദേഹത്തോടും. നമുക്കു മൂന്നുപേര്‍ക്കും ഒന്നായിത്തീരാന്‍, അപ്പോള്‍ വെളിയില്‍ നിന്ന്, ഇരുട്ടില്‍ നിന്ന് ഷട്ടറിലെ വിടവുകളിലൂടെ കാറ്റും മഴയും സമുദ്രവും നക്ഷത്രങ്ങളും ശബ്ദരഹിതമായി വന്ന് നമ്മളെ മൂന്നു പേരെയും ആവരണം ചെയ്യും. കാലത്ത് എന്റെ മകനും മകളും കൂടെയെടുത്ത് റാഡിഷ് കുഴിച്ചെടുക്കാനായി തോട്ടത്തിലേക്കു പോകും. ദുഃഖിക്കാതിരിക്കൂ.’ ഏമസ് ഓസ് സങ്കല്‍പ്പിക്കുന്ന ഐക്യം ആ മൂന്നുപേരുടെ ഐക്യം മാത്രമല്ല. ഇസ്രീയല്‍ ജനതയുടെയോ പലസ്റ്റെന്‍ ജനതയുടെയോ ഐക്യം മാത്രമല്ല. ലോകമാകെയുള്ള ജനങ്ങളുടെ ഐക്യമാണ്. നോവലിന്റെ ഏതു പുറവും വായിക്കുക. കലാഭംഗി കണ്ടു കണ്ണഞ്ചിപ്പോകും. ചിന്തയുടെ ആധിത്യകയില്‍ ചെന്നുനില്‍ക്കും. വികാരത്തിന്റെ സാഗരത്തില്‍ നിന്ന് ചിന്തയുടെ തീരത്തിലേക്കും അവിടെ നിന്ന് വികാരസാഗരത്തിലേക്കും വായനക്കാരെ അനവരതം കൊണ്ടു പോകുന്ന ഒരുജ്ജ്വല കലാശില്പമാണിത്.