close
Sayahna Sayahna
Search

കാര്‍വറുടെ ഭാര്യ


കാര്‍വറുടെ ഭാര്യ
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മുത്തുകള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ നെരൂദ
വര്‍ഷം
1994
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 98 (ആദ്യ പതിപ്പ്)

മുത്തുകള്‍

ബില്ലിന്റെ ഭാര്യ ആര്‍ലിന്‍. അവരുടെ വീട്ടിനു തൊട്ടടുത്താണ് ഹാരീയറ്റ് ഭര്‍ത്താവായ ജിമ്മിനോടൊരുമിച്ചു താമസിക്കുക. യന്ത്രങ്ങളുടെ ഭഗങ്ങള്‍ വില്ക്കുന്ന ജോലിയാണ് ജിമ്മിന്. അയാള്‍ ഭാര്യയോടുകൂടി മറ്റു സ്ഥലങ്ങളിലേക്കു പോകുമ്പോള്‍ അവരുടെ വീടു സൂക്ഷിക്കുന്നതും ചെടികള്‍ക്കു വെള്ളമൊഴിക്കുന്നതും പൂച്ചയ്ക്ക് ആഹാരം കൊടുക്കുന്നതും ബില്ലും ആര്‍ലിനുമാണ്. ഒരു ദിവസം ജിം ഭാര്യയോടൊരുമിച്ചു യാത്ര പോയപ്പോള്‍ ബില്‍ ജിമ്മിന്റെ വീട്ടിനുള്ളില്‍ കയറി പൂച്ചയ്ക്കു വേണ്ടതു കൊടുത്തിട്ട് കുളിമുറിയിലേക്കു ചെന്നു. അവിടെ മരുന്നുകള്‍ വച്ചിരുന്ന അലമാരി തുറന്ന് ഗുളികകള്‍ അടങ്ങിയ കുപ്പിയെടുത്തു ‘ഹാരിയറ്റ്, ഒരു ഗുളിക വീതം ദിവസവും’ എന്നെഴുതി ഒട്ടിച്ചിരുന്ന കുപ്പിയെടുത്തു സ്വന്തം കീശയിലിട്ടു. മദ്യം വച്ചിരുന്ന അലമാരി തുറന്ന് Chivas Regal എന്ന ലേബലൊട്ടിച്ച കുപ്പിയില്‍ നിന്ന് കുറച്ചു ദ്രാവകം ഉള്ളിലാക്കി. ആവശ്യകതയില്‍ക്കവിഞ്ഞനേരം അവിടെ നിന്നിട്ടു ബില്‍ വീട്ടില്‍ച്ചെന്നപ്പോള്‍ ആര്‍ലീന്‍ ചോദിച്ചു. ‘എന്താ വൈകിയത്?’ എന്ന്, അവളുടെ വക്ഷസില്‍ സ്പര്‍ശിച്ചിട്ട് അയാള്‍ പറഞ്ഞു. ‘വരൂ കിടക്കാന്‍ പോകാം.’

അടുത്ത ദിവസവും ബില്‍ ചങ്ങാതിയുടെ വീട്ടില്‍ കയറി. എല്ലാം പരിശോധിച്ചു അയാള്‍. ഫ്രിജ്ജ് തുറന്നു നോക്കി. ഒരു ഡ്രായറിൽ പകുതിയൊഴിഞ്ഞ സിഗററ്റു കൂടു കണ്ടപ്പോള്‍ അതു പോക്കറ്റിലേക്കിട്ടു. ക്ളോസിറ്റിലേക്കു കയറിയപ്പോള്‍ മുന്‍വശത്തെ വാതിലില്‍ തട്ടു കേള്‍ക്കുന്നു. ‘എന്താണ് വൈകുന്നത്’ എന്നു ചോദിച്ചുകൊണ്ടു ആര്‍ലീന്‍ നില്ക്കുകയാണ് അവിടെ. റ്റോയിലെറ്റിലേക്കു തനിക്കു പോകേണ്ടിയിരുന്നുവെന്നു ബില്‍ മറുപടി പറഞ്ഞു.സ്വന്തം റ്റോയിലറ്റിലേക്കല്ലേ പോകേണ്ടത് എന്നു ഭാര്യ ചോദിച്ചപ്പോള്‍ തനിക്കു പൊടുന്നനെ അതു വേണ്ടിയിരുന്നുവെന്നും ഭര്‍ത്താവ് ഉത്തരം നല്കി. അന്നു രാത്രിയും അവര്‍ ഒരുമിച്ചു കിടന്നു.

അടുത്ത ദിവസവും ബില്‍ ആ വീട്ടില്‍ കയറി. എല്ലാ സാധനങ്ങളും പരിശോധിച്ചിട്ട് ഹാരിയറ്റിന്റെയും ജിമ്മിന്റെയും കിടക്കയില്‍ കിടന്നു തെല്ലുനേരം. അവര്‍ തിരിച്ചുവരുമോ എന്നുവരെ അയാള്‍ സംശയിച്ചു. അലമാരി തുറന്നു ജിമ്മിന്റെ ഷേര്‍ട്ടും ഷോര്‍ട്സുമെടുത്തു ധരിച്ചു. കുറച്ചു കുടിച്ചിട്ടു അവരുടെ കിടക്കയില്‍ വീണ്ടും കയറിക്കിടന്നു. റ്റെലിഫോണ്‍ രണ്ടുതവണ ശബ്ദിച്ചിട്ടു നിശബ്ദമായി. ഹാരിയറ്റിന്റെ കാലുറകളും ബ്രായും കൻട് ബില്‍ ജിമ്മിന്റെ വസ്ത്രങ്ങള്‍ മാറ്റിയ്ട്ട് അവയെടുത്തു ധരിച്ചു. അവളുടെ ബ്ളൗസ് എടുത്തിട്ട് സിപ്പ് മുകളിലേക്കു വലിച്ചു. ഹാരയറ്റിന്റെ ഷൂസ് കാലിലിടാന്‍ ശ്രമിച്ചെങ്കിലും അളവു ശരിയല്ലാത്തതുകൊണ്ടു പറ്റിയില്ല.

പിന്നീട് ആ വീട്ടില്‍ പോയതു ആര്‍ലീനാണ്. ഭാര്യയെ കാണാത്തതു കൊണ്ട് അയാള്‍ ചെന്നു നോക്കിയപ്പോള്‍ സുഹൃത്തിന്റെ വീട്ടിലെ വാതില്‍ അടച്ചിരിക്കുന്നതു കണ്ടു. ‘ഞാനാണ്, ഓമനേ നീ അവിടെയുണ്ടോ ഇപോഴും?’ എന്ന് അയാള്‍ ഉറക്കെച്ചോദിച്ചു. മറ്റുള്ളവരുടെ വീട്ടില്‍ പോകുന്നത് രസകരമാണെന്ന് പറഞ്ഞുകൊണ്ട് ആര്‍ലീന്‍ വന്നു. അവളുടെ സ്വെറ്ററിന്റെ പിറകില്‍ വെളുത്ത ലിന്റ് പറ്റിയിരിക്കുന്നതു ബില്‍ കണ്ടു. പൂച്ചയ്ക്കു താന്‍ ആഹാരം കൊടുക്കാന്‍ മറന്നു പോയെന്നു അവള്‍ അറിയിച്ചപ്പോള്‍ ബില്‍ പരഞ്ഞു ‘നമുക്കു ഒരുമിച്ച് അങ്ങോട്ടു പോകാ’മെന്ന്. ഭര്‍ത്താവിന്റെ കൈയ്യിലെ മാംസപേശിയില്‍ പിടിച്ചുകൊൻട് ഭാര്യ പറഞ്ഞു ‘ഞാന്‍ ചില പടങ്ങള്‍ കണ്ടു അവിടെ ‘എന്തു മാതിരി പടങ്ങള്‍?’ എന്നു ബില്ലിന്റെ ചോദ്യം. ‘നിങ്ങള്‍ തന്നെ നോക്കിക്കൊള്ളൂ’ എന്ന് അവളുടെ ഉത്തരം. ‘അവര്‍ തിരിച്ചു വരികില്ലായിരിക്കും, എന്ന് ആര്‍ലീന്‍. ‘അങ്ങനെയും സംഭവിക്കാമെന്നു ബില്‍. താക്കോല്‍ കൊടുക്കാന്‍ അയാള്‍ അവളോടു ആവശ്യപ്പെട്ടപ്പോള്‍ താക്കോല്‍ താന്‍ അകത്തിട്ടു കളഞ്ഞുവെന്നാണ് അവള്‍ മറുപടി പറഞ്ഞത്. അയാള്‍ വാതിലിന്റെ ‘നോബ്’ പിടിച്ചു തിരിച്ചു. പൂട്ട് വീണിരിക്കുന്നു. അവളും അതു തിരിച്ചുനോക്കി. പക്ഷേ തിരിയുന്നില്ല. (താക്കോല്‍ അകത്തിട്ടിട്ട് അതില്ലാതെ പൂട്ടാവുന്ന വാതില്‍ അവള്‍ പൂട്ടുകയാണു ചെയ്തത് — ലേഖകന്‍.) അവളുടെ ചുണ്ടുകള്‍ വിടര്‍ന്നു. അയാള്‍ കൈകള്‍ വിടര്‍ത്തി. അവള്‍ അവയ്ക്കുള്ളിലേക്കു ചെന്നു. ‘വിഷമിക്കരുത്, ഈശ്വരനെക്കരുതി വിഷമിക്കരുത്’ എന്ന് അയാള്‍ അവളുടെ ചെവിയില്‍ പറഞ്ഞു. അവര്‍ ആലിംഗനബദ്ധരായി അവിടെ നിന്നു. കാറ്റിനെതിരെ എന്ന രീതിയില്‍ അവര്‍ വാതിലിലേക്കു ചാരി പരസ്പരം താങ്ങി.

ആരാധിക്കുക എന്ന പ്രയോഗം എനിക്കിഷ്ടമില്ല. എങ്കിലും ഞാനെഴുതുകയാണ്. ഞാന്‍ ആരാധിക്കുന്ന മഹാനായ റേമണ്ട് കാര്‍വറുടെ സംക്ഷിപ്ത രൂപമാണ് മുകളില്‍ ചേര്‍ത്തത്. അലങ്കാരമില്ല, വിശേഷണമില്ല, കാവ്യാത്മകത വരുത്താനുള്ള യത്നമില്ല. ഏറ്റവും ലളിതമായ രീതിയില്‍ കൊച്ചു കൊച്ചു വാക്യങ്ങള്‍ കൊണ്ടു ഒരു ക്ഷുദ്ര സംഭവം ആവിഷ്ലരിക്കുന്നു കാര്‍വര്‍. അതു നിര്‍വഹിച്ചു കഴിയുമ്പോള്‍ തുറക്കപ്പെടുന്നത് ഒരദ്ഭ്തകരമായ പ്രപഞ്ചവും. അന്യന്‍ സ്വായത്തമാക്കിയ സ്ഥലത്തു പ്രവേശിക്കാനും അവിടെ വിഹരിക്കാനും അതു സ്വന്തമാക്കാനുമുള്ള കൊതി. അയല്‍ വീട്ടുകാരിയോടു തോന്നുന്ന കാമം. അവളും ഭര്‍ത്താവും കിടക്കുന്ന കിടക്ക കണ്ടു ഉദ്ദീപ്തമാകുന്ന ലൈംഗികാഭിലാഷത്തിനു പിന്നീടുള്ള വേഴ്ച കൊണ്ട് സംതൃപ്തി വരുത്തുന്ന രീതി, അടുത്ത വീട്ടുകാരന്റെയും അയാളുടെ ഭാര്യയുടെയും ലൈംഗികത്വത്തോടു ബന്ധപ്പെട്ട ചിത്രങ്ങള്‍ കണ്ടു സ്വയം ചലനംകൊള്ളുന്ന ഇപ്പുറത്തുള്ള വീട്ടുകാരി. അവ കാണാന്‍ ഭര്‍ത്താവിനോടു പരോക്ഷമായി ആവശ്യപ്പെട്ടു സ്വന്തം കാമത്തിനു സാഫല്യം നല്കുന്ന സ്ത്രീ. ഒടുവില്‍ താക്കോല്‍ അകത്തിട്ടു വീടുപൂട്ടി ഉടമസ്ഥരെ താല്‍ക്കാലികമായിട്ടെങ്കിലും അകറ്റുന്ന ചിത്തവൃത്തി. അങ്ങനെ അകറ്റിയെന്നു സ്വയം സമാധാനിക്കുമ്പോള്‍ ജനിക്കുന്ന അന്യോന്യാശ്രയ ബോധം. ഇങ്ങനെ എത്രയെത്ര കാര്യങ്ങളാണ് ഈ വെറും സ്കെച്ചില്‍ നിന്ന് നമ്മള്‍ ഗ്രഹിക്കുന്നത്. ക്ഷുദ്ര സംഭവങ്ങളില്‍ അടങ്ങിയിരിക്കുന്ന അൽഭുതങ്ങളെ കാർവറെപ്പോലെ എടുത്തു കാണിക്കുന്ന വേറൊരു കഥാകാരനെ എനിക്കറിഞ്ഞുകൂടാ. Neighbours ഉള്‍പ്പെടെ ഒന്‍പതു കഥകളും ഒരു കവിതയും സമാഹരിച്ച് Vintage Books പ്രസാധനം ചെയ്ത് ‘Short Cuts’ എന്ന കാര്‍വറുടെ ഗ്രന്ഥത്തിനു സവിശേഷതയുണ്ട്. Robert Altman എന്ന ഫിലിം ഡയറക്ടര്‍ ഈ പത്തു രചനകളെയും ‘മൊസൈക്കി’ന്റെ രീതിയില്‍ ഒരുമിച്ചു ചേര്‍ത്തു Short Cuts എന്ന പേരില്‍ ചലചിത്രം നിര്‍മ്മിച്ചു. കാര്‍വറുടെ എല്ലാക്കഥകളും ഒരുമിച്ചു ചേര്‍ത്താല്‍ ഒറ്റക്കഥയാവുമെന്നാണ് ഈ സംവിധായകന്റ അഭിപ്രായം. അങ്ങനെ പത്തു രചനകള്‍ സങ്കലനം ചെയ്തു നിര്‍മ്മിച്ച സിനിമ ‘ഒറ്റ വീക്ഷണം’ പ്രദാനം ചെയ്യുന്നു പ്രേക്ഷകര്‍ക്ക്. ഈ ചലചിത്രത്തെക്കുറിച്ചു ‘ന്യൂസ് വീക്’ അഭിപ്രായപ്പെടുന്നത് ഇങ്ങനെ. Possibily no movie has ever made such a strong synthesis between a major American writer and a major American film maker. In Altman’s innovative structure, the stories interweave like themes in a jazz symphony.

രണ്ടു ഷൂസെടുത്തു കോണിപ്പടിയില്‍ വയ്ക്കൂ കുടയെടുത്ത് ശൂന്യമായ ഭിത്തിയിലെ പെഗ്ഗില്‍ തൂക്കിയിട്ടു. ഈ ചേര്‍ച്ചകള്‍ പരിചിതങ്ങളാണ്. ഇനി ആ ഷൂസ് തന്നെയെടുത്തു മേശപ്പുറത്തു വയ്ക്കൂ; തുറന്ന കുട കോണിപ്പടിയിലും. അപ്പോള്‍ വസ്തുവും പരിത:സ്ഥിതിയും തമ്മില്‍ വിഭിന്നമായ ഒരു ബന്ധമാണു നിങ്ങളുണ്ടാക്കുക. രൂപപരിവര്‍ത്തനത്തെക്കാള്‍ മാറ്റി വയ്ക്കലാണ് എനിക്കു താല്‍പര്യജനകം. ഒരു സന്ദര്‍ഭത്തില്‍ നിന്നു വസ്തുക്കളെ വേര്‍പെടുത്തി എടുക്കുമ്പോള്‍ അവയെ വിശുദ്ധരൂപങ്ങളായി അനുഭവിക്കാന്‍ സാധിക്കും.’ ഇതു പറഞ്ഞതു ഭാരതത്തിലെ അതുല്യ ചിത്രകാരനായ എം.എഫ്. ഹുസേനാണ്. അദ്ദേഹത്തിന്റെ ഈ പ്രസ്താവം — കലയുടെ മര്‍മ്മം പ്രകാശിപ്പിക്കുന്ന പ്രസ്താവം — ഞാന്‍ കണ്ടത് ഇളാപാല്‍ എഴുതിയ ‘Beyond the canvas — An unfinished Portrait of M. F. Husain’ എന്ന ജീവചരിത്രത്തിലാണ്. ഹുസേന്‍ ചിത്രരചനകൊണ്ടു വിശുദ്ധരൂപങ്ങലുടെ പ്രതീതി ദ്രഷ്ടാക്കള്‍ക്ക് ഉളവാക്കുന്നതുപോലെ ഇള അദ്ദേഹത്തിന്റെ ജിവചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെ നൂതനസന്ദര്‍ഭങ്ങളില്‍ നിവേശിച്ച് ഒരു നൂതനബന്ധം പ്രകാശിപ്പിച്ചുതരുന്നു. വിളക്കുകള്‍ നന്നാക്കിക്കൊടുത്തും തകരപ്പാത്രങ്ങളുടെ കേടുപാടുകള്‍ നീക്കിയും ജീവിച്ച പാവം മുത്തച്ഛന്‍. ആ മനുഷ്യന്റെ മകനും പാവമായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ വിശ്വപ്രശസ്തനായ ചിത്രകാരനായി. ജവഹര്‍ലാല്‍ നെഹ്റു, ജോണ്‍ മേജര്‍, എലിസബത്ത് രാജ്ഞി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി ഇവരുടെ സ്നേഹാദരങ്ങള്‍ക്കു പാത്രമായി. ഈ രീതിയില്‍ സമാദരണീയനായിത്തീര്‍ന്ന ഹുസേന്റെ ധിഷണാപരവും കലാപരവുമായ ജീവിതത്തെ ഞാന്‍ മുന്‍പു പറഞ്ഞ രീതിയില്‍ ‘ജക്സ്റ്റപൊസിഷ’നിലൂടെ ആവിഷ്കരിക്കുന്ന ഈ ജീവിത ചരിത്രത്തിന് ചാരുതയുണ്ട്. അതിനുപരിയായി സത്യസന്ധതയും. ഹുസേന്റെ പേരുകേട്ട ചിത്രങ്ങളുടെ വര്‍ണ്ണോജ്ജ്വലങ്ങളായ തനിപ്പകര്‍പ്പുകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. വിശേഷിച്ച് ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചു കിടക്കുന്ന ചിത്രം — ഇതു നമ്മളെ ‘ഹോണ്‍ട്’ ചെയ്യും. കാലചക്രം തിരിയുമ്പോള്‍ ഇന്ദിരാ ഗാന്ധി വിസ്മരിക്കപ്പെട്ടെന്നു വന്നേക്കാം. എന്നാല്‍ ഹുസേന്‍ ഈ ചിത്രത്തിലൂടെ അവര്‍ക്ക് അമരത്വം നല്കിയിരിക്കുന്നു. ചുവപ്പും കറുപ്പും നിറങ്ങള്‍ കൊണ്ട് ഭീകരമായ അന്തരീക്ഷം നിര്‍മ്മിച്ച്, വസ്തുക്കളെയും മറ്റാളുകളേയും ഒഴിവാക്കി ഇന്ദിരാ ഗാന്ധിയുടെ മൃതദേഹത്തെ ഞാത്തിയിട്ടിരിക്കുന്നു ചിത്രകാരന്‍. റിസ്റ്റ് വാച്ച് കെട്ടിയ കൈ അന്തരീക്ഷത്തിലേക്കു ഉയര്‍ത്തിയിരിക്കുന്നു. അതു കണ്ടാല്‍ നമ്മുടെ ഹൃദയം ദ്രവിക്കും. ഏതാനും കൂര്‍ത്ത കമ്പുകള്‍ കൊണ്ടുള്ള വേലിക്കെട്ടുകള്‍ മാത്രം ചിത്രത്തിലുണ്ട്. അവയും ആ ചതിച്ചു കൊല്ലലിന്റെ ഭയാനകത വര്‍ദ്ധിപ്പിക്കുന്നു. ഈ ചിത്രം ഇന്ദിരാ ഗാന്ധിയുടെ മരണത്തിന്റെ മാത്രമല്ല ലോകമാകെയുള്ള ഇത്തരം വധങ്ങളുടെയും പ്രതീതിയുളവാക്കുന്നു. ഇത് ഒരു രൂപത്തെ വേര്‍തിരിച്ചു നിറുത്തിയതിന്റെ ഫലമാണ്. ഇതുപോലെ കലാത്മകയുടെ അധികത്യകയിലെത്തിയ ഏറെ ചിത്രങ്ങളുടെ തനിപ്പകര്‍പ്പുകള്‍ ഇതില്‍ കാണാം.

ഇള സൈക്കോളജി എം.എ.ക്കാരിയാണ്. പേരുകേട്ട ചിത്രകാരിയും. അവര്‍ ഒരിക്കല്‍ ഹുസേനെക്കണ്ടു തന്റെ ചിത്രങ്ങള്‍ കാണാന്‍ വീട്ടിലേക്കു ക്ഷണിച്ചു. ‘എനിക്കു കലാകാരിയാവാന്‍ കഴിയുമോ? — ചിത്രകാരിയാകാന്‍ കഴിയുമോ?’ എന്ന് അവര്‍ അദ്ദേഹത്തോടു ചോദിച്ചു. ‘നിങ്ങള്‍ അതായിക്കഴിഞ്ഞിരിക്കുന്നു’ എന്നു ഹുസേന്റെ മറുപടി. അതുതൊട്ട് തുടങ്ങുന്നു അവരുടെ ആത്മബന്ധം. വിശുദ്ധിയാര്‍ന്ന ആത്മബന്ധമെന്നു തിരുത്തിയെഴുതട്ടെ. പിന്നീടങ്ങോട്ട് ഹുസേന്റെ സ്വഭാവ സവിശേഷതകളും മഹത്വവും പ്രദര്‍ശിപ്പിക്കുന്ന സംഭവങ്ങളുടെ വര്‍ണ്ണനകളാണ്. ഓരോ വര്‍ണ്ണനവും വെവ്വേറെ നിന്ന് രൂപത്തിന്റെ പരിശുദ്ധി ആര്‍ജ്ജിക്കുന്നു.

മഹാനായ കലാകാരനാണു താനെന്നു ഏതു പ്രവൃത്തികൊണ്ടും തെളിയിക്കുന്ന ഹുസേന്‍ മനുഷ്യസാധാരണങ്ങളായ ദൗര്‍ബല്യങ്ങള്‍ക്കും വിധേയനായിരുന്നു. Rajput aristrocracy-യുടെ ശക്തികേന്ദ്രമായിരുന്ന് ജയ്സല്‍മാര്‍ പട്ടണത്തില്‍ നിന്ന് ഹുസേനും ഇളയും സ്കെച്ചുകള്‍ വരയ്ക്കുകയായിരുന്നു. അതിസുന്ദരികളായ സ്ത്രീകള്‍ കുടം തലയിലേറ്റി കുളത്തില്‍ നിന്നു വെള്ളമെടുക്കാന്‍ പോകുകയായിരുന്നു. മുഖാവരണം ധരിച്ച ഒരു സ്ത്രീയുടെ പിറകുവശവും ചിലമ്പിന്റെ ഗാനവും വളകളുടെ ശബ്ദവും ഹുസേനെ വല്ലാതെ ആകര്‍ഷിച്ചു. അദ്ദേഹം അവളുടെ പിറകേ നടന്നു. അദ്ദേഹത്തെ കണ്ടില്ലെന്നു നടിച്ച് അവള്‍ കുളത്തിലേക്കു പോകുകയായിരുന്നു. പക്ഷേ കുളത്തിനരികെച്ചെന്നു മറ്റു സ്ത്രീകളുടെ കൂടെയായപ്പോള്‍ അവള്‍ തിരിഞ്ഞു നിന്നു രക്ഷിക്കണേ എന്നു നിലവിളിച്ചു. ഹുസേന്‍ പ്രാണനും കൊണ്ടോടി രക്ഷപ്പെട്ടു. ഇറ്റലിയിലെ മഹാനായ ഫിലിം ഡയറക്ടര്‍ പാസോലീനി (Pasolini, 1922–1975) മഹാകവി ഒക്തേവ്യോ പാസ് ഇവരുടെയൊക്കെ സുഹൃത്തായ ഹുസേന്‍ ജീവിതത്തെ ചാക്രിക രൂപത്തിലാണ് കാണുന്നതെന്ന് ഇള എഴുതുന്നു. തേര്‍ബറുടെ ഒരു കാവ്യത്തില്‍ പരിഷ്കാരം പാടേ നശിക്കുന്നതായി പറയുന്നു. എങ്കിലും ഒരു പുരുഷനും ഒരു സ്ത്രീയും ഒരു പൂവും ലോകത്ത് അവശേഷിക്കുന്നു. ഇവയില്‍ നിന്ന് മറ്റുള്ളവ ഉണ്ടാകുമെന്നാണ് കവി സങ്കല്പം. മനുഷ്യന്‍ തെറ്റുകള്‍ ചെയ്തുകൊണ്ട് ദൗര്‍ഭാഗ്യങ്ങള്‍ അനുഭവിച്ചുകൊണ്ട് ഒരു നൂതന ലോകം നിര്‍മ്മിക്കുമെന്നു ഹുസേന്‍ വിശ്വസിക്കുന്നു. ആ വിശ്വാസത്തിന് ഉപോദ്ബലകങ്ങളായ ദൃഷ്ടാന്തങ്ങളും വിവരണങ്ങളും നല്കി ഇള രചിച്ച ഈ ജീവചരിത്രം അതിന്റേതായ രീതിയില്‍ ഉത്കൃഷ്ടമാണ്.