close
Sayahna Sayahna
Search

ദൈവവും ചെകുത്താനും


ദൈവവും ചെകുത്താനും
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മുത്തുകള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ നെരൂദ
വര്‍ഷം
1994
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 98 (ആദ്യ പതിപ്പ്)

മുത്തുകള്‍

സാഹിത്യരചനയ്ക്ക് 1947-ല്‍ നോബല്‍ സമ്മാനം നേടിയ ഫ്രഞ്ചെഴുത്തുകാരന്‍ ആങ്ങ്ദ്രേ ഷീദ് (Andre Gide, 1869–1951) ഒരിക്കല്‍ സ്റ്റാലിനെ കാണാന്‍ പോയി. സോവിയറ്റ് ഭരണസംവിധാനത്തിന്റെ സ്തോതാവായ അദ്ദേഹത്തെ രാജവാഴചയുടെ നിന്ദകനായ സ്റ്റാലിന്‍ രാജകീയമായിത്തന്നെ സ്വീകരിച്ചു. ഷീദ് തിരിച്ചു പോരുന്ന സന്ദര്‍ഭത്തില്‍ സ്റ്റാലിനു കമ്പിസന്ദേശം അയയ്ക്കാന്‍ തീരുമാനിച്ച് എഴുതിത്തുടങ്ങി; Passing through Gori, in the course of our wonderful journey, I feel the need to send you..’ ഷീദ് ഇത്രയുമെഴുതിയപ്പോള്‍ ദ്വിഭാഷി അദ്ദേഹത്തോടു പറഞ്ഞു: ‘സ്റ്റാലിനെക്കുറിച്ചെഴുതുമ്പോള്‍ വെറും ‘താങ്കള്‍’ എന്നു പ്രയോഗിച്ചുകൂടാ. ‘തൊഴിലാളികളുടെ മഹാനായ നേതാവായ താങ്കള്‍’ എന്നോ മറ്റോ കൂട്ടിചേര്‍ക്കണം.അങ്ങനെ ചേര്‍ത്തില്ലെങ്കില്‍ റ്റെലിഗ്രാം സ്റ്റ്റ്റാലിന് അയയ്ക്കാന്‍ ഒക്കുകയില്ലെന്നും അയാള്‍ അറിയിച്ചു. ഷീദിന് ആ രീതിയില്‍ത്തന്നെ എഴുതേണ്ടതായി വന്നു. മഹാനായ നേതാവ്, രാഷ്ടപിതാവ്, ഈശ്വരന്‍ എന്നീ വിശേഷണങ്ങള്‍ നല്കപ്പെട്ടിരുന്ന സ്റ്റാലിനെ യുഗോസ്ളാവ് രാഷ്ടവ്യവഹാര നേതാവും എഴ്ത്തുകാരനുമായ മിലവാന്‍ ജീലാസ് (Milovan Djilas) വിളിച്ചത് ’The greatest criminal in history’ എന്നാണ്. വിഭിന്നങ്ങളായ ഈ വിശേഷണങ്ങളില്‍ ഏതാണു ശരി? ഈശ്വരന്റെ പ്രതിപുരുഷനാണോ സ്റ്റാലിന്‍? അതോ ഏറ്റവും വലിയ കുറ്റവാളിയോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തുവാന്‍ ശ്രമിക്കുകയാണ് സ്റ്റാലിനെക്കുറിച്ച് Let History Judge എന്ന ഉജ്ജ്വലമായ ഗ്രന്ഥമെഴുതിയ റൊയ് മിദ്വീദിവ് (Roy Medvedev). രാഷ്ട്രീയ പ്രശസ്തിയാആര്‍ജിച്ച ചരിത്രകാരനാണ് അദ്ദേഹം. സ്റ്റാലിനെ നേരിട്ടറിഞ്ഞവരും അദ്ദേഹത്തിന്റെ ‘മരണക്യാമ്പുക’ളില്‍ നിന്നു രക്ഷപ്പെട്ടവരുമായ അനേകം മഹാവ്യക്തികളുമായി അഭിമുഖ സംഭാഷണം നടത്തി രചിച്ച ഈ മഹാഗ്രന്ഥത്തിന് സവിശേഷതയുണ്ട്. 903 പുറങ്ങളുള്ള ഈ ഗ്രന്ഥത്തിലെ വെണ്മയാര്‍ന്ന കടലാസ്സിലെ കറുത്ത അക്ഷരങ്ങളില്‍ നിന്ന് ഈശ്വരനായ സ്റ്റാലിന്‍ അല്ലെങ്കില്‍ ലോകത്തെ ഏറ്റവും വലിയ ക്രിമിനല്‍പ്പുള്ളി ഉയിര്‍ത്തെഴുന്നേറ്റു വരുന്നു, ആ കാഴ്ച കാണാന്‍ കൗതുകമുള്ളവര്‍ക്ക് ഈ ഗ്രന്ഥം വായിക്കാം.

സ്ഥിതിസമത്വവാദം അല്ലെങ്കില്‍ കമ്യൂണിസം ഇവയോടു എതിര്‍പ്പില്ലാത്ത ആളുകള്‍ റഷ്യയുടെ മുഖം മാത്രമല്ല, ലോകത്തിന്റെ മുഖം തന്നെയും മാറ്റിക്കളഞ്ഞ മഹാനേതാവായി സ്റ്റാലിനെ കരുതുന്നു. സ്റ്റാലിന്റെ ക്രൂരകൃത്യങ്ങളെ നിഷേധിക്കാതെയും അതേ സമയം നിന്ദിച്ചും അവര്‍ പറയുന്നു അപരിഷ്കൃതത്വവും കാട്ടാളത്തവും ക്രൂരതയും കൂടാതെ റഷ്യയില്‍ സോഷ്യലിസം സ്ഥാപിക്കാന്‍ സാധിക്കില്ലായിരുന്നുവെന്ന്. ലെനിന്‍ ഏതു ലക്ഷ്യം സാക്ഷാത്കരിക്കാന്‍ യത്നിച്ചുവോ അതേ ലക്ഷ്യ സാക്ഷാത്കാരത്തിനാണ് സ്റ്റാലിനും യത്നിച്ചതെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. പരിഷ്കാരരഹിതവും തികച്ചും കാര്‍ഷികവുമായിരുന്ന റഷ്യയെ അതിശക്തമായ വൈയവസായിക രാജ്യമാക്കിയത് അദ്ദേഹമാണെന്നാണ് അവരുടെ വാദം. സാര്‍ ചക്രവര്‍ത്തിയുടെ റഷ്യയ്ക്ക ഹിറ്റ്‌ലറെ തോല്പിക്കാന്‍ കഴിഞ്ഞു. അതിനു വേണ്ടി രാജ്യത്തിനു ശക്തിയാര്‍ജ്ജിച്ചു കൊടുത്തതു സ്റ്റാലിന്‍ തന്നെയായിരുന്നു. ഈ അഭിപ്രായം നമ്മുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ട് മിദ്വീദിവ് ചോദിക്കുന്നു: ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയാലേ റഷ്യയുടെ സ്വാതന്ത്രം നിലനിറുത്താനാവുകയുള്ളോ? ഈ ചോദ്യത്തിന് ഉത്തരമില്ല. ഇതു ചരിത്രത്തിന്റെ പ്രഹേളികയായി വര്‍ത്തിക്കുന്നു.

സ്റ്റാലിന്റെ ജീവകരിത്രകാരന്മാരില്‍ സുപ്രധാനനാണ് പോളണ്ടില്‍ ജനിച്ച ഇംഗ്ലീഷ് എഴുത്തുകാരന്‍ ഐസക് ദെവയ്ചര്‍ (Issac Deustcher, 1907–67).എല്ലാ രാഷ്ടങ്ങങ്ങളിലേയും എല്ലാക്കാലങ്ങളിലെയും മഹാനായ പരിഷ്കര്‍ത്താവായി സ്റ്റാലിനെ കരുതാമെന്നാണ് ദെവയ്ചറുടെ അഭിപ്രായം. ലെനിനും ട്രോറ്റ്സ്കിയും ഒക്ടോബര്‍ വിപ്ളവത്തിനു നേതൃത്വം നല്കുകയും സോഷ്യലിസമെന്ന ആശയം ജനതയ്ക്കു പകര്‍ന്നു കൊടുക്കുകയും ചെയ്തു. പക്ഷേ സ്റ്റാലിനു മാത്രമേ അതിനെ പ്രായോഗിക തലത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞുള്ളൂ. അതിനു ‘നല്കേണ്ട വില’ വളരെക്കൂടുതലായിരുന്നുവെന്നു ദ്വെയ്ചര്‍ സമ്മതിക്കുന്നു.

മിദ്വീദിവ് ഈ രണ്ടഭിപ്രായങ്ങളോടും യോജിക്കുന്നില്ല. സോവിയറ്റ് ജനതയ്ക്ക് വിദ്യാഭാസത്തിന്റെയും സംസ്കാരത്തിന്റെയും പാത തുറന്നു കൊടുത്തത് ഒക്ടോബര്‍ വിപ്ളവമാണ്. സ്റ്റാലിന്‍ ലക്ഷക്കണക്കിനു ധിഷണാശാലികളെ (intelligentsia) വധിക്കാതിരുന്നെങ്കില്‍ രാജ്യം ആ പാതയിലൂടെ കൂടുതല്‍ വേഗത്തില്‍ പുരോഗമിക്കുമായിരുന്നുവെന്ന് അദ്ദേഹം കരുതുന്നു. സ്റ്റാലിന്റെ തടങ്കല്‍പ്പാളയങ്ങളിലെ തടവുകാരാണ് തോടുകള്‍ നിര്‍മ്മിച്ചത്. ഹൈഡ്രോ ഇലക്ട്രിക് സ്റ്റെയ്ഷനുകള്‍ സ്ഥാപിച്ചത്. തീവണ്ടി മാര്‍ഗ്ഗങ്ങളും തൊഴില്‍ ശാലകളും പൈപ്പ് ലൈനുകളും മഹാസൗധങ്ങളും സോവിയറ്റ് റിപ്പബ്ളിക്കില്‍ നിര്‍മ്മിച്ചതും ആ തടവുകാരായിരുന്നു. ഈ പാവങ്ങളെ സ്വതന്ത്രരാക്കിയിരുന്നുവെങ്കില്‍ വ്യവസായം അതിവേഗം വികസിക്കുമായിരുന്നു. കര്‍ഷകര്‍ക്കു നേരെയുള്ള സ്റ്റാലിന്റെ ബലപ്രയോഗം കൃഷിയുടെ വികാസത്തെ മന്ദഗതിയിലാക്കി.

‘കൊടുത്തവില’ വളരെക്കൂടുതല്‍. അതിന്റെ ദുരന്തമാണ് ഇന്നു കാണുന്നത്. വിജയങ്ങളായി ദ്വെയ്ചയര്‍ ദര്‍ശിക്കുന്നതെല്ലാം സോഷ്യലിസത്തിന്റെ പരാജയങ്ങളാണെന്ന് മിദ്വീദിവ് ചൂണ്ടിക്കാണിക്കുന്നു. The most outstanding mediocrity in our party’ നമ്മുടെ കക്ഷിയിലെ ഏറ്റവും പ്രമുഖനായ ഇടത്തരക്കാരന്‍ എന്ന് റ്റ്രൊറ്റ്സ്കി സ്റ്റാലിനെ വിശേഷിപ്പിച്ചു (പുറം 88). ഈ ‘ഇടത്തരക്കാരന്‍’ ഒരു വലിയ രാജ്യത്തിന്റെ സ്ഥാപകനായ ലെനിന്റെ മാനസപുത്രന്‍ എന്നാണല്ലോ കരുതപ്പെടുന്നത്. പക്ഷേ ഈ ഗ്രന്ഥത്തില്‍ നിന്നു കിട്ടുന്ന ചിത്രം അതല്ല. ചരിത്രത്തില്‍ ലെനിനുള്ള സ്ഥാനത്തെ നിസ്സാരമാക്കി തീര്‍ക്കാനായിരുന്നു സ്റ്റാലിന്റെയും അദ്ദേഹത്തിന്റെ അനുചരന്മാരുടെയും യത്നം. ലെനിനെ അതിരറ്റു വാഴ്ത്തും. അതേസമയം വിദഗ്ദ്ധമായി അദ്ദേഹത്തെ ഇടിച്ചു താഴ്ത്തുകയും ചെയ്യും. സത്യത്തില്‍ സ്റ്റാലിന് ലെനിനോട് അസൂയയായിരുന്നുവെന്നും ആ സ്ഥാനത്തേക്കു കടന്നു ചെല്ലാന്‍ അദ്ദേഹത്തിനു താല്പര്യമുണ്ടായിരുന്നുവെന്നും മിദ്വീദിവ് സ്ഥാപിക്കുന്നു. ലെനിനോടു മാത്രമല്ല അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയോടും സ്റ്റാലിന്‍ അപമര്യാദയായി പെരുമാറിയത്രെ. ലെനിൻ, സ്റ്റാലിനെഴുതിയ കത്തു വായിക്കുക: (ചില വാക്യങ്ങള്‍ മാത്രം) ‘Dear Comrade Stalin! You have been so rude as to summon my wife to the telephone and use bad language... I have no intention of forgetting so easily what has been done against me and it goes without saying that what has been done against my wife I consider having been done against me as well...’

ലെനിന്‍ രോഗാര്‍ത്തനായി. ദീര്‍ഘനേരം അദ്ദേഹം ഒറ്റയ്ക്കിരുന്നു. അപമാനത്താലും നിന്ദനത്താലും രോഗം വരുത്തിയ നിസ്സഹായാവസ്ഥയാലും അദ്ദേഹം ചിലപ്പോള്‍ കരഞ്ഞു. സ്റ്റാലിനാണു ലെനിനെ കൊന്നതെന്ന് വിദേശ ദിനപത്രങ്ങള്‍ എഴുതി. Izvestia, Novy Mir ഇവയുടെ എഡിറ്ററായിരുന്ന ഗ്രൊണ്‍സ്കിയെ കാണാന്‍ സ്റ്റാലിന്‍ ഒരു ദിവസം പോയി പോലും. കുടിച്ചു നിയന്തണം വിട്ട് സ്റ്റാലിന്‍ ഗ്രൊണ്‍സ്കിയോടു പറഞ്ഞത്രേ താനാണു ലെനിനെ കൊന്നതെന്ന്.

സ്റ്റാലിന്റെ ഭാര്യ ആതമഹത്യ ചെയ്തല്ലോ. അവരുടെ മൃതദേഹത്തിന്റെ കൈയില്‍ കൊച്ചു തോക്കുണ്ടായിരുന്നു. ആ തോക്കു പ്രവര്‍ത്തിപ്പിച്ചത് സ്റ്റാലിന്‍ തന്നെയായിരുന്നുവെന്നു ഗ്രന്ഥത്തില്‍ സൂചനയുണ്ട്. ഇതൊക്കെ സത്യമോ അസത്യമോ ആകട്ടെ. എന്നാല്‍ സ്റ്റാലിന്‍ സാംസ്കാരിക നായകന്മാരോടു അത്ര കണ്ടു ക്രൂരത കാണിച്ചില്ലെന്നു ഏതാണ്ടു സത്യമാണ്. പസ്തര്‍നക്ക്, ഒല്ഷ (Olesha), ബുള്‍ഗാകോഫ് ഇവരെ അറസ്റ്റ് ചെയ്യാമായിരുന്നു സ്റ്റാലിന്. അതു ചെയ്തില്ല അദ്ദേഹം. റഷ്യന്‍ കംപോസര്‍ ഷൊസ്റ്റോകോവിച്ചിന്റെ ‘Lady Macbeth of the Mtsensk District’ എന്ന ഓപ്പറ കണ്ടുകൊണ്ടിരുന്ന സ്റ്റാലിന്‍ ദേഷ്യപ്പെട്ടു നാടകശാലയില്‍ നിന്ന് ഇറങ്ങിപ്പോയതേയുള്ളൂ. എന്നും അറസ്റ്റ് പ്രതീക്ഷിച്ച് ഇരുന്ന ഷൊസ്റ്റൊകോവിനെ അദ്ദേഹം ഉപദ്രവിച്ചില്ല. ആന്ന ആഹ്മതൊവ എന്ന കവിയെയും (കവിയിത്രി) അദ്ദേഹം തടവിലാക്കിയില്ല. സിനിമാ ഭ്രാന്തനായിരുന്നു സ്റ്റാലിന്‍. ചില ചലചിത്രങ്ങള്‍ നൂറു തവണ അദ്ദേഹം കണ്ടിരുന്നു. സിനിമയെ സംബന്ധിച്ച ഈ ദൗര്‍ബല്യം കൊണ്ട് ഡയറക്ടര്‍മാര്‍ മരണത്തില്‍ നിന്നു രക്ഷപ്പെട്ടുവെന്നു ഗ്രന്ഥകാരന്‍ പറയുന്നു.

സംഭ്രമജനകങ്ങളും രസകരങ്ങളുമായ സംഭവങ്ങള്‍ നിറഞ്ഞ ഈ പുസ്തകത്തെക്കുറിച്ച് കൂടുതലെഴുതാന്‍ സ്ഥലമില്ല. ഇപ്പോള്‍ തന്നെ ഇതു നീണ്ടു പോയി. സ്റ്റാലിന്‍ മാര്‍ക്സിസ്റ്റിനെപ്പോലെ സംസാരിച്ചിരുന്നു, എഴുതിയിരുന്നു. പക്ഷേ സാരാംശത്തില്‍ — അടിസ്ഥാനപരമായി — അദ്ദേഹം മാര്‍ക്സിസ്റ്റായിരുന്നില്ലെന്നാണ് മിദ്‌വീദിവ് സ്ഥാപിക്കുന്നത്. സ്റ്റാലിനെ പ്രകീര്‍ത്തിക്കുന്ന ദ്വെയ്ചറുടെ പുസ്തകത്തെക്കുറിച്ച് പണ്ടു ഞാനെഴുതിയതു പോലെ ഈ ഗ്രന്ഥത്തെക്കുറിച്ചും ഞാന്‍ എഴുതുന്നു. ഒരു പുതിയ പുസ്തകത്തെക്കുറിച്ചു വായനക്കാരോടു ചിലതു പറയണമെന്നാല്ലാതെ ഒരു രാഷ്ട്രീയ വിശ്വാസവുമില്ലാത്ത എനിക്കു വേറൊരു ലക്ഷ്യമില്ല.