close
Sayahna Sayahna
Search

മനുഷ്യനെന്ന വന്യമൃഗം


മനുഷ്യനെന്ന വന്യമൃഗം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മുത്തുകള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ നെരൂദ
വര്‍ഷം
1994
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 98 (ആദ്യ പതിപ്പ്)

മുത്തുകള്‍

‘അര്‍ദ്ധരാത്രിയാണ് അപ്പോള്‍. ബസ്തീയയില്‍നിന്നു മദലേനിലേക്ക് പോകുന്ന ഒരു കുതിരവണ്ടിയും കണാനില്ല. പക്ഷേ എനിക്കു തെറ്റിപ്പോയി: ഒരെണ്ണം പോടുന്നനെ വരുന്നുണ്ട്, ഭൂമിയുടെ അന്തര്‍ഭാഗത്തുനിന്ന് ഉയര്‍ന്നതുപോലെ... ആളുകള്‍ മുകളിലത്തെ തട്ടില്‍ ഇരിക്കുന്നു. ചത്തമീനിന്റെ അനക്കമററ കണ്ണുകള്‍പോലെയുള്ള കണ്ണുകളോടുകൂടി. അവര്‍ ഒരുമിച്ചു ചാരിയിരിക്കുകയാണു്. നിയമമനുസരിച്ചുള്ള യാത്രക്കാരല്ലാതെ ഒരാള്‍പോലും വണ്ടിയിലില്ല. വണ്ടിക്കാരന്‍ കുതിരകളെ ചാട്ടകൊണ്ടടിക്കുമ്പോള്‍ നിങ്ങള്‍ പറയും ചാട്ടയാണ് അയാളുടെ കരത്തെ പ്രവര്‍ത്തിപ്പിച്ചതെന്ന്; കരമല്ല ചാട്ടയെ ഉത്തേജിപ്പിച്ചതെന്നു്. വിചിത്ര സ്വഭാവമുള്ള, മൂകരായിരിക്കുന്ന ആളുകള്‍ നിറഞ്ഞ ഈ വണ്ടി എന്താണ്? ഇവര്‍ ചന്ദ്രനില്‍ താമസിക്കുന്നവരോ? ഇടവിട്ട് ഇടവിട്ട് അങ്ങനെ വിശ്വാസിക്കാനാണ് പ്രേരണ. പക്ഷേ ശവങ്ങളോടാണ് അവര്‍ക്കു സാദൃശ്യം.

അവസാനത്തെ നിറുത്തല്‍ സ്ഥലത്തെത്താന്‍ ഉത്കണ്ഠയുള്ള ആ വണ്ടി ശൂന്യാകാശത്തെ വിഴുങ്ങുന്നു. അതിന്റെ താഴെയുള്ള പാത ഞരങ്ങുന്നു. അത് അപ്രത്യക്ഷമാവുകയാണോ? എന്നാല്‍ പൊടിപടലത്തിലൂടെ നൈരാശ്യത്തോടെ രൂപമില്ലാത്ത ഒരാകൃതി അതിനെ അനുധാവനം ചെയ്യുന്നുണ്ട്.

‘നിറുത്തു. ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. നിറുത്തു! ഈ ദിവസമാകെ നടന്നതുകൊണ്ട് എന്റെ കാലുകളില്‍ നീരുവന്നിരിക്കുന്നു... ഇന്നലെത്തൊട്ട് ഞാനൊന്നും ഭക്ഷിച്ചില്ല...എന്റെ അച്ഛനമ്മമാര്‍ എന്നെ ഉപേക്ഷിച്ചു... എന്തു ചെയ്യണമെന്ന് എനിക്ക

റിഞ്ഞുകൂടാ... ഞാന്‍ വീട്ടില്‍ തിരിച്ചു ചെല്ലാനാണ് തീരിമാനിച്ചിരിക്കുന്നത്. എന്നെക്കൂടി കൊണ്ടുപോയാല്‍ ഞാന്‍ വേഗമവിടെ ചെല്ലും. എട്ടു വയസ്സു മാത്രമുള്ള ഒരു കൊച്ചു കുഞ്ഞാണു ഞാന്‍. നിങ്ങളെ ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.’

‘കുതിരവണ്ടി പായുന്നു... പായുന്നു... പക്ഷേ രൂപമില്ലാത്ത ഒരാകൃതി പൊടിപടലത്തിലൂടെ നിരാശതയാര്‍ന്ന് അതിനെ അനുധാവനം ചെയ്യുന്നു.’

ഇനി ഭാഷാന്തരീകരണം വിട്ട് ഞാന്‍ സംഗ്രഹത്തിലേക്കു വരട്ടെ. വണ്ടിക്കകത്തിരിക്കുന്ന ഒരാളിന് അതിന്റെ ലോഹശബ്ദം അസഹനീയമാകുന്നു. അതു കേള്‍ക്കുന്നുവെന്നു നടിച്ചു വേറൊരു യാത്രക്കാരന്‍ ആമ തോടിലേക്കു വലിയുന്നതുപോലെ സ്വാര്‍ത്ഥ തല്പരമായ നിശ്ചലതയിലേക്കു പിന്‍വലിയുന്നു. ജാലകങ്ങള്‍ തുറക്കപ്പെടുന്നു ഭവനങ്ങളില്‍. പേടിച്ച ഒരാള്‍ കൈയിലൊരു വിളക്കോടുകൂടി പാതയിലേക്കു നോക്കിയിട്ടു പെട്ടെന്നു ‘ഷട്ടറുകള്‍’ അടച്ചുകളയുന്നു. വണ്ടി പായുകയാണ്... പായുകയാണ്... പൊടിപടലത്തിലൂടെ രൂപമില്ലാത്ത ഒരാകൃതി. അതിന്റെ പിന്‍പേ ഓടുന്നു. അതു കണ്ട് ഒരു യവാവിനു താല്‍ക്കാലികമായ സഹതാപം. ‘ഇതാണോ മനുഷ്യന്റെ ദയാലുത്വം?’ എന്ന് അയാള്‍ ചോദിക്കുന്നു. പിന്നീട് അയാള്‍ സ്വയം പറഞ്ഞു: ‘ഒരു കുഞ്ഞിനെക്കുറിച്ചു ഞാനെന്തു വിചാരിക്കുന്നു? അവന്‍ പാട്ടിനു പോകട്ടെ.’ എങ്കിലും ചൂടുള്ള ഒരു കണ്ണീര്‍ത്തുള്ളി അയാളുടെ കവിളിലൂടെ ഒഴുകി.

നിലവിളി പെട്ടെന്നു നിന്നു. കുഞ്ഞ് പാതയില്‍ ഉയര്‍ന്നു നിന്ന കല്ലില്‍ത്തട്ടി മറിഞ്ഞുവീണു. വീണപ്പോള്‍ അവന്റെ തല മുറിഞ്ഞു. പഴന്തുണിത്തുണ്ടുകള്‍ ശേഖരിക്കുന്ന ഒരുത്തന്‍ വിളക്കോടുകൂടി കുനിഞ്ഞു. വണ്ടിയിലിരിക്കുന്നവരെക്കാളൊക്കെ അയാള്‍ക്കു ഹൃദയമുണ്ട്. അയാള്‍‌ കുഞ്ഞിനെ എടുത്തുയര്‍ത്തി, അയാള്‍ കാരുണ്യത്തോടെ അവനെ നോക്കുമെന്നും അച്ഛനമ്മമാരെപ്പോലെ ഉപേക്ഷിക്കില്ലെന്നും ഉറപ്പാക്കിക്കൊള്ളു. വണ്ടി പായുന്നു... പായുന്നു... തുണിത്തുണ്ടുകള്‍ പെറുക്കുന്നവന്റെ തുളച്ചുകയറുന്ന നോട്ടം പൊടിപടലത്തിലൂടെ ആ വണ്ടിയിലേക്കു ചെന്നു.

ഇനി ഭാഷാന്തരീകരണം. ഗ്രന്ഥകാരന്‍ പറയുകയാണ്: ‘മൗഢ്യവും ജളത്വവുമുള്ള മനുഷ്യവര്‍ഗ്ഗം! നീ ഈ പ്രവൃത്തിയില്‍ ദുഃഖിക്കും. ഞാനാണ് ഇതു നിന്നോടു പറയുന്നത്. നീ പശ്ചാത്തപിക്കും, പശ്ചാത്തപിക്കും. എന്റെ ശക്തിയുടെ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് എന്റെ കവിതകൊണ്ട് മനുഷ്യനെന്ന വന്യമൃഗത്തെ, അങ്ങനെയൊരു കീടത്തെ സൃഷ്ടിക്കാന്‍ പാടില്ലാതിരുന്ന അവന്റെ സൃഷ്ടികര്‍ത്താവിനെ ഞാന്‍ ആക്രമിക്കും. എന്റെ ജീവിതാവസരംവരെ ഗ്രന്ഥങ്ങള്‍ക്കു മുകളില്‍ ഗ്രന്ഥങ്ങള്‍ കുന്നുകൂടും. പക്ഷേ ഒരാശയമേ അതിലുണ്ടാകൂ... എന്റെ ബോധമണ്ഡലത്തിലുള്ള ഒരേഒരാശയം.’

തീക്ഷ്ണാത്മകവും കലാത്മകവുമായ ഈ ഭാഗം ലോത്രേയാമെങ്ങിന്റെ (Comite de Lautreamont 1846–70) Les Chants Maldoror എന്ന ഗദ്യകവിതയില്‍ നിന്നാണ്. നൂറു വര്‍ഷത്തിലധികം പഴക്കം ഈ പുസ്തകത്തിനുണ്ടെങ്കിലും പലരും ഇതു വായിച്ചിരിക്കാനിടയില്ല എന്ന വിചാരമാണ് ഇതിനെക്കുറിച്ചെഴുതാന്‍ എനിക്കു പ്രേരണ നല്‍കുന്നത്. ഈ ഗ്രന്ഥത്തിന്റെ 303 പുറങ്ങളും ശ്വാസം പിടിച്ചുകൊണ്ടാണ് ഞാന്‍ വായിച്ചതെന്നു പറഞ്ഞാല്‍ അത് അത്യുക്തിയാവും. എങ്കിലും അ അത്യുക്തിയിലൂടെ മറ്റൊരു സത്യം സ്പഷ്ടമാകും. അത് ഈ കലാസൃഷ്ടിയുടെ ഉജ്ജ്വലതതന്നെ, അന്യാദൃശസ്വഭാവം തന്നെ. പില്ക്കാലത്തു പാരീസിലെ സറിയലിസ്റ്റുകള്‍ ‘വേദഗ്രന്ഥം’ പോലെ ആദരിച്ച ഈ പുസ്തകം 1868–69 ലാണ് പ്രസിദ്ധപ്പെടുത്തിയതെങ്കിലും ഇത് ആരുടെയും ശ്രദ്ധയില്‍ വന്നു വീണില്ല. എന്നാല്‍ പത്തൊന്‍പതാം ശതാബ്ദത്തിന്റെ അവസാനത്തോടെ പ്രതിഭാശാലികള്‍ അതു കണ്ടെത്തി. ഫ്രഞ്ച് നോവലിസ്റ്റ് ഷോറീസ് കാറല്‍ വീസ്മാങ്സ് (Joris Karl Huysmans) ബെല്‍ജിയന്‍ നാടക കര്‍ത്താവു മോറീസ് മതേര്‍ലങ് (Mavrice Maeterlunek 1862-1947) ഫ്രഞ്ച് നോവലിസ്റ്റും നിരൂപകനുമായ റെമീ ദ ഗുര്‍മൊങ് Remy de Gourmont 1868–1915) ഇവര്‍ പ്രതിഭാശാലിയുടെ കൃതിയായി ഇതിനെ കൊണ്ടാടി. ഇന്നു സറിയലിസത്തെക്കുറിച്ചുള്ള ഏതു വിചിന്തനവും ഈ ഗദ്യകവിതയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഇരുപത്തിനാലാമത്തെ വയസ്സില്‍ അന്തരിച്ചു പോയ ഒരു യുവാവ് ഈ മാസ്റ്റര്‍പീസ് എഴുതിയല്ലോ എന്നു വിചാരിച്ച് അനുവാചകര്‍ക്ക് അദ്ഭുതം. അല്ലെങ്കില്‍ അദ്ഭുതപ്പെടാനെന്തിരിക്കുന്നു! ജീനിയസ് പ്രാദുര്‍ഭാവം കൊള്ളുന്നത് പ്രായാധിക്യത്തിലൂടെയല്ലല്ലോ.

‘ലേ ഷാങ് ദ മല്‍ദറോര്‍’ — മല്‍ദറോറിന്റെ ഗാനങ്ങള്‍ — മനുഷ്യവര്‍ഗ്ഗത്തോടും ഈശ്വരനോടുമുള്ള വെറുപ്പിനെയാണ് സ്ഫുടീകരിക്കുന്നത്. ‘തിന്മയെ ഒരു തത്ത്വമാക്കി’ പരിഗണിച്ചു വാഴ്ത്തുന്നു. തിന്മയെ ഒരു അത്ഭുതമായി പരിഗണിച്ച് അതില്‍ വിലയം കൊള്ളുന്ന മനുഷ്യനെയും ഈശ്വരനെയും ചാട്ടവാറു കൊണ്ടടിക്കുന്നു. അധികാരത്തിന്റെ പ്രയോഗം മനുഷ്യനെ എങ്ങനെ തിന്മയിലേക്കു കൊണ്ടു ചെല്ലുന്നുവെന്നു വ്യക്തമാക്കിത്തരുന്നു. തിന്മയെ വിമര്‍ശിക്കുകയല്ല, ഒരു കണക്കില്‍ വാഴ്ത്തുകയാണ് കവി എന്നു ചിലര്‍ പറയുന്നു. പുസ്തകത്തിന്റെ പുറംചട്ടയില്‍ അങ്ങനെ പ്രസ്താവമുണ്ട്. നിയന്ത്രിക്കാനാവാത്ത വികാരങ്ങളെ—തിന്മയോടു ബന്ധപ്പെട്ട വികാരങ്ങളെ—ബഹി: പ്രകാശനം ചെയ്യുകയാണ് അദ്ദേഹം. ആ തിന്മയെ അതിശയിച്ചു മറ്റൊരു മണ്ഡലത്തിലേക്കു ചെല്ലൂ എന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം. അതിനാല്‍ പുറം ചട്ടയിലെ പ്രസ്താവം ചിന്തനീയമായിരിക്കുന്നു എന്നേ പറയാന്‍ പറ്റൂ. ഭാവനയില്‍ വിപ്ളവം വരുത്തിയാല്‍ പുതിയ സാഹചര്യം സൃഷ്ടിക്കാമെന്നും കവി പിചാരിക്കുന്നുണ്ടാവാം. ഇരുപതാം ശതാബ്ദത്തിലെ മറ്റൊരു ഫ്രഞ്ചെഴുത്തുകാരന്‍ ഷെനെ ചെയ്തതതും ഇതുതന്നെയാണല്ലോ. അതു കൊണ്ടെല്ലാമാണ് ഷാങ് പോള്‍ സാര്‍ത്ര് ഷെനെയെ പുണ്യാളനായി കണ്ടതും Saint Genet എന്ന പുസ്തകമെഴുതിയതും.

ഇതിലെ ഏതു ഭാഗവും ഉത്കൃഷ്ടമായ കവിതയാണ്. വിശേഷിച്ചും സമുദ്രത്തെക്കുറിച്ചുള്ള ഗാനം. ഒരു ഭാഗം:

Ancient ocean, Crystal-waved, you resemble those bluish marks that one sees upon the battered backs of cabin-boys; you are a vast bruise inflicted upon the body of earth. ലോകത്തെ അതായിത്തന്നെ ചിത്രീകരിച്ച് ഭാവനയിലൂടെ സര്‍വാതിശായിയായ മണ്ഡലത്തിലേക്കു അനുവാചകരെ ഉയര്‍ത്തുന്ന ഈ കാവ്യം വെറുമാരു കാവ്യമല്ല. മഹാകാവ്യമാണ്. ലോത്രേയാമൊങ്! അങ്ങ് നവയുവാവായിരിക്കെ തന്നെ അന്തരിച്ചു. ഞങ്ങള്‍ തടിമാടന്മാരായി ഇവിടെ ജീവിച്ചിരിക്കുന്നു. അങ്ങയുടെ ജീവിതമെത്ര ധന്യം! ഞങ്ങളുടേത് എത്ര തുച്ഛം!